പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > പ്രൈവറ്റ്‌ ലിമിറ്റഡ്‌ > കൃതി

അഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നോവൽ

അയാം ഗെയിം. ഞാൻ ചെയർമാനായിട്ടിരിക്കാം. പക്ഷേ ഒരു കാര്യം. പ്രശ്‌നങ്ങളെല്ലാം നിങ്ങള്‌ തന്നെ നേരിട്ട്‌ തീർത്തുകൊളളണം.

അങ്കിളിനെ ഞങ്ങൾക്കുവേണ്ടത്‌ രണ്ടുകാര്യങ്ങൾക്കാണ്‌. ഒന്ന്‌; സത്യം പറയാമല്ലോ; ഒരു ഓർണമെന്റൽ. അലങ്കാരംപോലെ. അങ്കിളാണ്‌ ചെയർമാനെന്നറിഞ്ഞാൽ ആർക്കും നമ്മുടെ കമ്പനിയെക്കുറിച്ച്‌ ഒരു വിശ്വാസ്യത വരും. രണ്ടാമത്‌, അങ്കിൾ പറഞ്ഞുതരണം. പബ്ലിക്ക്‌ റിലേഷൻസ്‌. ഞാനൊരു എഞ്ചിനീയറാണ്‌. ഞാൻ ഫാക്‌ടറിക്കകത്തെ പ്രൊഡക്ഷൻ കാര്യങ്ങളും മെറ്റീരിയൽസ്‌കൺട്രോളും ഒക്കെ നോക്കിക്കൊളളാം. ഇവൻ, അമ്പി; ബാങ്കുകാര്യങ്ങളും സെയിൽസും. പക്ഷേ, ഇതിലെല്ലാമുപരിയായിട്ട്‌ ആ ഒരു പബ്ലിക്ക്‌ റിലേഷൻസില്ലേ; അങ്കിൾ മുമ്പേ പറഞ്ഞ കഥ. അത്‌ ഇക്കാലത്ത്‌ വളരെ ആവശ്യമാണ്‌. അത്തരം സന്ദർഭത്തിൽ അങ്കിളിന്റെ നേരിട്ടുളള ഇടപെടൽ ഇല്ലാതെ പറ്റുകയില്ല.

ദാസ്‌ പൊട്ടിച്ചിരിച്ചു. അകത്തേക്ക്‌ നോക്കി വിളിച്ചുഃ ദേ, ഇങ്ങോട്ടു വന്നേ, കേക്കുന്നുണ്ടോ ഈ പിളേളര്‌ പറയുന്നത്‌.

തൃപ്പൂണിത്തുറയിലെ പ്രൗഢികളുടെ ശേഷിപ്പുമായി നരച്ചുതുടങ്ങിയ ഒരു കൂറ്റൻ കെട്ടിടത്തിന്റെ പകുതി ഭാഗം വാടകയ്‌ക്കെടുത്തതിലായിരുന്നു ദാസിന്റെ താമസം. റിട്ടയർ ചെയ്‌തു വന്നപ്പോൾ പല പ്ലാനുകളും ഉണ്ടായിരുന്നു. നാട്ടിൽ അച്ചൻകോവിലാറിന്റെ തീരത്ത്‌ ഒരു കെട്ടിടം പണിയുക. എന്നും ആറ്റിൽ കുളി. അൽപ്പസ്വൽപ്പം കൃഷി. വിശ്രമജീവിതം. വടക്കേ ഇന്ത്യയിലും ബോംബെയിലും കൽക്കത്തയിലും ചെലവഴിച്ച ഔദ്യോഗികജീവിതത്തിന്റെ നാളുകളിൽ എന്നും ഒരു സ്വപ്‌നമായിരുന്നു ഈ ഗ്രാമീണ അന്തരീക്ഷത്തിൽ പൂർണ്ണമായി മുഴുകിയുളള വിശ്രമജീവിതം. നാട്ടിൽ പഴയ തറവാട്ടിൽ ആൾക്കാരുടെ ബഹളം. വടക്കേ ഇന്ത്യയിൽ ബിർളാ കമ്പനിയിൽനിന്ന്‌ ലക്ഷക്കണക്കിന്‌ രൂപയുമായിട്ടാണ്‌ ദാസ്‌ നാട്ടിലെത്തിയതെന്ന്‌ വാർത്ത പരന്നു. നിമിഷംകൊണ്ട്‌ ബന്ധുക്കളുടെയും പരിചയക്കാരുടെയും നിരന്തരമായ ആക്രമണം. പരിചയമില്ലാത്തവർ സ്‌നേഹിതരുടെ കത്തുമായി എത്തുന്നു. അതേ സമയം, ടെലിഫോൺ ഇല്ല. ഇംഗ്ലീഷ്‌പത്രം വരുന്നതിൽ ലേറ്റസ്‌റ്റ്‌ ന്യൂസില്ല. പോസ്‌റ്റ്‌ കിട്ടാൻ വൈകുന്നു. ആറ്റിലെ കുളി രണ്ടാം ദിവസം നിർത്തേണ്ടിവന്നു. നീരൊഴുക്കിന്‌ സ്വപ്‌നത്തിൽ കണ്ട തെളിമയില്ല. ചുറ്റുപാടുമുളള പൂക്കൾക്ക്‌ പണ്ടു കണ്ടിരുന്ന നിറവൈവിധ്യമില്ല.

