പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > രാധാമാധവം > കൃതി

രണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ കെ

രാധാമാധവം

ഉച്ചവെയിൽ എരിഞ്ഞടങ്ങുന്നതേയുള്ളു. രാധ തൊടിലേയ്‌ക്ക്‌. പാവടയും ബ്ലൗസുമാണ്‌ വേഷം. 16-17 വയസ്സ്‌ പ്രായം. നടത്തത്തിലും പെരുമാറ്റത്തിലും ചടുലത. മുറ്റത്തിനോട്‌ ചേർന്നുള്ള മാവിന്മേൽ കെട്ടിയ പശുവിനെ അഴിച്ച്‌ വീണ്ടും ആലയിലേയ്‌ക്ക്‌ നീങ്ങുന്നു. പക്ഷേ പശു ബലംപിടിച്ച്‌ വീണ്ടും തൊടിയിലേയ്‌ക്ക്‌. അവിടെ ദൂരെ തുള്ളിച്ചാടി നടക്കുന്ന കിടാവിന്റെ അടുക്കലേയ്‌ക്കാണ്‌ കയറും വലിച്ചുകൊണ്ട്‌ പോവാൻ ശ്രമിക്കുന്നത്‌.

സഹികെട്ട രാധ - വീണ്ടും പശുവിനെ തൊട്ടടുത്തുള്ള ഒരു തെങ്ങിൽ കെട്ടി. കയറിന്‌ നീളമുണ്ടായിരുന്നതുകൊണ്ട്‌ രാധയ്‌ക്ക്‌ തെങ്ങിന്‌ വട്ടം ചുറ്റികെട്ടിവലിക്കാനായി. പിന്നെകയർ വട്ടംചുറ്റിക്കെട്ടി രാധ കുറ ദൂരെ തുള്ളിച്ചാടി നടക്കുന്ന പൈക്കിടാവിന്റെ അടുത്തേക്ക്‌ നീങ്ങുന്നു. പക്ഷേ രാധ അടുക്കലേക്കെത്തമ്പോൾ പൈക്കിടാവ്‌ തെന്നിമാറുന്നു. രണ്ട്‌ മൂന്ന്‌തവണയെങ്കിലും രാധ ശ്രമിക്കുന്നുണ്ട്‌. പക്ഷേ സാധിക്കുന്നില്ല. പിന്നെയവൾ ഒരു ഭാഗത്ത്‌ മാറിനിന്ന്‌ ‘മ്പേ - മ്പേ-’ എന്നു വിളിക്കുന്നു. പൈക്കിടാവ്‌ തലയുയർത്തി രാധയെ നോക്കുന്നുണ്ടെങ്കിലും അനങ്ങുന്നില്ല.

വീണ്ടും രാധ പൈക്കിടാവിന്റെയടുത്തേയ്‌ക്ക്‌ - പഴയതുപോലെതന്നെ - അടുത്തെത്തുമ്പോൾ കിടാവ്‌ ഓടിയകലുന്നു. ഒരുതവണ മുറ്റത്തോട്‌ ചേർന്നുള്ള കച്ചിമരത്തിന്‌ മറഞ്ഞുനിന്ന്‌, ഓടിച്ചാടി വന്ന പൈക്കിടാവിനെ പിടിക്കുന്നെങ്കിലും പെട്ടെന്നതു കുതറി മാറാനുള്ള ശ്രമമാണ്‌. ഈ സമയം - പുഴതീരത്ത്‌ - വഴിത്താരയുടെ അറ്റത്ത്‌ നിന്ന്‌ ഒരു വേണുനാദം. അതോടെ രാധ കയ്യയച്ച്‌ കിടാവിനെ പിടിച്ച്‌ പാട്ടുകേട്ട ഭാഗത്തേയ്‌ക്ക്‌ നോക്കുന്നു. തെങ്ങിന്മേൽ കെട്ടിയിട്ടിരുന്ന പശുവും ചെവിവട്ടം പിടിച്ച്‌ ശ്രദ്ധിക്കുന്നു. ഇപ്പോൾ പൈക്കിടാവ്‌ അനങ്ങുന്നതേയില്ല. അതും ചെവിവട്ടം പിടിച്ച്‌ പുഴത്തീരത്തുകൂടി പോകുന്ന വഴിത്താരയുടെ അറ്റത്തേയ്‌ക്ക്‌ നോക്കുന്നു.

