പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > പ്രൈവറ്റ്‌ ലിമിറ്റഡ്‌ > കൃതി

ഇരുപത്തിയഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നോവൽ

പ്രവീൺ മേനോൻ തീരെ യാദൃച്ഛികമായിട്ടാണ്‌ പ്രസാദിനെ പരിചയപ്പെട്ടത്‌. എറണാകുളത്ത്‌ തന്നെ നാലു ബ്രാഞ്ചുകളുളള ഒരു ബോംബെ ബാങ്കിന്റെ എം.ജി.റോഡിലെ പ്രധാന ബ്രാഞ്ചിലെ മാനേജർ. മലയാളിയാണ്‌. പക്ഷേ പഠിച്ചതും വളർന്നതും ഗുജറാത്തിൽ. പ്രസാദിന്റെ പിതാവ്‌ അഹമ്മദാബാദിലായിരുന്നു. ഒരു കോട്ടൺ മില്ലിൽ. റിട്ടയറായതിനുശേഷം, നാട്ടിൽ, എറണാകുളത്തിനടുത്ത്‌ തറവാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം. മകൻ, ഒറ്റ മകനാണ്‌. പ്രസാദിന്‌ ബാങ്കിൽ ഓഫിസർ ട്രെയിനിയായി പണി കിട്ടി. ബറോഡയിലും, സൂറത്തിലും രാജ്‌കോട്ടിലും ആയിരുന്നു, ബാങ്ക്‌ ജീവിതത്തിലെ ഉദ്യോഗപർവങ്ങൾ. അച്ഛനും അമ്മയ്‌ക്കും നിർബന്ധം, നാട്ടിലേക്ക്‌ ട്രാൻസ്‌ഫർ വാങ്ങി വരണം. കുറച്ചുനാളെങ്കിലും ഒന്നിച്ചു ജീവിക്കാമല്ലോ.

പ്രസാദ്‌ മലയാളം സംസാരിക്കും. വളരെ പണിപ്പെട്ട്‌ അക്ഷരങ്ങൾ വായിക്കും. മലയാളം എഴുതാൻ ഒട്ടും വയ്യ.

പത്തു വർഷം ഗുജറാത്തിൽ, വ്യവസായവും വാണിജ്യവും അനുദിനം വർദ്ധിച്ചുകൊണ്ടിരുന്ന സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തിൽ ഇന്ത്യ മുഴുവൻ അതേ രീതിയിലായിരിക്കും പ്രവർത്തനശൈലി എന്ന്‌ ധരിച്ചിരുന്ന പ്രസാദിന്‌ ആദ്യദിവസംതന്നെ കേരളത്തിൽ കയ്‌പ്‌ അനുഭവപ്പെട്ടു. പത്തു കിട്ടിയാൽ പതിനഞ്ച്‌ കടം കൊടുക്കുക എന്നതാണ്‌ ബാങ്കിന്റെ അടിസ്ഥാന ശൈലി എന്ന വണികമനശ്ശാസ്‌ത്രം ഇവിടെ ഹെഡ്‌ഓഫീസ്‌ സർക്കുലറുകളിലെ ആദ്യ പാരഗ്രാഫുകളിൽ ഒതുങ്ങിക്കിടക്കുന്നതേയുളളൂ എന്ന്‌ പ്രസാദ്‌ കണ്ടുപിടിച്ചു. ബാങ്ക്‌ ഇവിടെ ഒരു സേഫ്‌ ഡെപ്പോസിറ്റ്‌ വാൾട്ട്‌ എന്നതിൽനിന്ന്‌ റിസ്‌​‍്‌ക്ക്‌ എടുക്കാൻ തയ്യാറുളള ബിസിനസ്‌ എന്നതിലേക്ക്‌ വളർന്നിട്ടില്ല എന്ന്‌ അയാൾക്ക്‌ ബോധ്യപ്പെട്ടു. ഇവിടെ ബുദ്ധിയുളള ബിസിനസ്‌കാരന്റെ ആവശ്യമില്ല ബാങ്ക്‌ മാനേജരായിട്ട്‌. ഇംഗ്ലീഷിലെ വാചകങ്ങളുടെ അർത്ഥം മനസ്സിലാക്കി അതിന്‌ വരവണ്ണം വ്യത്യാസമില്ലാതെ എല്ലാ ഇടപാടുകളിലും പാളിച്ചകൾക്കെതിരെ സ്വയം രക്ഷാകവചം നിർമ്മിക്കുക. ഇതു മാത്രമേയുളളൂ ബാങ്കറുടെ ചുമതല.

