പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

ഒരു ചുക്കും അറിയാത്ത ജുഡീഷ്യൽ സിൻഡിക്കേറ്റ്‌!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി ഷൈബിൻ

മഹാന്മാർ ഒരുപോലെ ചിന്തിക്കുന്നെന്ന്‌ പറഞ്ഞത്‌ എത്ര ശരിയാണ്‌. നോക്കണേ, കാലങ്ങൾക്കും കാതങ്ങൾക്കുമപ്പുറം മാർക്‌സ്‌ സഖാവ്‌ പറഞ്ഞതത്രയും ഇപ്പോൾ പിണറായി സഖാവ്‌ അടിവരയിടുന്നു.

ജനാധിപത്യ പ്രക്രിയയിൽ കോടതി മർദ്ദനോപാധിയാകുമെന്ന്‌ സിദ്ധാന്തിച്ചത്‌ മാർക്‌സാണ്‌. കോടതി പ്രതിപക്ഷ നേതാവ്‌ ചമയരുതെന്ന്‌ മുന്നറിയിപ്പ്‌ നൽകി വീരശ്രീ പിണറായി സഖാവ്‌ പ്രോജ്വലമായ പാരമ്പര്യം കാത്തു. ജുഡീഷ്യൽ സിൻഡിക്കേറ്റിനെ കുറിച്ച്‌ പിണറായി വാചാലനാകുമ്പോൾ ധീരോദാത്ത പ്രതാപഗുണവാനായ മുഖ്യമന്ത്രി വേലിയ്‌ക്കകത്തു ശങ്കരൻ അച്യുതാനന്ദൻ പോലും അതു ശരിവെക്കുന്നു. കോട്ടയം സമ്മേളനശേഷം ജുഡീഷ്യറിയോടുളള സമീപനത്തിൽ വരെ എന്തൊരു ഐക്യസ്വരം അല്ലേ. ദേശാഭിമാനിയിലെ ശതമന്യു പോലും നേതൃകാഹളത്തിൽ കോൾമയിർകൊണ്ട്‌, സൂര്യനു താഴെ എല്ലാത്തിലും അഭിപ്രായം പറയാൻ ന്യായാധിപനാരെന്ന്‌ ചോദിക്കുന്നു. ഒരു ചുക്കും അറിയാത്ത ജുഡീഷ്യൽ സിൻഡിക്കേറ്റുകൾ!

കോടതിയെ വിമർശിക്കൽ നമ്മുടെ ജന്മാവകാശമാണെന്ന്‌ ഭരണഘടനയും നിയമഘടനയും എഴുതി വെച്ചവരുണ്ടോ അറിയുന്നു. 57-ലെ കമ്മ്യൂണിസ്‌റ്റ്‌ ഭരണത്തിന്റെ പിന്തുടർച്ചയാണ്‌ തന്റെ സർക്കാരെന്നാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ അവകാശവാദം. ആദ്യമായി കോടതിയെ വെല്ലുവിളിച്ചത്‌ സാക്ഷാൽ ഏലംകുളമനയിൽ ശങ്കരൻ നമ്പൂതിരിപ്പാടാണ്‌. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ഐതിഹാസിക ചരിത്രത്തിൽ അതെല്ലാം സ്വർണലിപികളിലാണ്‌ കോറിയിട്ടത്‌.

ഇ.എം.എസ്‌ 1967 നവംബർ ഒമ്പതിന്‌ നടത്തിയ പത്രസമ്മേളനം നമ്മുടെ പാർട്ടിയുടെ പ്രഖ്യാപിത നയം വിളിച്ചോതുന്നതായിരുന്നു. ‘മാർക്‌സും ഏംഗൽസും കോടതിയെ മർദനോപാധിയായി കാണുന്നു. എല്ലാ ന്യായാധിപരും സമ്പന്ന വർഗത്തിന്റെ പിണിയാളുകളാണ്‌ എന്നായിരുന്നു ഇ.എം.എസിന്റെ പരാമർശം. കോടതിയെ അധിക്ഷേപിച്ചതിന്‌ ഹൈക്കോടതി നൽകിയ ശിക്ഷ സുപ്രീം കോടതി ശരിവെച്ചതോടെ ഇ.എം.എസ്‌ പിഴയൊടുക്കി. 58-ൽ വരന്തരപ്പളളി കൊലപാതകത്തെ സംബന്ധിച്ച്‌ അദ്ദേഹം ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുകയും ഹൈക്കോടതി മുമ്പാകെ നേരിട്ട്‌ ഹാജരായി മാപ്പു പറയുകയും ചെയ്തത്‌ വേറെക്കാര്യം.

