പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സാഹിത്യം വിവാദമാകുമ്പോൾ -2-​‍ാം ഭാഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.വി. ബെന്നി

ലേഖനം

വിവാദം എന്ന വാക്ക്‌ നമ്മൾ ഇന്ന്‌ രക്ഷനേടാൻ ഉപയോഗിക്കുന്ന ഒന്നാണ്‌. കുറെക്കാലം മുമ്പ്‌ പുനത്തിൽ കുഞ്ഞബ്‌ദുളള പറഞ്ഞു അദ്ദേഹത്തെക്കുറിച്ച്‌ ഒരു വിവാദം ഉണ്ടായിരുന്നു. ആ വിവാദം ഇരുപത്തിരണ്ട്‌ ദിവസം മാതൃഭൂമി പത്രം റിപ്പോർട്ട്‌ ചെയ്‌ത്‌ അദ്ദേഹത്തെ തേജോവധം ചെയ്‌തുവെന്നാണ്‌. പുതിയ തലമുറയിലെ കുട്ടികൾക്ക്‌ എന്തായിരുന്നു വിവാദം എന്നറിയില്ല. അതൊരു വിവാദമായിരുന്നില്ല. സാഹിത്യ മോഷണമായിരുന്നു പ്രശ്‌നം. സാഹിത്യമോഷണത്തിൽപ്പോലും ചില രക്ഷപ്പെടലിന്റെയോ തർക്കത്തിന്റെയോ ഒക്കെ സാധ്യതയുണ്ടാകും. കുഞ്ഞബ്‌ദുളളയുടെ കേസിൽ 22 പേജ്‌ ടാഗോറിന്റേത്‌ വളളിപുളളി വിസർഗ്ഗം വിടാതെ മോഷ്‌ടിച്ചതാണെന്നുളളത്‌ ആർക്കെങ്കിലും കേരളത്തിൽ ബോധ്യപ്പെടാത്തത്‌ ഉണ്ടെങ്കിൽ എം.എൻ. വിജയനു മാത്രമാണ്‌. ‘മോഷണം’ എന്ന വാക്കിനുപകരം രക്ഷനേടാനായി വിവാദം എന്ന പദത്തെ കുഞ്ഞബ്‌ദുളള ഉപയോഗപ്പെടുത്തി. എഴുത്തുകാർ പലപ്പോഴും മറുപടി പറയേണ്ടതായ പ്രശ്‌നങ്ങളിൽ മറുപടി പറയാതിരിക്കാൻ അത്‌ വിവാദമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌.

എറണാകുളം നഗരത്തിലെ പ്രമുഖനായ ഒരു സാഹിത്യകാരൻ. അദ്ദേഹം തന്റെ ചെറുപ്പകാലത്തിൽ പറയുകയും എഴുതുകയും ചെയ്‌തിരുന്നത്‌, സാഹിത്യ അക്കാദമികൾ എന്നത്‌ ഒരുതരം കൊട്ടാരം ഷണ്ഡന്മാരുടെ ആവാസകേന്ദ്രങ്ങൾ മാത്രമാണെന്ന്‌. സാഹിത്യ അക്കാദമിയെക്കുറിച്ചോ സാഹിത്യ സംഘടനകളെ കുറിച്ചോ അങ്ങനെയൊരഭിപ്രായം വച്ചുപുലർത്താനുളള എല്ലാസ്വാതന്ത്ര്യവും എഴുത്തുകാരനുണ്ട്‌. എന്നാലീ സാഹിത്യവിമർശകൻ തന്നെ പിന്നീട്‌ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാകുമ്പോൾ, നിങ്ങൾ സ്വയം സാംസ്‌ക്കാരികമായി ഷണ്ഡത്വം വരിച്ചു എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ ഇതിന്റെ പ്രസിഡന്റായതെന്നു ആരെങ്കിലും ചോദിച്ചാൽ പിന്നീടതൊരു വിവാദമായി. മറുപടി പറയണ്ട.

