പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > രാധാമാധവം > കൃതി

ഇരുപത്തൊന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ കെ

രാധാമാധവം

ആവണീശ്വര ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ മാധവന്റെ നാദോപാസന കേട്ടുണരാത്ത കൃഷ്‌ണനും അതൊരു ശീലമായെന്നു തോന്നുന്നു. സമയാസമയങ്ങളില്‍ കണക്കൊപ്പിച്ച മാതിരി - എല്ലാ ചടങ്ങുകളും നടന്നുപോകുന്നു. മാധവന്‍ വന്നതിന്‌ ശേഷം മാത്രം ഒരാഘോഷമായി തുടങ്ങിയ ജന്മാഷ്‌ടമി നാളിലെ ആഘോഷങ്ങള്‍, ദീപാവലി നാളില്‍ ചുറ്റുമതിലിലും മുറ്റത്തിന്റേ നടവഴിയ്‌ക്കരികിലും രാത്രിമുഴുവനും കത്തിനില്‍ക്കുന്ന ചിരാതില്‍ തെളിഞ്ഞുവരുന്ന ദീപക്കാഴ്‌ചകള്‍ - പിന്നെ വിഷുവിനും തിരുവാതിരയ്‌ക്കും അങ്ങനെ വിശേഷപ്പെട്ട ഓരോ നാളിലും കൊണ്ടാടപ്പെടുന്ന ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ അവയൊക്കെ ഇക്കഴിഞ്ഞ രണ്ട്‌ വര്‍ഷവും കടന്നുപോയി. മാധവന്റെ നാദോപാസന മാത്രം ഇവയ്‌ക്കൊന്നും നിറം പകരാനില്ലാതെ പോയെന്ന്‌ മാത്രം.

ഓരോ ആഘോഷവും കടന്നുപോവുമ്പോള്‍ പങ്കാളികളാവുന്ന എല്ലാ ഭക്തജനങ്ങളും മാധവനില്ലാതെ പോയ കുറവ്‌ തിരിച്ചറിയുന്നുണ്ട്‌. “മാധവനോടുള്ളകടപ്പാട്‌ നിങ്ങള്‍ക്ക്‌ ഉണ്ടെങ്കില്‍ - ഈ അഘോഷങ്ങളെല്ലാം മാധവന്റെ നാദോപാസന നിങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നു എന്ന വിചാരത്തോടെ തന്നെ നിറഞ്ഞ മനസ്സോടെ പങ്കെടുത്ത്‌ വിജയിപ്പിക്കണം.”

ഓരോ പരിപാടിയും തുടക്കമിടുന്നതിന്‌ മുമ്പ്‌ ദാമുവാശാന്‍ സ്‌റ്റേജില്‍ വിളിച്ചു പറയും. ഏതായാലും നാട്ടുകാര്‍ പൂര്‍ണ്ണ മനസോടെ തന്നെ ഈ ആഘോഷങ്ങളിലെല്ലാം പങ്കാളികളാവുന്നുവെന്നതില്‍ ക്ഷേത്രക്കമ്മറ്റിക്കാര്‍ക്കും എമ്പ്രാന്തിരിക്കും സന്തോഷം കിട്ടുന്നുണ്ട്‌. ഭവത്രാതന്‍ നമ്പൂതിരിയുടെ ജന്‍മിത്വത്തില്‍‍ നിന്നും, ആ കിരാത വാഴ്‌ചയില്‍ നിന്നും മോചനം നേടാനായ സന്തോഷം നാട്ടുകാര്‍ക്കൊക്കെയുണ്ട്‌. അവിടെ ഹിന്ദുക്കള്‍ മാത്രമല്ല. മറ്റു മതസ്ഥര്‍ക്കും ആ ആഹ്ലാദമുണ്ട്‌. മുമ്പ്‌ തങ്ങളുടെ പാടത്തോ തൊടിയിലോ കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും ജന്മിയുടെ ആള്‍ക്കാരുടെ ശല്യം പലവിധത്തിലും ഉണ്ടാവുമായിരുന്നു. ഇന്നതെല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു. ഇതെല്ലാം മാധവനൊരുത്തന്‍ ഇവിടെ വന്നു അയാളോടേറ്റുമുട്ടിയതിന്‌ ശേഷമാണെന്നതും - പിന്നീട്‌ ആദ്യം അയാളുടെ മകനെയും പിന്നെ അയാളെത്തന്നെയും ഈ നാട്ടില്‍ നിന്ന്‌തന്നെ ഓടിക്കാനായി എന്നതിന്റെ കറതീര്‍ന്ന കടപ്പാടും സന്തോഷവും അവര്‍ക്ക്‌ മാധവനോടുണ്ട്‌. മാധവനില്ലെങ്കിലും അമ്പലത്തിലെ ചടങ്ങുകള്‍ പൂര്‍വ്വാധികം ഭംഗിയായി നടന്നു കിട്ടണമെന്ന ആവശ്യം ഇപ്പോള്‍ കൂടുതലായുള്ളത്‌ അന്യമതസ്ഥര്‍ക്കാണ്‌. ഈ ആഘോഷങ്ങളെല്ലാം മുറതെറ്റാതെ ഒരുവിധം ഭംഗിയായി മുന്നോട്ട്‌ കൊണ്ട്‌ പോകാനാവുന്നത്‌ അതുകൊണ്ടാണെന്ന്‌ ദാമുവാശാനും ക്ഷേത്രക്കമ്മറ്റിക്കാര്‍ക്കെല്ലാം അറിയാം. ആ കടപ്പാടാണ്‌ ദാമുവാശാന്‍ ഒരോസമയത്തും ഭക്തജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്‌.

