പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > രാധാമാധവം > കൃതി

ഒൻപത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ കെ

രാധാമാധവം

രാധയുടെ അമ്മ മരിച്ചിട്ട്‌ ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഒരു മാസം നീണ്ട കാലാവധിയല്ല. എങ്കിലും അമ്മയുടെ മരണം എൽപ്പിച്ച ആഘാതവും ദുഃഖവും രാധയിൽ നിന്നും കുറേശ്ശെയായി വിട്ടകന്നിരിക്കുന്നു. വെളുപ്പിന്‌ അഞ്ച്‌ മണിക്ക്‌ മുന്നേ തന്നെ എഴുന്നേൽക്കുന്നു. അകവും വരാന്തയും മുറ്റവും അടിച്ചുവാരി, കുളികഴിഞ്ഞ്‌ വിളക്ക്‌ കൊളുത്തിയിട്ടേ അടുപ്പിൽ തീകത്തിക്കൂ എന്ന അമ്മയുടെ ശീലം രാധയ്‌ക്കും കിട്ടിയിരിക്കുന്നു. ഏതായാലും സൂര്യോദയത്തിന്‌ മുന്നേതന്നെ അവൾ കുളികഴിഞ്ഞ്‌ വിളക്കു കൊളുത്തിയിരിക്കും. മാധവൻ ഇതിനോടകം പുഴയിൽ പോയി കുളികഴിഞ്ഞ്‌ കൃഷ്‌ണന്റെ അമ്പലത്തിനു മുന്നിൽ തൊഴാനെത്തിയിരിക്കും. നടതുറക്കുന്നതിന്‌ മുന്നേതന്നെ മാധവനുമവിടെ ഉണ്ടാവുമെന്നുള്ളത്‌ ഇപ്പോൾ ഏറെക്കുറെ ഉറപ്പായ കാര്യമാണ്‌. വ്യാഴാഴ്‌ച ദിവസങ്ങളിൽ രാവിലത്തെ ഉച്ചപൂജയ്‌ക്ക്‌ മാധവന്റെ നാദോപാസന ഉണ്ടാവും.

ക്ഷേത്രകമ്മറ്റിക്കാർക്കും നാട്ടിലെ തലമുതിർന്ന പ്രമാണിമാർക്കും ഇതിൽപരം ആഹ്ലാദം പകർന്ന്‌ കിട്ടിയ അനുഭവം ഉണ്ടായിട്ടില്ല.

ഭഗവൽ പ്രസാദം ഈ നാടിന്‌ ലഭിച്ചിരിക്കുന്നു. ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ്‌ ശ്രീധരൻ നമ്പീശൻ അങ്ങിനെയാണതിനെ വിശേഷിപ്പിച്ചത്‌.

‘പറ്റുകയാണെങ്കിൽ വൈകിട്ട്‌ ദീപാരാധനയ്‌ക്കും വരാൻ നോക്കുക. നമ്പീശൻ ഒരിക്കൽ മാധവനോട്‌ പറയുകയുണ്ടായി. മാധവൻ ഒന്നുചിരിച്ചതല്ലാതെ വരാമെന്നോ വരില്ലെന്നോ പറഞ്ഞില്ല.

’ഏതായാലും അയാൾ എതിരൊന്നും പറഞ്ഞില്ലല്ലൊ. വിവരമറിഞ്ഞപ്പോൾ ദാമുവാശാൻ അങ്ങനെയാണ്‌ പറഞ്ഞത്‌.

അല്ലെങ്കിലും അയാൾക്കതിന്‌ സമയം ഉണ്ടാവും നമ്പീശൻ പറഞ്ഞു.

അത്യാവശ്യം കാവൂട്ടിയമ്മയുടെ വീട്ടിൽ ചില സഹായങ്ങൾ ചെയ്യണം. ആ പശുക്കളെ നോക്കുവേം അവയ്‌ക്ക്‌ തീറ്റകൊടുക്കുവേം വേണം. പശുവിന്റെ കറവയൊക്കെ മൊളകുപാടത്തെ കുഞ്ഞുണ്ണിയാ ചെയ്യണെ. അതൊക്കെ കഴിയുമ്പോഴേയ്‌ക്കും കാലത്തെ ഏഴ്‌ മണിയാവും. പിന്നെ പാലും അതെവിടേം കൊടുക്കണ്ട. ആൾക്കാരവിടെ വന്ന്‌ വാങ്ങുവയ പതിവ്‌. ഇതൊക്കെ കഴിഞ്ഞേ വിദ്വാൻ അവറ്റേംകൊണ്ട്‌ മേയ്‌ക്കാൻ പോവൂ. അപ്പോപിന്നെ മാധവനിവിടെ ദെവസോം പാടാൻ പറ്റും.‘ അമ്പലവുമായുള്ള മാധവന്റെ ബന്ധം സുദൃഢമാവാനുള്ള അവസരം താമസിയാതെ തന്നെ വന്നു.

