പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ശലഭങ്ങളുടെ പകൽ > കൃതി

അദ്ധ്യായം ഇരുപത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

മൂന്നുവർഷങ്ങൾക്കുളളിൽ ഇതാദ്യമായാണ്‌ വീട്ടിലേക്കുപോകുമ്പോൾ, എവിടെയും അനിശ്ചിതത്വമെങ്കിലും, സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും കണികകൾ തന്റെ മനസ്സിലുളളതായി കൃഷ്‌ണൻ അറിയുന്നത്‌. വരുന്ന ദിനങ്ങളിൽ ചെയ്‌തു തീർക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായ അവബോധമുണ്ട്‌ അയാൾക്ക്‌. തനിക്കു കീഴടക്കേണ്ടവ മുമ്പിൽ ഉയർന്നു കിടക്കുന്നു ഃ നാട്ടിലേക്കുളള ബസ്സിലിരിക്കുമ്പോൾ കൃഷ്‌ണൻ ചിന്തിച്ചു. മുമ്പ്‌ തനിക്ക്‌ ചുറ്റും അവ്യക്തതയുടെ പുകമഞ്ഞായിരുന്നു. യഥാർത്ഥ ദിശയെക്കുറിച്ചറിയാതെ, പലപ്പോഴും മിന്നാംമിനുങ്ങുകളുടെ വെട്ടവും ശബ്‌ദങ്ങൾ വരുന്ന ദിക്കും ആധാരമാക്കിയായിരുന്നല്ലോ യാത്ര. അസംഭാവ്യതയുടെ അതിരുകളിലെത്തുന്നുവെങ്കിലും ദൃഢമായ തീരുമാനങ്ങൾ ഇന്ന്‌ മനസ്സിലുണ്ട്‌. ഒപ്പം അതിന്നു നേരിടേണ്ട വൈഷമ്യങ്ങൾക്കുമുണ്ട്‌ കടുപ്പം. അവയിൽ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല ഇനി.

ഒരു മാസത്തിലധികം സ്‌റ്റഡിലീവുണ്ട്‌. ഒരു പേപ്പറൊഴിച്ച്‌ ബാക്കിയുളളവയെല്ലാം വളരെ എളുപ്പമായിട്ടാണ്‌ കൃഷ്‌ണന്‌ തോന്നിയിട്ടുളളത്‌. മിക്കവാറും വിഷയങ്ങളിലെ പ്രശ്‌നങ്ങൾ ഒരാവർത്തി ചെയ്‌തിട്ടുമുണ്ട്‌. അതിനാൽ ഇനി അധികസമയം ചിവഴിക്കേണ്ട കാര്യമില്ല.

മൈസൂരിൽ എഞ്ചിനീയറിംഗ്‌ പഠിക്കാൻ പോയ വിനയൻ വന്ന വാർത്തയാണ്‌ നാട്ടിലെത്തിയപ്പോൾ കൃഷ്‌ണനെ കാത്തിരുന്നത്‌. അമ്മായിയുടെ കണക്കുകൂട്ടലുകൾ പിഴയ്‌ക്കാതെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു - അമ്മ വിനയനെത്തിയ വിശേഷം പറയുമ്പോൾ കൃഷ്‌ണൻ ഓർത്തു.

“എന്നാലും ഇങ്ങനെയുണ്ടോ ഒരു സൃഷ്‌ടി.” അമ്മ അതുപറയുമ്പോൾ കൃഷ്‌ണൻ മനോവ്യാപാരങ്ങളിൽ നിന്ന്‌ ഉണർന്നു, പിന്നെ തിരക്കി, “എന്താ?”

