പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

കരുണാകരൻ അഥവാ കറിവേപ്പില

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി.എസ്‌. ബിമിനിത്‌

കറിവേപ്പിലയാണെങ്കിൽ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. താനുൾപ്പടെയുള്ള നേതാക്കൾ ഉയിരുകൊടുത്ത്‌ വളർത്തിയ കോൺഗ്രസ്സ്‌ എന്ന മഹാപ്രസ്ഥാനത്തിൽ കരുണാകരന്റെ അവസാനനാളുകൾ അങ്ങനെയായിരുന്നു. ഒടുവിൽ നാണംകെട്ടു പുറത്തുപോകേണ്ടിവരുമെന്നായപ്പോൾ സ്വന്തം പാർട്ടിയുണ്ടാക്കി സ്വയം പുറത്തുചാടി. ഇടതിനും വലതിനും വേണ്ടാതെ ഒരു കവറിവേപ്പിലയുടെ വിലപോലുമില്ലാതെ വന്നപ്പോൾ ഒടുവിൽ തള്ളിപ്പറഞ്ഞ മദാമ്മഗാന്ധിയുടെ കടാക്ഷത്തിനായി ന്യൂഡൽഹിയിൽ കെട്ടിക്കിടക്കേണ്ട ഗതികേടിലാണ്‌ രാഷ്ര്ടീയ ഭീഷ്മാചാര്യൻ.

ഒന്നേയുള്ളൂവെങ്കിൽ ഉലക്കക്കടിച്ച്‌ വളർത്താം രണ്ടായാലോ? രണ്ടിനേം തല്ലി വളർത്തിയില്ല എന്നതു മാത്രമല്ല, ഇരു തോളിലും എടുത്തുവച്ച്‌ താലോലിച്ച്‌ വഷളാക്കിയതാണ്‌ കരുണാകരന്‌ പറ്റിയ തെറ്റ്‌. സേവാദൾ ചെയർമാൻ, കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌, മന്ത്രി - വെറും കിങ്ങിണിക്കുട്ടനായി കേരള രാഷ്ര്ടീയത്തിൽ പ്രവേശിച്ച മകൻ മുരളീധരന്റെ വളർച്ച പെട്ടെന്നായിരുന്നു. വളർന്നുവളർന്ന്‌ അച്ഛന്റെ തലക്കു മുകളിൽ വരെ. എവിടെയും നിന്നു പൊറുക്കാൻ പറ്റാതെ ഒടുവിൽ പഴയസഹയാത്രികൻ ശരദ്‌പവാറിനൊപ്പം എൻ.സി.പിയിൽ ചേക്കേറി അച്ഛനും മകനും. കേരളത്തിൽ ഏറ്റവും ചെറിയ കേരളാ കോൺഗ്രസിനുള്ള വിലപോലും കേന്ദ്രത്തിൽ പവാറിന്റെ പാർട്ടിക്കില്ല എന്ന്‌ കരുണാകരന്‌ നന്നായി അറിയാം. ഇന്ത്യൻ രാഷ്ര്ടീയത്തിൽ ഒരു കാലത്ത്‌ കിംഗ്‌ മേക്കറായ കരുണാകരനെയാണോ മുരളി രാഷ്ര്ടീയക്കളികൾ പഠിപ്പിക്കുന്നത്‌. ഉമ്മൻചാണ്ടിയും, ആന്റണിയും, രമേശും എന്തിന്‌ മൻമോഹൻ സിംഗുപോലും കോൺഗ്രസ്സല്ല, കോൺഗ്രസ്സുകാരനായി ജീവിച്ച താൻ കോൺഗ്രസ്സുകാരനായി തന്നെ മരിക്കുമെന്ന്‌ കരുണാകരൻ ഇടക്കിടെ വീമ്പ്‌ പറയാറുള്ളതാണ്‌. അതുകൊണ്ടാണ്‌ അവസാനകാലത്തെങ്കിലും കോൺഗ്രസ്സിലേക്ക്‌ മടങ്ങിവരാനുള്ള ആഗ്രഹം കരുണാകരൻ പ്രകടിപ്പിച്ചത്‌.

