പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

ഇന്ത്യയും പ്രായോഗിക സോഷ്യലിസവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിമലൻ എ.

ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ സോഷ്യലിസം പ്രായോഗികമല്ല എന്ന ജ്യോതിബസുവിന്റെ പ്രസ്താവന ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നു. നവമുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പുകാരന്റെ അവസ്ഥാഭേദമായി ഈ പ്രസ്താവനയെ ചിത്രീകരിക്കാൻ പലർക്കും മടി കണ്ടില്ല. അദ്ദേഹത്തിന്റെ വാദഗതികളെ പിന്തുണച്ചും അഭിപ്രായങ്ങൾ ധാരാളം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ നേരിടുന്ന സൈദ്ധാന്തികമായ ഒരു പ്രതിസന്ധിയാണ്‌ ബസുവിന്റെ പ്രസ്താവന സൃഷ്ടിച്ച കോലാഹലം എന്ന്‌ അടിസ്ഥാനപരമായി വ്യാഖ്യാനിക്കാൻ സാധിക്കും. കാഴ്‌ച്ചപ്പാടുകളിലെ ഭിന്നത ഒരു പ്രസ്താവനയിൽ മാത്രം ഒതുങ്ങുന്നതല്ല. ബംഗാളിലെ ഇടതുമുന്നണി ഭരണത്തിന്റെ മൂലധനോന്മുഖമായ വളർച്ചാനടപടികൾ, കേരളത്തിലെ സി.പി.എമ്മിലെ വിഭാഗീയതയുടെ സൈദ്ധാന്തികമായ വശങ്ങൾ, കേന്ദ്രത്തിലെ കോൺഗ്രസ്സ്‌ ഭരണത്തെ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ എതിർക്കേണ്ടിവരുന്ന സ്ഥിതിവിശേഷം- ഇവയെല്ലാം ഇന്ത്യയുടെ ഇന്നത്തെ രാഷ്ര്ടീയമണ്ഡലത്തിലെ ഇടതുപക്ഷവീക്ഷണത്തിന്റെ പ്രതിസന്ധിയുടെ പ്രതിഫലനങ്ങൾ മാത്രം.

ഇന്ത്യയിലെ സോഷ്യലിസത്തെക്കുറിച്ചുള്ള ഒരു ചർച്ച തുടങ്ങണമെങ്കിൽ സോഷ്യലിസത്തിന്റെ വിവിധ സാധ്യതകളെക്കുറിച്ചുള്ള ബോധ്യം ആവശ്യമാണ്‌. ഉദാഹരണത്തിന്‌ നെഹ്രുവിന്റെ കാലത്ത്‌ ഇന്ത്യ പിന്തുടർന്നിരുന്ന ഭരണനയങ്ങളെ സോഷ്യലിസമെന്ന വിഭാഗത്തിൽ പെടുത്താമോ? അങ്ങനെയെങ്കിൽ, അന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ നെഹ്രുവിൽനിന്ന്‌ സോഷ്യലിസ്റ്റ്‌ കാഴ്‌ച്ചപ്പാടിന്റെ ഏതുതലത്തിലാണ്‌ വിഭിന്നമായിരുന്നത്‌? സ്വീഡനിൽ പതിറ്റാണ്ടുകളായി പിന്തുടർന്നുപോരുന്ന സോഷ്യലിസവും പഴയ സോവിയറ്റ്‌ യൂണിയനിലെ സോഷ്യലിസവും തമ്മിലുള്ള വൈപരീത്യം സൈദ്ധാന്തികമായി എങ്ങനെ വ്യാഖ്യാനിക്കുവാൻ സാധിക്കും? ചൈനയിൽത്തന്നെ, മാവോയുടെ കാലത്തെ ഭരണനിർവ്വഹണവും, ഇന്നത്തെ കാഴ്‌ച്ചപ്പാടുകളും സോഷ്യലിസമെന്ന ഒരു കുടക്കീഴിൽ അണിനിരത്താൻ സാധിക്കുമോ? സോഷ്യലിസത്തെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾ എന്നും പ്രസക്തമാണ്‌.

