പുഴ.കോം > പുഴ മാഗസിന്‍ > പവര്‍ പൊളിറ്റിക്സ് > പവർ പൊളിറ്റിക്സ്‌ > കൃതി

വെടിക്കെട്ടുകാരും ഉടുക്കുകൊട്ടുന്നവരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌. ഹരിപ്രസാദ്‌

പവർ പൊളിറ്റിക്സ്‌

വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്‌. മാന്യമായ ഭാഷയിൽ സഖാവ്‌ പിണറായി വിജയൻ ഈ ഉപമ അവസാനമായി പ്രയോഗിച്ചത്‌ കഴിഞ്ഞദിവസം കത്തോലിക്കാ സഭയ്‌ക്കുനേരെയാണ്‌. ആ വെടിക്കെട്ടുകാരുടെ കൂട്ടരാണത്രേ പിണറായിയടക്കമുള്ള കമ്മ്യൂണിസ്‌റ്റുകാർ. വിജയൻ മാഷുടെ മരണത്തോടെ പൊട്ടാസുപൊട്ടിച്ച്‌ ആളായിത്തുടങ്ങിയതാണ്‌ പിണറായി. ഇപ്പോൾ മത്തായി ചാക്കോ പ്രശ്നത്തിൽ പട്ടക്കാർ നികൃഷ്ടജീവികളാണെന്ന ഗുണ്ടുവരെയെത്തിയിരിക്കുന്നു. നല്ല കമ്മ്യൂണിസ്‌റ്റുകാർക്ക്‌ മരണവും ഒരു രാഷ്ര്ടീയ പ്രവർത്തനമാണ്‌, വിജയൻമാഷ്‌ അതു ചെയ്തു, സാഹചര്യങ്ങൾ പക്ഷേ മത്തായി ചാക്കോയെക്കൊണ്ട്‌ അത്‌ ചെയ്യിച്ചില്ല, പക്ഷെ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ ചവിട്ടി നിന്നുകൊണ്ട്‌ പിണറായിയും സഹപ്രവർത്തകരും രാഷ്ര്ടീയം കളിച്ചുകൊണ്ടിരിക്കുന്നു.

പാർട്ടി സംസ്ഥാന സമ്മേളനം അടുത്തുവരുമ്പോൾ ജനശ്രദ്ധനേടാൻ ഇത്തരം വെടിക്കെട്ടുകളും ഉടുക്കുകൊട്ടലുകളും പതിവാണ്‌. കേരളയാത്രക്കാലത്ത്‌ അരമനകളും പള്ളികളും കയറിയിറങ്ങി വോട്ടു ചോദിച്ച പിണറായി പക്ഷേ ഇത്തരമൊരു ആക്രമണത്തിന്‌ മുതിർന്നത്‌ ഒന്നും കാണാതെയായിരിക്കില്ല. എപ്പോഴും സമശക്തരോടാവണം ഏറ്റുമുട്ടേണ്ടത്‌. പിണറായിക്കും മൾട്ടിനാഷണൽ കമ്പനിയായ സ്വന്തം പാർട്ടിക്കും പറ്റിയത്‌ സഭാ നേതൃത്വം തന്നെ. കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിദ്യാഭ്യാസരംഗത്ത്‌ വിപ്ലവം സൃഷ്ടിച്ചത്‌ ഈ വെള്ള ളോഹയിട്ടവരാണെന്നതിൽ സംശയമില്ല. അതേ വിദ്യാഭ്യാസ രംഗത്തെ കന്നുകാലിച്ചന്തയാക്കിയതും അതേ ളോഹക്കാർ തന്നെയാണ്‌. എന്തുകൊണ്ടും പാർട്ടിക്കു പോരടിക്കാൻ പറ്റിയവർ. അവർ രാഷ്ര്ടീയ ലാഭത്തിനു വേണ്ടി പരസ്പരം കുരക്കും കടിക്കുമെന്നു പറയും. കണ്ടു നിൽക്കുന്നവർ വിഡ്‌ഢികൾ. പിണറായി ആരോപിക്കുന്നതുപോലെ യു.ഡി.എഫിനുവേണ്ടിയാണോ അതോ എൽ.ഡി.എഫിനു വേണ്ടിത്തന്നെയാണോ പാതിരിമാർ വോട്ടുപിടിക്കുന്നത്‌ എന്ന കാര്യത്തിലാണ്‌ പൊതുജനങ്ങൾക്ക്‌ കൺഫ്യൂഷൻ.