‘സംവാദം’ എന്ന പദവും ‘വിവാദം’ എന്ന പദവും തമ്മിലുളള അർത്ഥവ്യത്യാസം മനസ്സിലാക്കിയിട്ടു വേണം നമ്മൾ ഇതുപോലുളള ഒരു വിഷയത്തെക്കുറിച്ച്‌ ചർച്ച ചെയ്യാൻ. സംവാദം എന്നത്‌ വ്യത്യസ്തമായ അഭിപ്രായമുളള രണ്ടാളുകൾ, രണ്ടുവിഭാഗങ്ങൾ യോജിപ്പിന്റെ സാധ്യതകൾ തേടി സംസാരിക്കുന്നതാണ്‌. വിവാദം അങ്ങനെയല്ല. ഒരിക്കലും യോജിക്കില്ല എന്നുറപ്പുളള ആശയങ്ങളിൽ രണ്ടുകൂട്ടർ ഉറച്ചുനിന്നു വാദിക്കുന്നതാണ്‌. ഒരു മാർക്‌സിസ്‌റ്റ്‌കാരനും ഒരു ആർ.എസ്‌.എസ്‌ കാരനും ബോംബും കഠാരയും ആയുധങ്ങളുമെടുത്ത്‌ ഏറ്റുമുട്ടുന്നതിനേക്കാൾ ശരിയായ മാർഗ്ഗം അവർ ആശയപരമായ തർക്കത്തിൽ ഏർപ്പെടുക എന്നതാണ്‌. അവർക്ക്‌ യോജിക്കാൻ കഴിയില്ലെങ്കിലും കേട്ടു നിൽക്കുന്നവർക്ക്‌ ന്യായം ആരുടെ പക്ഷത്താണെന്ന്‌ മനസ്സിലാക്കാൻ കഴിയും.

പലപ്പോഴും സാഹിത്യത്തിലും തത്ത്വചിന്തയിലുമൊക്കെ ചിന്തയുടെ വളർച്ചയുണ്ടാകുന്നത്‌ വിവാദവുമായി ബന്ധപ്പെട്ടാണ്‌. നമ്മുടെ സാഹിത്യചരിത്രത്തിലെ വിഖ്യാതമായ ഒരു കാലഘട്ടത്തിൽ ദ്വിതീയാക്ഷരപ്രാസം വേണമോ വേണ്ടയോ എന്ന്‌ രണ്ടുചേരികളിലായി നിന്നുകൊണ്ട്‌ അക്കാലത്തെ കേരളത്തിലെ എല്ലാ സാഹിത്യകാരും പങ്കെടുത്ത നാലുവർഷത്തോളം നീണ്ടുനിന്ന വലിയൊരുവിവാദം നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നു. അതിന്റെ പരിസമാപ്തിയിൽ സാഹിത്യകാരന്മാർ എത്തിച്ചേർന്നത്‌ ദ്വിതീയാക്ഷരപ്രാസം ഇല്ലാതെ കവിത എഴുതിയാലും അത്‌ നല്ല കവിതയാണെങ്കിൽ അംഗീകരിക്കാൻ കുഴപ്പമില്ല എന്നുളള നിഗമനത്തിലാണ്‌. അതുപോലെ പച്ചമലയാളപ്രസ്ഥാനം സംസ്‌കൃതപദങ്ങൾ ഇല്ലാതെ എഴുതുന്നതാണ്‌ ശരിയായ സാഹിത്യം എന്ന വാദം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നേതൃത്വത്തിൽ കൊണ്ടുവന്നു. സംസ്‌കൃതപദങ്ങൾ ഉപയോഗിച്ച്‌ എഴുതുന്നതിൽ തെറ്റില്ല, അതൊന്നും സാഹിത്യത്തിന്റെ മാനദണ്ഡമല്ല എന്ന രീതിയിലുണ്ടായ തർക്കവും നമ്മുടെ സാഹിത്യ ചരിത്രത്തിന്റെ വലിയൊരു ഭാഗമാണ്‌. ഇത്തരം വിവാദങ്ങൾ വായനക്കാരന്റെ ശ്രദ്ധ ആകർഷിക്കാനും അവരെ ഏതെങ്കിലും ഒരു നിലപാടിലേക്ക്‌ കൊണ്ടുവരാനും സഹായിച്ചിട്ടുണ്ട്‌.