ഇത്തരം ചോദ്യങ്ങൾ ആദ്യം നൽകുന്ന സൂചന, സോഷ്യലിസം എന്നുള്ളത്‌ വളരെ വിശാലമായ ഒരു കാഴ്‌ച്ചപ്പാടാണ്‌ എന്നുള്ളതാണ്‌. കൃത്യമായ ആശയസംഹിതയുടെ താളുകളിൽനിന്ന്‌ ഏറെ അകന്നിരിക്കുന്നതാണ്‌ അതിന്റെ വിശാലത. ഇവിടെയാണ്‌ കമ്മ്യൂണിസം എന്ന ആശയം സോഷ്യലിസത്തിൽനിന്ന്‌ വേർപെടുന്നത്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ പിന്തുടരുന്നത്‌ പ്രധാനമായും ലെനിനിസ്റ്റ്‌ കമ്മ്യൂണിസമാണ്‌. അതിന്റെ കൃത്യമായ ആശയചട്ടക്കൂടുകളിൽനിന്ന്‌ വെളിയിലാണ്‌ സോഷ്യലിസം എന്ന അടിസ്ഥാനപ്രമാണത്തിന്റെ നിലനിൽപ്പ്‌. ഉദാഹരണത്തിന്‌, തികച്ചും മുതലാളിത്തവ്യവസ്ഥിതി പിന്തുടരുന്ന അമേരിക്കൻ ഐക്യനാടുകളിൽ, വമ്പൻ സാമ്പത്തികപ്രതിസന്ധിയുടെ കാലഘട്ടത്തിൽ (1929-1935) പ്രസിഡന്റായിരുന്ന റൂസ്‌വെൽറ്റ്‌ നടപ്പിലാക്കിയ “ന്യൂ ഡീൽ” നയങ്ങൾ, സോഷ്യലിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളുടെ വളരെ വ്യക്തമായ നടപ്പിലാക്കലായിരുന്നു. അന്ന്‌, മുതലാളിത്ത സാമ്പത്തികവ്യവസ്ഥിതിയുടെ നിലനിൽപ്പ്‌, സോഷ്യലിസ്റ്റ്‌ നയങ്ങളുടെ നടപ്പിലാക്കലിനെ തടസ്സപ്പെടുത്തിയില്ല. മുതലാളിത്തവും സോഷ്യലിസവും ഒന്നിച്ചുനിലനിൽക്കില്ല എന്ന ധാരണ പുലർത്തുന്ന തീവ്ര ഇടതുപക്ഷത്തിന്റെ കാഴ്‌ച്ചപ്പാടിൽനിന്ന്‌ ഏറെ വിദൂരമായിരുന്നു ആ സംഭവം.

മുതലാളിത്തം, തികച്ചും ഒരു സാമ്പത്തികരീതിയാണ്‌. സോഷ്യലിസമാകട്ടെ, ഒരു സാമൂഹികനയപരിപാടിയും. കമ്മ്യൂണിസമാകട്ടെ, സാമ്പത്തികരീതിയും സാമൂഹികനയങ്ങളും ഒന്നായിവിളക്കിച്ചേർക്കുന്ന രാഷ്ര്ടീയവ്യവസ്ഥിതിയും. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ആശയധ്രുവീകരണത്തിന്റെ വിഭിന്നമായ ഉദാഹരണങ്ങൾ ചരിത്രം കടഞ്ഞെടുത്തുനൽകിയതിന്റെ മൂലകാരണം ഇവ മൂന്നിന്റേയും നിർവ്വചനപരമായ (by definition) ഈ വേർതിരിവാണ്‌. മുതലാളിത്ത സാമ്പത്തികരീതിയിൽ സോഷ്യലിസ്റ്റ്‌ നയപരിപാടികൾ നടപ്പിലാക്കിയതിന്റെ ഉദാഹരണമായിരുന്നു “ന്യൂ ഡീൽ”. അവിടെ, സമൂഹത്തിന്റെ അടിസ്ഥാനസാമ്പത്തികരീതി മുതലാളിത്തം തന്നെയായിരുന്നു. പക്ഷേ, ഗവൺമെന്റിന്റെ നയപരിപാടികൾ സോഷ്യലിസ്റ്റും. അടുത്തകാലത്ത്‌ ചൈനീസ്‌ ഗവൺമെന്റ്‌ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തികരീതിയും മുതലാളിത്തം തന്നെ.

മാർക്സിസത്തിൽ, സോഷ്യലിസം എന്നുള്ളത്‌ മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും ഇടയിലുള്ള ഒരു പാലമാണ്‌. ഈ പാലം കടക്കാതെ കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതി നടപ്പിലാക്കുക അസാധ്യം. മാർക്സിയൻ ചിന്താഗതികളിലെ “ആവശ്യാനുസൃതം ലഭ്യം”(To Everyone According to His Need) എന്ന കമ്മ്യൂണിസ്റ്റ്‌ ആപ്തവാക്യവും “കർമ്മാനുസൃതം ലഭ്യം”(To Everyone According to His Work) എന്ന സോഷ്യലിസ്റ്റ്‌ ആപ്തവാക്യവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ഈ വീക്ഷണങ്ങളിലെ അന്തരം വളരെ പ്രധാനപ്പെട്ടതാണ്‌. കാരണം, മുതലാളിത്തവുമായി സഹവർത്തിക്കാൻ സോഷ്യലിസത്തിന്‌ സാധിക്കുന്നത്‌ ഈ അന്തരം മുഖേനയാണ്‌. കാരണം, മുതലാളിത്തത്തിന്റെ മൂലഘടകങ്ങളായ മൂലധനവും തൊഴിലും സോഷ്യലിസത്തിലെ തൊഴിലുമായി ഒത്തുചേരുന്നു.

