പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

മുതലാളി തൊഴിലാളി ഭായ്‌ ഭായ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി.എസ്‌. ബിമിനിത്‌

കർഷകരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വർഗ്ഗങ്ങൾക്കുവേണ്ടി രൂപം കൊണ്ട പാർട്ടിയാണ്‌ കമ്മ്യൂണിസ്‌റ്റു പാർട്ടി. മുതലാളിമാരുടെ ചൂഷണത്തിൽ നിന്നും ഏതു ദശാസന്ധിയിലും തങ്ങളോടൊപ്പമുണ്ടാകുമെന്ന്‌ തൊഴിലാളികൾ ഉറച്ചു വിശ്വസിച്ച പാർട്ടി. പകലന്തിയോളം പണിയെടുത്ത്‌ ജന്മിയുടെ വീട്ടിലെ എച്ചിൽ ചോറും തിന്ന്‌ ജീവിച്ച കാലത്ത്‌ ജന്മിത്തമെന്താണെന്നും മുതലാളിത്തമെന്താണെന്നും തൊഴിലാളിവർഗ്ഗത്തിന്‌ സ്‌റ്റഡി ക്ലാസെടുത്ത്‌ പഠിപ്പിച്ചു കൊടുത്തത്‌ കമ്മ്യൂണിസ്‌റ്റുകാരാണ്‌. അതൊക്കെ കേരളത്തിലായാലും ബംഗാളിലായാലും കമ്മ്യൂണിസ്‌റ്റ്‌ നേതാക്കളിൽ മിക്കവരും ഓർക്കാനിഷ്ടപ്പെടാത്ത കാലം. തുടർന്നുണ്ടായ കൂട്ടക്കുരുതികൾ, ജയിൽ പീഡനങ്ങൾ, അടിച്ചമർത്തലുകൾ അവയാണ്‌ പാർട്ടിയെ ഇന്നു കാണുന്ന ഓക്സ്‌ഫോർഡ്‌- ജെ.എൻ.യു പുത്രർ നയിക്കുന്ന പുതിയ കമ്മ്യൂണിസ്‌റ്റു പാർട്ടി ആക്കി മാറ്റിയത്‌. പാർട്ടി വളർന്നു ഇന്നത്തെ നിലയിലായതിനു പിന്നിൽ ചൂഷകനായ മുതലാളിയെന്ന വില്ലനോടുള്ള പകയുണ്ടായിരുന്നു. ആ വില്ലനെ തളക്കുകയും സോഷ്യലിസം കൊണ്ടുവരികയും ചെയ്യണമെന്ന ലക്ഷ്യമാണ്‌ പാർട്ടിയെ മുന്നോട്ടു നയിച്ചത്‌. അതുകൊണ്ടു തന്നെയാണ്‌ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങൾ ഇന്നും അണികൾക്കിടയിൽ മുഴങ്ങുന്നതും. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ പറുദീസയായ ബംഗാളിൽ വല്ല്യേട്ടൻ പാർട്ടിയുടെ സൂപ്പർഹിറ്റ്‌ മുദ്രാവാക്യങ്ങൾ മാറ്റിയെഴുതാൻ അണികൾ നിർബന്ധിതരാകുകയാണ്‌. ഒപ്പം വർഗ്ഗശത്രുവെന്ന മായയെ രംഗത്തു നിന്നു മായ്‌ച്ചു കളയാനും. വ്യവസായ വികസനത്തിനും അതുവഴി സമ്പദ്‌ വ്യവസ്ഥ വളരുവാനും മുതലാളിത്തത്തെ ആശ്രയിച്ചേ മതിയാകൂ എന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ പരാമർശത്തെ ഒരു നാണവുമില്ലാതെ പിൻതാങ്ങുകയായിരുന്നു കമ്മ്യൂണിസ്‌റ്റ്‌ ആശയങ്ങൾ ഇനിയും നഷ്ടപ്പെട്ടില്ലെന്ന്‌ നമ്മെ ഓർമ്മിപ്പിച്ചിരുന്ന ആചാര്യൻ ജ്യോതി ബസു.

