പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > പ്രൈവറ്റ്‌ ലിമിറ്റഡ്‌ > കൃതി

ഏഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നോവൽ

പ്രവീൺമേനോൻ ആറുമാസം മുൻപ്‌ നഗരത്തിലെ ഒരു മുന്തിയ കോളനിയിൽ ബംഗ്ലാവു മേടിച്ചെന്നും അതിനുളളിൽ അൽപ്പസ്വൽപ്പം മോടിവരുത്തി അയാൾ താമസം മാറ്റിയെന്നും അറിയാമായിരുന്നു. പക്ഷെ, ആ വീട്ടിൽ ഇതുവരെ പോയിട്ടില്ല.

ബാബുവിന്റെ ബൈക്കിന്റെ പിന്നിലായിരുന്നു അമ്പി. കോളനിയിലെ ചതുരങ്ങൾക്ക്‌ കുറുകെയും വിലങ്ങനെയും കിടക്കുന്ന റോഡുകളിൽ രണ്ടുതവണ വഴിതെറ്റി. സമയം സന്ധ്യ കഴിഞ്ഞതേയുളെളങ്കിലും റോഡിൽ ആൾക്കാർ തീരെ കുറവായിരുന്നു. ഒരു വീടിന്റെ ഗേറ്റിനരികെ നിന്നിരുന്ന മധ്യവയസ്‌കനോട്‌ പ്രവീൺമേനോന്റെ വീടന്വേഷിച്ചു. അയാൾക്കറിഞ്ഞുകൂടാ.

മൂന്നാമത്തെ തവണ വീട്‌ കൃത്യമായി കണ്ടുപിടിച്ചു. ഒരു ഉറങ്ങിക്കിടക്കുന്ന പൂന്തോട്ടം. ഗേറ്റിനടുത്ത്‌ പാതി ഗൂർഖയുടെ മുഖവുമായി മലയാളം പറയുന്ന കാവൽക്കാരൻ. അയാൾ വണ്ടി കയറ്റിയിട്ട്‌ ഗേറ്റടച്ച്‌ അവരെ അകത്തേക്ക്‌ കൊണ്ടുപോയി. യൂണിഫോറമിട്ട ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു.

ഒരു സാധാരണ സ്വീകരണമുറി. പഴക്കം തോന്നിക്കുന്ന ഫർണീച്ചർ. തടിച്ച കർട്ടനുകൾ. ഡ്രോയിംഗ്‌റൂമിൽ ശങ്കിച്ചുനിന്നപ്പോൾ ചെറുപ്പക്കാരൻ കതകടച്ചു പറഞ്ഞു.

മുകളിലേക്ക്‌ ചെല്ലൂ.

വീതികുറഞ്ഞ കോണിപ്പടികൾ ചവിട്ടിക്കയറി മുകളിൽ കണ്ട രണ്ടു കതകുകളിൽ ഏതാണ്‌ തളളി തുറക്കേണ്ടതെന്നു ശങ്കിച്ചു നിൽക്കുമ്പോൾ ഇടതുവശത്തെ കതകു തുറന്ന്‌ ടൈയും സ്യൂട്ടുമിട്ട ഒരു സുന്ദരനായ യുവാവ്‌ തല താഴ്‌ത്തി അവരെ വന്ദിച്ച്‌ പറഞ്ഞു.

വെൽകം സർ.

അയാൾ കാട്ടിയ വഴിയേ വേറൊരു കതക്‌ തുറന്ന്‌ അവർ വിശാലമായ മുറിയിലെത്തി.

പൊട്ടിച്ചിരിച്ചുകൊണ്ട്‌ പ്രവീൺമേനോൻ പറഞ്ഞുഃ

എന്തു പരിപാടിയാ ഇത്‌? ഏഴരയ്‌ക്കെത്താമെന്നു പറഞ്ഞിട്ട്‌, മണി ദാ എട്ടേകാലായി. ഞാൻ വെയ്‌റ്റ്‌ ചെയ്‌ത്‌ ബോറടിച്ചപ്പോൾ...

കൈയിലിരുന്ന ഗ്ലാസിലേക്ക്‌ ആംഗ്യം കാട്ടി.