ഞാനിവിടെ ശരിക്കും ഒരധികപ്പറ്റാണ്‌, പ്രവീൺ.

പ്രസാദ്‌ പ്രവീണുമായി പരിചയപ്പെട്ട ദിവസംതന്നെ പറഞ്ഞു.

ഈ അന്തരീക്ഷത്തിൽ ഒരു ബാങ്കർക്ക്‌ എന്താണ്‌ ചലഞ്ച്‌? എത്രയും കുറവ്‌ ജോലി ചെയ്യുക; ഒരു തരത്തിലും നമുക്ക്‌ അപകടം വരാതെ സൂക്ഷിക്കുക; നിയമങ്ങളുടെ വരികളിൽനിന്ന്‌ ഒട്ടും മാറാതെ മാത്രം തീരുമാനങ്ങളെടുക്കുക. അതാണ്‌ ഏവരുടെയും ലക്ഷ്യം. സുശക്തമായ ട്രേഡ്‌ യൂണിയനുകളുളളതുകൊണ്ട്‌ മിടുക്കും, എഫിഷ്യൻസിയും കാട്ടാതെ തന്നെ വേണ്ടത്ര പ്രമോഷനും, സൗകര്യങ്ങളും ലഭിച്ചു കൊളളും.

പ്രവീൺമേനോന്‌ പെട്ടെന്ന്‌ ഒരു പ്രശ്‌നം. തൽക്കാലത്തേക്ക്‌, രണ്ടാഴ്‌ചക്കാലത്തേക്ക്‌, കുറച്ചേറെ പണം ഒന്ന്‌ മറിക്കണം, റെഡിക്യാഷ്‌. സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചിലെ ബദ്‌ലാ റേറ്റ്‌ ഒരു മാസമായി കൂടി നിൽക്കുകയാണ്‌. പല ബാങ്കർമാരേയും പരിചയമുണ്ട്‌. ഈ ബാങ്കിൽ പുതിയ മാനേജർ വന്നു എന്ന്‌ കേട്ടു. പരിചയപ്പെട്ടിരിക്കാം എന്നു കരുതി.

പ്രവീൺമേനോന്‌ പ്രസാദിനെ ഇഷ്‌ടപ്പെട്ടു.

പ്രസാദിന്‌ പ്രവീണിനെയും.

ഓഹരിപത്രങ്ങളുടെ സെക്യൂരിറ്റിയിൽ അതിന്റെ മുഖവിലയിൽ കൂടുതൽ കടം നൽകുകയാണെങ്കിൽ അതിന്‌ പ്രത്യേകമായി വേറെ കൊളാറ്ററൽ സെക്യൂരിറ്റി കൂടി വേണമെന്നുളള ഹെഡ്‌ ഓഫീസ്‌ നിർദ്ദേശം, അക്കൗണ്ടന്റ്‌ ഫയലെടുത്തു കാട്ടി പ്രസാദിനെ ഓർമ്മപ്പെടുത്തി.

പ്രസാദ്‌ പറഞ്ഞു.

അങ്ങിനെ റൂൾ നോക്കിയിരുന്നാൽ ഒരു ലോണും കൊടുക്കാനൊക്കുകയില്ല. ഞങ്ങൾ ആ സർക്കുലറിലെ, അവസാനത്തെ വാചകമില്ലേ, മാനേജർക്ക്‌ യുക്തമെന്ന്‌ തോന്നുന്ന കേസുകളിൽ മറ്റെല്ലാ സാഹചര്യങ്ങളും നോക്കി ഈ സർക്കുലറുകളിലെ നിർദ്ദേശങ്ങളെ അല്‌പസ്വല്‌പം മാനിക്കാതിരിക്കുകയും ചെയ്യാമെന്ന്‌.

