പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > രാധാമാധവം > കൃതി

പതിനൊന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ കെ

രാധാമാധവം

‘രാധേ - നീ സൂക്ഷിക്കണം. നിന്റെ വീട്ടിലെ ആ അതിഥി - അങ്ങനല്ലേ - നീ പറയണെ - അവനവിടെയാ പുഴക്കടവിൽ വച്ചു ഒരുവനെ അടിച്ചോടിച്ചു. സംഗതി ശരിയാ - അവനിട്ട്‌ രണ്ട്‌ കൊടുക്കേണ്ട സമയം കഴിഞ്ഞു. പെണ്ണുങ്ങൾ കുളിക്കണ കടവിൽ ചെന്ന്‌ ആഭാസം പറയുക - ചില മെയ്‌ വഴക്കങ്ങൾ കാണിക്കുക. ലങ്കോട്ടി മാത്രം ധരിച്ചുള്ള അഭ്യാസമാണത്രെ അധികവും, പിന്നെ സമീപത്ത്‌ ഓട്ടുപാത്രത്തിൽ നിന്ന്‌ എണ്ണയെടുത്ത്‌ ദേഹമാസകലം തേച്ചുപിടിപ്പിക്കുന്ന രീതി എങ്ങനെയെന്ന്‌ വിശദീകരിക്കുക - ഇതൊക്കെയാണ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നത്‌. നാട്ടിലെ ഒരു ജന്മികുടുംബത്തിലെ അംഗമായതുകൊണ്ട്‌ ആരും പരാതിയുമായി ഒരിടത്തും പോയില്ല. ക്ഷേത്രത്തിന്‌ മുന്നിലെ കടവിൽ പാടില്ലെന്നേ ദാമുവാശാനും നമ്പീശനും പറയുന്നുള്ളു.’

ക്ഷേത്രത്തിന്‌ മുന്നിലെ കടവിലേയ്‌ക്ക്‌ കുളിക്കാനായി സ്‌ത്രീകൾ മാറിയപ്പോൾ ജന്മി സന്തതി അവിടെയും ചെന്നിരിക്കും അഭ്യാസവുമായിട്ട്‌.

സ്‌ത്രീകളധികവും കുളിക്കടവിലേയ്‌ക്കിറങ്ങികഴിയുമ്പോഴാണ്‌ പയ്യന്റെ വരവ്‌. അംഗരക്ഷകനായി ഒരുവൻ കൂടെയുണ്ടാകും. അവന്റെ ജോലി, പുഴക്കടവിൽ വച്ച്‌ എണ്ണയിടാൻ നേരത്ത്‌ അയാളുടെ വസ്‌ത്രങ്ങൾ അഴിച്ചുമാറ്റി സൂക്ഷിക്കുക എന്നതാണ്‌. ഒരു വ്യാഴാഴ്‌ച ദിവസമാണ്‌ മാധവൻ കാണാനിടയാവുന്നത്‌. തന്റെ നാദോപാസന സമയത്ത്‌ - അമ്പലത്തിൽ ഈറൻ വസ്‌ത്രത്തോടെ നിരവധി സ്‌ത്രീകൾ കടവിൽ നിന്നും കുളിച്ചുവരുന്നത്‌ അവൻ കണ്ടിട്ടുണ്ട്‌. മദ്ധ്യവയസ്‌കയായ കല്യാണിക്കുട്ടിയമ്മ - നാട്ടിൻപുറത്ത്‌ തിരുവാതിരകളി പഠിപ്പിക്കുന്ന ആളാണ്‌. വ്യാഴാഴ്‌ച ദിവസങ്ങളിൽ മാധവന്റെ മുന്നിൽ ആ വേണുനാദം കേൾക്കാൻ എങ്ങനെയുമെത്തും. പക്ഷേ, അവരും പുഴക്കടവിൽ കുടുങ്ങിയിരിക്കുന്നു. പുഴക്കടവിന്‌ മുകളിൽ വച്ച അവരുടെ വസ്‌ത്രം ഈ ജന്മി സന്തതി തന്റെ സിൽബന്ധിയെവിട്ട്‌ എടുപ്പിച്ചിരിക്കുന്നു. വാസ്‌തവത്തിൽ അയാൾക്ക്‌ പുഴയിൽ നീരാടുന്ന ഏതെങ്കിലും പെൺകുട്ടിയുടെയായിരിക്കുമെന്ന ധാരണയായിരുന്നു. കുളികഴിഞ്ഞ്‌ കയറിയ കല്യാണിക്കുട്ടിയമ്മയ്‌ക്ക്‌ അടിവസ്‌ത്രത്തോടെ പുഴക്കടവിൽ തന്നെ നിൽക്കാനേ ആയുള്ളു.