എന്നിട്ട്‌ സ്യൂട്ട്‌ ധരിച്ച യുവാവിന്റെ നേരെ നോക്കി.

രണ്ട്‌ ഐസും സോഡയും.

ബാബു പറഞ്ഞു.

താമസിക്കാൻ കാരണം ഞാനാണ്‌. ഞാൻ ഒരപകടത്തിൽ ചെന്നുപെട്ടു. തലയൂരിപ്പോരാൻ ശരിക്കും പാടുപെടേണ്ടിവന്നു.

അമ്പി മുറിയിലെ അലങ്കാരങ്ങൾ സൂക്ഷിക്കുകയായിരുന്നു. അത്യാധുനികരീതിയിലുളള പ്രകാശസംവിധാനം. വെളിച്ചത്തിന്റെ ഉറവിടം എവിടെയെന്ന്‌ ക്ലിപ്‌തമായി ചൂണ്ടിക്കാട്ടാൻ വയ്യാത്തവിധം ഇരുട്ടും വെളിച്ചവും കൂടി ഇടകലർന്ന മട്ട്‌. എയർകണ്ടീഷനർ ശബ്‌ദമുണ്ടാക്കാതെ നേരിയ ശൈത്യത്തിന്റെ അലകൾ മുറിയിൽ നേരത്തേ നിറച്ചിരുന്നു. അൽപ്പമകലെ ഇരുട്ടിൽ വലിയൊരു ടി.വി.സ്‌ക്രീൻ. ഏറ്റവുമാധുനികമായ ഓഡിയോ സിസ്‌റ്റം. ചുവരിലെ ഗ്ലാസിലൂടെ പുസ്‌തകങ്ങളാണെന്നു തോന്നുന്നു, തടിച്ച ബയൻഡിന്റെ പിന്നിലെ സ്വർണ്ണാക്ഷരങ്ങൾ തിളക്കിക്കാട്ടുന്നു. കംപ്യൂട്ടറും ഫാക്‌സും മറ്റു കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഒന്നായി അറേഞ്ച്‌ ചെയ്‌ത മേശ. അതിനോടു ചേർന്ന്‌ ഒരു ചെറിയ കറക്കുകസേര. വലതുവശത്ത്‌ ഉയരത്തിൽ ഒരു ചെറിയ ബാർ. വിന്റേജ്‌ വൈനുകളുടെ വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുമുളള നിറഞ്ഞ കുപ്പികൾകൊണ്ട്‌ ചിത്രപ്പണിചെയ്‌ത ഭിത്തി.

ഒരു വലിയ ട്രേയിൽ രണ്ടു ഗ്ലാസുകളിൽ രണ്ടു വിരൽക്കിട സ്‌കോച്ചുമായി ബെയറർ വന്നു. സൈഡ്‌ ടേബിളിൽ ഗ്ലാസുകൾ വച്ച്‌ അയാൾ സോഡ പൊട്ടിച്ചു.

പ്രവീൺമേനോൻ പറഞ്ഞുഃ

യു കാൻ ഗോ ആൻഡ്‌ ബ്രിംഗ്‌ സംതിങ്ങ്‌ ടി മച്ച്‌

ബെയറർ പുറത്തേക്ക്‌ പോയി കതകടച്ചുകഴിഞ്ഞപ്പോൾ അമ്പി ചിരിച്ചു.

ഇങ്ങനെയൊരു സംവിധാനം ഇവിടെയുണ്ടായിരിക്കുമെന്ന്‌ സത്യത്തിൽ പ്രതീക്ഷിച്ചില്ല.

ഇതൊക്കെ കാണിക്കാൻവേണ്ടിയാണ്‌ നിങ്ങളെ ഇന്ന്‌ ഞാനിങ്ങോട്ട്‌ വിളിച്ചത്‌. അല്ലെങ്കിൽ നമുക്ക്‌ നേരിട്ട്‌ മലബാറിലേക്ക്‌ പോകാമായിരുന്നു ഡിന്നറിന്‌. ഞാൻ നടത്തുന്നത്‌ ഫൈനാൻഷ്യൽ ബിസിനസ്സാണ്‌. അതിനേറ്റവും പ്രധാനമായി വേണ്ടത്‌ നമ്മുടെ പൂർണ്ണമായ സ്വാതന്ത്ര്യമാണ്‌. മറ്റാർക്കും കടന്നുകയറാൻ പറ്റാത്തതായിരിക്കണം നമ്മുടെ ആസ്ഥാനം. എന്തു പറയുന്നു, ബാബു?

