പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

നേതാക്കളുടെ തലക്കു മുകളിൽ ഇനി പി.ബിയുടെ വാൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി.എസ്‌. ബിമിനിത്‌

കമ്മ്യൂണിസ്‌റ്റു പാർട്ടി ഭരിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രിയാണോ വലുത്‌ അതോ പാർട്ടി സെക്രട്ടറിയാണോ വലുത്‌. അണ്ടിയാണോ ആദ്യമുണ്ടായത്‌ അതോ മാങ്ങയോ? അതാണ്‌ പ്രത്യയ ശാസ്‌ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യ ജനാധിപത്യരാജ്യമാണെന്നാണ്‌ വിവരമുള്ളവർ പറയുന്നത്‌, അതായത്‌ ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യം. കമ്മ്യൂണിസ്‌റ്റു പാർട്ടിക്കകത്ത്‌ അങ്ങനെയല്ല. അതുകൊണ്ടാണല്ലോ അതിനെ കമ്മ്യൂണിസ്‌റ്റു പാർട്ടി എന്നു പറയുന്നത്‌. പാർട്ടിക്കാർക്ക്‌ ആരെയും എന്തും പറയാം അതിന്‌ ഇന്ത്യൻ ഭരണഘടനയെപ്പോലും പേടിക്കേണ്ട. കോടതിയെത്തെറിവിളിക്കാം. മാധ്യമങ്ങളെ ചെറ്റകളെന്നു വിളിച്ചാലും പാർട്ടിയിൽ നിന്നു പുറത്താക്കില്ല, പകരം ചിലപ്പോൾ താഴേക്കമ്മറ്റിയിൽ നിന്ന്‌ മേലേ കമ്മറ്റിയിലേക്ക്‌ സ്ഥാനക്കയറ്റം കിട്ടും. എന്നാൽ പാർട്ടിയെക്കുറിച്ചും പാർട്ടിക്കാരെക്കുറിച്ചും പറയുമ്പോൾ സൂക്ഷിക്കണം. പാർട്ടി സെക്രട്ടറിയടക്കം എപ്പോൾ മുള്ളണം, എപ്പോൾ ഭക്ഷണം കഴിക്കണം, എപ്പോൾ ഉറങ്ങണം, എന്തൊക്കെ പറയണമെന്നൊക്കെ പാർട്ടിയുണ്ടാക്കിയവർ പണ്ട്‌ എഴുതിവച്ചിട്ടുണ്ട്‌. അതനുസരിച്ചേ പ്രവർത്തിക്കാവൂ. അല്ലാത്തവരെ ചിലപ്പോൾ പുറത്താക്കും, ചിലപ്പോൾ പെൺകുട്ടികളുടെ ഇടയിൽ കൊണ്ടിരുത്തും, ബഞ്ചിന്മേൽ കയറ്റി നിർത്തും ഇല്ലെങ്കിൽ ക്ലാസിനു പുറത്തു മുട്ടുകാലിൽ നിർത്തും. അത്‌ പാർട്ടി സെക്രട്ടറിയായാലും ജനങ്ങൾ തോളിലേറ്റി നടക്കുന്ന മുഖ്യമന്ത്രിയായാലും. ഇതിനെയൊക്കെയാണ്‌ ചുരുക്കത്തിൽ കമ്മ്യൂണിസ്‌റ്റു പാർട്ടിയെന്നു പറയുന്നത്‌. പിന്നെ അങ്ങ്‌ ഡൽഹിയിൽ പി. ബിയെന്നു പേരുള്ള ഒരു സാധനമുണ്ട്‌. പാർട്ടിയാപ്പീസിലെ പരുക്കൻ ബഞ്ചിലിരുന്ന്‌ തഴമ്പെടുത്തവരെ ചുവന്ന കുഷ്യൻ കസേരയിൽ പിടിച്ചിരുത്തി അച്ചടക്കം ലംഘിക്കുന്നവരെ ശിക്ഷിക്കാൻ ഉണ്ടാക്കിയതാണ്‌ ഇത്‌ എന്നാണ്‌ പൊതുവെ കേരളീയരുടെ ധാരണ. എന്നാൽ ഈ ചങ്ങലക്കു ഭ്രാന്തു പിടിച്ചാലോ? അതിനുള്ള ഉത്തരമാണ്‌ കഴിഞ്ഞദിവസം ഡൽഹിയിൽ പ്രകാശ്‌ കാരാട്ട്‌ ഇംഗ്ലീഷിൽ പറഞ്ഞത്‌. കേരളത്തിൽ നിന്നുള്ള അവശേഷിക്കുന്ന പി ബി അംഗങ്ങൾ ഇനി കുറച്ചുകാലം പഴയ പരുക്കൻ ബെഞ്ചിൽ തന്നെ ഇരിക്കട്ടെ എന്ന്‌.