“നെഞ്ചെത്തെ താടി വളർത്തി, കാവിയും രുദ്രാക്ഷവുമണിഞ്ഞ്‌ സന്യാസ്യേപ്പോലാണത്രേ വിനയൻ വന്നിരിക്കണെ. ഞാൻ കണ്ടില്യ. ഗോപാലൻ പറഞ്ഞതാ. ഏതു സമേത്തും പൊകേം വലിച്ചോണ്ട്‌ ഒരേ ഇര്‌പ്പാ. കാർന്നോമ്മാര്‌ ചെന്ന്‌ അതുമിതുമൊക്കെ ചോദിച്ചിട്ട്‌ ഒന്നിനും കൃത്യമായ മറുപടീല്യ.”

അതുകേട്ട്‌ കൃഷ്‌ണൻ ഒന്നും പറഞ്ഞില്ല. മനസ്സിന്റെ ഏതോ കോണിൽ പകയുടെ വിഷബീജങ്ങൾ തിമിർത്താർക്കുന്നുണ്ടോ? അശ്വതിയുടെ ദൗർഭാഗ്യം എന്ന്‌ ആലോചിക്കാൻ ശ്രമിച്ചു അയാൾ പിന്നെ.

പെരിഞ്ചേരിയിൽ നിന്നുളള പോക്കുവരവ്‌ തീരെ കുറഞ്ഞിരുന്നു. അമ്മാവനാണ്‌ പണ്ട്‌ കൂടെക്കൂടെ വന്നിരുന്നത്‌. അമ്മാവന്‌ അടുത്തയിടെ തീരെ വയ്യാതായിട്ടുണ്ട്‌. വിശേഷിച്ചെന്തെങ്കിലുമുണ്ടെങ്കിൽ ഇപ്പോൾ ഗോപാലനാണ്‌ വരിക. ഒരു ദിവസം ഗോപാലൻ വന്നപ്പോൾ വിനയനെക്കുറിച്ച്‌ സവിസ്‌തരം കൃഷ്‌ണനോടു പറഞ്ഞു. ലഹരിമരുന്ന്‌ കഴിച്ച്‌ മാനസികനില തകർന്നായിരുന്നത്രേ ആ വരവ്‌. വന്നതിനുശേഷം ഇതുവരെ കുളിച്ചിട്ടില്ല. ദേഹത്തോ വസ്‌ത്രത്തിലോ തൊടാൻപോലും സമ്മതിക്കുന്നില്ല. കുറേശ്ശേ ഭക്ഷണം കഴിക്കും. ഉറക്കവും വളരെ അപൂർവ്വമായേ ഉളളൂ. അമ്മായിയുടെ പ്രതീക്ഷകകളെല്ലാം വിനയൻ വന്ന അന്നു തന്നെ പൊലിഞ്ഞുപോയി. അവർ ആകെ തകർന്നിരിക്കയാണത്രേ. വിനയന്റെ വീട്ടിലെക്കാളും ദുഃഖം തളംകെട്ടി നില്‌ക്കുന്നത്‌ പെരിഞ്ചേരിയിലാണ്‌. അമ്മാവൻ ആദ്യമേ നിശ്ചേഷ്‌ടനായി ഒരിടത്ത്‌, ഇപ്പോൾ അമ്മായിയും അശ്വതിയും. വിനയന്റെ പരീക്ഷകഴിഞ്ഞാൽ ഉടനെ അശ്വതിയുമായുളള വിവാഹം ഉറപ്പിക്കണമെന്നും പറഞ്ഞ്‌ ധൃതിയിൽ കോപ്പുകൂട്ടുകയായിരുന്നു അമ്മായി. അമ്മായിയുടെ വീട്ടിന്നും പെരിഞ്ചേരിക്കുമിടയിലുളള ദൂതു മുഴുവന്നും ഗോപാലനാണ്‌ നിർവ്വഹിക്കുക. അതിനാൽ എല്ലാത്തിന്നും സാക്ഷിയാകേണ്ടിവന്നു അയാൾ.

