പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

വി. എസ്‌. അച്യുതാനന്ദൻ ഃ ഒരു വിഗ്രഹം കൂടി തകരുന്നു.

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി.എസ്‌. ബിമിനിത്‌

ചോരച്ചാലുകൾ നീന്തിക്കേറിയ ധീരന്മാരിൽ അവസാനത്തെ കണ്ണിയായിരുന്നു വേലിക്കകത്ത്‌ ശങ്കരൻ അച്യുതാനന്ദൻ. മതികെട്ടാനിലും മുല്ലപ്പെരിയാറിലും ഓടിക്കയറി പ്രക്ഷോഭം നടത്താനും വേണ്ടിവന്നാൽ എ.കെ.ജി. സെന്ററിനു നേരെ മാത്രമല്ല പി.ബിക്കുനേരെ നോക്കി കണ്ണുരുട്ടാനും ചങ്കുറപ്പുള്ള ഒരേയൊരു കമ്മ്യൂണിസ്‌റ്റുകാരൻ. കേരളത്തിലെ രാഷ്‌ട്രീയക്കാർക്ക്‌ നഷ്ടപ്പെട്ടുപോയ ആ ചങ്കൂറ്റം കണ്ടിട്ടാണ്‌ പി.ബിയും പിണറായിയും ചേർന്ന്‌ കൂട്ടിലടച്ചപ്പോൾ പൊതുജനം അദ്ദേഹത്തിനു വേണ്ടി നിരത്തിലിറങ്ങിയത്‌. അക്ഷരാർത്ഥത്തിൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖ്യമന്ത്രി. എന്നാൽ പൊതുടാപ്പിലെ വെള്ളത്തിനു പോലും വിലകൊടുക്കേണ്ടിവരുന്ന, ജനാധിപത്യ രീതിയിലുള്ള ഭരണ സംവിധാനത്തിന്‌ വിലങ്ങിടുന്ന എ.ഡി.ബി. വായ്‌പയ്‌ക്ക്‌ അൽപം പോലും ജാള്യതയില്ലാതെ പച്ചക്കൊടികാട്ടിയാണ്‌ അനീതിക്കുവേണ്ടി പോരടിക്കുന്ന ജനങ്ങളുടെ കണ്ണിലുണ്ണിയായ വി.എസ്‌, തന്നെ അധികാരത്തിലേറ്റിയവരോട്‌ കൂറു കാണിച്ചത്‌. തൊട്ടടുത്ത ദിവസം വരെ എ.ഡി.ബി എന്ന കടക്കെണിക്കെതിരെ ശക്തമായ നിലപാടെടുത്ത വി.എസ്‌ കൂടെ കാലു മാറിയപ്പോൾ ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണ്‌ അസ്തമിച്ചത്‌.

