പുഴ.കോം > പുഴ മാഗസിന്‍ > സാഹിത്യവിമര്‍ശനം > കൃതി

സാഹിത്യജാലകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.സി. സുബിൻ

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ മാധ്യമങ്ങൾ, വിശേഷിച്ചും മൂന്നാംലോക മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ബുദ്ധിജീവിയാണ്‌ നോം ചോംസ്‌കി. ഭാഷാശാസ്‌ത്രത്തിന്‌ നൽകിയ സംഭാവനകളേക്കാൾ ചോംസ്‌കിയെ പ്രശസ്‌തനാക്കിയത്‌ രാഷ്‌ട്രീയചിന്തയിൽ അദ്ദേഹം മുന്നോട്ടുവച്ച വിപ്ലവകരമായ ആശയങ്ങളാണ്‌. ദാർശനികനായ ഒരാളുടെ ഏകാംഗസമരമല്ല ചോംസ്‌കി പ്രതിനിധാനം ചെയ്യുന്നത്‌ മറിച്ച്‌ മാന്യമായ ജീവിതത്തിനുവേണ്ടിയുളള ആഗോളമായ ചെറുത്തുനിൽപ്പിലെ ഒരംഗത്തെയാണ്‌. ഇടതു പക്ഷത്തോട്‌ ആഭിമുഖ്യം പുലർത്തുമ്പോഴും ചോംസ്‌കി ഇഷ്‌ടപ്പെടുന്നത്‌ ഇടതുപക്ഷ അരാജകവാദി എന്ന വിശേഷണമാണ്‌.

പാശ്‌ചാത്യനായ ഒരു ബുദ്ധിജീവി തന്റെ സമൂഹവും അതിന്റെ അധികാരവും ദരിദ്രരാജ്യങ്ങളോട്‌ എന്തുചെയ്‌തു എന്ന്‌ കൃത്യതയോടെ പ്രഖ്യാപിക്കുന്നതാണ്‌ നോം ചോസ്‌കിയുടെ രചനകൾ. നിയമങ്ങളെയും വ്യവസ്ഥകളെയുമല്ല അതിന്റെ ഇരുണ്ട പ്രയോഗങ്ങളെയാണ്‌ ചോംസ്‌കി എതിർക്കുന്നത്‌. പൊതുജനാഭിപ്രായത്തെ നിർമ്മിക്കുന്ന മാധ്യമശൃംഖലകളെ അദ്ദേഹം ‘കാരമസോവ്‌ സഹോദരൻ’മാരിലെ ഉഗ്രമത ദ്രോഹവിചാരകനോടാണ്‌ സാദൃശ്യപ്പെടുത്തിയത്‌. സത്യത്തെ തടങ്കലിൽ പാർപ്പിച്ചശേഷം അസത്യത്തെ ആരാധനാമൂർത്തിയായി പൊതുസമൂഹത്തെ വിശ്വസിപ്പിക്കുന്ന പ്രചരണ വ്യവസ്ഥയ്‌ക്ക്‌ മികച്ച ഉപമയാണത്‌. പരമ്പരാഗത രാഷ്‌ട്രീയ ചിന്തയ്‌ക്ക്‌ ബദലായി ചോംസ്‌കി മുന്നോട്ടു വയ്‌ക്കുന്ന സമീപനങ്ങൾ ലോകമെമ്പാടുമുളള പ്രതിരോധ പ്രവർത്തകർക്ക്‌ പ്രചോദനമാകുന്നുണ്ട്‌. അതുകൊണ്ടാണ്‌ മൂന്നാംലോകങ്ങൾക്ക്‌ ചോംസ്‌കി ആവേശമാകുന്നത്‌. (അജയ്‌ പി.മങ്ങാട്ടിന്റെ പ്രൗഢലേഖനം ഭാഷാപോഷിണി മാർച്ച്‌ ലക്കത്തിൽ). ചോംസ്‌കിയെക്കുറിച്ചുളള മുഴുവൻ വിവരങ്ങളും, കൃതികളും ജജജഭഗടമരഭൂനര എന്ന സൈറ്റിൽ നിന്നും ലഭിക്കും.