പെട്ടെന്ന്‌ പ്രകൃതിയ്‌ക്കൊരു മാറ്റം - കുളിർകാറ്റ്‌.

മരങ്ങളെല്ലാം തലയാട്ടുന്നതുപോലെ. പൂമരങ്ങളിൽ നിന്നുള്ളപൂമണം ചുറ്റിനും പ്രസരിക്കുന്നു. ഒരു വസന്തോത്സവത്തിന്റെ പ്രതീതി.

നിനച്ചിരിക്കാത്ത നേരത്താണ്‌ വീട്ടിനുള്ളിൽ നിന്ന്‌ അമ്മ വിളിക്കുന്നത്‌. ‘രാധേ-രാധേ - നീ എവിടാണ്‌? സന്ധ്യയാവണേന്‌ മുന്നേ ഈ മുറ്റവും മുറിയും തൂത്തൂടെ? എന്നിട്ട്‌ വേണ്ടേ വിളക്ക്‌ കൊളുത്താൻ? ഇതൊക്കെ എന്നും പറയണോ?’ രാധ പയ്യെ പശുവിനെയും കിടാവിനേയും കൂട്ടി ആലയുടെ അടുത്തേയ്‌ക്ക്‌ വരുന്നു. മുറ്റത്ത്‌ ഒരു വലിയ ചെരുവത്തിൽ പിണ്ണാക്കും കാടിയും ചേർത്ത വെള്ളത്തിനടുത്തേയ്‌ക്ക്‌ പശുവിനെ കൊണ്ടുവരുന്നു. വെള്ളം കുടിക്കാനായി കുനിയുമ്പോഴാണ്‌ വീണ്ടും ഓടക്കുഴൽ നാദം - ഇപ്പോൾ കുറച്ച്‌കൂടി അടുത്താണ്‌. പക്ഷേ ആളെകാണുന്നില്ല. പശുവും കിടാവും അനങ്ങാതെ നിൽക്കുന്നു? സമയമെത്രയായിന്നാ വിചാരം.‘ കുടിക്കാനുള്ള വെള്ളം പുൽത്തൊടിയിൽ വച്ച്‌ രാധ പശുവിനെ ആലയിലേയ്‌ക്ക്‌ കടത്തികെട്ടി. കിടാവിനെ കൂട്ടി അകത്തേയ്‌ക്ക്‌. ഇപ്പോൾ കിടാവ്‌ എന്തെങ്കിലും ബഹളംവയ്‌ക്കുകയോ കുതറി ഓടാനോ ശ്രമിക്കുന്നില്ല. ഇടയ്‌ക്കിടെ അത്‌ വെളിയിലേയ്‌ക്ക്‌ തലനീട്ടി മെല്ലെമെല്ലെ വരുന്ന ഓടക്കുഴൽ നാദം ലക്ഷ്യമാക്കി നോക്കുന്നുണ്ട്‌. ഈ നോട്ടം പശുവിനും കിടാവിനും മാത്രമല്ല, രാധയ്‌ക്കുമുണ്ട്‌. പക്ഷേ അതും നോക്കിനിന്നാൽ പറ്റില്ലല്ലൊ.

അവൾ മുറി അടിച്ചുവാരി. പിന്നെ വരാന്ത, മുൻവശത്തെ മുറ്റം എല്ലാം കഴിഞ്ഞ്‌ മുറിക്കകത്തേയ്‌ക്ക്‌ കയറി. ഒരു തോർത്തുമുണ്ടും സോപ്പുമായി കിണറ്റിൻകരയോട്‌ ചേർന്നുള്ള കുളിമുറിലേയ്‌ക്ക്‌ കയറുന്നു. ഇപ്പോഴും ഇടക്കിടെ ദൂരെ നിന്നും ഓടക്കുഴൽ നാദം കേൾക്കുന്നുണ്ടോ എന്ന്‌ അവൾ ചെവിയോർക്കുന്നുണ്ട്‌.

