പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > സമയത്തിന്റെ ഒരു ലഘുചരിത്രം > കൃതി

സമയത്തിന്റെ അസ്‌ത്രാകൃതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

വിവഃ പരമേശ്വരന്‍ കെ.വി

കമ്പ്യൂട്ടര്‍ ഓര്‍മ്മ എന്നു പറയുന്നതടിസ്ഥാനപരമായി രണ്ട് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ നിലനില്‍ക്കുന്ന അംശങ്ങളടങ്ങിയ ഒരു ഉപകരണമാണ് . ലളിതമായ ഒരു ഉദാഹരണം മണിചട്ടം(abacus)ആണ്. ഏറ്റവും ലളിതമായ രൂപത്തില്‍ അത് കുറെ കമ്പികള്‍ ചേര്‍ന്നതാണ്. ഓരോ കമ്പിയിലും, രണ്ട് സ്ഥാനങ്ങളിലൊന്നില്‍ വെയ്ക്കാവുന്ന ഓരോ മണികള്‍ കോര്‍ത്തിരിക്കും. കമ്പ്യൂട്ടറിന്റെ ഓര്‍മ്മയിലൊരു വസ്തുത രേഖപ്പെടുത്തുന്നതിനു മുന്‍പ് ഓര്‍മ്മ, രണ്ട് അവസ്ഥകള്‍ക്കും തുല്യസാദ്ധ്യതയുള്ള, ക്രമരഹിതമായ അവസ്ഥയിലായിരിക്കും. ( മണിച്ചട്ടം( abacus)മണികള്‍ കമ്പികളിലങ്ങുമിങ്ങും ചിതറിക്കിടക്കും .) കമ്പ്യൂട്ടര്‍ ഓര്‍മ്മ ഓര്‍മ്മിക്കേണ്ട് ഘടനയുമായി പ്രതിപ്രവര്‍ത്തിച്ചതിനുശേഷം അത് തീര്‍ച്ചയായും, ഘടനയുടെ അവസ്ഥക്കനുസൃതമായി ഏതെങ്കിലും ഒരു അവസ്ഥയിലായിരിക്കും. ( മണിചട്ടത്തിലെ ഓരോ മണിയും കമ്പിയുടെ ഇടതുവശത്തോ വലതുവശത്തോ ആയിരിക്കും. ) അതിനാല്‍, ഓര്‍മ്മ ക്രമരഹിതമായ അവസ്ഥയില്‍ നിന്നും ഒരു ക്രമബദ്ധമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മ കൃത്യമായ അവസ്ഥയിലാണെന്ന് ഉറപ്പു വരുത്തുവാന്‍ ഒരു നിശ്ചിത അളവില്‍ ഊര്‍ജ്ജം വിനിയോഗിക്കേണ്ടതുണ്ട്. ( ഉദാഹരണത്തിന് , മണികള്‍ നീക്കുന്നതിനു വേണ്ട ഊര്‍ജ്ജവും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ട വൈദ്യുതിയും) ഈ ഊര്‍ജ്ജം താപമായി പുറത്തു പോകുകയും, പ്രപഞ്ചത്തിന്റെ ക്രമരാഹിത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ക്രമരാഹിത്യത്തിന്റെ ഈ വര്‍ദ്ധന കമ്പ്യൂട്ടര്‍ ഓര്‍മ്മയിലെ ക്രമവര്‍ദ്ധനയേക്കാള്‍ കൂടുതലായിരിക്കുമെന്ന് തെളിയിക്കുവാന്‍ കഴിയും. അങ്ങനെ, കമ്പ്യൂട്ടര്‍ തണുപ്പിക്കുന്ന പങ്കകള്‍ പുറത്തുവിടുന്ന താപം സൂചിപ്പിക്കുന്നത്, കമ്പ്യൂട്ടര്‍ ഒരു വസ്തുത ഓര്‍മ്മയില്‍ രേഖപ്പെടുത്തുമ്പോള്‍ പ്രപഞ്ചത്തിലെ മൊത്തം ക്രമരാഹിത്യം വര്‍ദ്ധിക്കുക തന്നെയാണ് എന്നാണ്. കമ്പ്യൂട്ടര്‍ ഭൂതകാലം ഓര്‍മ്മിക്കുന്ന സമയദിശ ക്രമരാഹിത്യം വര്‍ദ്ധിക്കുന്ന അതേ ദിശ തന്നെയാണ്.