അക്കൗണ്ടന്റ്‌ ചോദിച്ചു.

അതിന്റെയർത്ഥം?

എന്നെ ഈ കളക്‌റ്ററെക്കാളും ഉയർന്ന ശമ്പളവും തന്ന്‌ ഇവിടെയിരുത്തിയിരിക്കുന്നതെന്തിനാ? ബാങ്കിന്‌ ലാഭമുണ്ടാക്കാൻ. നാടിന്‌ ഗുണമുണ്ടാക്കാൻ. എന്റെ ജോലി വെറും ക്ലർക്കിന്റെയല്ല. അതുകൊണ്ട്‌.... പ്രവീണിന്റെ കൈവശമുണ്ടായിരുന്ന ലിസ്‌റ്റിൽനിന്നും ഷെയറുകളുടെ പേര്‌ വായിച്ചു. ബിസിനസ്‌ ടൈംസിൽ നിന്നും ഈ വർഷത്തെ ഏറ്റവും കൂടിയതും, കുറഞ്ഞതുമായ വില നോക്കി. തലേ ദിവസത്തെ വില നോക്കി. ഇ.പി.എസ്‌. റേഷ്യോ നോക്കി.

എല്ലാം ഞൊടിയിടയിലായിരുന്നു.

കാൽക്കുലേറ്ററിൽ വിരലുകൾ ചലിച്ചു.

പ്രസാദ്‌ പറഞ്ഞു.

താങ്കൾക്ക്‌ എത്ര രൂപ വേണമെന്നാണ്‌ പറഞ്ഞത്‌?

കൈയിലുണ്ടായിരുന്ന ഓഹരികളുടെ അന്നത്തെ മാർക്കറ്റ്‌ വിലയുടെ അറുപതു ശതമാനത്തിലേറെയുളള ഒരു തുകയായിരുന്നു ആവശ്യം. ബദ്‌ലാ പാർട്ടികൾ ഉടൻ റേറ്റ്‌ കൂട്ടുന്നത്ര തുക.

പ്രവീൺ തുക പറഞ്ഞു. പ്രസാദ്‌ ചിരിച്ചു. നോ പ്രോബ്ലം. ഐ വിൽ ഗിവ്‌ ഇറ്റ്‌.

അക്കൗണ്ടന്റിനെ നോക്കി പറഞ്ഞു.

പേടിക്കേണ്ട. ഞാൻ ചുമതലയെടുത്തുകൊളളാം. നിങ്ങൾ കടലാസുകൾ തയ്യാറാക്കൂ.

പ്രവീൺ ലേശം അത്ഭുതത്തോടെതന്നെ പ്രസാദിന്റെ നേരെ നോക്കിക്കൊണ്ടിരുന്നു. ഇന്ത്യൻ ബാങ്കിംഗ്‌ ഇന്ന്‌ ശരിക്കും ഒരു നാഥനില്ലാത്ത കളരിപോലെയാണ്‌. എല്ലാവരും പയറ്റുന്നു അവനവന്റെ രീതിയിൽ. എന്തിനാണ്‌, എങ്ങിനെയാണ്‌, എന്താണ്‌ ലക്ഷ്യം, അത്‌ കൃത്യമായി ആർക്കും അറിഞ്ഞുകൂടാ ഇന്നും. രാഷ്‌ട്രീയനേതൃത്വത്തിനുപോലും അത്‌ അറിയാമോ എന്ന്‌ സംശയമുണ്ട്‌. ബാങ്കിംഗ്‌ പോളിസിയുണ്ട്‌. പക്ഷേ അത്‌.. പ്രസാദ്‌, ബാങ്കുകളെക്കുറിച്ച്‌ പറഞ്ഞത്‌ കേരളത്തിനെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും ശരിയാണെന്ന്‌ പ്രവീണിനറിയാമായിരുന്നു. എങ്കിലും അയാൾ ശ്രദ്ധാപൂർവം പ്രസാദിന്റെ ആശയങ്ങളെ പൂർണമായും ഉൾക്കൊളളാൻ ശ്രമിച്ചു.

