പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > രാധാമാധവം > കൃതി

പത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ കെ

രാധാമാധവം

രാത്രി സമയം. മാധവൻ അവനൊരുക്കിയ മുറിയിലേയ്‌ക്ക്‌ പോകുന്നു. ഉത്സവപ്പറമ്പിൽ നിന്നും വന്നപാടെ, ധരിച്ചിരുന്ന വേഷം മാറ്റാതെ നേരെ കട്ടിലിലേയ്‌ക്ക്‌ കയറി കിടക്കാനുള്ള ശ്രമമാണ്‌. സ്‌റ്റേജിൽ ധരിച്ചിരുന്ന മഞ്ഞവസ്‌ത്രം, തലയിൽ കെട്ടിയിരുന്ന ചെറിയ തുണിക്കഷ്‌ണം - അതിൽ തിരുകിയ പീലികൾ - ഒന്നും അഴിച്ച്‌ മാറ്റാതെയുള്ള കിടത്തമാണ്‌. എന്താ മാധവാ ഇത്‌? വേഷം പോലും മാറാതെ- പിന്നെ നീയിന്നെന്തെങ്കിലും കഴിച്ചോ? സ്‌റ്റേജിൽ കയറുന്നതിന്‌ മുന്നേ കഴിച്ച പാലും പഴവുമല്ലാതെ - വാ - ഭക്ഷണം എന്തെങ്കിലും കഴിച്ചിട്ട്‌ കിടക്കാം.

‘വേണ്ട - എനിക്ക്‌ വിശപ്പ്‌ തോന്നണില്ല, വല്ലാത്തക്ഷീണം കിടക്കട്ടെ-

രാധ സമ്മതിക്കുന്നില്ല. അല്‌പം അധികാരഭാവത്തിൽ എന്നാൽ സ്‌നേഹം കലർന്ന ശാസനയോടെ -

’എന്താ കണ്ണാ ഇത്‌? ഭക്ഷണം കഴിക്കാതെ കിടന്നാൽ അതിന്റെ ക്ഷീണം നാളെയുണ്ടാവും. അല്ലെങ്കിൽ വേണ്ട - നാളെ ഒരു ദിവസം പശുക്കളിവിടെ ആലയിൽത്തന്നെ കിടക്കട്ടെ - ന്നാലും എന്തെങ്കിലും കഴിച്ചേ കിടക്കാൻപറ്റൂ.‘ മാധവൻ സഹികെട്ടെന്നോണം തിരിഞ്ഞിട്ട്‌.

’എന്താ രാധെ ഇത്‌? വിശപ്പില്ലെങ്കിൽ എങ്ങനെ കഴിക്കാനാകും? രാധകഴിക്ക്‌ - ന്നിട്ട്‌ കെടക്കാൻ നോക്ക്‌.‘

-വേണ്ട എനിക്കൊറ്റയ്‌ക്കൊന്നും വേണ്ട.’ ‘ഛേയ്‌ - എന്തായിത്‌ കൊച്ചു കുട്ടികളെപോലെ. ഞാൻ സ്‌റ്റേജിൽ കേറണേന്‌ മുന്നേ ദാമുവാശാൻ കൊണ്ട്‌ തന്ന പാല്‌ കഴിക്കണത്‌ നീയും കണ്ടതല്ലെ? രാധയോ വൈകിട്ടെന്തെങ്കിലും കഴിച്ചോ? - എനിക്ക്‌ തീർത്തും വിശപ്പില്ലാഞ്ഞിട്ടാ- രാധ ഒന്നും മിണ്ടിയില്ല. അടുക്കളവാതിൽ അടച്ചിട്ട്‌ അവളുടെ മുറിയിലേക്ക്‌ പോവാൻ തുടങ്ങുന്നു, മാധവൻ പെട്ടെന്ന്‌ ചാടിയെഴുന്നേറ്റ്‌ രാധയെ പിടിച്ച്‌ അടുക്കളയിലേക്ക്‌ കൊണ്ടുപോയി.

