പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > പ്രൈവറ്റ്‌ ലിമിറ്റഡ്‌ > കൃതി

പത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നോവൽ

ഒരു ഹിച്ചകോക്ക്‌ ഫിലിമിലെപ്പോലെ സസ്‌പെൻസ്‌. അകാരണമായി പേടിയുണ്ടാക്കുന്ന അന്തരീക്ഷസൃഷ്‌ടി. സത്യത്തിൽ ഒന്നുമില്ല. വെറും സായാഹ്നം... നാഷണൽ ഹൈവേയ്‌ക്കടുത്തുളള ഫാക്‌ടറി. പക്ഷേ കൈമള്‌സാറും അദ്ദേഹത്തിന്റെ ആഫീസ്‌കെട്ടിടത്തിലെ അടച്ചിട്ടിരിക്കുന്ന മുറികളും ശൂന്യതയും. ഫാക്‌ടറി കാണാനായി എല്ലാവരും എഴുന്നേറ്റപ്പോൾ, അമ്പി സ്വരം താഴ്‌ത്തി ബാബുവിനോട്‌ പറഞ്ഞുഃ

എടാ, ആ ഇരിക്കുന്ന ഫ്രിഡ്‌ജ്‌ തുറന്നാൽ എന്തായിരിക്കും അതിലെന്നറിയാമോ?

ഉം? ഗോൾഡ്‌സ്‌പോട്ട്‌. പെപ്‌സി ബിയർ.

നോ, നോ- ഒരു ബോഡി. തണുത്തു വിറങ്ങലിച്ച ബോഡി. ശവം. കൈമള്‌ സാറ്‌ പറഞ്ഞുഃ

വരൂ വരൂ. കമോൺ.

എന്നിട്ടദ്ദേഹം കതകു തുറന്നുപിടിച്ചുകൊണ്ടു നിന്നു.

ബാലചന്ദ്രൻ കൈമള്‌സാറിന്റെ പശ്ചാത്തലം ഏകദേശം വിശദീകരിച്ചു കൊടുത്തിരുന്നു. നേരത്തേതന്നെ.

ആയിരത്തിത്തൊളളായിരത്തി അമ്പതുകളിൽ ഡൽഹിയിലെത്തി. ഒരു പ്രൈവറ്റ്‌ കമ്പനിയിൽ ടൈപ്പിസ്‌റ്റ്‌. ക്ലാർക്ക്‌-ഗ്രേഡ്‌ പരീക്ഷയെഴുതി പാസായി. സെൻട്രൽ സെക്രട്ടേറിയറ്റിൽ പണികിട്ടി. വിദേശവകുപ്പിലായിരുന്നു. ടൈപ്പിസ്‌റ്റായി രണ്ടു കൊല്ലം. കല്യാണം കഴിച്ചു; നാട്ടിൽ, അമ്മാവന്റെ മകളെ. ഒരു കുട്ടിയുമായി രണ്ടുവർഷത്തിനകം. അന്നാണ്‌ ചൈനീസ്‌ ആക്രമണം. എമർജൻസി കമ്മീഷനിൽ സായുധസേനയിലേക്ക്‌ ഓഫീസർമാരെ എടുക്കാൻ തുടങ്ങിയതും, കൈമൾ പരീക്ഷയെഴുതി. പാസായി, ഇന്റർവ്യൂവിൽ ഒന്നാമൻ. ട്രെയിനിംഗിനു പോകാൻനേരം ഭാര്യയേയും കുട്ടിയേയും നാട്ടിൽ വിട്ടു. ട്രെയിനിംഗ്‌, പിന്നെ അല്‌പകാലം ഫോർവേഡ്‌ ഏരിയായിൽ പോസ്‌റ്റിംഗ്‌. യുദ്ധത്തിന്റെ ശേഷിപ്പുകൾ അവസാനിച്ചപ്പോൾ കൈമൾ ഇന്ത്യൻ ആർമിയിൽ വളരെ ഉയരത്തിലെത്താൻ സാധ്യതയുളള ഓഫീസർമാരിലൊരാളായി പരിഗണിക്കപ്പെടാൻ തുടങ്ങി. ഇക്കാലത്ത്‌, അദ്ദേഹത്തിന്റെ ജീവിതശൈലിതന്നെ മാറി. മധ്യേന്ത്യയിലെ ഒരു വലിയ നഗരത്തിലെ കന്റോൺമെന്റ്‌. ഹൈ സൊസൈറ്റി. താൻ വിവാഹിതനാണെന്ന കാര്യം അദ്ദേഹം മറച്ചുവച്ചതല്ല. പക്ഷേ, അവിവാഹിതനാണെന്ന മട്ടിലായിരുന്നു ജീവിതം. ഈ പുതിയ അന്തരീക്ഷത്തിൽ എന്തായാലും പഴയ നാടൻ മുറപ്പെണ്ണ്‌ അധികപ്പറ്റായിരിക്കും എന്ന്‌ കൈമൾക്ക്‌ തോന്നി. കൈമളെ പ്രേമിക്കാൻ അന്നു ധാരാളം പെൺകുട്ടികളുണ്ടായിരുന്നു, കന്റോൺമെന്റിലെ ബംഗ്ലാവുകളിൽ. കൈമൾ അതിലൊരു കുട്ടിയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കേണ്ടി വന്നു, എന്നാണു കേൾവി. എന്തായാലും പുതിയ ഭാര്യയുമായി അദ്ദേഹം അടുത്ത പോസ്‌റ്റിംഗ്‌ സ്ഥലത്ത്‌ ഒരു വർഷം ജീവിച്ചു. എന്താണുണ്ടായതെന്ന്‌ ആർക്കും കൃത്യമായി അറിഞ്ഞുകൂട, ആദ്യഭാര്യയുടെ പരാതിയാണോ, അതോ, രണ്ടാമത്തെ ഭാര്യ പെട്ടെന്ന്‌ അകാലചരമമടഞ്ഞതിൽ നേർവഴിക്കല്ലാത്ത കാരണം ഉണ്ടെന്ന്‌ ആർമി ഹെഡ്‌ക്വോർട്ടേഴ്‌സിൽ സംശയമുണ്ടായതാണോ, എന്തായാലും വലിയ എൻക്വയറിയൊന്നും ഉണ്ടാകാതെ, അദ്ദേഹം ജോലിയിൽ നിന്നും പിരിഞ്ഞു. അദ്ദേഹം രാജിവച്ചു എന്നാണ്‌ പറയുന്നത്‌. പിന്നെ കൈമള്‌ സാറ്‌ പഴയ ഭാര്യയേയും കുട്ടിയേയും കൂട്ടി പുതിയ ഒരു സ്ഥലത്ത്‌, നാഗ്‌പൂരിനടുത്താണ്‌, ഒരു പ്രസിദ്ധ വിദേശകമ്പനിയുടെ ഫാക്‌ടറിയിൽ വെൽഫയർ ഓഫീസറായി കൂടി. അന്യോന്യബന്ധങ്ങൾ എപ്പോഴും സുദൃഢമായി വയ്‌ക്കാനും, നല്ല രീതിയിൽ പെരുമാറാനും കഴിവുളളതുകൊണ്ട്‌ അദ്ദേഹം എല്ലാവർക്കും പ്രിയംകരനായിരുന്നു. ഫാക്‌ടറിയുടെ ഉടമ ഒരു ഡച്ച്‌ കമ്പനിയാണ്‌. പല ഡച്ചുകാരുമായും കൈമൾ ഇക്കാലത്ത്‌ ഇടപെട്ടു. മൂന്നുവർഷം അതിനിടയിൽ അഞ്ചു തവണ ആംസ്‌റ്റർഡാർമിൽ പോയി. എല്ലായ്‌പ്പോഴും യാത്ര യൂറോപ്പിലെ മിക്ക തലസ്ഥാനനഗരങ്ങളും ചുറ്റി ആയിരിക്കും. ഓരോ തവണയും ഈ പട്ടണങ്ങളിലെ ഇന്ത്യൻ നയതന്ത്ര ഓഫീസ്‌ വഴി പുതിയ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിദേശമന്ത്രകാര്യാലയത്തിലും പിന്നീട്‌ പ്രതിരോധവകുപ്പിലും അനവധി കോമൺ സ്‌നേഹിതരുണ്ടായിരുന്നു, പല എംബസികളിലും. യൂറോപ്പിലൊരു വലിയ സുഹൃദ്‌വലയം അദ്ദേഹം സൃഷ്‌ടിച്ചു. പിന്നെ എന്താണുണ്ടാണതെന്നറിഞ്ഞുകൂടാ, നാഗ്‌പൂരിലുളള ജോലി രാജിവച്ച്‌ നാട്ടിൽ വന്നു. ഈ ഫാക്‌ടറി തുടങ്ങി. നാട്ടിൽ അ ങ്ങനെ ആരുമായും വലിയ അടുപ്പമില്ല. എല്ലാം ഡൽഹി, റോം ആസ്‌റ്റർഡാം ആണ്‌.