ഇന്ത്യയിലെ ഒട്ടുമുക്കാലും ബാങ്കുകളും മറ്റു ബിസിനസ്സോ, വ്യവസായങ്ങളോ നടത്തുന്ന വണികകുടുംബങ്ങളുടെ ഒരു ധനാഗമമാർഗ്ഗമായാണ്‌ ഭാരതത്തിൽ തുടങ്ങിയത്‌. കേരളത്തിലാണെങ്കിൽ, സ്വർണ്ണം പണയം വാങ്ങി കടം നൽകുന്ന നാടൻ രീതിയുടേയും, ചിട്ടിക്കാരുടേയും ഒരു പരിഷ്‌കരിച്ച രൂപം. അത്രയേയുളളൂ. റിസർവ്‌ ബാങ്കിന്റെ നിയന്ത്രണം പേരിനുണ്ട്‌. പക്ഷേ അതിനെ മറികടക്കാൻ പ്രത്യേക ബാങ്കിംഗ്‌ വൈദഗ്‌ധ്യം ആവശ്യമില്ലായിരുന്നു. ബാങ്കുകളുടെ ദേശവത്‌കരണമാണ്‌ പെട്ടെന്ന്‌ ബാങ്കിംഗ്‌ മേഖലയെ ഉണർത്തിയത്‌. കടം നൽകുന്നതിൽ ഒരു പ്രത്യേക ശതമാനം കുറഞ്ഞപലിശയിൽ, സർക്കാർ പോളിസിയനുസരിച്ച്‌ സമൂഹത്തിലെ ദുർബലവിഭാഗത്തിന്‌ നൽകാൻ നിർബന്ധിതരായതോടുകൂടി രണ്ടുതരം മാറ്റങ്ങൾ ബാങ്കിംഗ്‌ മേഖലയിൽ സംഭവിച്ചു. അഴിമതിയും, കൈക്കൂലിയും ദേശവത്‌ക്കരണത്തിന്‌ മുമ്പ്‌ ഉന്നതതലത്തിലേ ഉണ്ടായിരുന്നുളളൂ. അതും അത്ര വ്യാപകമായിരുന്നില്ല. കാരണം മിക്ക വലിയ ബിസിനസ്‌ കുടുംബങ്ങൾക്കും സ്വന്തം ബാങ്കുകൾ ഉണ്ടായിരുന്നു എന്നതുതന്നെ. പക്ഷെ ഇപ്പോൾ അഴിമതി ഉന്നതതലത്തിൽ വ്യാപകമായി. പെട്ടെന്ന്‌, താഴേക്കിടയിലേക്കും അത്‌ പടർന്ന്‌ പിടിച്ചു. ഇതിനിടയ്‌ക്ക്‌, പൊതുതെരഞ്ഞെടുപ്പുകൾക്ക്‌ മുമ്പ്‌ ദുർബലവിഭാഗങ്ങളുടെ കിട്ടാക്കടം എഴുതിത്തളളുക എന്ന പ്രവണത സർവ്വസാധാരണയായി. ബാങ്കുകൾ കണക്കിലെ കളിയിലൂടെ വാർഷികറിപ്പോർട്ടുകളിൽ മെച്ചപ്പെട്ട പ്രവർത്തനഫലം കാഴ്‌ചവച്ചു. ഇടയ്‌ക്ക്‌ നഷ്‌ടം കാട്ടിയാലും അതിന്‌ കാരണം സർക്കാരിന്റെ പോളിസികളാണെന്ന്‌ പാർലമെന്റിനേയും, ജനങ്ങളെയും വിശ്വസിപ്പിക്കാൻ കഴിഞ്ഞു. ഒരിക്കലും ബാങ്കിംഗ്‌മേഖലയ്‌ക്ക്‌ മത്സരമുളള മാർക്കറ്റിൽ പ്രവർത്തിക്കേണ്ടി വന്നില്ല.

