പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

മാർക്സിസവും അന്ത്യകൂദാശയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.കെ കൊടുങ്ങല്ലൂർ

പലവിധ ജീവൽ പ്രശ്നങ്ങളേക്കാൾ നമ്മുടെ ഇപ്പോഴത്തെ നിരർത്ഥകമായ തർക്കവിഷയം ‘സ്വർഗ്ഗസ്ഥനായ’ മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചോ ഇല്ലയോ എന്നതാണല്ലോ! ഒപ്പം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പള്ളിയുടെ മേൽ പിണറായി വിജയൻ ഉതിർത്ത ‘വാമൊഴി വഴക്കത്തിന്റെ സൗന്ദര്യ’ത്തെ ചൊല്ലിയും. ഒരുവന്റെ സംസ്‌കാരത്തിന്റെ മുഖമുദ്രയാണ്‌ നാഗരികതയുടെ സംഭാവനയായ ഭാഷ. ‘വാമൊഴി വഴക്കത്തിന്റെ സൗന്ദര്യ’മാകട്ടെ ആർജ്ജിത സംസ്‌കാരത്തിന്റെയും ആന്തരിക സൗന്ദര്യത്തിന്റെയും സ്വഭാവ വിശേഷത്തിന്റെയും നിദർശനവും. അക്കാരണത്താൽ തികച്ചും ആത്മനിഷ്‌ഠമായ അക്കാര്യത്തെക്കുറിച്ച്‌ നിരൂപിക്കാതിരിക്കുന്നതാണ്‌ ഉചിതം.

ഒരു കമ്മ്യൂണിസ്‌റ്റുകാരനു മതവിശ്വാസിയാകാമോ എന്നതാണു മുഖ്യവിഷയം. മാർക്സിസം തൊഴിലാളിവർഗ്ഗ രാഷ്ര്ടീയത്തിന്റെ പ്രപഞ്ച വീക്ഷണമാണ്‌. അതിൽ മതത്തിനും ഈശ്വരനും സ്ഥാനമില്ല. മറിച്ച്‌ മനുഷ്യനാണു അതിന്റെ പ്രമേയവും കേന്ദ്രബിന്ദുവും. അവന്റെ സംഘടിതകരുത്തും ഇച്ഛയുമാണ്‌ മാറ്റത്തിന്റെ ചാലകശക്തി. അനുനിമിഷം മാറുന്ന ലോകത്തിൽ മാറ്റം മാത്രമാണു മാറ്റമില്ലാത്ത സത്യമെന്നും അതു കരുതുന്നു. ഭൂമിയുടെ അച്ചുതണ്ടുപോലെ തികച്ചും സാങ്കല്പികമായ ഈശ്വരന്റെ പേരിൽ മതങ്ങൾ നിലവിലുള്ള ചൂഷണവ്യവസ്ഥിതിയുമായി അനുരഞ്ജനത്തിലേർപ്പെട്ടിരിക്കുകയാൽ വ്യവസ്ഥിതിയെ മാറ്റിതീർക്കാനായി രൂപപ്പെടുത്തിയ തത്വശാസ്ര്തമാണ്‌ മാർക്സിസം.

നാളിതുവരെയുള്ള തത്വശാസ്ര്തങ്ങൾ ലോകത്തെ വ്യാഖ്യാനിച്ചിട്ടെയുള്ളൂ. വ്യാഖ്യാനിക്കുകയല്ല മാറ്റി തീർക്കുകയാണു മാർക്സിസ്‌റ്റുകളുടെ കടമ എന്ന്‌ പ്രഖ്യാപിച്ച അതിന്റെ പ്രതിയോഗി ഊഹാപോഹാധിഷ്‌ഠിതമായ ഈശ്വരനോ വിശ്വാസാധിഷ്‌ഠിതമായ മതങ്ങളോ അല്ല. പ്രത്യുത അതിനെ താങ്ങി നിർത്തുന്ന വ്യവസ്ഥിതിയാണ്‌. അധിഷ്‌ഠാനമായിരിക്കുന്ന വ്യവസ്ഥിതിയുടെ മേൽകൂര മാത്രമാണ്‌ മതങ്ങളും വിശ്വാസവും. മതവിശ്വാസം സ്വേച്ഛാനുസരണം തിരഞ്ഞെടുക്കുന്ന ഒന്നല്ല. മറിച്ച്‌ തിരിച്ചറിവിന്‌ മുൻപ്‌ ശൈശവത്തിൽ കുടുംബത്തിൽ നിന്ന്‌ അടിച്ചേല്പിക്കുന്ന പാരമ്പര്യവിശ്വാസമാണത്‌. ജ്ഞാനവുമായി പുലബന്ധമില്ലാത്ത അജ്ഞാനസ്നാനമാണത്‌.