അമ്പലത്തിലെ ഉത്സവപരിപാടികൾ അടുത്തമാസത്തിൽ തുടങ്ങണം. എല്ലാക്കൊല്ലവും നടക്കുന്നതാണ്‌​‍്‌. രണ്ടു ദിവസത്തെ പരിപാടി. അത്രയേ ഉള്ളു.

അദ്യത്തെ ദിവസം രാവിലെ ഗണപതി ഹോമത്തോടെ തുടങ്ങുന്ന ഉത്സവ പരിപാടികൾ. പിന്നെ പതിവ്‌ പൂജ. നടയടച്ചതിന്‌ ശേഷം ഓട്ടംതുള്ളൽ. ചിലപ്പോൾ ചാക്യാർകൂത്താവും. വൈകിട്ട്‌ ഒരു നൃത്തം. പിന്നെ ഭക്തിഗാനസുധ എന്ന പ്രോഗ്രാം. മൂന്ന്‌ നാല്‌ മൈൽ ദൂരെയുള്ള ഒരു നൃത്തഗാന കലാവിദ്യാലയത്തിലെ കുട്ടികളാണ്‌ നൃത്തത്തിനെത്തുന്നത്‌. രണ്ടാം ദിവസം രാവിലെയുള്ള ഗണപതി പൂജയോടെയുള്ള പൂജകൾക്കുശേഷം നടയ്‌ക്കൽ പറ വയ്‌ക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇപ്പോൾ തുലാഭാരം, ചോറൂണ്‌ തുടങ്ങിയ വഴിപാടുകൾ പ്രാവർത്തികമായിട്ടില്ല. താമസിയാതെ അവ കൂടിതുടങ്ങി അമ്പലത്തിന്റെ വരുമാനം കൂട്ടണമെന്ന നിർദ്ദേശം അമ്പലക്കമ്മറ്റിയുടെ മുന്നിലുണ്ട്‌. ഇക്കൊല്ലത്തെ രണ്ടാം ദിവസത്തെ മുഖ്യ പരിപാടി സന്ധ്യയോടെ തുടങ്ങുന്ന പാട്ടുകച്ചേരിയാണ്‌. അങ്ങ്‌ തിരുവനന്തപുരത്ത്‌ സംഗീതകോളേജിൽ ഫൈനൽ ഇയറിന്‌ പഠിക്കുന്ന ഒരു വിദ്യാർത്ഥി - പ്രവീൺ. ഇപ്പോൾ പ്രവീണിന്റെ ഗാനങ്ങൾ ചിലപ്പോഴൊക്കെ റേഡിയോയിലും കേട്ടുതുടങ്ങിയിട്ടുണ്ട്‌. അടുത്തവർഷത്തോടെ മോഹിനിയാട്ടവും ഭരതനാട്യവും ഉത്സവക്കാലത്ത്‌ നടത്തണമെന്നാണ്‌ ക്ഷേത്രകമ്മറ്റിക്കാരുടെ പ്ലാൻ. ഉത്സവക്കാലത്തിന്‌ കുറെമുമ്പ്‌ ചുറ്റുപാടുമുള്ള നാട്ടുകാരിൽ നിന്നും സംഭാവന സ്വീകരിച്ചോ കൂപ്പണുകൾ അടിച്ച്‌ വിതരണം ചെയ്‌തോ തുക സ്വരൂപിക്കണമെന്നാ പദ്ധതിയിട്ടിരിക്കുന്നത്‌.

ഉത്സവസമയത്താണ്‌ രാധ സാധാരണ ഏറെ ആഹ്ലാദിക്കാറ്‌. ഇക്കുറി അമ്മയില്ലാത്ത ദുഃഖമുണ്ടെങ്കിലും ഉത്സവച്ചടങ്ങുകളിൽ പങ്കെടുക്കണം എന്ന്‌ തന്നെയാണ്‌ തീരുമാനം. പോകുന്നില്ല എന്ന തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ കാരണം മാധവൻ തന്നെ.

രാധെ - നീ അമ്പലത്തിൽ പോയി ഉത്സവത്തിൽ പങ്കെടുക്കണം. അമ്മ അങ്ങേലോകത്ത്‌ നിന്ന്‌ സന്തോഷിക്കുന്നത്‌ അപ്പോഴായിരിക്കും. അല്ലാതെ ഈ വീട്ടിൽ തനിയെ കുത്തിയിരുന്നിട്ട്‌ എന്ത്‌ കിട്ടാനാണ്‌? മാത്രമല്ല, അമ്പലവുമായിട്ടുള്ള ബന്ധം ഉണ്ടെന്നറിയുമ്പോഴല്ലേ അമ്മയ്‌ക്ക്‌ മനസ്സ്‌ നിറയൂ.

വൈകുന്നേരം ദീപാരധനയ്‌ക്ക്‌ ശേഷമാണ്‌ പ്രവീണിന്റെ ’ഭക്തിഗാനസുധ‘ പ്രോഗാം. ചുറ്റുപാടും നിന്നു കുറെ ദൂരെന്നുമായി ധാരാളം പേർ - പ്രത്യേകിച്ചും സ്‌ത്രീകളും കുട്ടികളും - എല്ലാവരും സന്ധ്യയോടെ തന്നെ സ്‌ഥലത്തെത്തിയിട്ടുണ്ട്‌.