കുട്ടികൃഷ്‌ണമാരാരുടെ സാഹിത്യ വിമർശനത്തിൽ ഏറ്റവും വലിയൊരു ഭാഗം തന്നെ പുരോഗമനസാഹിത്യപ്രസ്ഥാനത്തെ എതിർത്തെഴുതിയ ഒന്നാണ്‌. പുരോഗമന സാഹിത്യകാരന്മാർ അവസാനംവരെ പിൻവാങ്ങിയില്ല. അങ്ങനെ അവർ വർഷങ്ങളോളം തർക്കത്തിൽ ഏർപ്പെട്ടിട്ടും ആ തർക്കം നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഏറ്റവും മേന്മയുളള ഒരു ഘട്ടമായാണ്‌ നാം കണക്കാക്കുന്നത്‌. മുണ്ടശ്ശേരി മാസ്‌റ്ററുടെ പ്രസിദ്ധമായ ‘രൂപഭദ്രതാവാദം’ സാഹിത്യത്തിൽ ഉളളടക്കം നന്നായാൽ പോര അതിന്റെ ആവിഷ്‌ക്കാരഭംഗികൂടി പ്രധാനമാണ്‌ എന്നു പറയുന്നു.

തൊഴിലാളി വർഗ്ഗത്തിനുവേണ്ടി എഴുതുന്ന ഏതൊരബദ്ധവും സാഹിത്യമാകും എന്നാരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ശരിയല്ല. കുഞ്ഞപ്പപ്പട്ടാനൂരാണ്‌ എഴുത്തച്ഛനേക്കാൾ വലിയ കവിയെന്ന്‌ ദേശാഭിമാനിയിൽപ്പോലും മലബാറുകാരനായ കണ്ണൂർകാർ എഴുതിയതു വായിച്ചു ചിരിക്കയല്ലാതെ നിവൃത്തിയില്ല. ഒരു പക്ഷേ പണ്ട്‌ നമ്മുടെ എഴുത്തുകാർ ഉപയോഗിച്ചിരുന്ന അത്രയും കരുത്തുളള പരുക്കനായ ഭാഷ ഇന്ന്‌ നമ്മുടെ ഒരു സാഹിത്യകാരനും ഉപയോഗിക്കുന്നില്ല.

ഏതോ ഒരു സന്ദർഭത്തിൽ ഒരു കാര്യം മാരാരുപറഞ്ഞത്‌ ശരിയാണ്‌ എന്നും അതിന്‌ മാരാരെ ഞാൻ പ്രശംസിക്കുന്നു എന്ന്‌ പറഞ്ഞ്‌ മുണ്ടശ്ശേരി എഴുതി. അതിന്‌ മാരാർ പറഞ്ഞ മറുപടി, ‘മുണ്ടശ്ശേരി മാസ്‌റ്ററുടെ പ്രശംസ ഞാൻ കേട്ടു. അത്‌ ഞാൻ സ്വീകരിക്കുന്നു. തിരിച്ചങ്ങോട്ടും പ്രശംസിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്‌’ എന്നാണ്‌. ഇത്തരം വിവാദങ്ങൾ സാധാരണ ജനങ്ങളിൽപ്പോലും സാഹിത്യതാല്പര്യം ഉണ്ടാക്കാൻ പ്രയോജനപ്പെട്ടു.