കറിവേപ്പിലയായാലും കരുണാകരനായതുകൊണ്ട്‌ വേണമെങ്കിൽ മടങ്ങിവരാമെന്ന്‌ തന്നോട്‌ ഇപ്പോഴും കൂറുകാണിക്കുന്ന ചിലർ നേരത്തേ ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവിച്ചതാണ്‌. സോണിയാഗാന്ധിയെ അംഗീകരിക്കുന്ന ആർക്കും കോൺഗ്രസ്സിലേക്ക്‌ മടങ്ങിവരാമെന്ന്‌ ശിഷ്യൻ രമേശ്‌ ചെന്നിത്തലയും എന്തിന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ വരെ പലവട്ടം പറഞ്ഞു. അതിന്‌ അന്നും ഇന്നും വിഘാതമായത്‌ മകൻ മുരളീധരനാണ്‌. കെ.പി.സി.സി പ്രസിഡന്റും പേരിനാണെങ്കിൽ പോലും ഒരു മന്ത്രിയുമായ ആളല്ലേ കോൺഗ്രസ്സിൽ തിരിച്ചുവന്നാൽ ആ പഴയ സ്ഥാനം പോയിട്ട്‌ പ്രവർത്തകസമിതിയിൽ പോലും കേറ്റില്ലെന്ന്‌ മുരളിക്ക്‌ നന്നായിട്ടറിയാം. രാഷ്ര്ടീയ വനവാസം വേണ്ടിവന്നാലും കോൺഗ്രസ്സിലേക്കില്ലെന്ന്‌ മുരളി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ തങ്ങളെ വിട്ട്‌ പോയ പഴയ ഗുണ്ടയായ ശങ്കരനും കൊട്ടാരം നർത്തകിയായിരുന്ന ശോഭനക്കുപോലും കോൺഗ്രസ്സിൽ ഇനിയുമൊന്നുമാവാൻ കഴിഞ്ഞിട്ടില്ല, പിന്നയല്ലേ മുരളി. മുരളീധരന്റെ ഭീഷണിക്കു വഴങ്ങുന്ന പണി നിർത്തിയെന്ന്‌ നേരിട്ടല്ലെങ്കിലും പലവട്ടം പറഞ്ഞുകഴിഞ്ഞു കരുണാകരൻ. മകൻ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അതിശയമുള്ളൂ. പിന്നിൽ നിന്ന്‌ ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത്‌ പണ്ട്‌ ആലുവയിൽ കരുണാകരനെതിരെ യോഗം കൂടിയതിന്‌ തല്ലുവാങ്ങിച്ച എം.പി ഗംഗാധരനല്ലേ. പീതാംബരക്കുറുപ്പും കരുണാകരനും കൂട്ടരും പിന്നെ മുരളിയും ഗംഗാധരനും കൂട്ടരും എന്നിങ്ങനെ പ്രകടമായി ചേരിതിരിഞ്ഞ്‌ ഐ ഗ്രൂപ്പിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആക്രമണവും തുടങ്ങിക്കഴിഞ്ഞു.

പക്ഷേ കരുണാകരൻ രണ്ടും കല്പിച്ചുള്ള പുറപ്പാടാണ്‌. സോണിയയെ അംഗീകരിക്കുന്നു എന്നു പലവട്ടം പറഞ്ഞ്‌ ആണയിട്ടു കഴിഞ്ഞു അദ്ദേഹം. മദാമ്മയെന്നു വിളിച്ച്‌ അവരെ അപമാനിക്കാനിയിരുന്നില്ലത്രേ. അതിലവർക്ക്‌ വിഷമമുണ്ടെങ്കിൽ അതൊഴിവാക്കാമെന്ന്‌ തോന്നിയിട്ടുണ്ട്‌. കരുണാകരൻ കുംബസരിക്കുന്നു. കരുണാകരൻ എത്രത്തോളം താഴാമോ അതിലും താഴെയാണ്‌ അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്‌.

ഗാന്ധി കുടുംബത്തോട്‌ കരുണാകരനുള്ള ഭയഭക്തി ബഹുമാനത്തേക്കുറിച്ച്‌ ഇപ്പറഞ്ഞ പൈപ്പ്‌ ഗംഗാധരൻ പോലും മറുത്തുപറയുമെന്ന്‌ തോന്നുന്നില്ല. ഗാന്ധികുടുംബത്തിൽ ഒരു മദാമ്മ നുഴഞ്ഞുകയറിയതിലല്ല കരുണാകരന്‌ വിഷമം. അവർ കോൺഗ്രസ്സിനെ നയിക്കാൻ തുടങ്ങിയപ്പോൾ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നതുമാണ്‌. എല്ലാം താനടക്കമുള്ളവർ വളർത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടു കാണിച്ചാൽ അതു ഗുരുവായൂരപ്പനാണെങ്കിൽ പോലും കരുണാകരൻ ക്ഷമിക്കില്ല. മകൾ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച്‌ ന്യൂഡൽഹിയിൽ വച്ചു നടത്തിയ ചടങ്ങിൽ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച്‌ കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകളഞ്ഞു. അതുമാത്രമോ പിന്നീട്‌ കേരളത്തിൽ രണ്ടുതവണയെത്തിയപ്പോഴും കരുണാകരൻ എന്ന ഒരു സീനിയർ കോൺഗ്രസ്സ്‌ നേതാവ്‌ ജനിച്ചുവളർന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോൺഗ്രസ്സുകാരോ കാണിച്ചില്ല. എ.ഐ.സി.സി സമ്മേളനത്തിൽ കസേരപോലും നൽകാൻ കേന്ദ്രനേതൃത്വം കൂട്ടാക്കിയില്ല. ഇന്ദിരക്കും സ്വന്തം ഭർത്താവ്‌ രാജീവിനുമൊപ്പം നിന്ന്‌ അവരുടെ സ്വന്തക്കാരനായി വിരാജിച്ച തന്നെ ഒരു ഗാന്ധിയുടെ ഭാര്യയായ സോണിയ മൈന്റ്‌ ചെയ്യാതിരുന്നതിലാണ്‌ കരുണാകരന്‌ വിഷമം.