അക്കൗണ്ടന്റ്‌ തിരിച്ചു വന്നു. അയാളുടെ കൈയിൽ തടിച്ച മാസ്‌റ്റർ ഫയലുണ്ടായിരുന്നു. അതിൽ ഫ്ലാഗ്‌ ചെയ്‌തു വച്ചിരുന്ന സർക്കുലർ പ്രസാദിന്റെ മുന്നിൽ സന്തോഷത്തോടെ കാട്ടിയിട്ട്‌ അയാൾ നിശ്ശബ്‌ദനായി കാത്തുനിന്നു.

പ്രസാദ്‌ അത്‌ വായിക്കാൻ തുടങ്ങിയപ്പോൾതന്നെ പറഞ്ഞു.

ഇതെനിക്കറിയാം. ഇത്‌ ഏഴുവർഷം പഴക്കമുളള സർക്കുലറാണ്‌. അതിന്‌ ശേഷം ഇതിനെ ബാങ്ക്‌ മാനേജർക്ക്‌ യുക്തിപൂർവ്വം ചെയ്യാൻ പാടില്ല എന്ന അവസാനത്തെ പാരഗ്രാഫില്ലേ, അതിനെ മറികടന്നതല്ലേ ഇപ്പോഴത്തെ സർക്കുലർ?

അല്ല.

എന്തുകൊണ്ട്‌?

ഇൻ സൂപ്പർസിഷൻ ഓഫ്‌ ദി പ്രീവിയസ്‌ ഇൻസ്‌ട്രക്‌ഷൻ ഒൺ ദി സബ്‌ജക്‌ട്‌...എന്ന്‌, സാറ്‌ കാണിച്ച പുതിയ സർക്കുലറിലില്ല.

പ്രസാദ്‌ രണ്ടു നിമിഷം ആലോചിച്ചു. പറഞ്ഞു.

അത്‌ ചിലപ്പോൾ ഈ പുതിയ സർക്കുലർ ഡ്രാഫ്‌റ്റ്‌ ചെയ്‌തപ്പോൾ വിട്ടുപോയതായിരിക്കും. ആദ്യത്തേതിൽനിന്ന്‌ വിഭിന്നമായ ഓർഡർ പിന്നീട്‌ വരുമ്പോൾ ആദ്യത്തേത്‌ ക്യാൻസലാകും, സ്വയം. അതാണ്‌ അതിന്റെ നിയമം. രീതി.

പക്ഷേ, സാർ, അങ്ങിനെയാണെങ്കിൽ, ഇൻ സൂപ്പർസിഷൻ എന്ന്‌ എഴുതുന്നതിന്റെ ആവശ്യം ഇല്ലല്ലോ?

ഇല്ല.

അപ്പോൾ പിന്നെ അങ്ങിനെ എഴുതുന്നതെന്താ?

പ്രസാദിന്‌ അല്‌പം ദേഷ്യം വരുന്നതായി പ്രവീണിന്‌ തോന്നി. തനിക്കുവേണ്ടി, ഇവർ തമ്മിൽ വഴക്കുകൂട്ടണ്ട കാര്യമില്ല എന്ന്‌ പറയണമെന്ന്‌ ആഗ്രഹിച്ചു. പക്ഷെ, ഇതിന്റെ അന്ത്യം കാണണമെന്നും ഉണ്ടായിരുന്നു.

പ്രസാദ്‌ പറഞ്ഞു.

നിങ്ങൾ പറഞ്ഞുകൊണ്ടു വരുന്നത്‌..?

ഇപ്പോഴത്തെ സർക്കുലർപ്രകാരം സാറിന്‌ സ്വയം അത്‌ തീർച്ചപ്പെടുത്താനുളള അധികാരമില്ല എന്നാണ്‌.

ഞാൻ ഓർഡർ എഴുതിത്തന്നാലോ?

അക്കൗണ്ടന്റിന്റെ മുഖം വികസിച്ചു.

എന്നാൽ കുഴപ്പമില്ല. പൂർണ്ണമായും ചുമതല സാറിന്റെയായിരിക്കും.

അക്കൗണ്ടന്റ്‌ പോയി.

പ്രവീൺ പറഞ്ഞു.