സന്ധ്യയായതോടെ ദാമുവാശാന്റെയും നമ്പീശന്റേയും മുഖത്ത്‌ വേവലാതിയാണ്‌. കൂട്ടിലടച്ച വെരുകിനെപ്പോലെ നമ്പീശൻ അമ്പലത്തിന്റെ മുൻവശത്ത്‌ ബലിക്കൽ പുരയുടെ വലത്ത്‌വശത്ത്‌ താൽക്കാലികമായുണ്ടാക്കിയ ചാച്ചുകെട്ടി പനമ്പ്‌കൊണ്ട്‌ മറച്ച ഓഫീസ്‌ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട്‌. മുറിയിൽ തൊട്ട്‌ മുന്നിലിരിക്കുന്ന ദാമുവാശാൻ ഉത്സവപറമ്പിൽ വന്നുചേർന്നിരിക്കുന്ന ഭക്തജനങ്ങളെയാണ്‌ നോക്കുന്നതെങ്കിലും, മനസ്സിവിടെയല്ല എന്ന്‌ മുഖഭാവം തെളിച്ച്‌ പറയുന്നുണ്ട്‌.

നടയ്‌ക്കൽ പറയെടുപ്പിന്റെ മേൽനോട്ടം വഹിക്കുകയായിരുന്ന ലക്ഷ്‌മണസ്വാമി ഓഫീസ്‌റൂമിലേയ്‌ക്ക്‌ വന്നു. ദാമുവാശാൻ അയാളെ ഒന്ന്‌ നോക്കിയതല്ലാതെ ഒന്നും മിണ്ടുന്നില്ല.

സ്വാമി അല്‌പം ഉത്സാഹം കലർന്നസ്വരത്തിൽ - അടുത്തകൊല്ലം, നമുക്ക്‌ നെൽപറമാത്രം പോര. അവിൽപറയും മലർപറയും വേണം. ഇത്തവണ കണ്ടില്ലേ, അങ്ങ്‌ നെടുങ്ങാമ്പലത്തിന്റെ കാര്യസ്‌ഥൻ ചോദിച്ചത്‌, കൃഷ്‌ണന്റെ അമ്പലല്ലേ? - അവിൽപറയും മലർപറയും - അതിന്റെ പ്രാധാന്യമറിയില്ലേന്ന്‌-

ദാമുവാശാൻ - ’ശരി - നോക്കാം -‘ അങ്ങനെ പറഞ്ഞ്‌ വീണ്ടും അകലെ തറയ്‌ക്കുന്ന മിഴികളോടെ പുറത്തേയ്‌ക്ക്‌ തന്നെ നോക്കി. നമ്പീശൻ - ’കാര്യൊക്കെ ശരിയാ - നമ്മൾ രണ്ട്‌ വർഷല്ലേ ആയുളളു, ഉത്സവപരിപാടി തുടങ്ങിയിട്ട്‌. ഒന്നുഷാറായിട്ട്‌ പോരെ - അവിലും മലരുമൊക്കെ.

സ്വാമി - വിട്ടുകൊടുക്കുന്നില്ല. ‘അമ്പലത്തിലേയ്‌ക്ക്‌ മുതല്‌ കൂട്ടണകാര്യാ, വരുമാനം കൂടിയാ - നമുക്ക്‌ ഉത്സവൊക്കെ കുറച്ചൂടി ഭംഗിയായി നടത്താം. ഇപ്പോൾ ദാമുവാശാൻ ഇരുന്നിടത്ത്‌ നിന്നിളകി. അയാൾ സ്വാമിയെ ഒരപരിചിതനെയെന്നപോലെയാണ്‌ നോക്കുന്നത്‌.

’ആശാനെന്തുപറ്റി ? വല്ലാത്തൊരസ്വസ്‌ഥത.‘

നമ്പീശൻ - ’ആശാനുമാത്രമല്ല- ഞങ്ങളെല്ലാരും ബേജാറാ. ഉത്സവൊക്കെ നേരെചൊവ്വേ നടത്തണെങ്കി - എല്ലാത്തിനും ഉത്സാഹിക്കാനും പ്രവർത്തിക്കാനും ആളുവേണം.‘

സ്വാമി ഇപ്പോൾ കുറച്ചുകൂടി ഉത്സാഹത്തിലായി.

’ശരിയാണ്‌. പക്ഷേ ആൾക്കാരൊക്കെ ഉണ്ടാവൂന്നേ - കണ്ടില്ലേ - കഴിഞ്ഞകൊല്ലത്തെ ആളാണോ ഇക്കൊല്ലം. ഇവിടീ ഉത്സവം വേണോ വേണ്ടയോന്ന്‌ തീരുമാനിച്ച സമയത്തെ ചുറ്റുപാടാണോ ഇപ്പോൾ.