ദാസ്‌ രഹസ്യമായി ഭാര്യയോട്‌ പറഞ്ഞു.

നമുക്ക്‌ എറണാകുളത്തേക്കു പോയാലോ? ഇവിടെ ഒന്നു വർത്തമാനം പറയാൻപോലും ആരുമില്ല.

എറണാകുളത്ത്‌ നഗരത്തിലെ കോളനികളിൽത്തന്നെ വീടന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ക്ലബിലെ സ്‌നേഹിതൻ പറഞ്ഞത്‌, തൃപ്പുണിത്തുറയുളള ഈ കെട്ടിടത്തിനെപ്പറ്റി. പോയികണ്ടു. കൂറ്റൻ വാതിലുകളും വിശാലമായ ഹാളും നാലഞ്ചു വലിയ മുറികളും. വാടക നഗരത്തിൽ രണ്ടുമുറി വീടുനു കൊടുക്കേണ്ടത്രയും മതി.

ദാസും ഭാര്യയും തൃപ്പുണിത്തുറയിലേക്ക്‌ താമസം മാറ്റി. കെട്ടിടത്തിലെ മുറികളുടെ വലുപ്പംകാരണം ഹാളിൽനിന്ന്‌ വിളിച്ചാൽ അടുക്കളയിൽ കേൾക്കുകയില്ല.

ദാസ്‌ വീണ്ടും ഉറക്കെ വിളിച്ചു.

ദേ, കേട്ടോ ഒന്നിങ്ങു വരൂ.

ഇത്തവണ ദേവകിദാസ്‌ വിളി കേട്ടു. അവർ വാതിൽക്കൽ വന്നുനിന്നപ്പോൾ ദാസ്‌ ചിരിച്ചു.

നോക്കൂ ഈ കുട്ടികള്‌ ഒരു കമ്പനി തുടങ്ങാൻ പോകുകയാണ്‌. ഒരു ഇൻഡസ്‌ട്രി. ഞാനതിന്റെ ചെയർമാനായിരിക്കണമെന്നാണ്‌ ഇവരുടെ ആഗ്രഹം.

ബാബുവിനെ ചൂണ്ടി പറഞ്ഞു.

ദേവകീ, ബാബുവിനെ അറിയില്ലേ? നമ്മുടെ മത്തായിച്ചന്റെ മകൻ.

ദേവകിദാസ്‌ പറഞ്ഞു.

അറിയാം.

ഇൻഡസ്‌ട്രിയൽ എഞ്ചിനീയറിംഗിൽ ഫസ്‌റ്റ്‌ക്ലാസ്‌ കിട്ടിയ ആളാണ്‌. ഇത്‌ അമ്പി. മുത്തുമണി അയ്യർ, ചാർട്ടേഡ്‌ അക്കൗണ്ടന്റാണ്‌.

ദേവകിദാസ്‌ പറഞ്ഞു.

ചായയോ കാപ്പിയോ?

ദാസ്‌ പറഞ്ഞു.