കമ്മ്യൂണിസ്‌റ്റു പാർട്ടിയെന്നാൽ ഒരു വ്യക്തിയല്ല മറിച്ച്‌ വ്യക്തമായ ചട്ടക്കൂടുള്ള ഒരു പാർട്ടിയാണെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെയല്ലെന്നു തോന്നിത്തുടങ്ങിയത്‌ കഴിഞ്ഞ കുറച്ചുവർഷങ്ങളായാണ്‌. കേരളത്തിലെ കമ്മ്യൂണിസ്‌റ്റു പാർട്ടി രണ്ടു നേതാക്കളുടെ നേതൃത്വത്തിൽ ചേരിതിരിഞ്ഞ്‌ പരസ്പരം ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു തുടങ്ങിയതോടെ കേന്ദ്ര നേതൃത്വവും ഇതിനു മുന്നിൽ പകച്ചു നിൽക്കുകയായിരുന്നു എന്നത്‌ സത്യം. കേരളത്തിലെ രണ്ടു പ്രബല വിഭാഗത്തിന്റെയും നേതാക്കളെ പോളിറ്റ്‌ ബ്യൂറോയിൽ നിന്നും ചെവിക്കു പിടിച്ചു പുറത്തുനിർത്തിയതോടെ പാർട്ടിയിലെ വിഭാഗീയത നിലക്കുനിർത്താനാകുമെന്നാണ്‌ പി.ബി കരുതിയത്‌. ഒപ്പം പി.ബി എന്നൊരു വാൾ കേരള നേതാക്കളുടെ തലക്കുമുകളിലുണ്ട്‌ എന്ന്‌ ഓർമ്മിപ്പിക്കാനും ഇതുവഴി സാധിച്ചു എന്ന്‌ ഇതിന്റെ മറ്റൊരു തലം. എല്ലാം പി.ബി.യുടെ വിജയമായാണ്‌ കണക്കാക്കപ്പെടുന്നത്‌.

പാർട്ടിയുടെ ചട്ടക്കൂടും അച്ചടക്കനിയമവുമൊന്നും ബഹൂഭൂരിപക്ഷം വരുന്ന കേരളത്തിലെ ജനങ്ങൾക്ക്‌ വിഷയമല്ല. കമ്മ്യൂണിസം പഴയ സൊവിയറ്റ്‌ റഷ്യയിലെ പോലെ നടപ്പാക്കിയാലെ ഇന്ത്യ നന്നാവൂ എന്ന്‌ കരുതുന്നവരും കേരളത്തിൽ ഇല്ല. പാർട്ടി സെക്രട്ടറി അഭിവന്ദ്യനായ പിണറായി പറഞ്ഞതു തന്നെയാണ്‌ കേരളത്തിലെ സാധാരണ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്‌. എല്ലാ ശരികൾക്കും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി, തെറ്റുകളുടെ പര്യായമായ മഹാ അബദ്ധമായ പാർട്ടിസെക്രട്ടറിയും മറ്റംഗങ്ങളും - എന്നു തന്നെയാണ്‌ സാമാന്യവിവരമുള്ള, ചുരുങ്ങിയത്‌ കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനുള്ളിൽ അൾസ്‌ഷൈമേഴ്‌സ്‌ ബാധിച്ചിട്ടില്ലാത്ത ആരും മനസ്സിലാക്കുക.