അപൂർവ്വം ചില കിളികളുടെ ശബ്‌ദവും താഴെ പുഴയിലെ വെള്ളം എവിടെയോ പാറയിൽ തട്ടി, ഒഴുകുമ്പോഴുള്ള ശബ്‌ദവും - ഇല്ല - അല്ലാതെ വേറൊന്നുമില്ല. അവൾ വേഗംതന്നെ കുളികഴിഞ്ഞ്‌ വീടിന്നകത്തേയ്‌ക്ക്‌ വന്നു. ഡ്രസ്സുമാറാനായി മുറിയിലേയ്‌ക്ക്‌ കയറി. ഒരു മുറി, ഒരു സ്‌റ്റോർ റൂം പോലൊരു മുറി. പിന്നെ അടുക്കള. അമ്മ ഈ സമയം വിളക്കെടുത്തു തുടയ്‌ക്കുന്നു. പിന്നെ അടുക്കളയിലേയ്‌ക്ക്‌ പോകുന്നു.

രാധ പയ്യെ മുടിവിതറിയിട്ട്‌, നെറ്റിയിലൊരു ഭസ്‌മക്കുറിയും തൊട്ട്‌, വിളക്ക്‌ കത്തിക്കുന്നു. വിളക്കു വയ്‌ക്കുന്ന രാധയുടെ മുറിയിൽ മേശയോട്‌ ചേർന്നുള്ള ഇരിപ്പിടത്തിലെ കൃഷ്‌ണന്റെ അടുക്കൽ വന്ന്‌ വിളക്ക്‌ കാണിച്ച്‌ തൊഴുതിട്ട്‌ പിന്നെ മുറ്റത്തേയ്‌ക്ക്‌. അവിടെ തുളസിത്തറയിലെ ചെറിയൊരു വിളക്കിലെ തിരികൊളുത്തി, വീണ്ടും തിരിച്ച്‌ വരാന്തയിലേയ്‌ക്ക്‌ കാലെടുത്ത്‌ വയ്‌ക്കുമ്പോഴാണ്‌ മുറ്റത്തൊരു കാൽപ്പെരുമാറ്റം. അല്‌പം പരിഭ്രാന്തിയോടെ തന്നെ തിരിഞ്ഞുനോക്കുന്നു. ഇരുട്ടു വീണുതുടങ്ങിയിട്ടില്ല. മുറ്റത്തേയ്‌ക്ക്‌ കടന്ന്‌ വന്ന്‌ അവിടെ തുളസിത്തറയോട്‌ ചേർന്ന്‌ ഒരു പയ്യൻ. കയ്യിലൊരു ബാഗ്‌. മുണ്ടും ഷർട്ടും വേഷം. മുടി കോതിവച്ചിട്ടുണ്ടെങ്കിലും അനുസരണയില്ലാത്ത ഏതാനും ഇഴകൾ നെറ്റിയിലേയ്‌ക്ക്‌ വീണുകിടപ്പുണ്ട്‌. സുന്ദരമായ മുഖത്തിന്‌ അത്‌ അഴക്‌കൂട്ടുന്നതേ ഉള്ളു.

മുൻവശത്തെ വാതിലിലോട്‌ ചേർന്ന്‌ വരാന്തയിൽ നിലവിളക്ക്‌ വച്ചിട്ട്‌ അവൾ വീണ്ടും പരിഭ്രാന്തിയോടെ ആഗതനെ നോക്കുന്നു.

’ആരാ....?‘

’ഞാൻ - ഞാൻ - അങ്ങ്‌ ദൂരേന്ന്‌ വരുവാ - അമ്മയെകാണണം.‘

അപ്പോഴേയ്‌ക്കും രാധയുടെ അമ്മ അവിടെ കടന്ന്‌ വന്നു. മുറ്റത്ത്‌ നിൽക്കുന്ന പയ്യനെ നോക്കി.

’ആരാ? മനസ്സിലായില്ലല്ലൊ.‘

’ഞാൻ - മാധവൻ - അങ്ങ്‌ ദൂരെ പട്ടണത്തീന്ന്‌ വരുവ - അമ്മ പറഞ്ഞിട്ട്‌ പോന്നതാ.

‘ആരാ - ഇയാളുടെ അമ്മ?