പരിപൂർണ്ണമായ കമ്മ്യൂണിസ്റ്റ്‌ ആശയഗതികളുമായി ഒത്തുചേരാത്ത ആശയമാണ്‌ സ്വകാര്യസ്വത്ത്‌. മുതലാളിത്തതിന്റെ അടിസ്ഥാനപ്രമാണവും ഇതുതന്നെ. “സ്വകാര്യസ്വത്ത്‌ മോഷണം”(Property is theft) എന്നു പ്രസ്താവിച്ച പ്രൂധന്റെ(Proudhon) ചിന്തയോട്‌ ചേർന്നുനിൽക്കുന്നതാണ്‌ കമ്മ്യൂണിസം. പൊതുജന ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ കമ്മ്യൂണിസം എന്ന ആശയം സോഷ്യലിസത്തിന്റെ വിവിധതോതുകൾ(different scales of Socialism) മാത്രമായി ലോപിച്ചുപോകാനുള്ള പ്രധാനകാരണം സ്വകാര്യസ്വത്തിന്‌ അത്തരം സമൂഹങ്ങളിലുള്ള സ്വീകാര്യതയാണ്‌. കമ്യൂണിസത്തിന്റെ അടിസ്ഥാനപരമായ ബലഹീനത സ്വകാര്യസ്വത്തിന്റെ മാനുഷികമായ ആവശ്യകതയെ അംഗീകരിക്കുന്നതിലുള്ള സൈദ്ധാന്തികമായ വിമുഖതയാണെന്നതിൽ സംശയിക്കാനില്ല. ഒരു മനുഷ്യൻ ജനിക്കുമ്പോൾ, എല്ലാത്തരം പ്രകൃതിസമ്പത്തും മറ്റുള്ള ജീവികളോടും മനുഷ്യരോടും പങ്കുവെയ്‌ക്കാൻ അയാൾ നിർബന്ധിതനാണ്‌. കാരണം, സ്വന്തമായി അയാൾ ഒന്നും കൊണ്ടുവന്നിട്ടില്ല. പക്ഷേ, ജീവിതത്തിൽ സ്വന്തം പ്രവൃത്തികൾ വഴി അയാൾ നിർമ്മിക്കുന്നതെന്തും ഒരു വ്യക്തിയുടെ അവകാശമാണെന്നതാണ്‌ സ്വകാര്യസ്വത്തിന്റെ കാതലായ ചിന്താരീതി. ഉദാഹരണത്തിന്‌, മനുഷ്യൻ എന്ന ജീവിയ്‌ക്ക്‌ ഈ ലോകത്തിൽ ചെയ്യാൻ കഴിയുന്ന ഒരേയൊരു കർമ്മം മരം വച്ചുപിടിപ്പിക്കാനും മരം ഭക്ഷിക്കാനും മരം നശിപ്പിക്കാനുമാണെന്നു സങ്കൽപ്പിക്കുക. ഒരു വ്യക്തിയുടെ ജീവിതത്തിൽ അയ്യാൾ നൂറു മരം വച്ചുപിടിപ്പിക്കുകയും, പത്തുമരം ഭക്ഷിച്ചുതീർക്കുകയും, ഇരുപതുമരം നശിപ്പിക്കുകയും ചെയ്താൽ, എഴുപതുമരത്തിന്റെ അവകാശം അയാളുടേതു മാത്രമാണെനാണ്‌ സ്വകാര്യസ്വത്തിന്റെ നിർവ്വചനം. ഈ എഴുപതുമരങ്ങളിൽ അയാൾക്ക്‌ അവകാശമില്ലെന്നു പറയുന്നത്‌ അയാളുടെ കർമ്മത്തിനെതിരേയുള്ള അനീതിയാണ്‌.

