പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

ഗുണ്ടാവേട്ടയും മൂന്നാറിന്റെ വഴിയെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.കെ കൊടുങ്ങല്ലൂർ

ജനങ്ങൾ മറ്റെന്തിനേക്കാളുപരി കാംക്ഷിക്കുന്നതു സ്വൈരജീവിതമാണ്‌. അക്കാരണത്താൽ അവർ ഏറെ പ്രതീക്ഷയോടെ അഭിലഷിച്ചതു സ്വൈരജീവിതം ഉറപ്പു വരുത്താനുതകുന്ന ഗുണ്ടാനായമത്തിന്റെ അരുണോദയമാണ്‌. മൂന്നാർ ദൗത്യം ആക്ഷൻ ത്രില്ലറായിരുന്നെങ്കിൽ ഗുണ്ടാനിയമം ആശ്വാസത്തിന്റെ ജീവൽ പ്രതീക്ഷയായിരുന്നു. അതു കർക്കശമായി നടപ്പിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ജീവിതത്തിലെ മറ്റെല്ലാ വേദനകളും മറക്കാനുതകുന്ന വേദന സംഹാരിയാകുമായിരുന്നു. അത്രയ്‌ക്ക്‌ തീഷ്ണമാണു നാട്ടിലെ ഗുണ്ടാവിളയാട്ടം മൂലമുള്ള അരാജകാവസ്ഥ. സന്ധ്യയാകുമ്പോൾ കച്ചവടം പൊടിപൊടിച്ചിരുന്ന കച്ചവടസ്ഥാപനങ്ങൾ ഇരുട്ടു വീഴുന്നതോടെ അടയ്‌ക്കുവാൻ നിർബന്ധിതമാകുകയാണ്‌. കമ്പോളങ്ങൾ, തെരുവുകൾ സിനിമാശാലകൾ എന്നുവേണ്ട ബാറൊഴിച്ച്‌ എല്ലാം വിജനമാകുന്നു. ബാറിലാകട്ടെ പൂരത്തിന്റെ തിരക്കും. വിറ്റുവരവുമായി വീട്ടിലേക്ക്‌ മടങ്ങുന്ന ബാറുടമയ്‌ക്കാകട്ടെ, കടയുടമയ്‌ക്കാകട്ടെ പണവുമായി ജീവനോടെ വീട്ടിലെത്താമെന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. അതുപോലെ സന്ധ്യയ്‌ക്ക്‌ നടന്നു നീങ്ങുന്ന കഴുകൻ കണ്ണുകൾ വേട്ടയാടുന്ന സ്ര്തീകൾക്കും. കുട്ടികളുടെ സ്ഥിതിയും തഥൈവ. അവരെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന ക്വട്ടേഷൻ സംഘത്തിനു രാവിന്റെ മറപോലും വേണമെന്നില്ല. വീടാണ്‌ സുരക്ഷിതസ്ഥലമായി കല്പിക്കാറുള്ളതെങ്കിലും അതൊരു പഴങ്കഥയായി മാറിയിരിക്കുകയാണിപ്പോൾ. കാട്ടിലെ ഇരകളുടെ അഭാവത്തിൽ നാട്ടിലെത്തുന്ന വന്യമൃഗങ്ങളെപ്പോലെ തെരുവ്‌-കമ്പോളങ്ങൾ വിജനമാകുന്നതോടെ ആൾപിടിയന്മാരായ ഗുണ്ടകളുടെ ലക്ഷ്യം വിജനങ്ങളല്ലാത്ത വീടുകൾ തന്നെ.