മാധവന്റെ നാദോപാസന കഴിഞ്ഞ്‌ ശ്രീകോവിലിന്‌ മുന്നിൽ തരുണിമണികൾ ഒന്നോ രണ്ടോ പേർ മാത്രം - പിന്നെ അവിടെയുള്ളവർ കുറെ പുരുഷന്മാർ - അധികവും പ്രായം ചെന്നവർ. ഓടക്കുഴൽ എളിയിൽ തിരുകി ക്ഷേത്രമുറ്റത്തേയ്‌ക്കിറങ്ങാൻ നേരമാണ്‌ പുഴക്കടവിലെ ജന്മിയുടെ മകന്റെ വിക്രിയകളെക്കുറിച്ച്‌ ഒരുവൻ പറയുന്നത്‌ കേൾക്കാനായത്‌. പെണ്ണുങ്ങളെല്ലാം കടവിൽ കുടുങ്ങിപ്പോയത്രെ. പലരും കുളികഴിഞ്ഞ്‌ കയറിയെങ്കിലും നനഞ്ഞവസ്‌ത്രത്തോടെ എങ്ങനെകയറിവരും? അവരുടെ വസ്‌ത്രങ്ങളെല്ലാം പടവിൽ. പേരിന്‌ മാത്രം അരക്കെട്ടിലെ ലങ്കോട്ടിധരിച്ച്‌ സർക്കസഭ്യാസം നടത്തുന്ന തെമ്മാടിപ്പയ്യന്റെ മുന്നിൽക്കൂടി വരേണ്ടിവരും. കല്യാണിയമ്മയ്‌ക്കാണെങ്കിൽ ഉടുവസ്‌ത്രമാണ്‌ നഷ്‌ടമായിരിക്കുന്നത്‌.

ക്ഷേത്രമുറ്റത്ത്‌ - മതിലിനരികിൽ വന്ന്‌ താഴോട്ടു നോക്കിയാൽ പുഴക്കടവിലെ ദയനീയത പേറുന്ന മുഖഭാവവുമായി നിൽക്കുന്ന പെൺകുട്ടികളെ കാണാം. ചിലർ പുഴയിൽ തന്നെ ഏറെക്കുറെ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. അവരൊക്കെ ഒരു ഭയാശങ്കയോടെയാണ്‌ ജന്മി സന്തതിയെ നോക്കുന്നത്‌. പക്ഷേ - ആഭാസചിരിയും ശൃംഗാരഭാവവും പിന്നെ അകമ്പടിക്കാരനായ്‌ വന്നവരോട്‌ ചില വഷളത്തരം പറഞ്ഞും സ്വയം ചിരിച്ചും - എന്നിട്ട്‌ താഴോട്ടുനോക്കി.

‘വേഗം കയറിപ്പോവിൻ - എന്നിട്ടുവേണം -എനിക്ക്‌ നീരാടാൻ-“ എന്ന്‌ പറയുന്നവന്റെ മുഖത്തേയ്‌ക്ക്‌ നോക്കാനാവാതെ അവർ ചൂളുന്നു. പിന്നീടവൻ പറയുന്നത്‌ വേറൊന്നാണ്‌.