യു.ഡി.എഫ്‌ ഭരണകാലത്ത്‌ എ.ഡി.ബി വായ്പയുമായി മുന്നോട്ടുപോയപ്പോൾ ഇടതുപക്ഷം മുഴുവൻ നിരത്തിലിറങ്ങി മുമ്പെങ്ങുമില്ലാത്ത ദേശസ്നേഹമാണ്‌ പ്രകടിപ്പിച്ചത്‌. ഹർത്താലും പ്രതിഷേധപ്രകടനങ്ങളും കരിയോയിൽ പ്രയോഗവും കൊണ്ട്‌ സമരം കൊഴുത്തപ്പോൾ അതിലേറെ കൈയടി നേടിയത്‌ വി.എസിന്റെ പ്രസ്‌താവനയാണ്‌. എൽ.ഡി.എഫ്‌ അധികാരത്തിൽ വന്നാൽ എ.ഡി.ബിയിൽ നിന്നെടുക്കുന്ന വായ്‌പയിൽ ഒരു നയാപൈസപോലും തിരിച്ചടയ്‌ക്കുകയില്ലെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കരണത്തടിച്ചു പുറത്താക്കുമെന്നും വി.എസ്‌ പ്രഖ്യാപിച്ചത്‌ ആരും അത്ര പെട്ടെന്ന്‌ മറക്കാനിടയില്ല. ആ നിലപാടു തന്നെയാണ്‌ മുഖ്യമന്ത്രിയായ ശേഷവും ഈയടുത്ത ദിവസം വരെ അദ്ദേഹം പ്രകടിപ്പിച്ചത്‌. വി.എസിനേയും അദ്ദേഹത്തിന്റെ നിലപാടുകളെയും കുറിച്ച്‌ നന്നായി അറിയാവുന്ന തോമസ്‌ ഐസക്കും കൂട്ടരും അദ്ദേഹം അറിയാതെയാണ്‌ എ.ഡി.ബിയുമായി കരാറുണ്ടാക്കിയതെന്ന്‌ വ്യക്തമാണ്‌. കരാറുമായി മുന്നോട്ടു പോയ കാര്യം മന്ത്രിസഭയും താനുമറിഞ്ഞില്ല, രണ്ടു മന്ത്രിമാർക്ക്‌ തിരുത്തേണ്ടിവരും എന്നീ പ്രസ്‌താവനകൾ ഈ സംശയത്തിന്‌ ആക്കം കൂട്ടി. ഇതിനെ സാധൂകരിക്കുന്നതായിരുന്നു സി.പി.എം. നേതാക്കളുടെ മേഖലാതല യോഗത്തിൽ പങ്കെടുത്ത്‌ സംസാരിച്ച സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ പ്രസ്താവന. എ.ഡി.ബി യുമായി ബന്ധപ്പെട്ട സർക്കാർ നടപടി ക്രമങ്ങളിൽ തെറ്റുണ്ടായി എന്നു സമ്മതിച്ച കാരാട്ട്‌ മന്ത്രിസഭയിൽ മുഖ്യമന്ത്രിയറിയാതെ ഒരു സമാന്തര ഭരണ സംവിധാനം നടക്കുന്നുവെന്ന്‌ ഭംഗ്യന്തരേണ സമ്മതിക്കുകയായിരുന്നു. വി.എസ്‌ അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രിക്ക്‌ മന്ത്രിസഭയിൽ ഒരു സ്ഥാനവുമില്ല എന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവങ്ങൾ. അന്നു മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ ഒരുപക്ഷേ ചരിത്രം ആവർത്തിക്കുമായിരുന്നു, പൊതുജനം വീണ്ടും വി.എസിനുവേണ്ടി നിരത്തിലിറങ്ങുമായിരുന്നു. അതുവരെ കണ്ട വി.എസ.​‍്‌ അച്യുതാനന്ദൻ എന്ന വിഗ്രഹത്തിനുമേൽ ചെളി പുരളുന്നതാണ്‌ പിന്നീടുള്ള നിലപാടുകളിലെല്ലാം കണ്ടത്‌.