’ദേവകി - പട്ടണത്തിലെ.‘

’ഓ - അറിയാം - നമ്മുടെ ഭാസ്‌ക്കരൻ ചേട്ടന്റെ ഭാര്യ - ഭാസ്‌ക്കരൻ ചേട്ടനും ചേച്ചിക്കും സുഖമല്ലെ?‘

മാധവൻ ഒന്നും മിണ്ടുന്നില്ല.

’ശരി വന്നകാലേൽ നിൽക്കാതെ - ഇങ്ങോട്ട്‌ കേറി വരൂ - നിന്റെ അമ്മ കല്യാണത്തിന്റെന്ന്‌ ഭാസ്‌കരൻ ചേട്ടനുമൊരുമിച്ച്‌ പോയതാ. പിന്നെ കണ്ടിട്ടേ ഇല്ല. ഇപ്പോൾ പത്ത്‌ പന്ത്രണ്ട്‌ വർഷമായി. ഏതായാലും ഞങ്ങളെ ഒക്കെ ഓർക്കുന്നുണ്ടല്ലോ. മാധവൻ ഇപ്പോഴും ഒന്നും മിണ്ടുന്നില്ല. അവന്റെ മുഖത്ത്‌ എന്തോ ഒരു ഭാവവ്യത്യാസം. എന്താണാവോ? ആ സമയം രാധ മാധവനെ നോക്കി. മാധവനും രാധയെ നോക്കുന്ന സമയം. അവരുടെ കണ്ണുകളിടഞ്ഞപ്പോൾ അവൻ നോട്ടം പിൻവലിച്ചു. രാധയും പിന്നോക്കം മാറി.

‘രാധേ - അകത്ത്‌പോയി ഇത്തിരി സംഭാരം കൊണ്ടുവരൂ. പട്ടണത്തീന്ന്‌ വരുവല്ലേ. നല്ല ദാഹം കാണും. രാധ അകത്തേയ്‌ക്ക്‌ പോയപ്പോൾ അമ്മ വീണ്ടും അമ്മയുടെയും അച്ഛന്റെയും വിവരം തിരക്കി. ഇപ്പോൾ മാധവന്റെ മുഖത്ത്‌ അടക്കാത്ത ക്ഷോഭം - അവനെന്നാലും വിക്കി വിക്കി എന്തോ പറഞ്ഞു. നീ വിഷമിക്കേണ്ട. നിനക്കിവിടെ ഒന്നും സംഭവിക്കില്ല.

അവൻ പിന്നെയും എന്തോ പറഞ്ഞു. രാധയുടെ അമ്മമാത്രം കേൾക്കത്തക്കവിധം.

രാധ ഒരു പാത്രത്തിൽ സംഭാരവുമായി വരുമ്പോൾ അമ്മയും മാധവനും എന്തോ അടക്കിയ സംസാരമാണ്‌. രാധയെ കണ്ടതോടെ അവൻ സംഭാഷണം നിർത്തി.

അമ്മ ഗ്ലാസ്‌ വാങ്ങി മാധവന്‌ കൊടുത്തിട്ട്‌ പറഞ്ഞു.

’കുഞ്ഞിത്‌ കഴിക്ക്‌. ഇത്‌ കുഞ്ഞിന്റെ വീടാണെന്ന കരുതിയാൽ മതി. ഒന്നും വിഷമിക്കേണ്ട.‘ പിന്നെ തിരിഞ്ഞ്‌ രാധയോട്‌, ’നീ ഇന്ന്‌ മുതൽ എന്റെ മുറിയിൽ കിടന്നാമതി. ഈ കുഞ്ഞ്‌ കുറേ ദിവസം ഇവിടുണ്ടാവും. നിന്റെ മുറി ഒന്ന്‌ വൃത്തിയാക്കി ഷീറ്റും തലയണയും മാറ്റി വേറൊന്ന്‌ കൊടുക്ക്‌. ഇനി കുഞ്ഞവിടെ കിടക്കട്ടെ.‘

പിന്നെ തിരിഞ്ഞ്‌ മാധവനോട്‌ - മോൻ ഇത്‌ കുടിച്ചിട്ട്‌ അവിടെയാ കിണറ്റുകരയിൽ പോയി - അവിടെയാ കുളിമുറിയിൽ എണ്ണയും സോപ്പുംമൊക്കെയുണ്ട്‌ - കുളിച്ചിട്ട്‌ വാ - ഇനിയിപ്പം ഈ നേരം പോയ നേരത്ത്‌ പുഴക്കടവിൽ പോവണ്ട. പകലാണേ പുഴയിൽ കുളിക്കാരുന്നു. മോൻ കുളി കഴിഞ്ഞ്‌ വരുമ്പോഴേയ്‌ക്കും ആഹാരം ശരിയാവും.’