സോഷ്യലിസം സാധ്യമാകില്ലെന്ന്‌ പണ്ടേ വിവരമുള്ളവർ പറഞ്ഞതാണ്‌. അതൊരു വിദൂരസ്വപ്നമാണെന്ന്‌ ജ്യോതി ബസു പറഞ്ഞുപഠിപ്പിക്കേണ്ട കാര്യമില്ല. അതൊരു സ്വപ്നമായതുകൊണ്ടുതന്നെയാണ്‌ പാർട്ടി ഇന്നത്തെ നിലയിൽ തുടരുന്നതും. ബംഗാളിൽ കുത്തകമുതലാളിമാരെക്കൂട്ടി വികസനം സാധ്യമാക്കണോ അതോ കേന്ദ്രം നൽകുന്ന നക്കാപ്പിച്ചക്കുവേണ്ടി നോക്കിയിരിക്കണോ എന്നതായിരുന്നു കാലങ്ങളായി ബസുവിനെയും ബുദ്ധനേയും കുഴക്കിയ ചോദ്യം. ബുദ്ധദേവ്‌ ഭട്ടാചാര്യ അതിനുള്ള ഉത്തരം നേരത്തേ കണ്ടുപിടിച്ചിരുന്നു. കാലാകാലങ്ങളായി വർഗ്ഗസമരമെന്നും മറ്റും പറഞ്ഞ്‌ ആളുകളെ ചാക്കിട്ടു പിടിച്ചാൽ മാത്രം പോര. വികസനത്തിന്‌ ലോകത്തിലെ സമ്പത്തിന്റെ വലിയൊരു പങ്കും കയ്യാളുന്ന മുതലാളിമാരെ പ്രസാദിപ്പിക്കണം. ഭട്ടാചാര്യക്കു തന്റെ മനസ്സാക്ഷിയേയും പാർട്ടിയേയും വിശ്വസിപ്പിക്കാൻ ചൈനയുടെ വളർച്ചയും യു.എസ്‌.എസ്‌.ആറിന്റെ തളർച്ചയും അടക്കം നിരവധി ഉദാഹരണങ്ങളുണ്ടായിരുന്നു. അതിന്റെ തിരുശേഷിപ്പുകളാണ്‌ നന്ദീഗ്രാം കൂട്ടക്കൊലയും സിംഗൂരിലെ സംഭവങ്ങളുമെല്ലാം. അവിടെയെല്ലാം ആട്ടിയിറക്കപ്പെട്ടത്‌ പാർട്ടിക്കുവേണ്ടി ഏത്‌ ദശാസന്ധിയിലും ചോരയൊഴുക്കിയവർ തന്നെ. അവരെയാണ്‌ മുതലാളിമാർക്കു ഭൂമിപിടിച്ചു നൽകാൻ വേണ്ടി കമ്മ്യൂണിസ്‌റ്റുകാർ പിന്നാലെ നടന്ന്‌ ആക്രമിച്ചതും.

ടാറ്റായുടെ ചെറുകാർ ഫാക്ടറിക്കുവേണ്ടി സിംഗൂരിൽ 997 ഏക്കർ കൃഷിസ്ഥലം കൈമാറ്റം ചെയ്തതാണ്‌ ഈ അടുത്ത കാലത്ത്‌ പാർട്ടിയുടെ അടിസ്ഥാനാശയങ്ങളിൽ നിന്നും പിന്മാറി കോളിളക്കം സൃഷ്ടിച്ച ഒരു പ്രധാനസംഭവം. തൊട്ടുപിന്നാലെ ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പിനു വേണ്ടി ഭൂമി പിടിച്ചെടുത്തു നൽകാൻ വരെ ബുദ്ധദേവ്‌ നയിക്കുന്ന സി.പി.എം തയ്യാറായി. നന്ദിഗ്രാം സംഘർഷങ്ങൾ എല്ലാ കമ്മ്യൂണിസ്‌റ്റ്‌ അനുഭാവികളെയും ബുദ്ധദേവിനെതിരാക്കി. പരസ്യമായി മാപ്പു പറയാൻ വരെ തയ്യാറായി അദ്ദേഹം. ഒടുവിൽ ഇന്ത്യാ-അമേരിക്കാ ആണവകരാറിനെതിരെയുള്ള തങ്ങളുടെ പ്രക്ഷോഭങ്ങളിൽ വിട്ടുവീഴ്‌ച ചെയ്ത്‌ സമവായമുണ്ടാക്കേണ്ടിവന്നു നന്ദീഗ്രാം സംഭവത്തിൽ നിന്ന്‌ താൽകാലികമായെങ്കിലും തലയൂരാൻ.