ഭാര്യയും കുട്ടികളും?

കുട്ടികൾ നാലോ, അഞ്ചോ ആയി. മൂത്തവരെല്ലാം വെളിയിലാണ്‌. വെളിയിലെന്നു പറഞ്ഞാൽ യൂറോപ്പിൽ. ഇവിടെ ഭാര്യ മാത്രമേയുളളൂ.

പിന്നെ ഫാക്‌ടറി വിൽക്കുന്നത്‌...?

അത്‌ എനിക്കൊരു സംശയമാണ്‌. വിൽക്കാൻ സാധ്യതയുണ്ട്‌. അത്രേയുളളൂ.

എന്താ?

കൈമള്‌സാറ്‌ ഒരിടത്തും നാലഞ്ചു വർഷത്തിൽ കൂടുതൽ ഉറച്ചുനിന്നിട്ടില്ല. ഇവിടെ ഇത്‌ വർഷം എട്ടു കഴിഞ്ഞു.

തുറന്നു പിടിച്ച കതകിലൂടെ റിസപ്‌ഷനിസ്‌റ്റിനെ കാണാമായിരുന്നു. കൈമൾ, അടഞ്ഞുകിടന്നിരുന്ന ഒരു ഡോർ തുറന്നു പഞ്ഞുഃ

പ്ലീസ്‌ കം ദിസ്‌ വേ.

ഒരു നീളമുളള ഹാൾ. ഭിത്തിയോടു ചേർന്ന്‌ ഷെൽഫുപോലെ നിർത്തിയ മാർബിൾക്കല്ലുകൾ. അതിൽ ഭംഗിയായി സംവിധാനം ചെയ്‌തു വച്ചിരിക്കുന്ന ഓർക്കിഡുകൾ. നടുക്കൊരു നീളൻമേശ. ഇരുപതിലധികം ആളുകൾക്കിരിക്കാവുന്ന കോൺഫ്രൻസ്‌ അറേജ്‌മെന്റ്‌. ചെറിയ മൈക്കുകൾ. ഭിത്തിയിൽ ഉയരത്തിൽ സമചതുരത്തിൽ സ്‌ക്രീൻ.

കൈമൾ പറയുന്നുണ്ടായിരുന്നുഃ

ഇതാണ്‌ എന്റെ കോൺഫ്രൻസ്‌ ഹാൾ. കസ്‌റ്റമേഴ്‌സ്‌ വരുമ്പോൾ ഇവിടെയിരുന്നു സംസാരിക്കുകയാണ്‌ നല്ലത്‌. ഞാനവരെ എന്റെ മുറിയിലേക്കു ക്ഷണിക്കാറില്ല.

ബാബുവിന്‌ ഒരു തമാശ തോന്നി.

അയാൾ മെല്ലെ മുറിയിൽനിന്ന്‌ പുറത്തിറങ്ങി. റിസപ്‌ഷനിസ്‌റ്റ്‌, ഗൗരവം മാറ്റി, അല്‌പം പുഞ്ചിരിയോടെ എഴുന്നേറ്റു.