കുളികഴിഞ്ഞ്‌ വന്ന്‌ അടുക്കളയിൽ നിലത്ത്‌ ചമ്രംപടിഞ്ഞിരുന്ന്‌ മാധവൻ ഭക്ഷണം കഴിക്കുന്നു. രാധയുടെ അമ്മയാണ്‌ മാധവന്റെ മുമ്പിലേയ്‌ക്കുള്ള പ്ലേറ്റിൽ ചോറും കറികളും വിളമ്പുന്നത്‌. രാധ അടുക്കളവാതിൽക്കൽ തന്നെ നില്‌ക്കുന്നുണ്ട്‌.

‘അവിടെ പട്ടണത്തിലാവുമ്പോൾ - എന്തൊക്കെയാ ആഹാരമെന്ന്‌ ഞങ്ങൾക്കറിഞ്ഞുകൂടാ. ഇവിടത്തെ ഭക്ഷണമൊക്കെ ഒരുപായത്തിലാ കണ്ടില്ലെ. പുളിങ്കറി, മോരു കാച്ചിയത്‌, പിന്നെ കായ്‌കൊണ്ടൊരു തോരനും. ഞങ്ങൾക്കെവിടാ മോനേ ദൂരെ അങ്ങാടിയിൽ പോയി ആവശ്യമുള്ളതൊക്കെ മേടിക്കാൻ പറ്റുക? മൂന്നാല്‌ പശുക്കൾ - അതിനെകറന്ന്‌ വിറ്റുകിട്ടുന്നത്‌കൊണ്ട്‌വേണം എല്ലാം കഴിയാൻ. പിന്നെ ഈ പറമ്പിൽ അത്യാവശ്യം പച്ചക്കറികളുണ്ട്‌. ഇവിടുള്ളത്‌കൊണ്ട്‌ കഴിയും. അരിയും മറ്റുപലവ്യജ്ഞനമൊക്കെ അങ്ങാടിയിൽ നിന്ന്‌ മേടിക്കും.’

‘അങ്ങാടിയിൽ പോണകാര്യം - അതിനിനി അമ്മ വിഷമിക്കേണ്ട. പിന്നെ പശുക്കളെ നോക്കണമെങ്കിൽ - അതിനെവിടെയാണ്‌ കൊണ്ടു പോവുക?’

‘ഈ വഴി കുറെയങ്ങു ചെല്ലുമ്പം - പുഴയോട്‌ ചേർന്ന്‌ ആ കുന്നിൻ ചെരുവ്‌ - പിന്നെ പുഴയിറമ്പിനോട്‌ ചേർന്ന്‌ - വേറെ ദൂരെയെങ്ങോട്ടും പോക്കില്ല. കുറച്ചൂടെ കിഴക്കോട്ടു പോയാ കുന്നിന്റെ അങ്ങേ ചെരുവിൽ ധാരളം പുല്ലുള്ള പ്രദേശമുണ്ട്‌. പട്ടണത്തിലെ ഏതോ നാടുവാഴിയുടേതാണ്‌. അവർക്ക്‌ പട്ടണത്തിലെ വസ്‌തുവഹകൾ തന്നെ നോക്കാൻ നേരല്ലാത്രെ. അപ്പോ ഇവിടെ പണിയൊക്കെ നോക്കാൻ എവിടാനേരം. ഇങ്ങോട്ട്‌ വരുന്നേ ഇല്ല. അത്‌കൊണ്ട്‌ ഇവടുള്ളോരൊക്കെ പശുക്കളെ അങ്ങോട്ടാ കൊണ്ടു പോണെ.’

മാധവൻ അല്‌പസമയം ഊണ്‌ നിരത്തി രാധയുടെ അമ്മയെനോക്കി. പിന്നെന്തോ ആലോചിക്കുന്നു.

