പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

പാലോറമാതയുടെ പൈക്കുട്ടി - ഒരനുശോചനക്കുറിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

പാലോറമാതയുടെ ആ പഴയ പൈക്കുട്ടിയുടെ ഇപ്പോഴത്തെ ഗതിയിലാണ്‌ നാടിന്റെ ആശങ്ക. കാര്യങ്ങൾ വസ്തുനിഷ്‌ഠമായും ആത്മനിഷ്‌ഠമായും ഉൾക്കൊണ്ടുവേണം ബല്യബല്യ കാര്യങ്ങൾ അപഗ്രഥിക്കുവാൻ. വിവരമില്ലാത്തവർ ആചാര്യന്മാർ എഴുതിയ ഇതിഹാസ ഗ്രന്ഥങ്ങൾ പോയി മനസ്സിരുത്തി വായിക്കുക.

നാട്ടിൽ കിട്ടിയില്ലെങ്കിൽ അതു പഠിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു റിസോർട്ട്‌ അറ്റാച്ച്‌ഡ്‌ കമ്മ്യൂണിസ്‌റ്റ്‌ സർവകലാപശാലയുണ്ട്‌ മൂന്നാറിൽ. വൈസ്‌ചാനസലറായി പ്രൊഫസർ സഖാവ്‌ വെളിയും. പിന്നെ പ്രൊഫസർമാരുടെ ഒരു വൻനിരതന്നെയാണ്‌ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്‌. ആറുമാസമാണ്‌ കോഴ്‌സ്‌ കാലാവധി.

ഉലക്കയിൽ നിന്നും പാന്തം പൊളിക്കേണ്ടവിധം മൂന്നുമാസം കൊണ്ട്‌ വെളിയം പഠിപ്പിക്കും. അടുത്ത മൂന്നുമാസം കൊണ്ട്‌ മുരിക്കിൽ നിന്നും ചക്ക പറിക്കാൻ പഠിപ്പിക്കുക ഇസ്മയിലാണ്‌. കാലില്ലാത്ത സുന്ദരിയുടെ ബാലെ എന്നൊരു കെയ്സ്‌ സ്‌റ്റഡി ആ മുടിയില്ലാത്തയാളാണ്‌ കൈകാര്യം ചെയ്യുക.

പ്രശസ്ത മാനേജ്‌മെന്റ്‌ സ്‌കൂളുകളിലൊക്കെ പഠിച്ചു മിടുക്കരായ മണ്ടന്മാർക്ക്‌ ആരെങ്കിലും നക്കാപ്പിച്ച ലച്ചങ്ങൾ ശമ്പളം കൊടുക്കുകയാണല്ലോ പതിവ്‌. മൂന്നാറിലെ ഈ കലാപശാലയിൽ നിന്നും പഠിച്ചുപുറത്തിറങ്ങുന്നവർ കോടികളെടുത്ത്‌ ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ ഖജനാവിലിടുകയാണ്‌ ചെയ്യുക.

തൊഴിലന്വേഷിച്ച്‌ ലോകത്തെവിടെയും പോകേണ്ടതുമില്ല. സാമ്രാജ്യത്വ പാദസേവ, വൻകിട കുത്തക ബൂർഷ്വാസി, ഫാസിസ്‌റ്റ്‌, വരട്ടുതത്വവാദി തുടങ്ങിയ വിശേഷണങ്ങളൊന്നും മറുകുപോലെ കൂടെനടക്കുകയില്ല. തങ്കപ്പെട്ട വിപവകാരികളായി ശിഷ്ടകാലം കഴിയുകയും ചെയ്യാം.

വീണ്ടും പാലോറമാതയുടെ പൈക്കുട്ടിയിലേക്ക്‌. നാവെടുത്തവനെല്ലാം മാതകൊടുത്ത പൈക്കുട്ടിയുടെ ഗതിയെപ്പറ്റിപ്പറയുന്നതു പറയുന്നതു കേട്ടാൽ തോന്നുക മരണമില്ലാത്ത മാതയുടെ പൈക്കുട്ടിയെ, ഇനി ഗ്രാമർ മിസ്‌റ്റേക്കുണ്ടെങ്കിൽ മാതയുടെ മരണമില്ലാത്ത പൈക്കുട്ടിക്ക്‌ ചവക്കാൻ സഖാക്കൾ ബോംബിട്ടു കൊടുത്തു എന്നാണ്‌.

സംഗതി വസ്തുനിഷ്‌ഠമായി പരിശോധിക്കണം. പൈക്കുട്ടി പശുഗണത്തിൽ വരുമെന്നാണ്‌ നിത്യന്റെ അറിവ്‌. പശുവിനെ കൊല്ലുക പാപമാണ്‌. റാവൻ എന്ന വിഖ്യാതമായ കവിതയിൽ എഡ്‌ഗർ അലൻ പോ പറയുന്നതു നോക്കുക. എല്ലാ മരണവും വേദനാജനകമാണ്‌. എന്നാൽ അതൊരു സുന്ദരിയുടെതാകുമ്പോൾ ദുഃഖം പത്തിരട്ടിയാകും. അതുകൊണ്ട്‌ തീർച്ചയായും ക്ഷീരമുള്ളോരകിടിന്നുടമയായ യൗവ്വനയുക്തയായ കാമധേനുവിന്റെ കൊലപാതകം ന്യായീകരിക്കാവുന്നതല്ല. തീർച്ചയായും അതൊരു ഒന്നൊരപാപം തന്നെയാണ്‌.

