പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > രാധാമാധവം > കൃതി

ഇരുപത്തി ഏഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ കെ

രാധാമാധവം

സിനിമ പിടിക്കണമെന്ന മോഹവുമായി വന്ന മാധവന്‍ സിനിമ പിടിത്തമെന്ന ആശയം തന്നെ ഉപേക്ഷിച്ചു. എന്ത്‌കൊണ്ട്‌ മാധവന്‍ സിനിമ നിര്‍മ്മാണത്തില്‍ നിന്ന്‌ പിന്മാറി? ഇത്താക്കുമാപ്പിളയുമായി സംസാരിച്ച്‌ പിരിഞ്ഞ മാധവന്‍ പിന്നെ രാധയെ കാണണമെന്ന്‌ പറഞ്ഞാണ്‌ അവിടെ നിന്ന്‌ പോന്നതെങ്കിലും, രാധയെകണ്ടോ? സിനിമ എന്ന ആശയം സംസാരിച്ചോ എന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. മാധവന്‍ അന്ന്‌രാത്രി ആവണീശ്വരം ഗ്രാമം വിട്ടുവെന്ന്‌ മാത്രമേ അറിയാവൂ.

രാധയുടെ സമ്മതം കിട്ടാഞ്ഞിട്ടാണോ, അതോ വീണ്ടും ഈ ഗ്രാമത്തിലേയ്‌ക്ക്‌ വന്ന്‌ ഇനിയും തന്റെ പ്രവര്‍ത്തനമേഖല ഇങ്ങോട്ട്‌ വ്യാപിപ്പിക്കേണ്ട എന്ന്‌ വിചാരിച്ചാണോ - ഇതെന്നു ഇത്താക്കു മാപ്പിളയ്‌ക്കോ, നമ്പീശനോ, മേല്‍ശാന്തിക്കോ - ആര്‍ക്കും അറിഞ്ഞുകൂടാ. രാധയോട്‌ ചോദിച്ചിട്ട്‌ ഒരു വിവരവും പറയാന്‍ കൂട്ടാക്കുന്നില്ല. മാധവനെ കണ്ടോ എന്ന അന്വേഷണത്തിന്‌ ‘കണ്ടു’ എന്ന്‌ പറഞ്ഞതല്ലാതെ - അതിനപ്പുറം ഒന്നും പറയാന്‍ രാധ തയ്യാറായില്ല.

രാധയ്‌ക്ക്‌ ഇപ്പോള്‍ രാധയുടേതായ വേറൊരു ലോകമുണ്ട്‌. മുമ്പ്‌, മാധവന്‍ വന്ന്‌ പോവുന്നതിന്‌ മുന്നേ ഉണ്ടായ അലങ്കോലങ്ങളോ, മനസ്സിനെ വിക്ഷുബ്‌ധമാക്കുന്ന പ്രശ്‌നങ്ങളോ ഉണ്ടായില്ല, എന്നതിന്‌ തെളിവ്‌ രാധയുടെ മുഖത്ത്‌ എപ്പോഴും തെളിഞ്ഞുകാണുന്ന പ്രസാദാത്‌മകതയാണ്‌.

‘എന്തേ മാധവന്‍ നില്‍ക്കാതെ പൊയ്‌ക്കളഞ്ഞു?’ രാധയുടെ അരുമയായ കൂട്ടുകാരിയെന്ന്‌ പറയപ്പെടുന്ന മാളു ആ ചോദ്യം ചോദിച്ചപ്പോഴാണ്‌ രാധ എന്തെങ്കിലും അതിനെപ്പറ്റി ഒന്ന്‌ പറഞ്ഞത്‌.