ജോലി ചെയ്തു സമ്പാദിക്കുന്ന പണം വീട്ടിലെത്തുമെന്നോ, അടുത്ത ദിവസം ജീവിച്ചിരിക്കുമോ എന്നൊന്നും നിശ്ചയമില്ലാത്ത അവസ്ഥ. നമ്മുടെ ജീവിതഗതിയും ആയുസും നിശ്ചയിക്കുന്നതു മുൻപത്തെപ്പോലെ കാലനല്ല. മറിച്ച്‌ ഏതെങ്കിലും ബാറിലെ എ.സി. മുറിയിലിരുന്ന്‌ സൊറ പറഞ്ഞിരിക്കുന്ന, നമ്മെ ഒരിക്കൽപോലും കാണാത്ത ക്വട്ടേഷൻ പാർട്ടികളും അവരുടെ ഗോഡ്‌ഫാദറുമാണ്‌. അടുത്ത കാലത്ത്‌ 18 വയസ്സായ ഒരു യുവാവിനെ നടുറോഡിൽ വച്ച്‌ കാറിൽ നിന്നിറക്കി ജനസമക്ഷത്തിൽവച്ച്‌ കുത്തിക്കൊന്നതിനു പ്രതിഫലം വീതിച്ചപ്പോൾ ആളൊന്നിന്‌ ലഭിച്ചത്‌ 19000 രൂപയാണ്‌! അതിനും പുറമെയാണ്‌ ഗുണ്ടാപ്പണം. കെട്ടിടം പണിയണമെങ്കിൽ, കച്ചവടം നടത്തണമെങ്കിൽ, ഭൂമി വാങ്ങണമെങ്കിൽ, വിൽക്കണമെങ്കിൽ മകളെ വിവാഹം കഴിച്ചയക്കണമെങ്കിൽ, ബസ്‌ സർവ്വീസ്‌ നേരെ ചൊവ്വെ നടത്തണമെങ്കിൽ, ഉത്സവാഘോഷങ്ങളിൽ ക്രമസമാധാന ഭംഗമുണ്ടാകാതിരിക്കണമെങ്കിൽ, കലാപരിപാടി നടത്തണമെങ്കിൽ തദ്ദേശഗുണ്ടകൾക്ക്‌ കപ്പം കൊടുത്തു പ്രീതിപ്പെടുത്തിയേ മതിയാകൂ. ഇതിനും പുറമെയാണ്‌ മധ്യസ്ഥന്മാരുടെ വേഷത്തിൽ ഇക്കൂട്ടർ പ്രശ്നങ്ങൾ തീർക്കുമ്പോൾ കിടപ്പറ പങ്കുവയ്‌ക്കേണ്ടിവരുന്ന വീട്ടമ്മമാരുടെ മാനനഷ്ടം. തുണിമുറുക്കിയുടുത്തു ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെട്ട്‌ കഴിയാൻ ഭൂരിപക്ഷം മലയാളികളും തയ്യാറാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ പണവും മാനവും മാത്രമല്ല, അടിവസ്ര്തംപോലും അവരറിയാതെ ഗുണ്ടകൾ കൊണ്ടുപോകുന്ന അരക്ഷിതാവസ്ഥയാണുള്ളത്‌.

ഈ പശ്ചാത്തലത്തിൽ മൂന്നാർ ഹരം പകരുന്ന തട്ടുപൊളിപ്പൻ ചവിട്ട്‌നാടകമെന്നല്ലാതെ, ഇത്രത്തോളം ജീവിതഗന്ധിയായ ഒരു പ്രമേയമല്ലിത്‌. ഇപ്പോഴത്തെ സാമൂഹികപ്രശ്നം സ്വൈരജീവിതം തകർക്കുന്ന ഗുണ്ടകളുടെ സമാന്തരനിയമവീഴ്‌ചയാണ്‌. ഉത്സവകമ്മറ്റിയിൽ, ചിട്ടിക്കമ്പനിയിൽ, ഭൂമി കച്ചവടത്തിൽ, പൊതുലേലങ്ങളിൽ, ട്രേഡ്‌ യൂണിയനുകളിൽ, ദുരിതാശ്വാസപിരിവുകളിൽ, വാഹനഗതാഗതത്തിൽ എന്നുവേണ്ട എല്ലാത്തിലും എല്ലാറ്റിനെയും നിയന്ത്രിക്കുന്നതു പൊതുപ്രവർത്തകരുടെ വേഷമിട്ട ഇക്കൂട്ടരാണ്‌. ക്വട്ടേഷൻ സംഘങ്ങളുടെ വരുതിയിൽ മെയ്‌ക്കരുത്തുള്ള ‘ചാപ്ലി ബിജു’മാർ മാത്രമല്ല ഇവരോടൊപ്പം ചേർന്ന്‌ എന്തും ചെയ്യാൻ മടിക്കാത്ത ലലനാമണികളും, അഭിസാരികകളും, അബദ്ധവശാൽ കുടുങ്ങി രക്ഷപ്പെടാൻ തരപ്പെടാതെ വിഷമിക്കുന്ന കുലീനകളായ വീട്ടമ്മമാരുണ്ട്‌. കേരളം ഛോട്ടാരാജന്മാരുടെയും ശക്കീലന്മാരുടെയും നീരാളിപിടുത്തത്തിലാണ്‌. ഇതിന്റെ മൂർത്തരൂപമാണ്‌ മൂന്നാർ റിസോർട്ടുകളും കൈയ്യേറ്റങ്ങളും. പ്രതിദിനം അയ്യായിരവും പതിനായിരവും രൂപ മുറിവാടക കൊടുത്തു സുഖിക്കാനെത്തുന്ന നാടൻ ടൂറിസ്‌റ്റുകളുടെ ഉദ്ദേശം വെടിയിറച്ചിയും കിളുന്ത്‌ പെൺമാംസവുമാണ്‌. ടൂറിസം ഒരു വ്യവസായമായി അംഗീകരിച്ച ഒരു സംസ്ഥാനമെന്ന നിലയ്‌ക്ക്‌ സംസ്ഥാനത്തിന്റെ ഔദ്യോഗിക വ്യവസായമായി കടലോരത്തും കായലോരത്തും മലയോരത്തും ‘പച്ചമാംസ’കച്ചവടം തളിരിട്ടിരിക്കുകയാണ്‌; രാഷ്ര്ടീയഗുണ്ടകളുടെ തണലിൽ.

മുംബൈ പോലുള്ള അധോലോക നഗരങ്ങളിൽ ഗുണ്ടകൾക്കും മാഫിയകൾക്കും രാഷ്ര്ടീയബന്ധങ്ങളുണ്ടെങ്കിലും അവരാരും ഒരു രാഷ്ര്ടീയപാർട്ടികളിലേയും അംഗങ്ങളല്ല. പക്ഷെ കേരളത്തിലെ സ്ഥിതി അതല്ല. അവർ ഏതെങ്കിലുമൊരു രാഷ്ര്ടീയകക്ഷിയുടെ പിണിയാളുകളായിരിക്കുമെന്നതാണ്‌ മാരകമായ സവിശേഷത. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പക പോരിന്‌ രാഷ്ര്ടീയനിറം ചാർത്തി ഹർത്താലിന്‌ ആഹ്വാനം ചെയ്യുന്ന രാഷ്ര്ടീയക്കാരുടെ മറപറ്റിയാണ്‌ ഗുണ്ടകൾ ഒളിവിലും തെളിവിലും വിലസുന്നതും വളരുന്നതും. സമീപകാലത്തു തലസ്ഥാന നഗരിയിൽ കൊല്ലപ്പെട്ട ഒരു യുവനേതാവിന്റെ പേരിൽ 41 ക്രിമിനൽ കേസുകളുണ്ടായിരുന്നെങ്കിലും പരേതന്റെ നിര്യാണത്തെ ഹർത്താലാചരിച്ചാണു ബഹുമാനിച്ചത്‌! ഗുണ്ടകൾ സംഘട്ടനങ്ങളിൽ മരിക്കുമ്പോൾ ദേശീയ നേതാക്കൾ അന്തരിക്കുന്നതുപോലെയാണ്‌ ‘കട’കമ്പോളങ്ങൾ അടപ്പിച്ച്‌ ദുഃഖാചരണം നടത്തുന്നതും അവന്റെ ദുർമരണം രക്തസാക്ഷിദിനമായി കൊണ്ടാടുന്നതും. മുൻപൊക്കെ ഇങ്ങനെ മരിക്കുന്ന ക്രൈസ്തവരെ തെമ്മാടിക്കുഴിയിലാണു സംസ്‌കരിച്ചിരുന്നതെങ്കിൽ ഇന്നു മന്ത്രിമാർവരെ ‘ജനനേതാവി’ന്റെ ജഡത്തിൽ റീത്തുവയ്‌ക്കാൻ ക്യൂ നിൽക്കുന്ന കാഴ്‌ചയാണു കാണുന്നത്‌. അടുത്തകാലത്തു ചാവക്കാട്‌ നടന്ന പാളിപ്പോയ ഒരു ഹർത്താലാഹ്വാനം ശ്രദ്ധേയമാണ്‌. ചാവക്കാട്‌ ‘മുനിസിപ്പൽ ചെയർമാൻ കൊല്ലപ്പെട്ടപ്പോൾ പ്രതികൾ യു.