ഞാൻ വിളിച്ചത്‌ അതിനല്ല. ഇവരു പറയുകയായിരുന്നു. ഈ പബ്ലിക്‌ റിലേഷൻസ്‌ കാര്യങ്ങള്‌ ഏതു ബിസിനസ്സിലും ആവശ്യമാണല്ലോ. ഇനിയുളളകാലത്ത്‌ വിദേശ സ്ഥാപനങ്ങളുമായിട്ട്‌ കൂടുതൽ ബന്ധം പുലർത്തേണ്ടിവരുമ്പോൾ ഈ പബ്ലിക്‌ റിലേഷൻസ്‌ ആയിരിക്കും ഏറ്റവും പ്രധാനം. ഞാൻ ചെയർമാനായിട്ടിരുന്ന പബ്ലിക്‌ റിലേഷൻസ്‌ കാര്യങ്ങൾ നോക്കണമെന്ന്‌ ഇവരാവശ്യപ്പെടുന്നു. ഞാൻ ഇവരോട്‌ ആ ബോംബെക്കഥ പറഞ്ഞു. നമ്മുടെ കൊറിയാക്കാരന്റെ.

ദേവകിദാസ്‌ ചിരിച്ചുകൊണ്ട്‌ ഇപ്പോൾ ചായ കൊണ്ടുവരാം എന്നു പറഞ്ഞ്‌ അകത്തേക്കു പോയി.

ദാസ്‌ പറഞ്ഞ കഥയുടെ അലകൾ അവരുടെ സൗഹൃദത്തെ അടുപ്പിച്ചു. ദാസ്‌ ബിർളായുടെ ചെറിയ ഫാക്‌ടറിയിൽ തുടക്കത്തിൽ ചേരുന്നത്‌ ഒരു സാധാരണ ക്ലാർക്കായിട്ടായിരുന്നു. അയാൾ ഒരു കാര്യം മനസ്സിലാക്കി. അവിടുത്തെ ഓഫീസിന്റെ സംവിധാനത്തിൽ ഉന്നതങ്ങളിലേക്ക്‌ കുതിച്ചു കയറണമെങ്കിൽ ഏറ്റവും ആവശ്യം ജോലിയിലുളള ആത്മാർത്ഥതയും കൂടുതൽ അറിവുകൾ നേടലുമാണെന്ന്‌. ദാസ്‌ ടൈപ്പിംങ്ങ്‌ പഠിച്ചു. ഈവനിംഗ്‌ക്ലാസുകളിൽ ചേർന്ന്‌ ഇന്റർമീഡിയറ്റ്‌ പരീക്ഷയെഴുതി. പിന്നീട്‌ ബി.കോമിനു പഠിച്ചു. ഇതിനിടയിൽ സ്‌റ്റെനോഗ്രാഫി പഠിച്ചു. സാധാരണയായി ഒരു ഉദ്യോഗസ്ഥനു കിട്ടാവുന്ന രീതിയിലുളള പ്രമോഷനും ലഭിച്ചു. ഫാക്‌ടറി ജനറൽ മാനേജരുടെ സ്‌റ്റെനോഗ്രാഫറായി.

ദാസിന്‌ തീർച്ചയായിരുന്നു; ഇനി മേലോട്ട്‌ ബിർളാകമ്പനികളുടെ അക്കാലത്തെ സംവിധാനത്തിൽ തനിക്ക്‌ ഉയരാൻ മറ്റു മാർഗങ്ങളൊന്നുമില്ല. ഇനി ഉയരണമെങ്കിൽ വളരെ ഉയർന്ന സാങ്കേതികബിരുദങ്ങൾ കൈക്കലാക്കണം. പക്ഷേ, ഇതിനിടയിൽ ഒരു കാര്യം ദാസ്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഫാക്‌ടറിയിലെ ഏതു കാര്യങ്ങളും നിയന്ത്രിക്കുന്ന ഒരു ചരട്‌ എല്ലാ പ്രവർത്തനങ്ങൾക്കും കടിഞ്ഞാണിടുന്നതുപോലെ. ഒരു അദൃശ്യശക്തി വർത്തിക്കുന്നുണ്ട്‌. അത്‌ ഉത്ഭവിക്കുന്നത്‌ സെയിൽസും പർച്ചേസും സെക്‌ഷനുകളിൽനിന്നാണ്‌. ഇംഗ്ലീഷിൽ ആധുനികമായ ഡബിൾ എൻട്രി നിയമപ്രകാരം കമ്പനിചട്ടങ്ങൾക്ക്‌ അനുസൃതമായ കണക്കുകൾ പോലും ഈ അദൃശ്യശക്തിക്ക്‌ ബാധകമല്ല. അത്‌ മാർവാഡികളുടെ മാത്രം രംഗമാണ്‌.