ഒരു സമൂഹത്തിന്റെ നിലനിൽപ്പിനാധാരം ഓരോ മനുഷ്യവ്യക്തിയുടേയും വൈകാരികവും ശാരീരികവുമായ നിലനിൽപ്പാണ്‌. വൈകാരികമായ നിലനിൽപ്പ്‌ വ്യക്തിബന്ധങ്ങളിലൂടെ മനുഷ്യൻ നേടിയെടുക്കുന്നു. ശാരീരികമായ നിലനിൽപ്പ്‌ തൊഴിലുകളിലൂടെ അവൻ കണ്ടെത്തുന്നു. വെറും ശാരീരികമായ നിലനിൽപ്പിനുവേണ്ടി ഒരാൾ ചെയ്യേണ്ടിവരുന്ന കർമ്മത്തിന്റെ അളവ്‌ തുലോം കുറവാണ്‌. എന്നാൽ മനുഷ്യസമൂഹത്തിന്റെ വളർച്ചയും(progress), ഒരോ വ്യക്തിയും ആ വളർച്ചയോടൊപ്പം ഒട്ടിനിൽക്കാനും ആ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളാണ്‌ ചരിത്രത്തിലൂടെയുള്ള മനുഷ്യന്റെ അദ്ധ്വാനങ്ങളിൽ ഏറിയപങ്കും. വളരാനുള്ള ത്വര മനുഷ്യന്‌ നൈസ്സർഗ്ഗികമാണ്‌(natural). അവന്റെ ജീനുകളിൽ ആ ത്വര പുളയ്‌ക്കുന്നു. പക്ഷേ, ആ ത്വരയെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക്‌ പ്രകൃതി ശാരീരികമായ ഒരു പ്രതിഫലം(incentive) നൽകുന്നില്ല. മറ്റു ജീവികളിൽനിന്നുള്ള ഒരു വ്യതിയാനമാണിത്‌. വൈകാരികമായ പ്രതിഫലങ്ങൾ തുച്ഛവും. അവിടെയാണ്‌, സ്വകാര്യസ്വത്തെന്ന സങ്കൽപ്പത്തിലൂടെ മനുഷ്യൻ അവന്റെ പ്രവർത്തനങ്ങൾക്ക്‌ പ്രതിഫലം കണ്ടെത്തുക. മടി കൂടാതെ കഴിവുകൾ ഉപയോഗിക്കാനുള്ള ഒരു പ്രതിഫലമാണ്‌(incentive) സ്വകാര്യസ്വത്തെന്നു പറയാം. വളർച്ചയ്‌ക്കും നേട്ടത്തിനും ആവശ്യമായ ഉൽപ്പാദനം മുതലാളിത്തത്തിലേ സാധ്യമാകൂ എന്നു സൂചിപ്പിക്കുന്ന പ്രസ്താവനകളെ ഈ വെളിച്ചത്തിൽ വേണം കാണുവാൻ. ഈ മൗലികസത്യം മാർക്സ്‌ അംഗീകരിച്ചതാണ്‌. അതുകൊണ്ടാണ്‌, കൃത്രിമമായ ഒരു അട്ടിമറിയിലൂടെ മുതലാളിത്തത്തെ നശിപ്പിക്കാനാവില്ല എന്ന്‌ അദ്ദേഹം ചിന്തിച്ചത്‌. ശാസ്ര്തീയസോഷ്യലിസത്തിൽ, മുതലാളിത്തത്തിന്റെ പരാജയം അതിനുള്ളിലെ വൈരുദ്ധ്യംകൊണ്ടുതന്നെ സംഭവിക്കണം. അതിനുവേണ്ടി, ഉൽപ്പാദനവും വളർച്ചയും മനുഷ്യനു ദോഷഹേതുവായി പരിണമിക്കണം. ആ ഘട്ടം വരെ, മുതലാളിത്തത്തിന്റെ അടിസ്ഥാനപ്രമാണം, മനുഷ്യന്റെ വളരാനുള്ള ത്വരയാണ്‌. ഈ വീക്ഷണം ഗൗരവമായി എടുക്കുവാൻ പല ഇടതുപക്ഷക്കാർക്കും കഴിയുന്നില്ല.