സാഹിത്യകാരന്റെയും രാഷ്‌ട്രീയ പ്രവർത്തകന്റെയും വ്യക്തിജീവിതം സാംസ്‌ക്കാരിക ജീവിതത്തിന്റെ ഭാഗമാണ്‌. വഴിവിട്ട്‌ ഒരു സാഹിത്യകാരനോ രാഷ്‌ട്രീയ പ്രവർത്തകനോ സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിനെ വ്യക്തിപരമായിതന്നെ വിമർശിക്കാം ഒരു തെറ്റുമില്ല. ഇ.എം.എസിനെ താരതമ്യേന അംഗീകരിച്ചകാലത്ത്‌ ഒരു എം.ജി.എസ്‌.നാരായണൻ തരം കിട്ടുമ്പോഴൊക്കെ ഇ.എം.എസിനെതിരെ എഴുതിയിരുന്നു. അതുകൊണ്ട്‌ ഇ.എം.എസിന്റെ വ്യക്തിജീവിതം കളങ്കപ്പെട്ടതാണെന്ന്‌ ഏതെങ്കിലും ഒരു മലയാളി വിശ്വസിക്കുന്നതായി ഞാൻ കരുതുന്നില്ല. അപ്പോൾ നമ്മളെന്തിനാണ്‌ വ്യക്തിപരമായ വിമർശനം പാടില്ല എന്നു പറയുന്നത്‌. നന്നായി ജീവിക്കുന്ന ആളുകൾ അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല. വ്യക്തിപരമായി വിമർശിച്ചാൽ അതിനു മറുപടി പറയുക അത്രയേ ഉളളൂ. ഭയപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം ഭയപ്പെടത്തക്കരീതിയിലുളള ജീവിതമാണ്‌ അയാൾ നയിക്കുന്നതെന്നാണ്‌.

നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറെ വർഷമായി സാഹിത്യവിവാദം പരസ്യമായ്‌ വരികയും പൊതുവെ വായനക്കാർക്കും പുസ്‌തകപ്രസാധകന്മാർക്കും മറ്റു സാംസ്‌ക്കാരിക പ്രവർത്തകർക്കുമൊക്കെ ലജ്ജാകരമായ അനുഭവമായി മാറുന്ന അവസരം ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്‌. അത്‌ വിവാദം അപകടമായതുകൊണ്ടല്ല. ലജ്ജിക്കേണ്ടതായ രീതിയിൽ നമ്മുടെ സാഹിത്യാന്തരീക്ഷത്തിൽ മാറിയതുകൊണ്ടാണ്‌. നമ്മുടെ നാട്ടിൽ മറ്റൊരു രംഗത്ത്‌ പ്രവർത്തിക്കുന്നവരേക്കാൾ പ്രാമുഖ്യം കിട്ടുന്നത്‌ സാഹിത്യകാരന്മാർക്കാണ്‌. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലോ മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയിലോ മനുഷ്യസേവനപരമായി പ്രവർത്തിക്കുന്ന ഒരു ശാസ്‌ത്രകാരന്‌ കിട്ടുന്ന ചെറിയ പ്രശസ്തിയല്ല നാല്‌ പൊട്ടക്കവിതയോ പൊട്ടക്കഥയോ എഴുതുന്ന ഒരു മുറി സാഹിത്യകാരനുപോലും നമ്മുടെ സമൂഹത്തിൽ കിട്ടുന്നത്‌. നാട്ടുമ്പുറത്തെ ആദർശമുളള ഒരു രാഷ്‌ട്രീയ പ്രവർത്തകനേക്കാൾ അംഗീകാരം സംസ്ഥാനവ്യാപകമായ ഒരു ചെറിയ കവിക്കോ കഥാകൃത്തിനോ കിട്ടും. അതുകൊണ്ടാണ്‌ റബ്ബറിന്റെ വില ഇടിയുമ്പോൾ മദ്ധ്യതിരുവിതാംകൂറിൽ നടക്കുന്ന സമ്മേളനം സുകുമാർ അഴീക്കോട്‌ ഉത്‌ഘാടനം ചെയ്‌തത്‌.

