പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

മോഡി നൽകുന്ന പാഠം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷമ്മി, അബുദാബി

ഗുജറാത്തിലെ മോഡിയുടെ വിജയത്തെ കുറിച്ചുള്ള വിശകലനങ്ങൾ പല തലത്തിലും പല രൂപത്തിലും ഇന്ത്യയിലുടനീളം തുടരുമ്പോൾ കേരളത്തിലെ രാഷ്ര്ടീയക്കാരന്റെ മനസ്സാക്ഷിയുടെ മതിലുകൾക്കുള്ളിലേക്ക്‌ ഒന്നെത്തി നോക്കാൻ പക്ഷപാതരഹിതവും അരാഷ്ര്ടീയവുമായ ഒരു ശ്രമമാണിത്‌. അരാഷ്ര്ടീയം എന്നത്‌ എത്ര ശരിയാണെന്നറിയില്ല. കാരണം കേരളത്തിന്റെ രാഷ്ര്ടീയം എന്നത്‌ പ്രസ്ഥാനങ്ങളുടെ മാത്രം നിലനിൽപായി അധഃപതിച്ചു പോയ അവസ്ഥയിൽ രാഷ്ര്ടീയത്തിന്റെ അർത്ഥം എന്ത്‌ എന്ന ചോദ്യം നമ്മുടെ മുന്നിൽ ഉത്തരമില്ലാതെ പത്തി വിടർത്തി കിടപ്പുണ്ട്‌.

മരണത്തിന്റെ മൊത്തക്കച്ചവടക്കാരൻ വിജയിച്ചു! പ്രതീക്ഷിച്ച വിജയം എന്ന രീതിയിലാണ്‌ കോൺഗ്രസ്‌ പ്രതികരിച്ചത്‌. ഗുജറാത്തിലെ നവസാരിയിൽ ഡിസംബർ 1ന്‌ സോണിയാഗാന്ധി തീരെ വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രയോഗത്തിന്റെ ചുവടുപിടിച്ച്‌ നടന്ന സംവാദങ്ങളുടെ ഒടുവിൽ വിജയിച്ചത്‌ മോഡി തന്നെ എന്ന കാര്യത്തിൽ സംശയമില്ല. വിജയത്തിന്റെ കാരണങ്ങൾ എന്തൊക്കെ എന്ന്‌ പറഞ്ഞാലും അതിലേക്ക്‌ നീളുന്ന വികസനത്തിന്റെ വഴികൾ രാഷ്രീയത്തിന്റെ കണ്ണട ഊരി വച്ച്‌ കാര്യങ്ങൾ നോക്കി കാണുന്ന ആർക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. സോണിയാഗാന്ധിയുടെ മരണത്തിന്റെ മൊത്തക്കച്ചവടക്കാരൻ എന്ന വിശേഷണം വരുന്നതു വരെയും പ്രചരണവിഷയങ്ങൾ വികസനത്തിലൂന്നിയവയായിരുന്നു.

കോൺഗ്രസിന്റെ പ്രചരണം തന്നെ പലപ്പോഴും അത്തരം വികസനത്തോടുള്ള അസൂയയും അതിനെതിരെ ഒന്നും പറയാനില്ലാതിരുന്നതിന്റെ നിസ്സഹായതയും നിറഞ്ഞതായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രസംഗത്തിൽ അദ്ദേഹം ഗുജറാത്തിലെ ജനങ്ങളോട്‌ അഭ്യർത്ഥിച്ചത്‌, ഒരു മാറ്റം കൊണ്ടുവരുവാനും കുറെക്കൂടി നല്ല ഒരു നാളേക്കും വേണ്ടി കോൺഗ്രസിന്‌ വോട്ടു ചെയ്യാനുമായിരുന്നു. ഗുജറാത്തിലെ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും മോഡി അടിച്ചെടുക്കുന്നു എന്ന വിഷമം ആയിരുന്നു മൻമോഹൻ സിംഗിന്റെ പ്രസംഗം നിറയെ. യു പി എ ഗവൺമെന്റാണ്‌ ഗുജറാത്തിന്റെ വികസനത്തിനുള്ള ഫണ്ടുകൾ നൽകിയതെന്നും അതിന്റെ നന്ദി പോലും മോഡി കാണിക്കുന്നില്ലെന്നും മൻമോഹൻ സിംഗ്‌ പറഞ്ഞു.

