പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > സമയത്തിന്റെ ഒരു ലഘുചരിത്രം > കൃതി

തമോഗർത്തങ്ങൾ അത്ര ഇരുണ്ടതല്ല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

വിവഃ പരമേശ്വരൻ കെ.വി

തമോഗർത്തങ്ങളിൽ നിന്നുള്ള വികിരണം എന്ന ആശയം, സാമാന്യ ആപേക്ഷിക സിദ്ധാന്തം, ഊർജ്ജകണബലതന്ത്രം എന്നീ ഈ നൂറ്റാണ്ടിലെ രണ്ടു മഹത്തായ സിദ്ധാന്തങ്ങളേയും വളരെ കാതലായ വിധത്തിൽ ആശ്രയിക്കുന്ന ഒരു പ്രവചനത്തിന്റെ ആദ്യത്തെ ഉദാഹരണമാണ്‌. ഇത്‌ ആദ്യത്തിൽ ഒരു പാട്‌ എതിർപ്പുകളുളവാക്കി. കാരണം, അത്‌ നിലവിലുള്ള വീക്ഷണഗതിയെ ആകെ തകിടം മറിച്ചു. “ഒരു തമോഗർത്തത്തിന്‌ എന്തെങ്കിലും പുറത്തുവിടാൻ കഴിയുന്നതെങ്ങനെ?” ഓക്‌സ്‌ഫോർഡിനടുത്തുള്ള റുതർഫോഡ്‌ - ആപ്പിൾടൺ ലാബറട്ടറിയിൽ ഒരു സമ്മേളനത്തിൽ ഞാൻ എന്റെ ഗണനങ്ങളുടെ ഫലം ആദ്യമായി പ്രഖ്യാപിച്ചപ്പോൾ പൊതുവായ അവിശ്വാസമാണ്‌ എന്നെ എതിരേറ്റത്‌. എന്റെ പ്രഭാഷണത്തിന്റെ അവസാനത്തിൽ ആ യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന, ലണ്ടനിലെ കിങ്ങ്‌സ്‌ കോളേജിൽ നിന്നുള്ള, ജോൺ ജി.ടെയ്‌ലർ (John G.Tylor) ഇതെല്ലാം വെറും അസംബന്ധമാണെന്ന്‌ അവകാശപ്പെട്ടു. ആ ഉദ്ദേശത്തോടെ അദ്ദേഹം ഒരു പ്രബന്ധം തന്നെയെഴുതി. എന്നിരുന്നാലും, ഒടുവിൽ ജോൺ ടൈലറടക്കം മിക്കവരും സാമാന്യ ആപേക്ഷിക സിദ്ധാന്തത്തേയും ഊർജ്ജകണബലതന്ത്രത്തേയും കുറിച്ചുള്ള നമ്മുടെ ആശയങ്ങൾ ശരിയാണെങ്കിൽ തമോഗർത്തങ്ങൾ മറ്റു ചൂടുള്ള വസ്‌തുക്കളെപ്പോലെ വികിരണങ്ങൾ പുറത്തുവിടുമെന്ന നിഗമനത്തിലെത്തി. അങ്ങനെ, നമുക്ക്‌ ഇതുവരെ ഒരു ആദിമ തമോഗർത്തം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, കണ്ടെത്തിയാൽ അത്‌ ഒരു പാട്‌ ഗാമരശ്‌മികളും എക്‌സറേകളും വികിരണം ചെയ്യേണ്ടതാണ്‌ എന്ന്‌ ഒരു വിധം സാമാന്യമായ യോജിപ്പിലെത്തിയിട്ടുണ്ട്‌.

തമോഗർത്തങ്ങളിൽ നിന്നുള്ള വികിരണങ്ങളുടെ സാന്നിദ്ധ്യം, ഗുരുത്വാകർഷണ തകർച്ച, നാം പണ്ട്‌ കരുതിയിരുന്നപോലെ, അന്തിമവും തിരിച്ചു വരാനാവത്തതുമല്ല എന്ന്‌ സൂചിപ്പിക്കുന്നതായി തോന്നുന്നു. ഒരു ബഹിരാകാശ സഞ്ചാരി ഒരു തമോഗർത്തത്തിലേക്ക്‌ വീഴുകയാണെങ്കിൽ അതിന്റെ പിണ്ഡം കൂടും. പക്ഷെ അന്തിമമായി ആ കൂടിയ പിണ്ഡത്തിനു തുല്യമായ ഊർജ്ജം അത്‌ വികിരണമായി പ്രപഞ്ചത്തിലേക്കു തന്നെ തിരിച്ചയക്കുന്നു. അങ്ങനെ ഒരർത്ഥത്തിൽ സഞ്ചാരി “പുനരാവൃത്തി (റിസൈക്കിൾ)” ചെയ്യപ്പെടുന്നു. പക്ഷെ, ഇത്‌ വളരെ ദാരുണമായ ഒരു അമരത്വം തന്നെയാണ്‌. കാരണം, സഞ്ചാരിയുടെ വ്യക്തിപരമായ സമയ സങ്കൽപം തമോഗർത്തത്തിനകത്ത്‌ അയാൾ വലിച്ചു കീറപ്പെടുന്നതോടെ അവസാനിക്കുന്നു. അന്തിമമായി പുറത്തുവിടുന്ന കണികകളുടെ തരംഗങ്ങൾ തന്നെ, പൊതുവെ, ബഹിരാകാശ സഞ്ചാരിയുടെ ഘടകമായവയിൽ നിന്നും വ്യത്യസ്‌തമായിരിക്കും. അയാളുടെ സവിശേഷതയായി അതിജീവിക്കുന്നത്‌ അയാളുടെ പിണ്ഡം അഥവാ ഊർജ്ജം മാത്രമാണ്‌.