“കോടതികളുടെ ഭരണമല്ല ജനാധിപത്യം. കോടതികൾ ഭരണ കാര്യത്തിൽ പറയുന്ന അഭിപ്രായങ്ങൾക്ക്‌ വിലകൽപ്പിക്കേണ്ടതില്ല” എന്ന്‌ ആദ്യ നിയമസഭയിൽ ഇ.എം.എസ്‌ അഭിപ്രായപ്പെട്ടിരുന്നു. പാമോയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിധിപ്രസ്‌താവത്തിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സിരിജഗനെതിരെ വി.എസ്‌ നടത്തിയ പരാമർശവും ഇതോട്‌ ചേർത്തുവായിക്കാം.

കോടതി വിധികൾ അനുഗുണമാകുമ്പോൾ ജഡ്‌ജിമാരെ അരിയിട്ടു വാഴിക്കുകയും എതിരാകുമ്പോൾ കല്ലേറു നടത്തുകയും ചെയ്യുന്നതും നമ്മുടെ രീതിയാണ്‌, കേട്ടോ. ജഡ്‌ജിമാരെ കൈകാര്യം ചെയ്യാൻ ആവശ്യമെങ്കിൽ ഭൂതഗണങ്ങളെയെല്ലാം എ.കെ.ജി സെന്ററിൽ നിന്ന്‌ തുറന്നുവിടുകയും ചെയ്യും. ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായ വി.കെ. ബാലിയെ സിന്ധുജോയിയും കൂട്ടരും ചാണകം തളിച്ച്‌ പ്രതീകാത്മകമായി നാടുകടത്തിയത്‌ മറക്കാറായിട്ടില്ല.

മന്ത്രി എ.കെ. ബാലനെതിരെ ഒറ്റപ്പാലം മജിസ്‌ട്രേറ്റ്‌ വാറണ്ട്‌ അയച്ചപ്പോൾ നിയമസഭയിൽ പ്രമേയം പാസാക്കിയാണ്‌ നമ്മൾ തിരിച്ചടിച്ചത്‌. ’നോട്ടുകെട്ടിന്റെ കനത്തെ ആശ്രയിച്ചാണ്‌ കോടതി വിധികളെന്ന്‌“ പ്രസംഗിച്ച മന്ത്രി പാലൊളിയെയും കോടതി പിടികൂടി. മന്ത്രി ജി. സുധാകരനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി കേസെടുത്തതും ഇക്കാലത്താണ്‌. രണ്ടു വർഷത്തിനിടെ നേതാക്കളെയെല്ലാം ജുഡീഷ്യറി വല്ലാതെ പീഡിപ്പിച്ചു.

അറുപതുകളിലെ ഒരു സംഭവം ഓർമ്മയുണ്ടോ. ഭക്ഷ്യക്ഷാമകാലത്ത്‌ തന്റെ നടപടി റദ്ദാക്കിയ കൽക്കത്ത ഹൈക്കോടതി ഉത്തരവിനെ മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി പി.സി.സെൻ ആകാശവാണിയിലൂടെ വിമർശിച്ചപ്പോൾ കോടതിയലക്ഷ്യം കാട്ടിയ സെൻ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ നമ്മുടെ പാർട്ടിയാണ്‌. ജസ്‌റ്റിസ്‌ സിരിജഗനെ വി.എസ്‌ വ്യക്തിപരമായി വിമർശിച്ചപ്പോൾ വെളളപൂശിയതും പാർട്ടി നേതൃത്വം തന്നെ. സെൻ കോൺഗ്രസും വി.എസ്‌ കമ്മ്യൂണിസ്‌റ്റുമാണെന്ന വ്യത്യാസമുണ്ട്‌. മുമ്പൊക്കെയാണെങ്കിൽ കോടതി അലക്ഷ്യം നേരിടാൻ നമ്മൾ തയ്യാറായിരുന്നു. ഇപ്പോൾ അതിനൊന്നും വയ്യ. കോടതി അലക്ഷ്യം വിധിച്ചാൽ ജഡ്‌ജി നേരെചൊവ്വേ വീട്ടിലിരിക്കില്ല.