’അങ്ങനെ - വാശി പാടില്ല. ഞാൻ കഴിക്കാണ്ടിരിക്കേണന്‌ കാര്യമുണ്ട്‌. അത്‌പോലാണോ - രാധ-?‘

’ഹും - എന്ത്‌ കാര്യം? ഇത്തിരി പാലും ഒരു പഴോം കഴിച്ചെന്ന്‌ പറഞ്ഞ്‌ അത്താഴപ്പട്ടിണി കെടക്കണ്ട. അല്ല പട്ടിണി കെടക്കുവാണേൽ രണ്ടുപേർക്കും ഒരുമിച്ച്‌ കെടക്കാം.‘

അവസാനം രാധയുടെ പിടിവാശി തന്നെ ജയിച്ചു. മാധവനും രാധയോടൊപ്പം അടുക്കളയിലേക്കു നീങ്ങി. ഭക്ഷണം കഴിഞ്ഞിട്ട്‌ രാധ കിടക്കാനായി പായും തലയണയുമായി മാധവന്റെ മുറയിലോട്ടാണ്‌ വന്നത്‌. മാധവന്‌ ദേഷ്യമോ സങ്കടമോ - എന്താണ്‌ മുമ്പിട്ട്‌ നിൽക്കുന്നതെന്ന്‌ നിശ്ചയമില്ലാതായി.

’രാധെ - എന്ത്‌ ഭാവിച്ചോണ്ടാ ഇത്‌ ശരിയാണോ? ഒരു മുതിർന്ന പെൺകുട്ടിയോടൊപ്പം ഒരു മുറിയിൽ കഴിയാൻ ഇതിനൊക്കെ ഞാനെന്ത്‌ തെറ്റാ ചെയ്‌തെ? ‘എന്താ തെറ്റൊന്നൊക്കെ പറയണൊ? മാധവനറിയ്യോ അവിടെയാ മുറിയിൽ ഒറ്റയ്‌ക്ക്‌ കഴിയാനെനിക്ക്‌ പേടിയാ - അമ്മ നമ്മെ വിട്ടുപോയേപ്പിന്നെ ഇക്കഴിഞ്ഞ ദിവസങ്ങളൊക്കെ ഞാൻ പേടിച്ചാ കഴിഞ്ഞെ’ ശരിക്കും ഞാനുറങ്ങിയിട്ടില്ല. ഇത്‌ മാധവനറിയേണ്ടതല്ലെ?

‘രാധയീ ചെയ്യുന്നത്‌ ശരിയാണെന്ന്‌ തോന്നുന്നുണ്ടോ? നമുക്ക്‌ നമ്മുടെതായ ചുറ്റുപാടുകൾ നോക്കണം. നാട്ടുകാരെക്കൊണ്ട്‌.-’

‘ങഹും - നാട്ടുകാർ - അമ്മയുടെ ജഡം ചിതയിലേക്കെടുക്കണ നേരം മാധവനെ അടുപ്പിക്കാതിരിക്കാനാ അവർ നോക്കിയേ-’

‘അതേ - അത്‌ രാധയ്‌ക്കറിയാവുന്നതല്ലെ? അന്ന്‌ ദാമുവാശാനും കരപ്രമാണിമാരും എനിക്ക്‌ വേണ്ടി നിന്നു. പക്ഷേ എല്ലാ കാര്യത്തിനും.

രാധ നിറമിഴികളോടെ മാധവനെ നോക്കുന്നു. അവളുടെയാ നോട്ടത്തിൽ തന്നെ മാധവൻ വല്ലാതായി. രാധയുടെ അമ്മ മരിക്കാൻ നേരം തന്നോട്‌ പറഞ്ഞവാക്കുകൾ - പിന്നെ ദാമുവാശാന്റെ ഉപദേശം- പിന്നെ അനുനയത്തിൽ.

