പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

പാലോളിവിധിയും കോടതിയലക്‌ഷ്യവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

ജനാധിപത്യത്തിന്റെ രണ്ടു നെടുംതൂണുകളാണല്ലോ നിയമനിർമ്മാണസഭയും നീതിന്യായവ്യവസ്ഥയും.

ഈ രണ്ടു തൂണിൻമേലുള്ള ഞാണിൻമേൽ കളിയാണ്‌ ഭരണം. അതായത്‌ കോടതി

വിധിക്കും. വിധിയെ സർക്കാർ വധിക്കും. അതാണ്‌ വിധി നടപ്പിലാക്കൽ. ആദിവാസിയുടെ

കൈയ്യേറിയ ഭൂമി തിരികെ പിടിച്ചു കൊടുക്കണം എന്ന്‌ വിധിക്കാൻ മാത്രം ചുരുങ്ങിയത്‌

ഒരു പത്തു കുപ്പി മഷി സുപ്രീം കോടതി ചിലവാക്കിക്കാണും. ആന്റണി അന്തിമവിധി

നടപ്പിലാക്കിയത്‌ ഉടുതുണിക്കു മറുതുണിയില്ലാത്ത ആദിവാസിയെ അവന്റെ കാട്ടിൽ

കയറി വെടിവെച്ചിട്ടിട്ടാണ്‌.

നോട്ടുകെട്ടിന്റ കനത്തിനനുസരിച്ചാണ്‌ ജഡ്‌ജിമാർ വിധിപറയുന്നത്‌ എന്നൊരഭിപ്രായപ്രകടനമാണ്‌ പാലൊളിയെ വെട്ടിലാക്കിയത.​‍്‌ സംഗതി കോടതിയലക്ഷ്യം. മൊത്തത്തിൽ

ഈയ്യൊരു പാലൊളിവിധിയിൽ രണ്ടലക്ഷ്യത്തിനാണ്‌ സാധ്യത. കോടതിയലക്ഷ്യം രംഗം

കൊഴുപ്പിച്ചുതുടങ്ങി. അടുത്തതായി വിപ്ലവലക്ഷത്തിന്‌ മാപ്പുപറയേണ്ടിവരും. നാലയലത്തു

മൈക്കും വായിൽ നിന്നും വീഴുന്നത്‌ പെറുക്കിയെടുക്കാൻ മാധ്യമസിന്ധിക്കേറ്റും ചോർത്താൻ

മീഡിയാകുട്ടിചാത്തൻമാരും ഇല്ലെന്ന റിപ്പോർട്ട്‌ കിട്ടിയാൽ മാത്രം വെളിപ്പെടുത്തേണ്ട മഹാസത്യം

അസ്ഥാനത്തു വെളിപ്പെടുത്തി പാർട്ടിയുടെ ദുഷ്‌പേര്‌ ചീത്തയാക്കിയതിനുള്ള ശിക്ഷ ഏതായാലും

വഴിയിൽ തങ്ങാതെ അച്യുതാനന്ദൻ നോക്കിക്കൊള്ളും. കൊമ്പത്തെ പിടിവിട്ടുപോയാൽ പിന്നെ

കുരങ്ങനായാലും പറഞ്ഞിട്ട്‌ കാര്യമില്ല.

പട്ടിയെ പിടിച്ച്‌ വാറ്റിയെടുത്ത കരിങ്കുരങ്ങ്‌ രസായനമാണ്‌ കേരള കമ്മ്യുണിസം. ആ രസായനം

നാടുനീളെ വിറ്റ്‌ ഉപജീവനം നടത്തുന്ന ലാടവൈദ്യൻമാരാണ്‌ ഇവിടുത്തെ നേതാക്കൾ. യഥാ

ർത്ഥ കമ്മ്യുണിസ്‌റ്റുകാർക്ക്‌ പണ്ട്‌ കോടതികളെ ഭയമായിരുന്നില്ല. പുച്ഛമായിരുന്നു. അവർ