അച്ഛന്റെ നുണയാണു മകന്റെ വിശ്വാസം. മകന്റെ വിശ്വാസമാകട്ടെ പിൻമുറക്കാരുടെ സത്യവും. എന്നിരുന്നാലും വിശ്വാസികളെ എതിർക്കണമെന്നതു മാർക്സിസത്തിന്റെ അജണ്ടയല്ല. മാർക്സിസ്‌റ്റുകളുടെ വിശ്വാസപ്രമാണം നിരീശ്വരവാദമായിരിക്കണമെന്ന അരാജവാദികളുടെ ആവശ്യത്തെ 1874ൽ തന്നെ എംഗൽസ്‌ നിരാകരിച്ചിട്ടുണ്ട്‌. പാർട്ടി പരിപാടി നടപ്പാക്കാൻ സന്നദ്ധമാകുന്നപക്ഷം പുരോഹിതന്മാരെപോലും പാർട്ടിയിലേക്ക്‌ കൊണ്ടുവരണമെന്നാണ്‌ ലെനിനും പറഞ്ഞുവച്ചിട്ടുളത്‌. സാമൂഹ്യബന്ധങ്ങളുടെ സാകല്യവും ഉല്പന്നവുമാണ്‌ മനുഷ്യൻ. അവൻ സാഹചര്യങ്ങളുടെ സൃഷ്ടിയാകയാൽ പ്രസ്തുത സാഹചര്യങ്ങളെ മാനവികരിക്കണമെന്നാണ്‌ മാർക്സിസം അനുശാസിക്കുന്നത്‌. അതിനായി സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിശ്വാസികളുമായി കൈകോർത്തു പ്രവർത്തിക്കുന്നതിൽ ഒരു തെറ്റുമില്ല.

ഈശ്വരവിശ്വാസികളുടെ ദൈവരാജ്യം മനുഷ്യന്റെ ആത്മീയ ഔന്നത്യത്തെയാണ്‌ ലക്ഷ്യമിടുന്നതും അഭിലഷിക്കുന്നതും. ആത്മീയത എന്നാൽ ഈശ്വരനെക്കുറിച്ചുള്ള ഭൗതികേതര ചിന്ത എന്ന അബദ്ധധാരണയാണു പലർക്കുമുള്ളത്‌. സത്യം, ധർമ്മം, അനുകമ്പ, കരുണ തുടങ്ങിയ എല്ലാ മാനസിക ഗുണങ്ങളും ആത്മീയമാണ്‌. മനസ്സും ശരീരവും ഒന്നാകയാൽ ഭൗതിക-ആത്മീയ വിഭജനങ്ങൾ വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന്‌ സൂക്ഷ്മദൃക്കുകൾക്ക്‌ തിരിച്ചറിയാവുന്നതാണ്‌. പഴയ ഭൗതികവാദത്തിന്റെ ലക്ഷ്യം ഒരു സിവിൽ സൊസൈറ്റിയാണ്‌. എന്നാൽ പുതിയ ഭൗതികവാദത്തിന്റെ ലക്ഷ്യമാകട്ടെ ഒരു മാനവികസമൂഹമാണു എന്നു പ്രഖ്യാപിച്ച മാർക്സ്‌ വിഭാവനം ചെയ്തതു സർവ മനുഷ്യർക്കും ജീവിക്കാനുള്ള ഭൗതിക സൗകര്യവും ആത്മീയഔന്നത്യം കരഗതമാകുന്നതിനു വേണ്ടുന്ന മാനവികത പ്രദാനം ചെയ്യുന്ന സമൂഹസൃഷ്ടിയുമാണ്‌.

തികഞ്ഞ വൈജ്ഞാനിക-മാനവിക അടിത്തറയിൽ യുക്തിസഹമായി രൂപപ്പെടുത്തിയ മാർക്സിസത്തിനു ഉൾക്കൊള്ളാവുന്നതായിരുന്നില്ല, സ്വർഗ്ഗരാജ്യത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചും പ്രലോഭനങ്ങൾ നൽകി ഇഹലോകയാഥാർത്ഥ്യങ്ങളെ മദ്യം നൽകുന്ന ‘നൈമിഷിക സുഖലഹരിക്കടിപ്പെട്ട്‌’ സർവ്വതും വിസ്മരിക്കുന്ന മദ്യപാനിയെപോലെ സർവ്വതും മറക്കാനും പൊറുക്കാനും സമരസപ്പെടാനും പ്രേരിപ്പിക്കുന്ന മതങ്ങളുടെ കാപട്യം.