അന്ന്‌ വിശേഷങ്ങളെല്ലാം പറഞ്ഞ്‌ പോയശേഷം പിറ്റെ ദിവസവും ഗോപാലൻ പടികയറിവരുന്നതു കണ്ടപ്പോൾ പ്രത്യേകിച്ചെന്തെങ്കിലും കാര്യത്തിന്നായിരിക്കുമെന്ന്‌ കൃഷ്‌ണൻ ഊഹിച്ചു. ഒരുപക്ഷേ, താനിവിടെയുണ്ടെന്നറിഞ്ഞ്‌ അമ്മാവൻ ഇനിയും പെരിഞ്ചേരിയിലേക്ക്‌ ക്ഷണിച്ചിരിക്കുകയായിരിക്കുമോ?

ഗോപാലന്റെ മുഖത്ത്‌ സാധാരണയുളള പ്രസരിപ്പും പുഞ്ചിരിയും കാണാനില്ല. മുറ്റത്തുനിന്നുതന്നെ അയാൾ കൃഷ്‌ണനെ വിളിച്ചു ഃ “കുഞ്ഞിങ്ങോട്ടിറങ്ങി വന്നേ.”

പുറത്തേക്കിറങ്ങി ചെല്ലുമ്പോൾ ഗോപാലൻ പതുക്കെ ചോദിച്ചു, “അമ്മ അകത്തുണ്ടോ?”

“ഉവ്വ്‌, വിളിക്കണോ?”

വേണ്ടെന്ന്‌ കൈകൊണ്ട്‌ ആംഗ്യം കാട്ടി. എന്നിട്ട്‌ തൊടിയിലേക്ക്‌ കൃഷ്‌ണനെ വിളിച്ചിറക്കിക്കൊണ്ടുപോയി പറഞ്ഞു, “കുഞ്ഞേ, അമ്മാവന്‌ ഇത്തിരി കൂടുതലാ. നമുക്കമ്മേക്കൂട്ടി ഒടനെ അങ്ങോട്ടുപോകാം, കാറ്‌ കൊണ്ടുവന്നിട്ടുണ്ട്‌.” എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു ഗോപാലൻ.

ആ പെരുമാറ്റത്തിൽ ആകെ ഒരു പന്തികേട്‌. സംശയത്തിന്റെ കറുത്ത പക്ഷികൾ കൃഷ്‌ണന്റെ മനസ്സിന്നുളളിൽ കിടന്ന്‌ ചിറകിട്ടടിച്ചാർക്കുകയാണ്‌.

“സത്യം പറ ഗോപാലാ, അമ്മാവന്‌ എന്താ പറ്റ്യേ?”

ഗോപാലൻ അപ്പോൾ മറ്റെവിടെയോ ദൃഷ്‌ടിയൂന്നി നില്‌ക്കുകയായിരുന്നു. കൃഷ്‌ണൻ വീണ്ടും ചോദിച്ചു, “എന്നോടൊന്നും ഒളിച്ചു വയ്‌ക്കേണ്ട ഗോപാലാ, ഞാൻ അറിഞ്ഞെന്നു വച്ച്‌ ഒന്നും വരാനില്ല. എന്താണ്ടായേ?”

ഗോപാലൻ വീണ്ടും കൃഷ്‌ണന്റെ മുഖത്തേക്കു നോക്കുമ്പോൾ ആ നയനങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. അർത്ഥഗർഭമായ ആ നോട്ടവും മൗനവും തന്റെ മനസ്സിനെയും ഉലയ്‌ക്കുകയാണെന്ന്‌ കൃഷ്‌ണനറിഞ്ഞു.

അമ്മയോട്‌ അമ്മാവന്‌ കൂടുതലാണെന്നേ പറഞ്ഞുളളൂ. പക്ഷേ, പെരിഞ്ചേരിയോടടുക്കുന്തോറും അമ്മയും യാഥാർത്ഥ്യം അറിയുകയായിരുന്നു. പല ചോദ്യങ്ങൾക്കും വെറുതെ എന്തിന്‌ നുണപറയണമെന്നു കരുതി അയാൾ മറുപടിയൊന്നും കൊടുത്തില്ല, മൗനസമ്മതങ്ങൾ പോലെ. അപ്പോഴേ വിതുമ്പിത്തുടങ്ങിയിരുന്നു അമ്മ. പെരിഞ്ചേരിയുടെ പടികയറുമ്പോൾ ഉളളിൽ നിന്നുമുയരുന്ന വിലപനങ്ങളുടെ മുഴക്കം മതിയായിരുന്നു അമ്മയുടെകരച്ചിൽ ഉറക്കെയാവാൻ.