ബാബു ഗ്ലാസ്‌ മൊത്തി.

ഞാൻ വാസ്‌തവത്തിൽ കുറച്ചു സമയം കൂടി എടുക്കും ശരിക്കുളള മൂഡിലെത്താൻ. ആകെ ഒരു ചിന്താക്കുഴപ്പത്തിലായിരുന്നു കുറച്ചുനേരം മുൻപുവരെ. അതിൽനിന്ന്‌ ഫ്രീയാകാൻ, ദാ, ഇപ്പോഴും സാധിച്ചിട്ടില്ല.

ബാബു പറഞ്ഞത്‌ പൂർണ്ണമായും സത്യമായിരുന്നു. ഓമനയുടെ ബന്ധുവായ ബാലചന്ദ്രൻ തന്റെ കളമശ്ശേരി കമ്പനി പൂട്ടാനുണ്ടായ കാരണങ്ങളെക്കുറിച്ച്‌ അന്നു സംസാരിച്ചപ്പോൾത്തന്നെ ബാബു തീർച്ചയാക്കിയിരുന്നു. തുടങ്ങാൻ പോകുന്ന വ്യവസായത്തിന്റെ വിജയത്തിന്‌ ഏറ്റവും പ്രധാന ഘടകം തൊഴിലാളിയാണ്‌. അവരെ നിരീക്ഷിക്കണം. ബാബു അന്നുമുതൽ വിവിധതരത്തിലുളള ട്രേഡ്‌ യൂണിയൻ നേതാക്കൻമാരുമായിട്ടും ചില തൊഴിലാളികളുമായിട്ടും സംസാരിച്ചുകൊണ്ടിരുന്നു. ഇന്നു രാവിലെ കാക്കനാട്ട്‌ ഭാഗത്തുളള ഒരു പുതിയ ഫാക്‌ടറിയിൽ അവിടത്തെ മാനേജിംഗ്‌ ഡയറക്‌ടറുമായി സംസാരിക്കാൻ തീർച്ചപ്പെടുത്തിയതുമാണ്‌. ബാബു അന്വേഷിച്ചിടത്തോളം ആ ഒരു യൂണിറ്റിൽ മാത്രമേ പ്രവർത്തനമാരംഭിച്ച്‌ ആറുമാസമായിട്ടും ഇതുവരെ ഒരു തൊഴിൽപ്രശ്‌നം ഉണ്ടാകാതിരുന്നിട്ടുളളു. എന്താണ്‌ ഇതിനു കാരണം?

ആ അന്വേഷണമായിരുന്നു ലക്ഷ്യം.

ആ കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടർ ബാബുവിനോട്‌ പറഞ്ഞു.

മിസ്‌റ്റർ ദാസ്‌ വിളിച്ചു പറഞ്ഞിരുന്നു.

യു കാൻ കം അറ്റ്‌ ഇലവൻ തേർട്ടി. ഇന്നെനിക്ക്‌ പ്രത്യേകിച്ച്‌ ബിസി ഷെഡ്യൂളൊന്നുമില്ല. ഞാനെന്റെ അനുഭവങ്ങളെല്ലാം പറയാം.

പക്ഷേ, അവിടെ ചെന്നപ്പോഴാണ്‌ ആകെ തമാശ.

രാവിലെ എട്ടുമണിക്ക്‌ ഷിഫ്‌റ്റിൽ കയറിയ ജോലിക്കാരെല്ലാം ടൂൾസ്‌ ഡൗൺ സ്‌ട്രൈക്കിലാണ്‌. ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു സംഭവം, ആ ഫാക്‌ടറിയിൽ. അവിടെ മാനേജിംഗ്‌ ഡയറക്‌ടറുടെ കൂടെ അദ്ദേഹം സമരം ഒത്തുതീർപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾ സസൂക്ഷ്‌മം പഠിച്ചു. ടൂൾഡ്‌ ഡൗൺ സ്‌ട്രൈക്ക്‌ ഉച്ചയ്‌ക്ക്‌ പിൻവലിക്കപ്പെട്ടു.

ബാബു ആ കഥ ഇപ്പോൾ പറയാൻ തുടങ്ങി.

അറുപത്തഞ്ച്‌ തൊഴിലാളികളും രണ്ടു തൊഴിലാളി യൂണിയനുകളും ഉളള ഫാക്‌ടറിയാണത്‌. പൊതുവെ ഏറ്റവുമധികം ശമ്പളം നൽകുന്ന ഈ ഫാക്‌ടറിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കാന്റീനുമുണ്ട്‌. മൂന്നു നാലു ദിവസം മുമ്പ്‌ കാന്റീനിൽ വെച്ച്‌ ഏതോ വീട്ടുകാര്യത്തിന്റെ ശേഷിപ്പായി രണ്ടു ജോലിക്കാർ തമ്മിൽ വഴക്കിട്ടു. വഴക്ക്‌ ഉച്ചത്തിലുളള വാഗ്വാദമായി, വാഗ്വാദം മൂത്ത്‌ ഉന്തും തളളുമായി. അവസാനം അടിയും. ഒന്നു രണ്ടടി കഴിഞ്ഞപ്പോഴേക്കും മറ്റുളളവരിടപെട്ട്‌ അവരെ പിടിച്ചുമാറ്റി. അടിപിടിയുടെ റിപ്പോർട്ട്‌ കിട്ടിയപ്പോൾ ഫാക്‌ടറി മാനേജർ രണ്ടുപേരെയും താൽക്കാലികമായി സസ്‌പെൻഡ്‌ ചെയ്‌തു. ഉടൻതന്നെ എൻക്വയറി നടത്താനുളള ശ്രമങ്ങളും തുടങ്ങി. അടിവീണ രണ്ടുപേരും രണ്ടു യൂണിയന്റെ അനുയായികളായിരുന്നു. ഒന്ന്‌ ഇടതും മറ്റേത്‌ വലതും. പ്രശ്‌നം പരിഹരിച്ചുപോയേനെ. പക്ഷേ, അടുത്ത ദിവസം രാവിലെ വലത്‌ യൂണിയൻ വന്നു പറഞ്ഞുഃ അടിയിടുക എന്നതിൽ ഇവർ രണ്ടുപേർ മാത്രമല്ല അവരെ പിടിച്ചുമാറ്റിയവരും ഉൾപ്പെടുന്നുണ്ട്‌. അങ്ങനെ പിടിച്ചുമാറ്റിയവർ ബലം പ്രയോഗിച്ചാണത്‌ ചെയ്‌തത്‌. അതു ചെയ്‌ത രണ്ടു പേരുണ്ട്‌. അവരെയും കൂടി സസ്‌പെൻഡ്‌ ചെയ്‌തിട്ടേ എൻക്വയറി തുടങ്ങാവൂ. സംഗതി എങ്ങനെയാകാൻ കാരണം ആ രണ്ടുപേരും ഇടതുയൂണിയനിലെ ആൾക്കാരാണ്‌ എന്നതായിരുന്നു. ഇടതുയൂണിയൻ ഈ നിർദ്ദേശത്തെ അപഹസിച്ചുവെന്നു മാത്രമല്ല ഈ വിധം മാനേജ്‌മെന്റ്‌ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ പാടില്ല എന്ന്‌ ചുവരിൽ എഴുതി ഒട്ടിച്ചു. രണ്ടുകൂട്ടരും മാറുകയില്ല. വളരെക്കാലമായി അമർന്നുകിടന്നിരുന്ന അമർഷങ്ങൾ, ചെറിയ ചെറിയ പരാതികൾ ഇവയെല്ലാം ഇപ്പോൾ ഈ സന്ദർഭത്തിൽ പുറത്തുവന്നു.

മാനേജിംഗ്‌ ഡയറക്‌ടർ നഗരത്തിൽനിന്ന്‌ വലുത യൂണിയന്റെ വലിയ നേതാവിനെ കാറയച്ച്‌ ക്ഷണിച്ചുവരുത്തി കാര്യങ്ങൾ ചർച്ച ചെയ്‌തു. അപ്പോഴേക്കും ടൂൾസ്‌ ഡൗൺ സ്‌ട്രൈക്ക്‌ തുടങ്ങിക്കഴിഞ്ഞിരുന്നു. അവസാനം മാനേജിംഗ്‌ ഡയറക്‌ടർ എല്ലാ സസ്‌പെൻഷനും പിൻവലിച്ച്‌ പ്രശ്‌നം പൂർണ്ണമായും അപ്രത്യക്ഷമാക്കി.

