പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > സമയത്തിന്റെ ഒരു ലഘുചരിത്രം > കൃതി

പ്രപഞ്ചത്തിന്റെ ഉത്‌ഭവവും അന്ത്യഗതിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

വിവഃ പരമേശ്വരൻ കെ.വി

സ്‌ഥലവും സമയവും അതിർത്തി ഇല്ലാതെ തന്നെ നിശ്ചിതമായിരിക്കണമെന്ന ആശയം വെറുമൊരു നിർദ്ദേശം മാത്രമാണെന്ന്‌ ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്‌ മറ്റേതെങ്കിലും തത്വത്തിൽ നിന്നും സമർത്ഥിച്ച്‌ സ്‌ഥാപിക്കാനാവില്ല. മറ്റ്‌ ശാസ്‌ത്രസിദ്ധാന്തങ്ങളെപ്പോലെ, ഇതും ആദ്യം സൗന്ദര്യശാസ്‌ത്രപരമോ, തത്വശാസ്‌ത്രപരമോ ആയ കാരണങ്ങളാൽ നിർദ്ദേശിക്കപ്പെട്ടിരിക്കാം. എന്നാൽ, ശരിക്കും അതിന്റെ മാറ്റുരയ്‌ക്കപ്പെടുന്നത്‌. അത്‌ നിരീക്ഷണങ്ങളുമായി ഒത്തുവരുന്ന പ്രവചനങ്ങൾ നടത്തുന്നുണ്ടോ എന്നതിലാണ്‌. പക്ഷെ, ഊർജ്ജകണ ഗുരുത്വാകർഷണത്തിന്റെ കാര്യത്തിൽ, ഇത്‌ നിർണ്ണയിക്കുക, രണ്ട്‌ കാരണങ്ങളാൽ ദുഷ്‌ക്കരമാണ്‌. ഒന്നാമതായി, അടുത്ത അദ്ധ്യായത്തിൽ വിവരിക്കാൻ പോകുന്നതുപോലെ, ഏതു സിദ്ധാന്തമാണ്‌ ഊർജ്ജകണബലതന്ത്രവും അപേക്ഷികസിദ്ധാന്തവും വിജയകരമായി സംയോജിപ്പിക്കുക എന്ന്‌ നമുക്കിപ്പോഴും തീർച്ചയില്ല, അത്തരമൊരു സിദ്ധാന്തത്തിന്റെ ഘടനയെ സംബന്ധിച്ച ഒരുപാട്‌ കാര്യങ്ങൾ നമുക്കറിയാമെങ്കിലും രണ്ടാമതായി, മുഴുവൻ പ്രപഞ്ചത്തെയും വിശദമായി വ്യാഖ്യാനിക്കുന്ന ഏതൊരു മാതൃകയും, നമുക്ക്‌ കൃത്യമായ പ്രവചനങ്ങൾ കണക്കാക്കാൻ പറ്റാത്തവിധം ഗണിതശാസ്‌ത്രപരമായി അതിസങ്കീർണ്ണമായിരിക്കും. അതിനാൽ, നമുക്ക്‌ ലളിതവല്‌ക്കരിക്കുന്നതിനുള്ള അനുമാനങ്ങളും ഏകദേശവല്‌ക്കരണങ്ങളും ഉപയോഗിക്കേണ്ടിവരും- എന്നാൽതന്നെയും, പ്രവചനങ്ങൾ സ്വരൂപിക്കുക എന്ന പ്രശ്‌നം അതിദുർഘടമായി അവശേഷിക്കുന്നു.