നമ്പീശൻ - ‘ശരിയാണ്‌ സ്വാമി പറയുന്നതിനോട്‌ എതിരില്ല. പക്ഷേ കാര്യോള്ള കാര്യത്തിനൊന്നും ആളില്ല. കണ്ടില്ലേ - ഇന്നത്തെ പാട്ടുകാരനാണെങ്കി ആളിതേവരെ വന്നിട്ടില്ല. അന്വേഷിക്കാൻ പോയ വിദ്വോനേം കണ്ടില്ല. ഒരു സൈക്കിളോ മോട്ടോർ സെക്കിളോ ഒണ്ടാർന്നേ - ബസ്‌സ്‌റ്റാൻഡിൽ നേരത്തേ തന്നെ എത്തി കാത്ത്‌ നിൽക്കാനും - അത്‌ വരുമ്പം സ്വീകരിക്കാനും കൊണ്ടുവരാൻ വാഹനമൊരുക്കാനും ഒക്കെ ആളെ കിട്ടിയേനെ. പക്ഷേ സൈക്കിളും മോട്ടോർ സൈക്കിളുമുള്ളവർ ഇങ്ങോട്ട്‌ തിരിഞ്ഞ്‌ പോലും നോക്കണില്ല.

’ദീപാരാധന കഴിഞ്ഞല്ലോ, 7 മണിക്ക്‌ തുടങ്ങേണ്ടതല്ലേ?‘ ഓ ഇപ്പോൾ മനസ്സിലായോ - എന്താ ബുദ്ധിമുട്ടെന്ന്‌ കാശ്‌വേണം - പക്ഷേ കാശ്‌മാത്രം പോരാ - ബുദ്ധിമുട്ടാൻ ആളുവേണം-’

പ്രവീണിന്റെ ‘ഭക്തിഗാനസുധ’ 7 മണിക്ക്‌ എന്ന്‌ നോട്ടീസിലും പിന്നീട്‌ മൈക്ക്‌ അനൗൺസ്‌മെന്റിൽ കൂടിയും നേരത്തേ എല്ലാവരും അറിഞ്ഞകാര്യമാണ്‌. സമയം ഏഴാവണു. ആളെ കാണാതെ ചങ്കിടിക്കുന്ന അവസ്‌ഥയിലാണ്‌ ദാമുവാശാനും നമ്പീശനും. സമയം ഏഴ്‌ പത്ത്‌ ആയി. പ്രവീൺ വന്നിട്ടില്ല. ആന്വേഷിച്ച്‌ പോയവനെയും കാണുന്നില്ല. അപ്പോഴാണ്‌ വീണ്ടും അനൗൺസ്‌മെന്റ്‌.

‘ഭക്തപ്രിയരായ ബഹുജനങ്ങളെ, നിങ്ങളേവരും ആകാംഷപൂർവ്വം കാത്തിരിക്കുന്ന പ്രസിദ്ധ സംഗീതജ്ഞനായ പ്രവീണിന്റെ ഭക്തിഗാനസുധ ഏതാനും നിമിഷങ്ങൾക്കകം തുടങ്ങുന്നതാണ്‌.

അനൗൺസ്‌മെന്റ്‌ കേട്ടതോടെ നമ്പീശൻ രോഷാകുലനായി.

’എന്തറിഞ്ഞിട്ടാ അവനീ വിളിച്ച്‌ കൂവണെ? ഏതാനും നിമിഷങ്ങൾക്കകം തുടങ്ങുമെന്ന്‌ - ആ തൊടങ്ങും?‘ എന്താ - ആളവന്റെയടുക്കലുണ്ടോ? മുഖത്ത്‌ ആശങ്കയും ആകാംക്ഷയും ഉണ്ടെങ്കിലും ദാമുവാശാൻ ക്ഷോഭിക്കുന്നില്ല. മാത്രമല്ല, ക്ഷോഭിച്ചു സംസാരിക്കുന്ന നമ്പീശനെ ശാന്തനാക്കാനും ശ്രമിക്കുന്നുണ്ട്‌.

’നമ്പീശാ - എന്തിനാ വെറുതെ രക്തസമ്മർദ്ദം കൂട്ടണെ? എല്ലാത്തിനും പരിഹാരമുണ്ടാകും. ക്ഷമിക്ക്‌. അയാളാമൈക്കികൂടെ അങ്ങനെ പറഞ്ഞില്ലെങ്കിലത്തെ അവസ്‌ഥയെന്താ? താനതാലോചിച്ചോ?-‘

’ശരിയാണ്‌ പക്ഷേ, ആള്‌ വന്നിട്ടില്ല. അന്വേഷിച്ച്‌ പോയോനെം കാണുന്നില്ല. അതെന്താ ഓർക്കാത്തെ?‘ നമ്പീശന്റെ ക്ഷോഭം അടങ്ങിയിട്ടില്ല.

’ദാ അന്വേഷിച്ച്‌ പോയ കുഞ്ഞിക്കണ്ണനും രാമുവും വന്നല്ലൊ. പക്ഷേ എവിടെ പാട്ടുകാരൻ?‘

ശരിക്കും അണച്ചുകൊണ്ടാണ്‌ കുഞ്ഞിക്കണ്ണനും ദാമുവും വന്നത്‌. അവർ എന്തോ പറയാനായി എന്തെങ്കിലും പറയാൻ പറ്റുന്നില്ല. മുറിയിൽ വച്ചിരിക്കുന്ന കൂജയിൽ നിന്നും തണുത്തവെള്ളം കുടിച്ചതിന്‌ ശേഷം രാമുവെന്തോ പറയാൻ തുടങ്ങിയെങ്കിലും - അയാൾക്ക്‌ പറയാനാവുന്നില്ല. ഇപ്പോഴും അണപ്പ്‌ മാറിയിട്ടില്ല.