നമ്മുടെ സാമൂഹ്യജീവിതത്തെ പരിവർത്തനപ്പെടുത്തുന്നതിൽ സാഹിത്യകാരന്മാർ എഴുത്തിനു പുറമെ നടത്തിയ മറ്റു പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്‌ പല അംഗീകാരങ്ങളും സമൂഹം ഇവർക്കു കൊടുക്കാൻ ഇടയാക്കിയത്‌. പോർച്ചുഗീസ്‌ ഉൾപ്പെടെയുളള വിദേശശക്തികളുടെ ആധിപത്യം ഒരു ഭാഗത്തും ആന്തരീകമായ നമ്മുടെ നാട്ടുരാജാക്കന്മാർ തമ്മിലുണ്ടായ സംഘർഷം മറുവശത്തുമായി കേരളത്തിലെ സാമൂഹിക ജീവിതം മുന്നോട്ട്‌ നീങ്ങാത്ത സന്ദർഭത്തിലാണ്‌ എഴുത്തച്ഛന്റെ രാമായണം ഉണ്ടാകുന്നത്‌. പരിപൂർണ്ണമായി തകർന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കുറച്ചൊക്കെ ആശ്വാസം ഉണ്ടാക്കിക്കൊടുത്ത ഒരു പ്രതിരോധ പ്രവർത്തനമായിരുന്നു എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം എന്നു വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. ചരിത്രം പരിശോധിക്കുമ്പോൾ അത്‌ ശരിയാണെന്ന ബോധവും നമുക്ക്‌ കിട്ടുന്നു.

കുമാരനാശാൻ 16 വർഷക്കാലം എസ്‌.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറി ആയി ജാതിക്കും മതത്തിനുമെതിരെ പ്രവർത്തിച്ചു. അങ്ങനെ പറയുമ്പോൾ അദ്ദേഹം അന്നത്തെ വെളളാപ്പളളി നടേശനാണെന്ന്‌ ആരും ധരിക്കരുത്‌. അദ്ദേഹത്തിന്റെ ദിവസത്തിൽ സാഹിത്യത്തിന്‌ വേണ്ടി മാറ്റിവെച്ച സമയത്തേക്കാൾ കൂടുതൽ സമയം സാമൂഹ്യപ്രവർത്തനത്തിനുവേണ്ടി മാറ്റിവെച്ചു. മഹാകവി വളളത്തോൾ ആണെങ്കിൽ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ തന്റെ പ്രവർത്തനങ്ങൾ നടത്തി. സാഹിത്യപരിഷത്തിന്റെ പഴയരേഖ പരിശോധിച്ചാൽ കാണാവുന്നൊരു വിമർശനം, സാഹിത്യപരിഷത്തിന്റെ നാലഞ്ചുദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാതെ ആ ദിവസങ്ങളിൽ കേരളത്തിനു പുറത്തുനടന്ന എ.ഐ.സി.സി സമ്മേളത്തിന്‌ പങ്കെടുക്കാൻ വളളത്തോൾ പോയെന്നുളളതിന്ന്‌. പക്ഷേ നമുക്കറിയാം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ ഒരു സാംസ്‌ക്കാരിക അവബോധം ഉണ്ടാകുന്നതിന്‌ പ്രവർത്തിച്ച ഏറ്റവും വലിയ വ്യക്തിയായിരുന്ന വളളത്തോൾ. ഒരുപക്ഷേ, മുണ്ടശ്ശേരി മാസ്‌റ്റർ സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞു പ്രചരിപ്പിച്ച കളവുകളുടെയോ അബദ്ധധാരണകളുടെയോ അടിസ്ഥാനത്തിൽ ഉളളൂരിനെക്കുറിച്ചും ഒരു മോശം ചിത്രം മലയാളികൾ മെനഞ്ഞെടുത്തിട്ടുണ്ട്‌. ക്ഷേത്രപ്രവേശന വിളംബരത്തിനുവേണ്ടി രേഖാമൂലം വാദിച്ചിരുന്ന ഒരു മഹാകവിയായിരുന്നു ഉളളൂരെന്ന്‌ പലർക്കും അറിഞ്ഞുകൂടാ. ഉളളൂരിന്റെ സ്വന്തം കുട്ടിയുടെ കല്ല്യാണത്തിന്‌ അയിത്തജാതിക്കാരനായ കുമാരനാശാനെ ക്ഷണിക്കുകയും കുമാരനാശാൻ വരുമ്പോൾ മറ്റു ബ്രാഹ്‌മണർ സദ്യ ബഹിഷ്‌കരിക്കാൻ തുനിഞ്ഞ വിവരം ആരോ വന്നുപറയുമ്പോൾ ഉളളൂർ വിശപ്പില്ലാത്തവർ ഭക്ഷണം കഴിക്കണ്ട എന്നു പറയുകയും കുമാരനാശാനെ സ്വീകരിച്ചിരുത്തി ഭക്ഷണം കൊടുക്കുകയും ചെയ്‌തു. സാക്ഷാൽ ഇടശ്ശേരിയാണെങ്കിൽ സ്വന്തം നാട്ടിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവൃത്തിക്കയും വായനശാല നടത്തുകയുമൊക്കെ ചെയ്‌ത സാംസ്‌ക്കാരിക പ്രവർത്തകനായ വ്യക്തിയായിരുന്നു. ശങ്കരക്കുറുപ്പ്‌ സാഹിത്യപരിഷത്ത്‌ മാത്രമല്ല ഐക്യകേരള പ്രസ്ഥാനത്തിനുവേണ്ടി നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്‌തതിന്റെ തെളിവുകൾ നമുക്കിന്നും കിട്ടും. പി. കുഞ്ഞിരാമൻനായർ വൈദേശീകാക്രമണത്തിനെതിരെ നിരന്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ രീതിയിൽ നിരവധി എഴുത്തുകാർ എഴുത്തിനുപുറത്ത്‌ അവർ നടത്തിയ സാംസ്‌ക്കാരിക പൊതുപ്രവർത്തനങ്ങളുടെ ആകെ തുകയായിട്ടാണ്‌ ഇന്ന്‌ എഴുത്തുകാരൻ പറയുന്നതെന്തും ശ്രദ്ധിക്കാൻ മലയാളി ഉത്‌സുകനായത്‌.

