പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

വയലാർ രവിയുടെ സവർണ വിലാപം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.കെ കൊടുങ്ങല്ലൂർ

വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെ തുടർന്ന്‌ ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹം തളിച്ച്‌ ശുദ്ധീകരണം നടത്തിയതു വിവാദമാക്കിയിരിക്കുകയാണല്ലോ. ഇതിനു മുമ്പ്‌ മകന്റെ കല്യാണത്തെ തുടർന്നും പുണ്യാഹം നടത്തി രവി പബ്ലിസിറ്റി നേടിയിരുന്നു. വയലാർ രവിയുടെ ഭാര്യയുടെ മതത്തെക്കുറിച്ച്‌ ഏവർക്കും അറിയാമെന്നിരിക്കെ രണ്ടാം തവണയും ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്‌റ്റണ്ടുകൾ നടത്തുന്നത്‌ കള്ളനും പോലീസും കളിപോലെ പ്രഹസനങ്ങളാണ്‌. സവർണക്ഷേത്രങ്ങൾക്ക്‌ വയലാർ രവിയുടെ പണം വേണം. അതിനാകട്ടെ അയിത്തവുമില്ല. എന്നാൽ വയലാർ രവിയെന്ന അവർണനെ വേണ്ടതാനും! അതാണ്‌ സവർണക്ഷേത്രങ്ങളുടെ സവിശേഷത. അതേക്കുറിച്ച്‌ ചങ്ങമ്പുഴ ഇങ്ങനെയാണ്‌ എഴുതിയിരിക്കുന്നത്‌.

‘രണ്ടുതുട്ടേകിയാൽ ചുണ്ടിൽ ചിരിവരും

തെണ്ടിയാണോ മതം തീർത്ത ദൈവം

പായസം നേരുകിൽ പാപിയിൽ

കൂറുകാട്ടും ദെവമെന്തു ദൈവം?’

കൂദാശകിട്ടുകിൽ കൂസാതെ പാപിയിൽ

കൂറുകാട്ടും ദൈവമെന്തു ദെവം?‘

ഇതേ അർഥത്തിൽ വർഷങ്ങൾക്കു മുമ്പ്‌ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു സമസ്യ ഇന്നും പ്രസക്തമാണ്‌.

’കാണിക്ക കുടം മുന്നിൽ ഇല്ലാത്ത

ദേവനാരുണ്ട്‌, ദേവിയാരുണ്ട്‌

നാണയം വാങ്ങി ദ്രോഹിക്കുമിത്തരം

ദേവപൂജകൾ എന്തിനു ചെയ്യണം‘

ഇങ്ങനെയൊക്കെയാണെങ്കിലും പഴക്കം കൊണ്ട്‌ ചങ്ങല സ്വന്തമാണെന്ന്‌ അവകാശപ്പെടുന്ന അടിമയെപ്പോലെ അവർണർക്ക്‌ ഇപ്പോഴും പഥ്യം സവർണദൈവങ്ങളും അവരുടെ ക്ഷേത്രങ്ങളുമാണെന്നതാണ്‌ അയിത്തവും പ്രാകൃതാചാരങ്ങളൊന്നുമില്ലാത്ത ശിവഗിരി ക്ഷേത്രമുണ്ടെങ്കിലും അവരുടെ യഥാസ്ഥിതിക മനോഭാവവും പരിതാപകരമായ വിരോധാഭാസ അവസ്ഥയും. അവർണനായ വയലാർ രവിക്കാകട്ടെ സവർണ ദൈവങ്ങളെ വേണം. എന്നാൽ സവർണദൈവങ്ങൾക്ക്‌ അദ്ദേഹത്തെ വേണ്ട. അതേസമയം പ്രസംഗവേദിയിൽ ജ്വലിക്കുവാനും കൈയടി കിട്ടുവാനും അദ്ദേഹത്തിന്‌ അവർണത്വം വേണം താനും.

