പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

ഔസേപ്പച്ചന്റെ ക്രൂരകൃത്യങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി ഷൈബിൻ

“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവർ

നിങ്ങളുടെ ദാസനാകട്ടെ” - ബൈബിൾ

ഔസേപ്പച്ചൻ ചിലപ്പോൾ അങ്ങനെയാണ്‌. തീരുമാനമെല്ലാം ഒറ്റക്കെടുത്തു കളയും. നല്ലപാതി ശാന്തമ്മയോടുപോലും ചോദിക്കില്ല. ആരെങ്കിലും മറുത്ത്‌ പറഞ്ഞാൽ “ഞാൻ വെറുമൊരു പാമരനാം പാട്ടുകാര”...നെന്നു തിരുത്തി ചോദ്യകർത്താവിനെ ഇരുത്തും. സഹികെട്ടാണ്‌ പി.സി ജോർജ്‌ ‘സെക്യുലറെ’ന്ന മഹാപ്രസ്ഥാനം ഉണ്ടാക്കി പ്രതിഷേധിച്ചത്‌.

തോംബ്രോട്ടെ ഉതുപ്പ്‌ കുര്യാക്കോസെന്ന കുരുവിളക്കു പകരമാരെന്ന വട്ടമേശ ചർച്ചകൾ മുറുകിയപ്പോൾ, പുറത്ത്‌ ക്യാമറക്കണ്ണുകൾ ഇമ ചിമ്മാതിരുന്നപ്പോളാണ്‌ ഏവരേയും അത്ഭുതപ്പെടുത്തി ഔസേപ്പച്ചൻ വാ തുറന്നത്‌. മന്ത്രി ആരെന്ന്‌ പതിനഞ്ചു നാൾ കഴിഞ്ഞ്‌ അറിഞ്ഞാൽ മതി! നിരാശയോടെ പപ്പരാസി പരിഷകൾ പൊടിതട്ടി മുറുമുറുത്ത്‌ എഴുന്നേറ്റുപോകുന്നത്‌ കണ്ടപ്പോൾ ഔസേപ്പച്ചൻ വീണ്ടും പാടി. “എന്തെന്തു മോഹങ്ങളായിരുന്നു; എത്ര കിനാവുകളായിരുന്നു...”

ആദിയിൽ വചനമുണ്ടായി. ആ വചനം ഗാനമായെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഔസേപ്പച്ചൻ. എല്ലാം ഒരു മൂളിപ്പാട്ടിന്റെ ലാഘവത്തോടെ മാത്രമേ കാണുകയുള്ളൂ. നോഹയുടെ പെട്ടകം പോലുള്ള ‘കേരളവിലാസത്തെ’ (കേരള കോൺഗ്രസ്‌ എന്ന്‌ തിരഞ്ഞെടുപ്പ്‌ രേഖ) അജീബാ ജന്മത്തെ നയിച്ചും പിളർത്തിയും പിളരും തോറും വളർത്തിയും കുറേ കാലമായി പി.ജെ ജോസഫ്‌ കച്ചേരി തുടങ്ങിയിട്ട്‌. വല്ല കഷ്ടകാലത്തിനും മോൻസ്‌ ജോസഫിന്‌ മന്ത്രിപ്പദവി നൽകിയാൽ ശേഷം അചിന്ത്യം. എറിയാനറിയുന്നവന്‌ വടി കൊടുക്കരുതെന്ന്‌ വിവക്ഷ. ഇളം പ്രായമാണ്‌; ചോരത്തിളപ്പാണ്‌. ‘അന്തോണീ നീയും അച്ഛനായോടാ’ എന്ന്‌ അതിശയോക്തി കൂറുന്ന ഇടവകക്കാരു തന്നെ മോനുവിനെ നാളെ തലയിലേറ്റി നടക്കും. റബ്ബറിന്റെ വില പോലെയാണ്‌ പയ്യന്റെ സ്വഭാവം.

പണ്ട്‌, വളരെ പണ്ട്‌ മാണി സാറിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കപ്പെട്ടപ്പോൾ യൂത്തനായ തന്നെയാണ്‌ അദ്ദേഹം മന്ത്രിയാക്കിയത്‌. അക്കഥ ഔസേപ്പച്ചൻ നന്ദിയോടെയാണ്‌ ഓർക്കുന്നത്‌. 78ൽ പാലായുടെ കുഞ്ഞുമാണി സുപ്രീം കോടതിയിലൂടെ തിരിച്ചെത്തിയത്‌ നാം അറിഞ്ഞത്‌ ഔസേപ്പച്ചന്റെ രാജി വാർത്തക്കൊപ്പമാണ്‌. അത്ര ആത്മാർത്ഥത. കസേരയിൽ അള്ളിപ്പിടിച്ചിരിക്കാതെ ഒഴിഞ്ഞു കൊടുത്തു. പക്ഷെ, തന്നെ പോലല്ലല്ലോ തന്റെ കൂടെയുള്ളവർ!