‘അതാരാണ്‌ അമ്മയ്‌ക്കറിയ്യോ?’

‘ഏത്‌?’

‘അല്ല ആ സ്‌ഥലത്തിന്റെ ഉടമസ്‌ഥൻ -’

‘അതൊന്നും അറിയില്ലെന്റെ കുഞ്ഞേ - എന്തൊക്കെയോ മില്ലും ഹോട്ടലും, കച്ചവടോം ഒക്കെ ഉള്ള ആളാണത്രെ. അയാളുടെ പേരൊരു വിചിത്രപേരാ - എന്തോ - ഒരു കമ്മാളാത്രെ കണാരനെന്നോ അങ്ങനെ കേട്ടു’ - മാധവൻ ഒരു നിമിഷം രാധയുടെ അമ്മയുടെ നേരെ നോക്കുന്നു. വീണ്ടും ഭക്ഷണം കഴിക്കുന്നു. ഇടയ്‌ക്ക്‌ ഒരു ഗ്ലാസ്‌ വെള്ളം എടുക്കാൻ നേരം, അമ്മയോട്‌, എതായാലും അമ്മ വിഷമിക്കേണ്ട. വല്ലപ്പോഴും അവിടേം പശുക്കളെകൊണ്ടു പോവാം. ഒരു ദിവസം ആരെങ്കിലും ഒന്നുത്രടം വരെ വരേണ്ടിവരും.‘

’അതിനെന്താ - രാധ കാണിച്ചു തരും. അവൾ ചിലപ്പോൾ അവിടെയൊക്കെ പോയി പുല്ല്‌ചെത്തികൊണ്ടുവരാറുണ്ട്‌. പിന്നെ മൂന്നാലുമാവ്‌ അതിനകത്തൊണ്ട്‌. മാമ്പഴക്കാലവമ്പോ അവിടെ നെറച്ചും പിളേളരായിരിക്കും. ഇനീപ്പം അതിനിനി മൂന്നാലു മാസം കൂടി ഒണ്ടല്ലോ.‘

കൈകഴുകി തിരിഞ്ഞപ്പോഴാണ്‌ രാധയുടെ പെട്ടെന്നുള്ള ചോദ്യം.

’ആ ഓടക്കുഴലെവിടെ?‘

ഓടക്കുഴലോ?’

‘ങ്‌ഹാ - ഓടക്കുഴൽ ഇങ്ങോട്ട്‌ വരണേന്‌ മുന്നേ, ഓടക്കുഴൽ വിളിച്ചില്ലെ?’

‘ഓ അത്‌ വേറെ വല്ലോരുമായിരിക്കും. ഈ കുഞ്ഞോടക്കുഴൽ വിളിച്ചെന്ന്‌ നീയെങ്ങനെയറിഞ്ഞു.?’

അമ്മയുടെ ആ ചോദ്യത്തോടെ മാധവൻ പുഞ്ചിരിച്ചു. പക്ഷേ, അനങ്ങാതെ നിൽക്കുന്നതേ ഉള്ളു. ഇന്ന്‌ കെടക്കേണേന്‌ മുമ്പ്‌ അതൊന്നുകൂടി കേൾക്കണം. എന്നാലേ?-‘

രാധയുടെ അമ്മയുടെ മുഖം കോപംകൊണ്ട്‌ ചുവന്നുതുടുത്തു.

’നീയെന്തോന്നാടീ പറേന്നേ? ഈ കുഞ്ഞാടക്കുഴലും വിളിച്ചോണ്ട്‌ നടക്കുവാ? അത്‌ വല്ല കാലിപ്പിള്ളേരുമായിരിക്കും.‘

’അമ്മേ ആ കാലിപ്പിള്ളേർ ഞാൻ തന്നെയാ. ടൗണിൽ എനിക്കൊരിക്കൽ അച്ഛന്റെ കൂടെ ഒരമ്പലത്തിൽ തൊഴാൻ പോയപ്പോ കിട്ടീതാ. അന്നച്‌ഛൻ മേടിച്ച്‌ തന്നതാ.‘

മാധവന്റെ ആ വാക്കുകളോടെ അമ്മയുടെ മുഖം വിവർണ്ണമായി. ’മോനേ - ഇവളോടുള്ള ദേഷ്യത്തിലു പറഞ്ഞതാ. മോനൊന്നും തോന്നരുത്‌.‘

’സത്യത്തിൽ ആ പാട്ട്‌ ഞാനും കേട്ടതാ. എനിക്ക്‌ നന്നെ ഇഷ്‌ടപ്പെട്ടു.‘

തിരിഞ്ഞ്‌ രാധയോട്‌.