’അല്ല - എനിക്ക്‌ രാധയെ അറിയാം. രാധയ്‌ക്കെന്നെയും അറിയാം. നാട്ടുകാരിൽ ചിലർക്കെങ്കിലും ഞാനിവിടെ തങ്ങുന്നതിൽ എതിർപ്പുണ്ട്‌ - അതോണ്ടാ-‘

’ന്ന- ധൈര്യമായിതന്നെ കേട്ടോളൂ - നാട്ടുകാരുടെ എതിർപ്പ്‌ ഇന്നത്തെ മാധവന്റെ കച്ചേരിയോടെ തീർന്നു. ഇനി ഒണ്ടാവില്ല ഒറപ്പ്‌.‘

’അതേറെക്കുറെ ഞാനും മനസ്സിലാക്കിയിട്ടുണ്ട്‌. ഇനിയിപ്പോൾ ഞാനിവിടെ കുറെനാൾ താമസിക്കുന്നതിന്‌ ആരും വലിയ വായിൽ പറയില്ലായിരിക്കും. പക്ഷേ അതല്ല പ്രശ്‌നം-‘ മാധവന്റെ ഉള്ളിൽ എന്തൊക്കെയോ വികാരവിചാരങ്ങൾ തിങ്ങിവിങ്ങുന്നുണ്ട്‌. അത്‌ എങ്ങനെ രാധയെ ധരിപ്പിക്കണമെന്ന വിഷമമാണവന്‌. എന്ത്‌കൊണ്ട്‌ ഇങ്ങോട്ട്‌ വന്നു? നഗരത്തിലെ സുഖസൗകര്യങ്ങൾ വിട്ട്‌ എന്തിന്‌ ഈ കുഗ്രാമത്തിലേയ്‌ക്കും - സഞ്ചരിക്കാൻ നല്ലൊരു റോഡുപോലുമില്ലാത്ത ഈ നാട്ടിലേയ്‌ക്കും വന്നു.? അപൂർവമായി വാഹനങ്ങൾ ഇതിലെ വരുമ്പോൾ- ഇവിടുളളവരുടെ ആഹ്ലാദവും തിമിർപ്പും കാണുമ്പോൾ ഈശ്വരാ ഇക്കാലത്തും ഇങ്ങനൊരു സ്‌ഥലം ഇവിടുണ്ടല്ലൊ എന്ന വിചാരമാണ്‌ മനസ്സിലേയ്‌ക്ക്‌ കടന്ന്‌ വരിക.

പക്ഷേ - നഗരത്തിലെ എല്ലാവിധ സൗകര്യങ്ങളുണ്ടായിട്ടെന്താ? കഴിഞ്ഞ ഏതാനും വർഷങ്ങളായി മനഃസമാധാനത്തോടെ കിടന്നുറങ്ങിയിട്ടുണ്ടോ? അച്ഛന്റെ മരണത്തോടെ വന്നുഭവിച്ചമാറ്റങ്ങൾ - അന്തഃഛിദ്രങ്ങളും കൊള്ളിവയ്‌പും കുതികാൽവെട്ടും - അങ്ങനെ പലതും. പണ്ടൊക്കെ അമ്മ പുരാണകഥകൾ വായിക്കുമ്പോൾ കേട്ടിട്ടുണ്ട്‌. അതൊക്കെ സംഭവിക്കുന്നവയാണെന്ന്‌ മനസ്സിലായത്‌ വളരെ താമസിച്ച്‌. നഗരത്തിലെ കലാലയ വിദ്യാഭ്യാസം പോലും പൂർത്തിയാക്കുന്നതിന്‌ മുന്നേ ഇട്ടെറിഞ്ഞു പോരേണ്ടി വന്നു.