താങ്കൾക്ക്‌ പ്രശ്‌നങ്ങളുണ്ടാകുന്ന കാര്യമാണെന്ന്‌ തോന്നുന്നു. എങ്കിൽ, എക്‌സ്‌ക്യൂസ്‌ മീ, ഞാൻ വേറെവഴി നോക്കാം.

നോ... നോ... ഇത്‌ പ്രസ്‌റ്റീജിന്റെ പ്രശ്‌നമൊന്നുമല്ല. ഒരു ബാങ്കറെന്ന നിലയിൽ എന്റെ സമീപനത്തിന്റെ ടെസ്‌റ്റ്‌ ആണ്‌. ബാങ്കിന്‌ ലാഭം നേടിത്തരാൻ കഴിവുളള ഒരു കസ്‌റ്റമർ, അയാളെക്കുറിച്ച്‌ ബാങ്കർ എന്ന നിലയിലുളള എന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്‌ അയാളെ എന്റെ ബാങ്കുമായി സ്ഥിരമായി ബന്ധപ്പെടുത്തേണ്ടത്‌ എന്റെ ആവശ്യമാണ്‌. അതുകൊണ്ട്‌...

എനിക്ക്‌ താങ്കളോട്‌ ബഹുമാനം തോന്നുന്നു.

അക്കൗണ്ടന്റ്‌ ക്യാബിനിന്റെ വാതിൽക്കൽ വന്ന്‌ അല്‌പം സംശയിച്ചു നിന്നു.

സാർ, ഒരു നിമിഷം

പ്രസാദ്‌ എഴുന്നേറ്റ്‌ പുറത്തേക്കു പോയി. ഗ്ലാസ്‌ ഭിത്തിയിലൂടെ, അകലെ അക്കൗണ്ടന്റിന്റെ മേശയ്‌ക്കരികെ നിൽക്കുന്ന പ്രസാദിനെ കാണാമായിരുന്നു. അക്കൗണ്ടന്റ്‌ എന്തോ കാര്യമായി പറയുകയാണ്‌ പ്രസാദ്‌ തലയാട്ടുന്നുണ്ട്‌.

അല്‌പനേരം കഴിഞ്ഞ്‌ പ്രസാദ്‌ ചിരിച്ചുകൊണ്ട്‌ അകത്തേക്കു വന്നു.

അയാൾ അക്കൗണ്ടന്റ്‌ ആള്‌ നല്ലവനാണ്‌. എനിക്ക്‌ ഇവിടത്തെ രീതികൾ പറഞ്ഞുതരികയായിരുന്നു.

എന്താ?

ഇപ്പോൾ നിയമപ്രകാരമല്ലാതെ ലോൺ തന്നാൽ, അത്‌ അഴിമതിയായി വ്യാഖ്യാനിക്കപ്പെടും. എത്ര ശതമാനമാണ്‌ ഞാൻ കൈക്കൂലിയായി താങ്കളിൽനിന്ന്‌ കൈപ്പറ്റിയതെന്നേ അന്വേഷണം ഉണ്ടാകുകയുളളൂ. കൈക്കൂലി വാങ്ങിയോ എന്നതായിരിക്കുകയില്ലത്രെ. ഏതൊരു ബാങ്കറും അല്‌പം ബാങ്കിംഗ്‌രീതി കാട്ടിയാൽ അതിന്റെ പിന്നിൽ കൈക്കൂലി ഉണ്ടെന്നേ വിശ്വസിക്കൂ.

പ്രസാദ്‌ വീണ്ടും ചിരിച്ചു.

പിന്നെ കേസാകും. അതിൽനിന്ന്‌ രക്ഷപ്പെടാൻ യൂണിയൻ നേതൃത്വം ഒപ്പം വരും. പക്ഷെ, അവരുടെയും പൂർണ്ണവിശ്വാസം ഞാൻ കൈക്കൂലി വാങ്ങിയിരിക്കും എന്നാണത്രേ. ഒരു നല്ല ശതമാനം അവരും ചോദിച്ചാൽ അതിന്‌ കുറ്റം പറയാനൊക്കുമോ? മടുത്തു എന്നിടയ്‌ക്ക്‌ തോന്നും. പക്ഷെ, എന്നെപ്പോലുളളവർ മടുത്ത്‌ ഓടിയകലാൻ തുടങ്ങിയാൽ മറ്റാര്‌ ഈ സിസ്‌റ്റത്തോട്‌ യുദ്ധം ചെയ്യാൻ വരും?