ഇത്തരം ഉടുക്കുകൊട്ടലും വെടിക്കെട്ടുമൊക്കെ ഒരുതരം പബ്ലിസിറ്റി മെക്കാനിസമാണ്‌. അച്യുതാനന്ദൻ തരംഗം അലയടിച്ചതോടെ തുടങ്ങിയതാണ്‌ പിണറായിയുടെ ഈ പുതിയ മെക്കാനിസം. അച്യുതാനന്ദനും കൂട്ടരും എല്ലാ നന്മയുടെയും പ്രതീകം പിണറായിയും കൂട്ടരും എല്ലാ തിന്മയുടെയും പ്രതീകം എന്ന്‌ പിണറായി സസ്‌പെൻഷനു മുമ്പുവരെ സ്ഥിരമായി പറയാറുണ്ടായിരുന്നു. അതു മറ്റൊരു തരം കോംപ്ലക്സായിരുന്നു, ഇൻഫീരിയോരിറ്റി കോംപ്ലക്സ്‌. ക്യാമറക്കണ്ണുകൾ തന്നിൽ നിന്ന്‌ മറ്റൊരാളിലേക്ക്‌ അകന്നുപോകുന്നതിലുള്ള വിഷമം സ്വാഭാവികം. സസ്‌പെൻഷൻ കാലത്ത്‌ നല്ല പിള്ളയായി നടന്ന പിണറായി വീണ്ടും സഹജമായ രീതിയിൽ പരിപാടി തുടങ്ങിയിരിക്കുന്നു. എടോ ഗോപാലകൃഷ്ണാ എന്ന്‌ ഒരു പത്രത്തിന്റെ തലപ്പത്തിരിക്കുന്നയാളെ വിളിച്ചപോലെ തന്നെ കവറേജ്‌ കിട്ടുന്നതാണ്‌ ഒരു മതത്തിന്റെ മേലാളുകളിലൊരാളെ കേറി നികൃഷ്ടജീവി എന്നു വിളിച്ചാലും. ഒരു വെടിക്കു കുറേ പക്ഷികൾ.

കോട്ടയം സമ്മേളനത്തിനു കൊടി ഉയരുന്നതിനു മുമ്പ്‌ ജനമധ്യത്തിലുള്ള പല വിവാദങ്ങളുടേയും മേൽ മണ്ണിടാനുണ്ട്‌. ലാവ്‌ലിൻ കേസിൽ സി.ബി.ഐ ഊർജ്ജിതമായി ചോദ്യം ചെയ്യലും മറ്റുമായി മുന്നോട്ടുപോകുന്നു. പുതിയ രേഖകൾ കണ്ടെടുക്കുന്നതിന്റെ വാർത്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുമുണ്ട്‌. പത്രത്താളുകളിൽ നിന്നും ലാവ്‌ലിന്റെ പേരിലുള്ള വിവാദങ്ങൾ മാറ്റിനിർത്താൻ ഇതിലും നല്ല മാർഗ്ഗം വേറെയുണ്ടോ?. തെറി വിളിക്കുകയാണെങ്കിൽ ബിഷപ്പുമാരെത്തന്നെ വിളിക്കണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോർവിളികളുമായി രംഗം കൊഴുത്തില്ലേ. പാർട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന അംഗങ്ങളെ കൈയിലെടുക്കാൻ ഇതിലും നല്ല അവസരം ഏതാണ്‌. സ്വാശ്രയകോളേജ്‌ പ്രശ്നവും രണ്ടാം വിമോചന സമരപ്രഖ്യാപനവുമായി സഭ കാണിക്കാവുന്ന വൃത്തികേടെല്ലാം കാണിച്ച്‌ നാറിനിൽക്കുന്ന പുതിയ സാഹചര്യത്തിൽ എരിതീയിലേക്ക്‌ പെട്രോൾ തന്നെയാണ്‌ താമരശ്ശേരി ബിഷപ്പ്‌ ഒഴിച്ചുകൊടുത്തത്‌. ചങ്ങനാശ്ശേരിയിൽ സഭയുടെ സ്ഥാനങ്ങൾ വഹിക്കുന്നവരിൽ നിന്ന്‌ പാർട്ടി അംഗങ്ങളെ മാറ്റിനിർത്താനുള്ള തീരുമാനം കൂടി ആയതോടെ പാർട്ടിക്കാരുടെ രക്തം തിളക്കുമെന്ന്‌ ഉറപ്പ്‌.