അമ്മയെങ്ങനെ പിടിച്ചു നിൽക്കുന്നൂ? പക്ഷേ അമ്മയ്‌ക്കെന്തോ ഒരാത്‌മവിശ്വസമുണ്ട്‌. തന്റെ ജീവൻ സുരക്ഷിതമാണെന്ന്‌ - പക്ഷേ മകന്‌ അത്‌ പോലാവണമെന്നില്ലല്ലൊ. പല അഗ്നി പരീക്ഷണങ്ങളെയും അതിജീവിച്ചാണത്രെ താൻ കടന്ന്‌ പോന്നത്‌. കുഞ്ഞുനാളിൽ മുട്ടിലിഴയുന്ന പ്രായത്തിൽ പോലും പല അപകടങ്ങളിലും പെട്ടിരുന്നത്രെ. അമ്മ പറയുന്നത്‌ അന്ന്‌ അപകടങ്ങൾ മനപൂർവമെന്നോണം, ആരൊക്കെയോ ചേർന്ന്‌ വരുത്തിവച്ചതാണെന്നാണ്‌. കിരീടം വയ്‌ക്കാത്ത സാമ്രാജ്യാധിപതിക്കും മുന്നിൽ വന്നു ചേർന്നേക്കാവുന്ന വൈതരണികളെ തട്ടിത്തകർത്തേ പറ്റൂ. അവിടെ ബന്ധങ്ങൾക്കോ വികാരങ്ങൾക്കോ സ്‌ഥാനമില്ല. ഭൗതികമായ സുരക്ഷിതത്വമെന്നതിലുപരി എല്ലാത്തിനും മേലെ ഒരധീശമനോഭാവം കൈവന്നേ ഒക്കൂ. തന്റെ നേർക്ക്‌ വന്ന - ഈ കൗമാര പ്രായത്തിൽ തന്നെ വന്നു ചേർന്ന ഒരു പക്ഷേ - കുഞ്ഞുന്നാളിലും വന്നുചേർന്ന അപകടസന്ധികൾ ഈയൊരു മനോഭാവം വന്ന ഒരാളുടെ ചെയ്‌തികളല്ലെ? അമ്മ പറയുന്നത്‌ അതാണ്‌. കുറ്റാരോപണം നടത്താൻ വ്യക്തമായ തെളിവുകളൊന്നുമില്ല. പക്ഷേ ഇവിടം സുരക്ഷിതമല്ല.

’നീ പോയേ ഒക്കൂ - നിന്നെകൊണ്ടുപോവാൻ വേണ്ട ഏർപ്പാടുകൾ ഞാൻ ചെയ്‌തിട്ടുണ്ട്‌. നിന്റമ്മാവൻ അറിഞ്ഞിട്ടില്ല, അറിയാല്ലോ - അമ്മാവന്റെ മനസ്സിൽ നമ്മളെപ്പറ്റി എന്തൊക്കെയാണെന്ന്‌ - ‘പെട്ടെന്നാണ്‌ അമ്മ പൊട്ടിക്കരഞ്ഞത്‌. എങ്കിലും കരച്ചിലിനിടയിൽ പറഞ്ഞു.

’നീയിവിടെ നിന്നാൽ ഞാനിനിയും കരയും. ഈ നട്ടപ്പാതിരാനേരത്ത്‌ പുഴയിറമ്പത്ത്‌ ഇവിടെ നില്‌ക്കണതപകടമാ. അമ്മാവന്റെയാൾക്കാർ - അവരാരെങ്കിലും കണ്ടാൽ - നീ പോ - വരേണ്ടസമയത്ത്‌ നിന്നെ അറിയിക്കാം.‘

പാതിരാവിൽ മഴപെയ്യുന്ന നേരത്ത്‌ - തലചൂടാനൊന്നുമില്ലാതെ കൊതുമ്പുവള്ളത്തിൽ കയറി വള്ളക്കാരൻ അച്ഛന്റെ കടയുടെ ഗോഡൗണിൽ കാവൽക്കാരനായിരുന്നയാൾ ആണ്ടിപ്പണ്ടാരം - അങ്ങനെയാണറിയപ്പെടുന്നത്‌ - അയാളുടെ കൂടെ പുഴകടന്ന്‌ പോന്നതാണ്‌. പുഴക്കക്കരെ കാളവണ്ടി തയ്യാറായിരുന്നു.

അച്ഛന്റെ ബിസിനസ്‌, ഹോട്ടൽ - മറ്റ്‌ കച്ചവടസ്‌ഥാപനങ്ങൾ - ഒക്കെ അമ്മാവനാണത്രെ നോക്കുന്നത്‌. താൻ മേജറാവുന്നത്‌ വരെ നോക്കി നടത്താൻ അമ്മാവനധികാരപ്പെട്ട്‌ വരികയായിരുന്നത്രെ. അച്ഛന്റെ അകാലനിര്യാണം - അമ്മയുടെ ദുഃഖം, വസ്‌തുക്കളും സ്വത്തുക്കളും കയ്യടയ്‌ക്കൽ, അമ്മയുടെ മുൻകരുതൽ മാനിച്ച്‌ മാത്രമാണ്‌ പഠിപ്പുകളഞ്ഞ്‌ പോന്നത്‌.