എ.ഡി.ബി കരാറിലെ അപകടകരമായ വ്യവസ്ഥകളിൽ താൻ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നു പറഞ്ഞ വി.എസ്‌ ഒരു നാണവുമില്ലാതെ അതിന്‌ സമ്മതം മൂളുമെന്ന്‌ തോമസ്‌ ഐസക്കും പാലൊളിയും പിണറായി പോലും വിചാരിച്ചുകാണില്ല. ‘വിദേശ വായ്‌പ എടുക്കുന്നതിലും നല്ലത്‌ കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നതാണ്‌. ചുരുങ്ങിയ വായ്‌പയ്‌ക്ക്‌ അവർ പണം നൽകും. കേന്ദ്രം പല പദ്ധതികളിലായി തരാനുള്ള പണം വാങ്ങണം’ എന്നൊക്കെ മൊഴിഞ്ഞ വി.എസിന്റെ കാലുമാറ്റം വളരെ ദയനീയമായിരുന്നു. ഒപ്പം വി.എസിന്റെ നയങ്ങളെ നിഴലുപോലെ പിൻതുടർന്ന സി.പി.ഐയും കാലുമാറി. സി.പി.ഐയുടേത്‌ രണ്ടു മന്ത്രിമാരോടുള്ള സഹതാപപ്രകടനമായിരുന്നു. എ.ഡി.ബിയുമായി കരാറിലൊപ്പിട്ടശേഷം ഇടതുമുന്നണി അത്‌ അംഗീകരിക്കാതിരുന്നാൽ തോമസ്‌ ഐസക്കും പാലൊളിയും രാജിവെക്കേണ്ടിവരും, അതുകൊണ്ടാണ്‌ തങ്ങൾ അതിന്‌ സമ്മതിച്ചതെന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ. സാക്ഷാൽ പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല വരട്ടുതത്വവാദം.

സുസ്ഥിര നഗര വികസനത്തിനു വേണ്ടിയെടുത്ത എ.ഡി.ബി വായ്‌പയിൽ കൺസൾട്ടൻസിയിൽ മാത്രമേ മാറ്റം വരുത്തിയിട്ടൂള്ളൂവെന്നാണ്‌ നിയമസഭയിൽ കഴിഞ്ഞ ദിവസം പാലൊളി പറഞ്ഞത്‌. ഇതുവഴി കൺസൾട്ടൻസിക്കു നൽകേണ്ട തുകയിൽ 15 കോടിയാണ്‌ ലാഭിച്ചതെന്നും പാലൊളി അഭിമാനത്തോടുകൂടെ പ്രസ്താവിച്ചു. ജനവിരുദ്ധ വ്യവസ്ഥ അതുമാത്രമായിരുന്നു എന്നാണ്‌ പാലൊളിയുടെ പ്രസ്‌താവനയിൽ നിന്നും മനസിലാക്കേണ്ടത്‌. കരാറിൽ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ആർ.എസ്‌.പി നേതാവ്‌ ടി.ജെ. ചന്ദ്രചൂഡന്റെയും വാദങ്ങൾ ശരിവെയ്‌ക്കുന്നതായിരുന്നു പാലൊളിയുടെ ഈ പ്രസ്‌താവന. മന്ത്രിസഭയ്‌ക്ക്‌ വായ്‌പയെടുക്കാൻ അംഗീകാരം നൽകിയ എൽ.ഡി.എഫ്‌ യോഗത്തിൽ വെളിയം ഭാർഗവനും ഇതു തന്നെയാണ്‌ പറഞ്ഞത്‌. ഇതിനേക്കാളൊക്കെ കൗതുകം കരാറിന്റെ പുനരവതാരത്തിന്‌ ചുക്കാൻ പിടിച്ച ധനമന്ത്രി തോമസ്‌ ഐസക്ക്‌ എന്ന സാമ്പത്തിക വിദഗ്‌ധൻ കരാറുമായി ബന്ധപ്പെട്ട്‌ കാര്യമായി ഒന്നും പറയുന്നില്ല എന്നതാണ്‌. ഏതൊക്കെ നിബന്ധനകളാണ്‌ എടുത്തു നീക്കിയത്‌ എന്നു പറയാനുള്ള മിനിമം മര്യാദയെങ്കിലും ഒരു ധനമന്ത്രിയെന്ന നിലയിൽ കാണിക്കേണ്ടിയിരുന്നു. കുറ്റകരമായ മൗനമാണ്‌ തോമസ്‌ ഐസക്കിന്റേത്‌. ജനകീയാസൂത്രണ വിവാദവുമായി ബന്ധപ്പെട്ട്‌ വിദേശഫണ്ട്‌ വിവാദത്തിലും പരിഷത്തിന്റെ സജീവ പ്രവർത്തകനായിരിക്കുമ്പോൾ വിഭവ ഭൂപടം നിർമ്മാണത്തിലും ആരോപണവിധേയനാണ്‌ ഐസക്ക്‌ എന്നുകൂടി ഓർക്കണം. കുത്തക രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു ബാങ്കുമായി രാജ്യത്തെ സാധാരണ ജനങ്ങളെ പണയപ്പെടുത്തി നടത്തുന്ന ഒരു ഇടപാടിൽ ഒളിച്ചുകളി നടത്തുന്ന ഈ രണ്ടു മന്ത്രിമാരേയും അവർ പ്രതിനിധാനം ചെയ്യുന്ന മന്ത്രിസഭയേയും സി.പി.ഐ പിൻതുണയ്‌ക്കുന്നത്‌ ഏത്‌ തത്വശാസ്‌ത്രത്തിന്റെ പിൻബലത്തിലാണ്‌.