ഡി.എഫുകാരാണെന്ന്‌ ആരോപിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവർ നിഷേധിക്കുകയാണുണ്ടായത്‌. എന്നാൽ പ്രസ്തുത പ്രതി കൊല്ലപ്പെട്ടപ്പോൾ, രസകരമെന്ന്‌ പറയട്ടെ, യു.ഡി.എഫുകാർ അയാളുടെ രാഷ്ര്ടീയ പൈതൃകം ഏറ്റെടുത്തു ഹർത്താലാഹ്വാനവുമായി ഇറങ്ങിത്തിരിക്കുകയാണ്‌ ചെയ്തത്‌! അത്രയ്‌ക്കും ദൃഢമാണു രാഷ്ര്ടീയക്കാരും കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധരക്തബന്ധം.

മൂന്നാർ ഓപ്പറേഷൻ പോലെ ഗുണ്ടാവേട്ടയും തികഞ്ഞ പരാജയത്തിലായിരിക്കും ചെന്നു കലാശിക്കുക. ഗുണ്ടകളുടെ പട്ടികയിൽ നിന്ന്‌ രാഷ്ര്ടീയഗുണ്ടകളെ പ്രത്യേക പരിഗണന നൽകി ഒഴിവാക്കിയതാണ്‌ അതിനു കാരണം പാർട്ടി ഓഫീസുകളെ കൈയ്യേറ്റഭൂമിയിലെ ഒഴിപ്പിക്കേണ്ട പട്ടികയിൽ നിന്ന്‌ ഒഴിവാക്കി പാവനത്വം നൽകിയതുപോലെയുള്ള ഒരസംബന്ധമാണിതും. കടുവ മൗലികമായി മാംസഭുക്കെന്നപോലെ ഗുണ്ടകൾ ഏതു പാർട്ടിക്കാരായാലും ഗുണ്ടകൾ തന്നെ. ഗുണ്ടകളുടെ പട്ടികയിൽ നിന്ന്‌ ഭൂരിപക്ഷം വരുന്ന ’രാഷ്ര്ടീയ‘ പ്രവർത്തകരെ ഒഴിവാക്കിയാൽ അറസ്‌റ്റ്‌ ചെയ്യപ്പെടാൻ ആരാണ്‌ ശേഷിക്കുക? രാഷ്ര്ടീയപ്രവർത്തകർ മര്യാദപുരുഷോത്തമന്മാരായിരിക്കണമെന്ന്‌ എങ്ങും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്‌ അവർക്ക്‌ ഗുണ്ട മാത്രമല്ല, തെമ്മാടിയും പോക്കിരിയും പെൺവാണിഭക്കാരനും മദ്യപാനിയും വ്യഭിചാരിയുമാകുന്നതിന്‌ പ്രത്യേക ലൈസൻസൊന്നും വേണ്ട. ശിക്ഷിക്കപ്പെട്ടാത്ത ക്രിമിനൽ കുറ്റവാളികൾക്കുപോലും ഇലക്ഷനിൽ മത്സരിക്കാമെന്നല്ലെ നിയമം അനുശാസിക്കുന്നത്‌. അങ്ങനെ കൊലപാതകികളും ബലാൽസംഗക്കാരുമായ എത്രയെത്ര രാഷ്ര്ടീയ പ്രവർത്തകരും മന്ത്രിമാരുമാണ്‌ നമുക്കുള്ളത്‌. സൂര്യനെല്ലി കേസിലെ ഒരു പ്രതി കോൺഗ്രസിന്റെ ജില്ലാ നേതാവായിരുന്നു. ഗുണ്ടകൾക്കെന്നപോലെ രാഷ്ര്ടീയക്കാർക്കും കൈയ്യും