ഇതൊക്കെ എങ്ങനെ രാധയോട്‌ പറയും? ഇവിടെ ഒരർത്ഥത്തിൽ ഒരൊളിച്ചുതാമസം- അതല്ലെ വാസ്‌തവം? പക്ഷേ ഒരു സൂചനക്കൊടുത്തത്‌ രാധയുടെ അമ്മയ്‌ക്ക്‌ മാത്രം, മുഴുവൻ വിവരങ്ങൾ പറഞ്ഞു അവരെയും ആധിപിടിപ്പിക്കേണ്ടെന്ന്‌ അമ്മ പോരാൻ നേരത്ത്‌ താക്കീത്‌ തന്നിരുന്നു. പക്ഷേ - ഇപ്പോൾ രാധയെ മാത്രമല്ല, രാധയുടെ അമ്മ അനാഥമാക്കിയത്‌ ഈയുള്ളവനെയും കൂടിയാണ്‌. രാധയെക്കാൾ നാലഞ്ച്‌ വയസ്സിളവുണ്ടെങ്കിലും, അവളുടെ ഭാരവും തന്റെ തലയിലാണ്‌. പക്ഷേ, ആ ചുമതല നിർവഹിക്കുന്നതിന്‌ രാധയും സഹകരിച്ചേ പറ്റു - ഇവിടിങ്ങനെ ഒരു കൂരക്കീഴിൽ കഴിയുന്നത്‌ തന്നെ നാട്ടുകാർക്കിഷ്‌ടപ്പെടുന്നില്ല. പക്ഷേ അങ്ങനൊരു പറച്ചിൽ ഇനി ഉണ്ടാവില്ലെന്ന്‌ കരുതാം. എന്നാലും ഇവിടിങ്ങനെ ഒരു മുറിയിലും കൂടി കഴിയണമെന്ന്‌ വച്ചാൽ.

മാധവന്റെ മനസ്സിനെ ആധിപിടിപ്പിക്കുന്ന സംഘർഷങ്ങൾ രാധയറിയാതെ പോയി. മാത്രമല്ല - മാധവന്റെ മൗനം - തനിക്കീമുറിയിൽ കഴിയാനുള്ള അനുവാദമാണെന്ന്‌ തന്നെ അവൾ കരുതി. ഇനി സമയം കളയണ്ട, വെളുപ്പിനെ എഴുന്നേൽക്കണ്ടതാണ്‌. നേരത്തേ കിടന്നേ ഒക്കൂ.

മാധവനെ അവനെ അലട്ടുന്ന ചിന്തകളിൽ മേയാൻ വിട്ടുകൊണ്ട്‌ തന്നെ രാധ മുറിയിൽ പാ വിരിച്ച്‌ കിടന്നു. മാധവനോടൊപ്പം കട്ടിലിൽ കിടക്കാനൊരു മുഹൂർത്തം - അത്‌ താമസിയാതുണ്ടാവും - അതിനുവേണ്ടിയുള്ള തയ്യാറെടുപ്പ്‌, പെട്ടെന്നവളുടെ ഉള്ളൊന്നുകാളി.

മാധവന്‌ പ്രായമെത്രകാണും? കൂടിവന്നാൽ പതിനഞ്ച്‌ - അല്ലെങ്കിൽ പതിനാറ്‌ - അമ്മയുടെ കണക്കുകൂട്ടലതാണ്‌. ചിലപ്പോൾ തനി ബാലൻ - ഓടക്കുഴൽ വായിക്കുമ്പോൾ ഒരു കൗമാരക്കാരൻ - പക്ഷേ അന്നമ്മയ്‌ക്ക്‌ വേണ്ടി വൈദ്യനെ തിരക്കി ഓടാനും - പിന്നീട്‌ മൃതദേഹം ചിതയിലെയ്‌ക്കെടുത്തപ്പോൾ ചിതയ്‌ക്ക്‌ തീകൊളുത്താനും - പിന്നെ പതിനാറടിയന്തിര ചടങ്ങുകൾക്ക്‌ ഓടിനടക്കാനും മാധവനായിരുന്നു മുന്നിൽ. അന്നേരം മാധവൻ ഒത്തൊരു ചെറുപ്പക്കാരൻ. ആ ചെറുപ്പകാരനായ മാധവനെ എന്റെ മുന്നിലുള്ളു. എന്റേ മനസ്സിലും അവനാണ്‌. മാധവന്റെ ബാല്യവും കൗമാരവും എപ്പോഴേ കഴിഞ്ഞതാണ്‌.