കാലാകാലങ്ങളിൽ ലോകത്തിലുണ്ടായ മാറ്റം കമ്മ്യൂണിസത്തിന്റെ വളർച്ചയ്‌ക്ക്‌ അനുകൂലമല്ല എന്ന്‌ പാർട്ടിനേതാക്കൾ നേരത്തേ മനസ്സിലാക്കിയതാണ്‌. അതു മനസ്സിലാക്കിയതുകൊണ്ടാണ്‌ റഷ്യയും ചൈനയുമൊക്കെ ഇന്നു കാണുന്ന നിലയിലെത്തിയതും. കൃഷിസ്ഥലങ്ങളെല്ലാം നികത്തി ആ ജോലി ഇല്ലാതാകുകയും മനുഷ്യൻ കൈകൊണ്ടു ചെയ്തിരുന്ന ജോലി യന്ത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്ത പുതിയ കാലത്ത്‌ തൊഴിലാളി വർഗ്ഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പിന്നെ പഴയ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി എങ്ങനെ നിലനിൽക്കാനാണ്‌. അല്ലെങ്കിലും പാർട്ടി സമ്മേളനത്തിന്‌ കൊടിപിടിക്കാനും വേണ്ടിവന്നാൽ നേതാക്കന്മാർക്കുവേണ്ടി തല്ലുണ്ടാക്കാനുമല്ലാതെ തൊഴിലാളികളെ ആർക്കുവേണം. കമ്മ്യൂണിസത്തെ പുതിയ കാലത്തിനനുസരിച്ച്‌ ഉടച്ചു വാർക്കേണ്ടത്‌ അത്യാവശ്യമാണെന്ന കാഴ്‌ചപ്പാടുള്ളവർ പക്ഷേ വർഷങ്ങളായി ശ്രമിച്ചിട്ടും അതിനു കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ലോകത്തിലെല്ലായിടത്തും കമ്മ്യൂണിസ്‌റ്റ്‌ സാമ്രാജ്യങ്ങൾ തകർക്കപ്പെടുകയോ പുനരവതരിക്കപ്പെടുകയോ ചെയ്തു. എന്നിട്ടും ഇന്ത്യയിലെ കമ്മ്യൂണിസത്തിന്‌ പുതിയ വഴി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയിൽ ബുദ്ധന്റെയും ബസുവിന്റെയും പ്രസ്താവനയും പാർട്ടിയുടെ ചെയ്തികളും അധികം താമസിയാതെ പാർട്ടിയുടെ മുഖം മാറ്റുമെന്നു വേണം വിലയിരുത്താൻ.