പക്ഷെ ഇതൊന്നും മോഡിയുടെ വികസനപ്രവർത്തനങ്ങളെ ഗുജറാത്തിലെ ജനങ്ങളുടെ കണ്ണുകളിൽ നിന്നും ഒളിപ്പിച്ചു നിർത്താൻ പോന്നവയായില്ല എന്നതാണ്‌ സത്യം. 18000 ഗ്രാമങ്ങളിൽ 24 മണിക്കൂർ വൈദ്യുതി എത്തിക്കാനുള്ള ജ്യോതിഗ്രാമയോജനയും മണിക്കൂറുകൾ കാത്തുനിന്നും കിലോമീറ്ററുകൾ നടന്നും വെള്ളം കൊണ്ടുവന്നിരുന്ന ഗ്രാമീണർക്ക്‌ ആശ്വാസമായി നടപ്പിലാക്കിയ സജലം സഫലം എന്ന ജലവിതരണപദ്ധതിയും മോഡി എന്ന ഭരണാധികാരിയുടെ വൻ വിജയം തന്നെയാണ്‌. ഒരു സംസ്ഥാനത്തിന്റെ വികസനത്തിന്‌ ഏറ്റവും അത്യാവശ്യം വേണ്ടത്‌ നല്ല റോഡുകൾ ആണെന്ന്‌ മോഡി നന്നായി മനസ്സിലാക്കിയിരുന്നു. കാരണം ആരോഗ്യമുള്ള ഒരു ശരീരത്തിലെ നാഡികൾ പോലെയാണ്‌ റോഡുകൾ. നവീനവൽക്കരിക്കപ്പെട്ട നല്ല റോഡുകളും വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും ഉണ്ടായ വികസനവും ഗുജറാത്തിലാർക്കും കണ്ടില്ലെന്നു നടിക്കാനാവില്ല.

കോൺഗ്രസ്‌ ഒഴിച്ച്‌ മറ്റൊരു പാർട്ടിക്കും ഇവിടെ പ്രത്യേകിച്ചൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. ഉത്തർപ്രദേശിലെ വൻവിജയത്തിന്റെ ലഹരി കെട്ടടങ്ങും മുമ്പ്‌ എല്ലാ സീറ്റിലും മൽസരിക്കാൻ തീരുമാനിച്ച മായാവതിയുടെ ബി എസ്‌ പിയുടെ പൊടി പോലും കണ്ടില്ല. ഉമാഭാരതിയുടെ ഭാരതീയ ജനശക്തിയും പൊളിഞ്ഞു. കോൺഗ്രസിനോടൊപ്പം പേരിനു സീറ്റു പങ്കിട്ട എൻ സി പി മൂന്നു സീറ്റു നേടിയപ്പോൾ സി പി എമ്മും മറ്റുള്ളവരും ഒന്നും നേടിയില്ല, ജനതാദളിന്റെ ഒരു സീറ്റും രണ്ടു സ്വതന്ത്രരും ഒഴിച്ചാൽ. ഇവിടെ മോഡിയുടെ വൻവിജയത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന്‌ മറ്റു പാർട്ടികൾ വിലയിരുത്തിയാലും സാധാരണക്കാരനു കാണാൻ കഴിയുന്ന ഒരു കാര്യമുണ്ട്‌, ആ സംസ്ഥാനത്തിൽ മോഡി നടപ്പിലാക്കിയ വികസനം!