ചരിത്രങ്ങളുടെ തുകയിലെ ഓരോ ചരിത്രവും സ്‌ഥല-സമയം മാത്രമല്ല വിവരിക്കുന്നത്‌. മറിച്ച്‌ പ്രപഞ്ചചരിത്രം നിരീക്ഷിക്കുവാൻ കഴിവുള്ള മനുഷ്യനെപ്പോലുള്ള സങ്കീർണ്ണ ജീവികളടക്കം, അതിലെ സകലതും വിശദീകരിക്കും. ഇത്‌ അന്ത്രോപിക്‌ തത്വത്തിന്‌ മറ്റൊരു ന്യായീകരണം നല്‌കുന്നു. കാരണം, എല്ലാ ചരിത്രങ്ങളും സാദ്ധ്യമാണെങ്കിൽ, അവയിലൊന്നിൽ നാം നിലനില്‌ക്കുന്നിടത്തോളം, പ്രപഞ്ചം ഇപ്പോഴുള്ളതുപോലയിരിക്കുന്നതെങ്ങനെ എന്ന്‌ വിശദീകരിക്കുവാൻ നമുക്ക്‌ ആന്ത്രോപിക്‌ തത്വം ഉപയോഗപ്പെടുത്താം. നാം ഇല്ലാത്ത ചരിത്രങ്ങൾക്ക്‌ എന്തർത്ഥമാണ്‌ കല്‌പിക്കേണ്ടതെന്ന്‌ വ്യക്തമല്ല. എന്നാൽ, ചരിത്രങ്ങളുടെ തുക ഉപയോഗിച്ച്‌ നമ്മുടെ പ്രപഞ്ചം, സാദ്ധ്യമായ ചരിത്രങ്ങളിലൊന്ന്‌ വ്യക്തമല്ല. മറിച്ച്‌, ഏറ്റവും സാദ്ധ്യതയുള്ള ചരിത്രങ്ങളിലാന്നാണെന്ന്‌ തെളിയിക്കാൻ കഴിയുമെങ്കിൽ, ഗുരുത്വാകർഷണ ഊർജ്ജകണ സിദ്ധാന്തത്തിന്റെ ഈ വീക്ഷണം വളരെയേറെ തൃപ്‌തികരമായിരിക്കും. ഇതിന്‌, അതിർത്തി ഇല്ലാത്ത, എല്ലാ സാദ്ധ്യമായ യുക്ലിഡിയൻ സ്‌ഥല-സമയങ്ങൾക്കുമുള്ള ചരിത്രങ്ങളുടെ തുക കണക്കാക്കേണ്ടിയിരിക്കുന്നു.

അതിർത്തിയില്ല എന്ന നിർദ്ദേശത്തിൽ, പ്രപഞ്ചം സാദ്ധ്യമായ എല്ലാ ചരിത്രങ്ങളും പിന്തുടരുവാനുള്ള സാദ്ധ്യത അവഗണിക്കാവുന്നത്ര ചെറുതാണെന്നും, എന്നാൽ, മറ്റുള്ളവയേക്കാൾ സാദ്ധ്യതയുള്ള ഒരു കൂട്ടം ചരിത്രങ്ങളുണ്ടെന്നും നമുക്ക്‌ മനസ്സിലാക്കാൻ കഴിയും. ഈ ചരിത്രങ്ങൾ ഭൂമിയുടെ ഉപരിതലം പോലെ വിഭാവനം ചെയ്യാവുന്നതാണ്‌. ഉത്തരധ്രുവത്തിൽ നിന്നുള്ള ദൂരം കല്‌പിത സമയത്തേയും ഉത്തരധ്രുവത്തിൽ നിന്നും നിശ്‌ചിത ദൂരത്തുള്ള ഭൂമിയുടെ ചുറ്റളവ്‌ സൃഷ്‌ടിക്കുന്ന വൃത്തം പ്രപഞ്ചത്തിന്റെ സ്‌ഥലവ്യാപ്‌തിയേയും പ്രതിനിധാനം ചെയ്യുന്നു. പ്രപഞ്ചം ഉത്തരധ്രുവത്തിൽ ഒരു ബിന്ദുവായി ആരംഭിക്കുന്നു. തെക്കോട്ട്‌ നീങ്ങും തോറും ഉത്തരധ്രുവത്തിൽ നിന്നും നിശ്‌ചിത ദൂരത്തുള്ള കല്‌പിതസമയത്തോടൊപ്പമുള്ള പ്രപഞ്ചത്തിന്റെ വികാസത്തെ കുറിക്കുന്ന അക്ഷാംശങ്ങളുടെ വൃത്തങ്ങൾ വലുതായിക്കൊണ്ടിരിക്കും (ചിത്രം 8.1) ഭൂമദ്ധ്യരേഖയിൽ പ്രപഞ്ചം പരമാവധി വലുപ്പത്തിലെത്തുകയും പിന്നെ, കല്‌പിത സമയം നീങ്ങുന്നതനുസരിച്ച്‌ ദക്ഷിണധ്രുവത്തിൽ ഒരു ബിന്ദുവാകുന്നതുവരെ സങ്കോചിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഉത്തരദക്ഷിണധ്രുവത്തിൽ ഒരു ബിന്ദുവാകുന്നതുവരെ സങ്കോചിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഉത്തരദക്ഷിണധ്രുവങ്ങളിൽ പ്രപഞ്ചത്തിന്റെ വലുപ്പം പൂജ്യമായിരിക്കുമെങ്കിലും, ഈ ബിന്ദുക്കൾ, ഭൂമിയുടെ ഉത്തരദക്ഷിണദ്രുവങ്ങൾ അദ്വിതീയങ്ങളല്ലാത്തതുപോലെ. അദ്വിതീയാവസ്‌ഥകളായിരിക്കുകയില്ല. ഭൂമിയുടെ ധ്രുവങ്ങളിലെന്നപോലെ അവിടെയും ശാസ്‌ത്രനിയമങ്ങൾ നിലനില്‌ക്കും.