പ്രശ്നം കമ്മ്യൂണിസ്‌റ്റുകാരെ തെമ്മാടിക്കുഴിയിലടക്കേണ്ടവരാണോ അല്ലയോ എന്നാണ്‌. അങ്ങനെയായിരുന്നത്രേ പണ്ട്‌. കാടാമ്പുഴയോ മറ്റേതോ പുഴയിലോ മലയിലോ ഒക്കെ പോയി കൊടിയേരി ആദിയായവർക്കു പൂമൂടുകയോ മൊട്ടയടിക്കുകയോ ഒക്കെ ചെയ്യാം. സഖാവ്‌ പിണറായിക്ക്‌ ബിഷപ്പുമാരുടെ അരമനയിൽ കയറി നിരങ്ങാം. അതുപോലെയാണോ ജനകീയനായ മത്തായി ചാക്കോ. എല്ലാവരും മനുഷ്യരായിട്ടാണ്‌ കമ്മ്യൂണിസ്‌റ്റുകാരായത്‌. കടും വേദനയിൽ മരണത്തോട്‌ മല്ലിടുമ്പോൾ ഒരാൾക്ക്‌ അൽപം ഭക്തി തോന്നിയാൽ അതെങ്ങനെ തെറ്റാവും. കമ്മ്യൂണിസ്‌റ്റുകാരും മനുഷ്യരല്ല എന്നു സ്ഥാപിക്കാനാണോ പിണറായി ഇറങ്ങിപ്പുറപ്പെട്ടത്‌. എം.എം ലോറൻസിന്‌ മകളുടെ വിവാഹം പള്ളിയിൽവച്ച്‌ ആചാരപ്രകാരം നടത്താമെങ്കിൽ മരിക്കാൻ കിടക്കുമ്പോൾ ചാക്കോയ്‌ക്ക്‌ എന്തുകൊണ്ട്‌ ഇത്തിരി ദൈവവിശ്വാസം തോന്നിക്കൂടാ.

മരിക്കാൻ കിടക്കുമ്പോൾ ദൈവവിശ്വാസം വന്നുപോയ സഖാക്കന്മാർ ഒരുപാടുണ്ട്‌. മരിക്കുമെന്നറിയുമ്പോഴും സഖാക്കളെ മുന്നോട്ട്‌ എന്നെഴുതിവയ്‌ക്കാൻ സഖാവ്‌ കൃഷ്ണപിള്ളക്കേ കഴിയൂ. അങ്ങനെയൊരു വിശ്വാസം മത്തായി ചാക്കോയ്‌ക്ക്‌ എന്നുമാത്രമല്ല പ്രിയപത്നിക്കുപോലും വന്നുകൂടാ എന്നാണ്‌ പാർട്ടി പറയുന്നത്‌. തൊട്ടു പിന്നാലെ ഈ നികൃഷ്ട ജീവികൾ ചാക്കോയുടെ വിവാഹം രജിസ്‌റ്റർ ചെയ്തതായും വെളിപ്പെടുത്തിക്കഴിഞ്ഞു. രജിസ്‌റ്റർ ചെയ്തെന്നും ഇല്ലെന്നും കുടുംബാംഗങ്ങൾ. താൻ പള്ളിയിൽപോയി രജിസ്‌റ്ററിൽ ഒപ്പിട്ടതായി ഭാര്യ, പക്ഷേ മത്തായി ചാക്കോ വന്നില്ലായിരുന്നത്രേ. പിന്നെ മേഴ്‌സി ചാക്കോ ആരെയാണ്‌ വിവാഹം കഴിച്ചത്‌. മത്തായി ചാക്കോയുടെ ഒപ്പ്‌ കള്ള ഒപ്പാണെങ്കിൽ ആരാണ്‌ ഒപ്പിട്ടത്‌. ഭർത്താവിന്റെ സ്ഥാനം ഒഴിച്ചിട്ടും വിവാഹം രജിസ്‌റ്റർ ചെയ്യാമെന്നത്‌ ഒരു പുതിയ അറിവാണ്‌. അതു ചിലപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകാർക്കു മാത്രം അങ്ങനെ ചെയ്യാമായിരിക്കും. മേഴ്‌സി ചാക്കോ താൻ ഒപ്പിട്ടു എന്നു സമ്മതിച്ചപ്പോൾ ഡി.വൈ.എഫ്‌.ഐക്കാർ മേഴ്‌സിയുടെ ഒപ്പും വ്യാജമാണെന്ന തെളിവുമായി രംഗത്തെത്തിയിരിക്കുന്നു. ആര്‌ പറയുന്നത്‌ വിശ്വസിക്കണം. സത്യത്തിൽ എന്താണ്‌ സംഭവിച്ചത്‌. ആർക്കറിയാം. എന്തൊക്കെയായാലും ഇരുകൂട്ടർക്കുമിടയിൽ ഒരു ഒത്തുകളി മണക്കുന്നുണ്ട്‌.