‘മാധവന്‍ ഇപ്പോള്‍ നമുക്കൊന്നും പിടികിട്ടാത്ത ഉയരങ്ങളിലെത്തിക്കഴിഞ്ഞു. പട്ടണത്തില്‍ എന്തൊക്കെ കാര്യങ്ങളാണ്‌ മാധവന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്‌? സൂപ്പര്‍ മാര്‍ക്കറ്റ്‌, സ്‌കൂള്‍, ഹോട്ടല്‍, ടെക്‌സ്‌റ്റൈല്‍ഷോപ്പുകള്‍, പെട്രോള്‍പമ്പ്‌ - പിന്നെ സേവാസദനം, വൃദ്ധസദനം - അങ്ങനെ പലതും. ഇപ്പോളിതാ സിനിമാനിര്‍മ്മാണരംഗത്തേയ്‌ക്കും കടന്നിരിക്കുന്നു. ഇവിടെ കൃഷ്‌ണന്റെ നടയ്‌ക്കല്‍ മാധവന്റെ പേരില്‍ ഒരര്‍ച്ചനയ്‌ക്കും ഒരു പ്രത്യേക പൂജയ്‌ക്കുമുള്ള വഴിപാട്‌ നടത്താന്‍ എന്നെ ചുമതലപ്പെടുത്തി പോവുകയായിരുന്നു. ദേവനെ തൊഴാനുള്ള സാവകാശം പോലും മാധവനില്ല. കുറ്റം പറയേണ്ട. ഏതായാലും പുതിയതായി ഒരു കാര്യം തുടങ്ങുന്നതിന്‌ മുന്നേ ഇവിടെ വരാനും, ദേവന്റെ നടയ്‌ക്കലൊന്ന്‌ പോവാനും സന്മനസ്സ്‌ കാണിച്ചല്ലൊ. അത്‌ തന്നെ ധാരാളം. കൂട്ടത്തില്‍ ഇവിടെയും വന്നു, മടങ്ങി. അത്രമാത്രം.’

മാളു അല്‌പനേരം നിശ്ശബ്‌ദയായി എന്തോ ചിന്തിച്ച്‌ അനങ്ങാതിരുന്നു- രാധ, അപ്പോഴും തുണിത്തരങ്ങള്‍ ഇനം തിരിച്ച്‌ കവറിലാക്കുകയായിരുന്നു. സാധാരണ ഇത്തരം കാര്യങ്ങള്‍ മാളു സ്വയം ഏറ്റെടുത്ത്‌ നടത്തുകയാണ്‌ പതിവ്‌. മാളു അനങ്ങാതിരിക്കുന്നത്‌ കണ്ട, രാധ ചോദിച്ചു. ‘എന്താ മാളു? എന്ത്‌ പറ്റി? ഒരു മൗനം.’

‘ഒന്നുമില്ല. രാധെ - സത്യം പറഞ്ഞാല്‍ ഞാന്‍ നിന്നെത്തന്നെയാണ്‌ ചിന്തിച്ചത്‌? നീയും മാധവനും ഒന്നാകുമെന്ന്‌ ഉറപ്പായി വിശ്വസിച്ചവരാണ്‌ ഈ നാട്ടിലെ ജനങ്ങള്‍. ഞാനും വിശ്വസിക്കുക മാത്രമല്ല ആഗ്രഹിക്കുകയും ചെയ്‌തു. എന്നിട്ടും എന്തേ നിങ്ങളൊന്നായില്ല?

’ഒട്ടും താമസമുണ്ടായില്ല. രാധയുടെ മറുപടി വരാന്‍.

‘ആര്‌ പറഞ്ഞു, ഞങ്ങളൊന്നായില്ലെന്ന്‌? താലികെട്ടിയാല്‍ മാത്രമേ ഒന്നാകൂ എന്നില്ലല്ലൊ. ഞങ്ങളൊന്നാണ്‌.!