ലോകത്തിന്റെ പല പ്രദേശങ്ങളിലും കണ്ടുവരുന്ന നാടോടിവർഗ്ഗങ്ങൾ, അപരിഷ്‌കൃതവംശങ്ങൾ(tribals) എന്നിവരെ പരിശോധിച്ചാൽ, അതിജീവനത്തിനുമപ്പുറം നിൽക്കുന്ന പ്രവത്തനങ്ങളുടെ സ്വാധീനത്തിന്റെ അഭാവം വളരെ വ്യക്തമായി കാണുവാൻ കഴിയും. ഇത്തരം സമൂഹങ്ങളിൽ തൊഴിലുകൾ അതിജീവനത്തിനുവേണ്ടിയുള്ളതു മാത്രമാണ്‌. ഇത്തരം സമൂഹങ്ങളിലെ മനുഷ്യർക്ക്‌ ജനിതകമായി നമ്മളെപ്പോലുള്ള സമൂഹങ്ങളിലെ മനുഷ്യരുമായി വ്യതിയാനമുണ്ടെന്ന്‌ ആർക്കും പറയാനാവില്ല. കഴിവുകളും ബുദ്ധിയും ജനിതകമായി ഏറെക്കുറെ തുല്യമെന്നിരിക്കേ, പരിഷ്‌കൃത സമൂഹങ്ങളും അപരിഷ്‌കൃതസമൂഹങ്ങളും തമ്മിലുള്ള അന്തരമെന്താണ്‌? ജീവിതരീതികൾ തന്നെ. അതിജീവനോന്മുഖമായ തൊഴിലുകളും അവയിലൂന്നിയുള്ള ജീവിതരീതികളും നിർമ്മിച്ചെടുക്കുന്ന സാമൂഹികവ്യവസ്ഥയിൽ വികാസോന്മുഖമായ മാനുഷികത്വരകൾക്ക്‌ ഗണ്യത ലഭിക്കുന്നില്ല. കാരണം, വികാസോന്മുഖമായ പ്രവർത്തനങ്ങൾ എപ്പോഴും ഒരു പ്രതിഫലം അന്വേഷിച്ചുകൊണ്ടിരിക്കും. പ്രതിഫലത്തിന്റെ അഭാവത്തിൽ, അത്തരം പ്രവർത്തങ്ങളുടെ പ്രാധാന്യം പിന്തള്ളപ്പെടുന്നു, വിസ്മരിക്കപ്പെടുന്നു.

മുതലാളിത്തം, സോഷ്യലിസം എന്ന തത്വചിന്താഗതികൾക്കുമപ്പുറത്ത്‌, മനുഷ്യനെന്ന ജീവി സ്വയം നിർമ്മിച്ചെടുക്കുന്ന സാമൂഹിക ആവാസവ്യവസ്ഥയുടെ ചില ആണിക്കല്ലുകളുണ്ട്‌. ഇവയെ പറിച്ചുമാറ്റാൻ ആർക്കും കഴിയില്ല. പക്ഷേ, ഇവയ്‌ക്കുവേണ്ടുന്ന ബദലുകൾ (substitutes) സൃഷ്ടിക്കാൻ മനുഷ്യനു കഴിഞ്ഞെന്നിരിക്കും. ഉദാഹരണത്തിന്‌, കുടുംബം എന്ന ആശയം എടുക്കുക. ഒരു കുടുംബത്തിലെ വസ്തുവകകൾ പൊതുവാണ്‌. അപ്പൻ മക്കൾക്കുവേണ്ടി ജോലി ചെയ്യുന്നു. ഇവിടെ സംഭവിക്കുന്നത്‌, മനുഷ്യന്റെ മറ്റൊരു നൈസ്സർഗ്ഗികത്വരയായ സ്നേഹവും ബന്ധങ്ങളും അവന്റെ സ്വാർഥതയുടെ ബദലായി മാറുന്നു എന്നതാണ്‌. ആത്മീയത, മാനുഷികപരിഗണനകൾ മുതലായവയെല്ലാം ഇത്തരം ബദലുകളാണ്‌. ഒരുപക്ഷേ, ഇത്തരം ബദലുകളെ “കറുപ്പ്‌” ആയി കണ്ടതിലായിരിക്കാം കമ്യൂണിസത്തിന്റെ ആദ്യപരാജയം സംഭവിച്ചത്‌.