ഗുരുദക്ഷിണ

മരണത്തിനു മുമ്പ്‌ മത്തായി ചാക്കോ ചെയ്ത തെറ്റ്‌ പിണറായി പൊറുത്തു, പാർട്ടി പൊറുത്തു, പോരാത്തതിന്‌ അദ്ദേഹം വിശുദ്ധനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ മാഷോട്‌ ആരു പൊറുത്തില്ല. കണ്ണൂരുകാരനായ മാഷിന്റെ പ്രിയ ശിഷ്യൻ, കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാർട്ടിയുടെ ഗർഭപാത്രം പേരിനൊപ്പം ചുമക്കുന്ന അതേ വിജയൻ, പറഞ്ഞത്‌ പക്ഷേ എം.എൻ. വിജയൻ ഒരു നല്ല അധ്യാപകനായിരുന്നു, പാർട്ടിയോട്‌ പിണങ്ങിനടന്നിരുന്നയാളായിരുന്നു എന്നു മാത്രം. മാഷിനെ സ്വയം ഗുരുവായി വരിച്ചവരും പാർട്ടി കപടതയുടെ ഭാഗമായി അങ്ങനെ അഭിനയിച്ചവരുമൊക്കെ ഒരേ സ്വരത്തിൽ വിലപിക്കുമ്പോൾ ഓരിയിട്ടില്ലെങ്കിലും പിണറായിക്ക്‌ മുറുമുറുക്കാതെയെങ്കിലുമിരിക്കാമായിരുന്നു.

ആ മുറുമുറുപ്പിനു പിന്നിലും ഒരു രാഷ്ര്ടീയമുണ്ടായിരുന്നു. പരിഷത്തിനെ കുറിച്ചും വിദേശ ഫണ്ടിംഗിനെക്കുറിച്ചുമുള്ള വിവാദങ്ങൾ വീണ്ടും ചൂടുപിടിച്ചു വരുമ്പോൾ അത്തരമൊരു മുറുമുറുപ്പും മാധ്യമങ്ങൾ ആഘോഷമാക്കുമെന്ന്‌ പിണറായിക്ക്‌ നന്നായി അറിയാമായിരുന്നു. ശിഷ്യർക്കും സ്നേഹിതർക്കും വേണ്ടി സ്വന്തം നിലപാടിൽ പോലും വിട്ടുവീഴ്‌ച ചെയ്ത്‌ പേരുകേട്ട വിജയൻമാഷ്‌ മരണത്തിലും അതുതന്നെ ചെയ്യുകയായിരുന്നു. തന്റെ മരണത്തിലൂടെ പിണറായി വിജയൻ എന്ന ശിഷ്യനെ താൽകാലികമായി രക്ഷപ്പെടുത്തുകയായിരുന്നു മാഷ്‌.