’എന്നിട്ടെന്തേ - വന്നിട്ടൊരുരാത്രി പോലും തങ്ങിയില്ല?‘ മനസ്സുകൊണ്ട്‌ ഒന്നായവര്‍ക്ക്‌ രാത്രി വരണമെന്നോ, കൂടെകിടക്കണമെന്നോ, എന്നും കൂടെയുണ്ടാവണമെന്നോ നിര്‍ബന്ധമില്ല. ഞങ്ങളെ രണ്ടുപേരേയും ഓരോ കര്‍മ്മത്തിലേയ്‌ക്ക്‌ നിയോഗിച്ചു. അത്‌ ഞങ്ങള്‍ ചെയ്യുന്നു. രണ്ടുപേരും രണ്ട്‌ ദിക്കിലാ കര്‍മ്മങ്ങള്‍ ചെയ്യന്നെന്ന്‌ മാത്രം. മാധവന്‍ കാരണം എത്ര കുടുംബങ്ങള്‍ പുലരുന്നു. എത്രപേര്‍ക്ക്‌ ജോലികിട്ടുന്നു. അവരുടെ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ പറ്റുന്നു.? രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ പറ്റുന്നു. എനിക്കിവിടെ എന്റെ തൊഴിലിനപ്പുറം, കുറെയേറെ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ യൂണിഫോം തയ്‌ച്ചുകൊടുക്കാനായി. അവര്‍ക്കൊക്കെ താങ്ങാവുന്ന പ്രതിഫലമല്ലേ അവരില്‍ നിന്നും വാങ്ങുന്നുള്ളു. മാളുവും ഇവിടെ വരുന്നില്ലേ? എന്നെ സഹായിക്കുന്നില്ലേ? നമ്മുടെയൊക്കെ തൊഴില്‍ നമ്മളും ചെയ്യുന്നു. പിന്നെ ഞാനും മാധവനും ഒന്നിച്ചൊരു ജീവിതം - ജീവിതം തുടങ്ങണേന്‌ മുന്നേ അത്‌ ഞങ്ങള്‍ കൊണ്ടാടിയതാ - ഒരു ജന്മത്തിലെ മുഴുവന്‍ കുടുംബജീവിതം - മാളുവിനോടായത്‌കൊണ്ട്‌ തുറന്ന്‌ പറയാം - പരസ്‌പരം കണ്ട്‌ മറന്ന്‌ - ആ ജീവിതം ഞങ്ങളനുഭവിച്ചു കഴിഞ്ഞു. ഇനി വേണ്ടത്‌ അടുത്ത ജന്മത്തില്‍ ഒരു പക്ഷേ ഈ ജന്മത്തില്‍ സായംകാലത്ത്‌ ഞങ്ങള്‍ക്ക്‌ ഒരു ജീവിതം കിട്ടിയെന്ന്‌ വരാം - അതില്‍ കൂടുതല്‍ ഒരു മോഹവും എനിക്കില്ല- രാധയ്‌ക്കിപ്പോഴും ആത്മവിശ്വാസമുണ്ട്‌. എങ്കിലും ഒന്നുറപ്പാ, രാധ പ്രതീക്ഷിക്കുന്നു. മാധവന്‍ അവസാന നാളുകളിലെങ്കിലും വരുമെന്ന്‌, വരും. മാളു വീണ്ടും മൗനത്തിലേയ്‌ക്ക്‌ മടങ്ങി. പക്ഷേ ആ മുഖത്ത്‌ ചില ഭാവമാറ്റങ്ങളുണ്ട്‌. എന്തൊക്കെയോ ചോദിച്ചറിയണമെന്നുണ്ട്‌, പറയണമെന്നുണ്ട്‌. കാര്‍മുകിലിനിടയില്‍ സൂര്യന്‍ ചിലപ്പോള്‍ നടത്തുന്ന ഒളിച്ചുകളിപോലെ ഒരു ഭാവമാറ്റം. പക്ഷേ, അത്യന്തികമായി സൂര്യന്‌ പ്രകാശം ചൊരിഞ്ഞേ പറ്റൂ.

നിനച്ചിരിക്കാത്ത നേരത്തെന്നപോലാണ്‌ മാളുവിന്റെ ചോദ്യം.

’മാധവനവിടെ ഭാര്യയും കുട്ടികളുമുണ്ടെന്നാണല്ലൊ കേഴ്‌വി. രാധയ്‌ക്കറിയോ.‘

’അറിയാം, ഭാര്യ ഒന്നല്ല രണ്ട്‌ പേര്‍. അതില്‍ കുട്ടികളും ഉണ്ട്‌.‘ പിന്നെ മാധവനെ സ്വന്തമായി കാണുന്ന നിരവധി സ്‌ത്രീകള്‍ വേറെയുണ്ട്‌. അവരുടെ എണ്ണം നൂറിന്‌ മേലെവരും. ’

‘എന്താ രാധയീ പറയണെ? നൂറിന്‌ മേലെ സ്‌ത്രീകളുടെ ഭര്‍ത്താവും മാധവനാണെന്നോ?’