എല്ലാത്തിലും അയാൾ ഒരു പ്രതിമ കണക്കെ നിന്നു. ശേഷക്രിയയ്‌ക്ക്‌ അനന്തരവന്റെ സ്‌ഥാനത്തുനിന്നുളള കാര്യങ്ങൾ ചെയ്യണം. പതിന്നാലു കഴിയുന്നതുവരെ പെരിഞ്ചേരിയിലെ ഔട്ട്‌ഹൗസിലായിരുന്നു താമസം. തീരെ ഇഷ്‌ടമുണ്ടായിട്ടല്ല അയാൾ അവിടെ കഴിഞ്ഞത്‌, എങ്കിലും മറ്റുളളവരെപ്രതി അമ്മാവന്റെ ആത്മാവിനെ നിന്ദിക്കാൻ എട കൊടുക്കരുത്‌. ഏട്ടൻ ഒരു കാരണവരെപ്പോലെയാണ്‌ പെരുമാറുന്നത്‌. എല്ലാ ആവശ്യങ്ങൾക്കും ഓടിനടക്കാനും വേണ്ടുന്ന സാധനങ്ങൾ എത്തിക്കാനും ഏട്ടൻ മുന്നിരയിൽ തന്നെയുണ്ട്‌. പഴയ ആ തണുപ്പൻ പ്രകൃതം എവിടെയൊ പോയി ഒളിച്ചിരിക്കുന്നു.

ആഗ്നസിനെ വിശേഷങ്ങൾ എഴുതി അറിയിക്കണമെന്ന്‌ കൃഷ്‌ണൻ വിചാരിച്ചിരുന്നതാണ്‌. പിന്നെ വെണ്ടന്നു വച്ചു. എല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തിയശേഷം സ്വസ്‌ഥമായിരുന്നൊരു കത്തെഴുതാം.

പതിന്നാലു കഴിഞ്ഞ അന്നുസന്ധ്യക്കുതന്നെ കൃഷ്‌ണൻ ഔട്ട്‌ഹൗസിൽ നിന്ന്‌ പെരിഞ്ചേരിയിലേക്കു വന്നു, വീട്ടിലേക്കു പോകാൻ തയ്യാറായി. അയാളുടെ വേഷം തീരെ മുഷിഞ്ഞിരുന്നു അപ്പോഴേക്കും.

ഉമ്മറത്ത്‌ ആരെയും കാണുന്നില്ല. അമ്മയെയാണ്‌ കൃഷ്‌ണൻ വിളിച്ചത്‌. അയാളെ കണ്ടയുടനെ അമ്മ ചോദിച്ചു, “നീ പോവ്വായിരിക്കും, അല്ലേ?”

“ങ്‌ഹാ, പരീക്ഷയടുക്കാറായില്ലേ. അമ്മായിയെ ഒന്നു വിളിക്കൂ.”

അകത്ത്‌ കാൽപ്പെരുമാറ്റങ്ങൾ. ആരൊക്കെയോ തന്നെ ശ്രദ്ധിച്ച്‌ ഉളളിൽ നില്‌ക്കുന്നുണ്ടെന്ന്‌ വ്യക്തം. അയാൾ അങ്ങോട്ട്‌ നോക്കാൻ പോയില്ല.