പത്രസമ്മേളനം കഴിഞ്ഞ്‌ പഴയ ഊർജ്ജസ്വലതയോടെ മാഷ്‌ ഇന്നുമുണ്ടായിരുന്നെങ്കിൽ പാർട്ടി സംസ്ഥാന സമ്മേളനം അടുത്തുവരുന്ന ഈ സമയത്ത്‌ പിണറായി ശരിക്കും വിയർക്കുമായിരുന്നു. ഹൈക്കോടതിയുടെ പരാമർശങ്ങൾ അത്രക്ക്‌ മൂർച്ചയുള്ളതായിരുന്നു. “പരിഷത്ത്‌ പ്രസിഡന്റ്‌ പാപ്പുട്ടിയും എം.പി പരമേശ്വരന്റെ പുസ്തകവും തെളിയിക്കുന്നത്‌ തിരുവനന്തപുരത്തെ സി.ഡി.എസ്‌ വഴി പരിഷത്ത്‌ വിദേശ പണം കൈപ്പറ്റിയിട്ടുണ്ട്‌ എന്നാണ്‌” ഇതാണ്‌ കോടതി നടത്തിയ പരാമർശം. ശാസ്ര്ത സാഹിത്യ പരിഷത്ത്‌ ചാരസംഘടനയാണെന്നും രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന്‌ ലഭിക്കുന്ന പ്രതിഫലമാണ്‌ വിദേശ സഹായമെന്നും എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും ദല്ലാളാണ്‌ പരിഷത്ത്‌ എന്നുമായിരുന്നു പ്രൊഫ. എസ്‌. സുധീഷും വിജയൻമാഷും പാഠത്തിലൂടെ ഉന്നയിച്ചത്‌. ഈ അഭിപ്രായങ്ങൾ പറയാൻ അവർക്ക്‌ അവകാശമുണ്ട്‌, സാമ്രാജ്യത്വ ശക്തിയോട്‌ അടുക്കുന്ന പരിഷത്തിന്റെ തെറ്റുകൾ തിരുത്തുക എന്ന നിലപാടാണ്‌ അവർ സ്വീകരിച്ചത്‌, കോടതിയുടെ പരാമർശങ്ങൾ മനസ്സിരുത്തി വായിച്ചാൽ പരിഷത്തും പരിഷത്തിലൂടെ തോമസ്‌ ഐസക്കും സി.ഡി.എസും പാർട്ടിയുമൊക്കെ ചെയ്തത്‌ രാജ്യദ്രോഹമാണ്‌ എന്ന്‌ ആരും ശങ്കിച്ചുപോകും.

പക്ഷേ അതേക്കുറിച്ചൊന്നും ചിന്തിക്കാൻ ആർക്കും നേരമുണ്ടായിരുന്നില്ല. ഒരു പൂകൊഴിയും പോലെ മാഷ്‌ വീഴുന്നത്‌ ആഘോഷിക്കുകയായിരുന്നു മലയാളത്തിലെ ദൃശ്യമാധ്യമങ്ങൾ. മറ്റെല്ലാ ചാനലും മാഷിന്റെ അവസാനത്തെ വാക്കുകൾ മാത്രം ആവർത്തിച്ചപ്പോൾ പിണറായിക്ക്‌ ഓശാന പാടുന്ന കൈരളിയും പീപ്പിളും അദ്ദേഹം മരിച്ചുവീഴുന്നത്‌ പേർത്തും പേർത്തും കാണിച്ച്‌ നിർവൃതിയടഞ്ഞു. കണ്ണൂരിൽ മാതാപിതാക്കളുടേയും കുട്ടികളുടെയും മുന്നിൽവെച്ച്‌ വെട്ടിക്കൊന്നവരുടെ മേൽ വീണ്ടും വീണ്ടും ആഞ്ഞു കൊത്തുന്ന അതേ രാഷ്ര്ടീയ വൈരത്തോടെ. മാഷിന്റെ മക്കൾ പത്രപ്രസ്താവനയിലൂടെ കാലുപിടിച്ചിട്ടും അതു തുടർന്നു.

മൊകേരി ജയകൃഷ്ണൻ മാസ്‌റ്ററെ വിദ്യാർത്ഥികൾക്കു മുന്നിൽവച്ച്‌ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ മാഷ്‌ പാർട്ടിക്കൊപ്പം നിന്നു. മാഷ്‌ പറഞ്ഞതിന്റെ അപ്പുറത്തെ അർത്ഥങ്ങൾ പാർട്ടിയും പത്രങ്ങളുമുണ്ടാക്കി എന്നത്‌ ചരിത്രം. അച്ഛനമ്മമാർക്കു മുന്നിലിട്ട്‌ മകനെ കൊന്നതിൽ പ്രതിഷേധമില്ലാത്തവർ വിദ്യാർത്ഥികൾക്കു മുന്നിലിട്ട്‌ അധ്യാപകനെ കൊന്നതിൽ കാണിക്കുന്ന പ്രതിഷേധത്തിന്റെ കപടത കാട്ടിക്കൊടുക്കുന്നതായിരുന്നു കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ നടത്തിയ ആ പ്രസംഗം. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടിട്ടും മാഷ്‌ മിണ്ടിയില്ല. പാപ്പിനിശ്ശേരി സ്‌നേക്ക്‌ പാർക്ക്‌ ആക്രമിക്കപ്പെട്ടപ്പോഴുള്ള പ്രതികരണവും അത്തരമൊന്നായിരുന്നു. കമ്മ്യൂണിസ്‌റ്റുപാർട്ടിയിലെ സ്ര്തീപുരുഷ വ്യത്യാസമില്ലാതെ കണ്ണിൽ കണ്ടവരെയൊക്കെ തല്ലി ബോധം കെടുത്തി എ.കെ.ജി ആശുപത്രി ഭരണം പിടിച്ചെടുത്ത്‌ അക്രമത്തിലേക്ക്‌ തള്ളിയിട്ടവർ പാമ്പുകളുടെ പേരിൽ ഒഴുക്കുന്ന കണ്ണീരിനെ ചോദ്യം ചെയ്യുകയായിരുന്നു മാഷ്‌. മിണ്ടുന്ന സഹജീവികളാണൊ മിണ്ടാപ്രാണിയാണോ വലുത്‌ എന്ന ചോദ്യമാണ്‌ മാഷുയർത്തിയത്‌. മാഷ്‌ മരണശേഷവും അതിന്റെ വിഴുപ്പ്‌ ചുമക്കുകയായിരുന്നു. അവിടെയും നേട്ടമുണ്ടാക്കിയത്‌ ബ്രണ്ണൻ കോളജിലെ മാഷിന്റെ ശിഷ്യരായ പിണറായിയടക്കമുള്ളവരാണ്‌.