എല്ലാറ്റിനേയും സമചിത്തതയോടെ അപഗ്രഥിക്കാൻ പ്രസാദിനുളള കഴിവിൽ പ്രവീണിന്‌ അസൂയ തോന്നി. സന്തോഷവും.

പ്രസാദ്‌ പറയുന്നുണ്ടായിരുന്നു.

ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയിൽ രണ്ടുതരം ജോലിക്കാരാണുളളത്‌. അവർ തമ്മിൽ മാനസികമായി പൊരുത്തപ്പെടേണ്ടതിനെപ്പറ്റി മിടുക്കരായ സോഷ്യൽ സയന്റിസ്‌റ്റ്‌സ്‌ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

അതെന്താ?

ഒന്നാമത്തെ കൂട്ടർ, ബാങ്കിംഗ്‌ ഒരു ഓർഗനൈസ്‌ഡ്‌ മേഖലയാകാതിരുന്ന കാലത്ത്‌ ജോലിയിൽ പ്രവേശിച്ചവർ. അവരിൽ ബഹുഭൂരിപക്ഷവും, ബന്ധുബലം, ശുപാർശ, വലിയ ഡെപ്പൊസിറ്റ്‌ തുടങ്ങിയ പിൻബലത്തോടുകൂടിയെത്തിയവരാണ്‌. അവർക്ക്‌ ബാങ്കിംഗിന്റെ വികസനത്തോടൊപ്പം ലഭിച്ച സാമൂഹ്യമായ ഉയർന്ന നില പ്രതീക്ഷിച്ചതിലും മേലെയായിരുന്നു. അത്‌ നഷ്‌ടപ്പെടാതിരിക്കാൻ അവർക്ക്‌ പ്രവർത്തിക്കണം. അതേ സമയം തെറ്റുകൾ സംഭവിക്കുകയുമരുത്‌. അത്തരം ഒരു വലിയ, ആത്മാർത്ഥതയും ഭയവും ജോലിയോടുളള സമീപനത്തിൽ നിറഞ്ഞുനിന്ന ഒരു വിഭാഗമാണ്‌ ഇന്ന്‌ മിക്കവാറും മിഡിൽ-അപ്പർ ലവൽ ബാങ്കിംഗിൽ. അവർക്ക്‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിലല്ല ഇഷ്‌ടം. അവയെ കണ്ടു എന്നു നടിക്കാതിരിക്കുകയാണ്‌. സംഘടന അവർക്ക്‌ തങ്ങളെ കുഴപ്പങ്ങളിൽനിന്നു രക്ഷിക്കാനുളളതാണ്‌.

മറ്റേ കൂട്ടർ? രണ്ടാം വിഭാഗം?

അത്‌ ഇന്നത്തെ ചെറുപ്പക്കാരാണ്‌. ശുപാർശയും മറ്റു പിൻബലവുമൊന്നുമില്ലാതെ, പരീക്ഷയെഴുതി പാസായി ജോലിയിൽ പ്രവേശിക്കുന്നവർ. അവരിൽ ഭൂരിഭാഗവും അസംതൃപ്‌തരാണ്‌. ഐ.എ.എസ്‌. തുടങ്ങിയ പരീക്ഷകളിലോ, എൻജിനീയറിംഗ്‌ മെഡിക്കൽ എൻട്രൻസുകളിലോ, പരാജിതരായവരാണ്‌ ഇവരിൽ ഭൂരിഭാഗവും. ആ പരാജയത്തിനു കാരണങ്ങൾ, തങ്ങളുടെ പ്രയത്‌നത്തിന്റേയോ, ബുദ്ധിശക്തിയുടേയോ കുറവാണ്‌ എന്ന്‌ ഒരിക്കലും വിശ്വസിക്കാൻ ധൈര്യമില്ലാത്തവർ. അവർക്ക്‌ ബാങ്കിംഗ്‌ ഒരു വെറും ജോലി മാത്രം. പത്തുമുതൽ അഞ്ചുവരെ തങ്ങളേക്കാൾ പഠിത്തവും വിവരവും കുറഞ്ഞവരെന്ന്‌ അവർക്ക്‌ പൂർണ്ണ വിശ്വാസമുളള മേലധികാരികളുടെ കീഴിൽ കഴിയേണ്ട ഗതികേട്‌ വന്നവർ. അവർക്ക്‌ സംഘടനകൾ കൂടുതൽ ആനുകൂല്യങ്ങൾ പിടിച്ചു വാങ്ങാനുളള ആയുധം മാത്രം.