എ.ഡി.ബി വായ്‌പയെടുത്തുള്ള പ്രവർത്തനങ്ങൾക്ക്‌ തടസമാകുന്ന എന്തിനെയും നീക്കാൻ ബലം പ്രയോഗിക്കണമെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതിയും അനുബന്ധകാര്യങ്ങളുമായി എ.ഡി.ബിക്ക്‌ കാലാകാലങ്ങളിൽ സർക്കാരുമായി ചർച്ച നടത്താം, ചർച്ചയിൽ എ.ഡി.ബി.ക്കുകൂടെ സ്വീകാര്യനാകുന്ന ഓഡിറ്ററും കൂടെ വേണം, എന്നിങ്ങനെ ആഭ്യന്തര ഭരണവുമായി ബന്ധപ്പെട്ട എല്ലാ നീക്കത്തിനും എ.ഡി.ബി. എന്ന വിദേശിയുടെ ഇടപെടലുകളുണ്ടാകുന്ന ഒരു കരാറിനാണ്‌ വി.എസ്‌ സമ്മതം മൂളിയത്‌. ഇതോടെ 1422 കോടിയുടെ എ.ഡി.ബി വായ്‌പ സംസ്ഥാനത്തിന്‌ നൽകുമെന്ന്‌ ഉറപ്പായി. കേരളത്തിന്റെ താൽപര്യങ്ങൾക്ക്‌ അനുകൂലമല്ലെന്ന്‌ കണ്ടെത്തിയ കരാർ കണക്കെടുപ്പിലും കോൺട്രാക്ട്‌ നൽകുന്നതിലും എ.ഡി.ബി.യ്‌ക്ക്‌ അധികാരം നൽകുന്ന കരാർ, എങ്ങനെയാണ്‌ സാമ്രാജ്യത്വം തുലയട്ടെയെന്ന്‌ അട്ടഹസിക്കുന്ന ഇടതുപക്ഷത്തിന്‌ സ്വീകാര്യമായത്‌.