ദേശാഭിമാനിയിൽ നിന്ന്‌ മാഷെ പുറത്താക്കാൻ പിണറായി വിജയന്‌ ധൈര്യം ഉണ്ടായിരുന്നില്ല എന്നത്‌ മാഷിന്റെ കരിസ്മയോട്‌ പിണറായിക്കുള്ള ഭയഭക്തിബഹുമാനത്തിന്റെ സൂചനയാണ്‌. മാഷ്‌ സ്ഥാനമൊഴിഞ്ഞ്‌ ഇറങ്ങിവരുന്നതുവരെ പിണറായിക്ക്‌ ഒന്നും ചെയ്യാനായില്ല എന്നത്‌ സത്യം. പക്ഷേ പുറത്തുകടന്ന മാഷെ പുലഭ്യം പറയാൻ പിണറായി മറന്നില്ല. മാഷിന്‌ ആ പണി അറിയില്ലായിരുന്നു. ഈയിടെ ഒരു അഭിമുഖത്തിൽ പിണറായിയുടെ ഈ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി സൗമ്യവും ലളിതവുമായിരുന്നു. വെടിയുണ്ട വിവാദക്കാലത്ത്‌ അത്‌ പിണറായിയുടെ മറവിയാണെന്നായിരുന്നു മാഷ്‌ പറഞ്ഞത്‌. ധർമ്മടത്തെ മാഷിന്റെ വീട്‌ പൂട്ടാൻ മറന്നുപോയപ്പോൾ പിന്നാലെ വന്ന പിണറായി അടുത്ത വീട്ടിൽ നിന്ന്‌ പൂട്ടുവാങ്ങി വീട്‌ പൂട്ടി താക്കോൽ കൊടുങ്ങല്ലൂരെത്തിച്ചത്‌ മാഷ്‌ ഓർത്തു. അതായിരുന്നു മാഷ്‌. അസഹിഷ്ണുതയും പകയുമില്ലാത്ത യഥാർത്ഥ കമ്മ്യൂണിസ്‌റ്റുകാരൻ.

പരിഷത്ത്‌ അങ്ങനെ ഒന്നുകൂടി രക്ഷപ്പെട്ടു. സി.പി.എം പിറന്നു വീഴുന്നതിനു മുമ്പ്‌ ജന്മമെടുത്ത പരിഷത്ത്‌ എങ്ങനെ സി.പി.എം പോഷക സംഘടനയായെന്നും കമ്മ്യൂണിസ്‌റ്റുകാർക്കൊപ്പം മറ്റു പാർട്ടിക്കാരും ഒത്തൊരുമയോടെ പ്രവർത്തിച്ച ആ സംഘടന എങ്ങനെ ചാരപ്രവർത്തനം നടത്തിയെന്നും കോടതി കയറിയെന്നും തോമസ്‌ ഐസക്കിന്‌ നന്നായി അറിയാം. ജനകീയാസൂത്രണക്കാലത്ത്‌ പാർട്ടിയെ പോക്കറ്റിലാക്കാൻ മുന്നിൽ നിന്നത്‌ തോമസ്‌ ഐസക്കായിരുന്നല്ലോ. മുറുമുറുക്കുന്നവരെയൊക്കെ ഒതുക്കാനും കൂടെ നിൽക്കുന്നവർക്ക്‌ പാർട്ടി ഭരണത്തിലിരിക്കുമ്പോൾ സ്ഥാനമാനങ്ങൾ നൽകാനും ഐസക്കുതന്നെയല്ലായിരുന്നോ മുൻ നിരയിൽ. പരിഷത്ത്‌ വിദേശപണം കൈപ്പറ്റിയതേതുടർന്നുണ്ടായ വിവാദം ഒതുക്കാൻ സി.പി.എം ആവതു ശ്രമിച്ചതാണ്‌. പാഠം മാത്രമാണ്‌ അന്ന്‌ വേറിട്ടൊരു ശബ്ദമായത്‌. കോടതിയുടെ പിന്തുണകിട്ടിയതോടെ ആ യുദ്ധം വീണ്ടും ഊർജ്ജിതമാക്കാനായിരുന്നു മാഷിന്റെയും കൂട്ടരുടേയും പുറപ്പാട്‌. പക്ഷേ മരണം അതും കവർന്നെടുത്തു.