’എന്താ?- എന്താണ്ടായെ?‘

’വണ്ടിയൊന്നും വരണില്ല. തിരുവനന്തപുരത്ത്‌ നിന്നുള്ള വണ്ടികളൊക്കെ ഓട്ടം നിർത്തിയിരിക്കുവാ. ഉച്ചയ്‌ക്ക്‌ ശേഷം ഒരു വണ്ടിയും വന്നിട്ടില്ല. കച്ചേരിക്കാരൻ ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ തിരിക്കുംന്നാർന്നല്ലോ ഒരു മണിക്ക്‌ തിരിച്ചാ - ഇവിടെ സന്ധ്യയ്‌ക്കുമുന്നേ എത്തേണ്ടതാ. എന്താണാവൊ? വണ്ടിപ്രശ്‌നം - വല്ലപണി മുടക്കോ -?‘ സ്വാമിയുടെ ആത്‌മഗതത്തെ മുറിക്കുന്നത്‌ നമ്പീശന്റെ വാക്കുകളാണ്‌.

’പണിമുടക്കോ ബന്ദോ - അതൊന്നുമല്ലല്ലോ പ്രശ്‌നം. നമുക്കാള്‌ വന്നില്ലാന്നതല്ലെ? - അയാക്ക്‌ വല്ല കാർ പിടിച്ചെങ്കിലും വന്നൂടാർന്നോ?‘

’തിരുവനന്തപുരത്ത്‌ നിന്നും ഇവിടംവരെ കാറെ? ഇവിടെ ഉത്സവത്തിന്‌ പിരിച്ചത്‌ കാറുകാരന്‌ മാത്രം കൊടുത്താമതിയോ? പിന്നേംല്ലെ? പ്രശ്‌നങ്ങൾ? ആരും ഒന്നും മിണ്ടുന്നില്ല. വീണ്ടും മൈക്കിൽകൂടി എന്തോ പറയാനുള്ള പുറപ്പാടാണ്‌.

ദാമുവാശാൻ പെട്ടെന്നെഴുന്നേറ്റു.

‘അയാളോട്‌ നിർത്താൻ പറ. നമുക്ക്‌ വേറെന്തെങ്കിലും മാർഗ്ഗോണ്ടോന്ന്‌ നോക്കാം.’

‘എന്താ മാർഗ്ഗം? നമ്പീശൻ ഇപ്പോഴും ക്ഷോഭാവസ്‌ഥയിലാണ്‌.

’മാർഗ്ഗൊണ്ട്‌ - എടാ രാമു - നീയാ മാധവനെ അറിയില്ലെ? കഴിഞ്ഞ മാസം കാവൂട്ടിയമ്മേടെ വീട്ടിവന്ന ആ ഓടക്കുഴലുകാരൻ?

‘അവരുടെ ചിതയ്‌ക്ക്‌ തീകൊളുത്തി പ്രശ്‌നമൊണ്ടാക്കിയോനോ?’

‘എന്ത്‌ പ്രശ്‌നം. പ്രശ്‌നം അതോടെ തീരുവല്ലെ ചെയ്‌തെ? ഈ പ്രശ്‌നോം അയാള്‌ തന്നെ തീർക്കും. അയാളെ വിളിക്ക്‌’.

‘അയാളിവിടെ വന്നിട്ടൊണ്ടോ?’

‘ഒണ്ട്‌ - ഞാൻ കണ്ടതാ - ആ അമ്പലത്തിന്റെ മതിൽകെട്ടിന്‌ പുറത്ത്‌ നില്‌പുണ്ട്‌. അയാളെ വിളിച്ചോണ്ട്‌ വാ.’ അധികം താമസിയാതെ തന്നെ മാധവൻ വന്നു. കയ്യിൽ സന്തത സഹചാരിയായ ഓടക്കുഴലടങ്ങിയ തുണിസഞ്ചിയൊണ്ട്‌. എന്തിനെന്നറിയാതെ അല്‌പം പരിഭ്രാന്തിയോടെയാണ്‌ വന്നത്‌.

‘മാധവാ - താനിങ്ങ്‌വാ ചോദിക്കട്ടെ. തന്റെ കയ്യിലോടക്കുഴലുണ്ടല്ലൊ അല്ലെ?’

ഉണ്ടെന്നർത്ഥത്തിൽ മാധവൻ തലകുലുക്കി.

‘തനിക്കാ സ്‌റ്റേജിൽ കയറി - മൈക്കിന്റെ മുന്നിൽ നിന്ന്‌ രണ്ട്‌ ഗാനം ഓടക്കുഴൽ വായന നടത്തികൂടെ?