തമോഗർത്തത്തിൽ നിന്നുള്ള വികിരണത്തിന്റെ അളവ്‌ അറിയാൻ വേണ്ടി ഞാൻ നടത്തിയ ഏകദേശവൽകരണങ്ങൾ തമോഗർത്തത്തിന്‌ ഒരു ഗ്രാമത്തിന്റെ ഒരംശത്തിൽ കൂടുതൽ മാത്രം പിണ്ഡമുള്ളപ്പോഴും ഫലിക്കുന്നുണ്ട്‌. പക്ഷെ അവ തമോഗർത്തത്തിന്റെ ജീവിതവസാനത്തിൽ അതിന്റെ പിണ്ഡം വളരെ ചെറുതാവുമ്പോൾ നിഷ്‌ഫലമാവുന്നു. ഇവിടെ ഏറ്റവും സംഭാവ്യമായ പരിണതഫലം, തമോഗർത്തം അതിലെ സഞ്ചാരിയും അതിനകത്തുള്ള മറ്റേതെങ്കിലും അദ്വിതീയാവസ്‌ഥയുമോടൊപ്പം - ശരിക്കും അങ്ങനെയൊന്നുണ്ടെങ്കിൽ - ചുരുങ്ങിയത്‌, പ്രപഞ്ചത്തിന്റെ നമ്മുടേതായ പ്രദേശത്തു നിന്നെങ്കിലും, തീർത്തും അപ്രത്യക്ഷമാവും എന്നതാണ്‌. സാമാന്യ അപേക്ഷികസിദ്ധാന്തം പ്രവചിക്കുന്ന അദ്വിതീയവസ്‌ഥ, ഊർജ്ജകണബലതന്ത്രം ഇല്ലാതാക്കുന്നതിന്റെ ആദ്യത്തെ സൂചനയാണിത്‌. എന്നിരുന്നാലും, 1974ൽ ഞാനും മറ്റുള്ളവരും ഉപയോഗിച്ചിരുന്ന ഗണനപദ്ധതികൾക്ക്‌ ഊർജ്ജകണഗുരുത്വാകർഷണത്തിൽ അദ്വിതീയാവസ്‌ഥകൾ ഉണ്ടാവുമോ എന്നതുപോലുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ 1975 മുതൽ ഞാൻ റിച്ചാർഡ്‌ ഫെയ്‌ൻമാന്റെ ചരിത്രങ്ങളുടെ തുക എന്ന ആശയത്തെ അടിസ്‌ഥാനപ്പെടുത്തി ഊർജ്ജകണ ഗുരുത്വാകർഷണത്തോട്‌ കൂടുതൽ ശക്തമായ ഒരു സമീപനം വികസിപ്പിച്ചെടുക്കാൻ തുടങ്ങി. പ്രപഞ്ചത്തിന്റേയും ബഹിരാകാശസഞ്ചാരിയെപ്പോലെ അതിലടങ്ങിയ എല്ലാറ്റിന്റേയും ഉത്ഭവവും അന്ത്യഗതിയും സംബന്ധിച്ച ചോദ്യങ്ങൾക്ക്‌, ഈ സമീപനം നിർദ്ദേശിക്കുന്ന ഉത്തരങ്ങൾ അടുത്ത രണ്ട്‌ അദ്ധ്യായങ്ങളിൽ വിവരിക്കുന്നതാണ്‌. അനിശ്‌ഛിതത്വസിദ്ധാന്തം നമ്മുടെ എല്ലാ പ്രവചനങ്ങളുടേയും കൃത്യതക്ക്‌ ഒരു പരിധി വെക്കുന്നുണ്ടെങ്കിലും, അതേസമയം തന്നെ, അത്‌ സ്‌ഥലസമയ അദ്വിതീയാവസ്‌ഥയിൽ ഉണ്ടാവുന്ന മൗലികമായ പ്രവചനാതീതമായ അവസ്‌ഥ ഇല്ലാതാക്കുകയും ചെയ്യാമെന്ന്‌ നമുക്ക്‌ കാണാം.

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.