മാനുഷികമായി നരന്‌ നരൻ അശുദ്ധി കല്പിക്കുന്ന പുണ്യാഹം തളി തെറ്റാണെങ്കിലും പ്രാകൃതമായ ക്ഷേത്രാചാരപ്രകാരം അതു തെറ്റാണെന്ന്‌ പറയാൻ വയ്യ. പക്ഷെ വയലാർ രവി മകന്റെ കല്യാണത്തിനും പേരക്കുട്ടിയുടെ ചോറൂണിനും ഈ സവർണക്ഷേത്രത്തെ രണ്ടുവട്ടം തിരഞ്ഞെടുത്തു പതിവായി വടികൊടുത്തു അടി വാങ്ങിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യത്തെയും അവഗണിക്കരുതല്ലോ. അതാണ്‌ ജാതി​‍്രശേണിയുടെ സവിശേഷത. മേൽജാതിക്കാരിൽ നിന്ന്‌ പീഡനമേൽക്കുന്നതിൽ സുഖം കാണുകയും (അങ്ങനെയാണു അടികൊള്ളണമെങ്കിൽ മോതിരക്കൈ കൊണ്ടുവേണമെന്ന ശൈലി രൂപപ്പെട്ടത്‌) താണജാതിക്കാരെ പീഡിപ്പിക്കുകയും ചെയ്യുകവഴി മേൽജാതിക്കാരനിൽ നിന്ന്‌ ലഭിച്ച പീഡനം തിരിച്ച്‌ താണജാതിക്കാർക്ക്‌ നൽകിക്കൊണ്ട്‌ നേടുന്ന വന്യമായ നിർവൃതിയിലൂടെ ആത്മനിന്ദയെ അഭിമാനമാക്കി മാറ്റുന്ന വാങ്ങൽ-കൊടുക്കൽ പ്രക്രിയയിലൂടെയാണ്‌ ജാതിശ്രേണി അഭംഗുരം നിലനിൽക്കുന്നത്‌. അവർണൻ ഒരേസമയം പീഡിതനും പീഡകനുമാണെന്ന്‌ സാരം. ആദിവാസികൾക്കായി സമരം ചെയ്ത ജാനുവിനെ പോലീസ്‌ നിഷ്‌കരുണം മർദ്ദിച്ചപ്പോൾ അതിൽ അസാംഗത്യം കാണാതിരുന്ന മേഴ്‌സി രവി പറഞ്ഞതു ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. ’ജാനുവിനെ മർദ്ദിച്ചതിൽ തെറ്റില്ല. ജാനു ക്രിമിനലാണ്‌‘. നിയമം ലംഘിച്ചെന്ന്‌ ആരോപിച്ച്‌ ജാനുവിനെ മർദ്ദിക്കാമെങ്കിൽ ക്ഷേത്രനിയമം ലംഘിക്കുന്നവർക്ക്‌ ലഭിക്കുന്ന ശിക്ഷയും അനർഹമല്ലല്ലോ.

ഒരു ക്രൈസ്തവ വനിതയെ വിവാഹം കഴിക്കുകവഴി ലഭിച്ച വിപ്ലവകാരിയുടെ പരിവേഷത്തിൽ ഊറ്റംകൊള്ളുകയും അതേസമയം സവർണക്ഷേത്രങ്ങളിലെ വഴിപാടുകളിൽ അഭിമാനിക്കുകയും ചെയ്യുന്ന യഥാസ്ഥിതിക മനസ്സുള്ള ഈ വിപ്ലവസൂര്യന്റെ ദ്വൈമുഖത്തിനു ലഭിച്ച പ്രഹരമാണീ പുണ്യാഹ ശിക്ഷ. അവർണർക്ക്‌ ഈശ്വരാരാധനയും ക്ഷേത്രപ്രവേശനവും നിഷേധിച്ചിരുന്ന കാലത്തു ആ ദുഃസ്ഥിതി പരിഹരിക്കാനാണ്‌ ഗുരു അരുവിപ്പുറത്തു ക്ഷേത്രപ്രതിഷ്‌ഠ നടത്തി കൊടുങ്കാറ്റ്‌ സൃഷ്ടിച്ചതെന്ന്‌ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള രവി ഓർക്കണമായിരുന്നു. പ്രസ്തുത ’ഈഴവശിവ‘നിൽ തൃപ്തരാകാതെ അവർണർ സവർണക്ഷേത്രങ്ങളിലേയ്‌ക്ക്‌ ഇടിച്ചുകയറാനും അവരെ അനുസരിച്ച്‌ പൂ(ഊ)ണൂൽ ധരിച്ച്‌ ബ്രാഹ്‌മണരായി ചമയാനും തുടങ്ങിയതു ഗുരുനിന്ദയും ഗുരുപാതയിൽ നിന്നുള്ള വ്യതിചലനവുമാണ്‌. പ്രസ്തുത ഗുരുനിന്ദയുടെ തിരിച്ചടിയാണ്‌ പുണ്യാഹം തളിക്കൽ. അതൊഴിവാക്കാനായി ഗുരു സഹോദരനയ്യപ്പനോട്‌ പറഞ്ഞത്‌ ’അവർക്കുവേണ്ടി ചെറിയ ക്ഷേത്രം നിർമ്മിക്കണം. അല്ലെങ്കിൽ അവരുടെ പണമെല്ലാം (വയലാർ രവിയെപ്പോലുള്ളവരുടേത്‌) സവർണക്ഷേത്രത്തിൽ കൊണ്ടുപോയി ഇടും. അതു അവരെ തല്ലിയൊതുക്കാനുള്ള കുറുവടിയായി മാറും‘ എന്നാണ്‌. ഈ മുന്നറിയിപ്പ്‌ അവഗണിച്ചതിന്റെ ഫലമാണീ വടികൊടുത്തു അടി വാങ്ങുന്ന ’കുറുവടി‘ പ്രയോഗം. മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ ബന്ധപ്പെട്ടവർ ഒത്തുകളിച്ച്‌ പതിവായി അരങ്ങേറുന്ന ഈ കപടനാടകത്തിൽ പ്രതിഷേധിക്കാനും ഖേദിക്കാനും പരിതപിക്കാനും സഹതപിക്കാനും എന്താണുള്ളത്‌? ഒരു അവർണന്റെ സവർണവിലാപത്തിൽ കവിഞ്ഞ്‌.

സി.കെ കൊടുങ്ങല്ലൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.