കാലം കടന്നുപോകുന്ന പോക്കില്‍ വന്നുചേരുന്ന മാറ്റങ്ങള്‍, ഋതുക്കള്‍ മാറിമാറി വരുന്നു. മരങ്ങള്‍ പൂക്കുന്നു, കായ്‌ക്കുന്നു, ചിലവ വേരോടെ പിഴുത് പോവുന്നു, വേറെചിലവ മുളയ്‌ക്കുന്നു. നദിചിലപ്പോള്‍ കൂലം കുത്തി ഒഴുകുന്നു. ചിലപ്പോള്‍ ശാന്തമാവുന്നു. പിന്നെ വെള്ളമില്ലാത്ത അവസ്‌ഥ - എങ്കിലും നദി തന്റെ തനിമ കളഞ്ഞുകുളിച്ചിട്ടില്ല.

രാധയ്‌ക്കും മാറ്റം കുറെയൊക്കെ വന്നിരിക്കുന്നു. പഴയപോലെ തൊടിയില്‍ ഓടിച്ചാടി നടക്കുന്ന പ്രകൃതം മാറി. രാത്രികിടക്കാന്‍ വരുമായിരുന്ന പ്രായം ചെന്ന കണ്ണിന്‌ കാഴ്‌ചയില്ലാത്ത ആ സ്‌ത്രീ - അവരൊരോര്‍മ്മയായി മാറി. അതോടെ താനിനി ഒറ്റയ്‌ക്കാണെന്നും എല്ലാ കാര്യങ്ങള്‍ക്കും വേറൊരാളെ ആശ്രയിക്കാനില്ലെന്നുമുള്ള ബോധം മനസ്സില്‍ കുടിയേറിയതോടെ എന്തും നേരിടാനുള്ള തന്റേടം സ്വയം ആര്‍ജ്ജിച്ചെടുത്തു. എങ്കിലും ഭഗവാന്‍ കൃഷ്‌ണനന്‍ - തനിക്കെന്നും തുണയായിരിക്കുമെന്നുള്ള ഒരവബോധം മനസ്സിലുണ്ട്‌. ജീവിതം മുന്നോട്ട്‌ പോകുന്ന വേളയില്‍ ഒരു കാവലാളായി കാണുന്നതിനേക്കാള്‍ രക്ഷകന്റെ സ്‌ഥാനത്ത്‌ കൃഷ്‌ണനെ പ്രതിഷ്‌ഠിച്ചു. കൃഷ്‌ണന്‍ തുണയുള്ളിടത്തോളം കാലം ഒന്നും ഭയപ്പെടേണ്ടതില്ല. അറിയാതെയാണെങ്കിലും കൃഷ്‌ണനോടൊപ്പം മാധവനും അദൃശ്യരൂപിയായി സമീപത്ത്‌തന്നെ സ്‌ഥാനമുറപ്പിച്ചു. രണ്ട്‌തവണകൂടി ഉത്സവാഘോഷങ്ങള്‍ വന്നുപോയി. ഇപ്പോള്‍ രാധ ഒരു കാഴ്‌ചക്കാരി മാത്രമാണ്‌. കല്യാണിക്കുട്ടിയമ്മയും വീട്ടിലിരുന്നപ്പോള്‍ തിരുവാതിരകളിയുടെ ഒരു മേല്‍നോട്ടക്കാരി എന്നസ്‌ഥാനം മാത്രമേ ഇപ്പോള്‍ രാധയ്‌ക്കുള്ളു. അതും ദാമുവാശാന്റെ നിര്‍ബന്ധത്താല്‍ ചെയ്യുന്നു. കുറ്റം കണ്ടുപിടിക്കാനും പഴിപറയാനും വത്സേച്ചി ഇപ്പോഴില്ല എന്നത്‌ രാധയ്‌ക്ക്‌ ആശ്വാസം പകരുന്നുണ്ടെങ്കിലും, ആരും തിരിഞ്ഞുനോക്കാനില്ലാതെ തീര്‍ത്തും അവശയായി, വിധിയുടെ ക്രൂരമായ വിനോദത്തിന്റെ ഇരയായി മാറിയ വത്സേച്ചിയുടെ അന്ത്യം തീര്‍ത്തും വേദനാജനകമായിരുന്നു. അവരുടെ സ്വഭാവവിശേഷം അവരെ ഈ നിലയിലെത്തിച്ചുവെന്ന്‌ പലരും പറയുമായിരുന്നെങ്കിലും ശത്രുക്കള്‍ക്ക്‌ പോലും ഇങ്ങനൊരവസ്‌ഥ വരല്ലേ എന്നാണ്‌, അവസാനം ദാമുവാശാന്‍ പറഞ്ഞത്‌. അവരുടെ മൃതദേഹം സംസ്‌കരിക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനും, മൂത്തമകളുടെ ഭര്‍ത്താവിനെത്തന്നെ ആശ്രയിക്കേണ്ടിവന്നു. ഒരു ചടങ്ങില്‍ പങ്കുകൊള്ളുന്നലാഘവത്തോടെ എല്ലാവരുടെയും നിര്‍ബന്ധത്തിന്‌ വഴങ്ങി താനിത്‌ ചെയ്യുന്നു, എന്നൊരു മനോഭാവമായിരുന്നു അയാള്‍ക്ക്‌. ചടങ്ങുകള്‍ തീര്‍ന്നതോടെ അയാള്‍ സ്‌ഥലം വിടുകയും ചെയ്‌തു. അനാഥമായിപ്പോയ ചെറിയൊരു വീട്‌, ആറേഴ്‌ സെന്റ്‌ ഭൂമി - ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്‌ഥ. വത്സേച്ചിയുടെ ദയനീയമായ ഈ അന്ത്യം മറ്റ്‌ പരദൂഷണ പടയ്‌ക്കും ഒരു പാഠമാകേണ്ടതാണ്‌. അങ്ങനാണ്‌ ഒരിക്കല്‍ അമ്പലത്തില്‍ വച്ച്‌ എമ്പ്രാന്തിരി പറഞ്ഞത്‌.

രാധയ്‌ക്കിപ്പോള്‍ സമയം ചിലവഴിക്കാന്‍ മുറ്റത്തൊരു ചെറിയ പൂന്തോട്ടം - രാവിലത്തെ തൊഴുത്ത്‌ വൃത്തിയാക്കാന്‍ പശുക്കളെ തൊടിയില്‍ പുല്ലുള്ള സ്‌ഥലം നോക്കി കെട്ടിക്കഴിഞ്ഞാല്‍ രാധയ്‌ക്ക്‌ പിന്നെ കുറെ സമയം പൂന്തോട്ടത്തിലെ ഓരോ ചെടിയുടെയും ചുവട്ടില്‍ ചിലവഴിക്കുക എന്നത്‌ ഒരു പതിവ്‌ ചര്യയായി മാറി.

ഒഴിവ്‌ ദിവസങ്ങളില്‍ സമീപത്തുള്ള വീടുകളിലെ കൊച്ചുകുട്ടികളും രാധയോടൊപ്പമുണ്ടാകും. ഉച്ചയാവുന്ന സമയംവരെ അവര്‍ കൂട്ടിനുണ്ടാകും. എങ്കിലും അവരുടെ സാമിപ്യം ചിലപ്പോള്‍ വേദനപ്പെടുത്തുന്ന ചില മുഹൂര്‍ത്തങ്ങളും സൃഷ്‌ടിക്കാറുണ്ട്‌. ‘ചേച്ചിയെന്തേ വിവാഹം വേണ്ടെന്ന്‌ വച്ചെ?’ കല്യാണിക്കുട്ടിയമ്മയുടെ മകളുടെ മകളാണ്‌. തിരുവാതിരകളിക്ക്‌ വരുമ്പോള്‍ തന്റെ ഉപദേശം തേടാറുണ്ടെന്ന അടുപ്പം വച്ചാണ്‌ ചോദ്യങ്ങള്‍.