രാജസ്ഥാനിലെ മാർവാഡ്‌പ്രദേശത്തുനിന്നും ആയിരത്തിഎണ്ണൂറ്റി അൻപത്തിയേഴിലാണ്‌ പിലാനി നഗരത്തിലെ ശിവനാരായൺ എന്ന ആദ്യത്തെ ബിർള ഒട്ടകപ്പുറത്ത്‌ പുതിയ മേച്ചിൽപ്പുറങ്ങൾ നേടി അഹമ്മദാബാദിലേക്കു വന്നത്‌. അവിടെനിന്നും ബോംബെയിലേക്ക്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിർളാകുടുംബം കൽക്കട്ടയിലെത്തി. അന്നു വെളളക്കാർക്കു മാത്രമായിരുന്നു പ്രധാന വ്യവസായമേഖലകളിലെല്ലാം പ്രവർത്തിക്കാൻ അനുവാദം. പക്ഷേ, മാർവാഡീകുടുംബങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലം മുതൽ തന്നെ കൽക്കട്ടയിൽ ചൈനയുമായുളള കറുപ്പ്‌ വ്യാപാരം ആദ്യം രഹസ്യമായും പിന്നീട്‌ പരസ്യമായും ചെയ്യാൻ തുടങ്ങിയിരുന്നു. കറുപ്പിന്‌ വില വെളളിയിലായിരുന്നു ചൈനക്കാർ നൽകിയിരുന്നത്‌. വെളളിയുടെയും കറുപ്പിന്റെയും വിലവ്യത്യാസങ്ങൾ സ്‌റ്റോക്ക്‌മാർക്കറ്റിലെ ഓഹരിവിലകൾപോലെ മാറി മറിഞ്ഞുകൊണ്ടിരിക്കുമ്പോൾ ബിർളാകുടുംബം ആ മേഖലയിൽ ആദ്യമായി കാല്‌ വെച്ചു. പിന്നീട്‌ ഒന്നാം ലോകമഹായുദ്ധത്തിനോടടുത്ത്‌ ചണമില്ലുകളും ചണത്തുണിവ്യാപാരവും അവർ തങ്ങളുടെ പ്രവർത്തനപരിധിയിലേക്ക്‌ കൊണ്ടുവന്നു. ബിസിനസ്‌ വലുതാകുന്തോറും സഹായത്തിനെത്തിയത്‌ നാട്ടിൽ പിലാനിയിൽനിന്നുളള മാർവാഡികളായിരുന്നു. ആദ്യം സ്വന്തം കുടുംബക്കാർ, രണ്ടാമത്‌ ബന്ധുക്കൾ, മൂന്നാമത്‌ മാർവാഡിൽ നിന്നുളള നാട്ടുകാർ. ഇത്‌ ബിർളാകുടുംബത്തിന്റെ മാത്രമല്ല എല്ലാ മാർവാഡി ബിസിനസ്‌ ഗ്രൂപ്പുകളുടേയും സംവിധാനത്തിലെ പ്രത്യേകതയായിരുന്നു. അസംസ്‌കൃതസാധനങ്ങൾ വാങ്ങുക, ഉത്‌പന്നങ്ങൾ വിൽക്കുക തുടങ്ങിയ പണവുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങളും ചെയ്യാൻ ഈ ബിസിനസ്‌ ഗ്രൂപ്പുകാർ മാർവാഡികളായ നാട്ടുകാർക്കപ്പുറം ആരേയും അനുവദിച്ചിരുന്നില്ല.

ദാസിന്‌ ഒരു വാശിയായിരുന്നു, ഈ ഗ്രൂപ്പിൽ കടന്നുചെല്ലാൻ.

ദാസ്‌ മാർവാഡിഭാഷ പഠിച്ചു. മാംസഭക്ഷണം ഉപേക്ഷിച്ചു. കറുത്തവാവും തിഥികളും മാർവാഡികളെപ്പോലെ ആചരിച്ചു.