സ്വകാര്യസ്വത്ത്‌ എന്നതും മനുഷ്യന്റെ വികാസത്തിന്റേയും സ്വാർത്ഥതയുടേയും - സ്വാർത്ഥത എന്ന പദം ഇവിടെ ഞാനുപയോഗിച്ചിരിക്കുന്നത്‌ പ്രതിലോമപരമായിട്ടല്ല, മറിച്ച്‌, ഒരു മാനുഷികത്വരയുടെ സൂചകമായിട്ടാണ്‌- പ്രതീകമാണ്‌. അങ്ങനെയിരിക്കേ, അതിനെ നിഷേധിക്കുന്ന ആശയങ്ങൾക്ക്‌ ഇത്തരം ബദലുകൾ സമൂഹത്തിന്റെ മുൻപിൽ സമർപ്പിക്കാനാകണം. ഇല്ലെങ്കിൽ, ആ ആശയങ്ങൾ മനുഷ്യനെന്ന ജീവിയുടെ മുൻപിൽ പരാജയപ്പെടും. വിപ്ലവം എന്ന ആശയത്തിന്റെ പോരായ്മയും അവിടെയാണ്‌. വിപ്ലവങ്ങൾ സംഭവിക്കുക, അതിജീവിക്കാനുള്ള ചില മനുഷ്യരുടെ ത്വര മൂലമാണ്‌. പക്ഷേ, അതിജീവനം സാധ്യമായാൽ, മുൻപോട്ടുകുതിക്കാനുള്ള ത്വരയെ ഉജ്ജീവിപ്പിക്കുന്ന ഒന്നും തന്നെ വിപ്ലവത്തിന്‌ പ്രദാനം ചെയ്യാൻ സാധിക്കുന്നില്ല. ആ ത്വരയ്‌ക്കു ബദലായി എന്തെങ്കിലും മുൻപോട്ടു വെയ്‌ക്കാൻ വിപ്ലവത്തിന്‌ കഴിയുകയുമില്ല. കാരണം, വിപ്ലവം എപ്പോഴും ഒരു പ്രതിപ്രവർത്തനമാണ്‌. അമേരിക്കൻ ഐക്യനാടുകളിൽ ചിലയിടങ്ങളിൽ കാണപ്പെടുന്ന ആമിഷ്‌ സമൂഹങ്ങളെ എടുക്കുക. പതിനെട്ട്‌-പത്തൊൻപത്‌ നൂറ്റാണ്ടുകളിലെ ഏതാനും ജീവിതരീതികൾ ഇപ്പോഴും തുടരുന്ന സമൂഹങ്ങൾ. ലോകത്തിലെ ഏതൊരു കമ്മ്യൂണിസ്റ്റ്‌ രാജ്യത്തേക്കാളധികം സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയിൽ ജീവിക്കുന്ന സമൂഹങ്ങളാണിവ. ആത്മീയതയും പാരമ്പര്യങ്ങളും വിശ്വാസമൂല്യങ്ങളും കൊണ്ട്‌ തീവ്രസ്വകാര്യതയ്‌ക്ക്‌ ബദൽ നിർമ്മിച്ച സമൂഹങ്ങൾ. ഇത്തരം ബദലുകൾ നൽകാൻ സാധിക്കാത്തിടത്തോളം കമ്മ്യൂണിസം ഒരു സ്വപ്നസിദ്ധാന്തം മാത്രമായി അവശേഷിക്കുമെന്നു കരുതാനേ സാധിക്കൂ. പക്ഷേ, സോഷ്യലിസത്തിന്റെ തുറന്ന സമീപനം, അതിനെ കൂടുതൽ പ്രായോഗികമാക്കുന്നു.

ഇന്ത്യയിലെ രാഷ്ര്ടീയ-സാമൂഹിക സാഹചര്യത്തിൽ, ഒരു വിചിന്തനത്തിന്‌ ഇന്ത്യയിലെ ഇടതുപക്ഷക്കാർ തയ്യാറാകണം. ഏതാനും ചോദ്യങ്ങൾ വളരെ പ്രസക്തമാണ്‌.

ഒന്ന്‌, ഒരു വിപ്ലവത്തിലൂടെയുള്ള ഭരണമാറ്റം ഇന്ത്യയിൽ പ്രായോഗികമാണോ? ഇന്ത്യയിലെ പൊതുജനാധിപത്യത്തെ അംഗീകരിക്കുന്നിടത്തോളം കാലം ഇത്‌ അപ്രായോഗികം മാത്രമല്ല, മറിച്ച്‌, അത്യന്തം അപകടകരവും ഭരണഘടനയ്‌ക്ക്‌ എതിരായിട്ടുള്ളതും കൂടിയാണ്‌. രണ്ട്‌, സ്വകാര്യസ്വത്ത്‌ വ്യക്തിയുടെ അവകാശമാണെന്ന ഇന്ത്യയിലെ സാമൂഹികകാഴ്‌ച്ചപ്പാടിനെ തച്ചുടയ്‌ക്കാൻ ഇടതുപക്ഷത്തിന്‌ ആകുമോ? അതും സാധ്യമല്ല എന്ന്‌ തീർത്തുപറയാം. അതിനു പല കാരണങ്ങളുണ്ട്‌. ഒന്ന്‌, സ്വകാര്യസ്വത്തിന്റെ ബദലിന്റെ അഭാവം. രണ്ട്‌, ഇന്ത്യയിലെ ഏറ്റവും തീവ്രമായ കമ്യൂണിസ്റ്റ്‌ മനസ്ഥിതിയുള്ള ആൾ പോലും സ്വകാര്യസ്വത്ത്‌ ഉള്ളവനും, അത്‌ വളർത്തണമെന്നുള്ള ആഗ്രഹമുള്ളവനുമാണ്‌ - അതിൽ തെറ്റെന്തെങ്കിലുമുണ്ടെന്ന്‌ ഞാൻ വിവക്ഷിക്കുന്നില്ല, കാരണം അത്‌ മനുഷ്യസഹജമാണ്‌.