പാർട്ടിയോടുള്ള ആരാധനയാണ്‌ ഇന്ന്‌ കമ്മ്യൂണിസ്‌റ്റു പാർട്ടിയിൽ അണികളെ പുറത്തുപോകാതെ നിർത്തുന്നത്‌. അതുകൊണ്ടുതന്നെ പാർട്ടി സെക്രട്ടറിയും ഔദ്യോഗികമായി പാർട്ടിയുടെ തലപ്പത്തുള്ളവരും പറയുന്നത്‌ അക്ഷരംപ്രതി പാർട്ടിക്കാർ അനുസരിക്കും. എന്നാൽ അത്‌ കേരളത്തിലെ ജനങ്ങൾ അനുസരിക്കണമെന്നു നിർബന്ധമില്ല. അതേപോലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ പാർട്ടിയെടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം പാർട്ടിയിൽ അടിയുറച്ച്‌ വിശ്വസിക്കുന്നവരും അന്ധമായി ആരാധിക്കുന്നവരും നിൽക്കും. ഇതുകണ്ട്‌ താൻ ചെയ്യുന്നതാണ്‌ ശരി എന്നു കരുതി മുന്നോട്ടുപോയ പിണറായി വിജയനാണ്‌ യഥാർത്ഥത്തിൽ വിഡ്‌ഢി. പാർട്ടി സെക്രട്ടറി എന്ന നിലയിൽ പിണറായി പറയുന്നതിന്‌ കയ്യടിക്കാനും (ഇവരിൽ ഭൂരിഭാഗവും വി.എസിനും കയ്യടിക്കും) ആർപ്പു വിളിക്കാനും കേരളത്തിലെ മുകളിൽ പറഞ്ഞ വിഭാഗം തയ്യാറാകും എന്നു കരുതി എന്തും പറയാനുള്ള ലൈസൻസല്ല അത്‌ എന്നതാണ്‌ പി.ബി തീരുമാനത്തിലൂടെ വ്യക്തമാകുന്നത്‌.

വി.എസ്‌ പ്രതിപക്ഷത്തുണ്ടായിരുന്ന അഞ്ചുവർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിൽ ഏറ്റെടുത്ത എത്ര പ്രശ്നങ്ങൾ പാർട്ടി ഏറ്റെടുത്തിട്ടുണ്ട്‌? മതികെട്ടാനും ഓൺലൈൻ ലോട്ടറിയും കിളിരൂർ - കവിയൂർ പെൺവാണിഭങ്ങളും അടക്കം എത്ര ജനകീയ പ്രശ്നങ്ങൾക്ക്‌ അന്നു പാർട്ടിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്‌. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി ഇവയൊന്നും ഏറ്റെടുത്തിട്ടില്ല. പോരാത്തതിന്‌ തെരഞ്ഞെടുപ്പുകാലത്ത്‌ മുഖ്യമന്ത്രി എന്ന നിലയിൽ എന്തുകൊണ്ടും യോഗ്യനായ വി.എസ്‌ അച്യുതാനന്ദനെ ഒതുക്കുകയും ചെയ്തു. അന്ന്‌ കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും രംഗത്തിറങ്ങിയതോടെയാണ്‌ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം പി.ബി മാറ്റുകയും പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും വി.എസ്‌ മുഖ്യമന്ത്രിയാകുകയും ചെയ്തത്‌.

അന്ന്‌ വി.എസ്‌ പാർട്ടിയോഗങ്ങളിലും നേതൃത്വയോഗങ്ങളിലും ഗർജ്ജിച്ചത്‌ മാഫിയാ ഭരണത്തിനെതിരെയും അഴിമതിക്കെതിരെയുമായിരുന്നു. ഇക്കാലത്തു തന്നെയാണ്‌ പിണറായിയുടെ മേൽ ലാവ്‌ലിൻ അഴിമതിയുടെ നിഴൽ വീണതും. പിണറായിയുടെയും അദ്ദേഹത്തിന്റെ പിണിയാളുകൾക്ക്‌ മുൻതൂക്കമുള്ള കേന്ദ്ര സംസ്ഥാന കമ്മറ്റികളിലും വി.എസിനെ ഒതുക്കാൻ കഴിഞ്ഞെങ്കിലും ജനങ്ങളുടെ ഇടയിൽ പിണറായിക്ക്‌ അതിന്‌ കഴിഞ്ഞില്ല. മുഖ്യമന്ത്രിയായി അധികാരത്തിലേറി കഴിഞ്ഞിട്ടും നേരത്തെ വി.എസ്‌ പ്രഖ്യാപിച്ച അഴിമതി വിരുദ്ധ-മാഫിയ വിരുദ്ധ ഭരണത്തിന്‌ അനിവാര്യമായ വിജിലൻസ്‌ ആഭ്യന്തരവകുപ്പുകൾ അദ്ദേഹത്തിൽ നിന്ന്‌ എടുത്തുമാറ്റി പിണറായിയുടെ വിശ്വസ്തർക്കു നൽകി. അന്നുതന്നെ സംഗതിയുടെ പോക്ക്‌ പ്രബുദ്ധരായ കേരളജനതയ്‌ക്ക്‌ മനസ്സിലായതാണ്‌. ഈ സാഹചര്യത്തിൽ മൂന്നാറിലെ ഓപ്പറേഷനു തുടക്കമിടുമ്പോൾ തന്നെ പിണറായിയും എണ്ണപ്പെട്ടതും എണ്ണപ്പെടാത്തതുമായ ഘടകകക്ഷികളും രംഗത്തിറങ്ങി. അഴിമതിയുടെ കറ പുരളാത്ത, സമർഥരെന്ന്‌ കേരളം കണ്ടറിഞ്ഞ ഉദ്യോഗസ്ഥർക്കെതിരെയാണ്‌ ഇവർ രംഗത്തുവന്നത്‌. ഈ സാഹചര്യത്തിലാണ്‌ വി.എസ്‌ നേരത്തെ പറഞ്ഞ മാഫിയാഭരണം എന്നത്‌ എന്താണെന്ന്‌ ജനങ്ങൾക്ക്‌ മനസ്സിലായത്‌.