1966ൽ മനില ആസ്ഥാനമായി ആരംഭിച്ച അമേരിക്കയ്‌ക്കും ജപ്പാനും വ്യക്തമായ നിയന്ത്രണമുള്ള ഏഷ്യൻ ഡവലപ്പ്‌മെന്റ്‌ ബാങ്ക്‌ മൂന്നാം ലോകരാജ്യങ്ങളെ സാമ്പത്തികമായി പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല പ്രവർത്തിക്കുക എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങൾ. 1993ൽ തുടങ്ങിയ എ.ഡി.ബി.യുടെ പീഡനം ആ രാജ്യത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്‌. ഫിലിപ്പൈൻസിലെ ഊർജ്ജമേഖലയിലും ശ്രീലങ്കയിലെ ഗതാഗത മേഖലയിലും പാകിസ്താനിലെ ആക്സസ്‌ ടു ജസ്‌റ്റിസ്‌ പദ്ധതിയിലും എന്തിന്‌ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ട്‌ പദ്ധതിയിൽ വരെ എ.ഡി.ബിയുടെ ജനവിരുദ്ധ നടപടികൾ ലോകം കണ്ടതാണ്‌. ഇതുകൊണ്ടൊക്കെതന്നെയാണ്‌ കമ്മ്യൂണിസ്‌റ്റുകാർക്ക്‌ എന്നും അഭിമാനമായ ഫിഡൽ കാസ്‌ട്രോയുടെ ക്യൂബ എ.ഡി.ബി വായ്‌പ വാങ്ങുകയില്ലെന്ന്‌ പ്രഖ്യാപിച്ചത്‌. പെൻഷൻ, സബ്‌സിഡി തുടങ്ങിയ സൗജന്യങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളിലും എ.ഡി.ബി. ശാഠ്യം പിടിച്ചതിനും ഈ രാജ്യങ്ങൾ തന്നെയാണ്‌ ഏറ്റവും നല്ല ഉദാഹരണങ്ങൾ. ഇതുപോലൊരു ചതിയിലേക്കാണ്‌ 1998ലെ നായനാർ സർക്കാർ കേരളത്തെ നയിച്ചത്‌. അന്നത്തെ ധനമന്ത്രി ടി. ശിവദാസമേനോനും എ.കെ.ജി. സെന്ററിലെ സാമ്പത്തിക ബുദ്ധിജീവികളുമായിരുന്നു ഇതിന്റെ പിന്നണിയിലുണ്ടായിരുന്നത്‌.

ഏഷ്യൻ ഡവലപ്‌മെന്റ്‌ ബാങ്ക്‌ മൂന്നാം ലോക രാജ്യങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുണ്ടാക്കിയതല്ല എന്ന്‌ വി.എസിനുമറിയാം, അതിനുമുമ്പ്‌ വൈറ്റ്‌പേപ്പർ കാണിച്ചു വിരട്ടി കേരളത്തിന്‌ എ.ഡി.ബി. വായ്‌പ അനിവാര്യമാണെന്നു വാദിച്ച എ.കെ.ആന്റണിക്കും, എല്ലാത്തിനും തത്വത്തിൽ അംഗീകാരം നൽകിയ ഇ.കെ. നായനാർക്കുമറിയാം. ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടാണ്‌ വി.എസ്‌., എ.ഡി.ബിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തതും. ഇരുപക്ഷവും വർഷങ്ങളായി എ.ഡി.ബി. കാര്യത്തിൽ ജനവിരുദ്ധം എന്നു പറഞ്ഞ്‌ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും നാളുകളായി നടത്തിക്കൊണ്ടിരുന്ന മലക്കം മറിച്ചിലുകളിൽ നിന്നും ഈ അടുത്ത ദിവസങ്ങളായി മന്ത്രിമാർ നടത്തുന്ന പ്രസ്താവനകളിൽ നിന്നും വായ്‌പയിൽ ജനവിരുദ്ധ നയങ്ങൾ ഇപ്പോളും നിലനിൽക്കുന്നു എന്നുവേണം മനസിലാക്കാൻ. എ.ഡി.ബി. ക്ഷണിച്ചു കൊണ്ടുവന്നതിൽ ഇരുപക്ഷവും തുല്യപങ്കാളികളാണ്‌.