ബാബു അടുത്തുചെന്നു. രഹസ്യമാണെന്നമട്ടിൽ സ്വരം താഴ്‌ത്തി പറഞ്ഞുഃ

ദാ, അഞ്ചുമിനിട്ട്‌ കഴിയുമ്പോൾ എനിക്ക്‌ ഡൽഹിയിൽ നിന്നൊരു ഫോൺ വരും. പ്രൈംമിനിസ്‌റ്റേഴ്‌സ്‌ സെക്രട്ടേറിയറ്റിൽനിന്ന്‌. അപ്പോൾ അവരോടു പറയണം അരമണിക്കൂർ കഴിഞ്ഞുവിളിക്കാൻ. കേട്ടോ?

അവൾ തലകുലുക്കി. അവളുടെ കണ്ണുകളിൽ ആദ്യം പ്രതിഫലിച്ച അമ്പരപ്പ്‌ പെട്ടെന്ന്‌ മാറി. അവൾ ചിരിച്ചു.

ബാബു കണ്ണിറുക്കി.

ഉം. എന്താ, വിശ്വാസമാകുന്നില്ലേ?

അവൾ തലകുലുക്കി.

ബാബു പറഞ്ഞുഃ

കാലത്തെ പത്രം വായിക്കാറുണ്ടോ?

അവൾ കണ്ണു ചിമ്മി.

ഇല്ല.

കണ്ണു ചിമ്മുമ്പോൾ നല്ല ഭംഗി, പെട്ടെന്ന്‌ നുണക്കുഴികൾ ഓടിയെത്തുന്നു.

ബാബു പറഞ്ഞുഃ

പത്രം വായിക്കണം. ഇൻഡസ്‌ട്രീസ്‌ മിനിസ്‌റ്റർ ഇന്നലെ ഡൽഹിക്കു പോയിരിക്കുകയാ. നാളെയേ തിരിച്ചെത്തു എന്ന്‌ എല്ലാ പത്രങ്ങളിലും വാർത്തയുണ്ട്‌.

അവൾ ചിരിച്ചു.

നിങ്ങളിലാരെങ്കിലും പത്രം വായിക്കുന്നവരാണോ എന്ന്‌ പരീക്ഷിക്കാൻ വേണ്ടി ഞാൻ ഇൻഡസ്‌ട്രീസ്‌ മിനിസ്‌റ്ററെയാക്കിയതാ സാറ്‌ ശരിക്കും മുഖ്യമന്ത്രി വരുമെന്നു പറയാനാ ഏല്‌പിച്ചിരുന്നത്‌.

ബാബു രണ്ടുനിമിഷം അവളെത്തന്നെ നോക്കിനിന്നു. എന്നിട്ട്‌ ചിരിച്ചു.

വാട്ട്‌സ്‌ യുവർ നെയിം?

അവൾ മേശപ്പുറത്ത്‌ ചരിഞ്ഞിരിന്ന പ്ലാസ്‌റ്റിക്‌ നെയിംബോർഡ്‌ തിരിച്ചുവന്നു.

ബാബു വായിച്ചു.

സൗമിത്ര ഡേ.

ബാബു അത്ഭുതത്തോടെ തലയുയർത്തി.

മലയാളിയല്ലേ?

അതേ.

പിന്നെ? ഈ സൗമിത്രായും, ഡേയും?

അത്‌... ദാ, സാറിനെ വിളിക്കുന്നു.

അമ്പി വാതിൽക്കൽ വന്ന്‌ നിൽപ്പുണ്ടായിരുന്നു. ബാബു തിരിഞ്ഞു നോക്കി.

അമ്പി പറഞ്ഞു.

വരൂ ദേ ഹാവ്‌ ഗോൺ ഇൻസൈഡ്‌.

ബാബു സൗമിത്രയെ നോക്കി പറഞ്ഞുഃ

എക്‌സ്‌ക്യൂസ്‌ മീ. ഞാനിപ്പോൾ വരാം.