അമ്പി കഥകേട്ട്‌ പറഞ്ഞു.

പക്ഷേ ഇതൊരു തുടക്കമല്ലേ ആകാൻ പോകുന്നത്‌? ഈ ഈഗോ പ്രാബ്ലം ഇനിയും ആളാൻ സാധ്യതയുണ്ടല്ലോ. ആ വലതു നേതാവു പ്രശ്‌നം ഒതുക്കിത്തീർത്തുവെന്ന ഖ്യാതി തീർച്ചയായും ഇടതുനേതാവിന്‌ സമ്മതമാകുകയില്ല. അയാൾക്ക്‌ ഒതുക്കിത്തീർക്കാൻവേണ്ടി ഇനിയൊരു പുതിയ പ്രശ്‌നം സൃഷ്‌ടിക്കേണ്ടിവരും.

പക്ഷേ പ്രവീൺ, ശരിക്കും ഞാൻ അപ്‌സെറ്റായത്‌ അതുകൊണ്ടല്ല.

പിന്നെ?

ബാബു, ഇതിനിടയിൽ കശുവണ്ടിവറുത്തതും ചെറിയ കട്‌ലറ്റ്‌ കഷണങ്ങളുമായി വന്ന ബെയറർ ഗ്ലാസുകൾ വീണ്ടും നിറയ്‌ക്കുന്നതിനുവേണ്ടി കാത്തുനിന്നു.

ബാബു ചോദിച്ചുഃ

ഇവിടെ പ്രവീൺ തനിച്ചാണോ?

പ്രവീൺ ചിരിച്ചു.

അച്ഛൻ ഇടയ്‌ക്കിടയ്‌ക്ക്‌ ഹൈക്കോടതിയിൽ നേരിട്ട്‌ അപ്പിയർ ചെയ്യാൻ വേണ്ടി വരാറുണ്ട്‌. അപ്പോൾ താമസിക്കാൻകൂടിയാണ്‌ ഈ വീട്‌. അച്‌ഛന്‌ താഴെ നാട്ടിലെ അതേ രീതിയിലുളള മുറി സംവിധാനം ചെയ്‌തുവച്ചിട്ടുണ്ട്‌. പുളളിക്കാരൻ ഇങ്ങോട്ട്‌, മുകളിലേക്ക്‌ പടികയറി ബുദ്ധിമുട്ടാറില്ല.

അപ്പോൾ പ്രവീണിന്‌ കല്യാണത്തിനൊന്നും പ്ലാനില്ലേ?

ഞാൻ ഈ പണമുണ്ടാക്കുന്ന തിരക്കിനിടയിൽ വേറൊരു ജീവിയെക്കൂടി പിടിച്ച്‌ ശ്വാസംമുട്ടിക്കണ്ടല്ലോ എന്നോർക്കുകയാണ്‌.

ബെയറർ ഗ്ലാസുകൾ ഓരോരുത്തരുടേയും മുന്നിൽ വച്ച്‌ ഭവ്യതയോടെ ചോദിച്ചുഃ

എനിതിംഗ്‌ എൽസ്‌ സർ?

അവർ നന്ദി പറഞ്ഞു.

അയാൾ കതകടച്ച്‌ പോയിക്കഴിഞ്ഞപ്പോൾ പ്രവീൺ ചോദിച്ചു.

പിന്നെ, എന്താ അപകടം സംഭവിച്ചത്‌?

