പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > സമയത്തിന്റെ ഒരു ലഘുചരിത്രം > കൃതി

സമയത്തിന്റെ അസ്‌ത്രാകൃതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

വിവഃ പരമേശ്വരന്‍ കെ.വി

സങ്കോചഘട്ടം വികാസഘട്ടത്തിന്റെ സമയവിപരീതംപോലെയാവുന്ന ലളിതമായ ഒരു പ്രപഞ്ചമാതൃകയെക്കുറിച്ച് ഞാന്‍ നടത്തിയ പഠനങ്ങളും എന്നെ വഴി തെറ്റിച്ചു. എന്നാല്‍, പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോണ്‍ പേജ് എന്ന എന്റെ ഒരു സഹപ്രവര്‍ത്തകന്‍ അതിര്‍ത്തിയില്ല എന്ന അവസ്ഥക്ക് സങ്കോചഘട്ടം വികാസഘട്ടത്തിന്റെ സമയവിപരീതം പോലെയാവേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി. മാത്രമല്ല , റയ്മണ്ട് ലാഫ്ലേം എന്ന എന്റെ ഒരു വിദ്യാര്‍ത്ഥി, അല്‍പ്പം കൂടി സങ്കീര്‍ണ്ണമായ മാതൃകയില്‍ , പ്രപഞ്ചത്തിന്റെ സങ്കോചം വികാസത്തില്‍ നിന്നും വളരെ വളരെ വ്യത്യസ്തമാണെന്ന് കണ്ടെത്തി. എനിക്ക് ഒരു അബദ്ധം പിണഞ്ഞുവെന്ന് ബോദ്ധ്യമായി. യഥാര്‍ത്ഥത്തില്‍ അതിര്‍ത്തിയില്ല എന്ന അവസ്ഥ ദ്യോതിപ്പിക്കുന്നത് സങ്കോചഘട്ടത്തില്‍ ക്രമരാഹിത്യം വര്‍ദ്ധിക്കുമെന്നാണ്. സമയത്തിന്റെ താപഗതികവും മനശാസ്ത്രപരവുമായ അസ്ത്രാകൃതികള്‍ പ്രപഞ്ചം പുന:സങ്കോചിക്കുമ്പോഴോ, തമോഗര്‍ത്തത്തിനകത്തോ പിറകോട്ട് തിരിയുകയില്ല.

ഇതുപോലെ ഒരു അബദ്ധം നിങ്ങള്‍ക്ക് പറ്റിപ്പോയി എന്നറിഞ്ഞാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ചിലര്‍ അവര്‍ക്ക് തെറ്റു പറ്റി എന്ന് ഒരിക്കലും സമ്മതിക്കുകയില്ല. എന്നു മാത്രമല്ല, സ്വന്തം നിലപാട് ന്യായീകരിക്കാന്‍ മിക്കപ്പോഴും പരസ്പരവിരുദ്ധമായ പുതിയ വാദങ്ങള്‍ നിരത്തിക്കൊണ്ടിരിക്കും. - തമോഗര്‍ത്ത സിദ്ധാന്തത്തെ എതിര്‍ക്കാന്‍ എഡിഡിംഗ് ടണ്‍ ചെയ്തതുപോലെ. മറ്റു ചിലര്‍, ശരിയല്ലാത്ത വീക്ഷണത്തെ ഒരിക്കലും പിന്തുണച്ചിട്ടേയില്ല അഥവാ, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പൊരുത്തമില്ല എന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണെന്നും അവകാശപ്പെടും. എന്നാല്‍, നിങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പരസ്യമായി സമ്മതിക്കുകയാണെങ്കില്‍ അത് ഏറ്റവും നല്ലതും ആശയകുഴപ്പം ഒഴിവാക്കുന്നതുമായ പ്രവൃത്തിയായിരിക്കും എന്ന് എനിക്കു തോന്നുന്നു. ഇതിന് നല്ലൊരു ഉദാഹരണം , പ്രപഞ്ചത്തിന്റെ ഒരു സുസ്ഥിര മാതൃക ഉണ്ടാക്കുവാന്‍ ശ്രമിക്കവേ, താന്‍ അവതരിപ്പിച്ച പ്രപഞ്ച സംഖ്യ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് സ്വയം പ്രഖ്യാപിച്ച ഐന്‍സ്റ്റീനാണ്.