ചാർത്തികൊടുത്ത പേരായിരുന്നു ബുർഷ്വാകോടതിയെന്നത്‌. കാരണം അക്കൂട്ടർക്ക്‌ നഷ്ടപ്പെടുവാൻ

കൈവിലങ്ങുകളും കാൽചങ്ങലകളുമേ ഉണ്ടായിരുന്നുള്ളു. അഭിനവ ബുർഷ്വാവിപ്ലവകാരികൾക്ക്‌

സ്‌റ്റേറ്റു കാറും പെൻഷനും ശമ്പളവും ഒന്നൊഴിയാതെ വേണം. ഒടുക്കം ഭരണകൂടത്തിന്റെ

ചോറ്റുപട്ടികളുടെ വക നാല്‌ ആചാരവെടിയും.

ഒരാവേശത്തിന്‌ കിണറ്റിൽ ചാടാം. എന്നാൽ പത്താവേശം വന്നാലും കരകയറാൻ പറ്റണമെന്നില്ല.

അതുമാത്രമാണ്‌ പാലൊളിക്ക്‌ പറ്റിയത്‌. ഒരാവേശത്തിന്‌ നാലാളെ കണ്ടപ്പോൾ നാവിൽ തടഞ്ഞത്‌

വച്ചുകാച്ചി. ആ നാലു കൈയ്യടി ഇങ്ങനെയൊരു മാരണം ക്ഷണിച്ചുവരുത്തുന്ന കാര്യം ആരറിഞ്ഞു.

കാൽപണം കണ്ടാൽ കമിഴ്‌ന്നുവീഴുന്ന ഒരു ചെറിയ ശതമാനം ജുഡീഷ്യറിയിലുണ്ടായേക്കാം.

അബ്‌ദുൾകലാമിന്‌ വാറണ്ട്‌ ഇഷ്യു ചെയ്‌ത്‌ കൊടുത്ത മജിസ്‌ട്രേട്ടും കള്ളവണ്ടി കയറി ടി.ടി

പിടിച്ച്‌ പണിപോയ മജിസ്‌ട്രേട്ടും ചരിത്രത്തിലുണ്ട്‌.

എന്നാൽ ഇതെല്ലാം ഒരു ചെറിയ ശതമാനം. എന്നാൽ അത്തരമാളുകളേയും നിലക്കുനിർത്തേണ്ട

പണിയാകണം നിയമസഭയുടേത്‌. നാലുമുക്കാലിനുവേണ്ടി നാടുതന്നെ വിറ്റുതീറെഴുതിക്കൊടുക്കുന്ന

ഈ മഹാഭൂരിപക്ഷമാണോ ഈ ചെറു ഭൂരിപക്ഷമാണോ കുടുതൽ അപകടകാരികൾ?

ബന്ദ്‌, ഹർത്താൽ തുടങ്ങിയ ഉത്സവങ്ങൾ തൃശൂർപൂരംപോലെത്തന്നെ നിരോധിക്കേണ്ടുന്ന

സംഗതികളാണെന്നാണ്‌ കോടതികളുടെ അഭിപ്രായം. ഒരു കൊടുവാളുമേന്തി കാരാട്ടും കോടതിക്കെതിരെ പുറപ്പെട്ടിട്ടുണ്ട്‌. ഒരു പ്രജക്ക്‌ വഴിനടക്കുവാനുള്ള സ്വാതന്ത്ര്യമാണ്‌ സ്വാതന്ത്രമെങ്കിൽ

വേറൊരു പ്രജക്ക്‌ അവന്റെ വഴിയിൽ ഉരുളൻ കല്ല്‌ നിരത്താനും ടാർവീപ്പകൊണ്ടലങ്കരിക്കാനും തലമണ്ടയെറിഞ്ഞുടക്കാനുമുള്ള സ്വാതന്ത്ര്യമായിരിക്കും സ്വാതന്ത്ര്യം. അതെല്ലാം ബൂർഷ്വാകോടതിക്ക്‌

എങ്ങനെ മനസിലാവാൻ, എപ്പോൾ മനസിലാവാൻ?