ചോംസ്‌കിയെ അറിയുമ്പോൾ നാം യഥാർത്ഥ ബുദ്ധിജീവിത്വം അറിയുന്നു. യഥാർത്ഥ-സാംസ്‌കാരിക പ്രവർത്തനം അറിയുന്നു. കാശ്‌ കണക്കുപറഞ്ഞ്‌ വാങ്ങി കൂലിക്ക്‌ പ്രസംഗിക്കാൻ പോയി കൈയടികൾക്ക്‌ വേണ്ടിമാത്രം കൂവുന്ന നമ്മുടെ സാംസ്‌കാരിക പൂവൻകോഴികൾ ചോംസ്‌കിയെ അറിയാനെങ്കിലും ശ്രമിക്കുക. അമേരിക്കയിലിരുന്നുകൊണ്ടാണ്‌ ചോംസ്‌കി അമേരിക്കൻ കടന്നുകയറ്റത്തെ എതിർക്കുന്നതെന്നോർക്കുക. രണ്ട്‌ ദശകത്തിൽ ഒരിക്കലെങ്കിലും നമ്മുടെ സാംസ്‌കാരിക-സാഹിത്യ നായകന്മാർ ആരോഗ്യകരമായ ഒരു സംവാദത്തിൽപോലും ഏർപ്പെട്ടിട്ടില്ല എന്നറിയുമ്പോൾ, അവരോട്‌ സഹതപിക്കാനല്ലാതെ മറ്റെന്ത്‌ സാധ്യമാണ്‌.

നമ്മുടെ ചർച്ചകൾ വഴിതെളിക്കുന്നതിന്റെ ഒരു ഉദാഹരണം പറയാം. സി.ബി.സുധാകരനും വി.സി.ശ്രീജനും തമ്മിൽ ഉത്തരാധുനികതയെക്കുറിച്ച്‌ നടത്തിയ സംവാദം വ്യക്തിപരമായ ചീത്തവിളികളിലും താൻപോരിമ പ്രദർശനങ്ങളിലും മാത്രം വട്ടം കറങ്ങി ഒന്നും പങ്കുവയ്‌ക്കാതെ അവസാനിച്ചുപോയത്‌ ഭാഷാപോഷിണി ഫെബ്രുവരി, മാർച്ച്‌ ലക്കങ്ങളിൽ കാണാം.

കഥയും ചില കഥയില്ലായ്‌മകളും

റബ്ബറിന്റെയും നാളികേരത്തിന്റെയും മാത്രമായ കഥയുടെയും വിലയിടിയുകയാണെന്ന്‌ കെ.പി.അപ്പൻ (കഥാസാഹിത്യത്തിലെ ചീത്തക്കുട്ടികൾ, സാഹിത്യ വാർഷികപ്പതിപ്പ്‌ 2002, ഇന്ത്യാടുഡേ). സ്വന്തമായൊരു ഇടം നേടിയെടുക്കാൻ പ്രയാസമുളള കാലഘട്ടത്തിലാണ്‌ നമ്മുടെ കഥാകാരൻമാർ ജീവിക്കുന്നത്‌. സാഹിത്യഫിക്‌ഷൻ എന്ന നിലയിലുളള കഥയുടെ സ്വഭാവവും മാറുകയാണ്‌. ആധുനികതയുടെ കാലത്തെ അതിശയോക്തി നിറഞ്ഞ രീതിയിൽ നിന്നും ഭാഷാപരമായ പ്രചണ്ഡതയിൽ നിന്നും കഥ മാറിക്കഴിഞ്ഞു.

മാറിയ കഥയ്‌ക്ക്‌ മികച്ച നിദർശനമാകുന്ന ഒരു കഥ ഇന്ത്യാടുഡേ സാഹിത്യപതിപ്പിലുണ്ട്‌. സുഭാഷ്‌ചന്ദ്രന്റെ “സതി സാമ്രാജ്യം” എഴുത്ത്‌, കഥയുടെ ഘടനയുമായും, വായന നിർമ്മാണവുമായി പരിണമിക്കുന്ന ഒരു സവിശേഷ സ്ഥലാനുഭവമാണ്‌ സുഭാഷ്‌ചന്ദ്രന്റെ കഥ. സജീവവും സ്‌ഫോടനാത്മകവുമായ ബിംബങ്ങളാൽ ഈ കഥ ഉഗ്രാനുഭവമാകുന്നു. “ഇരയുടെമേൽ ചാടിവീഴാൻ പോകുന്ന ഏതോ വേട്ടമൃഗത്തിന്റെ ഭീമാകാരമായ ശ്വാസകോശംപോലെ കിടപ്പുമുറി” എന്ന നിരീക്ഷണം പ്രഖ്യാപിത സ്‌ത്രീപക്ഷ രചനകൾക്ക്‌ അപ്രാപ്യമായ കാഴ്‌ചയെ സമ്മാനിക്കുന്നുണ്ട്‌. അതിജീവിക്കാനുളള വാശി സുഭാഷ്‌ചന്ദ്രനിലുണ്ട്‌.