’അല്ല - നിങ്ങള്‌ കയറണമെന്നില്ല. എന്താ - എനിക്കും നിങ്ങളോടൊപ്പം നീരാടല്ലോ-‘

ആ സമയത്താണ്‌ മാധവന്റെ വരവ്‌. എളിയിലെ ഓടക്കുഴൽ മതിലിന്‌ മുകളിൽ വച്ച്‌ - എടുത്തടിച്ചവണ്ണം ചാടിയിറങ്ങിയ അയാൾ - സേവകനായി വന്നവന്റെ കയ്യിൽ നിന്നും മുണ്ട്‌ ബലമായെടുത്ത്‌ കല്യാണിക്കുട്ടിയമ്മയ്‌ക്ക്‌ എറിഞ്ഞു കൊടുത്തു.

’എടാ - നീയാരാ - എന്റെ കയ്യീന്ന്‌ -‘ സേവകന്‌ മുഴുവനാക്കാൻ പറ്റിയില്ല - പടക്കം പൊട്ടുന്ന പോലെ കരണക്കുറ്റിക്കൊന്നു കൊടുത്തു. അതോടെ അയാൾ നിലത്ത്‌ വീണു. എഴുന്നേൽക്കാനായി ശ്രമിച്ച അവന്റെ കാലിനിട്ട്‌ തന്നെ കൊടുത്തു, ഇത്തവണ കാല്‌ മടക്കിയൊരു തൊഴിയായിരുന്നു.

അപ്പോഴാണ്‌ ജന്മിപ്പയ്യന്റെ ആക്രോശം.

’ഓ- നീയാണാ കുഴലൂത്തുകാരൻ. അന്യനാട്ടീന്ന്‌ തല്ലിയോടിച്ചപ്പോൾ അഭയം തേടിവന്ന പീറ. ഇപ്പോ നീ കൈവച്ചതാരെയാ - അവനിട്ട്‌ കൈവച്ചാ - അതെനിക്കിട്ട്‌ വച്ചപോലെയാ മനസ്സിലായോടാ എരപ്പെ?‘ മാധവന്‌ തെല്ലുമില്ല കൂസൽ. അയാൾ ജന്മിസന്തതി നിൽക്കുന്ന പടവിനോട്‌ ചേർത്ത്‌ വച്ച വസ്‌ത്രങ്ങളെടുത്ത്‌ താഴെ പുഴയിൽ നിൽക്കുന്നവരും കുളികഴിഞ്ഞ്‌ നിൽക്കുന്നവരുമായ സ്‌ത്രീകൾക്ക്‌ എറിയാൻ തുടങ്ങുമ്പോഴാണ്‌ കൈയിൽ കയറിപിടിക്കുന്നത്‌ ’നീയാരാ -? ഇവരുടെ വാല്യക്കാരനാ? ഇവരുടെ തുണിയഴിച്ച്‌ നിൽക്കുമ്പോ കാവൽ നിൽക്കണ പട്ടിയാ-!‘