സ്വകാര്യസ്വത്തും പൊതുജനാധിപത്യവും നിലനിൽക്കുന്ന സമൂഹം അടിസ്ഥാനപരമായി മുതലാളിത്തസാമ്പത്തികവ്യവസ്ഥ പിന്തുടരുന്നതായിരിക്കും. മുതലാളിത്തം എന്നത്‌ കുത്തകമുതലാളിത്തം മാത്രമല്ല. കവലയിൽ സ്വന്തം പണമിറക്കി ഒരു പീടിക തുറന്ന്‌ കച്ചവടം ചെയ്യുന്നവനും, അവന്റെ കൈയിൽനിന്ന്‌ സ്വന്തം പണം നൽകി ബീഡി വാങ്ങിക്കുന്ന ഒരു കൂലിപ്പണിക്കാരനും മുതലാളിത്തസാമ്പത്തികവ്യവസ്ഥയുടെ ഇടപാടുകളുടെ രണ്ടുവശങ്ങൾ മാത്രമാണ്‌. മുതലാളിത്തത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ നമ്മുടെ ബുദ്ധിജീവികൾ കണ്ണടച്ചുവിടുന്ന ഒരു സത്യമാണിത്‌. മുതലാളിത്തം കുടികൊള്ളുന്നത്‌ അംബാനിയുടെ ഗ്ലാസ്സ്‌ കൊട്ടാരങ്ങളിൽ മാത്രമല്ല. അതിന്റെ അടിത്തറ നമ്മുടെ സമൂഹത്തിന്റെ ജീവിതരീതിയിലാണ്‌. ജ്യോതിബസുവിന്റെ പ്രസ്താവനയെ ഈ സാഹചര്യത്തിൽ വേണം നാം മനസ്സിലാക്കാൻ. ഇന്ത്യയിലെ ഏതു കമ്മ്യൂണിസ്റ്റുകാരനേക്കാളുമധികം ഭരണത്തിലിരുന്ന - ഭരണം എപ്പോഴും ഒരു പ്രവർത്തനമാണ്‌, പ്രതിപ്രവർത്തനമല്ല- ആൾ മനസ്സിലാക്കിയ സത്യം അടച്ചാക്ഷേപിക്കാനുള്ളതാണെന്ന്‌ എനിക്കഭിപ്രായമില്ല. ഇന്ത്യയിലെ മൊത്തം സാമ്പത്തികപ്രവർത്തങ്ങളുടെ ശതമാനമെടുത്താൽ കുത്തകമുതലാളികളുടെ ഇടപാടുകൾ വളരെ തുച്ഛമാണ്‌. മിച്ചമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്‌, ഇടതുപക്ഷക്കാരുൾപ്പെടെയുള്ള സാധാരണപൊതുജനമാണ്‌. ഈ പച്ചസത്യം അംഗീകരിക്കുക മാത്രമേ ജ്യോതിബസു ചെയ്തിട്ടുള്ളൂ.

റഷ്യയിൽ ഏതാണ്ട്‌ ഒരു നൂറ്റാണ്ടിനു മുൻപ്‌ നടന്ന വിപ്ലവത്തെച്ചൊല്ലി ഊറ്റം കൊള്ളുന്നതിനുപകരം, നാം ചെയ്യേണ്ടത്‌, കമ്മ്യൂണിസത്തിന്റെ സ്വപ്നസിദ്ധാന്തങ്ങളിൽനിന്ന്‌ മാറി, സോഷ്യലിസത്തിന്റെ പ്രായോഗികവശങ്ങൾ എങ്ങനെ നടപ്പിലാക്കാം എന്നു ചിന്തിക്കുക എന്നുള്ളതാണ്‌. മുതലാളിത്തം എന്ന സാമ്പത്തികവ്യവസ്ഥയിൽത്തന്നെ, ജനനന്മ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുള്ള നയങ്ങൾ രൂപപ്പെടുത്തുക എന്നുള്ളതാണ്‌ ഇന്ത്യയിലെ ഇടതുപക്ഷക്കാരന്റെ ഇപ്പോഴത്തെ ചരിത്രപരമായ കടമ. നൂറോ ഇരുന്നൂറോ വർഷങ്ങൾക്കുശേഷം ഒരു വിപ്ലവം നടക്കുമെന്നും അതിനുവേണ്ടി നമ്മൾ ഇപ്പോഴേ പ്രവർത്തിക്കണമെന്നും പ്രസംഗിക്കുന്നത്‌ കപടതയാണ്‌. പത്തുവർഷങ്ങൾക്കുശേഷമുള്ള ലോകത്തിന്റെ ചിത്രം വരയ്‌ക്കാൻ ധൈര്യമുള്ള, കഴിവുള്ള എത്ര പേരുണ്ട്‌? ഭാവിയിലെ തലമുറകളുടേ സാമൂഹികചുറ്റുപാടുകൾ പ്രവചിക്കുകയല്ല ഇന്നത്തെ നേതാക്കളുടെ ഉത്തരവാദിത്വം.