''ആരുപറഞ്ഞു ഞാന്‍ കല്യാണം കഴിച്ചില്ലെന്ന്‌? എന്റെ കല്യാണം എപ്പോഴേ കഴിഞ്ഞതാ'''.

''എന്നിട്ട്‌ ചേട്ടനെന്തിയേ?''

കുഴയ്‌ക്കുന്ന ചോദ്യത്തിന്‌ അപ്പപ്പോള്‍ തോന്നുന്ന മറുപടിയായിരിക്കും കൊടുക്കുക.

‘ചേട്ടന്‍ ടൗണില്‍ ജോലിക്ക്‌ പോയി. അതല്ലെങ്കില്‍ ചേട്ടന്‍ ജോലി കഴിഞ്ഞ്‌ വരുമ്പോള്‍ രാത്രിയാകും, വെളുപ്പിനെ പോവ്വേം ചെയ്യും, അതാ ഇവിടെ കാണാത്തെ.’ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക്‌ തൃപ്‌തിയായ മറുപടി പലപ്പോഴും കൊടുക്കാനാവുന്നില്ല. മനസ്സിന്‌ വേദന പകരുന്നുവെന്ന്‌ തോന്നുമ്പോല്‍ അവള്‍ പൂന്തോട്ടത്തില്‍ നിന്ന്‌ വേഗം മുറിക്കകത്ത്‌ കയറി കൃഷ്‌ണവിഗ്രഹത്തെ നോക്കി പറയും-

‘എന്തിന്‌ കൃഷ്‌ണാ എന്നെയിങ്ങനെ വേദനിപ്പിക്കുന്നു. മാധവനിനി എന്ന്‌ വരും? കുട്ടികളുടെ ചോദ്യം ഒന്നല്ലെങ്കില്‍ വേറൊരുവിധത്തില്‍ ഒന്നൊന്നായി വരുന്നു.’

ഒരാള്‍ക്ക്‌ അറിയേണ്ടത്‌ ഒരു മുതിര്‍ന്നവര്‍ ചോദിക്കേണ്ട ചോദ്യമാണ്‌ ‘ചേച്ചിക്കെന്തേ മക്കളില്ലാതെ പോയി?’

ആ ചോദ്യം കേട്ടതോടെ രാധ തളര്‍ന്നുപോയി. മതിലിനോട്‌ ചേര്‍ന്ന്‌ മാവിന്മേല്‍ മുല്ലവള്ളിയുടെ ചെടി പടര്‍ത്തിവിടുകയായിരുന്നു രാധ. പെട്ടെന്ന്‌ രോഷത്തോടെ തിരിഞ്ഞുനോക്കിയപ്പോള്‍ ആകാംക്ഷയും അന്വേഷണത്വരയും മുറ്റിനില്‍ക്കുന്ന മുഖഭാവമുള്ള കുട്ടികള്‍ - ഒന്നല്ല - അഞ്ചുപേരുണ്ട്‌. ഒരാളൊഴികെ എല്ലാം പെണ്‍കുട്ടികള്‍ അവരുടെ ചോദ്യം നിഷ്‌കളങ്കമായ ഒരന്വേഷണം മാത്രം. ആ ഒരു ചിന്ത മനസ്സില്‍ വന്നതോടെ രാധയുടെ ദേഷ്യമകന്നു. ഈ കുട്ടികള്‍ തന്റെയൊക്കെ ചെറുപ്പകാലത്തേക്കാളും വളരെയധികം മുന്നോട്ട്‌ പോയിരിക്കുന്നു. നാല്‌ചുവരുകള്‍ക്കുള്ളിലും അടുത്തുള്ള കോവിലിലും സ്‌കൂളുകളിലും മാത്രം തളച്ചിടേണ്ടുന്ന ഒരു ബാല്യമല്ല ഇവര്‍ക്ക്‌ കിട്ടിയിട്ടുള്ളത്‌. വളരെ ചുരുക്കം വീടുകളിലെങ്കിലും ഇപ്പോള്‍ റേഡിയോയുണ്ട്‌. അപൂര്‍വ്വം ചിലയിടത്ത്‌ - അമ്പലത്തിലും, ഫോണ്‍ ചെയ്യാനുള്ള സൗകര്യമുണ്ട്‌. അങ്ങ്‌ ദൂരെ നിന്നാണെങ്കില്‍ പോലും ചില വീടുകളില്‍ ഉച്ച കഴിയുന്നതോടെ പത്രങ്ങള്‍ എത്തുന്നുണ്ട്‌. ഈ ചുറ്റുപാടില്‍ വളരുന്ന കുട്ടികള്‍ തന്നെപ്പോലെ അദ്ധ്യാപകന്‍ ക്ലാസ്‌ മുറിയില്‍ പറഞ്ഞുതരുന്ന പാഠങ്ങള്‍ പഠിച്ച ബാല്യമല്ല എന്നവള്‍ക്കോര്‍മ്മ വന്നു. അതോടെ ഈ കുട്ടിയുടെ അന്വേഷണത്തിന്‌ ഒരു മറുപടി കൊടുത്തേ ഒക്കൂ എന്നായി.