പിന്നൊന്നും പറയാനവസരം കിട്ടിയില്ല. അതിനുമുന്നേ മാധവന്റെ കൈ ലങ്കോട്ടിയോട്‌ ചേർത്ത്‌ പിടിച്ച്‌ മറ്റെക്കൈകൊണ്ട്‌ ശരിക്കും മുഷ്‌ടിചുരുട്ടി ഒരുപ്രയോഗം. എടുത്ത്‌ ചാടീ മാധവനീപ്രയോഗം ചെയ്യുമെന്നവൻ വിചാരിച്ചില്ല. മാത്രമല്ല, മാധവനേക്കാൾ തടിയും തന്റേടവും അവനാണ്‌ താനും. അവൻ ശരിക്കും ഒന്ന്‌ പെരുമാറിയാൽ മതി മാധവൻ പടവിൽ ഹേമദണ്ഡമേറ്റ്‌ എഴുന്നേൽക്കാൻ പോലുമാവാതെ കിടക്കുകയേ ഉള്ളു. പക്ഷേ മാധവന്റെ പ്രയോഗം മർമ്മം നോക്കിയുള്ള ഒന്നായിരുന്നു. ജന്മിപ്പയ്യൻ ഒരു കൈകൊണ്ട്‌ അരക്കെട്ടിലമർത്തി. ’അയ്യോ- അയ്യോ- ‘ എന്നൊച്ചയിട്ടു താഴെയിരുന്നുപോയി. പിന്നെ ഇടതുകൈകുത്തി എഴുന്നേൽക്കാനുള്ള ശ്രമമായിരുന്നു. ഇത്തവണ മാധവൻ ശരിക്കും അവന്റെ അരക്കെട്ടിന്‌ തന്നെ ആഞ്ഞൊരുതൊഴി. അവൻ നിലത്തു വീണു, പിന്നെ ഒന്ന്‌ രണ്ട്‌ പടവ്‌ താഴോട്ട്‌ ഉരുണ്ടു. അയ്യോ - എന്റെമ്മേ -’ അവൻ നിലവിളിക്കാൻ തുടങ്ങി. അവന്റെ അടിവയറും മാധവന്റെയീ രണ്ട്‌ പ്രയോഗങ്ങളോടെ കലങ്ങി എന്നത്‌ വ്യക്തം. അവനിത്‌ വേദനയെക്കാളേറെ നാണക്കേടാണുണ്ടാക്കിയത്‌. മാധവന്റെ മുഷ്‌ടിചുരുട്ടിയുള്ള ഇടിയും പിന്നീടുള്ള തൊഴിയും കൊണ്ടത്‌ ശരിക്കും കേന്ദ്രസ്‌ഥാനത്ത്‌ തന്നെ. കിടന്നകിടപ്പിൽ എത്ര കിടക്കേണ്ടിവരും എന്നതിലുപരി - പട്ടാപ്പകൽ - നാട്ടുകാരുടെ മുന്നിൽ - അതും സ്‌ത്രീകളുടെ മുന്നിൽവച്ച്‌ തന്നെ കൊള്ളേണ്ടിവന്നതിലെ നാണക്കേടാണ്‌. ഒരാൾപോലും അവന്റെയീകിടപ്പ്‌ കണ്ട്‌ സഹതാപത്തോടെ നോക്കിയില്ല എന്നതിലുപരി, ആരും അവിടെ വന്നവനെ എഴുന്നേല്‌പിക്കാനോ മാധവനെ ശാസിക്കാനോ മുന്നോട്ട്‌ വന്നില്ല എന്നതാണ്‌.

അധികം താമസിയാതെ തന്നെ ചെറിയൊരാൾക്കൂട്ടം അവിടെ വന്നു ചേർന്നു. ഇതിനിടയിൽ ക്ഷേത്രക്കമ്മറ്റി ഓഫീസിൽ നിന്നും രണ്ടുപേർ വന്നു. ആരോ വിവരം അറിയിച്ചതിനെതുടർന്ന്‌ ദാമുവാശാനും സ്‌ഥലത്ത്‌ വന്നു.

എല്ലാവരും മനസ്സ്‌കൊണ്ട്‌ മാധവനെ അഭിനന്ദിക്കുകയായിരുന്നു. പക്ഷേ നാട്ടിലെ വലിയ ധനാഢ്യന്റെ മകനാണ്‌. അവനെ കേൾക്കെ മാധവനോട്‌ നല്ലവാക്ക്‌ പറയാൻ പറ്റില്ല.

