പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > സമയത്തിന്റെ ഒരു ലഘുചരിത്രം > കൃതി

നാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

വിവഃ പരമേശ്വരൻ കെ.വി

പ്രപഞ്ചം മുഴുവൻ അണുപ്രായത്തിലായിരുന്ന, എന്നാൽ അനന്തമായ സാന്ദ്രതയോടു കൂടിയ മഹാസ്‌ഫോടനം എന്നു വിളിക്കുന്ന ഒരു സമയമുണ്ടായിരുന്നു എന്നാണ്‌ ഹബ്‌ളിന്റെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്‌. അത്തരമൊരവസ്ഥയിൽ എല്ലാ ശാസ്‌ത്രനിയമങ്ങളും അതോടൊപ്പം ഭാവിയെപ്പറ്റി മുൻകൂട്ടി പറയാനുളള കഴിവും പാടെ തകരുന്നു. ഈ സമയത്തിനുമുമ്പ്‌ എന്തെങ്കിലും സംഭവങ്ങളുണ്ടായിരുന്നുവെങ്കിൽ അവയ്‌ക്ക്‌ ഒരിക്കലും ഇപ്പോഴത്തെ സംഭവങ്ങളെ സ്വാധീനിക്കാൻ കഴിയുകയില്ല. അത്തരം സംഭവങ്ങൾക്ക്‌ പ്രത്യക്ഷമായ യാതൊരു അനന്തരഫലങ്ങളുമില്ലാത്തതുകൊണ്ട്‌ അവയെ പാടെ അവഗണിക്കാവുന്നതാണ്‌. മുമ്പുണ്ടായിരുന്നേക്കാവുന്ന സമയങ്ങൾ നിർവ്വചനീയമല്ല എന്ന അർത്ഥത്തിൽ മഹാസ്‌ഫോടനം എന്ന ബിന്ദുവിൽ സമയം ആരംഭിക്കുന്നു എന്നു പറയാം. എന്നാൽ ഈ സമയത്തിന്റെ തുടക്കം മുമ്പ്‌ കരുതപ്പെട്ടിരുന്നവയിൽ നിന്നും വളരെ വ്യത്യസ്തമാണെന്ന്‌ പ്രത്യേകം പറയേണ്ടിയിരിക്കുന്നു. മാറ്റമില്ലാത്ത പ്രപഞ്ച വ്യവസ്ഥയിൽ സമയത്തിന്റെ തുടക്കം പ്രപഞ്ചത്തിന്‌ പുറമേയുളള ഒരു ശക്തി നിവേശിപ്പിക്കേണ്ടിയിരിക്കുന്നു. തനിയെ ഒരു തുടക്കത്തിന്റെ ഭൗതികമായ ആവശ്യം അവിടെ പ്രകടമല്ല. ദൈവം കഴിഞ്ഞ കാലത്ത്‌ ഏത്‌ സമയത്തെങ്കിലും സൃഷ്‌ടിച്ചു എന്ന്‌ വിഭാവനം ചെയ്യുവാൻ കഴിയും. അതേസമയം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അതിനൊരു ഉത്ഭവമുണ്ടാകാൻ പ്രത്യേക ഭൗതിക കാരണങ്ങളുണ്ടാകും. ഇനിയും ദൈവം മഹാസ്‌ഫോടനസമയത്ത്‌ തന്നെ അല്ലെങ്കിൽ അതിനുശേഷം, മുമ്പ്‌ മഹാസ്‌ഫോടനം ഉണ്ടായിരുന്നുവെന്ന്‌ തോന്നിപ്പിക്കുന്നവിധത്തിൽ എപ്പോഴെങ്കിലും ഈ പ്രപഞ്ചം സൃഷ്‌ടിച്ചു എന്ന്‌ കരുതാം. എന്നാൽ ദൈവം മഹാസ്‌ഫോടനത്തിനുമുമ്പ്‌ സൃഷ്‌ടി നടത്തി എന്ന്‌ കരുതുന്നത്‌ തികച്ചും അർത്ഥശൂന്യമാണ്‌. വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം സൃഷ്‌ടാവിനെ തീർത്തും ഒഴിവാക്കുന്നില്ല, പക്ഷെ അദ്ദേഹം തന്റെ ജോലി എപ്പോൾ ചെയ്‌തുവെന്ന കാര്യത്തിൽ തീർച്ചയായും ചില പരിധികൾ വെയ്‌ക്കുന്നുണ്ട്‌.

