പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

ഗുജറാത്തിന്റെ വിധി, ഇന്ത്യയുടെയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി.എസ്‌. ബിമിനിത്‌

ഒടുവിൽ മോഡി തന്നെ ജയിച്ചു. അഞ്ചുവർഷങ്ങൾക്കു മുമ്പ്‌ ഗുജറാത്തിൽ മതേതര ഇന്ത്യയ്‌ക്ക്‌ കളങ്കം ചാർത്തിയ മനുഷ്യക്കുരുതി നടക്കുമ്പോൾ വീണ വായിക്കുകയായിരുന്നുവെന്ന്‌ പരമോന്നത നീതി പീഠം വിശേഷിപ്പിച്ച അതേ നരേന്ദ്രമോഡി പ്രവചനങ്ങളേയെല്ലാം മറികടന്ന്‌ ഗുജറാത്തിൽ ഗംഭീരവിജയം നേടിയത്‌ കോൺഗ്രസ്സും ഇടതുപക്ഷവും അടങ്ങുന്ന യു.പി.എയെ മാത്രമല്ല മോഡി പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ വരെ വെട്ടിലാക്കിയിരിക്കുകയാണ്‌. തീവ്ര വർഗ്ഗീയവാദിയെന്ന ഇമേജിനു മേൽ വികസനമെന്ന പൊൻകിരീടമണിഞ്ഞാണ്‌ മോഡി വിജയിച്ചു കയറിയത്‌.

ഇന്ത്യയ്‌ക്ക്‌ ഒരിക്കലും ഭൂഷണമല്ലാത്ത മോഡിയെന്ന ബ്രാന്റിനെ മൂന്നാം തവണയും മുഖ്യമന്ത്രിസ്ഥാനത്ത്‌ അവരോധിച്ചതിൽ മതേതര കക്ഷിയെന്ന്‌ അവകാശപ്പെടുന്ന സോണിയാ കോൺഗ്രസ്സിനുള്ള പങ്ക്‌ വളരെ വലുതാണ്‌. നെഹ്‌റു ഇന്ദിര രാജീവ്‌ അങ്ങിനെ വാലിൽ ഗാന്ധിയുള്ളവരുടെ ചിറകിനടിയിൽ കഴിയാനേ കോൺഗ്രസ്സുകാർ എന്നും പഠിച്ചിട്ടുള്ളൂ. അവർ പറയുന്നതാണ്‌ കോൺഗ്രസ്സുകാർക്ക്‌ വേദവാക്യം. ചരിത്രബോധം തൊട്ടുതീണ്ടാത്ത രാഹുൽ പറയുന്നതുപോലും തൊണ്ടതൊടാതെ വിഴുങ്ങാനുള്ള അസാമാന്യ കഴിവിനുടമകളാണ്‌ ദേശീയപ്രസ്ഥാനത്തിന്റെ പുതിയ തലമുറ. ഗുജറാത്തിൽ നടന്ന തിരഞ്ഞെടുപ്പു പ്രചരണകാലത്ത്‌ മോഡിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ച്‌ ബി.ജെ.പിയുടെ വോട്ടു വർദ്ധിപ്പിച്ചു കൊടുത്തു എന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാൻ സോണിയക്കോ മകൻ രാഹുലിനോ അവർക്കു പിന്നാലെ ഓച്‌ഛാനിച്ചു നടന്ന ഖദർധാരികൾക്കോ കഴിഞ്ഞില്ല. ഇപ്പോൾ തോൽവിയുടെ ഉത്തരവാദിത്വം പാർട്ടി സംസ്ഥാനഘടകത്തിന്റെ തലയിൽ കെട്ടിവെക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. സംസ്ഥാനത്തെ നേതൃത്വത്തെ പരസ്യമായി കുറ്റപ്പെടുത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദ്വിഗിജയ്‌ സിംഗ്‌ ആർക്കോ വേണ്ടി വീണ വായിക്കുകയാണ്‌. സ്വന്തം സംസ്ഥാനത്തിന്റെ പൾസ്‌ മനസ്സിലാക്കാനാകാത്ത അഹമ്മദ്‌ പട്ടേലിനെ എന്തിനാണ്‌ സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി വെച്ചുകൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ ന്യായമായ ചോദ്യം.