ആനന്ദ്‌, ശ്രീരാമൻഃ പഴയവഴികൾ പുതിയ സംഗീതികൾ

“ഷ്രോഡിംഗറുടെ പൂച്ച” എന്നപേരിൽ ആനന്ദിന്റെ കഥ സാഹിത്യപതിപ്പിൽ. കാലം, ചരിത്രം, വ്യക്‌തിയുടെ ഇടപെടൽ തുടങ്ങി ആനന്ദിന്റെ വിചാരങ്ങളുടെ തുടർച്ചയിലാണ്‌ ഈ കഥ. ഗഹനമായ ആശയങ്ങൾപോലും ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്നത്ര സുഖദമായ ഭാഷ ആനന്ദിനുണ്ട്‌. വരണ്ട ശൈലിക്കുളളിൽ സജീവമായ സംഗീതമുളളതുപോലെ. അല്ലായിരുന്നെങ്കിൽ ആനന്ദിനെ വായിക്കുക എന്നത്‌ ദുഷ്‌ക്കരമായി തീർന്നേനെ. ചരിത്രവും വർത്തമാനവും മനുഷ്യാവസ്ഥകളും തന്നെയാണ്‌ ശ്രീരാമന്റെ കഥകളിയും. ഇത്ര താളഭംഗിയോടെ കഥ പറയുന്നവർ കുറവാണ്‌. “ഇനിയും വരാൻ” (ഇന്ത്യാടുഡേ, സാഹിത്യപ്പതിപ്പ്‌) എന്ന കഥ നോക്കുക. തികച്ചും ഉത്തരാധുനികമായ സമൂഹത്തിലെ ഒരു ജീവിതക്രമത്തിൽ വിടരുന്ന ഗ്രാമ്യമായ കഥയാണിത്‌. ഒരു റിട്ടയേർഡ്‌ അധ്യാപികയായ ആനന്ദത്തിന്റെ ഏകാന്തതയിലേക്ക്‌ കടന്നുവരുന്ന മേദിനി എന്ന ഹോം നഴ്‌സുമായുളള നൈസർഗ്ഗിക ബന്ധത്തിന്റെ സാന്ദ്രമായ ആവിഷ്‌ക്കാരമാണ്‌ ഈ കഥ. ഇവരൊക്കെ എഴുതിക്കൊണ്ടിരിക്കുന്നത്‌ വായനയുടെ സുകൃതമാണ്‌.

പുനത്തിൽ കുഞ്ഞബ്‌ദുളള - പാഴാകുന്ന പ്രതിഭകൾ

രചനാപരീക്ഷണങ്ങളുടെ വഴിയിൽ തന്നെയാണ്‌ പുനത്തിലും. “പശു ഒരു സാധുമൃഗം” എന്ന തലക്കെട്ടിൽ ഇന്ത്യാടുഡേയിൽ പുനത്തിലിന്റെ കഥ. സവിശേഷമായ പ്രമേയം. നിർഭാഗ്യമെന്ന്‌ പറയട്ടെ അനാവശ്യവിവരണങ്ങൾ-ഉത്തരാധുനിക ജാഡ-എല്ലാം ചേർന്ന്‌ ഈ കഥ വികൃതമാക്കി. സാധുമൃഗം ഒടുക്കം പറഞ്ഞതിങ്ങനെ.

“കുഞ്ഞൗളേ അന്റെ കറവവറ്റിയിരിക്കണൂ”.