വളളത്തോളും കുമാരനാശാനും തമ്മിൽ പിൽക്കാലത്ത്‌ ബാലചന്ദ്രൻ ചുളളിക്കാടും കെ.ജി. ശങ്കരപ്പിളളയും തമ്മിലുണ്ടായതിനേക്കാൾ ഒട്ടും നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്‌. അവർ തമ്മിൽ നേരിട്ടു കണ്ടിട്ടുമില്ല. ഒരിക്കൽ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കുമാരനാശാൻ എത്തുമ്പോൾ രണ്ടാം നിലയിൽ വളളത്തോളുണ്ടെന്നറിയാം. രണ്ടുപേരും പരസ്‌പരം കാണാതെ പോവുകയും ചെയ്‌ത സംഭവമുണ്ട്‌. പക്ഷേ, എങ്കിൽപ്പോലും അവരുടെയൊക്കെ നിലപാടുകളിൽ വാദമുഖങ്ങളിൽ ഒരു ജനകീയ അടിത്തറയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി വാദമുഖങ്ങൾ തികച്ചും വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളുടെ മാത്രം ഒന്നായി നമ്മുടെ നാട്ടിൽ പരിമിതപ്പെട്ടു എന്നതാണ്‌ വിവാദങ്ങൾ എന്ന്‌ കേൾക്കുമ്പോൾ നമുക്ക്‌ പുച്‌ഛം തോന്നാനുളള കാരണം.

