പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

രക്തസാക്ഷികളുടെ വിരലടയാളങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനു.എ

കഥ

ആകാശത്തുനിന്നും മിന്നലുകൾ താഴെയിറങ്ങി പുലയകുടിലുകൾക്കുമേൽ ആർത്തു ചിരിച്ചു.

-കറമ്പൻ ഉണർന്നു.

പുറത്തേക്കുളള വഴികളിലൂടെ കടന്നുവരുന്നവർ ആരാണ്‌?

കറമ്പൻ കണ്ണുകൾ ചിമ്മിമിഴിച്ചു.

ഇല്ല, ആരുമില്ല.

കുടിലുകൾക്കിടയിൽ നിന്നും തേങ്ങലുകൾ ഉയരുന്നുണ്ടോ? പ്രതിഷേധശബ്‌ദങ്ങളെന്തെങ്കിലും? ഇല്ല, ഒന്നുമില്ല.

പുറത്തെ ഇരുട്ടിലൂടെ ഇറങ്ങി നടന്നാലെന്താണ്‌? ഇവിടെ ഇരുന്നിട്ട്‌ എന്താണ്‌ കാര്യം? കൊതുകുകൾ ആർത്തുവിളിച്ച്‌ ചുറ്റും പറക്കുന്നുണ്ട്‌. അവയെ ആട്ടിയകറ്റി എത്രനേരമാണ്‌ ഇരിക്കുകയെന്ന്‌ അയാളോർത്തു.

-ഞ്ഞാൻ കണ്ണൻ. ഞങ്ങൾ ഒരു റിസർച്ചിന്‌ വന്നതാണ്‌. നിങ്ങളുടെ ജീവിതത്തെ കുറിച്ച്‌, ഞങ്ങളെ നിങ്ങൾ സഹായിക്കണം. നിങ്ങളുടെ പേരുകളും ഫോട്ടോയും പത്രത്തിൽ വരും.

പത്രമെന്നും ഫോട്ടോയെന്നുമൊക്കെ കേട്ടപ്പോൾ ആളുകൾക്കുത്സാഹം. വിറകു കീറി കൊടുക്കാൻ മഴുവുമായി ഇറങ്ങിയ ചേലൻ പാതി വഴിവച്ച്‌ കാര്യമറിഞ്ഞ്‌ മടങ്ങിവന്നു.

ചെമ്മൺപാതയിൽ നിർത്തിയിട്ട ബൈക്കുകളിൽ തൊട്ട്‌ കുട്ടികൾ സ്വപ്‌നങ്ങൾ നെയ്‌തു. ഒരു പയ്യൻ വളരെ കഷ്ടപ്പെട്ട്‌ അതിൻ മുകളിൽ കയറിയിരുന്നു. റിസർച്ചിന്‌ വന്നവരിൽ ഒരുവൻ ഓടിവന്ന്‌ അവനെ തളളി താഴെയിട്ടു. വീണയിടത്തു നിന്നെഴുന്നേറ്റ്‌ അവൻ ഓടി കുടിലിലൊളിച്ചു.

-സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.

കറമ്പന്‌ വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. ഈ ഇരുളിൽ തനിച്ച്‌ കഴിയുമ്പോൾ ഭ്രാന്ത്‌ പിടിക്കുന്നതുപോലെ.

ഭ്രാന്ത്‌! ലോകത്തിന്റെ ഗതിയെങ്ങോട്ടാണ്‌ തിരിയുന്നതെന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന കേളനും ഭ്രാന്തു പിടിച്ചിരിക്കുന്നു.

ഖദറിന്റെ കുപ്പായമിട്ട്‌, എന്നും പത്രാസിൽ നടന്ന കേളൻ. കഴിഞ്ഞ തവണ കേളൻ ഫോട്ടോ വച്ച നോട്ടീസിറക്കി. പഞ്ചായത്തിലേക്കുളള തെരഞ്ഞെടുപ്പിൽ കേളനായിരുന്നു അവിടെ നിന്നും മത്‌സരിച്ചത്‌.

-അറിഞ്ഞാ, ബിശ്യം? കേളനെതിര്‌ പഞ്ചായത്തിലേക്ക്‌ നീക്കണതാരാന്നറിയ്യോ? മ്മടെ രാമൻ.

കുട്ടിരാമനോ?

തന്നെ.

കുട്ടിരാമൻ പ്രീഡിഗ്രി പഠിച്ചവൻ. നല്ലവൻ. അവനാണ്‌ കോളനിയിലെ ആളുകൾക്ക്‌ എഴുത്തും വായനയുമൊക്കെ സാധിപ്പിച്ചു കൊടുക്കുന്നത്‌.

റേഷൻ കാർഡിനുളള അപേക്ഷപൂരിപ്പിക്കാൻ രാമൻ.

രാമൻ ജയിക്കും.

എവിടെ, കേളൻ ജയിക്കും.

-കേളൻ പഞ്ചായത്താഫീസിലായി. ജീവിതം പരമസുഖം. കറമ്പൻ കേളന്റെ കണ്ണുകളെ കുറിച്ചോർത്തു. വിശപ്പിന്റെ അഗാധതയിൽ, മരച്ചീനി തേടി നടന്നവർക്ക്‌ വഴികൾ തെറ്റി. കാട്ടിൽ പന്നികൾക്കായി വെടിവെച്ചവർ പന്നികളായി മാറി. അവ നാട്ടിലേക്കിറങ്ങി തുടങ്ങിയപ്പോൾ, കറമ്പൻ ആയുധങ്ങൾ തേടി നടന്നു.