എല്ലാം മകൻ കിങ്ങിണിക്കുട്ടൻ വരുത്തിവച്ച വിനയാണ്‌. എ.കെ ആന്റണിയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരത്തിലേറുമ്പോൾ നീക്കുപോക്കുകളുടെ ബലത്തിൽ മുരളീധരൻ കെ.പി.സി.സി പ്രസിഡന്റായി. കിങ്ങിണിക്കുട്ടനിൽ നിന്നും തന്ത്രശാലിയായ ഒരു രാഷ്ര്ടീയനേതാവിലേക്കുള്ള ദൂരം അത്ര വലുതല്ല എന്ന്‌ മുരളി തെളിയിച്ചു. അടുത്ത മുഖ്യമന്ത്രിയായി വരെ മുരളിയെ വാഴ്‌ത്തപ്പെട്ടു. അന്ന്‌ കേരളത്തിൽ ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും ഐ ഗ്രൂപ്പ്‌ എന്നു പറയുന്ന ഒരു സാധനം ഉണ്ടായിരുന്നു. കടവൂർ ശിവദാസനും പി. ശങ്കരനുമടക്കമുള്ള വിശ്വസ്തരെല്ലാം മന്ത്രിമാർ. മുരളിയെ ഭാവി മുഖ്യമന്ത്രിയാക്കുകയെന്ന കണക്കൂകൂട്ടലിൽ കരുണാകരനിലെ കൗശലശാലി ഉണർന്നുപ്രവർത്തിച്ചു തുടങ്ങി. ഗ്രൂപ്പുകൾ തമ്മിൽ തുടങ്ങിയ പോര്‌ പക്ഷെ എത്തിനിന്നത്‌ സ്വന്തം ഗ്രൂപ്പിനകത്തെ പോരിലാണ്‌. വിശ്വസ്തനായ കെ.വി തോമസ്‌ കാലുമാറി. ചിലപ്പോൾ മകൻ മുരളീധരൻ വരെ അച്ഛനെതിരെ പരസ്യമായി രംഗത്തുവന്നു. ആന്റണിയുടെ ഭരണവും കരുണാകരന്റെ നാവിന്‌ വ്യായാമം നൽകുക എന്ന സദുദ്ദേശത്തോടുകൂടിയുള്ളതായിരുന്നു.

രാജ്യസഭാ സീറ്റിനെ ചൊല്ലിയായിരുന്നു പിന്നെത്തെ തർക്കം. എന്തുവന്നാലും ഐ ഗ്രൂപ്പിന്‌ കൊടുക്കില്ലെന്ന്‌ മറ്റുള്ളവർ. കാസർക്കോടുനിന്നും മീശ കറുപ്പിച്ച കോടോത്ത്‌ ഗോവിന്ദൻ എന്നൊരു നായരെ ഇറക്കുമതി ചെയ്ത്‌ കരുണാകരൻ റിബൽ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചു. എപ്പോൾ തോറ്റെന്നു ചോദിച്ചാൽ മതി. ഐ ഗ്രൂപ്പെന്നാൽ അച്ഛനും മകനും നാലഞ്ചു ശിങ്കിടികളുമാണെന്ന്‌ തെളിയിച്ചുകൊടുത്തു ആ തിരഞ്ഞെടുപ്പ്‌. തൊട്ടുപിന്നാലെ വന്ന എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായ സെബാസ്‌റ്റ്യൻപോളിന്‌ കൂറുപ്രഖ്യാപിച്ച്‌ പരസ്യമായി കോൺഗ്രസ്സ്‌ നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പുകാർ രംഗത്തുവന്നു. മകനെയും മകളെയും വച്ചുള്ള ഒരച്ഛന്റെ നാണം കെട്ട രാഷ്ര്ടീയ കളിയായി മാറി എറണാകുളം ഉപതിരഞ്ഞെടുപ്പ്‌.