’നീയെങ്ങനെയറിഞ്ഞു, അത്‌ വായിച്ചത്‌ ഈ കുഞ്ഞാണെന്ന്‌?‘

’അതൊക്കെ അറിഞ്ഞു. ആളെക്കണ്ടാ അറിഞ്ഞൂടെ നല്ലൊരു പാട്ടുകാരനാണെന്ന്‌.‘

’പിന്നെ - കുഞ്ഞെ ഇവളിവിടെ കൊറെനാൾ തിരുവാതിരകളി പഠിച്ചതാ. അച്ഛൻ മരിച്ചതോടെയാ പഠിക്കാൻ പോക്ക്‌ വേണ്ടാന്ന്‌ വച്ചെ. തിരുവാതിരകളി പലപ്പോഴും തുടങ്ങുവാ സന്ധ്യയ്‌ക്കായിരിക്കും. അത്‌ തീരുമ്പം നന്നെ ഇരുട്ടും. അപ്പോ കൂട്ടിക്കൊണ്ടുവരാൻ ഇവളുടെ അച്ഛൻ പോവാർന്നു. അച്ഛന്റെ മരണത്തോടെ‘- അതോടെ രാധയുടെ അമ്മ വല്ലാതായി. ആ മുഖത്ത്‌ പെട്ടെന്ന്‌ കാർമേഘം വന്നടിയുന്നതുപോലെ. കണ്ണുകൾ നിറഞ്ഞു. അവർ - അടുക്കളയിലേയ്‌ക്ക്‌ പോയി.

’നീയാ മുറിയൊന്ന്‌ ശരിയാക്ക്‌. കുഞ്ഞവിടെ കിടക്കട്ടെ. പിന്നെ കുടിക്കാൻ കൊറെ വെള്ളം ആ കൂജയിൽ കൊണ്ട്‌ വയ്‌ക്ക്‌. മോൻ കെടക്കണേന്ന്‌ മുന്നെ അല്‌പം പാലും കുടിക്കണെങ്കി കുടിക്കാം. നമ്മുടെ നന്ദിനി പശുവിന്റെയാ.‘

’എനിക്കങ്ങനത്തെ ശീലൊന്നുമില്ല. പാൽ കിട്ടിയാൽ കുടിക്കണതിൽ സന്തേഷേ ഉള്ളു.‘

മാധവൻ അങ്ങനെ പറയണത്‌ കേട്ടതോടെ, രാധ അടുക്കളയിൽ പോയി ഒരു മഗ്ഗിൽ കുറെ പാലുമായി വന്നുകഴിഞ്ഞു.

’ഇത്‌‘ ഞാനാ മേശപ്പുറത്ത്‌ വച്ചേക്കാം.’

രാധയുടെ പിന്നാലെ, മാധവനും തനിക്കൊരുക്കിയ മുറിയിലേയ്‌ക്ക്‌ കയറി. കട്ടിലിൽ മെത്തപ്പായ്‌ - മീതെ ഒരു ഷീറ്റ്‌ ഒരു തലയണ. മുറിയിൽ ചുമരിനോട്‌ ചേർത്ത്‌ വച്ചിരിക്കണ മേശപ്പുറത്ത്‌ ചെറിയൊരു കൃഷ്‌ണവിഗ്രഹം. കൈകളിൽ ഓടക്കുഴൽ, ചുണ്ടിൽ നറുപുഞ്ചിരി. നെറുകയിൽ പീലി.

‘ഇത്‌ ശരിക്കും പീലിയാ.’

‘ങ്‌ഹാ - അതെ ഈ വിഗ്രഹം അച്ഛൻ മുമ്പ്‌ കൊണ്ട്‌വന്നതാ. ഒരിക്കൽ ദൂരെ ഏതോ പട്ടണത്തിൽ പോയപ്പോ വാങ്ങീതാ. ശരിക്കും കൃഷ്‌ണൻ തന്നെ...’