അമ്പലത്തിലെ ചെണ്ട വംശനാശം വന്നുപോകാതിരിക്കാനും മറ്റുമായി സംഘപരിവാരം പോലും ചില്ലറ ഇളവുകൾ അനുവദിക്കുന്നുണ്ട്‌. ചുരത്തൽ ഏകപക്ഷീയമായി അവസാനിപ്പിച്ച്‌ വാർദ്ധക്യത്തിലേക്ക്‌ വീഴുന്ന പശുവിന്റെ കഴുത്തിൽ വാളുവീഴ്‌ത്തുവാൻ വകുപ്പുണ്ട്‌.

മനുഷ്യൻമാർക്കില്ലാത്ത സ്ഥിതിക്ക്‌ പൈക്കൾക്കായി ഒരു വൃദ്ധസദനത്തിനുള്ള സാധ്യത തൽക്കാലം ഏതായാലുമില്ല. സംഘപരിവാരം വാഴുന്നിടത്തും വിപ്ലവകാരികൾ വാഴുന്നിടത്തും. ഒരു നിഗമനത്തിലെത്തുന്നതിനു മുൻപേ ഇപ്പറഞ്ഞ വസ്തുതകളെല്ലാം പരിഗണിക്കണം. പ്ലസ്‌ ബയോളജിക്കലി, പാലോമാതാസ്‌ പൈക്കുട്ടി വാസ്‌ നോട്ട്‌ ഇമ്മോർട്ടൽ. ബയോളജിക്കലി ആന്റ്‌ ഇക്കണോമിക്കലി ഓൺലി രക്തസാക്ഷികൾസ്‌ ആർ ഇമ്മോർട്ടൽ.

അങ്ങിനെ വരുമ്പോൾ ആ പൈക്കുട്ടിയെ സംരക്ഷിക്കണം. തീർച്ചയായും സംരക്ഷിച്ചു. കട്ടൻചായ സഖാക്കൾക്ക്‌ ഒണക്കപ്പുല്ല്‌ പൈക്കുട്ടിക്ക്‌. പരിപ്പുവട സഖാക്കൾക്ക്‌ കടലപ്പുണ്ണാക്ക്‌ പൈക്കുട്ടിക്ക്‌. അങ്ങിനെ ആരെയും മോഹിപ്പിക്കുന്ന വിധത്തിലായിരുന്നു പൈക്കുട്ടിയുടെ വളർച്ച.

വളർച്ച പൂർണമായാൽ പിന്നെ തുടങ്ങുക തളർച്ചയാണ്‌. അതെല്ലാം ജർമ്മൻഭാഷയിലെ താളിയോലകളിലുണ്ട്‌. അതില്ലാത്ത ഒരു സംഗതി മാറ്റം മാത്രമാണെന്ന്‌ മാർക്സ്‌. അപ്പോൾ സ്വാഭാവികമായും പ്രകൃതി നിയമപ്രകാരവും നാട്ടാചാരപ്രകാരവും പൈക്കുട്ടി വാർദ്ധക്യത്തിലേക്കു കടക്കണം. വൈരുദ്ധ്യാത്മക ഭൗതികവാദപ്രകാരവും പ്രായം പടവലം പോലെ താഴോട്ട്‌ വളരുകയില്ല. പോക്ക്‌ മേലോട്ടുതന്നെയാണ്‌.

അങ്ങിനെ പാലോറമാതാസ്‌ പൈക്കുട്ടി ചെറുബാല്യം വിട്ട്‌ കൗമാരത്തിലൂടെ വളർന്ന്‌ ഗോമാതാവായി നന്നായി ചുരത്തി വാർദ്ധക്യത്തിലേക്ക്‌ വഴുതിനീങ്ങി വയസ്സത്തിപശുവായെന്നർത്ഥം. അതാണ്‌ സാമൂഹ്യനീതി നടപ്പിലാക്കാനുള്ള പറ്റിയ സമയം. നല്ലൊരു വെട്ടുകത്തിയെടുത്തു പ്രയോഗം ആരംഭിക്കുക. അതിലെന്തിത്ര തെറ്റ്‌. നരകിക്കാതെ കഥ കഴിഞ്ഞു. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്‌?

മാതയുടെ പൈക്കുട്ടി ആയുസ്സെത്തി തന്നെയല്ലേ മരിച്ചത്‌. നാട്ടുകാർക്കൊക്കെ ആവേശമായി നല്ലനിലയിൽ ജീവിച്ച്‌ ദേശാഭിമാനിയായി മരിച്ചു. അതുകൊണ്ട്‌ ദേശം മുഴുവനും അഭിമാനിക്കുക. ആദരാഞ്ജലിയർപ്പിക്കുക.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.