പുഴ.കോം > പുഴ മാഗസിന്‍ > രാഷ്ട്റീയം > കൃതി

മുഹമ്മദ്‌ ഹനീഷും ഒരല്പം രാഷ്‌ട്രീയ ചിന്തയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷമ്മി, അബുദാബി

കേരള രാഷ്‌ട്രീയം ഇപ്പോഴും വളരെ ‘ബയസ്‌ഡ്‌’ ആണെന്നു തെളിയിക്കുന്ന ഒരു മന്ത്രിസഭാ തീരുമാനമായിരുന്നു എറണാകുളം ജില്ലാ കളക്‌ടറായിരുന്ന മുഹമ്മദ്‌ ഹനീഷിന്റെ സ്ഥാനമാറ്റം. നമ്മുടെ നാട്‌ രക്ഷപ്പെടില്ല അല്ലെങ്കിൽ രക്ഷപ്പെടാൻ ഇവിടുത്തെ രാഷ്‌ട്രീയക്കാരൻ അനുവദിക്കില്ല എന്നതിന്റെ അവസാനത്തെ അറിയിപ്പായിരിക്കുന്നു ഇത്‌.

സർവ്വസമ്മതനായിരുന്നു ഹനീഷ്‌. ആത്മാർത്ഥതയും നിസ്വാർത്ഥതയും അദ്ദേഹത്തിന്റെ സ്വഭാവമഹിമകളായിരുന്നു, എന്നും. ആ സവിശേഷ സ്വഭാവങ്ങളാൽ തന്നെ ഔദ്യോഗികരംഗത്തും അദ്ദേഹം തികച്ചും വേറിട്ടു നിന്നു. എറണാകുളത്തുകാരുടെ പ്രിയപ്പെട്ട കളക്‌ടറാകാൻ അദ്ദേഹത്തിനു വളരെ വേഗം കഴിഞ്ഞതും അതുകൊണ്ടുതന്നെ. രാപകലില്ലാതെ പണിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്ന വിശേഷണം മാതൃകയാക്കിയ വ്യക്തിത്വം. ഏതൊരു ഔദ്യോഗിക മേഖലയിലും അദ്ദേഹത്തിന്റെ കഴിവും ആത്മാർത്ഥതയും ഒരു മുതൽകൂട്ടു തന്നെയായിരിക്കും എന്നത്‌ ഉറപ്പാണ്‌. ഏതൊരു സ്ഥാനത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനും തന്റെ സ്വതസിദ്ദമായ കഴിവുകൾ കൊണ്ട്‌ ആ മേഖലയെ മെച്ചപ്പെടുത്താനും അദ്ദേഹത്തിനു കഴിയും എന്ന കാര്യത്തിൽ സംശയമില്ല. മറ്റു മേഖലകളിലേക്ക്‌ അദ്ദേഹത്തിന്റെ സേവനം എത്തിക്കുന്നത്‌ വഴി നാടിന്‌ നല്ലതേ ലഭിക്കൂ. ഒരു ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ അദ്ദേഹത്തിന്റെ സേവനം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കാകെ ലഭിക്കുവാൻ പോകുകയാണ്‌ എന്നത്‌ സന്തോഷകരമായ വസ്‌തുത തന്നെ. ഇന്ന്‌ ഇന്ത്യക്ക്‌ വേണ്ടത്‌ ഇത്തരം ഹനീഷുമാരെയാണ്‌. ഇന്നു കേരളത്തിലെ ഏറ്റവും പ്രഗർഭരായ ബ്യൂറോക്രാറ്റുകളിലൊരാൾ മുഹമ്മദ്‌ ഹനീഷാണ്‌ എന്ന കാര്യത്തിൽ സംശയമില്ല തന്നെ! കേരളത്തിന്റെ ഉദ്യോഗസ്ഥ സമൂഹം ഇദ്ദേഹത്തെ മാതൃകയാക്കണം എന്നു പറഞ്ഞാൽ പോലും അത്‌ അധികമാകുമെന്ന്‌ തോന്നുന്നില്ല. എറണാകുളം ജില്ലക്ക്‌ ഹനീഷിനെ നഷ്‌ടപ്പെടുമ്പോൾ നേട്ടം നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലക്ക്‌.