ഒരു നാട്ടുമര്യാദയുടെ പുറത്താണ്‌, ദാമുവാശാൻ ഒരു സൈക്കിൾ റിക്ഷ കൊണ്ടുവരാൻ ഏർപ്പാടു ചെയ്‌തത്‌. സൈക്കിൾ റിക്ഷവന്നതോടെ രണ്ട്‌ മൂന്ന്‌ പേർ ചെന്ന്‌ ജന്മിസന്തതിയെ താങ്ങിയെടുത്ത്‌ വണ്ടിയിലിരുത്തി. ദാമുവാശാൻ പറഞ്ഞിട്ട്‌ വളരെ ആയാസപ്പെട്ടാണ്‌ അകമ്പടിക്കാരൻ അയാളെ മുണ്ടുടുപ്പിച്ചത്‌. മുണ്ടുടുപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൻ വേദനകൊണ്ടു പുളയുകയായിരിന്നു. അടിവയറ്റിനും അരക്കെട്ടിനുമേറ്റ തൊഴിയും പടവിൽ തല്ലിയലച്ചുള്ള വീഴ്‌ചയും - അത്ര ഭീകരമായിരുന്നു.

സൈക്കിൾ റിക്ഷയിൽ കയറി അവർ മറഞ്ഞു കഴിഞ്ഞപ്പോൾ ദാമുവാശാൻ മുന്നോട്ട്‌ വന്നു മാധവന്‌ കൈകൊടുത്തു പറഞ്ഞു ‘ഒരു നല്ല കാര്യം നീ ചെയ്‌തു. ഈ അമ്പലക്കടവിൽ പെണ്ണുങ്ങൾക്ക്‌ പേടിക്കാതെ കുളിക്കാമെന്നായി. നിന്നെയീ സമയത്ത്‌ കൊണ്ടുവന്നത്‌ കണ്ണൻ തന്നെയാ.’ പിന്നെ അയാൾതിരിഞ്ഞ്‌, അമ്പലത്തിൽ നടയടക്കുന്നതിന്‌ മുന്നേ ഓടിപ്പിടഞ്ഞ്‌ ഭഗവൽ ദർശനം കഴിഞ്ഞ്‌ വന്ന സ്‌ത്രീകളെ നോക്കി പറഞ്ഞു. ‘നിങ്ങളുടെ ഭാഗത്തും കുറെ തെറ്റുണ്ട്‌. ഉടുതുണിമുഴവനോടെ ഉരിഞ്ഞിട്ട്‌ പുഴയിൽ ചാടും - അതിനും കൂടിയുള്ള താക്കീതാ ഇന്നത്തെയീ സംഭവം.’

ജന്മി സന്തതി എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിക്കുമെന്ന്‌ ഭയന്നെങ്കിലും ഒന്നുമുണ്ടായില്ല. അവന്റെ അച്ഛനും അമ്മയും സത്യത്തിൽ അവനെയെങ്ങനെ നേർവഴിക്കു കൊണ്ടുവരാൻ പറ്റുമെന്ന്‌ ആലോചിച്ച്‌ തീ തിന്നുകയായിരുന്നു. ഓരോ ദിവസവും കേൾക്കുന്ന വാർത്തകളും ആവലാതികളും കേട്ട്‌ പലതവണ അവനെ ഉപദേശിച്ചെങ്കിലും ഫലമില്ലാത്ത അവസ്‌ഥയിൽ ഇനി വരണേടത്ത്‌ വച്ച്‌ കാണാം എന്ന തീരുമാനത്തിലായിരുന്നു. മാധവന്റെ പ്രയോഗം കുറെ കടന്നതായി അവർക്ക്‌ തോന്നിയെങ്കിലും, അവനെങ്കിലും തങ്ങളുടെ മോനെ നിലയ്‌ക്ക്‌ നിർത്താൻ പറ്റിയല്ലോ എന്ന്‌ അകമേ ആശ്വസിക്കുകയായിരുന്നു. പക്ഷേ അതവർ പ്രകടമാക്കിയില്ലെന്ന്‌ മാത്രം.