ബാബു പത്തുനിമിഷം കഴിഞ്ഞാണ്‌ സംസാരിക്കാൻ തുടങ്ങിയത്‌. പ്രവീൺ ഞങ്ങളുടെ ലോഡ്‌ജിൽ, അല്ല ഓഫീസിൽ വന്നപ്പോൾ പരിചയപ്പെട്ടില്ലേ ഞങ്ങളുടെ മാനേജർ-കം-പേഴ്‌സണൽ സെക്രട്ടറി, ഓമനയെ. അവളുടെ ഒരു ബന്ധു മിസ്‌റ്റർ ബാലചന്ദ്രനുണ്ട്‌. മിക്കവാറും അദ്ദേഹം ഞങ്ങളുടെ കമ്പനിയിൽ ഒരു ഷെയറെടുക്കാൻ സാധ്യതയുണ്ട്‌. പുളളിക്കാരൻ കളമശ്ശേരിയിൽ പത്തു പതിനഞ്ചു വർഷം മുമ്പ്‌ ഒരു വ്യവസായയൂണിറ്റ്‌ തുടങ്ങി പൂർണ്ണമായും തകർന്നയാളാണ്‌.

പിന്നെ നിങ്ങളുടെകൂടെ?

അതു വേറെ കാര്യം. അതൊരു വാശി, ചലഞ്ച്‌. ഞാൻ തോറ്റിടത്ത്‌ ഇനിയും വിജയിക്കണം എന്ന വാശി.

അപ്പോൾ നിങ്ങളുടെ അതേ ടൈപ്പ്‌ വട്ടുകേസ്‌, അല്ലേ?

അതേ, പക്ഷേ പറഞ്ഞുവന്നത്‌ അതല്ല. ഈ ബാലചന്ദ്രൻ ഫാക്‌ടറി തുടങ്ങി ആദ്യത്തെ കൺസൈൻമെന്റ്‌ പുറത്തേക്കയയ്‌ക്കാൻ തയ്യാറായപ്പോഴാണ്‌ ആദ്യത്തെ സമരം. ആ സമരം ഒരു പുതിയ യൂണിയന്റെ ആവിർഭാവത്തോടുകൂടിയായിരുന്നു. അന്ന്‌ അവിടെ സമരത്തിന്റെ ഡിമാൻഡുമായി മുന്നിൽ നിന്നത്‌ നാട്ടിൽ ബാലചന്ദ്രന്റെ തറവാട്ടിൽ സ്ഥിരമായി ജോലിക്കു വന്നിരുന്ന ഒരു വല്യമ്മയുടെ മകനായിരുന്നു. അവരുടെ നിരന്തരമായ നിർബന്ധം കാരണം അയാൾക്ക്‌ ജോലി കൊടുത്തതായിരുന്നു. ബാലചന്ദ്രൻ ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ശരിക്കും ചിന്തിച്ചിരുന്നത്‌ എന്തിനാണ്‌ അയാൾ പെട്ടെന്നൊരു ഡിമാൻഡുകളുടെ നേതാവായത്‌ എന്നാണ്‌. എനിക്ക്‌ ഉത്തരം കിട്ടിയിരുന്നില്ല. എനിക്കു തോന്നുന്നില്ല, ബാലചന്ദ്രൻ ഉത്തരം അന്വേഷിച്ചുകാണുമെന്ന്‌.

എന്നിട്ട്‌?

ബൈ, ലക്ക്‌, അല്ലെങ്കിൽ യാദൃച്ഛികത്വം. ഇന്ന്‌ കാക്കനാട്ട്‌നിന്ന്‌ തിരിച്ചുവരുമ്പോൾ ഞാനും ഈ സമരം ഒത്തുതീർപ്പാക്കിയ നേതാവും ഒന്നിച്ചായിരുന്നു കാറിൽ. ആരായിരുന്നെന്നോ ആ നേതാവ്‌? ബാലചന്ദ്രന്റെ ഫാക്‌ടറി പൂട്ടിയതിനുശേഷം മറ്റെങ്ങും തൊഴിലന്വേഷിച്ചുപോയില്ല. ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിലേക്കിറങ്ങി.

എന്നിട്ട്‌, കുഡ്‌ യു ഗെറ്റ്‌ ദി ആൻസർ ഫ്രം ഹിം?

ഒരു പരിധിവരെ.

ദാറ്റ്‌സ്‌ ഇന്ററസ്‌റ്റിംഗ്‌ പറയൂ.

