പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

പറുദീസാ നഷ്ടത്തിൽ വിടരുന്ന രക്ത പുഷ്പങ്ങൾ!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി ഷൈബിൻ

‘ആനമയിലൊട്ടകം’ കളി തീർന്നപ്പോൾ നഷ്ടം ആർക്കാണെന്ന്‌ വിചിന്തനം ചെയ്യാൻ എന്തായാലും ലീഗ്‌ തയ്യാറായത്‌ നന്നായി. മടിശീലയിൽ ചില്ലറക്കിലുക്കം കൂടിയപ്പോൾ മിനാരങ്ങൾ ഒന്നൊന്നായി തകർന്നുവീഴുന്നത്‌ അറിയാതെ പോയ മുസ്ലീം ലീഗു മാത്രമല്ല, മലപ്പുറത്ത്‌ ഇപ്പോൾ അസ്വസ്ഥർ. കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ടെന്ന്‌ ചോദിച്ചപോലെ സി പി എമ്മിലും കോൺഗ്രസിലും സർവോപരി മുസ്ലീം ലീഗിലും എത്രമാത്രം എൻ ഡി എഫുകാർ ഉണ്ടെന്നറിയാതെ നേതൃത്വങ്ങൾ ഇരുട്ടിൽത്തപ്പുകയാണ്‌.

വെള്ളവും പാലും കലർന്നാൽ വേർതിരിച്ചെടുക്കാൻ അരയന്നത്തിനെങ്കിലും സാധിക്കുമെന്നാണ്‌ നമ്മുടെ വിശ്വാസം. മുഖ്യധാരാ പാർട്ടികളിൽ നിന്ന്‌ എൻ ഡി എഫിനെയും മറ്റ്‌ തീവ്രവാദ സംഘടനകളെയും വേർതിരിച്ചെടുക്കാൻ തലപ്പത്തിരിക്കുന്നവർക്ക്‌ കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ്‌ തിരൂരിലും താനൂരിലും ഒഴുകിയ ചോരപ്പുഴ. ആർ എസ്‌ എസും, എൻ ഡി എഫും പരകായ പ്രവേശം നടത്തിയാണ്‌ മലപ്പുറത്ത്‌ കബന്ധങ്ങളുടെ എണ്ണം തികച്ചത്‌. കാറ്റുവിതച്ചത്‌ ആരാണെന്ന്‌ ആഭ്യന്തരമന്ത്രിയുടെ ചുറ്റുമിരുന്ന്‌ ഒടുവിൽ എല്ലാ കക്ഷികളും പരസ്‌പരം ആരാഞ്ഞെന്നാണ്‌ വാർത്ത.

ഇരുതലമൂർച്ചയുള്ള വാളുമായി പ്രവർത്തിക്കുന്ന സാമുദായിക സംഘടനകൾക്ക്‌ മലപ്പുറത്ത്‌ എങ്ങനെയാണ്‌ ഇത്ര വേരോട്ടം കിട്ടിയതെന്ന്‌ രാഷ്‌ട്രീയ നേതാക്കൾ ചിന്തിച്ചില്ലെന്നു വേണം കരുതാൻ. മുസ്ലീം ലീഗിന്റെ സ്വയംകൃതാനർഥംകൊണ്ട്‌ വന്നുഭവിച്ച പ്രശ്നം മാത്രമല്ലിത്‌. മുസ്ലീം ലീഗ്‌ നിലനിൽക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ അടിവരയിടുന്ന വസ്‌തുതകളാണത്‌. ലീഗ്‌ തളർന്നപ്പോൾ അഥവാ ലീഗിനെ പാർട്ടിയിലെ വരേണ്യ വിഭാഗവും ഇടതുപക്ഷവും തളർത്തിയപ്പോൾ മോഹാസ്‌ത്ര തൂണീരവുമായി രംഗപ്രവേശം ചെയ്തവരാണ്‌ ഇപ്പോഴത്തെ ഭവിഷ്യത്തുകൾക്ക്‌ വഴിമരുന്നിട്ടത്‌.

ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങൾ നിലംപൊത്തിയപ്പോൾ, മുസ്ലീം സമുദായത്തിന്റെ വ്രണിത വികാരം രാജ്യമാസകലം കൊടുങ്കാറ്റായി അലയടിച്ച 1992ൽ പോലും മലപ്പുറത്ത്‌ ഇങ്ങനെ രക്തം ചിന്തിയില്ല. അന്ന്‌ ജില്ലയിൽ മുസ്ലീം ലീഗെന്ന രാഷ്‌ട്രീയ (സാമുദായിക?) പാർട്ടി തലയെടുപ്പോടെ നിന്നിരുന്നു. അതുമല്ലെങ്കിൽ ധീരോദാത്ത പ്രതാപഗുണവാനായ പാണക്കാട്‌ തങ്ങൾക്ക്‌ ആജ്ഞാശക്തിയുണ്ടായിരുന്നു. ‘പുലിക്കുട്ടികൾ’ തങ്ങന്മാർക്ക്‌ പിറകിൽ മാത്രമേ നിലയുറപ്പിച്ചിരുന്നുള്ളൂ. ബാബരി മസ്‌ജിദ്‌ തകർന്നു വീണപ്പോൾ പ്രാർഥന കൊണ്ട്‌ പ്രതിരോധിക്കാനാണ്‌ പാണക്കാട്‌ തങ്ങൾ ആഹ്വാനം ചെയ്തത്‌. സെയ്‌ദ്‌ ഉമ്മർ ബാഫക്കി തങ്ങളും സി എച്ച്‌ മുഹമ്മദ്‌ കോയയും ബാവഹാജിയും കാണിച്ച സമദർശിത്വത്തിന്റെയും സമാധാനത്തിന്റെയും പാതയായിരുന്നു അത്‌.

ഒരു രാഷ്‌ട്രീയ നേതാവിന്റെ വാക്കുകൾ എന്നതിലുപരി ആധ്യാത്മിക പരിവേഷമുള്ള വ്യക്തിയുടെ ഉപദേശമായി ജനങ്ങൾ അതേറ്റുവാങ്ങിയത്‌ സങ്കുചിത പരിണനകൾ മാറ്റിവച്ചായിരുന്നു. ഐ സി എസ്‌ രഥമേറി വന്ന അബ്ദുൾ നാസർ മ്‌അദനിയും മെഹബൂബെ മില്ലത്തെന്ന ഇബ്രാഹിം സുലൈമാൻ സേട്ടും കാടിളക്കിയിട്ടും കാൽക്കീഴിലെ മണ്ണ്‌ ഒലിച്ചുപോകാതെ ലീഗിനെയും അതുവഴി പ്രതിനിധാനം ചെയ്യുന്ന സമുദായത്തേയും കാത്തത്‌ ഈ ഒരു വിശ്വാസമായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുമ്പോഴും ദേശീയബോധമുള്ള മുസ്‌ലീമായിരുന്നു ലീഗിന്റെ ആദ്യപഥികർ. അതുകൊണ്ടു തന്നെ മലപ്പുറമെന്ന പച്ചത്തുരുത്തും ഒറ്റത്തുരുത്തും തീവ്രവാദികൾക്ക്‌ വിളനിലമാക്കാൻ ലീഗ്‌ പ്രവർത്തകർ വിട്ടുകൊടുത്തതുമില്ല.

ജവഹാർലാൽ നെഹ്‌റു ചത്ത കുതിരയെന്ന്‌ വിളിച്ച ലീഗിനെ ഒക്കത്തും എളിയിലും വെച്ച പാരമ്പര്യം കോൺഗ്രസിനും സി പി എമ്മിനുമുണ്ട്‌. കൊടപ്പനയ്‌ക്കൽ തറവാടു മുറ്റത്ത്‌ അഹമഹമികാ മുഖം കാണിക്കാൻ നേതാക്കൾ കാത്തിരുന്നത്‌ തൊട്ടാൽ അയിത്തമില്ലാത്ത വർഗമാണ്‌ അവരെന്ന ബോധം കൊണ്ടാണ്‌. എന്നാൽ സി എച്ചും ബനാത്തുവാലയും സീതിഹാജിയും അവുക്കാദർകുട്ടി നഹയും സേട്ടും തൊപ്പിവച്ചിരുന്ന ഇടങ്ങളിൽ കുഞ്ഞാലിക്കുട്ടിമാർ വാണപ്പോൾ മലപ്പുറത്തിന്റെ ചിത്രം മാറുകയായിരുന്നു. സി പി എമ്മുമായുള്ള അടവു നയവും എൻ ഡി എഫിനോടുള്ള മൃദുസമീപനവും ലീഗിന്റെ വിശ്വാസ്യതയാണ്‌ നഷ്ടമാക്കിയത്‌.