മോനേം കൊണ്ട്‌ നഗരത്തിലെ ഒരാശുപത്രിയിലേക്കാണവർ പോയത്‌. കുറെ ദിവസം അവനവിടെ കിടക്കട്ടെ. എന്നാലേ മര്യാദപഠിക്കൂ. മാത്രമല്ല, ഈ ചികിത്സ കഴിയുമ്പോൾ - അവൻ നിർത്തിവച്ച പഠിത്തം തുടങ്ങണമെന്ന്‌ തോന്നിയാലോ? അതും അവനെ നഗരത്തിലെ ആശുപത്രിയിലേയ്‌ക്കയക്കുമ്പോൾ അവരുടെ മനസ്സിലുണ്ടായിരുന്നു.

പിന്നെയും മാധവനെപ്പറ്റി പലരും പലതും പറയാൻ തുടങ്ങി. അവൻ നടക്കണവഴിക്ക്‌ ഓടക്കുഴൽ വിളിക്കുമ്പോൾ വഴിയരികിലുള്ള വീടുകളിലെ പെണ്ണുങ്ങൾ ചെയ്‌തുകൊണ്ടിക്കുന്ന ജോലി കളഞ്ഞ്‌ നേരെ റോഡിലേയ്‌ക്ക്‌ വരുന്നു. അടുപ്പത്ത്‌ പാല്‌ തിളപ്പിക്കാൻ വയ്‌ക്കുന്നവരും, കുഞ്ഞിനെ കുളിപ്പിക്കുന്നവരും, തുണി നനയ്‌ക്കുന്നവരും എല്ലാം - പാതിവഴിയിലാക്കിയിട്ട്‌, മാധവന്റെ നാദോപാസന കേൾക്കാൻ പോണു. ഇവിടെ പരാതിയെല്ലാം ആണുങ്ങൾക്കാണ്‌. പക്ഷേ എങ്ങനെ അവന്റെ മുന്നിലിക്കാര്യം പറയും. അമ്പലക്കമ്മറ്റിക്കാരും പഞ്ചായത്ത്‌ പ്രസിഡന്റും കരയോഗക്കാരും - എല്ലാം മാധവന്റെ ഒപ്പമാണ്‌. അവൻ പശുക്കളെയും കൊണ്ടുപോകുമ്പോൾ അവറ്റകളെ നിലയ്‌ക്ക്‌ നിർത്താൻ ഓടക്കുഴൽ വായിക്കുന്നതല്ലെ ഉള്ളു? അല്ലാതെ വീടുകളിലെ സ്‌ത്രീകളെ അവൻ ക്ഷണിക്കുന്നില്ലല്ലൊ. സ്വന്തം പെണ്ണുങ്ങളെ നിലയ്‌ക്ക്‌ നിർത്താൻ കഴിവില്ലാത്തവർ മാധവന്റെ നേരെ മെക്കിട്ട്‌ കേറീട്ടെന്തിന്‌?

മാധവനെപ്പറ്റി പരാതി പറയുന്നത്‌കൊണ്ട്‌ പ്രയോജനമില്ലെന്നായപ്പോൾ അവരെല്ലാം രാധയുടെ നേർക്കായി ആക്രോശം - ‘രാധ എന്ത്‌ ഭാവിച്ചോണ്ടാ? പെണ്ണുങ്ങളെ വഴിതെറ്റിക്കണ പണിയല്ലെ അവള്‌ കാട്ടണെ? കൂടെയൊരുത്തനെ പൊറുപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ- വീണ്ടും പ്രശ്‌നം ദാമുവാശാന്റെയും നമ്പീശന്റെയും അടുക്കലെത്തി. മാധവൻ വഴിവിട്ട്‌ പോകില്ല എന്നവർക്കുറപ്പുണ്ടെങ്കിലും - നാല്‌ പേര്‌ കേട്ടാൽ കുറ്റം പറയുക രാധയെ ആയിരിക്കും. രാധയ്‌ക്ക്‌ ഒരുവൻ വരുന്നത്‌ വരെ അവനവിടെ നിൽക്കട്ടെ എന്നായിരുന്നെങ്കിലും - അവൾക്കൊരുവൻ വരുന്നത്‌ എന്നാണെന്ന്‌ എങ്ങനെ കണക്കുകൂട്ടാൻ പറ്റും? എങ്കിലും ദാമുവാശാൻ ഒരിക്കൽ മാധവനെ വിളിച്ചുപദേശിച്ചു.