‘എന്താ കുട്ടികള്‍ വേണമെന്ന നിര്‍ബന്ധം? കുട്ടികളില്ലാത്ത വീടുകളും ഇല്ലെ? ഓര്‍മ്മയില്ലേ? മുമ്പിവിടെ ഒണ്ടായിരുന്ന ആ തള്ള?’ ആ കണ്ണിന്‌ കാഴ്‌ചക്കുറവുണ്ടായിരുന്ന തള്ളയോ? - അവര്‍ക്കും കുട്ടികളില്ലായിരുന്നല്ലോ‘ ’അതിനവരുടെ കല്യാണം കഴിച്ചയാള്‍ - കല്യാണത്തിന്റെ മൂന്നാം പക്കമിട്ടേച്ച്‌ പോയതോണ്ടല്ലേ?‘

രാധ അത്‌ഭുതത്തോടെയൊണ്‌ ചോദ്യം ചോദിച്ച ആ പെണ്‍കുട്ടിയെ നോക്കിയത്‌. എമ്പ്രാന്തിരിയുടെ അനിയത്തിയുടെ മകളാണ്‌. ഇപ്പോള്‍ അടുത്തങ്ങാടിയില്‍ ടൈപ്പ്‌റൈറ്റിംഗ്‌ പഠിക്കുന്നവള്‍. അവള്‍ക്ക്‌ ലോകവിവരം കിട്ടുന്നതില്‍ അത്‌ഭുതമില്ല. ഇവള്‍ക്കും മറുപടി കൊടുത്തേ ഒക്കൂ. ’മക്കളുണ്ടായിട്ടെന്താ മെച്ചം? വത്സേച്ചിക്ക്‌ മക്കളിലില്ലാന്നോ? രണ്ട്‌ പെണ്‍മക്കള്‍, എന്നിട്ടോ - അവര്‍ക്ക്‌ സുഖമില്ലാതെ കെടന്നപ്പോ ആരെങ്കിലും തിരിഞ്ഞു നോക്കിയോ? അവര്‌ മരിച്ചപ്പോ, തുള്ളിവെള്ളം കൊടുക്കാന്‍ കല്യാണിക്കുട്ടിചേച്ചീടെ മക്കളല്ലേ ഒണ്ടായുള്ളു. അപ്പോ ഇങ്ങനൊള്ള മക്കളുള്ളതിലും ഭേദം ഇല്ലാതിരിക്കുന്നതല്ലെ.?‘

പെട്ടെന്ന്‌ രാധയ്‌ക്ക്‌ ഒരു കുറ്റബോധം തോന്നി. അങ്ങനെയൊരു മറുപടി അവര്‍ക്ക്‌ കൊടുക്കേണ്ടിയിരുന്നില്ല. ’ഈശ്വരാ - ഈ കൊച്ചുകുട്ടികളുടെ മുന്നില്‍പ്പോലും ഞാന്‍ തോറ്റുപോവ്വാണല്ലൊ - മനസ്സില്‍ പറഞ്ഞുകൊണ്ട്‌ രാധ മുറ്റത്തേയ്‌ക്ക്‌ കയറി.