ഗുജറാത്തിൽ തിരഞ്ഞെടുപ്പിനു ചൂടു പിടിക്കുമ്പോളും ആണവകരാറിന്റെ പേരിൽ കേന്ദ്രത്തിൽ തമ്മിൽ തല്ലുകയായിരുന്നു ഇടതുപക്ഷവും കോൺഗ്രസ്സും. ദേശസ്വാതന്ത്ര്യത്തിനു മേൽ ചങ്ങലയിടുന്ന ഇത്തരമൊരു കരാറിനു പിന്നാലെ മൻമോഹൻസിംഗും സോണിയാഗാന്ധിയും പായുമ്പോൾ എൽ.കെ അദ്വാനി എന്ന പ്രമുഖ ബ്രാന്റിനെ പ്രധാനമന്ത്രിയായി ഉയർത്തിക്കാണിച്ച്‌ ബഹുദൂരം മുന്നോട്ടുപോയി ബി.ജെ.പി. മരണത്തിന്റെ വ്യാപാരി എന്ന കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയുടെ പ്രസ്താവന തന്നെ മോഡിക്ക്‌ അനുകൂലമായി മാറ്റാൻ അവർക്ക്‌ കഴിഞ്ഞു. അതുവരെ വികസനത്തിൽ മാത്രമൂന്നി പ്രചരണം നടത്തിയ മോഡി അതോടെ വർഗ്ഗീയ ചീട്ട്‌ ഇറക്കി കളിച്ചു. അപ്പോളും പറഞ്ഞതിൽ ഉറച്ചു നിൽക്കാൻ സോണിയക്കു കഴിഞ്ഞില്ല. കുത്തഴിഞ്ഞ കോൺഗ്രസ്സിന്റെ പ്രചരണത്തിനു മറുപടിയായി വികസനത്തിന്റെ കാർഡിറക്കി ബി.ജെ.പി കളിച്ചു. മോഡി ഭരണത്തിന്റെ ഉദാത്ത വികസന മാതൃകകൾ ജനങ്ങളെ പറഞ്ഞ്‌ വിശ്വസിപ്പിക്കാനും ബി.ജെ.പിക്കു കഴിഞ്ഞു. കോൺഗ്രസ്സുകാരുടെ നേതൃത്വത്തിലുള്ള രാജീവ്‌ഗാന്ധി ഫൗണ്ടേഷനാണ്‌ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി മോഡിയെ തെരഞ്ഞെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഗ്രാമാന്തരങ്ങളിൽ വികസനം അധികമൊന്നും എത്തിയില്ലെങ്കിലും നഗരങ്ങളിലും ചെറുനഗരങ്ങളിലും ലോകം ശ്രദ്ധിക്കുന്ന ഇടങ്ങളിലും വികസനത്തിന്റെ വിത്തുപാകാൻ മോഡി ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ കൃത്യമായ സ്‌ക്രിപ്‌റ്റോടുകൂടിയാണ്‌ മോഡി എന്നാൽ വികസനം എന്ന തിയറി ബി.ജെ.പി പരീക്ഷിച്ചത്‌.