അതിനാല്‍, നമ്മുടെ ആത്മനിഷ്ഠമായ സമയബോധം , സമയത്തിന്റെ മനശാസ്ത്രപരമായ അസ്ത്രാകൃതി, നമ്മുടെ മസ്തിഷ്ക്കത്തിനകത്ത് താപഗതിക അസ്ത്രാകൃതിയാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതാണ്. ഒരു കമ്പ്യൂട്ടര്‍പോലെത്തന്നെ ക്രമരാഹിത്യം വര്‍ദ്ധിക്കുന്ന ക്രമത്തില്‍ തന്നെ നമുക്ക് കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഇത് രണ്ടാം താപഗതികനിയമത്തെ മിക്കവാറും നിസ്സാരമാക്കുന്നു. സമയം നീങ്ങുന്നതിനനുസരിച്ച് ക്രമരാഹിത്യം വര്‍ദ്ധിക്കുന്നതിന് കാരണം ക്രമരാഹിത്യം വര്‍ദ്ധിക്കുന്നതിനു കാരണം ക്രമരാഹിത്യം വര്‍ദ്ധിക്കുന്ന ദിശയിലാണ് നാം സമയം അളക്കുന്നത് എന്നതാണ്, ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട്.

പക്ഷെ ഈ താപഗതിക അസ്ത്രാകൃതി തന്നെ ഉണ്ടായിരിക്കണം എന്നുണ്ടോ? അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , പ്രപഞ്ചം ,ഭൂതകാലം, എന്ന് നാം വിളിക്കുന്ന , സമയത്തിന്റെ ഒരു അറ്റത്ത്, ക്രമബദ്ധമായ അവസ്ഥയിലായിരിക്കണമെന്നതെന്താണ്? എന്തുകൊണ്ട് അത് എല്ലായ്പ്പോഴും തീര്‍ത്തും ക്രമരഹിതമായ അവസ്ഥയിലായിക്കൂടാ? വാസ്തവത്തില്‍ ,ഇതിനാണ് കൂടുതല്‍ സാദ്ധ്യത എന്നും തോന്നിപ്പോകും. വീണ്ടും എന്തുകൊണ്ട് ക്രമരാഹിത്യം വര്‍ദ്ധിക്കുന്ന സമയദിശയും പ്രപഞ്ചം വികസിക്കുന്ന സമയ ദിശയും ഒന്നായിരിക്കുന്നത്?