ആ പ്രൈംമിനിസ്‌റ്ററുടെ കോൾ...?

അത്‌, യു ഹാൻഡിൽ ഇറ്റ്‌.

കോൺഫറൻസ്‌ ഹാളിനപ്പുറം ഫാക്‌ടറിയിലേക്ക്‌ നേരിട്ടിറങ്ങാൻ പാകത്തിൽ ചെറിയ ഇടനാഴി. ഇടനാഴിയുടെ ഇരുവശവും ഓരോ ചെന്തെങ്ങുകൾ നിറച്ചു കുലയുമായി നിൽക്കുന്നു.

ഫാക്‌ടറിയുടെ ചെറിയ വാതിലിലൂടെ നാലഞ്ചു പടികൾ ചവിട്ടിക്കയറിയാൽ ഒരു പ്ലാറ്റ്‌ഫോറം. അവിടെനിന്ന്‌ ഫാക്‌ടറി ഒറ്റനോട്ടത്തിൽ കാണാം.

ഒരു ഓവർഹെഡ്‌ ക്രെയിനും, രണ്ട്‌ ലാത്ത്‌ മെഷീനുകളും ഒരു ടേണിംഗ്‌ മെഷീനും ജനറേറ്ററും, വെൽഡിംഗ്‌ സംവിധാനങ്ങളും.

ഫാക്‌ടറിയുടെ കൂറ്റൻ ഹാളിൽ പുതുതായി ആരംഭിച്ചിട്ടും ആൾക്കാർ വന്നെത്താത്ത സെമിത്തേരിയുടെ വൃത്തിയും ശാന്തതയും. ഫാക്‌ടറിയിൽ ഒരു ജീവിയേയും കണ്ടില്ല. മെഷീനുകൾ എല്ലാം തുടച്ച്‌ ഭംഗിയായി വച്ചിരിക്കുന്നു. അങ്ങകലെ ഒരു കൂറ്റൻ ഷെൽഫിൽ എന്തൊക്കെയോ അടുക്കിവച്ചിട്ടുണ്ട്‌. അവിടെ ചില പേരുകളും. ഒന്നും വായിക്കാൻ വയ്യാത്തത്ര ദൂരത്തിലാണ്‌.

ആന്റോ!

കൈമള്‌ ഉറക്കെവിളിച്ചു. രണ്ടു നിമിഷം. മെഷീനുകൾക്കിടയിൽ നിന്ന്‌ പൊങ്ങിവന്നതുപോലെ നീലക്കുപ്പായവും, നീല പാന്റ്‌സും ധരിച്ച ഒരു വൃദ്ധൻ പ്രത്യക്ഷപ്പെട്ടു. മുന്നോട്ടു വന്ന്‌ മിലിട്ടറി സ്‌റ്റൈലിൽ സല്യൂട്ട്‌ ചെയ്‌തു.

ആന്റോ! എന്റെ ഗസ്‌റ്റ്‌സ്‌ ആണ്‌. എന്താ എളുപ്പം ശരിയാക്കാവുന്നത്‌?

വെജ്‌ ഓർ നോൺവെജ്‌?

ബോത്ത്‌.

യേസ്‌ സാർ.

ആന്റോ സല്യൂട്ടടിച്ച്‌ അപ്രത്യക്ഷനായി.

കൈമൾ പൊട്ടിച്ചിരിച്ചു.

എന്റെ ഏക ഫാക്‌ടറിത്തൊഴിലാളിയാണ്‌. മൈ ഓൾഡ്‌ കുക്ക്‌. എന്റെ കൂടെ ആർമിപീരിയഡിലും പിന്നീടും ഉണ്ടായിരുന്നു. കമോൺ, ഇനി അടുത്ത ഫാക്‌ടറി ഷെഡ്‌ കാണണോ?

വേണ്ട.

കൈമൾ ഉറക്കെ ചിരിച്ചു.

സമയം ലാഭിക്കാം.