ആന്ധ്രാ അരി കുംഭകോണം അന്വേഷിച്ച ജസ്‌റ്റിസ്‌ രാമൻനായരെയും അദ്ദേഹത്തിന്റെ റിപ്പോർട്ടും വിപ്ലവ കേസരികൾ പരിഹസിച്ചത്‌ പഴയ വാർത്തയാണ്‌. 1968-ൽ കോൺഗ്രസ്‌ നേതാവ്‌ കെ.പി. നൂറുദ്ദീൻ പ്രതിയായ കേസിനെക്കുറിച്ച്‌ പൊതുമധ്യത്തിൽ പരാമർശിച്ച്‌ കോടതിയലക്ഷ്യം നേരിട്ട ചരിത്രം എ.കെ.ജിയ്‌ക്കും പി. ഗോവിന്ദപ്പിളളയ്‌ക്കുമുണ്ട്‌. ഒരു കൊലപാതക കേസിൽ ജസ്‌റ്റിസ്‌ ആർ. ബസന്ത്‌ പുറപ്പെടുവിച്ച വിധിക്കെതിരെ പ്രസംഗിച്ച കോടിയേരി ബാലകൃഷ്‌ണനും കോടതിയലക്ഷ്യം നേരിട്ടു. അതെല്ലാം പഴയ കഥ.

എടക്കാട്‌ മണ്‌ഡലത്തിൽ നിന്നുളള ഒ. ഭരതന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണനെതിരെ പോർവിളി നടത്തിയ ചരിത്രവും പാർട്ടിക്കുണ്ട്‌. ഇതേ കെ.ജി. ബാലകൃഷ്‌ണൻ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായപ്പോൾ അഭിനന്ദിക്കാനും നമ്മുടെ സഖാക്കളാണ്‌ മുമ്പിൽ നിന്നത്‌. പ്രത്യേക രാഗദ്വേഷാദികൾ ഇല്ലെന്ന്‌ ബോധ്യമായില്ലേ. ജസ്‌റ്റിസ്‌ വി. രാംകുമാർ എന്ന പുമാൻ കണ്ണൂരിന്റെ പേരിൽ പ്രതിപക്ഷത്തെ പോലെ സംസാരിച്ചപ്പോഴാണ്‌ ഒടുവിൽ ഇടപെട്ടത്‌; അതിരു കടക്കരുതെന്ന്‌ മുന്നറിയിപ്പ്‌ നൽകിയത്‌.

കോടതി ഇങ്ങനെ അതിരു കടന്നാൽ കമല പിണറായിയെയും വിനോദിനി കോടിയേരിയെയും ജൂബിലി നവപ്രഭ ടീച്ചർ സുധാകരനെയും റഹ്‌മത്ത്‌ കരീം സാഹിബിനെയും കാരാഗ്രഹത്തിൽ ചെന്നു കാണേണ്ടി വരില്ലേ? ജുഡീഷ്യൽ സിൻഡിക്കേറ്റിന്‌ ഈ പാർട്ടിയെ കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്ന്‌ പറഞ്ഞത്‌ ചുമ്മാതല്ല. തലശ്ശേരിക്കാരനായ ഒരു അഡ്വക്കേറ്റ്‌ ജനറലും പാർട്ടി സെക്രട്ടറിയും കൂടിയല്ലേ പാവം പാണ്ടിക്കടവത്ത്‌ കുഞ്ഞാപ്പയെന്ന പുലിക്കുട്ടിയെ ഐസ്‌ക്രീം ചതുപ്പിൽ നിന്ന്‌ രക്ഷിച്ചത്‌. നിയമ സംഹിതയൊക്കെ നമുക്കുമറിയാം. ഇതൊക്കെ പഠിച്ചിട്ട്‌ കോട്ടിട്ട്‌ ഇരുന്നാൽ മതി. അല്ലാത്ത എല്ലാ ന്യായാധിപ സുന്ദരവിഡ്‌ഢികൾക്കും നല്ല നമസ്‌കാരം.

ടി ഷൈബിൻ


E-Mail: shybinnanminda@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.