ഈ മാറ്റം കേരളമടങ്ങുന്ന കമ്മ്യൂണിസ്‌റ്റു പാർട്ടിയുള്ള മറ്റു സംസ്ഥാനങ്ങളിലും കണ്ടു തുടങ്ങിയിട്ട്‌ ഒരുപാടു നാളായി. കേരളത്തിലെ വിഭാഗീയതക്കു പിന്നിലെ ഒരു കാരണം അതു തന്നെയായിരുന്നു. പുതിയ കാലത്തിനനുസരിച്ച്‌ മുതലാളികളുമായും മറ്റും സംബന്ധമാകാം എന്നും അവർക്ക്‌ പാർട്ടിയിൽ പ്രാതിനിധ്യം നൽകാമെന്നും വാദിക്കുന്ന പരിഷ്‌കരണ വാദികളും അതല്ല പരമ്പരാഗത രീതിയിൽ തുടർന്നാൽ മതിയെന്നു വാദിക്കുന്ന പാരമ്പര്യ വാദികളുമെന്ന വേർതിരിവിനു കാരണമായത്‌ ഇതാണ്‌. എൻ.ആർ.ഐ ബിസിനസ്സുകാർക്കും നാട്ടിലെ വൻ തോക്കുകൾക്കും പാർട്ടിയിൽ പ്രാതിനിധ്യം നൽകുന്നതിലും അവരെ പാർലമെന്റിലേക്കും നിയമസഭയിലേക്കും അയക്കുന്നതിനും അനുകൂലമായിരുന്നു ഇക്കൂട്ടർ. ആ വിഭാഗം വളർന്ന്‌ മേൽക്കൈ നേടിയതോടെയാണ്‌ എ.ഡി.ബി, ലോകബാങ്ക്‌ തുടങ്ങിയ കുത്തകകളെ കേരളത്തിലേക്ക്‌ ക്ഷണിച്ചു വരുത്തിയത്‌. ഇതിനെല്ലാം എന്നും ബംഗാളിന്റെ മാതൃകയുണ്ടുതാനും. അങ്ങനെ മുതലാളിമാരാൽ ചില പാർട്ടി മുതലാളിമാർ നയിക്കപ്പെടുന്ന പാർട്ടിയാണ്‌ പരമ്പരാഗത വാദികൾ മുന്നോട്ടു വച്ച മൂന്നാർ ഓപ്പറേഷൻ തകർത്തു കളഞ്ഞത്‌. പാർട്ടിക്ക്‌ സാധാരണ ജനങ്ങൾക്ക്‌ വേണ്ടി ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന ആരോപണത്തിന്‌ അടിവരയിടുന്നതായിരുന്നു അത്‌. ആ പരിപാടി അട്ടിമറിക്കാൻ പിണറായി വിജയനെ നിരുപാധികം പിന്തുണക്കുന്ന വൻ മുതലാളിമാരുടെ പട തന്നെ കൂടെയുണ്ടായിരുന്നു. പലപ്പോഴും അവരുടെ ആശയങ്ങൾ പരിപ്പുവടയും കട്ടൻചായയുടെയും രൂപത്തിൽ പുറത്തുവന്നു. ചൈനയുടെ നയത്തെ സ്വപ്നം കാണുന്ന ബുദ്ധദേബിന്റെ സിദ്ധാന്തങ്ങളെ പിന്തുണയ്‌ക്കുന്ന ഇക്കൂട്ടർ ബംഗാളിൽ ചെയ്തതുപോലെ നാളെ മുതലാളിത്തത്തിന്‌ ജയ്‌ വിളിക്കാനും മടിക്കില്ല.