അവർ തിരിച്ചുനടക്കുമ്പോൾ കൈമൾ പറഞ്ഞുഃ

ഞാൻ വ്യവസായത്തിന്റെ കാതൽ കണ്ടുപിടിച്ചു. പ്രത്യേകിച്ചും കേരളത്തിലെ വ്യവസായത്തിന്റെ; ഉത്‌പാദനവ്യവസായത്തിന്റെ. സമയമെടുത്തു, വിവരം കിട്ടാൻ, അഞ്ചു വർഷം, ആറു വർഷം; ഇപ്പോൾ ഞാനാണ്‌, കേരളത്തിലെ ഉത്‌പാദനവ്യവസായരംഗത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന ആൾക്കാരിൽ ഒരുവൻ.

അമ്പി ചോദിച്ചു.

എന്തു പ്രോഡക്‌ട്‌സ്‌ ആണ്‌ സാറ്‌ ഉണ്ടാക്കുന്നത്‌?

എന്തും. ചെറിയ മെഷീനറികൾ. എൻജിനീയറിംഗ്‌ സംബന്ധമായ എന്തും. പ്രോടോട്ടൈപ്പും, ഐഡിയയുംപോലും ഞാൻ കൊടുക്കും. ഒരു പ്രശ്‌നവുമില്ല. നോ പ്രോബ്ലം.

ഓഫീസ്‌ മുറിയിൽ ആന്റോ പെട്ടെന്ന്‌ തയ്യാറാക്കി കൊണ്ടുവന്ന ചെറിയ കട്‌ലറ്റുകളും, കശുവണ്ടിവറുത്തതും കൊറിച്ച്‌ കാപ്പിമൊത്തുന്നതിനിടയിൽ കൈമൾ പറഞ്ഞുഃ

ഞാൻ ഫാക്‌ടറി തുടങ്ങി. ഒരു ഡച്ച്‌ കമ്പനിയുടെ നോ ഹൗ ഉപയോഗിച്ച്‌ പലതരം മെഷീനറികളും ഉണ്ടാക്കാൻ ശ്രമിച്ചു. ഇത്രയും ക്യാപ്പിറ്റൽ ഇൻവസ്‌റ്റ്‌ ചെയ്‌തു. സ്ഥലം, കെട്ടിടം, മെഷിനറി രണ്ടു പ്രശ്‌നങ്ങളായിരുന്നു, തുടക്കത്തിൽത്തന്നെ. ഒന്ന്‌, ഈ സ്ഥലത്തിനു ചുറ്റും ഉളളവരെത്തന്നെ ജോലിക്ക്‌ നിയമിക്കണം, എന്ന്‌. അതുകഴിഞ്ഞപ്പോൾ ഈ ഫാക്‌ടറിക്കെട്ടിടം നിർമ്മിക്കാൻ വന്ന കോൺട്രാക്‌ടറുടെ പണിക്കാരെപ്പോലും ഇവിടെ നിയമിച്ചേ പറ്റു എന്നായി. ശരി സമ്മതിച്ചു. പിന്നെ സർക്കാര്‌ വൈദ്യുതി മുതൽ എല്ലാറ്റിനും, ഓരോ സർക്കാരോഫീസുകാരും ഞാനേതോ കുറ്റവാളിയാണെന്ന മട്ടിൽ പെരുമാറ്റം. രാഷ്‌ട്രീയക്കാർക്ക്‌ ഈ രണ്ടു കൂട്ടരേം ഉളളിൽ ഭയമുണ്ടുതാനും.

പിന്നെ?

പിന്നെന്താ? ഇപ്പോൾ ഞാൻ പ്ലാനും ഡിറ്റെയിൽസും, പ്രൊട്ടോടൈപ്പുകളും കാട്ടി ഓർഡറനുസരിച്ച്‌ മെഷീനറി ഉണ്ടാക്കിക്കൊടുക്കും.

എങ്ങനെ?