സുകുമാർ അഴീക്കോടും എം.പി. വീരേന്ദ്രകുമാറും ഉറ്റ ചങ്ങാതിമാരായിരുന്നു. സുകുമാർ അഴീക്കോടിന്റെ തത്ത്വമസിപോലുളള മഹത്തായ ഗ്രന്ഥം ഞാൻ വായിച്ചിട്ടില്ല എന്നു വീരേന്ദ്രകുമാർ ലേഖനമെഴുതുന്നു. വീരേന്ദ്രകുമാറിനെപ്പോലെ രാഷ്‌ട്രീയരംഗത്തു നിൽക്കുന്ന പണ്ഡിതൻ വേറെയില്ലെന്ന്‌ സുകുമാർ അഴീക്കോട്‌ പ്രസംഗിക്കുന്നു. രണ്ടുപേരും തമ്മിൽ തെറ്റുന്നതോടെ രണ്ടുപേരും അയോഗ്യരായി മാറുന്നു. അപ്പോൾ ‘തത്ത്വമസി’ മോഷണമായും വീരേന്ദ്രകുമാർ മൂന്നാംകിട അവസരവാദിയായ രാഷ്‌ട്രീയ പ്രവർത്തകനും ആയി മാറുന്നു. നാട്ടിൻപുറത്ത്‌ സ്‌ത്രീകൾ വായിൽ തോന്നിയത്‌ വിളിച്ചു പറയുന്നതുപോലെയാണ്‌ വിവാദങ്ങൾ ഇന്നു നമ്മുടെ നാട്ടിൽ അരങ്ങേറുന്നത്‌.

വീരേന്ദ്രകുമാറും ടി.പത്മനാഭനും ഒരു കാലത്ത്‌ വലിയ സ്പർദ്ധയായിരുന്നു. വീരേന്ദ്രകുമാറിനെതിരെ എഴുതാനും സംസാരിക്കാനും കിട്ടുന്ന അവസരങ്ങളൊന്നും കളയരുതെന്ന്‌ ടി.പത്മനാഭൻ എഴുതിയ കത്തുകൾ ഞങ്ങളുടെ പലരുടെയും കയ്യിൽകാണും. എം.ടി.വാസുദേവൻനായർ മാതൃഭൂമിയിൽ നിന്ന്‌ പുറത്തായതോടുകൂടി ഇരുവരും ലോഹ്യത്തിലാകുന്നു. പിറ്റേന്നുമുതൽ രണ്ടുപേരും ചേർന്ന്‌ അഴീക്കോടിനെ തെറിവിളിക്കുവാൻ തുടങ്ങുന്നു. ഇത്തരത്തിലുളള പ്രസ്‌താവനകളുടെ പേപ്പർ കട്ടിംഗ്‌സ്‌ ഫയൽ ചെയ്‌ത്‌ ഇവരുടെയൊക്കെ വീട്ടുമുറ്റത്ത്‌ പൊതുസമ്മേളനം വെച്ച്‌ തിരിച്ചേൽപ്പിക്കണം.

അതീവ കൗശലക്കാരായ ചില എഴുത്തുകാർ വിവാദം പാടില്ല എന്നുപറഞ്ഞ്‌ രംഗത്തേക്ക്‌ വരുന്നു. നേരത്തേ പറഞ്ഞ കൊട്ടാരം ഷണ്ഡന്റെ കഥപറഞ്ഞ തരത്തിലുളള എഴുത്തുകാരാണ്‌ ഇവർ. വിവാദത്തിനു പോകുന്നത്‌ മോശമാണ്‌ എന്നു പറഞ്ഞ്‌ മദ്ധ്യസ്ഥന്റെ റോളിൽ ലേഖനമെഴുതുന്ന ഇത്തരം സാഹിത്യവിമർശകരെക്കാൾ ഭേദം ഈ വഴക്കാളികൾ തന്നെ. കാരണം അവർക്കൊരു ബുദ്ധിയില്ലായ്‌മയെങ്കിലും ഉണ്ട്‌. അതിന്റെയൊരു നന്മയെങ്കിലുമുണ്ട്‌. കഴിഞ്ഞ പത്തുവർഷത്തിനിപ്പുറത്ത്‌ ഇതുപോലുളള നിരന്തരമായ വാദങ്ങൾകൊണ്ടാണ്‌ നമ്മുടെ എഴുത്തുകാർ സമൂഹമദ്ധ്യത്തിൽ അപഹാസ്യരായിത്തീർന്നത്‌.