കാലും മറ്റു അവയവങ്ങളും ഉണ്ടെന്നിരിക്കെ ’രാഷ്ര്ടീയ‘പ്രവർത്തകർ ഗുണ്ടകളാകില്ലെന്ന്‌ എന്താണുറപ്പ്‌? രാഷ്ര്ടീയപ്രവർത്തകരെ ഗുണ്ടാനിയമത്തിന്റെ പരിധിയിൽ നിന്ന്‌ ഒഴിവാക്കിയാൽ അതൊരു ഹിമാലയൻ വിഡ്‌ഢിത്തമായിരിക്കുമെന്ന്‌ മാത്രമല്ല രാഷ്ര്ടീയത്തിന്റെ മറവിൽ തെമ്മാടികൾക്ക്‌ ഗുണ്ടാപണി നടത്താമെന്നുമാണു അതു നൽകുന്ന സൂചന. അതോടെ ഗുണ്ടകളെല്ലാം പ്രച്ഛന്ന രാഷ്ര്ടീയക്കാരായി മാറുകയും കേരളം അവരുടെ കരാളവലയത്തിൽ അമരുകയുമായിരിക്കും ഫലം.

തെമ്മാടികൾ, പോക്കിരികൾ എന്നീ വർഗ്ഗത്തിൽപ്പെട്ട ഗുണ്ടകൾ രാഷ്ര്ടീയപാർട്ടികളുടെ ലേബലിൽ തഴച്ചുവളരുന്ന ക്വട്ടേഷൻ സംഘങ്ങളോ അവരുടെ നേതാക്കളോ ആണ്‌. ഇവരിൽ ചിലർ ചില നേരങ്ങളിൽ രാഷ്ര്ടീയ പ്രവർത്തകരും മറ്റു നേരങ്ങളിൽ മുഴുവൻ സമയ ഗുണ്ടകളുമാണ്‌. ഡൽഹി, മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തിസ്‌ഗഡ്‌​‍്‌ നിയമസഭകളിലെ 590 നിയമസഭാ സമാജികരിൽ 106 പേരും ക്രിമിനലുകളാണത്രെ! അതുപോലെ കേന്ദ്രത്തിലെ 10 മന്ത്രിമാരും 93 എം.പിമാരും ക്രിമിനൽ കേസുകളിലെ പ്രതികളാണുപോലും! അടുത്തയിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റ രാധികശെൽവി ഒരു മാഫിയ തലവന്റെ ഭാര്യ എന്ന ’സൽപ്പേരി‘ലാണത്രെ തിരഞ്ഞെടുപ്പിൽ ജയിച്ചതുപോലും! ഒരു ഗുണ്ടയുടെ പൊണ്ടാട്ടിക്ക്‌ കേന്ദ്രമന്ത്രിപദം പോലും കരഗതമാകുന്ന അവസ്ഥയിലെത്തിയിരിക്കയാണു കാര്യങ്ങൾ. വെണ്ണയിലെ താമരനൂലുപോലെ അത്രയ്‌ക്കും ഇഴുകിച്ചേർന്ന ബന്ധമാണു അധോലോകവും രാഷ്ര്ടീയക്കാരും തമ്മിലുള്ളത്‌. നിയമനിർമ്മാതാക്കളും നിയമലംഘകരും തമ്മിലുള്ള വിടവ്‌ മുൻപത്തേക്കാൾ ചുരുങ്ങിവരികയാണെന്ന്‌ മാത്രമല്ല, അധോലോകനായകർ തന്നെ നിയമനിർമ്മാതാക്കളും, കുറ്റവാളികൾ നിയമപാലകരുമായി മാറുന്ന ദുരന്തത്തിനുമാണു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. ഈ പശ്ചാത്തലത്തിൽ വേണം വർദ്ധിച്ചുവരുന്ന ഗുണ്ടാവിളയാട്ടങ്ങളേയും ഗുണ്ടാവേട്ടയുടെ നിഷ്‌ഫലതയേയും കാണുവാൻ.

സി.കെ കൊടുങ്ങല്ലൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.