ഇൻകംടാക്‌സുകാരുടെ പേടിസ്വപ്‌നമായ മാർവാഡി കണക്കെഴുത്തുരീതി പഠിച്ചു.

എന്നിട്ടും ദാസിന്റെ ആഗ്രഹം സഫലീകരിച്ചില്ല. വിൽപ്പന ഡിപ്പാർട്ടുമെന്റിലെ ഒരു പ്രധാന ലാവണത്തിൽ ജോലി കൊടുത്തു. അത്രമാത്രം. പക്ഷേ വില നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ദാസിന്റെ കീഴിൽ ജോലി ചെയ്യുന്ന മാർവാഡി മധ്യവയസ്‌കന്റെ ചുമതലയായിരുന്നു. അപ്പോൾ ദൈവം ദാസിനെ സഹായിച്ചു.

വിലനിയന്ത്രണവും കർശനമായ അലോട്ട്‌മെന്റ്‌ രീതികളും ഉളള ഒരു മേഖലയാണ്‌ യന്ത്രത്തറിവിഭാഗം. പാവപ്പെട്ട തൊഴിലാളികളെ യന്ത്രത്തറി സഹകരണസംഘങ്ങൾ വഴി ആധുനിക കൈത്തറി ഉത്‌പാദനവുമായി ബന്ധപ്പെടുത്താൻ സർക്കാർ ശ്രമിച്ചുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്‌. സഹാകരണസംഘങ്ങളിൽ രാഷ്‌ട്രീയ ഇടപെടലുകൾ സർവസാധാരണമായിരുന്നു. എവിടെയോ എന്തോ തകരാറ്‌. യന്ത്രത്തറികളുടെ വിൽപ്പനയിലും വിതരണത്തിലും സർക്കാർ അഴിമതി കണ്ടെത്തി. ദാസിന്റെ ഫാക്‌ടറിയിലല്ലായിരുന്നു പ്രശ്‌നം. പക്ഷേ, ഈ വിൽപ്പന നടക്കുന്ന കാലഘട്ടത്തിൽ യന്ത്രത്തറിഫാക്‌ടറിയിലെ അലോട്ട്‌മെന്റ്‌ ഓർഡറുകൾ ഒപ്പിടാൻ ദാസിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്‌. മനഃപൂർവമാണോ അല്ലയോ എന്ന്‌ ദാസിനറിഞ്ഞുകൂടാ. പക്ഷേ, സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം ദാസിനെ അറസ്‌റ്റു ചെയ്‌തു. കുറ്റക്കാരൻ ദാസാണെന്ന്‌ കടലാസിലെ ഒപ്പിന്റെ വെളിച്ചത്തിൽ തീർച്ചപ്പെടുത്തി. ജാമ്യം കിട്ടി പുറത്തുവന്നപ്പോൾ ദാസ്‌ പറഞ്ഞുഃ

ബാബുജി, ഞാൻ സത്യമായി അറിഞ്ഞതല്ലെങ്കിലും ഇതിന്റെ ചുമതല ഞാനെടുക്കുന്നു. കമ്പനി കേസ്‌ നടത്തി തോൽക്കുകയാണെങ്കിൽ ഞാൻ ജയിലിൽ പോയ്‌ക്കൊളളാം. കമ്പനിക്ക്‌ പേരുദോഷം വരരുത്‌.

ബിർളാകുടുംബത്തിന്റെ അകന്ന ബന്ധുവായ ഒരു മാർവാഡി ചെറുപ്പക്കാരനായിരുന്നു ദാസിന്റെ മേലുദ്യോഗസ്ഥൻ. എല്ലാ മാർവാഡി ആൾക്കാരേയും പ്രായവ്യത്യാസമെന്യേ ദാസ്‌ ബാബുജി എന്നാണ്‌ വിളിച്ചിരുന്നത്‌.

പയ്യൻ പറഞ്ഞു.

യു ഗോ അഹെഡ്‌.

ഹൈക്കോടതിയിൽ മൂന്നു വർഷം കേസ്‌ നടന്നു. സർക്കാർ തോറ്റു. ദാസിന്റെ അഗ്നിപരീക്ഷ സഫലമായി. ദാസ്‌ മാർവാഡി-ഇന്നർസർക്കിളിലെ ഒരു അംഗമായി ദാസിനോട്‌ ബാബുജിമാർ മാർവാഡി ഭാഷയിൽ സംസാരിച്ചു. ദാസിനെ അവർ ദാസ്‌ ബാബു എന്നു വിളിച്ചു.