അമ്മായി വരാന്തയിൽ വന്നു നില്‌ക്കുന്നത്‌ കൃഷ്‌ണനറിഞ്ഞു. കരഞ്ഞു ചീർത്ത അവരുടെ കൺപോളകൾ ഇപ്പോഴും അങ്ങനെ തന്നെ. കണ്ണുകൾ കൂടുതൽ ഉളളിലേക്കാണ്ടു പോയിരിക്കുന്നു.

“നീ ഇങ്ങോട്ട്‌ കയറണില്ലേ, കൃഷ്‌ണാ?” അമ്മായി ചോദിക്കുന്നു. അതു മനഃപൂർവ്വം തന്നെയാണല്ലോ. എങ്കിലും അയാൾ മറുപടി കൊടുത്തു, “ഓ, ഞാൻ കേറണില്ല അമ്മായി. പോവ്വാണെന്നു പറയാൻ വിളിച്ചതാ, പരീക്ഷയ്‌ക്കിനി കുറച്ചു ദിവസമേയുളളൂ.”

“നീയും പൊയ്‌ക്കോ മോനെ, ഞങ്ങൾക്ക്‌ ആരും വേണ്ടല്ലോ.” അവരതു പറഞ്ഞു മുഴുപ്പിക്കുന്നതിനു മുമ്പുതന്നെ കണ്ണുകൾ ആർദ്രമാകുന്നതു കണ്ടു. മുണ്ടിന്റെ കോന്തലകൊണ്ട്‌ കണ്ണീരൊപ്പി, അവർ തുടർന്നു, “എനിക്കു നിന്നെ തടുത്തുനിർത്താനുളള അർഹതയില്ലല്ലോ. അതാ ഞാൻ പറയാത്തേ.”

“അമ്മ ഇവിടെ ഉണ്ടല്ലോ അമ്മായി. ഏട്ടനേം ഞാൻ ഇങ്ങോട്ട്‌ പറഞ്ഞു വിടാം.”

“ങ്‌ഹാ, ശരി.”

പടിയിറങ്ങി നടക്കുമ്പോൾ അമ്മായിയുടെ സ്വഭാവവ്യത്യാസത്തെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു അയാൾ. അശ്വതിക്ക്‌ വിനയൻ അല്ലെങ്കിൽ മറ്റൊരാൾ എന്നേ കരുതിയിരുന്നുളളൂ. പക്ഷേ, കുറച്ചു മുമ്പു കേട്ട ആ വാക്കുകളുടെ ധ്വനി വീണ്ടും തന്നെ ഒരു വിഷമവൃത്തത്തിൽ കുടുക്കുന്നതിന്റേതാണ്‌. അമ്മാവന്റെ വിയോഗം മൂലം പെരിഞ്ചേരിയിൽ ഒരു ആൺതുണ അത്യാവശ്യമാണ്‌. വേണ്ടപ്പെട്ടവരുടെ ശ്രദ്ധ നേരെ തന്നിലേക്കേ തിരിയുകയുളളൂ. ഇടയ്‌ക്കുണ്ടായ അപശ്രുതികളൊന്നും ആർക്കുമറിയില്ല. കൃഷ്‌ണൻ ചിന്തിച്ചു.

ഏറെ ആലോചിക്കാതിരിക്കുന്നതാണ്‌ നന്നെന്ന്‌ പിന്നെ അയാൾക്കു തോന്നി.

വീട്ടിലെത്തി കുളിച്ചു. വെളളത്തിന്റെ കുളിർമ മനസ്സിനെ സ്പർശിക്കുന്നില്ല. പഠിക്കാനിരുന്നപ്പോൾ ഏട്ടിലെയക്ഷരങ്ങൾ വളരെ അകലെയെന്ന വണ്ണം തോന്നിപ്പിക്കുന്നു. ഒപ്പം തലവേദനയും. കിടക്കയിലേക്കു ചരിയുമ്പോൾ സ്‌റ്റഡിലീവിലെ പൊലിഞ്ഞു പോയ പകുതി ദിനങ്ങളെക്കുറിച്ച്‌ അയാൾ വെറുതെ ഓർത്തു.

Previous Next



Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.