കറവവറ്റിയ കുഞ്ഞബ്‌ദുളള തൊഴുത്തിൽ കിടന്നു ചവിട്ടിമെതിക്കുകയാണ്‌ കഥയെ. (വായനക്കാരെയും). ചന്ദ്രമതിയുടെ കഥയും വ്യത്യസ്തമല്ല. നല്ല കഥകളെഴുതാറുളള ചന്ദ്രമതിയുടെ ഒരു മോശം കഥയാണ്‌ “ലോകത്തേക്കൊരു ജാലകം” (സാഹിത്യപ്പതിപ്പ്‌). സെപ്‌തംബർ പതിനൊന്ന്‌ അമേരിക്കകാരന്റെ (അമേരിക്കനിന്ത്യന്റെ) വൈകാരിക ചരിത്രത്തിലുണ്ടാക്കിയ സംഘർഷങ്ങൾ പറയാൻ ശ്രമിച്ചു എങ്കിലും ഈ കഥ പരാജയപ്പെടുന്നു. ഗ്രേസി സാഹിത്യപ്പതിപ്പിലെഴുതിയ കഥ ഭാഷാപരമായ പുതിയൊരു സമീപനം സാധ്യമാക്കുന്നുണ്ടെങ്കിലും, ഗ്രേസിയുടെ മുൻകാലകഥകളുടെ നിഴൽ ശക്‌തമായി പടരുന്ന കഥയായി അത്‌ മാറുന്നു (ആരും പറയാത്ത കഥയിലേക്ക്‌).

കാലത്തിലെഴുതുന്ന കഥകൾ

വി.ആർ.സുധീഷിന്റെ കഥ “നഷ്‌ടശിഷ്‌ടം” പുതിയ വഴികൾ തേടുന്ന ശക്‌തമായ കഥയാണ്‌. ഭാഷാപോഷിണിയിൽ എബ്രഹാം മാത്യുവിന്റേതായി വന്ന “ജാതിമരച്ചോട്ടിൽ” തലമുറകളിലേക്ക്‌ നീളുന്ന വൈകാരികതയുടെ കഥ പറയുന്നു. പാരിസ്ഥിതികമായ ഉളളടക്കങ്ങൾ സൂക്ഷിക്കുന്ന ഈ കഥ സൂക്ഷ്‌മമായ ആഖ്യാനതന്ത്രത്തിന്‌ ഉദാഹരണമാണ്‌. മധ്യതിരുവിതാംകൂറിലെ നസ്രാണിക്ക്‌ കേരളം കോൺഗ്രസ്സുകളുമായുളള വൈകാരിക ബന്ധവും അമേരിക്കയുടെ സ്വാധീനവുമെല്ലാം തെളിയുന്ന ഈ കഥ എബ്രഹാം മാത്യുവിന്റെ പ്രതിഭ തെളിയിക്കുന്നു. ടി.എൻ. ഗോപകുമാറിന്റെ “വൈത്തി” (കലാകൗമുദി 2002 മാർച്ച്‌ 17) വായനാസുഖമുളള ഒരു സാധാരണ കഥയാണ്‌.

കലാകൗമുദി അന്തരിക്കുമ്പോൾ...

ഒരു കാലത്ത്‌ സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളിൽ മുൻനിരയിലായിരുന്ന കലാകൗമുദി ഭാവനാശൂന്യതകൊണ്ട്‌ അന്ത്യശ്വാസം വലിക്കുകയാണ്‌. പി.സുജാതൻ മാത്രമാണ്‌ ആകെയുളള ആശ്വാസം. നന്നായി എഴുതാനറിയുന്ന വിജു.വി.നായർ സ്വന്തം ഭാഷയുടെ തടവറയിലാണ്‌. മികച്ച ഒരൊറ്റ സൃഷ്‌ടിപോലും ഈ വാരികയിൽ കാണാനില്ല.

കലാകൗമുദിയുടെ നിലവാർപത്തകർച്ചയ്‌ക്ക്‌ മികച്ച നിദർശനമാണ്‌ ധനഞ്ജയന്റെ ലേഖനം (ലക്കം 1385). അരുന്ധതിയെ ചീത്ത വിളിക്കുന്ന ആ ലേഖനം അവാസ്‌തവികതയുടെയും അല്പത്തത്തിന്റെയും കൂത്തരങ്ങാണ്‌.

ഒ.വി. വിജയനെ പൈങ്കിളിയാക്കുമ്പോൾ

നമ്മുടെ മാധ്യമങ്ങൾ ഒ.വി.വിജയനെ ആഘോഷിക്കുകയാണ്‌. വിജയന്റെ രോഗവും ധ്യാനവും ഇടയ്‌ക്കിടെ പുലമ്പുന്ന ചില സ്ഥിരംവാക്കുകളും എല്ലാം വെണ്ടക്ക നിരത്തി വിജയനെ ജീവിച്ചിരിക്കെത്തെന്നെ സമാധിയാക്കുകയാണ്‌ പലരും. ഇത്രമാത്രം യോഗിയായ ഒരാളാണോ വിജയൻ? അയ്യപ്പൻ വിശന്നലയുന്ന, ജോൺ വിറച്ചുമരിച്ച കണ്ണാണിത്‌. എന്തോ നാടകങ്ങൾ അരങ്ങേറുന്നുണ്ട്‌. ജീവിതങ്ങളെ തെറ്റായി ആഘോഷിക്കുന്നതും അതിന്‌ നിന്നു കൊടുക്കുന്നതും അല്പത്തമാണ്‌.