വെളളാപ്പളളി നടേശനും സുകുമാർ അഴീക്കോടും തമ്മിൽ തെറ്റിയപ്പോൾ വെളളാപ്പളളി നടേശൻ അബ്‌കാരി കോൺട്രാക്‌ടറായി. ഇതെന്തു പുതിയ കണ്ടുപിടുത്തം. വെളളാപ്പളളി നടേശൻ അബ്‌കാരി കോൺട്രാക്‌ടർ ആണെന്നറിയാത്ത ഒരു മനുഷ്യനും കേരളത്തിൽ ഉണ്ടാവുകയില്ല. ഇതൊന്നും പൊതുജനങ്ങൾ ഓർത്തിരിക്കില്ലെന്നാണ്‌ ഇവരുടെ ധാരണ. പൊതുജനങ്ങൾ അതെല്ലാം ഓർത്തിരിക്കുന്നു എന്നുളളതുകൊണ്ടാണ്‌ ഇവരൊക്കെ നമ്മുടെ സമൂഹത്തിൽ അപഹാസ്യരായി തീരുന്നത്‌. ഇന്ന്‌ മൂന്നാംകിട രാഷ്‌ട്രീയക്കാരേക്കാൾ താഴെയാണ്‌ സാഹിത്യകാരന്മാർ എന്നു വിശ്വസിക്കേണ്ട നിലപാടിലേക്ക്‌ പൊതുജനം എത്തിയിരിക്കുന്നു. എങ്കിലും രഞ്ജിപണിക്കരുടെ വീടിനു പടിക്കൽ ഈയടുത്ത്‌ ഒരാക്രമണമുണ്ടായി. പ്രജ എന്ന സിനിമയിൽ കെ. മുരളീധരനെതിരെ നടത്തിയ പരാമർശങ്ങളാണ്‌ ഇതിനു കാരണം. ഈ ഒരത്യാഹിത്യം ഒരു സാഹിത്യകാരനെ വിമർശിച്ചാൽ നിങ്ങൾക്കുണ്ടാവില്ല.

അതുപോലെതന്നെ നമ്മുടെ സാഹിത്യകാരന്മാരുടെ ജീവിതം പൊതുജനങ്ങളുടെ ജീവിതത്തിൽ നിന്നു തന്നെ മാറിപ്പോയിരിക്കുന്നു. ഒന്നൊന്നായ്‌ കൃഷിക്കാർ ആത്മഹത്യചെയ്യുന്ന വാർത്ത പത്രമെടുത്തു നോക്കിയാൽ കാണാം. നാടിന്‌ അന്നമുണ്ടാക്കുന്നവരുടെ ഈയവസ്ഥയെക്കുറിച്ച്‌ യാതൊരു വാദപ്രതിവാദവും നമ്മുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. നമ്മുടെ സാഹിത്യകാരന്മാർ പൊങ്ങച്ചം കൊണ്ട്‌ തോന്നുംപടി ജീവിക്കുമ്പോൾ എന്നേപ്പോലുളള വായനക്കാർക്ക്‌ സത്യത്തിൽ വിഷമമാണ്‌ തോന്നുന്നത്‌. കാരണം, നമ്മൾ അവരിൽ നിന്നു പ്രതീക്ഷിക്കുന്നതതല്ല. വിവാദങ്ങളോടെനിക്കെതിർപ്പില്ല. പക്ഷേ അതുണ്ടാകേണ്ട മേഖലകൾ വേറെയാണെന്നു മാത്രം.

(ലത്തീഫ്‌ കലൂർ സ്‌മാരകട്രസ്‌റ്റും, ഇ.എം.എസ്‌ സാംസ്‌ക്കാരികകേന്ദ്രവും നടത്തിയ ‘സാഹിത്യം വിവാദമാകുമ്പോൾ’ എന്ന ചർച്ചയിൽ വച്ച്‌ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗമാണിത്‌.)

എം.വി. ബെന്നി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.