അക്കൗണ്ടന്റ്‌ കടലാസുകൾ ശരിയാക്കിക്കൊണ്ടു വന്നു.

പ്രവീൺ ഒപ്പുകളിട്ടു. ചെക്ക്‌ തയ്യാറാക്കാൻ അക്കൗണ്ടന്റ്‌ വീണ്ടും മുറിവിട്ട്‌ പോയപ്പോൾ പ്രവീൺ പറഞ്ഞു.

പ്രസാദ്‌ പറഞ്ഞത്‌ ശരിയാണ്‌. പക്ഷെ, ഇത്‌ ബാങ്കിംഗ്‌മേഖലയിൽ മാത്രമല്ല. കേരളത്തിൽ പ്രത്യേകിച്ചും. ചിലപ്പോൾ ഇതിന്‌ ചരിത്രപരമായ കാരണങ്ങൾ കാണും.

എന്തിന്‌?

ചെറിയ ഉദാഹരണം നോക്കൂ. ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. അതുപോലെ എത്ര പഴയ നിയമമായാലും അതിനെ വരവണ്ണം വിടാതെ അനുസരിക്കാനും അനുസരിപ്പിക്കാനുമുളള പ്രവണത നമ്മുടെയൊക്കെ രക്തത്തിൽത്തന്നെ കാണും.

പ്രസാദ്‌ സമ്മതിച്ചു.

അതു ശരിയാണ്‌.

അപ്പോഴാണ്‌ പ്രവീൺ തങ്ങളുടെ പുതിയ വ്യവസായസംരംഭത്തെക്കുറിച്ച്‌ സൂചിപ്പിച്ചത്‌. ഒരു ചലഞ്ച്‌ എന്ന രീതിയിൽ തുടങ്ങിയ പരിപാടി, മെല്ലെയാണെങ്കിലും മുന്നോട്ടു പോകുകയാണ്‌. വിശദവിവരങ്ങൾ കേട്ടപ്പോൾ പ്രസാദിന്‌ ആവേശം തോന്നി. നല്ല ഐഡിയ. ഇലക്‌ട്രിക്കൽ സാധനങ്ങളുടെ നിർമ്മാണം തന്നെയാവട്ടെ. കേരളത്തെപ്പോലുളള ഏരിയകളിൽ ഏറ്റവും നല്ലത്‌ അതാണ്‌.

പ്രസാദ്‌ പറഞ്ഞു. ഒരു ദിവസം ഫിക്‌സ്‌ ചെയ്യൂ. ഞാൻ നിങ്ങളുടെ ഫാക്‌ടറിയിൽ വരാം. ഞാൻ കുറേയേറെക്കാലം, വെറും വിജനതയിൽ അനവധി ചെറിയ വ്യവസായങ്ങൾ പെട്ടെന്ന്‌ വളർന്ന്‌ വരുന്നത്‌ ഗുജറാത്തിൽ കണ്ട്‌ പരിചയപ്പെട്ടയാളല്ലേ! ചിലപ്പോൾ നിങ്ങളെ സഹായിക്കാൻ എന്റെ അനുഭവങ്ങൾ ഉപകരിക്കപ്പെട്ടേക്കും.

പ്രവീൺ നന്ദി പറഞ്ഞു.

അടുത്തയാഴ്‌ച ഓകെ. ശുഭസ്യ ശീഘ്രം.

Previous Next



Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.