അക്കാര്യം അർത്ഥഗർഭമായ വാക്കുകളിലൂടെ കോറിയിടുകയായിരുന്നു മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന സുവിദിതമായ കണ്ടെത്തലിലൂടെ അദ്ദേഹം ചെയ്തത്‌. മതം ആർത്തന്മാരുടെ ആശ്വാസവും ആലംബഹീനരുടെ അത്താണിയുമാണെങ്കിലും മദ്യത്തിന്റെ ലഹരിക്ക്‌ സമാനമാണു ജനങ്ങളെ ചിന്താശേഷിയില്ലാത്ത ഷണ്ഡന്മാരാക്കുന്ന അതിന്റെ ജ്ഞാന വിരോധ ലഹരി. എന്നിരുന്നാലും മാനവികസമൂഹസൃഷ്ടിക്കായുള്ള ചൂഷകവർഗ്ഗത്തിനെതിരായ സമരത്തിൽ ഈശ്വരവിശ്വാസികളെ പടിയടച്ച്‌ പിണ്ഡംവച്ച്‌ പുറത്താക്കണമെന്ന ശാഠ്യമൊന്നും മാർക്സിസ്‌റ്റുകൾക്കില്ല. പല കമ്മ്യൂണിസ്‌റ്റ്‌കാരും തികഞ്ഞ ഈശ്വരവിശ്വാസികളോ അമൃതാനന്ദമയി ഭക്തന്മാരോ ചാത്തൻസേവക്കാരോ, ഗുരുതിക്കാരോ ആണ്‌. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും എന്ന നിലപാടാണു ഇക്കാര്യത്തിൽ അവർക്കുള്ളത്‌. കുഞ്ഞാടുകളുടെ മാംസത്തിൽ കണ്ണുവച്ച്‌ അവയെ തീറ്റിപോറ്റി കശാപ്പുശാലയിലേക്ക്‌ നയിക്കുന്ന നിക്ഷിപ്ത താല്പര്യക്കാരായ ഇടയന്മാരെ തുറന്നുകാണിക്കുകയും അവരിൽ നിന്ന്‌ നിഷ്‌കളങ്കരായ കുഞ്ഞാടുകളെ രക്ഷിക്കുകയുമാണ്‌ രക്ഷകരായ കമ്മ്യൂണിസ്‌റ്റുകളുടെ കടമ. ഈ പശ്ചാത്തലത്തിൽ ജലത്തിലെ മത്സ്യംപോലെ ജനങ്ങളുമായി ഇഴുകിചേർന്ന പ്രവർത്തിച്ച പരേതനായ മത്തായിചാക്കോ വിശ്വാസിയായിരുന്നോ അല്ലയോ എന്നതിനു ഒരു പ്രസക്‌തിയുമില്ല. വ്യവസ്ഥിതിക്കെതിരായ സമരത്തിൽ പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കുമോ എന്നതുമാത്രമാണു പ്രസക്തം.

ഇനി ഇതിന്റെ മറുവശം കൂടി പറയണമല്ലോ. ആസന്നമരണസ്ഥനായ ഒരു രോഗി സുബോധത്തിലോ അബോധത്തിലോ അന്ത്യകൂദാശ സ്വീകരിച്ചുവെന്നിരിക്കട്ടെ. അതിലെന്താണ്‌ തെറ്റ്‌? മരണത്തേക്കാൾ ഭീതിദമായ ഒരു വേർപാട്‌ ഇഹലോകത്തിലുണ്ടോ? മരണത്തിനു മുന്നിൽ എല്ലാ ഇസങ്ങളും തത്വശാസ്ര്തങ്ങളും മതങ്ങളും നിഷ്‌പ്രഭമാണെന്നിരിക്കെ ആശ്വാസത്തിനായി സ്വീകരിക്കുന്ന ഏതും വൈക്കോൽ തുരുമ്പുപോലെ സമാശ്വാസത്തിന്റെ പിടിവള്ളിയാണ്‌. എന്നാൽ ശാരീരികമായും മാനസികമായും ആരോഗ്യകരമായ അവസ്ഥയിൽ ചിലർക്ക്‌ ലക്ഷ്യത്തിന്റെ പവിത്രതകൊണ്ട്‌ മരണത്തെ മധുരതരമാക്കാനോ തോല്പിക്കാനോ കഴിഞ്ഞിട്ടുണ്ട്‌. അതല്ല ശാരീരികമായും മാനസികമായും തളർന്ന ഒരു രോഗിയുടെ സ്ഥിതി. എന്തായാലും തികച്ചും വ്യക്തിനിഷ്‌ഠമായ ഒരു കാര്യം തെരുവിലേക്ക്‌ വലിച്ചിഴക്കേണ്ടതില്ലായിരുന്നു. ഇവിടെ ഇപ്പോൾ മരിക്കാൻപോലും അനുവദിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്‌. വിജയൻമാഷ്‌ മരിച്ചപ്പോൾ സഹപ്രവർത്തകരിൽ പോലും കൊലപാതകകുറ്റം ചിലർ ആരോപിച്ചിരുന്നു. മത്തായിചാക്കോ മരിച്ച്‌ ഒരുവർഷം കഴിഞ്ഞപ്പോഴാണു വിവാദം പൊട്ടിപുറപ്പെട്ടിരിക്കുന്നത്‌. “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ. നീ എന്നെ അനുഗമിക്കുക” എന്ന ക്രിസ്തുവചനമാണ്‌ ഈ പേക്കൂത്തുകൾ കാണുമ്പോൾ ഓർമ്മവരുന്നത്‌.

സി.കെ കൊടുങ്ങല്ലൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.