അല്ലെങ്കിലും പ്രായം ആര്‌ നോക്കുന്നു. പ്രായം ചെന്നപുരുഷന്മാർ മക്കളുടെ പ്രായമുള്ള സ്‌ത്രീകളെ വിവാഹം കഴിക്കുന്നത്‌ കണ്ടുവരുന്നുണ്ട്‌. വലിയ വലിയ പണക്കാരും ജന്മിമാരും അവർക്കൊക്കെ ഭാര്യമാർ തന്നെ എത്ര പേരാണ്‌? പക്ഷേ പ്രായംചെന്ന സ്‌ത്രീകൾക്ക്‌ ചെറുപ്പക്കാർ ഭർത്താവായി വരുന്നത്‌ കേട്ടിട്ടില്ല. ഉണ്ടാവാം. അമ്മ പണ്ടു പറഞ്ഞത്‌ കേട്ടിട്ടുണ്ട്‌. അമ്മയുടെ ചെറുപ്പത്തിൽ അറുപത്‌ തികഞ്ഞ ഒരുത്തി, വീട്ടിൽ കാര്യസ്‌ഥപണിക്ക്‌ വന്ന ഒരുവനെ ഭർത്താവാക്കിയ കഥ. അമ്മ പറഞ്ഞത്‌ മാളുവിന്റെ അമ്മയോടാണ്‌. കേൾക്കാനിടയായി എന്നേ ഉള്ളു. പെട്ടെന്ന്‌ തന്റെടുത്ത്‌ രാധ നിൽക്കുന്നുവെന്നറിഞ്ഞപ്പോൾ അമ്മ ആവശ്യമില്ലാതെ കയർത്തു. ’പ്രായം ചെന്നവർ പറയുന്നത്‌ കേൾക്കാൻ കാതോർത്ത്‌ നിൽക്കുവാ? - പോ - പോ - ആ പറമ്പിൽ പശുവിനെ അഴിച്ച്‌ മാറ്റിക്കെട്ട്‌.‘

അന്നേരം ദേഷ്യപ്പെട്ടതിന്റെ പൊരുൾ പിടികിട്ടിയത്‌ പിന്നീട്‌ എത്രയോ വർഷം കഴിഞ്ഞ്‌.

’മാളുവിന്‌ ഒരു വിവാഹാലോചന ആദ്യം വന്നത്‌ ഒരു രണ്ടാം കെട്ടുകാരന്റെയായിരുന്നത്രെ‘ - മാളുവിനോളം പ്രായമുള്ള പെൺപിള്ളേർ വരെ വീട്ടിൽ നിൽക്കുമ്പോഴാത്രെ - അയാളുടെ ഒരു പൂതി.