’ഞാൻ - ഞാൻ സാധാരണ പാടണ രണ്ടു മൂന്നു പാട്ടേ പാടാനറിയൂ.‘

നമ്പീശൻ - ’ഇയാളിപ്പം പാടിയാ നാട്ടുകാർ ബഹളം കൂട്ടില്ലെ?‘ എന്തിന്‌? സമയത്തുപകാരം ചെയ്യുന്നതിന്‌ ബഹളം കൂട്ടണതെന്തിനാ? നടയ്‌ക്കൽ മുന്നേ നിന്നു പാടണ പാട്ടു മതി അത്‌ ഓടക്കുഴലീകൂടി ഒന്നൂടി വായിക്ക്വാ. ആദ്യം -’ ദാമുവാശാൻ മുഴുവനാക്കിയില്ല.

ആദ്യം ഒരു ഗണപതി സ്‌തുതി പാടാം. പിന്നെ -‘

’മതി - മിടുക്കൻ തനിക്ക്‌ കാര്യവിവരൊണ്ട്‌ താനാ ഗണപതി സ്‌തുതി പാട്‌ - പിന്നെ പതിവ്‌ രണ്ട്‌ പാട്ടും -ആട്ടെ -ഇതൊക്കെ എന്തിനാന്ന്‌ പറഞ്ഞില്ലല്ലോ. ഇന്ന്‌ 7 മണിക്ക്‌ ഭക്തിഗാനസുധ പാടണ ആള്‌ വണ്ടി കിട്ടാഞ്ഞ്‌ വന്നില്ല. ആ കേടും താൻ തന്നെ തീർക്കണം. തന്നെ ഇവിടെ കൊണ്ടുവന്നത്‌ തന്നെ ഭഗവാൻ കൃഷ്‌ണനാ - തന്റെ പാട്ടു കേൾക്കാൻ.‘

മാധവൻ ഒന്നും മിണ്ടിയില്ല. ചെറിയൊരാശയക്കുഴപ്പം ഇപ്പോഴുമുണ്ട്‌. വളരെ ചുരുക്കം പേരെയേ അറിയൂ. ബാക്കിയുള്ളവരുടെ പ്രതികരണം എങ്ങനെയാവും?’

അയാളുടെ മനോനില വായിച്ചറിഞ്ഞ ദാമുവാശാൻ തന്നെ മാധവന്റെ രക്ഷയ്‌ക്കെത്തി.

‘താനൊന്നുകൊണ്ടും പേടിക്കേണ്ട. ഞാൻ സ്‌റ്റേജിൽക്കയറി വിവരം പറയാം. താൻ റഡിയാവുവാ -’

കൂടുതലെന്തെങ്കിലും പറയാനാവുന്നതിന്‌മുന്നേ, ദാമുവാശാൻ വേദിയിലെത്തി. പിന്നീടയാളുടെ സ്വതസിദ്ധമായ മുഴങ്ങുന്ന ശബ്‌ദത്തിൽ പറഞ്ഞു.

‘പ്രിയജനങ്ങളെഃ ഭക്തിഗാനസുധ നടത്തേണ്ടുന്ന പ്രവീൺ വരാൻ കുറെ വൈകും. അദ്ദേഹം വരുന്നവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടതിനാൽ വൈകുമെന്നറിയിച്ചിട്ടുണ്ട്‌. പക്ഷേ, നിങ്ങളൊന്നുകൊണ്ടും നിരാശപ്പെടേണ്ട. ഭഗവാൻ കൃഷ്‌ണന്റെ അനുഗ്രഹത്താൽ കൃഷ്‌ണഭക്തനായ ഒരു നാദോപാസകൻ ഇവിടെത്തിയിട്ടുണ്ട്‌. പ്രവീണിന്റെ അഭാവത്തിൽ അദ്ദേഹം രണ്ട്‌ മൂന്ന്‌ കൃഷ്‌ണസ്‌തുതികൾ ഓടക്കുഴലിൽ വായിക്കുന്നതായിരിക്കും. നിങ്ങളുടെ അനുഗ്രഹം ഈ കലാകാരന്‌ ഉണ്ടാവണമെന്ന്‌ അപേക്ഷിക്കുന്നു. ഓടക്കുഴൽ വായനയിൽ മികവ്‌തെളിയിച്ച മാധവനെ വേദിയിലേയ്‌ക്ക്‌ ക്ഷണിക്കുന്നു.’