സി.പി.എമ്മിൽ പെട്ടെന്നുണ്ടായ ഈ പ്രത്യയശാസ്ര്ത വിവാദം അഴിമതികളിൽ മുങ്ങിക്കുളിച്ചിരിക്കുന്ന പാർട്ടി നേതാക്കൾക്ക്‌ ആശ്വാസമാകും. മുതലാളിത്തത്തെ അനുകൂലിക്കുന്നവർക്ക്‌ കനേഡിയൻ കമ്പനിയായ എസ്‌.എൻ.സി ലാവ്‌ലിൻ പാർട്ടിക്കോ, നേതാവിനോ ‘ചെറിയ’ ഒരു സമ്മാനം നൽകിയതിനെ പഴയപോലെ എതിർക്കാനാവില്ലല്ലോ? പാർട്ടി സെക്രട്ടറി കോടികൾ മുടക്കി പണിത വീടുപേക്ഷിച്ച്‌ കൂരയിലേക്ക്‌ മടങ്ങണമെന്ന്‌ ആർക്കെങ്കിലും പറയാനാകുമോ? ബംഗാളിലെ അലയൊലികൾക്ക്‌ മറുപടിയായി വി.എസ്‌ അച്യുതാനന്ദനും ആർ.എസ്‌.പിയും രംഗത്തെത്തിക്കഴിഞ്ഞു. മുതലാളിത്തത്തെ ന്യായീകരിച്ചതിന്‌ ശക്തമായ താക്കീതാണ്‌ ആർ.എസ്‌.പി നൽകിയത്‌. മുതലാളിത്തത്തെ സ്ഥാപിക്കാൻ ശ്രമിച്ചാൽ അവർ കുറ്റിപറിച്ച്‌ ഓടേണ്ടിവരുമെന്നാണ്‌ വി.എസ്‌ അച്യുതാനന്ദൻ പറഞ്ഞത്‌. അതും പാർട്ടിയിൽ തന്റെ നയത്തോടു ആഭിമുഖ്യമുള്ളയാളും സുഹൃത്തുമായി ജ്യോതി ബസുവിന്റെ പ്രസ്താവനക്കുള്ള മറുപടിയായി. ബുദ്ധദേവും ബംഗാൾ ഘടകവും എടുത്ത മുതലാളിത്തത്തിന്‌ വിട്ടുവീഴ്‌ച ചെയ്യുന്ന നയങ്ങൾക്കെതിരെ അധികമാരും പ്രതിഷേധിച്ചിട്ടില്ല എന്നതു മാത്രമല്ല പ്രസ്താവനകളെക്കുറിച്ച്‌ സ്വീകരിക്കേണ്ട നയങ്ങളുടെ കാര്യത്തിൽ പോലും ഒരു തീരുമാനത്തിലെത്താൻ കേന്ദ്ര നേതാക്കൾക്ക്‌ കഴിഞ്ഞിട്ടില്ല. കേന്ദ്ര നേതാവ്‌ എസ്‌. രാമചന്ദ്രൻപിള്ള വാദത്തെ ന്യായീകരിച്ചപ്പോൾ ബസുവിന്റെ പ്രസ്താവന പത്രക്കാർ വളച്ചൊടിക്കുകയാണ്‌ എന്നാണ്‌ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ വാദം.

അന്നും ഇന്നും ഉദാരീകരണ ആഗോളീകരണ നയങ്ങൾക്കനുകൂലമായി പാർട്ടിയെ മുന്നോട്ടു നയിച്ചത്‌ പാർട്ടിയുടെ ബംഗാൾ ഘടകമാണ്‌. എ.ഡി.ബിയും ലോകബാങ്കും അടങ്ങുന്ന വിദേശ വായ്പകളുടെ കാര്യത്തിലായാലും വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലായാലും. ബംഗാളിലെ ഈ പരിഷ്‌കരണവാദികളുടെ പിന്നാലെയാണ്‌ കേരളത്തിലെ പരിഷ്‌കരണവാദികളും അവരുടെ പദ്ധതികളുമായി മുന്നോട്ടു നീങ്ങിയത്‌. പണ്ട്‌ സി.ഐ.ഐയും മറ്റും ചാരപ്രവർത്തനം നടത്തി തകർക്കാൻ ശ്രമിച്ച, മുതലാളിത്തത്തിന്‌ ഭീഷണിയായ, കമ്മ്യൂണിസ്‌റ്റുപാർട്ടിയേ അല്ല ഇന്നത്തെ പാർട്ടി. മറിച്ച്‌ കുറച്ചു മുതലാളിമാരാൽ നയിക്കുന്ന മുതലാളിത്തത്തെ അനുകൂലിക്കുന്ന പാർട്ടിയാണിത്‌. പാർട്ടിയുടെ ഈ നയം മാറ്റം ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നത്‌ നല്ലൊരു ലോകം സ്വപ്നം കണ്ട്‌ പാർട്ടിക്കൊപ്പം സഞ്ചരിച്ച ലക്ഷക്കണക്കിന്‌ സാധാരണക്കാരെയാണ്‌. എന്തൊക്കെയായാലും പാരമ്പര്യവാദികളെന്നും പരിഷ്‌കരണവാദികളും തമ്മിലുള്ള അന്തരം കൂടുതൽ വലുതാക്കാനെ ബംഗാൾ ആചാര്യന്മാരുടെ പുതിയ നയം ഉപകരിക്കുകയുള്ളൂ.

ബി.എസ്‌. ബിമിനിത്‌


E-Mail: biminith@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.