കവിത - പ്രളയംപോലെ പെരുക്കം

കവിതകൾ- ഇത്ര സമൃദ്ധമായ മറ്റൊരു ഭാഷയും ഉണ്ട്‌ എന്ന്‌ തോന്നുന്നില്ല. ഒരാഴ്‌ചയിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടി മഷി പുരളുന്നത്‌ ഏതാണ്ട്‌ നൂറോളം കവിതകളാണ്‌. 100ൽ ഒരാൾ കവിതയെഴുതുന്നുണ്ട്‌ എന്ന്‌ ചുരുക്കം. അതിൽ എത്ര എണ്ണം കവിതയായി, കുഞ്ഞുണ്ണിമാഷ്‌ പറയുംപോലെ “വിത”യായി മാറുന്നുവെന്ന്‌ കണ്ടറിയണം.

പുതിയ കവിതകളൊന്നുംതന്നെ പാരമ്പര്യത്തെ നേരിടുകയോ ആവർത്തിക്കുകയോ ചെയ്യുന്നില്ല പകരം ഒരുതരത്തിൽ അവയെ അവലംബിക്കുക മാത്രം ചെയ്യുന്നു. (പി.എൻ.ഗോപീകൃഷ്‌ണൻ) കവിത കെട്ടുകാഴ്‌ചകളായും തട്ടിപ്പുകളായും രൂപമെടുക്കുന്നത്‌ മലയാളത്തിൽ മാത്രമാണ്‌.

ബ്രോവ ഭാരമാ.....?

“ഞാനും ഭാരമോ” നന്നാണ്‌​‍്‌ ചോദ്യം. സച്ചിദാനന്ദന്റെ സാഹിത്യപ്പതിപ്പ്‌ കവിതയുടെ തലക്കെട്ട്‌ പ്രസിദ്ധമായ ഈ കീർത്തനമാണ്‌. കുഞ്ഞബ്‌ദുളളയെപോലെ കറവവറ്റിയ പശുക്കളിൽ പ്രമുഖനാണ്‌ സച്ചിദാനന്ദൻ. ഇദ്ദേഹം ഒരു കോക്കസ്‌ കവിയായി മാറിയിരിക്കുന്നു. സങ്കടമുണ്ട്‌. പറയാതെ വയ്യ “നീയും” ഭാരമാണ്‌. കവിതവഴി നാടുച്ചുറ്റുന്ന ഇത്തരക്കാരെ കുറഞ്ഞപക്ഷം തിരിച്ചറിയുകയെങ്കിലും ചെയ്യുക.

വിജയലക്ഷ്‌മിയുടെ കവിത

“സൂര്യകാന്തികൾ” വിജയലക്ഷ്‌മി എഴുതുന്നു-

“പൂത്തുലയുന്നു സൂര്യകാന്തികൾ

എനുക്കുളളിൽ

ആർക്കുമേ വേണ്ടാത്തതായ്‌.”

മികച്ച കവിതകളുടെ പട്ടികയിലാണ്‌ ഈ കവിതയുടെ സ്ഥാനം. മാതൃഭൂമിയിലെഴുതിയ (മാർച്ച്‌-17-23) അസ്‌ത്രം എന്ന കവിത നോക്കുക. അസ്‌ത്രമായ്‌ പോകേണ്ടിവരുന്നവന്റെ വിലാപമാണിത്‌.

“ഞാണിയറ്റിയ വില്ലിൽ നിന്നുമസ്‌ത്രമായ്‌, ശ്വാസം

നീറി, നീലാകാശത്തിൽ ലക്ഷ്യവേധിയായ്‌ പോകെ,

ആവനാഴിതൻ സ്നേഹം വിളിച്ചു, ”നില്‌ക്കൂ.. താഴെ“.

ആവതില്ലെനിക്കെന്നാൽ കൂടുപൂകുവാൻ തീരെ,

അറിവീലയകലത്തിൽ താപസ കുമാരനോ

ഭടനോ മരക്കമ്പോ കിളിയോ മാരീചനോ...”