സദസ്സിലുള്ളവരുടെ പ്രതികരണം സമ്മിശ്രമായിരുന്നു. മാധവനെ കുറെപേർക്കെങ്കിലും പരിചയമുണ്ട്‌. രാവിലെ നടതുറക്കുന്ന സമയത്ത്‌ ഓടക്കുഴൽ വായിക്കുന്ന മാധവനെന്ന ബാലൻ അവരുടെയെല്ലാം അരുമയാണ്‌. പക്ഷേ, സദസ്സിലുള്ള നല്ലൊരുശതമാനം ആൾക്കാർക്കും അവനെയറിയില്ല. കുറെ പേരൊക്കെ അവനെ കേട്ടിട്ടുണ്ട്‌. അവൻ നന്നായി വേണുവൂതുമെന്നും ഭഗവാൻ കൃഷ്‌ണന്റെ അനുഗ്രഹം കിട്ടിയവനാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്‌ പക്ഷേ -

അവരുടെയൊക്കെ ആശങ്ക അസ്‌ഥാനത്തായിരുന്നു. മാധവൻ സ്‌റ്റേജിലേയ്‌ക്ക്‌ കയറുന്നതിന്‌ മുന്നേ തറയിൽ തൊട്ട്‌ നെറുകയിൽ വച്ചു. പിന്നീട്‌ മുൻവശത്തേയ്‌ക്കും സൈഡിലേയ്‌ക്കും നോക്കി തൊഴുതു. പിന്നെ തോളത്തു തൂക്കിയിട്ടിരുന്ന സഞ്ചിയിൽ നിന്നും ഓടക്കുഴലെടുത്തു. പ്രത്യേകിച്ചെന്തെങ്കിലും ഭംഗിയോ ചമയമോ ഒന്നും ഒരുക്കിയിട്ടില്ലാത്ത ഒരു മുളന്തണ്ട്‌ അങ്ങനെയേ കാണുന്നവർക്ക്‌ തോന്നു.

പക്ഷേ, ആദ്യ ഗണപതിസ്‌തുതി പാടിയതോടെ ആൾക്കാർക്ക്‌ പയ്യനിൽ മതിപ്പ്‌ തോന്നി. തങ്ങൾ ശ്രവിക്കുന്നത്‌ ഏതോഗായകന്റെ ഓടക്കുഴൽവിളിയല്ല, ലോകാധിനാഥനായ ഭഗവാന്റെ അനുഗ്രഹം നേടിയ ഭഗവാന്റെ തന്നെ ഗാനാലാപനമാണെന്നു തോന്നൽ. മാധവന്‌, പിന്നീട്‌ ആശങ്കപ്പെടേണ്ട അവസ്‌ഥ വന്നില്ല. ഭഗവൽസന്നിധിയിൽ, ഭഗവാന്റെ കല്‌പനയാൽ ഭഗവാൻ തന്നെക്കൊണ്ട്‌ പാടിക്കുന്നു.

മൂന്നാമത്തെ ഗാനം കഴിഞ്ഞതോടെ മുന്നിലെ സദസ്സിൽ നിന്നുയർന്ന തകർപ്പൻ കയ്യടി മാധവന്‌ കിട്ടിയ ഏറ്റവും വലിയ അംഗീകരാമായിരുന്നു. കയ്യിലുള്ളത്‌ ഓടക്കുഴലല്ല, ഈ പ്രപഞ്ചം തന്നെ കയ്യടക്കാൻ കഴിയുന്ന നാദവീചികളുടെ ഉറവിടം ഇവിടെയീ മുളന്തണ്ടിലൊളിച്ചിരിക്കുന്നതായി മാധവന്‌ തന്നെ തോന്നി. അയാൾ പയ്യെ പിൻവാങ്ങാൻ തുടങ്ങുകയായിരുന്നു.

ഇല്ല, കാണികൾ സമ്മതിക്കുന്നില്ല. അവർ ഒന്നടങ്കം ഒരേ ശബ്‌ദത്തിൽ വീണ്ടും ‘ഇനിയും കേൾക്കണം’ എന്ന ആവശ്യമുന്നയിച്ചതോടെ, മാധവൻ ഒരു നിർദ്ദേശത്തിന്‌ വേണ്ടിയെന്നോണം പിന്നിലേയ്‌ക്ക്‌ അവിടെ വേദിക്ക്‌ പിന്നിൽ - കുറച്ചു ദൂരെ അമ്പലനടയോടു ചേർന്നുള്ള മാഞ്ചുവട്ടിൽ നിന്നും ദാമുവാശാൻ വീണ്ടും കൈകളുയർത്തി, തുടരാനാവശ്യപ്പെട്ടു. എന്നിട്ടും ഒരാശങ്ക. ഇനിയും ഇവിടെ നിന്നാൽ -?

പക്ഷേ മുന്നിൽ സ്‌റ്റേജിനോട്‌ ചേർന്നുള്ള സ്‌ത്രീകളുടെയിടയിൽ രാധയെ കണ്ടു. രാധയും മാധവനോട്‌ തുടരാനുള്ള നിർദ്ദേശമാണ്‌ തരുന്നതെന്ന്‌ മാധവന്‌ തോന്നി. പുഴത്തീരത്ത്‌ പശുക്കൾ മേയുന്ന സമയത്തെ രാധയുടെ മുഖമാണ്‌ മാധവന്‌ മുന്നിൽ. അവൾ പറയുന്നുഃ

‘പാടൂന്നേ - ഈ പാട്ട്‌ മാധവന്‌ മാത്രം കേൾക്കാനുള്ളതല്ല. എനിക്കും കൂടി കേൾക്കണം. ആ രാധയാണിപ്പോൾ നിർദ്ദേശം തരുന്നത്‌. അപേക്ഷ കലർന്നനോട്ടത്തോടെ - പാടൂന്നേ-’