വർഗ്ഗീയതയും ഒരു പരിധി വരെ പ്രാദേശിക വാദവും ഗുജറാത്തിൽ കൊടികുത്തി വാഴുന്നു എന്നത്‌ സത്യം. മറ്റു സംസ്ഥാനങ്ങളിലുള്ളവർ നരേന്ദ്ര മോഡിയെ കാണുന്നത്‌ ഒരു തീവ്ര വർഗ്ഗീയവാദിയായിട്ടാണ്‌. പക്ഷെ നമ്മൾ വേർതിരിച്ചു കാണേണ്ട ചിലത്‌ ഗുജറാത്തിലെ ജനത അനുഭവിക്കുന്ന ഭരണനേട്ടങ്ങൾ കൂടിയാണ്‌. വർഗ്ഗീയതയ്‌ക്കും രാഷ്രീയത്തിനുമപ്പുറം നരേന്ദ്ര മോഡി എന്ന ഭരണാധികാരി സാധാരണക്കാരനു നൽകിയ ജീവിത സൗകര്യങ്ങളെയാണ്‌.

തന്റെ രാഷ്രീയത്തിന്റെ നിലനില്പുകളെ കുറിച്ച്‌ മോഡിക്ക്‌ നല്ല നിശ്ചയമുണ്ടായിരിക്കാം. തനിക്കെത്തിപ്പെടാനുള്ള ഉയരങ്ങളെ കുറിച്ച്‌ മോഡിക്ക്‌ വ്യക്തമായ അജണ്ടകളുണ്ടായിരിക്കാം. പക്ഷെ അതിനു വേണ്ടി വരുന്ന കൊള്ളരുതായ്മകളെയും നിഷ്‌കാസനങ്ങളെയും അന്യായമായി തന്നെ കാണുമ്പോഴും തന്റെ നാടും ജനതയും നന്നാകണമെന്ന വിചാരം ശ്ലാഘനിയം തന്നെ. തന്റെ നാടിന്റെ വികസനം തന്നെയാണ്‌ തന്റെ വിജയവും എന്ന തിരിച്ചറിവായിരിക്കാം ഒരു പക്ഷെ മോഡിയെ നല്ല ഭരണാധിപനാക്കുന്നത്‌, വീണ്ടും വീണ്ടും ഭരണത്തിലെത്തിക്കുന്നത്‌.

ഇവിടെ നമ്മുടെ കേരളത്തിലെ രാഷ്രീയക്കാർ മോഡിയിൽ നിന്നും മനസ്സിലാക്കേണ്ട ചിലതുണ്ട്‌. കോൺഗ്രസായാലൂം ഇടതുപക്ഷമായാലൂം ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും നമ്മുടെ നാടിനെയും നാട്ടുകാരെയും മറന്ന്‌ പ്രവർത്തിക്കരുത്‌. പൊതുജനം കഴുത എന്ന ധാരണ ഇനിയെങ്കിലും നമ്മുടെ രാഷ്ര്ടീയക്കാർ തിരുത്തണം. ഇവിടെ എന്തു കൊണ്ടാണ്‌ ഭരിക്കുന്ന പാർട്ടി തന്നെ വീണ്ടും ഭരണത്തിൽ വരാത്തതെന്ന്‌ നമ്മുടെ രാഷ്ര്ടീയക്കാർ ഇനിയെങ്കിലും ചിന്തിക്കണം. സ്വജനപക്ഷപാതവും അഴിമതിയും ഉൾപോരുകളും വടം വലികളും നടത്തി പാർട്ടിയെയും തന്നെ തന്നെയും നിലനിർത്തുന്നതിനിടക്ക്‌ ജനത്തിന്റെ ഊർദ്ധ്വശ്വാസങ്ങൾ കാണാതെ പോകരുത്‌.