ലീഗിന്‌ വർഗീയത പോരെന്ന്‌ പറഞ്ഞ പി ഡി പിയ്‌ക്കും ഐ എൻ എല്ലിനും പ്രോത്സാഹനം നൽകി ഒരു ഭാഗത്ത്‌ സി പി എം സമർത്ഥമായി കരുനീക്കി. മഞ്ചേരിയിൽ മുയൽ ചത്തത്‌ ഒരിക്കൽ ചക്ക വീണതുകൊണ്ടല്ലെന്ന്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ വ്യക്തമാക്കി. മുൻ സിമി പ്രവർത്തകനായി കെ ടി ജലീലിനു വരെ സീറ്റു നൽകാൻ ഇടതുപക്ഷം തയ്യാറായി. അങ്ങനെ ലീഗിന്‌ കുറ്റിപ്പുറം ഒരു ദുഃസ്വപ്നനമായി മാറി.

കോണി ചാരിവെക്കാൻ ചുവരില്ലാത്തവിധം മുസ്ലീം ലീഗിന്റെ മോസ്‌കോയിൽ സായുധാധിപത്യം ഉറപ്പിക്കാനാണ്‌ ചില സംഘടനകൾ ഇതിനിടയിൽ കച്ചമുറുക്കിയത്‌. ലീഗ്‌ പാൽകൊടുത്തു വളർത്തിയ എൻ ഡി എഫ്‌ അപകടകാരിയാണെന്ന്‌ വിളിച്ചുപറയാൻ ആര്യാടൻമാർ മലപ്പുറത്ത്‌ ഏറെയുണ്ടായിരുന്നില്ല. ഹൈന്ദവ വർഗീയ സംഘടനകൾ ഒരു വശത്തും സി പി എം മറ്റൊരുവശത്തു നിന്നും എതിർപ്പ്‌ ഉയർത്തുമ്പോൾ ഇനി മുസ്ലീം ലീഗിനെ കൊണ്ടുമാത്രം പ്രതികരിക്കാനും പ്രതിരോധിക്കാനും സാധിക്കില്ലെന്ന്‌ യുവാക്കൾ തിരിച്ചറിഞ്ഞു.

അവർക്ക്‌ ആശ്രയവും ആശയും എൻ ഡി എഫുപോലുള്ള സംഘടനകൾ മാത്രമായിരുന്നു. തിരിച്ചടിയുടെ ബാലപാഠങ്ങൾ ഇതിനിടെ മിക്കവരും അഭ്യസിച്ചുകഴിഞ്ഞു. കണ്ണൂരിൽ നിന്ന്‌ കഠാര രാഷ്‌ട്രീയം മലപ്പുറത്തേക്ക്‌ ചേക്കേറിയത്‌ അങ്ങനെയാണ്‌. മതമാറ്റത്തിന്റെ പേരിൽ ഒരു യുവാവിനെ കൊലപ്പെടുത്തിയാണ്‌ ഈ പരമ്പരകൾക്ക്‌ തുടക്കമിട്ടത്‌. ആർ എസ്‌ എസും, എൻ ഡി എഫും, സി പി എമ്മും പോർവിളിച്ചപ്പോൾ, നിലനിൽപ്പിനായി ലീഗും വാളെടുത്തപ്പോൾ തിരൂരിലും താനൂരിലും അസ്വസ്ഥത പടർന്നുകയറി.

നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ്‌ ലീഗെന്ന്‌ പറയുകയാവും ശരി. എന്നാൽ മുഖ്യശത്രു ആരെന്ന്‌ തിരിച്ചറിയാൻ അവർക്ക്‌ സാധിക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ ജനാധിപത്യ ചേരി ഉയർത്തുന്നത്‌. വോട്ടുബാങ്ക്‌ രാഷ്‌ട്രീയം ലീഗിനെ തളർത്തിയപ്പോൾ പകരം വന്ന ‘ഹറാമില്ലാ ഹറാമുകൾ’ സ്വീകാര്യത നേടുകയാണ്‌. ഓരോരോ രക്തപുഷ്പത്തിലും അവർ നൂറുനൂറു മോചനമന്ത്രം തേടുകയാണ്‌.

ടി ഷൈബിൻ


E-Mail: shybinnanminda@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.