സാംസ്‌കാരിക കീടങ്ങൾ

മഴയത്ത്‌ നല്ല തണുപ്പത്ത്‌ മാത്രം കണ്ടുവരുന്ന ജീവികളുണ്ട്‌. തേരട്ടമുതൽ ഒച്ചുകൾ വരെ. ഇവയിൽ ചൊറിയുന്നവയും ചൊറിയാത്തവയുമുണ്ട്‌. പക്ഷെ അധികാരത്തിന്റെ സുഖശീതള ഛായയിൽ ശിഷ്ടജീവിതം തള്ളിനീക്കാൻ തുനിഞ്ഞിറങ്ങിയ മുകുന്ദനെപോലുള്ളവരെ നമുക്ക്‌ മനസ്സിലാക്കാം. ഗാന്ധിയനെന്ന്‌ സ്വയം അഹങ്കരിക്കുന്ന അഴീക്കോടിനെ ഏത്‌ വർഗ്ഗത്തിൽ പെടുത്തണം. വിജയൻമാഷ്‌ മരിച്ച്‌ ദേഹം കൊടുങ്ങല്ലൂരെത്തുന്നതിനു മുമ്പേ അഴീക്കോട്‌ പുലഭ്യം പറഞ്ഞത്‌ ആർക്കുവേണ്ടിയായിരുന്നു. വിജയൻമാഷ്‌ മരിക്കുന്ന നിമിഷം വരെ തന്റെ നിലപാടുകൾക്ക്‌ വേണ്ടി പോരാടിയ മനുഷ്യനാണ്‌. പ്രസംഗത്തിന്റെ മൊത്തക്കച്ചവടത്തിന്റെ കുത്തക സാധ്യതകൾ പരതുന്നതിനിടയിൽ അഴീക്കോട്‌ ഏത്‌ ആദർശമാണ്‌ മുറുക്കേ പിടിച്ചത്‌. പ്രസംഗജീവിതത്തിനിടയിൽ ഒരു പ്ലാച്ചിമടയല്ലാതെ എന്താണ്‌ അഴീക്കോട്‌ മാഷിന്‌ എടുത്തു പറയാനുള്ളത്‌. മീശ മുളക്കുന്നതിനു മുമ്പ്‌ ആശാന്റെ സീതാകാവ്യം എഴുതിയ മഹാ പ്രതിഭാശാലിക്കും വാർദ്ധക്യത്തിൽ വിവരക്കേടുകൾ സംഭവിക്കാം. അതിനുള്ള ഉത്തമ മാതൃകയാണോ അഴീക്കോട്‌. തൃശൂരുള്ള പുതിയ കൊട്ടാരത്തിൽ അന്തിയുറങ്ങുന്ന ബൊലേനോ കാറിൽ നാടുചുറ്റുന്ന അഴീക്കോട്‌ മാഷിനെ പോലയായിരുന്നില്ല എം.എൻ വിജയൻ. ബസ്സിലും ഓട്ടോയിലും സഞ്ചരിച്ച്‌ ജനങ്ങൾക്കൊപ്പം നിന്ന മാഷ്‌ തൃശൂരെ പ്രസ്‌ ക്ലബ്ബിന്റെ പടികൾ കയറിയതാണോ അത്രക്കു വലിയ കുറ്റം. മാഷ്‌ ചിക്കുൻഗുനിയ ബാധിച്ച്‌ കിടന്നപ്പോൾ ആശുപത്രിയിൽ പോകാനെങ്കിലും സ്വന്തം ബൊലേനോ അയച്ചു കൊടുക്കാമായിരുന്നുല്ലേ അഴീക്കോട്‌ മാഷിന്‌. ഇങ്ങനെയൊരവസരത്തിൽ പിണറായിയുടെ വെടിക്കെട്ട്‌ നമുക്ക്‌ മനസ്സിലാക്കാം, കുടുംബോം കുട്ട്യോളുമില്ലാത്ത അഴീക്കോടുമാഷിന്റെ ഉടുക്കുകൊട്ടൽ എന്തിനാണെന്നാണ്‌ മനസ്സിലാകാത്തത്‌.