സ്വാർത്ഥതയും വളർച്ചയോടുള്ള ത്വരയും ജീനുകളിൽ അലിഞ്ഞുചേർന്നിട്ടുള്ള മനുഷ്യരാണ്‌ നമ്മളെന്ന്‌ തിരിച്ചറിയുകയും, ഇന്ത്യയിലെ പൊതുജനാധിപത്യവ്യവസ്ഥയും മുതലാളിത്തസാമ്പത്തികരീതിയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ്‌ നമ്മളെന്ന്‌ മനസ്സിലാക്കുകയും, വ്യക്തിയുടെ ഉന്നമനവും സമൂഹത്തിന്റെ ഉന്നമനവും ഒരുമിപ്പിച്ചുകൊണ്ടുപോകാൻ കഴിയുമെന്നു മനസ്സിലാക്കുകയും, അത്തരം പ്രവർത്തനങ്ങളും നയപരിപാടികളും രൂപപ്പെടുത്തുകയാണ്‌ ചെയ്യേണ്ടതെന്നും ഇടതുപക്ഷം അംഗീകരിക്കേണ്ടിയിരിക്കുന്നു. നമ്മൾ സോഷ്യൽ ഡെമോക്രാറ്റുകളാണ്‌. അതു മനസ്സിലാക്കിയില്ലെങ്കിൽ, ഇടതുപക്ഷം എന്നും വൈരുദ്ധ്യത്തിന്റെ പ്രതീകമായിരിക്കും. ഐ.ടി. വ്യവസായത്തെ എതിർക്കുവാൻ വെബ്‌സൈറ്റ്‌ പണിയുന്നവർ. സ്വകാര്യവിദ്യാഭ്യാസത്തെ കേരളത്തിൽ എതിർത്തിട്ട്‌ മക്കളെ മറുനാട്ടിലെ സ്വകാര്യവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നവർ. കച്ചവടത്തിൽ ഉപഭോക്താവിനെ ഊറ്റിപ്പിഴിഞ്ഞിട്ട്‌ സ്വകാര്യസ്വത്തിനെതിരെ പ്രസംഗിക്കുന്നവർ. അംബാനിയുടെ പച്ചക്കറിക്കട തകർത്തിട്ട്‌ സ്വന്തം കട സ്ഥാപിക്കുന്നവർ.

ഇന്ത്യയെപ്പോലൊരു പിന്നോക്കരാജ്യത്തിൽ ഏറെ വേരോടേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി വലിയൊരു പരാജയമായതിനേക്കുറിച്ച്‌ ഇവിടുത്തെ ബുദ്ധിജീവികൾക്ക്‌ എന്താണു പറയുവാനുള്ളത്‌? മുകളിൽ സൂചിപ്പിച്ച വൈരുദ്ധ്യങ്ങൾ ഒരു കമ്മ്യൂണിസ്റ്റുകാരന്റേതുമാത്രമാണ്‌, ഒരു സോഷ്യൽ ഡെമോക്രാറ്റിന്റേതല്ല. കമ്പ്യൂട്ടർ എന്തിന്‌ എന്നല്ല നമ്മൾ ചോദിക്കേണ്ടത്‌, മറിച്ച്‌, എപ്പോൾ, എവിടെ, എങ്ങനെ എന്നാണ്‌. ഈ ബൗദ്ധികമായ തിരിച്ചറിവ്‌ ഇടതുപക്ഷം കാണിക്കുന്നതിന്റെ സൂചനയാണ്‌ ജ്യോതിബസുവിന്റെ പ്രസ്താവനയെങ്കിൽ, അതു നല്ലതുതന്നെ.

വിമലൻ എ.

പാലാരിവട്ടം. എറണാകുളം.


E-Mail: vimalanatt@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.