അപ്പോൾ നിങ്ങൾ ചോദിക്കും, കോഴികൂവും മുമ്പ്‌ മാണി സാറിനെ തള്ളിപ്പറഞ്ഞ ഔസേപ്പച്ചൻ ഇടത്തോട്ട്‌ പോയത്‌ എന്തിനെന്ന്‌. നാൽപ്പത്‌ വെള്ളിക്കാശിനെന്നാണ്‌ ധരിച്ചുവെച്ചതെങ്കിൽ തെറ്റി. അയൽക്കാരനെ നേർവഴിക്ക്‌ നയിക്കാൻ നല്ല കുഞ്ഞാടാകാനായിരുന്നു അരുളപ്പാട്‌.

ദൈവഹിതം നടപ്പാക്കുന്നതിനിടെ മുന്നണിയിൽ എന്തെല്ലാം അഗ്നിപരീക്ഷണങ്ങൾ നേരിട്ടു. പള്ളിയേയും പാട്ടക്കാരെയും തള്ളിപ്പറയണമെന്നായി നമ്പൂതിരിപ്പാടിന്റെ ആദ്യത്തെ ആജ്ഞ. ചന്ദനം ചാരിയാൽ ചാണകം മണക്കില്ലല്ലോ. അച്ചായനെ ചുമന്ന്‌ പതിയെ ഇടതരും വലത്തോട്ടു വന്നു. സാക്ഷാൽ ഇ.എം.എസിന്റെ ഭാഷ കടമെടുത്താൽ വിമോചന സമരകാലത്ത്‌ ഒരു ‘അമേരിക്കൻ മൂടുതാങ്ങി’ ഉണ്ടായിരുന്നു. കേരളക്കരയിൽ പള്ളിക്കാരോടും പട്ടക്കാരോടുമൊപ്പം 57ലെ തന്റെ സർക്കാരിനെതിരെ സമരംചെയ്ത കെ.എം ജോർജിനെയാണ്‌ അങ്ങനെ വിളിച്ചത്‌. ആ ജോർജിന്റെ പൊന്നുമകൻ ഫ്രാൻസിസിനെ ഇടുക്കിയിൽ നിർത്തി ഇടതന്മാർ ലോക്‌സഭയിലേക്കയച്ചു. പ്ലസ്‌ ടു കച്ചവടത്തിലെ ലാഭം എല്ലാവർക്കും വീതിച്ചു നൽകി. മാണിയുടെ കൈപിടിച്ച്‌ പിച്ചവെച്ച്‌ ഭാരതീയ ജനതാ പാട്ടിയുടെ പാളയത്തിലൂടെ ഇടതിലെത്തിയ പി.ടി ചാക്കോയുടെ മകൻ തോമസുകുട്ടിയെയും വിപ്ലവകാരികൾ ചുമന്നു.

ഇതിനിടെ 2001ൽ ഔസേപ്പച്ചന്‌ തൊടുപുഴയിൽ ഒന്നു കാലിടറി, ഡോ. കെ.സി ജോസഫിന്റെ പേരിലായി പിന്നെ അഞ്ചുവർഷം നിയമസഭയിൽ പാർട്ടി അറിയപ്പെട്ടത്‌. 2006ൽ ശരപ്രതിശതം ശക്തിയോടെയാണ്‌ തിരിച്ചെത്തിയത്‌. പക്ഷെ ഓണക്കാലത്ത്‌ ഒരു തല എന്ന കണക്കിൽ ഗ്രഹപ്പിഴ മുറതെറ്റാതെ പിന്തുടർന്നു നാല്‌ എം.എൽ.എമാരേ സ്‌റ്റോക്കുള്ളൂ. അഞ്ച്‌ ഓണം തികയ്‌ക്കില്ലെന്ന്‌ സാരം.