സമയത്തിന്റെ അസ്ത്രാകൃതിയിലേക്കു തന്നെ തിരിച്ചു വരാം; ഒരു ചോദ്യം അവശേഷിക്കുന്നു : എന്തുകൊണ്ടാണ് താപഗതികവും പ്രപഞ്ചശാസ്ത്രപരവുമായ അസ്ത്രാകൃതികള്‍ ഒരേ ദിശയിലേക്ക് ചൂണ്ടുന്നത്? അല്ലെങ്കില്‍, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, എന്തുകൊണ്ടാണ് ക്രമരാഹിത്യം , പ്രപഞ്ചം വികസിക്കുന്ന അതേ സമയദിശയില്‍ തന്നെ വര്‍ദ്ധിക്കുന്നത്? അതിര്‍ത്തിയില്ല എന്ന നിര്‍ദ്ദേശം ദ്യോതിപ്പിക്കുന്നതായി തോന്നുന്ന പോലെ , പ്രപഞ്ചം ആദ്യം വികസിക്കുകയും പിന്നീട് സങ്കോചിക്കുകയും ചെയ്യുന്നുവെന്ന് നാം വിശ്വസിക്കുന്നുവെങ്കില്‍ , അത് മറ്റൊരു ചോദ്യം ഉയര്‍ത്തുന്നു . എന്തു കൊണ്ടാണ് നാം സങ്കോചഘട്ടത്തിനു പകരം വികാസഘട്ടത്തിലായത്?