ശിവദാസൻ ഗ്രാമത്തിലെ സ്‌കൂളിൽനിന്നും എസ്‌.എസ്‌.എൽ.സി. പാസായി നാലഞ്ചു വർഷമായി ജോലിയില്ലാതെ അലയുകയായിരുന്നു. വീട്ടിൽ രണ്ടു അനിയൻമാരും അമ്മയും രണ്ടനിയത്തിമാരും. അച്‌ഛൻ വല്ലപ്പോഴും പാറ പൊട്ടിക്കുന്ന പണിക്കു പോകും. പക്ഷേ, പത്തു ദിവസം പോയാൽ അടുത്ത ദിവസം അസുഖമായി കിടപ്പാണ്‌. ദാരിദ്ര്യം അതിന്റെ എല്ലാ വൈരൂപ്യങ്ങളോടെയും ആ വീടിനെ ഗ്രസിച്ചുകഴിഞ്ഞു. അയാളുടെ അമ്മ വീട്ടുപണിക്കായി ബാലചന്ദ്രന്റെ വീട്ടിൽ വരും. അവരുടെ ഏക ആശ ശിവദാസന്‌ ഒരു ജോലി എന്നതായിരുന്നു. ശിവദാസന്‌, അവന്റെ അമ്മയുടെ നിരന്തരമായ നിർബന്ധംകാരണം ബാലചന്ദ്രൻ പുതുതായി തുടങ്ങിയ ഫാക്‌ടറിയിൽ അൺസ്‌കിൽഡ്‌ ക്ലർക്കായി ജോലി ലഭിക്കുന്നു. വീട്ടുകാർക്ക്‌ സന്തോഷമായി. അവർക്ക്‌ ബാലചന്ദ്രൻ ദൈവത്തിന്റെ പ്രതിരൂപമായി. ശിവദാസനും അതുപോലെ തന്നെ.

ഒന്ന്‌ നിർത്തി ബാബു തുടർന്നു.

വീട്ടിൽ ഒരു ജോലിയുളള ചെറുപ്പക്കാരൻ ഉണ്ടായതോടുകൂടി അവരറിയാതെ അവിടത്തെ അന്തരീക്ഷം മെച്ചപ്പെടുകയാണ്‌. അക്കാലംവരെ അത്യാവശ്യമെന്നുപോലും തോന്നാത്ത പല ആഗ്രഹങ്ങളും അമ്മയ്‌ക്ക്‌, അനിയൻമാർക്ക്‌, അനിയത്തിമാർക്ക്‌, എന്തിന്‌ തനിക്കുപോലും ഒരു ആവശ്യമായി മാറാൻ തുടങ്ങി. മുൻപ്‌ കടം നൽകാൻ മടിച്ചിരുന്ന പീടികക്കാരൻ സന്തോഷപൂർവ്വം കണക്കുപുസ്‌തകത്തിലെഴുതാൻ തയ്യാറാണ്‌. അടുത്ത ശമ്പളം കിട്ടുമ്പോൾ തന്നാൽമതി. സഹോദരങ്ങൾക്ക്‌ ഓരോ പുതിയ വേഷം, ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും അൽപ്പം ഇറച്ചി, വീട്ടിലാരെങ്കിലും വന്നാൽ ഇരിക്കാനൊരു കസേര, ശിവദാസന്‌ ഒരു പുതിയ സെറ്റ്‌ ചെരിപ്പ്‌...ആവശ്യങ്ങൾ കൂടിവന്നു. ബാലചന്ദ്രന്റെ ഫാക്‌ടറിയിൽ നിന്നും വീട്ടിൽ വന്നുപോകാൻ ഒരു സൈക്കിൾ. മിനിമം ആവശ്യങ്ങൾ പണ്ടൊരിക്കലും ഇവ ആവശ്യങ്ങളായി ഉയരുകയേ ഇല്ലായിരുന്നു. പക്ഷേ, ഇപ്പോൾ അവ വെറും മിനിമം അത്യാവശ്യമായിത്തീർന്നു. ഫാക്‌ടറിയിൽ നിന്നും കിട്ടുന്ന അറുനൂറുരൂപകൊണ്ട്‌ ഒന്നും മതിയാകുകയില്ല. ഇതിനൊക്കെ കാരണക്കാരൻ ആരാണ്‌? ശിവദാസൻ ചുറ്റും നോക്കി. താനല്ല. താൻ നന്നായി പണിയെടുക്കുന്നുണ്ട്‌. ഇത്രയും പണിയെടുക്കുന്നവർ ചുറ്റുപാടും ആയിരങ്ങൾ മേടിക്കുന്നു. കാറിൽ കറങ്ങുന്നു. അയാൾക്ക്‌ ഒരു ശത്രുവിനെവേണം. ഇതിനെല്ലാം കാരണക്കാരൻ. തന്റെ നിരാശയ്‌ക്കും വീട്ടിലെ ഓരോരുത്തരുടേയും പ്രശ്‌നങ്ങൾക്കും ഒക്കെ കാരണക്കാരൻ. എളുപ്പമുളള ശത്രു തൊട്ടുമുന്നിലുണ്ട്‌. എന്നും കാറിൽ കയറി അവിടെയും ഇവിടെയും ഓടി നടക്കുന്ന മുതലാളി. ബാലചന്ദ്രൻ. തന്റെ ഗതികേടിനെല്ലാം ഉത്തരവാദിയായ ഈ ശത്രുവിനോട്‌ നേരിട്ടെതിർത്താൽ പറ്റില്ല. എല്ലാവരും ചെർന്ന്‌ ഒറ്റക്കെട്ടായി എതിരിടണം.