മല്ലീശരന്റെ അമ്പുപോലെ ആരോപണങ്ങൾ പൊന്തിവന്നത്‌ ബഹിശ്ചര പ്രാണനായിരുന്ന പി.സി ജോർജിൽ നിന്നാണ്‌. എടുത്തപ്പോൾ ഒന്ന്‌ തൊടുത്തപ്പോൾ നൂറ്‌ കൊണ്ടപ്പോൾ ഒരു കോടി എന്നപോലെ ഒന്നിനു പിറകെ ഒന്ന്‌. ലക്ഷ്മി ഗോപകുമാറും ബി. സന്ധ്യയും ചേർന്ന്‌ ഔസേപ്പച്ചനെ വസ്ര്താക്ഷേപം ചെയ്തു. പെൺവാണിഭക്കാർക്കെതിരെ അവതാര പുരുഷനായ വി.എസ്‌ അവസരോചിതനായി. വാനത്തിൽ മാനം പോയത്‌ ഒരു മുത്തശ്ശിക്കത്രേ!

ഒരു മാസത്തെ നീണ്ട ആലോചനയ്‌ക്കുശേഷം ഔസേപ്പച്ചൻ രാജി നൽകി. കുരുവിളയെ വാഴിച്ചു. തനിക്കു പുറകെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും താൻ യോഗ്യനല്ലെന്ന്‌ അന്ന്‌ അച്ചായൻ പറഞ്ഞതിന്റെ അർഥം ഇപ്പോഴാണ്‌ നാം തിരിച്ചറിഞ്ഞത്‌. ഔസേപ്പച്ചനെ കുര്യാക്കോസ്‌ കടത്തിവെട്ടി.

പൂർവജന്മത്തിലെ ശത്രുക്കളാണ്‌ ഈ ജന്മത്തിൽ മക്കളായി പിറക്കുന്നതെന്ന്‌ നിരീക്ഷിച്ചവന്‌ സ്തുതി. സോജാ രാജകുമാരി പാടി രാജകുമാരി വില്ലേജിൽ മകൻ എൽദോ നടത്തിയ കലാപരിപാടി കുരുവായി വളർന്നു. മക്കൾ കൊല ചെയ്താൽ പിതാവിനെ തൂക്കിലേറ്റാത്ത ഇന്ത്യാ രാജ്യത്ത്‌, മകന്റെ പേരിൽ ഒരച്ഛൻ ബലിയാടായി!

ഇടവിളയായി ഇറക്കിയ കൃഷിയുടെ കൂമ്പു പോയപ്പോൾ ഔസേപ്പച്ചൻ നെഞ്ചുപൊട്ടി പാടി, പിരാകി. ആ ശാപത്തിൽ പി.സി ജോർജിന്‌ സ്ഥാനഹാനിയുണ്ടായി. ഇനി ആരെല്ലാം യൂദാസാകുമെന്ന്‌ അച്ചായന്‌ നിശ്ചയമില്ല. സുരേന്ദ്രൻപിള്ളയെയും മോൻസിനെയും നമ്പാമെങ്കിൽ പി.സി ജോർജിനെയും വിശ്വസിക്കാം. തോമസുകുട്ടി ഏതു നേരവും പഴയ ഐ.എഫ്‌.ഡി.പിക്കാരനായി രൂപാന്തരപ്പെടും. ഫ്രാൻസിസ്‌ കുട്ടിക്കാണെങ്കിൽ കളി നല്ല വശമില്ല.

1978ൽ ടി.എസ്‌ ജോണിനെ മന്ത്രിയാക്കി മാണിയുടെ കേരളാ കോൺഗ്രസിനെ പിളർത്തിയാണ്‌ കലാവിരുത്‌ തുടങ്ങിയത്‌. നിർത്താൻ എന്തായാലും മനസ്സില്ല. സംഗീതതുന്തിലമായ മനസ്സിൽ കളങ്കമില്ല. അതിനാലാണ്‌ മന്ത്രിപ്പണിയിലേക്ക്‌ തിരിച്ചുപോകാൻ ആലോചിക്കുന്നത്‌. അന്യന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാനേ അറിയൂ. അതിനാലാണ്‌ കേരള കോൺഗ്രസിന്റെ വിശാല ഐക്യത്തെ കുറിച്ച്‌ ഇടയ്‌ക്കിടെ ഓർക്കുന്നതും.

തനിക്കുശേഷം പ്രളയം എന്ന്‌ ഔസേപ്പച്ചൻ പ്രഖ്യാപിക്കാത്ത കാലത്തോളം എവിടെയും ഇരിപ്പിടം കിട്ടാം. അല്ലെങ്കിൽ ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ മലയാളക്കരയിൽ പാടിപ്പാടി നടക്കാം.

ടി ഷൈബിൻ


E-Mail: shybinnanminda@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.