ഇതിന് നമുക്ക് ദുര്‍ബ്ബല ആന്ത്രോപ്പിക്ക് തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരം നല്‍കാം. സങ്കോചഘട്ടത്തിലെ സാഹചര്യങ്ങള്‍ ‘’ എന്തുകൊണ്ടാണ് പ്രപഞ്ചം വികസിക്കുന്ന അതേ സമയദിശയില്‍തന്നെ ക്രമരാഹിത്യം വര്‍ദ്ധിക്കുന്നത്’‘ എന്ന ചോദ്യം ചോദിക്കുവാന്‍ കഴിവുള്ള ,വിശേഷ ബുദ്ധിയുള്ള ജീവികളുടെ നിലനില്‍പ്പിന് അനുയോജ്യമായിരിക്കുകയില്ല. അതിര്‍ത്തിയില്ല എന്ന നിര്‍ദ്ദേശം പ്രവചിക്കുന്ന, പ്രപഞ്ചത്തിന്റെ ആദ്യഘട്ടത്തിലെ ദ്രുതവികാസം സൂചിപ്പിക്കുന്നത്, പ്രപഞ്ചം പുനസങ്കോചം ഒഴിവാക്കുന്ന വിധത്തില്‍ , നിര്‍ണ്ണായക അളവിന് വളരെ അടുത്താ‍യി വികസിച്ചുകൊണ്ടിരിക്കുകയായിരിക്കണം എന്നാണ്. അതിനാല്‍ പ്രപഞ്ചം വളരെക്കാലത്തേക്ക് പുനസങ്കോചിക്കുകയില്ല .അപ്പോഴേക്കും എല്ലാ നക്ഷത്രങ്ങളും എരിഞ്ഞടങ്ങുകയും അവയിലെ പ്രൊട്ടോണുകളും ന്യൂട്രോണുകളും വിഘടിച്ച് കൂടുതല്‍ ചെറിയ കണികകളും വികിരണങ്ങളുമായി മാറുകയും ചെയ്തിരിക്കും. പ്രപഞ്ചം മിക്കവാറും പൂര്‍ണ്ണമായും ക്രമരഹിതമായ അവസ്ഥയിലായിരിക്കും. പക്ഷെ, വിശേഷബുദ്ധിയുള്ള ജീവന്‍ വര്‍ത്തിക്കുന്നതിന് ശക്തമായ ഒരു താപഗതിക അസ്ത്രാകൃതി ആവശ്യമാണ്. മനുഷ്യന് നിലനില്‍ക്കാന്‍ ഊര്‍ജ്ജത്തിന്റെ ക്രമബദ്ധമായ അവസ്ഥയായ ഭക്ഷണം ഉപഭോഗം ചെയ്യുകയും ഊര്‍ജ്ജത്തിന്റെ ക്രമരഹിത അവസ്ഥയായ താപമായി മാറ്റുകയും വേണം. അതിനാല്‍, വിശേഷബുദ്ധിയുള്ള ജീവന് പ്രപഞ്ചത്തിന്റെ സങ്കോചഘട്ടത്തില്‍ നിലനില്‍ക്കാനാവുകയില്ല . ഇതാണ് സമയത്തിന്റെ താപഗതിക അസ്ത്രാകൃതിയും പ്രപഞ്ചശാസ്ത്രപരമായ അസ്ത്രാകൃതിയും ഒരേ ദിശയിലേക്ക് ചൂണ്ടുന്നതായി കാണുന്നതിനുള്ള വിശദീകരണം. പ്രപഞ്ചത്തിന്റെ വികാസമല്ല ക്രമരാഹിത്യം വര്‍ദ്ധിക്കുന്നതിനുള്ള കാരണം , മറിച്ച്, അതിര്‍ത്തിയില്ല എന്ന അവസ്ഥ ക്രമരാഹിത്യം വര്‍ദ്ധിക്കുന്നതിനും വികാസഘട്ടത്തില്‍ മാത്രം വിശേഷ ബുദ്ധിയുള്ള ജീവന് അനുയോജ്യമായ സാഹചര്യം ഉണ്ടാവുന്നതിനും കാരണമാകുന്നു.

സംഗ്രഹിച്ചു പറയുകയാണെങ്കില്‍ ശാസ്ത്രനിയമങ്ങള്‍ സമയത്തിന്റെ മുന്നോട്ടും പിറകോട്ടും ഉള്ള ദിശകള്‍ തമ്മില്‍ വേറിട്ടു കാണുന്നില്ല എന്നിരുന്നാലും , ഭൂതവും ഭാവിയും വേറിട്ടു കാണുന്ന സമയത്തിന്റെ മൂന്ന് അസ്ത്രാകൃതികളെങ്കിലും ഉണ്ട്. താപഗതിക അസ്ത്രാകൃതി, അതായത് ക്രമരാഹിത്യം വര്‍ദ്ധിക്കുന്ന ദിശ ; മനശാസ്ത്രപരമായ അസ്ത്രാകൃതി, ഭൂതകാലം മാത്രം ഓര്‍മ്മിക്കുകയും ഭാവി ഓര്‍മ്മിക്കാതിരിക്കുകയും ചെയ്യുന്ന ദിശ; പ്രപഞ്ചശാസ്ത്രപരമായ അസ്ത്രാകൃതി, പ്രപഞ്ചം ചുരുങ്ങുന്നതിനു പകരം വികസിച്ചുകൊണ്ടിരിക്കുന്ന സമയദിശ എന്നിവയാണ് അവ. ഇതില്‍, താപഗതിക അസ്ത്രാകൃതിയും മനശാസ്ത്രപരമായ അസ്ത്രാകൃതിയും മൌലികമായി ഒരൂ തന്നെയാണെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞു. അതിനാല്‍, അവ എല്ലായ്പ്പോഴും ഒരേ ദിശയില്‍ തന്നെ ചൂണ്ടുന്നു. പ്രപഞ്ചത്തിന്റെ, അതിര്‍ത്തിയില്ല എന്ന നിര്‍ദ്ദേശം , സുവ്യക്തമായ, സമയത്തിന്റെ താപഗതിക അസ്ത്രാകൃതിയുടെ അസ്തിത്വം പ്രവചിക്കുന്നു. കാരണം, പ്രപഞ്ചം ക്രമബദ്ധവും നിരപ്പാര്‍ന്നതുമായ അവസ്ഥയില്‍ ആരംഭിച്ചിരിക്കണം. താപഗതിക അസ്ത്രാകൃതിയും മനശാസ്ത്രപരമായ അസ്ത്രാകൃതിയും ഒത്തുവരുന്നതായി നാം കാണുന്നതിനു കാരണം, വിശേഷ ബുദ്ധിയുള്ള ജീവന് പ്രപഞ്ചത്തിന്റെ വികാസഘട്ടത്തില്‍ മാത്രമേ നിലനില്‍ക്കാനാവുകയുള്ളു എന്നതാണ്. സങ്കോചഘട്ടത്തില്‍ ശക്തമായ സമയത്തിന് താപഗതിക അസ്ത്രാകൃതി ഇല്ലാത്തതിനാല്‍ അത് അനുയോജ്യമായിരിക്കുകയില്ല.

പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ അറിവിലുണ്ടായ പുരോഗതി, പ്രപഞ്ചത്തിലെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രമരാഹിത്യത്തിനിടയില്‍ ക്രമബദ്ധമായ ഒരു മൂല അവശേഷിപ്പിക്കുന്നു. നിങ്ങള്‍ ഈ പുസ്തകത്തിലെ എല്ലാ വാക്കുകളും ഓര്‍മ്മിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഓര്‍മ്മ ഏകദേശം ഇരുപത് ലക്ഷം ഏകശകലങ്ങള്‍ വര്‍ദ്ധിച്ചിരിക്കും. എന്നിരുന്നാലും നിങ്ങള്‍ ഈ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുരുങ്ങിയത്, ആയിരം കലോറി ഭക്ഷണരൂപത്തിലുള്ള ക്രമബദ്ധമായ ഊര്‍ജ്ജം, ചുറ്റുമുള്ള വായുവിലേക്ക് സംവഹനം വഴി നഷ്ടപ്പെടുന്ന താപത്തിന്റേയും വിയര്‍പ്പിന്റേയും രൂപത്തിലുള്ള ക്രമരഹിത ഊര്‍ജ്ജമായി മാറ്റിയിരിക്കും. ഇത് പ്രപഞ്ചത്തിന്റെ ക്രമരാഹിത്യം ഏകദേശം ഇരുപതിനായിരം കോടി കോടി കോടി ഏകകങ്ങള്‍- അഥവാ, നിങ്ങളുടെ മസ്തിഷ്ക്കത്തിലെ ക്രമവര്‍ദ്ധനയുടെ ലക്ഷം കോടി കോടി മടങ്ങ് ( നിങ്ങള്‍ ഈ പുസ്തകത്തിലെ സകലതും ഓര്‍മ്മിക്കുന്നുവെങ്കിലാണ് ഇത്) വര്‍ദ്ധിപ്പിക്കും. അടുത്ത അദ്ധ്യായത്തില്‍ , എങ്ങിനെയാണ് ഞാന്‍ ഇതുവരെ വിവരിച്ച ഭാഗികസിദ്ധാന്തങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രപഞ്ചത്തിലെ സര്‍വ്വവും ഉള്‍ക്കൊള്ളിക്കുന്ന ഒരു ഏകീകൃത സിദ്ധാന്തത്തിന് രൂപം കൊടുക്കാന്‍ പലരും ശ്രമിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് ഞാന്‍ നമ്മുടെ പരിസരത്തിലെ ക്രമം അല്‍പ്പം കൂടി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കാം.

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.