’മാധവാ - നീ രാധയുടെ വീട്ടിൽ താമസിക്കുന്നത്‌ തന്നെ ഇവരെതിരാ. പക്ഷേ, അവർക്കത്‌ നിന്നോട്‌ പറയാനാവുന്നില്ല. കാരണം നീ അവർക്ക്‌ വേണ്ടപ്പെട്ടവനായിക്കഴിഞ്ഞു. പുഴക്കടവിൽ ആഭാസം കാണിച്ചവനെ അടിച്ചുതുരത്തിയതോടെ അവർക്ക്‌ നിന്നോട്‌ മതിപ്പാണ്‌. നീ എങ്ങനേം അവൾക്കൊരാളെ കണ്ടുപിടിക്കാൻ ഞങ്ങളെ സഹായിക്കണം. പറഞ്ഞു കഴിഞ്ഞപ്പോഴാണ്‌ ദാമുവാശാൻ അയ്യടാന്നായത്‌. അന്യനാട്ടുകാരനായ ഈ പയ്യന്‌ എങ്ങനെ അവൾക്ക്‌ പറ്റിയ ഒരാളെ കണ്ടെത്താനാകും? ആ ചിന്ത വന്നതോടെ ദാമുവാശാൻ തുടർന്നൊന്നും മാധവനോട്‌ ചോദിച്ചില്ല.

അവസാനം ദാമുവാശാന്റെ നിർബന്ധത്തിന്‌ വഴങ്ങി കല്യാണിക്കുട്ടിയമ്മ രാധയുടെ വീട്ടിൽ രാത്രികിടക്കാമെന്ന്‌ സമ്മതിച്ചു. ഒറ്റ നിർബന്ധനയേ അവർ മുന്നോട്ട്‌ വച്ചുള്ളു. വെളുപ്പിനെ - നേരം പുലരുന്നതിന്‌ മുന്നേ അവരെ അവരുടെ വീട്ടിലെത്തിക്കണം. ഇടവഴിയിലൂടെയുള്ള യാത്രയായതുകൊണ്ട്‌, അവർക്കൊരു സഹായിയായി മാധവൻ കൂടെ വരണം.

മാധവന്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നും ബ്രാഹ്‌മമുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കുന്ന സ്വഭാവമുള്ളത്‌ കൊണ്ട്‌, പുഴയിൽ പോയി കുളിച്ച്‌ വരുമ്പോഴേയ്‌ക്കും കല്യാണിക്കുട്ടിയമ്മ തയ്യാറായിരുന്നാൽ മതി. അവരെ വീട്ടിൽ വിട്ടിട്ട്‌ അമ്പലത്തിലേയ്‌ക്ക്‌ ചെല്ലും. അപ്പോൾ നടതുറന്നിരിക്കും. ഇനി ഇപ്പോൾ എന്നും വെളുപ്പിനെ അമ്പലത്തിന്‌ മുന്നിൽ വച്ച്‌ വേണുഗാനമുതിർക്കുക എന്നത്‌ മാധവന്റെ ഒരു ചര്യയായി മാറിയ സന്തോഷമാണ്‌ മനസ്സിൽ.

Previous Next

പ്രിയ കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.