പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പ്രവാസപർവ്വത്തിലെ ഫിനിക്സുകൾ > കൃതി

മേഡ്‌ഇൻ ഇന്ത്യ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

പ്രവാസപർവ്വത്തിലെ ഫിനിക്സുകൾ

ഈ പുല എന്നെ വിട്ടുപോകുമെന്നു തോന്നുന്നില്ല. മഴ പെയ്താലും വെയിൽ വീണാലും, വീട്ടിൽ വന്നാലും വീട്ടിൽ നിന്നു അകന്നു നിന്നാലും ഒഴിയാബാധയായി തീർന്ന ഗൃഹാതുരത്വത്തെയാണ്‌ ഞാൻ അർത്ഥമാക്കിയത്‌. പറഞ്ഞുപറഞ്ഞു പഴകിയെങ്കിലും ഇതിനിപ്പൊഴും ഒരു പ്രത്യേക പുതുമയാണ്‌. ഇതില്ലെങ്കിൽ എഴുത്തില്ല, ഞാനില്ല എന്ന സ്ഥിതിവിശേഷമാണുള്ളത്‌. ഗൃഹാതുരത്വത്തിനുള്ള സുഖം സ്വർഗ്‌ഗീയമാണെന്നു ചിലപ്പോൾ പറയേണ്ടിവരും.....! ചിരിക്കല്ലേ..

ഫരീദാബാദ്‌ കരിയും പുകയും ഇരമ്പവും നിറഞ്ഞ വികാസ്‌ ഇൻഡസ്ര്ടീസായി വീണ്ടും വാ തുറന്നു നിൽകുന്നു. എവിടെയും വിത്തുകൾ വീണു മുളക്കുന്ന മലയാളി എന്ന പ്രതിഭാസം ഞാൻ ചെല്ലുന്നിടത്തൊക്കെ ഉണ്ടായിരുന്നു. ഒറ്റ മലയാളിപോലും ഉണ്ടായിരിക്കരുതേ എന്നും, ഒരു മലയാളിയെങ്കിലും ഉണ്ടായിരിക്കണേ എന്നും പ്രാത്ഥിച്ചിരുന്ന വിരുദ്ധ ചിന്തകൾ ഉണ്ടായ പ്രവാസതലങ്ങൾ കടന്നു വരുമ്പോൾ ഫരീദാബാദ്‌ എന്റ പ്രവാസസ്മൃതികളിൽ വേറിട്ടു നിൽക്കുന്നു.

പൂച്ചക്കണ്ണൻ സുഭാഷ്‌ വികാസ്‌ ഇൻഡസ്ര്ടീസിൽ കത്തിനിൽക്കുന്ന സമയം. പോത്തുവണ്ടി യാത്രകളോടൊപ്പം തന്നെ, സുഭാഷിന്റ ചെക്കിംഗ്‌ വേലകൾ കണ്ടുപഠിക്കാനിരുന്ന സമയങ്ങളുമുണ്ടായിരുന്നു. ലേത്തുകളിൽ നിന്നു ചൂടോടെ കൊണ്ടുവന്നിടുന്ന ട്രാക്ടറിന്റ ഫ്രണ്ട്‌വീൽ ഹബ്ബുകൾ അവൻ ചെയ്തു വേർതിരിക്കുന്നതു കാണാൻ പ്രത്യേക രസമാണ്‌. മുൻവശം ചെത്തിമിനുക്കി, നല്ല മിനുക്കമുള്ള ബോറിംഗ്‌ ചെയ്തുവച്ചിരിക്കുന്ന അവ , അനായാസമായാണ്‌ ഇരുകാലിൽ കുന്തിച്ചിരുന്ന്‌ അവൻ ചെക്കുചെയ്തിരുന്നത്‌. വെറ്റിലക്കറ പറ്റിയ പല്ലിളിച്ച്‌ പൂച്ചക്കണ്ണു തള്ളിച്ച്‌ അവൻ ചിലപ്പോൾ എന്നോടു പറയാറുണ്ട്‌ ഃ ‘ധ്യാൻ സെ ദേഖ്‌ലെ..’

ഓരോ പീസുകൾ നീക്കിയിട്ടുകൊടുത്ത്‌ അവന്റയടുത്ത്‌ ഞാനും കുന്തിച്ചിരിക്കും. ബോറിംഗിൽ ചൂണ്ടുവിരൽ ഉരസി ഇതു നല്ല ഫിനിഷിംഗ്‌, ഇതു മോശം എന്ന്‌ പെട്ടെന്നവൻ മനസ്‌സിലാക്കും. മിനുസമില്ലാത്തവ തിരിഞ്ഞ്‌ മാറ്റിയിടും. കൂടുതൽ ബോറു ചെയ്തവ ദേഷ്യത്തിൽ മൂലയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ അവൻ മുക്രയിടും. അവ ഫിനിഷുചെയ്ത ലേത്ത്‌ ഓപ്പറേറ്റർമാരെ ഉറക്കെ ചീത്തവിളിക്കും. നെഞ്ചുപൊടിഞ്ഞതു പോലെ അവർ സുഭാഷിനെ ശപിച്ചു നിൽകും (കാരണം കൂടുതൽ ബോറിംഗ്‌ ചെയ്തവ റിജക്ടാവുകയാണെങ്കിൽ അതിനുള്ള നഷ്ടം അവർ വഹിക്കണമെന്നതു തന്നെ.).