’ഞാനേ - നിങ്ങളോട്‌ വര്‍ത്തമാനം പറഞ്ഞ്‌ പശുക്കളുടെ കാര്യം മറന്നുപോയി. കറവക്കാരന്‍ വന്നപ്പോ - അഴിച്ച്‌ കെട്ടിയതാ- ഇനി അവറ്റയ്‌ക്ക്‌ വെള്ളം കൊടുക്കണം. പിന്നെ കുറെ പിണ്ണാക്ക്‌ കലക്കി കൊടുക്കണം - തൊഴുത്തില്‍ കെട്ടണം, നിങ്ങളുമായി മിണ്ടിപ്പറഞ്ഞിരുന്ന അതുങ്ങക്ക്‌ ദാഹിക്കും.

കുട്ടികള്‍ പോയതോടെ രാധ വീണ്ടും മനോവിചാരത്തിലായി. കൊച്ചു കുട്ടികളുടെ അന്വേഷണം പോലും മാധവനെ ചുറ്റിപ്പറ്റിയാണ്‌. അതവര്‍ തെളിച്ചു പറയുന്നില്ലെന്ന്‌ മാത്രം.

പശുക്കളെ തൊടിയില്‍ നിന്നും ആലയിലയ്‌ക്ക്‌ മാറ്റി. വയ്‌ക്കോലും പിണ്ണാക്കും കൊടുത്ത്‌ മടങ്ങി വീടിനകത്ത്‌ വന്നപ്പോഴേയ്‌ക്കും രാധതളര്‍ന്നുപോയി. കാലത്തെ കഞ്ഞികഴിച്ചതാണ്‌. നേരം ഉച്ചകഴിഞ്ഞിരിക്കുന്നു. ഇനി ചോറും കൂട്ടാനും വച്ചിട്ടെപ്പോഴാണ്‌? അടുത്ത നിമിഷം വീണ്ടുമൊരു ചിന്ത. ആര്‍ക്കുവേണ്ടി വയ്‌ക്കണം ഈയൊരാള്‍ക്ക്‌ വേണ്ടിയോ? കഞ്ഞിപാത്രത്തില്‍ ബാക്കിയുള്ളത്‌ വെള്ളം ഊറ്റി ചോറാക്കാം. മോര്‌ കാച്ചിയതും മാങ്ങയിട്ടതും ഇരിപ്പുണ്ട്‌. ഇനി വേറൊരു വെപ്പുവേണ്ട. ഇത്രയൊക്കെ ജോലിഭാരം ലഘൂകരിച്ചെന്ന്‌ തോന്നിയെങ്കിലും ഭക്ഷണം കഴിഞ്ഞ്‌ പുറത്ത്‌ വന്നപ്പോഴേയ്‌ക്കും വല്ലാതെ തളര്‍ന്നുപോയി. ഇന്നിത്രയും ക്ഷീണം തോന്നാന്‍ - എന്ത്‌ ഭാരപ്പെട്ട ജോലിയാ ചെയ്‌തെ.?

