പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സബർമതിവരളുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പെരുമ്പുഴ ഗോപാലകൃഷ്‌ണൻ

ഒഴുകുന്നു, സബർമതി, വറ്റിയഹൃദയവുമായ്‌, ഒരു

പഴയപ്രവാഹത്തിൻ നിഴൽപോൽ.

ഈണമുണങ്ങും ചുടുകാറ്റോരത്തോരോ

കാണാവൃക്ഷച്ചോട്ടിലുറങ്ങുന്നു.

വീണുമരിച്ചു, ദലമർമ്മരമുപേക്ഷിച്ച

മുളംകാടുകൾ ആത്മശ്രുതിനിർത്തി, കരി-

മേഘവനത്തിൽ മുഖംനീട്ടി.

ഗോവുകളലസം മേയും പുൽമേടി-

ല്ലി, ടയക്കുടിലി, ല്ലീറക്കുഴൽവിളിപടരും

ശ്യാമസുമാവൃതവനതടമില്ലിവിടെ.

കാലിപ്പിളളരൊളിച്ചുകളിക്കും

പുല്ലാഞ്ഞിത്തണലിടമില്ല

പാൽക്കാരിപ്പെണ്ണുങ്ങടെ

ചടുലപദസ്വനമില്ല.

ദധിമഥനമനോഹരതാളവുമില്ല

തോണിക്കാരുടെ നീൾപ്പാട്ടില്ല

നാദമെഴാത്തമ്പുരുപോലെ, ജപ-

നാമമൊഴിഞ്ഞൊരുക്ഷേത്രംപോലെ

ഒഴുകുന്നൂ സബർമതി, മർത്യതയുടെ

നീണ്ടവരൾച്ചാൽപോലെ.

ഉഷസ്സുകൾ, സന്ധ്യകൾ

മാറിൽ മിന്നിയ നക്ഷത്രദ്യുതികൾ

ഉടഞ്ഞുവീണുകിടക്കുന്നിവിടെ

കരിനീലത്തുണ്ടുകളായ്‌!

ഉദയക്കൊടിയേറ്റു പിടിച്ചതിരക്കൈകൾ

ഇറുന്നുവീണുകിടപ്പൂ, സ്വാതന്ത്ര്യത്തിൻ

കൊഴിഞ്ഞപത്രങ്ങൾ!

നാനാമതസ്വരഗീതികളിൽ നിന്നുമൊ-

രേകസ്വനതന്ത്രീനാദമുണർത്തി

ഉപ്പിന്നർണ്ണവമെത്താനൊരു

കുത്തിയൊഴുക്കായ്‌പാഞ്ഞു, വിശപ്പിൻകണ്ണീ-

രൊപ്പി, ഒട്ടിയവയറാലൊരു വ്രതനിഷ്‌ഠയൊരുക്കി

സബർമതിയൊഴുകീ മണ്ണിന്നന്തർവീണയി-

ലൊരത്ഭുതജീവസരിത്തായ്‌

എവിടെ, ഇന്നെവിടെ, ചെറുമക്ഷരഫലകങ്ങളിലെ

മങ്ങിയ ലിപിരേഖകളായോ...?

മഴപെയ്യുന്നു,

കാലത്തിൻ കാർമേഘത്തുണ്ടുകൾ പെയ്യുംമഴ

ഇവിടെപ്പെയ്‌വതുമുകിൽനീരല്ല

മധുവല്ല, മർത്യത തമ്മിൽ വെട്ടിച്ചീന്തും ചോര‘

മതങ്ങൾ മതങ്ങടെ കഴുത്തുവെട്ടും ചോര’

അജപാലകരുടെ പുൽക്കൂട്ടിൽ, യദുകുല

ഗോപാലകരുടെ മൺകുടിലിൽ

കത്തുന്നതൊരേയൊരു ദീപക്കതിരെ-

ന്നാരോ ചൊന്നതു പാഴ്‌പ്പാട്ടായോ

സ്നേഹോദാരതതൻ നെഞ്ചിൽ

ആരോ കൂരാണികൾ താഴ്‌ത്തുമ്പോൾ

വരളുന്നു, സബർമതി

കേഴുന്നു ഭാരതഹൃദയം.

ഈ തിരവെട്ടത്തിൻ തീരത്തിരുൾമൂടുമ്പോൾ

ഒരു പൊൻകതിർനേടുന്നു

പദയാത്രക്കാർ വീണ്ടും.

പെരുമ്പുഴ ഗോപാലകൃഷ്‌ണൻ

കൊല്ലം ജില്ലയിൽ ‘പെരുമ്പുഴ’യിൽ 1931-ൽ ജനനം.

അച്ഛൻഃ തെക്കടത്ത്‌ രാമൻ.

അമ്മഃ പടിഞ്ഞാറെക്കൊല്ലം ചെറാശ്ശേരിൽ ലക്ഷ്‌മിഅമ്മ.

പെരുമ്പുഴ എൽ.പി.എസ്‌., പെരുമ്പുഴ എസ്‌.ജി.വി. സംസ്‌കൃത ഹൈസ്‌ക്കൂൾ, കുണ്ടറ എം.ജി.ഡി. ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ ആദ്യകാലവിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജിൽനിന്ന്‌ ബിരുദം. വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകൻ. ശ്രീനാരായണ കോളേജിലെ ആദ്യത്തെ ആർട്ട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി, ഗവ.സർവ്വീസിൽ പ്രവേശിച്ചതിനെത്തുടർന്ന്‌ എൻ.ജി.ഒ.യൂണിയൻ സ്ഥാപകപ്രവർത്തകൻ. ‘കേരള സർവ്വീസ്‌’-ന്റെ ആദ്യപത്രാധിപർ. പാർട്ടിവിഭജനശേഷം ജോയിന്റ്‌ കൗൺസിൽ സ്ഥാപകപ്രവർത്തകൻ. സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷൻ റിസർച്ച്‌ ഓഫീസറായി റിട്ടയർ ചെയ്‌തു. ഇപ്പോൾ അവിടെ ഡയറക്‌ടർ ബോർഡ്‌ അംഗം.

ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷൻ ജന. സെക്രട്ടറി, കേരള ചിൽഡ്രൻസ്‌ ഫിലിം സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

യുവകലാസാഹിതി പ്രസിഡന്റ്‌, ഇപ്‌റ്റ പ്രവർത്തകൻ,‘ഇസ്‌ക്കഫ്‌’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറി. ഉയരുന്ന മാറ്റൊലികൾ, ഞാറപ്പഴങ്ങൾ, മുത്തുകൾ, തുടി, വൃശ്ചികക്കാറ്റ്‌ (കവിതാസമാഹാരങ്ങൾ), റോസാപ്പൂക്കളുടെ നാട്ടിൽ (ബൾഗേറിയ- യാത്രാവിവരണം), പ്രതിരൂപങ്ങളുടെ സംഗീതം (ചലച്ചിത്രപഠനഗ്രന്ഥം) എന്നിവയാണ്‌ കൃതികൾ. ഏതാനും ചലച്ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചു. ബൾഗേറിയ, മുൻസോവിയറ്റ്‌

യൂണിയൻ തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.

ഭാര്യഃ സി.കെ.ലില്ലി.

മക്കൾഃ ബിജു, സോജു.

വിലാസംഃ

അമ്മു,

ഇടപ്പഴിഞ്ഞി,

തിരുവനന്തപുരം-10.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.