ഈ സാഹചര്യത്തിൽ നേതാക്കളുടെ വാക്കുകേൾക്കാതെ മുന്നോട്ടുപോയി മൂന്നാർ വൻ വിജയമായി മാറ്റി എന്നു മാത്രമല്ല അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന പുതിയ വിപ്ലവത്തിന്‌ അത്‌ ഒരു നല്ല തുടക്കവുമായി. അപ്പോൾ ഇത്രയും കാലം വി.എസിന്റെ പ്രവർത്തനങ്ങൾക്ക്‌ തുരങ്കം വച്ചു നടന്നവർ തന്നെ അതിന്റെ ക്രഡിറ്റിന്റെ പേരിൽ നാണം കെട്ട പ്രസ്താവന ഇറക്കിയാൽ ജനം അത്‌ പൊറുക്കുമെന്ന്‌ കരുതാൻ മാത്രം വിഡ്‌ഢിയാണോ പിണറായി വിജയൻ. ഈ സാഹചര്യത്തിൽ തെറ്റുകളുടെ പര്യായവും ‘മഹാ അബദ്ധവുമാണ്‌’ പാർട്ടിസെക്രട്ടറിയും മറ്റംഗങ്ങളും എന്നു ജനങ്ങൾ കരുതിയാൽ എങ്ങനെയാണ്‌ അവരെ കുറ്റം പറയാനാകുക. എല്ലാം തുറന്നു പറഞ്ഞ മാധ്യമങ്ങളുടെ നേരെ തിരിഞ്ഞ പിണറായിയുടെ ആരോപണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണ്‌ പി.ബിയുടെ സസ്‌പെൻഷനും തെളിയിക്കുന്നത്‌. വിഭാഗീയ പ്രവർത്തനങ്ങളുണ്ടെന്നും അത്‌ മാധ്യമസൃഷ്ടിയല്ലെന്നും പി.ബി നേരത്തെതന്നെ തുറന്നു സമ്മതിച്ചതാണ്‌.

ഈ അവസരത്തിൽ ഒളിഞ്ഞും തെളിഞ്ഞും കൊത്തിക്കൊണ്ടിരിക്കുമ്പോൾ സഹികെട്ടാണ്‌ വി.എസ്‌ മറുപടി പറഞ്ഞത്‌ എന്നതും കേരളം കണ്ടതാണ്‌. അത്‌ പാർട്ടി നിയമങ്ങൾക്ക്‌ വിരുദ്ധവുമാണ്‌. സസ്‌പെൻഷൻ കിട്ടിയതിൽ അത്ഭുതവുമില്ല. പക്ഷേ പി.ബിയുടെ തീരുമാനത്തോടെ കേരളത്തിലെ ജനങ്ങൾ ഇരു നേതാക്കളെയും ത്രാസിലിട്ടു തൂക്കി നോക്കിയാൽ വി.എസിന്റെ ഭാഗം തന്നെ താഴ്‌ന്നിരിക്കും. പി.ബിവരെ വി.എസിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചതാണല്ലോ? പുരക്കു മീതെ വളർന്ന മരമായിരുന്നു വി.എസ്‌ അച്യുതാനന്ദൻ. മാത്രമല്ല ഇന്നതൊരു വടവൃക്ഷമായി മാറിയിരിക്കുന്നു എന്ന ധാരണയാണ്‌ പിണറായിയെക്കൊണ്ടു ഇതൊക്കെ ചെയ്യിച്ചത്‌. പുരക്കുമീതെ വളർന്ന ഈ മരം അത്ര പെട്ടൊന്നൊന്നും മുറിച്ചു മാറ്റാനാവില്ലെന്നു മനസ്സിലാക്കിയതിന്റെ ഷോക്ക്‌ പിണറായിക്ക്‌ ഇപ്പോഴും വിട്ടുമാറിയിട്ടില്ല എന്നുവേണം കരുതാൻ.