പ്രപഞ്ചത്തിന്റെ സ്വഭാവത്തെപ്പറ്റി പറയുന്നതിനും അതിന്‌, ഒരു തുടക്കമോ അന്ത്യമോ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഒരു ശാസ്‌ത്രീയ സിദ്ധാന്തമെന്നാലെന്തെന്ന്‌ വ്യക്തമായിരിക്കണം. ഇവിടെ സിദ്ധാന്തമെന്നത്‌ പ്രപഞ്ചത്തിന്റെ അല്ലെങ്കിൽ അതിന്റെ പരിമിതമായ ഒരു ഭാഗത്തിന്റെയോ മാതൃകയും അതിനെ നിരീക്ഷണങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരുകൂട്ടം ശാസ്‌ത്രനിയമങ്ങളുമാണെന്ന തികച്ചും ലളിതവത്‌ക്കരിക്കപ്പെട്ട ഒരു വീക്ഷണമാണ്‌ ഞാനുപയോഗിക്കുന്നത്‌. ഇതിന്‌ നമ്മുടെ മനസ്സിൽ മാത്രമേ നിലനിൽപ്പുളളൂ, അതിനപ്പുറം ഒരു യാഥാർത്ഥ്യമില്ല (അതിന്‌ എന്ത്‌ അർത്ഥം കൽപ്പിച്ചാലും.) ഒരു സിദ്ധാന്തം രണ്ട്‌ ആവശ്യങ്ങൾ പൂർത്തീകരിക്കുകയാണെങ്കിൽ അതൊരു നല്ല സിദ്ധാന്തമാണെന്ന്‌ പറയാം. അതിന്‌, വളരെ കുറച്ചു അനിശ്ചിത ഘടകങ്ങളുളള ഒരു മാതൃകയെ അടിസ്ഥാനപ്പെടുത്തി വലിയൊരു വിഭാഗം നിരീക്ഷണങ്ങളെ വിശദീകരിക്കുവാനും ഭാവിനിരീക്ഷണങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുവാനും കഴിയണം. ഉദാഹരണമായി എല്ലാ വസ്‌തുക്കളും ഭൂമി, വായു, അഗ്‌നി, ജലം എന്നീ നാലു മൂലഘടകങ്ങൾ കൊണ്ടുണ്ടാക്കിയതാണെന്ന അരിസ്‌റ്റോട്ടിലിന്റെ സിദ്ധാന്തം ലാളിത്യം കൊണ്ട്‌ പരിഗണനാർഹമാണെങ്കിലും അതിന്‌ ഒന്നുംതന്നെ പ്രവചിക്കുവാൻ കഴിയുന്നില്ല. നേരെമറിച്ച്‌, ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം എല്ലാ വസ്‌തുക്കളും അവയുടെ പിണ്ഡത്തിന്റെ നേർ അനുപാതത്തിലും തമ്മിലുളള ദൂരത്തിന്റെ വർഗ്ഗത്തിന്റെ വിപരീതനുപാത്തിലും ആകർഷിക്കുന്നു എന്ന കൂടുതൽ ലളിതമായ മാതൃകയാണ്‌ സ്വീകരിക്കുന്നത്‌. എന്നാൽ അത്‌ സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയുടെ സഞ്ചാരം വലിയൊരളവ്‌ കൃത്യതയോടെ പ്രവചിക്കുന്നു.