ബി.ജെ.പിയും കോൺഗ്രസ്സും തമ്മിലുള്ള മത്സരമായിരുന്നില്ല ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌. മറിച്ച്‌ മോഡിയും കോൺഗ്രസ്സും അല്ലെങ്കിൽ മോഡിയും സോണിയയും തമ്മിലുള്ള മത്സരമായിരുന്നു. ബി.ജെ.പിക്കു മുകളിൽ വളർന്ന ഒരു മരമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഘട്ടത്തിൽ തന്നെ മോഡി മാറിയിരുന്നു. ബി.ജെ.പി പ്രചാരണത്തിന്റെ നിയന്ത്രണം മുഴുവൻ മോഡിയുടെ കൈകളിലായിരുന്നു. മോഡിയുടെ തന്ത്രങ്ങൾ കണ്ണുംപൂട്ടി അനുസരിക്കാനേ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു കഴിയുമായിരുന്നുള്ളൂ. മോഡിയുടെ തകർപ്പൻ വിജയാഘോഷ വേളയിൽ തന്നെ നിർവ്വികാരനായി പ്രതികരിച്ച രാജ്‌ നാഥ്‌ സിംഗിന്റെ മുഖഭാവത്തിൽ നിന്നും ബി.ജെ.പിയുടെ ഭാവി നമുക്ക്‌ വായിച്ചെടുക്കാം. പ്രവീർ തൊഗാഡിയപോലുള്ള ഹിന്ദു വർഗ്ഗീയ കൂട്ടുകളേയോ പരിവാർ പിന്തുണയോ അധികമൊന്നും തേടാതെയാണ്‌ മോഡി പ്രചാരണത്തിനിറങ്ങിയത്‌. പ്രചാരണ വേളയിൽ മോഡി എന്ന ബ്രാന്റിനെ മാത്രം ഉയർത്തിക്കാട്ടുന്നതായിരുന്നു പോസ്‌റ്ററുകളും ബാനറുകളുമൊക്കെ. മോഡിക്ക്‌ അല്പമെങ്കിലും മമതയുള്ളത്‌ എൽ.കെ അദ്വാനിയോട്‌ മാത്രമാണ്‌ എന്ന സൂചനയാണ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ നൽകുന്നത്‌.

സ്ഥാനാർത്ഥിപട്ടിക അംഗീകരിപ്പിക്കുന്നതു മുതൽ മോഡി തന്റെ തനി സ്വരൂപം കാണിച്ചു തുടങ്ങിയിരുന്നു. അതിനൊപ്പം തന്നെ ആഭ്യന്തരമായി മുറുമുറുപ്പുകളും ബി.ജെ.പിക്കകത്ത്‌ ഉയർന്നു തുടങ്ങി. കഴിഞ്ഞ അഞ്ചുവർഷം മോശം പ്രകടനം നടത്തിയ നാല്പതോളം എം.എൽ.എമാർക്ക്‌ സീറ്റ്‌ നിഷേധിച്ചത്‌ തുടക്കത്തിൽ തന്നെ മുറുമുറുപ്പുകൾക്ക്‌ ഇടനൽകി. കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും മറ്റു മന്ത്രിമാരുടെ അധികാരപരിധിയിൽ കടന്നുകയറുന്നതിന്റെ പേരിൽ ഉണ്ടായ ചേരിതിരിവിന്‌ ഇത്‌ ആക്കം കൂട്ടി.

തഴക്കം വന്നവരെ ബഹുമാനിക്കാത്തതിലുള്ള അമർഷമാണ്‌ മുൻ മുഖ്യമന്ത്രി കേശുഭായ്‌ പട്ടേൽ, സുരേഷ്‌ മേത്ത, കേന്ദ്രമന്ത്രിമാരായ കാശിറാം റാണ, വല്ലഭ്‌ ഭായ്‌ കഠാരിയ തുടങ്ങിയവരെ മോഡിക്ക്‌ എതിർചേരി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്‌. പക്ഷേ ഇപ്പോൾ നേടിയ വിജയം ബി.ജെ.പിയിൽ മോഡിയുടെ സുശക്തമായ പുതിയ പക്ഷത്തിന്‌ തുടക്കമിട്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പിനു ശേഷവും മോഡി പാർട്ടിക്കുമേൽ വളരാൻ നടത്തുന്ന ശ്രമമായി വേണം വാജ്‌പേയിയുടെ 84-​‍ാം പിറന്നാൾ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ചതിനെ നോക്കിക്കാണാൻ. ഗുജറാത്ത്‌ കലാപത്തിനു ശേഷം വാജ്‌പേയിയും മോഡിയും തമ്മിൽ അത്ര രസത്തിലല്ല എന്നത്‌ പരസ്യമായ രഹസ്യമാണ്‌. പാർട്ടിക്കു മുകളിൽ വളർന്ന്‌ പുറത്തുപൊയ കല്യാൺസിംഗ്‌, ഉമാഭാരതി, ബാബുലാൽ മറാൻഡി, മദൻലാൽ ഖുരാന തുടങ്ങിയവരുടെ പാതയിലാണോ മോഡി എന്നാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌.