മുഖ്യമന്ത്രി അച്യുതാനന്ദൻ കൂടി ഭംഗിയായി കാലുമാറിയ സാഹചര്യത്തിൽ കരാറൊപ്പിട്ട സർക്കാരിൽ നിന്നും വിട്ടുവീഴ്‌ചയൊന്നും ഇനി പ്രതീക്ഷിക്കണ്ട. കരാർ ഒപ്പിടണമെന്നു തന്നെയാണ്‌ പ്രതിപക്ഷമായ യു.ഡി.എഫ്‌. ഇപ്പോഴും ആവശ്യപ്പെടുന്നത്‌ അതുകൊണ്ടുതന്നെ ഒരു പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കാൻ അവർക്കു കഴിയില്ല. പിന്നെയുള്ള ബി.ജെ.പി.ക്കും പി.സി. ജോർജ്ജു പോലുള്ളവരുടെ ബ്രാക്കറ്റു പാർട്ടികൾക്കും അതിനെതിരെ പ്രക്ഷോഭം നടത്താനുള്ള ആൾബലവും ഇല്ല. കേരളത്തെ ഈ കടക്കെണിയിൽ നിന്ന്‌ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരു വ്യക്തി വി.എസ്‌. അച്യുതാനന്ദൻ മാത്രമായിരുന്നു. ഇന്നലെവരെ പദ്ധതിയെ തള്ളിപ്പറയുകയും ഒരു സുപ്രഭാതത്തിൽ താൻ പോലുമറിയാതെ ഒപ്പിട്ട പദ്ധതിക്ക്‌ പിൻതുണ നൽകുകയും മന്ത്രിസഭയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല എല്ലാം മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കിയതാണെന്ന മട്ടിൽ പ്രതികരിക്കുകയും ചെയ്‌ത ഒരു മുഖ്യമന്ത്രിയെയല്ല അച്യുതാനന്ദനിൽ നിന്നും കേരളം പ്രതീക്ഷിച്ചത്‌. മലക്കം മറിയുന്നതിനു മുമ്പ്‌ ചുരുങ്ങിയപക്ഷം കരാറിലെ ജനവിരുദ്ധ വ്യവസ്ഥകളെ കുറിച്ച്‌ ഒരു വിശദീകരണമെങ്കിലും മുഖ്യമന്ത്രിക്ക്‌ നടത്താമായിരുന്നു. പകരം എ.ഡി.ബി. കരാറിനു അംഗീകാരം നൽകിയ മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങൾ അടങ്ങിയ രണ്ടുവരി പത്രക്കുറിപ്പു മാത്രം നൽകി മുഖ്യമന്ത്രി പത്രലേഖകരെ ഒളിച്ചു നടക്കുകയാണ്‌ ചെയ്‌തത്‌. യോഗത്തിൽ മുഖ്യമന്ത്രി പ്രതിഷേധമറിയിച്ചുവെന്ന റിപ്പോർട്ടിനെക്കുറിച്ചും നേരിട്ടു പ്രതികരിക്കാൻ അദ്ദേഹം മടിച്ചു.

ഇതോടെ ജനങ്ങളുടെ മുന്നിലെ ഒരു വിഗ്രഹം കൂടി തകരുകയാണ്‌. അധികാരമോഹികളായ പിണറായിയും കൂട്ടരും വിരിച്ച വലയിൽ വീണ്‌ ശ്വാസം മുട്ടുമ്പോഴും വി.എസിന്‌ ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്‌ പെൺവാണിഭക്കാരോടും ഭൂമി ഇടപാടുകാരോടും സ്വന്തം പാർട്ടിയോടും വരെ യുദ്ധം പ്രഖ്യാപിച്ച്‌ നേടിയെടുത്ത വിശ്വാസമാണ്‌ ഇവിടെ തകരുന്നത്‌. അധികാരം കൈവിട്ടു പോകാതിരിക്കാൻ താനിതുവരെ ഉണ്ടാക്കിയെടുത്ത വ്യക്തിത്വത്തെയും ജനങ്ങളർപ്പിച്ച വിശ്വാസത്തേയും വെറും മുപ്പതു വെള്ളിക്കാശിനു വിറ്റ യൂദാസിന്റെ റോളിലാണ്‌ വി.എസ്‌. അച്യുതാനന്ദൻ ഇന്ന്‌ നമ്മുടെ മുന്നിൽ നിൽക്കുന്നത്‌.

ബി.എസ്‌. ബിമിനിത്‌


E-Mail: biminith@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.