കൃഷ്‌ണവിഗ്രഹത്തിനടുത്ത്‌ മടക്കി വച്ചിരുന്ന കൃഷ്‌ണഗാഥയെടുത്തു. ശ്രീകൃഷ്‌ണന്റെ ബാല്യലീലകള്‍ തൊട്ട്‌ വായിച്ച്‌ പോകാവുന്നതേഉള്ളു. മുമ്പൊക്കെ കൂടെകൂടെ വായിക്കുമായിരുന്നു. പിന്നെങ്ങിനെയോ മുടങ്ങി. പുസ്‌തകത്തിന്റെ പുറംചട്ടയിലെ പടമാണ്‌ ശ്രദ്ധയില്‍പെട്ടത്‌. ഗോപികമാരെനോക്കി പുഞ്ചിരിച്ച്‌ നില്‍ക്കുന്ന കൃഷ്‌ണന്‍. മുടിയില്‍ പീലിതിരുകി, മഞ്ഞച്ചേലയുടുത്ത കൃഷ്‌ണന്റെ കയ്യില്‍ ‍ഓടക്കുഴല്‍. പെട്ടെന്നവളുടെ ചിന്ത മാധവനിലേയ്‌ക്ക്‌ പടര്‍ന്നു കയറി. മാധവന്റെ ചിന്തയുണരാന്‍ അല്ലെങ്കിലും - ഈ പടം കാണണമെന്നില്ല. എങ്കിലും ഓടക്കുഴല്‍ നാദം കാതില്‍ അരിച്ചരിച്ചെത്തുന്ന ആ നാദമാധുരി - അവള്‍ മാധവസാന്നിദ്ധ്യം അടുത്തറിഞ്ഞു. പുഴത്തീരത്തെ മാധവന്റെ പുല്ലാങ്കുഴല്‍ ശബ്‌ദംകേട്ട്‌ വീടുകളില്‍ നിന്നും ഓടിക്കയറിയിറങ്ങിച്ചെല്ലുന്ന സ്‌ത്രീകള്‍ - പെണ്‍കുട്ടികളും വീട്ടമ്മമാരും പ്രായം ചെന്നവരും - മത്സരിച്ചെന്നവണ്ണം മാധവന്റെ മുന്നിലോട്ട്‌ ഓടുന്നു. മാധവനിവിടെ കൃഷ്‌ണനാവുന്നു. അവന്‍ ഓടക്കുഴല്‍ വായിക്കുന്നത്‌ വൃന്ദാവനത്തിലാണ്‌. അവിടെയപ്പോള്‍ നടമാടുന്നത്‌ രാധാകൃഷ്‌ണ നടനനൃത്തമാണ്‌. പക്ഷേ വന്നുചേരുന്ന ഓരോ അവളുമാരുടെയും ചിന്ത - അവളാണ്‌ രാധയെന്നാണ്‌. മറ്റുള്ളവരുടെ സാന്നിദ്ധ്യം അറിയുന്നേയില്ല. കൃഷ്‌ണന്റെ മാറിലേയ്‌ക്ക്‌ കയറിപ്പറ്റാന്‍ ചെല്ലുന്ന രാധികമാരുടെ കൂട്ടം - എല്ലാവരും രാധമാരായി മാറുമ്പോള്‍ - യഥാര്‍ത്ഥ രാധ എവിടെ? മത്സരിച്ചെടുക്കുന്ന എല്ലാവരെയും മയക്കുന്ന പുഞ്ചിരി കൃഷ്‌ണനുണ്ട്‌. എങ്കിലും കൃഷ്‌ണന്‍ തിരയുന്ന രാധ ആക്കൂട്ടത്തിലില്ല. മുമ്പില്‍ വന്ന ഗോപികമാരെ നിരാശപ്പെടുത്താതെ തന്നെ കൃഷ്‌ണന്‍ രാധയെ തിരയുന്നു. ‘രാധെ - നീ എവിടെ?’

രാധയും കൃഷ്‌ണനെ തിരയുകയായിരുന്നല്ലൊ. ഓടക്കുഴല്‍ നാദം മാത്രമേ അവള്‍ കേള്‍ക്കുന്നുള്ളു. നാദത്തിന്റെ ഉറവിടം തേടി അവള്‍ പുഴത്തീരത്തേയ്‌ക്ക്‌ ചെല്ലുന്നു. അവിടെയും കാണാതെ വീണ്ടും പൂന്തോപ്പില്‍. പിന്നെ വള്ളിക്കുടിലില്‍ - ആ നാദമാധുരി എത്രഹൃദ്യമായതാണ്‌. അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന - നാദപ്രപഞ്ചത്താല്‍ അവള്‍ ചിലപ്പോള്‍ അവളെ തന്നെ മറന്നുനിന്നുപോവുന്നു. തന്റെ ചെവിയിലാണ്‌ മൂളുന്നതെന്ന ധാരണയില്‍ അവള്‍ ചെവി കുറെക്കൂടി നാദധാരയിലേയ്‌ക്ക്‌ നീട്ടുന്നു. ഇല്ല ശുദ്ധ ശൂന്യതമാത്രം. പക്ഷേ എന്തേ പ്രകൃതി ഇത്രമാത്രം ഉത്സാഹപ്രകര്‍ഷമാവുന്നു. ആഞ്ഞടിച്ചെന്നപോലെ വീശിയടിച്ചകാറ്റ്‌, ഈ തൊടിയിലോട്ടെത്തുമ്പോള്‍ ഇളംകാറ്റിന്റെ സ്വഭാവം കൈകൊള്ളുന്നു. പൂത്തുലഞ്ഞ മരങ്ങളില്‍ നിന്നുയരുന്ന സൗരഭ്യം - സുഗന്ധവാഹിനിയായ കാറ്റിനാല്‍ ദേശമാകെ സുഗന്ധപൂരിതമാക്കുന്നു. പക്ഷേ കൃഷ്‌ണാ - നീയെവിടെ?