കേന്ദ്ര നേതൃത്വത്തെപ്പോലും ധിക്കരിച്ചുകൊണ്ട്‌ ഇത്തരമൊരു കുത്തക മുന്നണി സ്ഥാപിക്കാനുള്ള ശ്രമം ഗുജറാത്തുപോലെയുള്ള സംസ്ഥാനത്തിന്‌ അത്ര ഭൂഷണമായിരിക്കില്ല. പ്രത്യേകിച്ചും ഗോന്ധ്ര സംഭവവും അതിനോടനുബന്ധിച്ചുണ്ടായ കലാപവും കലുഷമാക്കിയ ഗുജറാത്തിൽ.

കലാപത്തിന്റെ കരിനിഴൽ മോഡിയെ പിന്തുടരുന്നു എന്നതാണ്‌ ഗോന്ധ്രയടങ്ങുന്ന മേഖലയിൽ ബി.ജെ.പിക്ക്‌ ഏറ്റ തിരിച്ചടി വെളിപ്പെടുത്തുന്നത്‌. ഇനിയും ഇത്തരമൊരു കലാപത്തിന്‌ സാദ്ധ്യതയുണ്ടായാൽ മോഡി എങ്ങനെ പ്രതികരിക്കുമെന്നതും പ്രസക്തമാണ്‌. കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തിൽ നിന്നും അകന്ന്‌ നിന്ന്‌ ശക്തി തെളിയിച്ച മോഡി കേന്ദ്രത്തിലും പിടിമുറുക്കാൻ ശ്രമിക്കുമോ എന്നതും രാജ്‌നാഥ്‌ സിംഗ്‌ അടക്കമുള്ള കേന്ദ്ര നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്‌.

നിലവിലുള്ള രീതികളും വിശ്വാസപ്രമാണങ്ങളും മാറ്റിയേ തീരൂ എന്ന്‌ എല്ലാ പാർട്ടികളേയും പ്രത്യേകിച്ച്‌ കോൺഗ്രസ്സിനെ മനസ്സിലാക്കിക്കൊടുക്കുന്നതാണ്‌ മോഡിയുടെ വിജയം എന്നു പറയാം. തങ്ങളുടെ പരമ്പരാഗത വോട്ടു ബാങ്കുകളും ന്യൂനപക്ഷത്തേയും താൽകാലികമായി പ്രീണിപ്പിച്ച്‌ വോട്ടു തട്ടിയെടുക്കുക ആവശ്യം കഴിഞ്ഞാൽ അടുത്ത അഞ്ചുവർഷത്തേയ്‌ക്ക്‌ അവരെ തിരിഞ്ഞു നോക്കാതെയിരിക്കുക എന്ന നിലവിലുള്ള നയം തുടരുന്നവർക്ക്‌ മോഡി ഒരു പാഠമായിരിക്കും. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുകൊണ്ട്‌ വ്യക്തമായ മാനേജ്‌മെന്റ്‌ ടെക്‌നിക്കുകൾ പ്രയോഗിക്കാൻ കോൺഗ്രസ്സിനു കഴിഞ്ഞില്ലെങ്കിൽ ബംഗാളും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളിൽ സംഭവിച്ചത്‌ ഗുജറാത്തിലും തുടരും.