‘അതെ - അത്‌ സത്യമാണ്‌. മാധവനവിടെ ഒരു വൃദ്ധസദനവും ഒരു സേവനഗ്രാമവും നടത്തുന്നതറിയാല്ലോ? അവിടെ പട്ടണത്തില്‍ പല ഹോട്ടലുകളിലും ലോഡ്‌ജുകളിലും പോലീസ്‌ റെയ്‌ഡ്‌ നടത്താറുണ്ട്‌. അങ്ങനെ പിടിക്കപ്പെടുന്ന പലപെണ്‍കുട്ടികളും പിന്നീട്‌ ശിക്ഷകഴിഞ്ഞുവരുമ്പോള്‍ അവരുടെ വീടുകളിലേയ്‌ക്ക്‌ മടങ്ങുന്നില്ല. ചിലരൊക്കെ മടങ്ങിയാലും വീട്ടുകാര്‍ സ്വീകരിക്കില്ല. അച്ഛനമ്മമാരും ഭര്‍ത്താക്കന്മാരും ഉപേക്ഷിക്കുന്ന അത്തരം സ്‌ത്രീകളെ സംരക്ഷിക്കേണ്ട ജോലിയാണ്‌ ഈ സേവനഗ്രാമത്തിലുള്ളത്‌. അങ്ങനെയുള്ള സ്‌ത്രീകള്‍ക്ക്‌ അവരവര്‍ക്കറിയാവുന്ന ജോലി ചെയ്‌ത്‌ ആ ഗ്രാമത്തില്‍ തന്നെ കഴിയാം. കുട്ടികളുള്ളവര്‍ക്ക്‌ പ്രത്യേകം പ്രത്യേകം വീടുകളുണ്ട്‌. അല്ലാത്തവര്‍, ഒരു ഹോസ്‌റ്റല്‍ പോലുള്ള കെട്ടിടത്തില്‍ താമസിച്ച്‌ ജോലി ചെയ്യുന്നു. നഗരത്തിലെ പല ബാങ്കുകളിലും, കമ്പനികളിലും, ഓഫീസുകളിലും, ഫാക്‌ടറികളിലും പണിയെടുക്കുന്നവരുണ്ട്‌. അവരുടെയൊക്കെ ആശ്രയം മാധവന്‍ നടത്തുന്ന സേവനഗ്രാമമാകുമ്പോള്‍ - അതില്‍ മാധവനെ കുറ്റം പറയാനാവുമോ?’

മാളു കണ്ണുമിഴിച്ച്‌ അന്തം വിട്ടിരിക്കുകയാണ്‌. ഇത്രയധികം സ്‌ത്രീകളുമായി ബന്ധമുള്ള മാധവനെ എങ്ങനെ സ്വന്തം ഭര്‍ത്താവായി രാധ കാണുന്നു?

രാധേ - ചോദിക്കുമ്പോള്‍ ദേഷ്യം തോന്നരുത്‌.‘ ’എന്തിന്‌ ദേഷ്യം? ഇതൊക്കെ ഞാനറിഞ്ഞിട്ട്‌ കുറെ നാളുകളായി. വീടുകളില്‍ നിന്ന്‌ തിരസ്‌കൃതരായവര്‍ക്ക്‌ ഒരഭയവും അത്താണിയും മാധവന്റെ തണലിലാവുമ്പോള്‍ അവര്‍ മാധവനെ സ്വന്തം പുരുഷനായി കാണുന്നതിലെന്താണ്‌ തെറ്റ്‌? മാധവനെ അവര്‍ കിടപ്പറയില്‍ പ്രതീക്ഷിക്കുന്നു. മാധവനവരുടെ കിടപ്പറയില്‍ വരുന്നോ, ഇല്ലയോ എന്നത്‌ വേറെ കാര്യം. വരാം, വരാതിരിക്കാം. പക്ഷേ ആപത്ത്‌ വരുമ്പോള്‍ സുരക്ഷിതമായ ഒരിടം കിട്ടുന്നിടത്ത്‌ അവര്‍ അഭയം തേടുകയും ആ മനുഷ്യനെ സ്വന്തം ജീവിത സഖാവായി കാണുകയും ചെയ്യുന്നതിലെന്താണ്‌ തെറ്റ്‌. ഞാന്‍ മാധവനില്‍ ഒരു കുറ്റവും കാണുന്നില്ല. അവരെല്ലാം മാധവന്റെ പ്രിയ സഖികളാണ്‌.‘