ഇരുവരുടെയും ഭാവിയെന്തെന്ന്‌ അറിയാൻ ജൂൺ 24ന്‌ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വരെ കാത്തിരിക്കണം. പി.ബിയുടെ നടപടിയോടെ ഇരു നേതാക്കളുടെയും പ്രാധാന്യം ചർച്ച ചെയ്യാൻ കേരളത്തിലെ ജനങ്ങൾക്ക്‌ ഒരു വേദി ലഭിക്കുകയായിരുന്നു എന്നതാണ്‌ സത്യം. കേരളത്തിലെ പാർട്ടി കാര്യങ്ങളിൽ ഇനി മുതൽ മൂന്നാമതൊരാളിന്റെ നോട്ടം കൂടി വേണമെന്നാണ്‌ ഈ അച്ചടക്ക നടപടി സൂചിപ്പിക്കുന്നത്‌.

മമ്മൂട്ടി ഫാക്ടർ കേരളത്തിലെ കമ്മ്യൂണിസ്‌റ്റു പാർട്ടിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധം? ഉത്തരം സിംപിളാണ്‌. പാർട്ടിയുടെ ചാനലിന്റെ ചെയർമാൻ. പിണറായിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധമെന്ന ചോദ്യമാണ്‌ ഇന്ന്‌ പാർട്ടി കേന്ദ്രങ്ങളെ കുഴക്കുന്നത്‌. പാർട്ടി യുവഘടകത്തിന്റെ ദേശീയ സമ്മേളനത്തിൽ മമ്മൂട്ടിയായിരുന്നു മുഖ്യ അതിഥി. അദ്ദേഹം എന്തൊക്കെയോ പറഞ്ഞത്‌ ആരൊക്കെയോ വിവാദമാക്കുകയും ചെയ്തു. മൂന്നാറിൽ അദ്ദേഹത്തിന്‌ അനധികൃത ഭൂമിയുണ്ട്‌ എന്നാണ്‌ ആരോപണം. പി.ബി യോഗത്തിൽ സംബന്ധിക്കാൻ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ എത്തിയവർ മമ്മൂട്ടിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി. പിണറായിയെ സ്വീകരിച്ചവർ ഇങ്ങനെ ഒന്നും മിണ്ടിയില്ല. ഉടനെ പാർട്ടി സെക്രട്ടറി ചൂടായി. പത്രക്കാരെ വിളിച്ച്‌ കാര്യം പറഞ്ഞു. പിറ്റേന്ന്‌ മമ്മൂട്ടിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചയാൾക്കും കൊടുത്തു വയറുനിറച്ച്‌. നടൻ ദിലീപിനും മറ്റ്‌ അസംഖ്യം വി.ഐ.പികൾക്കും എന്തിന്‌ ടാറ്റാക്കുവരെ മൂന്നാറിൽ ഭൂമിയില്ലേ? എന്നിട്ടെന്താ അതിനെതിരെ പിണറായി ഒന്നും പ്രതികരിക്കാതിരുന്നത്‌. എന്താണ്‌ ഇവർ തമ്മിലുള്ള കണക്ഷൻ. പാർട്ടി ചാനലിന്റെ ചെയർമാനായതുകൊണ്ടു കൂറു കാണിച്ചതാവാം എന്ന്‌ നമുക്കങ്ങ്‌ വിശ്വസിക്കാം. സ്മാർട്ട്‌ സിറ്റി യാഥാർത്ഥ്യമാക്കിയതിനു പിന്നിലും മമ്മൂട്ടിയുടെ പേര്‌ പറഞ്ഞുകേട്ടിരുന്നു....

ബി.എസ്‌. ബിമിനിത്‌


E-Mail: biminith@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.