രാഷ്ര്ടീയ വിഗ്രഹങ്ങളോടുള്ള ആരാധന ഇന്ത്യയിൽ കോൺഗ്രസ്സിനു മാത്രമേ ഉള്ളൂ. രാജീവ്‌ഗാന്ധിയുടെ ഭാര്യയെന്നും ഇന്ദിരാഗാന്ധിയുടെയും നെഹ്‌റുവിന്റെ തന്നെ പിൻമുറക്കാരിയെന്നുമുള്ള ഇമേജിൽ ഇന്ത്യയിലെവിടെയും നിന്ന്‌ കോൺഗ്രസ്സിന്‌ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന മിഥ്യാ ധാരണ സോണിയ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ഗുണപാഠവും ഗുജറാത്ത്‌ നൽകുന്നുണ്ട്‌. ഗുജറാത്തിൽ മോഡിക്കൊപ്പം എൽ.കെ അദ്വാനി എന്ന തഴക്കമുള്ള നേതാവിനെ ബി.ജെ.പി ഇറക്കിയപ്പോൾ പകരം കോൺഗ്രസ്സിന്‌ പ്രത്യേകിച്ച്‌ എടുത്തുപറയത്തക്ക നേതാക്കളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയെ എന്നത്തെയുംപോലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം മാഡം തീരുമാനിക്കും എന്നതായിരുന്നു നയം. എൽ.കെ അദ്വാനിയെ ചെറുക്കാൻ ഗുജറാത്തിലുണ്ടായിരുന്നത്‌ രാഹുൽഗാന്ധി മാത്രമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ആരാധകരുടെ സദസ്സിനു മുന്നിൽ പൊള്ളയായ വാക്യങ്ങൾ ഉരുവിടുക എന്നതല്ലാതെ രാഹുലിന്‌ കൂടുതലായി ഒന്നും ചെയ്യാനുമുണ്ടായില്ല. ഇതേ അവസ്ഥ തന്നെയായിരിക്കും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംഭവിക്കാൻ പോകുന്നത്‌ എന്ന ദുഃഖസത്യവും കോൺഗ്രസ്സ്‌ മനസ്സിലാക്കിയാൽ നന്ന്‌.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പിൽ രണ്ടുതവണ ആന്റി ഇൻക്യുംബൻസ്‌ ഫാക്ടർ മറികടന്ന്‌ മൂന്നാംതവണ മുഖ്യമന്ത്രിയായി ചരിത്രത്തിലേക്ക്‌ നടന്ന നരേന്ദ്രമോഡിയുടെ വിജയം കേന്ദ്രത്തിൽ കാരാട്ടു നയിക്കുന്ന ഇടതുപക്ഷത്തെ കൂടുതൽ ശക്തമാക്കും. മൻമോഹൻ സിംഗ്‌ ആണവകരാറുമായി മുന്നോട്ടുപോകുന്നതടക്കമുള്ള വികസന നയത്തെ വരെ അത്‌ ബാധിച്ചേക്കും. പഴയതുപോലെ ശാഠ്യം പിടിച്ച്‌ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാമെന്ന്‌ വിളിച്ചുകൂവാൻ ഇനി കോൺഗ്രസ്സിന്‌ കഴിഞ്ഞെന്നുവരില്ല. ഒപ്പം നല്ല കുട്ടികളായി യു.പി.എയെ നയിക്കാൻ സോണിയയും ഇടതുകക്ഷികളും തയ്യാറാകണമെന്ന പാഠവും ഗുജറാത്ത്‌ നൽകുന്നു. സി.പി.എമ്മിന്റെ ജന്മശത്രുക്കളെ തുടച്ചു നീക്കണമെങ്കിൽ അവർക്ക്‌ കോൺഗ്രസ്സിനോടൊപ്പം ശക്തിയായി മുന്നോട്ടു നീങ്ങിയാലേ കഴിയൂ എന്നും അവർ ചിന്തിക്കേണ്ടതുണ്ട്‌. ഇടക്കിടയ്‌ക്ക്‌ നിറം മാറുന്ന കക്ഷികളെ കൂട്ടി മൂന്നാം മുന്നണി രൂപീകരിക്കാനിറങ്ങിയവർക്കും ശക്തമായ താക്കീതാണ്‌ മോഡിയുടെ വിജയം.

ബി.എസ്‌. ബിമിനിത്‌


E-Mail: biminith@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.