ഒന്നാം നമ്പർ, രണ്ടാം നമ്പർ മൂന്നാം നമ്പർ സൂത്രങ്ങൾ കണ്ട്‌ അന്ധാളിച്ചതും ഓർക്കുന്നു. ബോറിംഗിനുള്ളിൽ വായുകുമിളകളുടെ പൊട്ടലുകൾ ചിലപ്പോൾ ഉണ്ടാകും. നന്നായി മിനുസമുള്ള ബോർ ഭിത്തികളിൽ പല്ലിനു പോടുവന്നതു പോലെ വായുകുമിളകൾ വന്നാൽ ഉടനെ അവ മാറ്റിവയ്‌ക്കണമെന്നാണ്‌ ട്രാക്ടർ കമ്പനിയുടെ നിർദ്ദേശം. അവ ട്രാക്ടർ ഭാഗങ്ങളിൽ ഉപയോഗിക്കുന്നത്‌ കുറ്റകരവുമാണ്‌. ഏറ്റവും നല്ല ഫിനിഷിംഗ്‌ ഉള്ളവയെ ഒന്നാം നമ്പറെന്ന്‌ വകയിരുത്തി ആദ്യം വയ്‌ക്കും. നേരിയ പിശകുള്ളവയെ രണ്ടാം നമ്പറാക്കി പിന്നിൽ വയ്‌ക്കും. മേൽ പറഞ്ഞ വായുകുമിളകളുള്ളവയെ, മിനുക്കിയെടുക്കുന്ന പണിയിൽ സുഭാഷ്‌ ഉപമയില്ലാത്തവനാണെന്ന്‌ എല്ലാവർക്കുമറിയാവുന്നതാണ്‌. പോടുകളിലേക്ക്‌ എംസീലിന്റ മിശ്രിതം നന്നായി ചേർത്തുരുട്ടി തിരുകിവച്ച്‌, സാന്‌ഡ്‌ പേപ്പർ കൊണ്ട്‌ നന്നായി തിരുമ്മും. കണ്ടാൽ തിരിച്ചറിയാത്ത വിധത്തിൽ അത്‌ മിനുക്കി മൊബിൽ ദ്രാവകത്തിൽ മുക്കി മൂന്നാം നമ്പറാക്കി അടുക്കി വച്ചു കഴിഞ്ഞാൽ, അവൻ നടുവിന്‌ കയ്യൂന്നി മൂരി നിവർത്തി ഒരു ചിരിയാണ്‌..

താര എന്നയാളുടെ തല്ലിപ്പൊളി മുച്ചക്രവാഹനത്തിലാണ്‌ കുറഞ്ഞ അളവുകളുള്ള ഈ പീസുകൾ ട്രാക്ടർ കമ്പനിയിലെത്തിക്കുന്നത്‌. കൂടെ ഞാനും പോകും. ഒന്നാം നമ്പർ എവിടെ വക്കണം ബാക്കിയുള്ളവ എവിടെ വക്കണം എന്നൊക്കെ അവിടത്തെ ഉദ്യോഗസ്ഥർ പറഞ്ഞു തരാറുള്ളത്‌ ഓർക്കുന്നു. എല്ലാം അവരുടെ അറിവോടെയാണെന്ന അറിവ്‌ ആദ്യമൊക്കെ എന്നെ ഞെട്ടിച്ചിരുന്നു. ഇതാണ്‌ ലോകമെന്നറിയുമ്പോൾ പിന്നെ ഞെട്ടൽ എന്ന വികാരത്തിന്‌ എന്തു സാധുത.

ഇപ്പൊഴും വരണ്ട പാടങ്ങളിലൂടെ ചീറിപ്പായുന്ന പ്രസ്തുത കമ്പനിയുടെ ട്രാക്ടർ കാണുമ്പോൾ, ഞാനോർക്കും; ഞാൻ സാക്ഷിയായ ഏതോ ഒരു മൂന്നാം നമ്പർ ഫ്രണ്ട്‌വീൽ ഹബ്ബ്‌ ഒരുപക്ഷേ ഈ ഇന്ത്യൻ മേഡ്‌ വണ്ടിയിലുണ്ടായിരിക്കുമല്ലോ എന്ന്‌. അതിലെ വായുകുമിള വരുത്തിയ പോട്‌, ഭാരതീയ ഗുണമേന്മകളിൽ ഒളിഞ്ഞിരിക്കുന്ന കറുത്ത പാടിനെ നിഴലിപ്പിച്ചു ചോദിക്കുംഃ ‘മേഡ്‌ ഇൻ ഇന്ത്യ’ എന്തുകൊണ്ട്‌ പിന്നാക്കം നിൽകുന്നു..?

ഇനിയൊരു ഫരീദാബാദ്‌ വിശേഷവുമായി അടുത്ത ഘട്ടത്തിൽ വരാം.

Previous

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു.

ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു.

തപാൽ ഃ

ശ്രീകൃഷ്ണദാസ്‌ മാത്തൂർ,

ചെറുവള്ളിൽ വീട്‌,

മാത്തൂർ തപാൽ,

പത്തനംതിട്ട-689657,

ഫോൺഃ 0468-2354572.

ബ്ലോഗ്‌ഃ www.mathooram.blogspot.com

ഇ-മെയിൽഃ s.mathoor@rediffmail.com


Phone: 09940556918




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.