ആയുധങ്ങൾ. മുലയില്ലാ ദൈവമേ, എവിടെ ആയുധം?

-കേളന്റെ തലച്ചോറിൽ സ്‌റ്റാലിൻ നിറഞ്ഞു. ഗാന്ധിയും നെഹ്‌റുവും ലെനിനും മുസ്സോലിനിയും ജോഷിയും സോക്രട്ടീസും. മനസ്സിൽ നിന്നും പറിച്ചെറിയാനാവാത്ത ബന്ധങ്ങൾ.

അഗാധമായ ബന്ധങ്ങൾ.

കേളനേട്ടാ, ഞമ്മക്ക്‌ കിണറു ബേണം.

കുഴിക്കാലോ.

ഞമ്മക്ക്‌ പളളിശാല ബേണം

കെട്ടാലോ.

ഞമ്മടെ മക്കക്ക്‌ തൂറാൻ കക്കൂസ്‌ ബേണം

ഇണ്ടാക്കാലോ.

പക്ഷേ, കേളൻ കോളനിയുടെ ദുഃഖം മറന്നു. എത്യോപ്യയിലെ പോഷകളില്ലാത്ത തളരുന്ന കുഞ്ഞുങ്ങൾ, ജർമ്മനിയിലെ പീഡനങ്ങൾ. സോവിയറ്റ്‌ യൂണിയന്റെ സുവർണ്ണപാത.

സോഷ്യലിസം സിന്ദാബാദ്‌.

ഞാൻ കമ്മ്യൂണിസ്‌റ്റായി മക്കളേ.

കേളനെ ആളുകൾ അത്ഭുതത്തോടെ നോക്കി. തങ്ങളിൽ നിന്നും അന്യമായ എന്തിനെയോ നോക്കും പോലെ.

-കറമ്പൻ കുടിലിൽ നിന്നും പുറത്തിറങ്ങി.

-പോലീസു വരുന്നേ.

കുട്ടികൾ ഭയന്നോടി. വാഹനങ്ങൾ പൊടി പറത്തി കടന്നു വന്നു. പൊടികൾ നിറഞ്ഞപ്പോൾ കറമ്പനൊന്നും മനസ്സിലായില്ല.

നീയൊക്കെ മയക്കുമരുന്ന്‌ കടത്തും അല്ലേടാ.

പോലീസുകാരന്റെ അലർച്ച.

പെൺകുട്ടികൾ വസ്‌ത്രങ്ങളില്ലാതെ ഓടുന്നു. പാത്രങ്ങൾ തകരുന്നു. കറമ്പൻ എന്തു ചെയ്യണമെന്നറിയാതെ നില്‌ക്കവേ കവിളത്തൊരു അടി.

ഓടടാ നായേ.....

ഓടി.

പിന്നെപ്പോഴോ കോളനിയിലെത്തിയപ്പോൾ തേങ്ങലുകൾ. കറമ്പൻ കുടിലിന്‌ മുന്നിലെത്തി. അകത്തുകയറണമോയെന്നറിയാതെ കുറച്ചുനേരം നിന്നു.

നമ്മക്ക്‌ പ്രതികാരം ചെയ്യണം.

ആയുധങ്ങൾ മൂർച്ച കൂട്ടി. പന്തങ്ങൾ കത്തി.

-കറമ്പൻ തനിച്ചുനിന്നു. താഴെ വീണുകിടന്ന വെളുത്ത കടലാസുകഷണം കറമ്പനെടുത്തു. അതിന്റെ മടക്കുകൾ നിവർത്തി, മണ്ണെണ്ണവിളക്കിന്റെ തിരിനീട്ടി വെളിച്ചത്തുപിടിച്ചുനോക്കി.

ചിത്രങ്ങൾ

പത്രങ്ങൾ നിറയെ ചിത്രങ്ങൾ.

മർദ്ദനങ്ങളിൽ ജീവനവസാനിച്ച്‌ പത്രങ്ങളിൽ ചിത്രങ്ങളായവർ.

മണൽകാടുകൾ താണ്ടി വരുന്ന കാറ്റ്‌.

മഞ്ഞിൻമലകളിലൂടെ കടന്നു വരുന്ന കാറ്റ്‌.

കറമ്പൻ പത്രം ചുരുട്ടി ദൂരെയെറിഞ്ഞു.

പക്ഷേ, അത്‌ വീണ്ടും നിവരുകയാണ്‌. ചിത്രങ്ങൾ തെളിയുന്നു. അവ ചിരിക്കുന്നു. ചിരിച്ചുകൊണ്ടേയിരിക്കുന്നു.

കറമ്പന്‌ ഭയമായി.

അയാൾ ഓടാൻ തുടങ്ങി

പക്ഷേ, എങ്ങോട്ട്‌?

എങ്ങോട്ടാണ്‌ ഓടുക?

വിനു.എ

വിനു.എ

ട/ഠ ഗോപാലൻ.പി

ചെങ്ങളായി.പി.ഓ

കണ്ണൂർ -670 631




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.