ഇത്രയും വിവരങ്ങളറിയാവുന്ന രാധ - ഇതെല്ലാം ഇത്രയും നാള്‍ മൂടിവച്ച്‌ നടന്നുവെന്നതല്ല, അതില്‍ യാതൊരു പരിഭവമോ, വേദനയോ ഇല്ലാതെ - പ്രസരിക്കുന്ന മുഖഭാവവുമായി - സ്വന്തം ജോലി നോക്കുകയും ഇപ്പോഴും, മാധവന്‍ വരുമെന്ന പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്നു. - രാധയ്‌ക്കെങ്ങനെ ഇതിന്‌ കഴിയുന്നു.?

രാധയ്ക്കതിനുള്ള കഴിവുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, അഞ്ച്‌വര്‍ഷക്കാലത്തിനിടയ്‌ക്ക്‌, ആ മനസ്സിലെ സംഘര്‍ഷങ്ങളും വേദനയും മനസ്സിലാക്കാതെ - മാധവനെ സ്വന്തമായി കാണുകയും മൂന്നോ,നാലോ അവസരങ്ങളിലായി വീണുകിട്ടിയ മുഹൂര്‍ത്തങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌ത രാധയ്‌ക്ക്‌ - മാധവനിലെ ആദ്യനായിക ഈ രാധയായിരുന്നു എന്ന്‌ ഉറക്കെ പറയാനാകും, ചക്രപാണിയുടെകൂടെപ്പോയി, രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ വന്ന്‌ ഒരു സന്ധ്യയില്‍ - വികലമായ മനസ്സുള്ള മാധവനെ - ആസക്തിയും ഭോഗചിന്തകളും മാത്രമുള്ള മാധവനെ - താനാരാണെന്ന്‌ കാണിച്ച്‌ കൊടുത്തതിലൂടെ - പിന്‍വാങ്ങി - മടങ്ങിയ മാധവന്‍ പിന്നെ ഭോഗചിന്തകള്‍ക്കും ആസക്തിക്കും കടിഞ്ഞാണിട്ട്‌ വേറൊരു ലോകത്തേയ്‌ക്ക്‌ കടക്കാനായെങ്കിലും സേവനവും കാരുണ്യവും കൈമുതലാക്കിമാറ്റി

നിരാശ്രയരെയും അനാഥരെയും സംരക്ഷിക്കേണ്ട ഒരുവനാക്കി മാറ്റിയത്‌ ഈ രാധയാണ്‌. അഭയാര്‍ത്ഥികളായി വന്നവര്‍, മാധവനെ രക്ഷാപുരുഷനായി കണ്ടതില്‍ അവള്‍ക്കോ മാധവനോ യാതൊരു കുറ്റബോധവും തോന്നേണ്ടകാര്യമില്ല. കാലം നിയോഗിച്ച കര്‍മ്മം മാത്രമാണ്‌ മാധവന്‍ ചെയ്യുന്നത്‌. ആ മാധവനെയാണ്‌ രാധ കാത്തിരിക്കുന്നത്‌ മാധവന്‍ വരും. വരാതിരിക്കില്ല........

അവസാനിച്ചു...

* * * * * * *

ഈ ലക്കത്തോടെ നോവല്‍ രാധാമാധവം അവസാനിക്കുകയാണ് . ഈ നോവലിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എഡിറ്ററുടെ മെയിലിലേക്ക് പോസ്റ്റ് ചെയ്യാന്‍ താത്പര്യപ്പെടുന്നു.

Previous Next

പ്രിയ കെ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.