പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പരിചാരിക പറഞ്ഞത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കവിത

മദ്യാഘോഷങ്ങൾക്കും സംഗീതനിശക്കുമൊടുവിൽ

ശയ്യാഗൃഹത്തിലെത്തുമ്പോൾ,

എനിക്കല്പംപോലും ക്ഷീണമനുഭവപ്പെടുന്നില്ല.

പുലർച്ചെ, കൊട്ടാരത്തിന്റെ പുറംചുമരുകൾ മഞ്ഞിന്റെ

കനത്ത പാളികളിൽ മുഖമമർത്തി നിൽക്കുമ്പോൾ

ഞാൻ നദീതീരത്തായിരിക്കും.

എന്റെ നഗ്നമായ കാലടികളെ

നദി അമർത്തിക്കടിയ്‌ക്കും.

എങ്കിലും ഞാൻ ചിരിക്കും.

എന്റെ പ്രിയസഖിയാണവൾ!

അവളുടെ വന്യമായ സൗന്ദര്യം എനിക്കുണ്ടെന്ന്‌

യജമാനൻ പറഞ്ഞിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ ഓരോ ചുംബനത്തിലും

ഞാൻ കുതിച്ചൊഴുകിയിരുന്നു.

നദീ....നീയും എന്നെപോലെ തന്നെ!

അദ്ദേഹത്തിന്റെ മുഖത്ത്‌ എല്ലായ്‌പ്പോഴും പുലരിയാണ്‌.

ഞാൻ സംഗീതമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

എന്റെ ചിരിക്ക്‌ നദിയുടെ വശ്യതയുണ്ടെന്ന്‌ അനുമോദിച്ചു.

എനിക്കു ഭ്രാന്തു പിടിക്കുമ്പോൾ,

മഴയുടെ താരാട്ടിൽ ഞങ്ങൾ

ഒരേ മഞ്ചലിലുറങ്ങുമ്പോൾ,

നീ ശബ്‌ദഘോഷവുമായെത്തി ശല്യംചെയ്യരുത്‌.

അദ്ദേഹത്തിനരികിൽ, സ്നേഹത്തിന്റെ

സുഗന്ധങ്ങളിൽ ആഴ്‌ന്നുപോകുമ്പോൾ, നിന്റെ

അഗാധതയെ ഞാൻ സ്പർശിച്ചിരുന്നല്ലോ!

പക്ഷേ...

ഇനി ഞാൻ നിന്നോട്‌ കൂട്ടില്ല, മഴയിൽ നിന്നാണ്‌

നീ വരുന്നതെന്ന്‌ ഞാനറിയുന്നു.

യജമാനത്തിയുടെ വദനം നിറയെ മഴയാണല്ലോ.

എന്നെ കാണുമ്പോൾ, അവിടെ കാറ്റുകളും മഴക്കാറുകളും

പടർന്നു പിടിക്കുന്നു, മൂടൽമഞ്ഞ്‌ കത്തിപ്പടരുന്നു.

കാറ്റുകൾക്ക്‌

എന്തു മൂർച്ചയാണ്‌, തണുപ്പിൽ

തളർന്നു വിറച്ചുപോകും.

കാറ്റുകളേൽക്കാൻ ഇനിവയ്യാ,

കുളിരിൽ തളരാൻ- ഇനിവയ്യ.

നദീ.... ഇനി നിന്നോട്‌ ഞാൻ കൂട്ടില്ല.

ഈ ഒഴിഞ്ഞ കുടവും, യജമാനൻ തന്ന പാദസരവും

നീയെടുത്തോളൂ....

പുലരികൾ വിടരുന്ന ഒരു മുഖവും

മനസ്സിലേന്തി, കാറ്റുകളില്ലാത്ത ഒരിടത്തേക്ക്‌

ഞാൻ തനിച്ചുപൊയ്‌ക്കൊളളാം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.