ക്ലാസ്സിക്കല്‍ സാമാന്യ ആപേക്ഷികസിദ്ധാന്തത്തില്‍ ആര്‍ക്കും പ്രപഞ്ചം എങ്ങനെ ആരംഭിച്ചു എന്ന് പ്രവചിക്കുവാന്‍ സാദ്ധ്യമല്ല. കാരണം, മഹാസ്ഫോടന അദ്വീതിയാവസ്ഥയില്‍ അറിയപ്പെടുന്ന എല്ലാ ശാസ്ത്രനിയമങ്ങളും തരും. പ്രപഞ്ചം ക്രമബദ്ധവും നിരപ്പാര്‍ന്നതുമായ അവസ്ഥയില്‍ ആരംഭിച്ചിരിക്കാം. ഇത് നാം നിരീക്ഷിക്കുന്നതുപോലെ , സുവ്യക്തമായ , സമയത്തിന്റെ താപഗതിക, പ്രപഞ്ചശാസ്ത്ര അസ്ത്രാകൃതികളിലേക്ക് നയിച്ചിരിക്കാം. പക്ഷെ അതേ അളവില്‍ തന്നെ അത് ക്രമരഹിതമായും കട്ടകൂടിയും ആരംഭിച്ചിരിക്കാം. അങ്ങനെയാണെങ്കില്‍ , പ്രപഞ്ചം മുമ്പുതന്നെ പൂര്‍ണ്ണമായും ക്രമരഹിതമായ അവസ്ഥയിലായിരിക്കുമെന്നതിനാല്‍ സമയത്തിനൊപ്പം ക്രമരാഹിത്യം വര്‍ദ്ധിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അത് സ്ഥിരമായി നില്‍ക്കും. അങ്ങനെയെങ്കില്‍ ,സുവ്യക്തമായ ,സമയത്തിന്റെ താപഗതിക അസ്ത്രാകൃതിഉണ്ടായിരിക്കുകയില്ല. അല്ലെങ്കില്‍ ക്രമരാഹിത്യം കുറയും. അങ്ങനെയെങ്കില്‍ സമയത്തിന്റെ താപഗതിക അസ്ത്രാകൃതി പ്രപഞ്ചശാസ്ത്ര അസ്ത്രാകൃതിയുടെ എതിര്‍ദിശയിലായിരിക്കും. ഈ രണ്ട് സാദ്ധ്യതകളും നമ്മുടെ നിരീക്ഷണങ്ങളുമായി യോജിക്കുന്നില്ല. എന്നാല്‍ നാം കണ്ട പോലെ , സാമാന്യാആപേക്ഷികസിദ്ധാന്തം അതിന്റെ തന്നെ പതനം പ്രവചിക്കുന്നു. സ്ഥല - സമയത്തിന്റെ വക്രത വളരെ വലുതാകുമ്പോള്‍ ഊര്‍ജ്ജകണ - ഗുരുത്വാകര്‍ഷണ പ്രഭാവങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നേടുകയും ക്ലാസ്സിക്കല്‍ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ഒരു നല്ല വിശദീകരണമല്ലാതാകുകയും ചെയ്യും . പ്രപഞ്ചം എങ്ങനെ ആരംഭിച്ചു എന്ന് മനസിലാക്കുവാന്‍ നാം ഗുരുത്വാകര്‍ഷണ- ഊര്‍ജ്ജകണ സിദ്ധാന്തം ഉപയോഗിക്കേണ്ടിയിരിക്കുന്നു.

ഗുരുത്വാകര്‍ഷണ- ഊര്‍ജകണ സിദ്ധാന്തത്തില്‍ , നാം കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടപോലെ , പ്രപഞ്ചത്തിന്റെ അവസ്ഥ നിര്‍ണ്ണയിക്കുന്നതിന്, പിന്നെയും പ്രപഞ്ചത്തിന്റെ സാദ്ധ്യമായ ചരിത്രങ്ങള്‍ ഭൂതകാലത്തിലെ സമയത്തിന്റെ അതിര്‍ത്തിയില്‍ എങ്ങനെ വര്‍ത്തിക്കുമെന്ന് അറിയേണ്ടി വരും. ചരിത്രങ്ങള്‍ അതിര്‍ത്തിയില്ല എന്ന വ്യവസ്ഥ പാലിച്ചാല്‍ മാത്രമേ , നമുക്ക് ,അറിയാത്തതും അറിയാന്‍ കഴിയാത്തതുമായ കാര്യം വിശദീകരിക്കുക എന്ന പ്രശ്നം മറികടക്കാന്‍ കഴിയുകയുള്ളു. അപ്പോള്‍, അവയുടെ വ്യാപ്തി നിശ്ചിതമായിരിക്കുമെങ്കിലും അതിര്‍ത്തികളോ അറ്റങ്ങളോ അദ്വിതീയാവസ്ഥകളോ ഉണ്ടായിരിക്കുകയില്ല. അങ്ങനെയാകുമ്പോള്‍ ,സമയത്തിന്റെ ആരംഭം സ്ഥല- സമയത്തിന്റെ നിരപ്പാര്‍ന്ന അവസ്ഥയില്‍ ആരംഭിക്കുകയും വേണം.എങ്കിലും ,അത് പൂര്‍ണ്ണമായും ഐക്യരൂപമുള്ളതായിരിക്കുകയില്ല. കാരണം, അത് ഊര്‍ജകണ സിദ്ധാന്തത്തിലെ അനിശ്ചിതത്വതത്വത്തിന്റെ ലംഘനമായിരിക്കും. കണികകളുടെ പ്രവേഗത്തിലും സാന്ദ്രതയിലും ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കണം. എങ്കിലും , അതിര്‍ത്തിയില്ല എന്ന അവസ്ഥ ,ഈ വ്യതീയാനങ്ങള്‍ അനിശ്ചിതതത്വ തത്വത്തിന് യോജിച്ച വിധത്തില്‍ പരമാവധി കുറവായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.