യഥാർത്ഥ സമയത്തിൽ പ്രപഞ്ചത്തിന്റെ ചരിത്രം, പക്ഷെ, വളരെ വ്യത്യസ്‌തമായിരിക്കും. ഏകദേശം ആയിരമോ, രണ്ടായിരമോ, കോടി വർഷങ്ങൾക്കു മുമ്പ്‌ അതിന്‌ ഏറ്റവും കുറഞ്ഞ വലുപ്പമുണ്ടായിരിക്കും. ഇത്‌ കല്‌പിത സമയത്തിലെ ചരിത്രത്തിന്റെ പരമാവധി വ്യാസത്തിന്‌ തുല്യമായിരിക്കും. പിന്നീടുള്ള യഥാർത്ഥ സമയങ്ങളിൽ പ്രപഞ്ചം ലിൻഡെ നിർദ്ദേശിച്ച ശിഥില ദ്രുത വികാസ മാതൃകപോലെ വികസിക്കും. (പക്ഷെ, ഇവിടെ പ്രപഞ്ചം എങ്ങനെയോ ശരിയായ വിധം തന്നെ സൃഷ്‌ടിക്കപ്പെട്ടു എന്ന്‌ അനുമാനിക്കേണ്ടതില്ല). പ്രപഞ്ചം വളരെ വലിയ വലുപ്പത്തിലേക്ക്‌ വികസിക്കുകയും ഒടുവിൽ, യഥാർത്ഥ സമയത്തിൽ അദ്വതീയാവസ്‌ഥ എന്ന്‌ തോന്നിക്കുന്ന ഒരു അവസ്‌ഥയിലേക്ക്‌ ചുരുങ്ങുകയും ചെയ്യും. അങ്ങനെ, ഒരർത്ഥത്തിൽ, നാമെല്ലാം തമോഗർത്തങ്ങളിൽ നിന്ന്‌ അകന്നുനില്‌ക്കുകയാണെങ്കിൽ പോലും ദുരന്തം വിധിക്കപ്പെട്ടവരാണ്‌. പ്രപഞ്ചത്തെ കല്‌പിത സമയത്തിന്റെ അടിസ്‌ഥാനത്തിൽ വിഭാവനം ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ അദ്വിതീയാവസ്‌ഥകൾ ഇല്ലാതിരിക്കുകയുള്ളു.

പ്രപഞ്ചം ശരിക്കും അങ്ങനെയൊരു ഊർജ്ജകണാവസ്‌ഥയിലാണെങ്കിൽ, കല്‌പിത സമയത്തിൽ പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ അദ്വിതീയാവസ്‌ഥകളുണ്ടായിരിക്കുകയില്ല. അതിനാൽ, എന്റെ അടുത്തകാലത്തെ പഠനം അദ്വീതിയാവസ്‌ഥകളെ കുറിച്ചുള്ള എന്റെ മുൻപഠനഫലങ്ങളെല്ലാം നിഷ്‌ഫലമാക്കി എന്നു തോന്നാം. പക്ഷെ, മുകളിൽ സൂചിപ്പിച്ചപോലെ അദ്വിതീയാവസ്‌ഥാസിദ്ധാന്തങ്ങളുടെ യഥാർത്ഥ പ്രാധാന്യം, ഊർജ്ജകണ ഗുരുത്വാകർഷണ പ്രഭാവങ്ങൾ അവഗണിക്കാനാവാത്തവിധം ഗുരുത്വാകർഷണ മണ്ഡലം അതിശക്തമായിരിക്കണമെന്ന്‌ അവ തെളിയിക്കുന്നു എന്നാണ്‌. ഇത്‌ വീണ്ടും പ്രപഞ്ചം കല്‌പിത സമയത്തിൽ അതിർത്തികളോ അദ്വിതീയായസ്‌ഥകളോ ഇല്ലാതെ തന്നെ നിശ്‌ചിതമായിരിക്കും എന്ന ആശയത്തിലേക്ക്‌ നയിച്ചു പക്ഷെ, നാം ജീവിച്ചിരിക്കുന്ന യഥാർത്ഥ സമയത്തിലേക്ക്‌ തിരിച്ചുപോകുമ്പോൾ വീണ്ടും അദ്വിതിയാവസ്‌ഥകൾ ഉള്ളതുപോലെ തോന്നും തമോഗർത്തത്തിലേക്ക്‌ വീഴുന്ന പാവം ബഹിരാകാശസഞ്ചാരി ദുരന്തത്തിൽ തന്നെ ചെന്നുപെടും. കല്‌പിതസമയത്തിൽ ജീവിക്കുകയാണെങ്കിൽ മാത്രമേ അയാൾ അദ്വിതീയാവസ്‌ഥകളെ നേരിടാതിരിക്കുകയുള്ളു.

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.