ദാസിനു സന്തോഷമായി. വലിയ വീട്‌. പല കാര്യങ്ങൾക്കായി ബോംബേയ്‌ക്കും ഡൽഹിക്കും പറക്കാം. ബിർള ഗ്രൂപ്പിലെ ഉന്നതൻമാരുമായി സമ്പർക്കം. മലയാളികളും തെക്കേ ഇന്ത്യക്കാരുമായ എല്ലാ മേഖലകളിലേയും ഉന്നതവ്യക്തികൾ ബിർളാഗ്രൂപ്പുമായി സമ്പർക്കം പുലർത്തുമ്പോൾ ദാസ്‌ ഇടനിലക്കാരനായി.

മെല്ലെ ദാസ്‌ ചെറിയ തോതിലുളള പബ്ലിക്ക്‌ റിലേഷൻസ്‌ തുടങ്ങി. അക്കാലത്താണ്‌ ദാസിനെപ്പോലും അത്ഭുതപ്പെടുത്തിയ, ദാസ്‌ ബാബുവിനോടും അമ്പിയോടും പറഞ്ഞ സംഭവമുണ്ടായത്‌.

കൊറിയയിലെ ഒരു വലിയ കമ്പനിയുമായി ചേർന്ന്‌ ഒരു കൂട്ടു പ്രോജക്‌ട്‌ തുടങ്ങാനുളള പദ്ധതി. കൊറിയൻ കമ്പനിയുടെ പ്രതിനിധി, കഷ്‌ടിച്ച്‌ മാത്രം ഇംഗ്ലീഷ്‌ പറയുന്ന ഒരു ചെറുപ്പക്കാരൻ, ബോംബെയിലെത്തി. അയാൾ രഹസ്യമായി വേറെ രണ്ടു കമ്പനികളുമായും ഇതേ കൂട്ടു പ്രോജക്‌ടിനെക്കുറിച്ച്‌ സംസാരിക്കുന്നുണ്ടെന്ന്‌ വിവരം കിട്ടി. അവരെ വെട്ടിച്ച്‌ കൂട്ടു പ്രോജക്‌ടിന്റെ എഗ്രിമെന്റ്‌ ഉടൻതന്നെ ശരിയാക്കാനായി ദാസിനെ നിയോഗിച്ചു.

ദാസ്‌ കൊറിയക്കാരനെ ഇടവും വലവും വിടാതെ സേവിച്ചു. വാചകമടിച്ചു. പുകഴ്‌ത്തി.

അവസാനം അയാൾ സമ്മതിച്ചു.

ശരി നിങ്ങളുമായിതന്നെ കൂട്ടു പ്രോജക്‌ട്‌.

ജൂഹുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ആയിരുന്നു കൊറിയക്കാരൻ താമസിച്ചിരുന്നത്‌. അയാൾ എഗ്രിമെന്റിന്റെ ആദ്യപകർപ്പ്‌ സസൂക്ഷ്‌മം പരിശോധിച്ചു. പെൻസിൽ കൊണ്ടു ചെറിയ തിരുത്തലുകൾ ചെയ്‌തു. എന്നിട്ട്‌ അത്‌ ദാസിനെ ഏൽപ്പിച്ചു പറഞ്ഞു.

നാളെ രാവിലെ ഇതിന്റെ നല്ല പകർപ്പ്‌ കൊണ്ടുവരൂ, ഞാനൊപ്പിടാം.

എന്നിട്ടയാൾ ചിരിച്ചുപറഞ്ഞു.

മിസ്‌റ്റർ ദാസ്‌. എനിക്ക്‌ ഇന്ന്‌ ഒരു പെൺകുട്ടിയെ വേണം. ഇന്ത്യൻ പെൺകുട്ടി.

ദാസ്‌ തരിച്ചിരുന്നു പോയി.

ഒക്കുകയില്ല എന്നു പറഞ്ഞാൽ തീർച്ചയായും കൊറിയക്കാരൻ എഗ്രിമെന്റ്‌ കീറിക്കളയും. തന്റെ മിടുക്കില്ലായ്‌മയെക്കുറിച്ച്‌ തീർച്ചയായും ഓഫീസിൽ പ്രതികരണമുണ്ടാകും.