ഏതൊരു ഭൗതിക സിദ്ധാന്തവും ഒരു അനുമാനമാണെന്ന അർത്ഥത്തിൽ അന്തിമമല്ല; അവ ഒരിക്കലും തെളിയിക്കാൻ സാദ്ധ്യമല്ല. പരീക്ഷണഫലങ്ങൾ എത്ര തവണ യോജിച്ച്‌ വന്നാലും അടുത്തതവണ വിരുദ്ധമായി വരില്ലെന്ന്‌ ഒരിക്കലും തീർച്ച പറയാനാവില്ല. അതേ സമയം ഒരേ ഒരു നിരീക്ഷണം സിദ്ധാന്തത്തിന്റെ പ്രവചനങ്ങൾക്കെതിരായി വന്നാൽ ആ സിദ്ധാന്തം തെറ്റാണെന്ന്‌ പറയാൻ കഴിയും. ശാസ്‌ത്രചിന്തകനായ കാൾ പോപ്പർ പറഞ്ഞതുപോലെ ഒരു നല്ല സിദ്ധാന്തം പ്രകൃത്യാ, തത്വത്തിൽ തെറ്റെന്നു തെളിയിച്ചേക്കാവുന്ന ഒരുപാട്‌ പ്രവചനങ്ങൾ നടത്തുന്നു. ഓരോ തവണ പരീക്ഷണഫലങ്ങൾ ഈ പ്രവചനവുമായി ഒത്തുവരുമ്പോൾ ആ സിദ്ധാന്തം നിലനില്‌ക്കുകയും നമുക്ക്‌ അതിലുളള വിശ്വാസം വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ എപ്പോഴെങ്കിലും ഒരു പുതിയ നിരീക്ഷണം യോജിക്കാതെ വരുകയാണെങ്കിൽ ആ സിദ്ധാന്തം ഉപേക്ഷിക്കുകയോ ഭേദഗതി ചെയ്യുകയോ വേണ്ടിവരും. അഥവാ, അങ്ങനെ മാത്രമേ നമുക്ക്‌ പ്രതീക്ഷിക്കാനാവൂ. എങ്കിലും എല്ലായ്‌പ്പൊഴും നമുക്ക്‌ പ്രസ്‌തുത നിരീക്ഷണം നടത്തിയ വ്യക്തിയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യാനാകും.

എന്നാൽ പ്രായോഗിക തലത്തിൽ നടക്കുന്നതെന്താണെന്നു വച്ചാൽ, മിക്കപ്പോഴും ഒരു പുതിയ സിദ്ധാന്തം മുമ്പുളളതിന്റെ വിപുലീകരണമായിരിക്കും. ഉദാഹരണത്തിന്‌, വളരെ കൃത്യമായ നിരീക്ഷണങ്ങളിൽനിന്നും ബുധന്റെ സഞ്ചാരപഥം ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം പ്രവചിക്കുന്നതിൽനിന്നും അല്‌പം വ്യത്യാസമുളളതായി കാണാൻ കഴിഞ്ഞു. ഐൻസ്‌റ്റീന്റെ സാമാന്യ ആപേക്ഷിക സിദ്ധാന്തം ന്യൂട്ടന്റേതിൽനിന്ന്‌ അല്‌പം വ്യത്യസ്‌തമായ പാതയാണ്‌ പ്രവചിച്ചിരുന്നത്‌. ഐൻസ്‌റ്റീന്റെ പ്രവചനം നിരീക്ഷണങ്ങളുമായി ഒത്തുവന്നു, അതേസമയം ന്യൂട്ടന്റെ ഒത്തുവന്നില്ല എന്ന വസ്‌തുത പുതിയ സിദ്ധാന്തത്തിന്റെ നിർണ്ണായകമായ സ്ഥിരീകണങ്ങളിലൊന്നായി മാറി. എന്നിരുന്നാലും പ്രായോഗികതലത്തിൽ ഇപ്പോഴും ന്യൂട്ടന്റെ സിദ്ധാന്തമുപയോഗിക്കുന്നുണ്ട്‌. കാരണം അതിന്റെ പ്രവചനങ്ങളും ഐൻസ്‌റ്റീന്റെ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്റെ പ്രവചനങ്ങളും തമ്മിലുളള വ്യത്യാസം സാധാരണ സന്ദർഭങ്ങളിൽ വളരെ ചെറുതാണ്‌. (ന്യൂട്ടന്റെ സിദ്ധാന്തത്തിന്‌ ഐൻസ്‌റ്റീന്റെ സിദ്ധാന്തത്തെക്കാൾ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്‌ എന്ന വലിയ മെച്ചമുണ്ട്‌.)

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.