ബാബു സംഭാഷണം നിർത്തി.

ആരും ഒന്നും മിണ്ടിയില്ല. വാചാലമായ നിശ്ശബ്‌ദതയിൽ അവർ മൂവരും ഓരോ പാതയിലൂടെ ചിന്തിക്കുകയായിരുന്നു.

എന്തുകൊണ്ട്‌ ബാലചന്ദ്രനിത്‌ കണ്ടില്ല? തൊഴിലാളിയുടെ അടിസ്ഥാനപരമായ വികാരവിചാരങ്ങളെ വെറും അക്കങ്ങളുടെ കണക്കുകൂട്ടലുകളിൽനിന്നും വേർപെടുത്തി വ്യവസായിയുടെ അല്ലെങ്കിൽ മുതലാളിയുടെ വികാരങ്ങളുടെ ഭാഗമാക്കേണ്ടതാണല്ലോ. വൈ?

പ്രവീൺമേനോൻ പറഞ്ഞു.

ബാബു പറഞ്ഞ കാര്യത്തെക്കുറിച്ച്‌ ആ രീതിയിൽ ഒരു ചിന്ത എനിക്ക്‌ പോയിട്ടേയില്ല. വേതനങ്ങളും ആവശ്യങ്ങളുമായുളള ബന്ധം ശരിക്കും പഠിക്കേണ്ട ഒരു വിഷയമാണ്‌.

അമ്പി പറഞ്ഞുഃ

വാസ്‌തവത്തിൽ നമ്മുടെ നാട്ടിൽ ഈ ശിവദാസൻമാരും ബാലചന്ദ്രൻമാരുംകൂടി അന്യോന്യം മനസ്സിലാക്കാനുളള ഒരന്തരീക്ഷം ഉണ്ടാക്കിയാൽ ചിലപ്പോൾ താനെ എല്ലാം നേരെയാകും. ഐ തിങ്ക്‌ വീ ഷുഡ്‌ എയിം അറ്റ്‌ ദാറ്റ്‌. അതായിരിക്കണം നമ്മുടെ ലക്ഷ്യം.

പ്രവീൺ പറഞ്ഞു.

ഇതുപോലെ രണ്ടു സെഷൻകൂടികഴിഞ്ഞാൽ എനിക്ക്‌ ഭയമാണ്‌. ഞാനും നിങ്ങളുടെ കൂട്ട്‌ ചലഞ്ച്‌ എന്നു പറഞ്ഞ്‌ ഇതെല്ലാം കളഞ്ഞ്‌ ഇറങ്ങിവന്നേക്കുമോ എന്ന്‌.

പക്ഷേ അമ്പിക്കും ബാബുവിനും അറിയാമായിരുന്നു പ്രവീൺ ചിലപ്പോൾ തങ്ങളേക്കാൾ മുമ്പുതന്നെ ഈ ആശയത്തിനുവേണ്ടി ഇറങ്ങിത്തിരിക്കാൻ തയ്യാറാണ്‌ എന്ന്‌.

Previous Next



Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.