വീണ്ടും സുധാകരീയം

കള്ളവോട്ട്‌ കണ്ണൂരിലെ കമ്മ്യൂണിസ്‌റ്റുകാരുടെ കുത്തകയാണ്‌. ആ കാര്യം എം.വി രാഘവന്‌ നന്നായി അറിയാം. കണ്ണൂരിലെ പഴയ തീപ്പൊരി കമ്മ്യൂണിസ്‌റ്റല്ലേ. കമ്മ്യൂണിസ്‌റ്റുകാരുടെ മുന്നിൽ പിഴച്ചുപോകാൻ സുധാകരനും അല്പസ്വല്പം ആ പണിയൊക്കെ ചെയ്തിട്ടുണ്ട്‌. എന്തൊക്കെയായാലും പരിയാരത്ത്‌ കാണിച്ചത്‌ വൃത്തികേടായിപ്പോയി എന്ന്‌ കമ്മ്യൂണിസ്‌റ്റുകാർ തന്നെ അടക്കം പറയുന്നുണ്ട്‌. അവസാനം കോടതിയും അതുതന്നെ പറഞ്ഞിരിക്കുന്നു. കൊടിയേരി പോലീസുമന്ത്രിയായി മുകളിലുള്ളതുകൊണ്ട്‌ എന്തു തോന്ന്യാസവും കാണിക്കാമെന്നാണോ... ക്യൂവിൽ ആൾമാറാട്ടം നടന്നിട്ടുണ്ടെന്ന്‌ വീഡിയോ ദൃശ്യങ്ങൾ കണ്ട്‌ രജിസ്‌റ്ററും ഒത്തുനോക്കിയ കോടതി പറഞ്ഞത്‌ നമ്മൾ വിശ്വസിക്കാതിരിക്കണോ. കള്ളവോട്ട്‌ നടന്നിട്ടുണ്ടെന്ന്‌ കോടതി കണ്ടെത്തിയ സ്ഥിതിക്ക്‌ പാവം റിട്ടേണിംഗ്‌ ഓഫീസറും പോലീസ്‌ ഓഫീസർമാരുമടക്കം എല്ലാവരും കുടുങ്ങുമെന്ന്‌ ഉറപ്പാണ്‌.

എല്ലാം തെളിഞ്ഞ സ്ഥിതിക്ക്‌ നാണമുണ്ടെങ്കിൽ രാജിവച്ച്‌ ഇറങ്ങിപ്പോകാനാണ്‌ മന്ത്രി സുധാകരനോട്‌ എം.വി രാഘവന്റെ ആക്രോശം. അത്തരമൊരു സാധനം നാലയലുപക്കത്തുപോലും എത്തിയിട്ടില്ല എന്ന കാര്യം രാഘവനറിയില്ലേ! തന്ത്രിമാരേം മുൻമന്ത്രിമാരേം മാത്രമല്ല വേണമെങ്കിൽ കോടതിയെ വരെ ചീത്തവിളിക്കും സുധാകരൻ. നാടുമുഴുവൻ തെറി പറഞ്ഞിട്ടും സുധാകരന്‌ വല്ല നാണവുമുണ്ടോ? “ നല്ല കട്ടിയുള്ള മുണ്ടാണ്‌ താനുടുത്തത്‌, ആളുകളാരും എന്നെ കണ്ടിട്ട്‌ ഓടിപ്പോയിട്ടൊന്നുമില്ല” ഈ മറുപടി കേട്ട്‌ നാണം കെട്ടത്‌ രാഘവനോ അതോ പൊതുജനമോ?

Previous Next

എസ്‌. ഹരിപ്രസാദ്‌


E-Mail: s.hariprasaad@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.