കോടതികൾ അങ്ങിനെയാണ്‌. തെക്കും വടക്കും നോക്കാതെയാണ്‌ വിധിപ്രഖ്യാപനം

നടത്തുക. വിധിച്ചുകൊടുത്താൽ മാത്രം മതി. യാതൊരു ചെലവുമില്ല. തൂക്കാൻ വിധിച്ചാൽ മാത്രം

ഒരു പേന വടിയാകും. പരമ്പരാഗതമായി തൂക്കാൻ വിധിച്ച പേനയുടെ മുന കുത്തിയൊടിക്കുകയോ

അല്ലെങ്കിൽ മേശ കുത്തിത്തുളക്കുകയോ ചെയ്യുന്ന ഒരു സമ്പ്രദായമുണ്ട്‌​‍്‌. ഇറാഖിൽ തൂക്കിക്കൊന്ന ആളുകളുടേയും അത്രതന്നെ എതാണ്ട്‌ കണ്ണൂർ സെൻട്രൽ ജയിലിലും ഒരു സീസണിൽ

ഉണ്ടായിരുന്നു. അതും ഒരു താലൂക്കിൽ നിന്നുമാത്രം. നാടിന്റെ പേരുതന്നെ അങ്ങു വാനോളം

ഉയർന്നുപോയ ആ നല്ലനാളുകൾ ആർക്കാണു മറക്കാൻ കഴിയുക. ആരുമറന്നാലും പാനൂരുകാർക്ക്‌

മറക്കാനാവുമെന്ന്‌ തോന്നുന്നില്ല.

മഹാപാപിയായി പ്രഖ്യാപിച്ച്‌ ഒരാളെ ഒരു ജഡ്‌ജി തൂക്കിക്കൊല്ലാൻ വിധിക്കുക. മേൽകോടതി

അയാളെ പുണ്യവാളനാക്കി വാഴ്‌ത്തിവിട്ടയ്‌ക്കുക. പണ്ട്‌ കൊടുവാളും കൊടുത്ത്‌ കൊല്ലാനയച്ചവർ

ഇന്ന്‌ പൂമാലയിട്ട്‌ സ്വീകരിച്ചാനയിക്കുക. കടലാസുകളിലുടെ ആ മഹാൻമാരുടെ ദിവ്യസന്ദേശം

ഒഴുകിയെത്തുക. അപ്പോൾ ശരിക്കും ആരെയാണ്‌ മരണംവരെ തൂക്കിലിട്ട്‌ താരാട്ടുപാടി കൊടുക്കേണ്ടത്‌?

വായനക്കാർ അവരുടെ ഭാവനക്കനുസരിച്ച്‌ ഉദാത്തമായ രീതിയിൽ വിധി നടപ്പിലാക്കട്ടെ.

ജഡ്‌ജിമാർ കുടുങ്ങിയ ഒരു സ്‌റ്റിംഗ്‌ ഓപ്പറേഷനെപ്പറ്റി കേട്ടിട്ടില്ല. എന്നാൽ ചോദ്യം സഭയിൽ

ചോദിക്കാൻ കാശു വാങ്ങി കുടുങ്ങിയ ചപ്പാത്തികളെ മറക്കാൻ സമയമായിട്ടില്ല.

പണ്ട്‌ തലശ്ശേരി കോടതിവരാന്തയിൽ വച്ച്‌ ഗംഗാധരമാരാർ പഴയ മന്ത്രി പി. ആർ. കുറുപ്പിന്റെ

തലയ്‌ക്ക്‌ ചുറ്റിക കൊണ്ടൊന്നു പാസാക്കി. പി. ആർ. മൂപ്പരുടെ ഭാഗ്യം കൊണ്ട്‌ രക്ഷപ്പെട്ടു.