അസ്‌ത്രം, മാതൃഭൂമി (മാർച്ച്‌ 17-23)

വിജയലക്ഷ്‌മിക്കവിതകൾ പാരമ്പര്യത്തിന്റെ പ്രച്ഛന്നരൂപങ്ങളല്ല. അതിജീവനത്തിന്റെ പ്രതീക്ഷകളാണ്‌.

സൂര്യ ബിനോയ്‌ എഴുതിയ “കേൾക്കേണ്ടത്‌” എന്ന കവിത പ്രതീക്ഷയുണർത്തുന്ന ഒരു വായനാനുഭവമാണ്‌.

ബിജു കാഞ്ഞങ്ങാടിന്റെ ഏകം (മാതൃഭൂമി) ഭാവസാന്ദ്രമായ ഒരു അടക്കം സാധ്യമാക്കിയിരിക്കുന്നു.

പുഴയുടെ ഓർമ്മയിൽ

ആരോ പുല്ലാങ്കുഴൽ വായിക്കുന്നു.

ഒളിഞ്ഞു കേൾക്കുന്ന അവളുടെ കണ്ണ്‌

തോട്ടുവക്കിലെ ആകാശച്ചീളിൽ....

ബിംബങ്ങൾ സൂക്ഷ്‌മമായി പ്രയോഗിക്കുന്നതിൽ ആധുനിക കവികൾ വൈദഗ്‌ദ്ധ്യമുളളവരാണ്‌. പ്രത്യേകിച്ചും ബിജു കാഞ്ഞങ്ങാട്‌.

വി.ജി. തമ്പിയുടെ കവിത (കുളംഃ ഒരു ജനൽച്ചിത്രം, ഭാഷാപോഷിണി, മാർച്ച്‌) ആധുനികാനന്തര അനുഭവപരിസരങ്ങൾ സൃഷ്‌ടിക്കുന്ന ശക്‌തമായ ഒരു രചനയാണ്‌.

“കുളം

ഇന്ന്‌ നികത്തപ്പെട്ട ജലശ്‌മശാനം

പുതുമണ്ണിൽ പുതപ്പിച്ചു കിടത്തിയ

പൂഴിയിൽ പുതഞ്ഞുപോയ

ഓർമ്മത്തെറ്റുകളുടെ പാമ്പിൻപടം”

പ്രതിഭയുളളവർ ഇങ്ങനെയാണ്‌ കവിതയെഴുതുന്നത്‌. എന്നാൽ കാര്യാവിൽ രാധാകൃഷ്‌ണൻ എഴുതുന്നത്‌ കവിതയാണെന്ന്‌ ദേശാഭിമാനി (മാർച്ച്‌ 17) നമ്മളെ ബലമായി വിശ്വസിപ്പിക്കുന്നു.

ഭരതവാക്യം

ആനുകാലികങ്ങളിലൂടെയുളള ഓട്ടപ്രദക്ഷിണം ചില വെളിച്ചങ്ങളെ കണ്ടെടുക്കലാണ്‌. പെരുകുന്ന എണ്ണങ്ങൾ നമ്മുടെ സാഹിത്യത്തിന്റെ വളർച്ചയെ എന്തുകൊണ്ടോ സൂചിപ്പിക്കുന്നില്ല. അതിജീവിക്കാനുളള ആഗ്രഹമാണ്‌, ഇച്ഛാശക്തിയാണ്‌, ആധുനികതയെ സൃഷ്‌ടിച്ചത്‌. കോക്കസുകളുടെയും ലാഭക്കാഴ്‌ചകളുടെയും വെളളിവെളിച്ചങ്ങളിൽപ്പെട്ട്‌ നമ്മുടെ എഴുത്തുകാർക്ക്‌ വാക്കിന്റെ ലോകങ്ങൾ നഷ്‌ടമാകാതിരുന്നെങ്കിൽ...?

കെ.സി. സുബിൻ

സ്ഥിരമായി ആനുകാലികങ്ങളിൽ എഴുതുന്നു, ‘മാധ്യമത്തിൽ’ സബ്‌ എഡിറ്ററായി പ്രവർത്തിക്കുന്നു.

വിലാസംഃ

കുളങ്ങരകുടിയിൽ വീട,​‍്‌ പളളിപ്പുറം പി.ഒ. എറണാകുളം.


E-Mail: kcsubin@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.