കൃഷ്‌ണൻ പാടുന്ന പാട്ട്‌ - പതിവുള്ള പാട്ടല്ല. വൃന്ദാവനത്തിൽ മുമ്പ്‌ വേണുവൂതിയ കൃഷ്‌ണന്റെ ഗോപികമാരെ കളിപ്പിച്ചുകൊണ്ട്‌, അവരെ ആഹ്ലാദനൃത്തത്തിലാടിച്ച്‌ അവരുടെ കാലിലെ നൂപുരധ്വനികളുയർത്തിയ മണിനാദം അലയടിക്കുന്ന അന്തരിക്ഷത്തിൽ -

അതാ അവിടെ രാധ തനിക്കുവേണ്ടി മാത്രം ചുവടുവയ്‌ക്കുന്നു. വസന്തത്തിന്റെ തുടക്കം. പൂത്തുലയുന്ന മരങ്ങൾ. സുഗന്ധവാഹിയായ കാറ്റിൽ തിളങ്ങുന്ന മരങ്ങളുടെ തലപ്പുകൾ. കളകളഗാനം പാടുന്ന കുരുവികൾ. ഭഗവത്സന്നിധിയിൽ ഇടയ്‌ക്കയുടെ ശബ്‌ദം. ശംഖുനാദം കോവിലിൽ കൃഷ്‌ണൻ പയ്യെ മിഴികൾ തുറക്കുന്നു. ഗോപികമാർ കൃഷ്‌ണന്റെ കാൽക്കൽ. രാധയും മാധവനും ദൂരേന്നേ കൃഷ്‌ണനെ വണങ്ങുന്നു.

ഏതോ പൂത്തുലഞ്ഞ ഒരുവസന്തത്തിന്റെ ഓർമ്മയിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു, മാധവൻ ഓടക്കുഴൽ വായന നിർത്തിയതോടെ - പ്രേക്ഷകരുടെ തകർപ്പൻ കയ്യടി വീണ്ടും. വൃന്ദാവനത്തിൽ കൃഷ്‌ണനൊപ്പം നൃത്തമാടുകയായിരുന്ന രാധയും - പയ്യെ ചുറ്റുപാടുകളിലേയ്‌ക്ക്‌ മടങ്ങിവന്നു. താനീ അമ്പലമുറ്റത്ത്‌ സദസ്സിൽ മാധവന്റെ പാട്ടുകേൾക്കുകയായിരുന്നുവെന്ന ബോധം മനസ്സിലേയ്‌ക്ക്‌ കയറിയതോടെ രാധയ്‌ക്കു ചെറിയൊരു ഉൾത്തുടിപ്പ്‌ - നാണം. തന്റെ മനസ്സ്‌ ഇവിടെങ്ങുമായിരുന്നില്ല എന്നത്‌ സദസ്സിലുള്ളവർ അറിഞ്ഞിട്ടില്ലല്ലോ എന്ന ആശ്വാസം.

കുറെനേരത്തേയ്‌ക്കെങ്കിലും താനും മാധവനും പൂത്തുലഞ്ഞകിളികളും ഗോക്കളും മാത്രം കാഴ്‌ചക്കാരായുള്ള വൃന്ദാവനത്തിലായിരുന്നുവെന്നത്‌ ഇവക്കാർക്കും അറിയില്ലല്ലോ എന്ന ആശ്വാസം. ഇല്ല അവിടെ വേറാർക്കും പ്രവേശനമില്ല. താനും മാധവനും മാത്രം.

പക്ഷെ - ഇതെല്ലാം തന്റെ മോഹങ്ങൾ മാത്രമാണ്‌?

മാധവൻ - അവനെങ്ങനെ ഈ മനസ്സറിയും? അവൻ അറിഞ്ഞേ പറ്റൂ - ഈ മനസ്സിൽ വൃന്ദാവനത്തിലെ കൃഷ്‌ണൻ - അവൻ മാധവനെന്ന പയ്യനായി ഇവിടെ ഈ ചുറ്റുപാടിലേയ്‌ക്ക്‌ വന്നത്‌ തന്നെ കാണാനായി മാത്രം.

ഒരു മണിക്കൂർ നേരം നീണ്ടുനിന്ന നാദോപാസന മാധവൻ അവസാനിപ്പിച്ചപ്പോഴും പ്രേക്ഷകർ ഇപ്പോഴും കയ്യടിക്കുന്നു. പിന്നെയും പറയുന്നുണ്ട്‌ പാടൂ ‘ഇനിയും പാടൂ’ - വിഷണ്ണനായി നിൽക്കുന്ന മാധവന്‌ സഹായത്തിനെത്തിയത്‌ ദാമുവാശാനാണ്‌. ‘പ്രിയമുള്ള ഭക്തജനങ്ങളെ - ഭക്തിഗാനസുധ പ്രോഗ്രാം തുടങ്ങുകയായി. അല്‌പം വൈകിയാണെങ്കിലും പ്രവീൺ എത്തിക്കഴിഞ്ഞു.’

Previous Next

പ്രിയ കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.