മാളു അന്ന്‌ അമ്പലത്തിൽ കൃഷ്‌ണഭഗവാന്റെ മുന്നിൽ നിന്നേറെ കരഞ്ഞതോർമ്മയുണ്ട്‌. ഏതായാലും മാളുവിന്റെ മനംനൊന്ത പ്രാർത്ഥനയ്‌ക്ക്‌ ഫലമുണ്ടായി. ആ കല്യാണം അയാൾക്ക്‌ കിട്ടേണ്ട കാശിനെചൊല്ലിയുള്ള കണക്കുപറച്ചിലിൽ തെന്നിപ്പോയി. അന്നു മാളു ഒരുതവണ പറഞ്ഞതോർക്കുന്നു. ആ കെളവന്‌ പ്രായവ്യത്യാസം നോട്ടമില്ലാത്രെ. അയാൾ പണ്ട്‌ ചെറുപ്പത്തിൽ പണിക്കാരനായി നിന്ന വീട്ടിലെ ഒരു വല്ല്യമ്മയ്‌ക്ക്‌ മിക്കദിവസവും അന്തിക്കൂട്ട്‌ കിടക്കണായിരുന്നത്രെ - ആ ദേഷ്യമായിരിക്കും. അയാൾക്ക്‌ കൊച്ചുപെൺപിള്ളേരോട്‌ താല്‌പര്യം തോന്നാൻ കാരണം.’ പക്ഷേ - ഇവിടെ മാധവൻ അതിന്‌ മാത്രം പ്രായമായിട്ടില്ല എന്നത്‌ ഒരു കുറവല്ല. കല്ല്യാണം കഴിയുന്നതോടെ ചില ആൺപിള്ളേർ ഒത്ത ആൺപിള്ളേരായി മാറുമെന്ന്‌ കേട്ടിട്ടുണ്ട്‌. മെലിഞ്ഞുനീണ്ട മാധവൻ സുന്ദരകോമളനായി മാറുന്നത്‌ പെട്ടെന്നായിരിക്കും. ഏതായാലും പറ്റിയ ഒരു മുഹൂർത്തം - അമ്പലത്തിലെ തിരുമേനിയോട്‌ തന്നെ കാര്യം പറയാം.

അന്യനൊരുത്തൻ ഇവിടെ വന്നു ചടഞ്ഞു കിടക്കുന്നതിലും ഭേദം ഒരു ബന്ധത്തിലേർപ്പെട്ട്‌, മറ്റുള്ളവരുടെ പയ്യാരം പറച്ചിലുകൾക്ക്‌ ഇടം കൊടുക്കാതെ നോക്കുകയാണ്‌ വേണ്ടത്‌.

രാധ കിടന്നകിടപ്പിൽ തിരിഞ്ഞുനോക്കി. മാധവൻ ഇപ്പോഴും എന്തോ ആശയക്കുഴപ്പത്തിലാണ്‌. അവന്റെ മനസ്‌ ഇനിയും സ്വസ്‌ഥത കിട്ടിയിട്ടില്ല. അന്യനാട്ടിൽ നിന്ന്‌ ഇവിടെ വിരുന്നുകാരനായി വന്നു. പിന്നെ ബന്ധുവായി മാറണമെന്നോ? ഇതിലും ഭേദം - ഒരു രാത്രി - ആരോടും പറയാതൊരൊളിച്ചോട്ടം. എവിടെനിന്നു വന്നു? ആര്‌? എന്നീ ചോദ്യങ്ങൾക്കൊന്നും അവർക്കെളുപ്പം ഉത്തരം കിട്ടില്ല. തന്നെപ്പറ്റി കൂടുതൽ വിവരങ്ങൾ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുകൊടുക്കേണ്ട ഒരവസരം വന്നിട്ടില്ല. അതുകൊണ്ട്‌ ആരോടും പറയാതിവിടം വിട്ടാലും ആരുമൊന്നും അന്വേഷിച്ച്‌ വരില്ല.

പക്ഷേ - അടുത്ത നിമിഷം മാധവന്‌ തന്നെപ്പറ്റി ഒരവജ്ഞ തോന്നി. ഒരു ഭീരുവിനെപ്പോലുള്ള ഒരൊളിച്ചോട്ടം. ആരും പിന്തുടർന്ന്‌ വന്ന്‌ തന്നെകണ്ടുപിടിക്കാൻ പോകുന്നില്ല എന്ന ആശ്വാസമുണ്ട്‌ എന്നാലും അതല്ലല്ലോ. പോണമെന്നുള്ളപ്പോൾ പോണം. അതിനുള്ള അവസരം വന്നുചേരും. അല്ലെങ്കിൽ താൻ നാദോപാസന നടത്തുന്ന കോവിലിലെ ഭഗവാൻ തന്നെ അതിനുള്ള വഴി കാണിച്ചു തരും.

Previous Next

പ്രിയ കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.