‘അതെങ്ങനെ ശരിക്കും കൃഷ്‌ണനാണെന്ന്‌ തോന്നി? രാധ ഇതിന്‌ മുമ്പ്‌ കൃഷ്‌ണനെ കണ്ടിട്ടുണ്ടോ?’

‘ഓ - കഥകളും കീർത്തനോം ഒക്കെ കേട്ടിട്ടുണ്ട്‌. കൊറെയൊക്കെ വായിച്ചിട്ടുണ്ട്‌. അപ്പേഴേ എന്റെ മനസ്സിൽ ഒരു കൃഷ്‌ണൻ കയറിക്കൂടി. അത്‌ തന്നെയാ ഇത്‌.’

മുറിയെല്ലാം കാണിച്ച്‌ കൊടുത്ത്‌ ഇറങ്ങാൻ നേരം രാധ മാധവനോട്‌.

‘അപ്പോ എന്നെ അവഗണിച്ചു. അല്ലേ?

’എന്ത്‌?‘

’അല്ല ഞാനൊന്നേ ആവശ്യപ്പെട്ടുള്ളു. ആ ഓടക്കുഴൽ വിളി.‘

’വേണ്ട - ഇപ്പോൾ ഈ രാത്രി സമയംവേണ്ട. നാളെ എത്രയോ സമയമുണ്ട്‌. ഞാൻ വായിക്കാം.‘ അല്‌പ നേരം നിർത്തിയിട്ട്‌.

മാധവൻ രാധയോട്‌.

’പാട്ട്‌ നന്നാവണെങ്കിൽ രാധ നൃത്തം ചെയ്യണം.‘

’നൃത്തോ-?

‘തന്നെ - ഓടക്കുഴൽ വായിക്കുമ്പോൾ ഒരാള്‌ നൃത്തം ചെയ്യുന്നുണ്ടെങ്കിൽ അതൊരു കാഴ്‌ചയായിരിക്കും.’

‘എന്റേതിന്‌ നൃത്തമെന്നെങ്ങനെ പറയുവാ? തിരുവാതിരകളി കുറേയൊക്കെ അറിയാം - അല്ലാതെ - പിന്നെ ഇവിടൊരമ്പലമുണ്ട്‌. ആ അമ്പലത്തിനോട്‌ ചേർന്ന്‌ ഒരു വീട്ടിൽ ഒരു മാസ്‌റ്റർ താമസമുണ്ട്‌. അവിടെ കുറെ പിള്ളേരെ പഠിപ്പിക്കണ കണ്ടിട്ടുണ്ട്‌. കുറേനേരം നോക്കി നിന്നിട്ടുണ്ട്‌. ചിലപ്പോഴൊക്കെ - അല്ലാതെ - എനിക്കൊന്നുമറിയില്ല.’

മാധവന്റെ മുഖത്തൊരു പുഞ്ചിരി, എന്തോ കുസൃതിത്തരം ഒപ്പിക്കുന്ന ഒന്നായിട്ടാണ്‌ രാധയ്‌ക്ക്‌ തോന്നിയത്‌.

‘എന്താ -?

’ഏയ്‌ - രാധ നന്നായി നൃത്തം ചെയ്യും. എനിക്കൊറപ്പാ ഞാനോടക്കുഴൽ വിളിക്കുമ്പം ഒരാള്‌ നൃത്തം ചെയ്യാനുണ്ടെങ്കിൽ രണ്ടും മികച്ചതാവും. ഓടക്കുഴൽ വായനയും നൃത്തവും.‘

രാധ ഒന്നും മിണ്ടിയില്ല. പുഞ്ചിരിച്ചോണ്ടു നിന്നതേയുള്ളു.

’എന്താരാധേ - പായൊക്കെ വിരിച്ചില്ലെ - ഇനി ആ കുഞ്ഞൊറങ്ങട്ടെ. അത്‌ പട്ടണത്തീന്ന്‌ വന്നതല്ലെ. ക്ഷീണം കാണും.‘

രാധ - നാളെ കാണാമെന്ന്‌ പറഞ്ഞ്‌ അമ്മയുടെ അടുക്കലേയ്‌ക്ക്‌ പോയി.

Previous Next

പ്രിയ കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.