ഈ അടുത്ത കാലങ്ങളിൽ കേരളത്തിൽ നടന്ന, നടന്നു കൊണ്ടിരിക്കുന്ന രാഷ്ര്ടീയ പ്രവർത്തനങ്ങളുടെ ഒരു സീരിയൽ പരിശോധിച്ച്‌ അതിൽ ജന സേവന പ്രവർത്തനങ്ങൾ മാറ്റി നിർത്താൻ ഒരു ശ്രമം നടത്തിയാൽ അതിനു ശ്രമിക്കുന്നവൻ അമ്പേ പരാജയപ്പെട്ടു പോകും. നമ്മൂടെ രാഷ്ര്ടീയക്കാരൻ ഒരു പക്ഷെ അവന്റെ മുന്നിലെ ജനത്തെ മറന്നു പോയിരിക്കുന്നു. ഒരു അച്ഛനും മകനും തമ്മിലുള്ള വൈരാഗ്യവൈകാരിക വികൃതികളിലേക്ക്‌ കോൺഗ്രസ്‌ രാഷ്ര്ടീയവും രണ്ടു ധ്രുവങ്ങളിലെ കൂർത്ത പരിഹാസത്തിന്റെയും മുരട്ടു വാദങ്ങളുടെയും ഉരുക്കുമുഷ്ടികളുടെയും താന്തോന്നിത്തമായി മാർക്സിസ്‌റ്റ്‌ രാഷ്ര്ടീയവും മാറിയിരിക്കുന്നു. തമ്മിൽ തല്ലിനിടയിൽ രക്തം കുടിക്കാൻ കാത്തു നിൽക്കുന്ന കുറുക്കൻമാരെ പോലെ തങ്ങളുടെ ഊഴവും കാത്ത്‌ കാത്തിരിക്കുകയാണ്‌ മറ്റുള്ളവർ. ഇതിനിടയിൽ ജനം എന്തും സഹിച്ചു കൊള്ളണം എന്ന അഹങ്കാരത്തോടെ പാർട്ടി നേതാവിന്റെ “നീ പോടാ പുല്ലേ‘ എന്ന ഭാവം നമ്മുടെയൊക്കെ ശാപകാഴ്‌ചകളാകുന്നു. ഞാനിനി ഒന്നും ചെയ്യില്ലേയെന്ന്‌ നിശ്ശബ്ദം സമ്മതിച്ച്‌ ജനത്തിന്റെ മുന്നിൽ നടന്മരാകുന്ന ഭരണകർത്താക്കൾ നമ്മുടെ സ്വകാര്യ ദുഃഖമായി മാറിയിരിക്കുന്നു. നിന്നെ പറ്റിച്ചേയെന്ന്‌ കൈകൊട്ടി ചിരിച്ച്‌ മതിമറക്കുന്ന ഖദർ ധാരികളുടെ പരിഹാസം നമ്മുടെ മേൽ അപമാനഭാരമാകുന്നു. അധികാരത്തിന്റെ നിലയുറപ്പിക്കലിനിടയിൽ വഴുതിവീഴുകയും തപ്പിതടഞ്ഞെണീൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്‌ചകൾ നമ്മെ ചിരിപ്പിക്കുന്നില്ല. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ആനുകൂല്യങ്ങൾ തേടി അധികാരത്തിന്റെ എച്ചിലിനു വേണ്ടി പാഞ്ഞു നടക്കുന്ന അത്യാർത്തികളുടെ ശബ്ദം നമ്മുടെ ഉറക്കങ്ങൾക്കു മീതെ പേടിയുടെ ആവരണമാകുന്നു. നിസ്സംഗരായിരിക്കാൻ എത്ര കാലം കൂടി കഴിയും നമുക്ക്‌. സ്വന്തം അജണ്ടയിൽ നിന്ന്‌ കൊണ്ട്‌ പാർട്ടിക്കും വീട്ടിനും വേണ്ടി പ്രവർത്തിക്കുമ്പോഴും നാടിനും ജനത്തിനും വേണ്ടി കൂടി പ്രവർത്തിക്കുവാൻ കഴിയുമെന്നും അതിൽ മാത്രമാണ്‌ ആത്യന്തിക വിജയമെന്നും ഉള്ള തിരിച്ചറിവ്‌ നമ്മുടെ രാഷ്ര്ടീയക്കാർക്കിനി എന്നാണ്‌ കിട്ടുക.

ഷമ്മി, അബുദാബി


E-Mail: pravasam@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.