ഔദ്യോഗിക കോൺഗ്രസ്സ്‌ എന്നും കരുണാകരൻ കോൺഗ്രസ്സ്‌ എന്നുമൊക്കെയുള്ള വേർതിരിവുകൾ അപ്പോളേക്കും ശക്തമായിരുന്നു. പോരുമൂത്ത്‌ സ്വന്തമായി പാർട്ടി രൂപീകരിക്കാൻ കരുണാകരൻ തീരുമാനിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ ചേർന്ന പുതിയ പാർട്ടിയുടെ പ്രഖ്യാപന സമ്മേളനത്തെ പാരവെച്ചത്‌ മുരളീധരൻ തന്നെയാണ്‌. അച്ഛന്റെയല്ലേ മോൻ. ആന്റണി മന്ത്രിസ്ഥാനം വച്ചുനീട്ടിയാൽ പോകാതിരിക്കുമോ? ആ സമ്മേളനത്തോടെ എട്ടുപേർ ചോർന്നുപോയി. അതോടെ കരുണാകരഗ്രൂപ്പിന്റെ അംഗബലം രണ്ടു മന്ത്രിമാരടക്കം പതിനാറുപേർ എന്നായി.

കരുണാകരന്റെയും മക്കളുടെയും അധോഗതി തുടങ്ങിയത്‌ മുരളിക്കുവേണ്ടി നടത്തിയ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും ഒപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുമായിരുന്നു. മുരളി മാത്രമല്ല മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക്‌ മത്സരിച്ച പത്മജയടക്കം എല്ലാ യു.ഡി.എഫുകാരും തോറ്റു. ഈ തിരഞ്ഞെടുപ്പോടെയാണ്‌ ഡി.ഐ.സി എന്ന ഒരു പുതിയ പാർട്ടി രൂപീകരിക്കേണ്ടത്‌ കരുണാകരന്റെയും മക്കളുടേയും നിലനിൽപ്പിന്‌ ആവശ്യമായി തീർന്നത്‌. അങ്ങനെ ഒരു തൊഴിലാളിദിനത്തിൽ തൃശൂരിൽ ഡി.ഐ.സി എന്ന കരു-മുരു കോൺഗ്രസ്‌ പിറന്നു. അപ്പോഴേക്കും കരുണാകരന്റെ പാർട്ടിബലം 9 എം.എൽ.എമാരായി ചുരുങ്ങിയിരുന്നു. എന്നിട്ടും എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, ടൈം ബോംബ്‌, എ.കെ 47... തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബദ്ധവൈരികളായിരുന്ന ഇടതുപക്ഷത്തിനൊപ്പം നിന്നു മത്സരിച്ചു. തിരുവനന്തപുരത്ത്‌ ഉപതെരഞ്ഞെടുപ്പിൽ പന്ന്യനു വേണ്ടി വോട്ടുപിടിച്ചു. കരുണാകരൻ എന്ന രാഷ്‌ട്രീയക്കാരൻ എത്രത്തോളം അധപ്പതിക്കാമോ അതൊക്കെ ചെയ്തു. എന്നിട്ടും ആ നന്ദി ഇടതുമുന്നണിക്കാർ കാണിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത്‌ വെളിയത്തിന്റെയും ചന്ദ്രചൂഡന്റെയുമൊക്കെ രൂപത്തിൽ അനിവാര്യമായത്‌ സംഭവിച്ചു. കരുണാകരൻ പടിക്കു പുറത്ത്‌. അപാരതൊലിക്കട്ടിയുള്ള കരുണാകരനും മുരളീധരനും യു.ഡി.എഫിനൊപ്പം പറ്റിപ്പിടിച്ചു മത്സരിച്ചു. ഫലം നട്ടെല്ലുണ്ടെന്ന്‌ അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തിൽ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. ഡി.ഐ.സിയുടെ ഒരു തോമസ്‌ ചാണ്ടി മാത്രം തന്റേതല്ലാത്ത കാരണത്താൽ കുട്ടനാട്ടിൽ ജയിച്ചു. പത്മജയുടെ ലിപ്‌സ്‌റ്റിക്കിട്ട്‌ ചുവപ്പിച്ച ചുണ്ടുകൾ ഒരു ചാനലിനും വേണ്ടാതായി. ഇന്ദിരാ കോൺഗ്രസ്സിന്‌ രാശി പോരെന്ന്‌ കരുണാകരൻ മനസ്സിലാക്കി.

ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ നടക്കും. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാപനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരൻപോലും അറിഞ്ഞില്ല. പെട്ടെന്നാണ്‌ സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിൻതുമ്പത്തുനിന്ന്‌ അടർന്നുവീണത്‌. ഇതുവരെ അവശിഷ്ട കോൺഗ്രസ്സെന്നും ഉമ്മൻ കോൺഗ്രസ്സെന്നും അലൂമിനിയം കോൺഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരൻ ഓസിയെന്നു താൻ ഓമനപ്പേരിട്ടു വിളിക്കുന്നത്‌ ഒറിജിനൽ കോൺഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോൺഗ്രസ്സ്‌ എന്ന ഒരു സാധനം ഭൂലോകത്ത്‌ ഉണ്ടെന്ന്‌ സമ്മതിച്ചു ലീഡർ. ഇത്രയും കാലം പറ്റിയ അപകടങ്ങൾ മുന്നിൽ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്‌. കോഴിക്കോട്‌ മുരളീധരന്റെ വസതിയിൽ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം കരുണാകരൻ അടിച്ചുവിട്ടത്‌ മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ മാനിച്ചു പ്രവർത്തിക്കുന്നവർ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ഡി.ഐ.സിയെന്ന തന്റെ പാർട്ടി എൻ.സി.പിയിൽ ലയിക്കുന്നത്‌ എന്നായിരുന്നു. കൂടെ പവാറിന്‌ പലരോടും ആലോചിക്കാൻ കാണും എന്നാൽ കരുണാകരന്‌ ഡി.ഐ.സി ലയിക്കുന്നതിനെ കുറിച്ച്‌ ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്സുപോലെ പെട്ടെന്നു തീർന്നു.

ശോഭനാ ജോർജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലർ കണ്ണീർ പൊഴിച്ചും ചിലർ അല്ലാതെയും കോൺഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി.ഐ.സിയെന്നാൽ അച്ഛനും മകനും ഒന്നിനും കൊള്ളാത്ത എം.പി ഗംഗാധരനും മറ്റു ചിലരുമെന്നായി. ഒടുവിൽ എൻ.സി.പി ലയനം. പാപി ചെന്നടം പാതാളം.... എന്തു പറയാൻ. എൻ.സി.പി ഇടതുമുന്നണിയിൽ നിന്ന്‌ പുറത്ത്‌. കേരളത്തിൽ കരുണാകരനെന്നു പേരുള്ള നേതാവും മക്കളും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നാട്ടുകാർക്കറിയില്ല എന്ന ഗതിയായി.

രാജനെന്ന കോഴിക്കോട്‌ ആർ.ഇ.സി വിദ്യാർത്ഥിയെ ഇല്ലാതാക്കിയ കരുണാകരൻ, ടി.വി ഈച്ചരവാര്യരുടെ കണ്ണീർ വീഴ്‌ത്തിയ കരുണാകരൻ സ്വന്തം മകനാൽ തന്നെ ഒന്നുമല്ലാത്തവനായി രാഷ്ര്ടീയത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തെണ്ടിനടന്നു. കരുണാകരനേക്കാൾ ചെറിയവർ ഇന്ത്യയിൽ രാഷ്ര്ടപതിയും ഉപരാഷ്ര്ടപതിയുമായത്‌ കണ്ടുകൊണ്ട്‌. തന്റെ മുന്നിൽ ഒന്നുമല്ലാതിരുന്ന ശങ്കരനാരായണൻവരെ ഗവർണറായി. ഇതെല്ലാം കരുണാകരൻ എന്ന വൃദ്ധനായ രാഷ്ര്ടീയക്കാരനെ ഇരുത്തിച്ചിന്തിപ്പിച്ചിരിക്കണം. അതു തന്നെയാവും മകനെ വിട്ട്‌ കോൺഗ്രസ്സിലേക്ക്‌ മടങ്ങാനുള്ള നീക്കത്തിനു പിന്നിലും. കരുണാകരനും മകനും ഒറ്റ ലോകസഭാ സീറ്റുപോലും കിട്ടാതിരുന്ന, ഉറച്ച സീറ്റുകൾ പോലും നഷ്ടപ്പെട്ടതിൽ വേദനിക്കുന്ന മദാമ്മാഗാന്ധി കോൺഗ്രസ്സിൽ ഇനി കരുണാകരനെ അടുപ്പിക്കുമോ എന്ന കാര്യം കാത്തിരുന്നു കാണാം.

ബി.എസ്‌. ബിമിനിത്‌


E-Mail: biminith@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.