ദാസ്‌ എന്തും വരട്ടെയെന്നു കരുതി ‘ശരി സർ’ എന്നു പറഞ്ഞ്‌ പുറത്തിറങ്ങി.

കണ്ണടച്ച്‌ ഈശ്വരനെ പ്രാർത്ഥിച്ചു.

ജീവിക്കാൻ വേണ്ടി ഇപ്പണിയും ചെയ്യേണ്ടിവരുന്നതിൽ ദാസിന്‌ വല്ലാത്ത ദുഃഖം തോന്നി.

കൈയിൽ എഗ്രിമെന്റ്‌. ഹോട്ടൽ മുറിയിൽ കൊറിയക്കാരൻ.

ദാസ്‌ ഓർമ്മയിൽ വന്ന ദൈവങ്ങളെയെല്ലാം പ്രാർത്ഥിച്ചു. ഒരു വഴി കാട്ടാൻ.

പെട്ടെന്ന്‌ മനസ്സിൽ ഒരു സുഹൃത്തിന്റെ രൂപം തെളിഞ്ഞു. ഹൈക്കോടതിയിൽ പരിചയപ്പെട്ട ഒരു സ്‌നേഹിതൻ. ബോംബെ മുഴുവൻ കൈവെളളയിലാണെന്ന്‌ വീമ്പടിച്ചിരുന്ന ഒരു പബ്ലിക്‌റിലേഷൻസ്‌ എക്‌സ്‌പെർട്ട്‌. അയാളുടെ ടെലിഫോൺ നമ്പർ ഡയറിയിലുണ്ടായിരുന്നു. സ്‌നേഹിതനെ വിളിച്ചു വിവരം പറഞ്ഞു. സ്‌നേഹിതന്‌ ഒരു തമാശയായിരുന്നു.

ഇത്രേയൊളേളാ? ഇപ്പോ മണിയെത്രയായി?

ഏഴര.

എന്നാൽ നീ എട്ടര മണിക്ക്‌ അയാളെയുംകൂട്ടി ദാ, ഈ അഡ്രസ്സിൽ ചെല്ല്‌. എല്ലാം റെഡി. ബില്ല്‌ നാളെ ഞാനയയ്‌ക്കാം.

അറിയാതെ പറഞ്ഞുപോയി.

നീയാരാ ദൈവമോ?

സ്‌നേഹിതൻ ചിരിച്ചു.

ബെസ്‌റ്റ്‌ ഓഫ്‌ ലക്ക്‌. കൊറിയക്കാരൻ കുളിച്ച്‌ മിടുക്കനായി കാത്തിരിക്കുകയായിരുന്നു. അയാളെയും കൂട്ടി സ്‌നേഹിതൻ പറഞ്ഞ അഡ്രസ്സിൽ ചെന്നു. ബോംബെയിലെ ഏറ്റവും ഉന്നതൻമാർ താമസിക്കുന്ന ഏരിയായിലെ ഒരു കൂറ്റൻ അപ്പാർട്ട്‌മെന്റ്‌ ഹൗസ്‌. ഇടയ്‌ക്ക്‌ അല്‌പം ഭയം തോന്നി. സ്‌നേഹിതൻ കബളിപ്പിച്ചതായിരിക്കുമോ? ഏതായാലും ധൈര്യമായി ഫ്ലാറ്റ്‌ നമ്പറും ഫ്ലോറും ഒന്നുകൂടി പരിശോധിച്ച്‌ കോളിംഗ്‌ ബെൽ അമർത്തി.

അത്ഭുതം തോന്നി.

ഒരു തരത്തിലും ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ടിരിക്കാമെന്ന്‌ സംശയംപോലും ഉണ്ടാകാത്ത തരത്തിൽ ആധുനിക വേഷവിധാനങ്ങളോടെ ഒരു കുലീനയായ യുവതി ചിരിച്ചുകൊണ്ട്‌ അവരെ സ്വാഗതം ചെയ്‌തു.

കൊറിയക്കാരനു സന്തോഷമായി. യുവതി സ്‌കോച്ചിന്റെ കുപ്പി മെല്ലെ തുറക്കുമ്പോൾ ദാസ്‌ യാത്ര ചോദിച്ചു. കൊറിയക്കാരൻ പറഞ്ഞുഃ

വേണ്ട മിസ്‌റ്റർ ദാസ്‌. ഒരു ഡ്രിങ്ക്‌സ്‌ കഴിച്ചിട്ട്‌ പോകൂ.