ഇളംവെയില്‍മാഞ്ഞു. സന്ധ്യയാവുന്നു. ഏറെ നേരമായി ഒരു നാദപ്രപഞ്ചത്തിന്റെ മാസ്‌മരലഹരിയിലായിരുന്നെന്ന്‌ രാധ അറിയുന്നത്‌ മാറത്ത്‌ വച്ചിരുന്ന പുസ്‌തകം തറയില്‍വീണശബ്‌ദം കേട്ടാണ്‌. അതോടെ രാധ ഞെട്ടിയുണര്‍ന്നു.

ഈശ്വരാ നേരം സന്ധ്യയായിരിക്കുന്നു. മുറിയും വരാന്തയും തൂത്തുവാരി വിളക്ക്‌ കത്തിക്കണം. അഴിച്ചു വിട്ട ആലയ്‌ക്കുചുറ്റിനും തൊടിയിലുമായി ഉലാത്തുന്ന കന്നുകിടാങ്ങളെ കൊണ്ട്‌വരണം. ഏതോ ഒരു മായികശക്തിയാല്‍ എല്ലാം കഴിഞ്ഞ്‌ കിണറ്റുകരയില്‍പോയി മേല്‍കഴുകി വന്ന്‌ വിളക്ക്‌കൊളുത്തി, മുറ്റത്തെ തുളസിത്തറയിലെ ചിരാതില്‍ തിരികത്തിച്ചതേയുള്ളു, കന്ന്‌കുട്ടികള്‍ ബഹളം കൂട്ടുന്നു.

തിരികൊളുത്തി തിരികെ നോക്കുമ്പോള്‍- വീടിനോട്‌ ചേര്‍ന്നുള്ള ചാര്‍ത്തില്‍ കെട്ടിയ കന്നുകുട്ടികള്‍ അഹ്ലാദത്തിലാണ്‌ തുളളിച്ചാടുന്നത്‌. അതോടെ ആലയിലെ പശുക്കളും തലയിട്ടിളക്കുന്നു. ചില ശബ്‌ദങ്ങള്‍, പേടിച്ചിട്ടോ, വിശന്നിട്ടോ അല്ല. സന്തോഷപൂര്‍വ്വമായ ഏതോ ഒരു കാഴ്‌ച കണ്ടിട്ടുള്ള ആഹ്ലാദം. അവള്‍ മുന്‍വശത്തേയ്‌ക്ക്‌ നോക്കി.

വിചിത്രവേഷധാരിയായ ഒരാള്‍ - നീണ്ട ട്രൗസറും ഷര്‍ട്ടുമിട്ട ഒരാള്‍. ഈയിടെ വല്ലപ്പോഴും ഇതുവഴി കടന്നുപോവുന്ന ചില കാറുകളില്‍ ഇങ്ങനുള്ള വേഷധാരികളെ കാണാറുണ്ട്‌. കഴിഞ്ഞ ഉത്സവത്തിനാണ് ഡാന്‍സ്‌ പാര്‍ട്ടിയുടെ കൂടെവന്നയാളുടെ വേഷവും ഇതുപോലെ നീണ്ടട്രൗസറും ഷര്‍ട്ടും-

ഈശ്വരാ - നിരത്തില്‍ നിന്നും അയാള്‍ സന്ധ്യയ്‌ക്ക്‌ കയറി വരുന്നത്‌ ഇങ്ങോട്ടാണ്‌. മുറ്റത്തേയ്‌ക്ക്‌ കയറി വരുമ്പോല്‍ പരിഷ്‌കൃത വേഷധാരിയായ ഈ യുവാവ്‌ - കയ്യിലൊരു ചെറിയ തുകല്‍ പെട്ടി കാലില്‍ തിളങ്ങുന്ന ഷൂസ്‌ പട്ടണപരിഷ്‌കാരത്തിന്റെ ധവണിമ വേഷത്തിലും നടത്തയിലും.

മുറ്റത്തേയ്‌ക്ക്‌ കയറിവന്നപ്പോള്‍ മാത്രമാണ്‌, അയാളെ രാധ ശരിക്കും കണ്ടത്‌. മാധവന്‍.!

Previous Next

പ്രിയ കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.