എനിക്കൊരു അമ്പത്തിരണ്ട്‌ ചെറിയ യൂണിറ്റുകളുമായി സ്ഥിരം ബന്ധമുണ്ട്‌. അതിൽ നാല്‌പത്തേഴും, കോയമ്പത്തൂരും സേലത്തുമാണ്‌. അഞ്ചെണ്ണം ഇവിടെ കളമശ്ശേരിയിലും കൊച്ചിയിലും. ചെറിയ യൂണിറ്റുകൾ. ഉടമസ്ഥർ തന്നെ നടത്തുന്ന വർക്ക്‌ഷോപ്പുകൾ. എന്റെ മെഷീനറിയുടെ പാർട്ടുകൾ ഞാൻ കൃത്യമായി ഉണ്ടാക്കിക്കും. പലയിടത്താണ്‌ കോർഡിനേഷൻ. അതിനു ഞാൻ മതി; എന്റെ കംപ്യൂട്ടറും.

അസംബ്ലിംഗ്‌.

അതിനും പീസ്‌റേറ്റിൽ നല്ല വർക്ക്‌ഷോപ്പുകൾ ഉണ്ട്‌. പ്രോഡക്‌ട്‌ അനുസരിച്ച്‌ ഞാൻ യൂണിറ്റുകൾ തെരഞ്ഞെടുക്കും. ഒരു യൂണിറ്റുകൾ തെരഞ്ഞെടുക്കും. ഒരു തൊഴിൽക്കുഴപ്പവുമില്ല. സർക്കാരിന്റെ കാല്‌ പിടിക്കുകയും വേണ്ട.

അപ്പോൾ ഈ ഫാക്‌ടറി?

ഇത്‌ എന്റെ ഒരു ഇമേജിന്‌. ഓർഡറുകൾ കിട്ടാനും, പിന്നെ പ്രധാനമായി, എനിക്കിഷ്‌ടപ്പെട്ട ഹോബിയും.

ഹോബി?

അതെ; പൂക്കൾ. ചെടികൾ. ഐയാം എ ബോൺ ഹോർട്ടികൾച്ചറിസ്‌റ്റ്‌.

എ.പി. ദാസ്‌ പറഞ്ഞുഃ

അതെയതെ. ഇൻഡസ്‌ട്രിയലിസ്‌റ്റസ്‌ പൊതുവെ ഈ ചെടികളോടും പുഷ്‌പങ്ങളോടും ഇഷ്‌ടമുളളവരാണ്‌. ഞങ്ങളുടെ ബിർളയിൽ...

ഇപ്പോൾ വേണോ. അങ്കിൾ കൈമളുസാറിനെ....

കൈമൾ വാച്ചുനോക്കി.

ബാബു പറഞ്ഞു.

ഇൻഡസ്‌ട്രീസ്‌ മിനിസ്‌റ്റർ....

സോറി പത്രക്കാരന്റെ ഇന്റർവ്യൂവിന്‌...

അതെയതെ സമയമായി.

പിന്നെ, ഒരു കാര്യം....

പറയൂ.

സാറ്‌ പിന്നെ എന്തിനാ ഈ ഫാക്‌ടറി വിൽക്കാൻ പോകുന്നത്‌?

എന്നാരുപറഞ്ഞു? നോൺസെൻസ്‌.

എറണാകുളത്ത്‌ ഇൻഡസ്‌ട്രീസ്‌ സർക്കിളിലെ ഒരു റൂമർ.

ഓ, അതോ!

കൈമൾ എഴുന്നേറ്റു.

ഞാൻ ഊട്ടിക്കടുത്ത്‌ ഒരു ഫാക്‌ടറി തുടങ്ങാൻ പ്ലാനിട്ടിരിക്കുകയാണ്‌. അതു അറിഞ്ഞതു കാരണമായിരിക്കും...

ഊട്ടിയിലോ?

അതെ. അവിടെ ചെടികൾക്കു കിട്ടുന്ന വൈവിധ്യം തെക്കെയിന്ത്യയിൽ മറ്റൊരിടത്തും ഉണ്ടാകുകയില്ല. റിയലി ആൻ ഐഡിയൽ പ്ലേസ്‌ ഫോർ മി.

Previous Next



Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.