ദാസ്‌ നന്ദി പറഞ്ഞു.

ഞങ്ങളുടെ കമ്പനിയിൽ മദ്യം നിഷിദ്ധമാണ്‌.

കൊറിയക്കാരൻ വീണ്ടും നിർബന്ധിച്ചു.

എങ്കിൽ ഒരു കമ്പനിക്ക്‌. ഈ മാഡം പറയുന്നത്‌ എനിക്ക്‌ മനസിലായില്ലെങ്കിലോ. ഒന്ന്‌ ട്രാൻസലേറ്റു ചെയ്യാൻ.

ദാസ്‌ അതു കേൾക്കാത്ത മട്ടിൽ ഗുഡ്‌നൈറ്റ്‌ പറഞ്ഞ്‌ സ്ഥലം വിട്ടു.

അടുത്ത ദിവസം രാവിലെ ജൂഹുവിലെ ഹോട്ടൽ മുറിയിൽ എഗ്രിമെന്റുമായിച്ചെന്ന ദാസിനെ കൊറിയക്കാരൻ സസന്തോഷം സ്വീകരിച്ചു. എഗ്രിമെന്റ്‌ വാങ്ങി. പക്ഷേ, അയാൾ ഒപ്പിട്ടില്ല.

അയാൾ പറഞ്ഞു.

ഞാനിത്‌ കൊറിയയിലേക്ക്‌ കൊണ്ടുപോകുകയാണ്‌. രണ്ടാഴ്‌ച കഴിഞ്ഞ്‌ ഒപ്പിടാം.

ദാസ്‌ ചോദിച്ചു.

എന്തിനാണ്‌ രണ്ടാഴ്‌ച?

കൊറിയക്കാരൻ എഴുന്നേറ്റ്‌ ദാസിന്റെ തോളിൽ തട്ടി ചോദിച്ചുഃ

നിങ്ങൾക്ക്‌ തീർച്ചയുണ്ടോ ആ യുവതി ക്ലീനായിരുന്നുവെന്ന്‌. നമുക്കു നോക്കാം. രണ്ടാഴ്‌ചയല്ലേ ഉളളൂ.

രണ്ടാഴ്‌ചയ്‌ക്കുശേഷം എഗ്രിമെന്റ്‌ ഒപ്പിട്ടു കിട്ടി. അതു പബ്ലിക്ക്‌ റിലേഷൻസിന്റെ മിടുക്കാണോ അതോ ദാസ്‌ ആ രണ്ടാഴ്‌ചക്കുളളിൽ മുടങ്ങാതെ മാവേലിക്കരയിലും പരിസരങ്ങളിലുമുളള എല്ലാ ദേവീദേവൻമാരേയും പ്രാർത്ഥിച്ചതിന്റെ ഫലമാണോ എന്ന്‌ ഇന്നും തീർച്ചയില്ല.

ദാസിന്‌ അതിനുശേഷമാണ്‌ കൽക്കട്ടയിലെ ഹെഡ്‌ ഓഫീസിലേക്ക്‌ സ്ഥലംമാറ്റം കിട്ടിയത്‌.

കഥ കേട്ടു കഴിഞ്ഞപ്പോൾ ബാബുവും അമ്പിയും തീർത്തു പറഞ്ഞു. അങ്കിൾ നമ്മുടെ കമ്പനിയുടെ ചെയർമാനാകണം. അങ്കിളിന്‌ പബ്ലിക്ക്‌ റിലേഷൻസ്‌ മാത്രമല്ല, ദൈവാനുഗ്രഹവും ഉണ്ട്‌.

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ദാസ്‌ സമ്മതിച്ചു.

എനിക്കും ഒരു വാശി. ഈ ബിർളായ്‌ക്ക്‌ സാധിക്കാത്തത്‌ നമുക്കിവിടെ സാധിക്കണം. ബിർള തോറ്റോടിയേടത്ത്‌ നമുക്കൊരു നല്ല വ്യവസായം സ്ഥാപിച്ച്‌ വളർത്തണം. അയാം വിത്ത്‌ യൂ.

Previous Next



Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.