മാരാർ അകത്തുമായി. എന്തിനുവേണ്ടിയാണ്‌ കുറുപ്പിനെ അടിച്ചതെന്ന്‌ കോടതി മാരാരോട്‌ ചോദിച്ചു.

കൊല്ലാൻ വേണ്ടിയായിരുന്നു എന്നാണ്‌ മാരാർ പറഞ്ഞത്‌. നട്ടെല്ലുള്ള കമ്യൂണിസ്‌റ്റുകാർ അങ്ങിനെ

ആണ്‌. മേലെ നോക്കിയാൽ ആകാശം താഴെ നോക്കിയാൽ ഭുമി.

ബുർഷ്വാഭരണകൂടത്തിന്റെ പെൻഷനും ശമ്പളവും വലതുകൈയ്യിൽ എണ്ണിവാങ്ങി വിപ്ലവം നടത്താൻപോകുന്ന

വിപ്ലവകാരികളും മാരാരും തമ്മിലുള്ള വ്യത്യാസം അവിടെയാണ്‌. കോടതിയിൽ മാരാർ സ്വയമാണ്‌

വാദിക്കാറ്‌. കോടതിയിൽ വിപ്ലവകാരികളുടെ രക്ഷയ്‌ക്കായി വാദിക്കാൻ ലച്ചങ്ങൾ പ്രതിഫലം

പറ്റുന്ന വക്കീലൻമാരാണ്‌ ഇപ്പോൾ ക്യു നിൽക്കുന്നത്‌.

ബൂർഷ്വാഭരണകൂടത്തിന്റെ പെൻഷനും ശമ്പളവും വലതുകൈയ്യിൽ എണ്ണിവാങ്ങി ഇടതുകൈയ്യും

കുലുക്കി കോടതി ബൂർഷ്വായാണെന്ന്‌ പറയുവാനുള്ള ചങ്കൂറ്റമാണ്‌ ചങ്കൂറ്റം. എല്ലാവർക്കും

അതുണ്ടായെന്നുവരില്ല. മന്ത്രി തീർച്ചയായും ഉത്തമബോദ്ധ്യത്തോടുകൂടിയായിരിക്കണം പറഞ്ഞത്‌

അതുകൊണ്ട്‌ അതിൽനിന്നും ഒരു യവം പിന്നോട്ട്‌ പോവുന്നത്‌ സൂചിപ്പിക്കുക ലക്ഷണമൊത്തൊരു

നട്ടെല്ലിന്റെ അഭാവമായിരിക്കും.

പിന്നെ മാപ്പുപറയുക ദൈവനാമത്തിൽ സത്യപ്രതിഞ്ജയെടുത്ത യോഗ്യൻമാർക്ക്‌ അതു

വിധിച്ചിട്ടുള്ളതാണ്‌. കാരണം എന്തലമ്പുണ്ടാക്കിയാലും മാപ്പു മാത്രം കൊടുക്കാനിരിക്കുന്ന

ഒരന്ധനായ ദൈവത്തെ അവർ തീറ്റിപ്പോറ്റുന്നുണ്ട്‌. അതുകൊണ്ട്‌ അവർക്ക്‌ തെറ്റുചെയ്യാനും

കളവുപറയാനുമുള്ള അവകാശമുണ്ട്‌.

ഇതെഴുതുന്ന നിത്യനും ദൃഢപ്രതിജ്ഞയെടുത്ത പാലൊളിക്കും മാപ്പുതരുവാൻ അങ്ങിനെയൊരു

ദൈവം ജീവിച്ചിരിക്കാത്ത സ്ഥിതിക്ക്‌ ദൈവംസഹായിച്ച്‌ മാപ്പിനെ പറ്റി ചിന്തിക്കേണ്ടതില്ല.

പറഞ്ഞതിൽ ദൃഢമായി നിൽക്കുക. ശിക്ഷയാണെങ്കിൽ ശിക്ഷ അല്ലെങ്കിൽ രക്ഷ.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.