പക്ഷെ ഇതിലെ രാഷ്‌ട്രീയം നമുക്കു കാണാതെ വയ്യ. ഹനീഷിന്റെ സ്ഥാനമാറ്റം തികച്ചും അനവസരത്തിലുളളതായി പോയി എന്ന്‌ ആർക്കും മനസ്സിലാക്കാവുന്നതേയുളളൂ. എറണാകുളത്തിന്റെ വികസനോദ്യമങ്ങളിൽ മുഹമ്മദ്‌ ഹനീഷ്‌ വഹിച്ചിരുന്ന പങ്ക്‌ വളരെ വലുതാണ്‌.

ജില്ലയുടെ ഏതാവശ്യത്തിനും ഹനീഷിനെ വേണമായിരുന്നു. എന്തിന്‌ എത്ര ചെറിയ കാര്യമാണെങ്കിൽ പോലും ഹനീഷിനെ സമീപിക്കാൻ ആർക്കും മടിയുണ്ടായിരുന്നില്ല. തന്നാൽ കഴിയുന്ന രീതിയിൽ ഏതു കാര്യവും ചെയ്‌തു കൊടുക്കുവാനും ഹനീഷ്‌ തയ്യാറാകുമായിരുന്നു. ഇതായിരിക്കണം ഒരുപക്ഷെ ഇദ്ദേഹത്തെ ഇത്രക്ക്‌ ജനകീയനാക്കിയതും. പക്ഷെ താൻ ഭാഗമായി തുടങ്ങിവച്ച പല വൻ പദ്ധതികളും പൂർത്തിയാക്കാൻ ഇടം കൊടുക്കാതെയാണ്‌ ഇപ്പോൾ ഹനീഷിനെ നീക്കുന്നത്‌. എല്ലാ കാലവും ഹനീഷിനെ ജില്ലയിൽ തന്നെ വച്ചുകൊണ്ടിരിക്കണമെന്നല്ല. പക്ഷെ കുറച്ചുകൂടി സമയം അദ്ദേഹത്തിന്റെ സേവനം ആ ജില്ലയ്‌ക്ക്‌ ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും കഠിനപ്രയത്നവും ഉത്സാഹവും കഴിവും എറണാകുളം ജില്ലയിൽ ദ്രുതഗതിയിൽ നടക്കുന്ന അതിവിശാലവികസനങ്ങൾക്ക്‌ കുറച്ച്‌ കാലം കൂടി തുടർന്നും ലഭിക്കേണ്ടിയിരുന്നു.

സാധാരണയായി ചിന്തിക്കുന്ന പൊതുജനത്തിനുപോലും മനസ്സിലാകുന്ന ഈ ഒരു കാര്യം ജനത്തിനു വേണ്ടിയും നാടിന്റെ വികസനത്തിനുവേണ്ടിയും ‘മാത്രം’ പ്രവർത്തിക്കേണ്ട നമ്മുടെ സർക്കാർ നേതാക്കൾക്കു മാത്രം മനസ്സിലാകാത്തതെന്തേ...? ദീർഘമായ ഒരന്വേഷണത്തിനു മുതിരാനല്ല ഇവിടെ ഉദ്ദേശ്യം. മൂലമ്പളളിയിലെ കളക്‌ടറുടെ പ്രവൃത്തി പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ വിരട്ട്‌ കൊണ്ടാണെന്നു പറഞ്ഞു കളഞ്ഞ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വത്തെ കുറിച്ച്‌ പറയാതിരിക്കുകയാണ്‌ ഭേദം. തങ്ങളൊന്നും അറിയാതെയാണ്‌ ഇതു നടന്നതെന്നും ചില സിനിമാ കഥകളിലെ ഉദ്യോഗസ്ഥ ‘ഞെരിച്ചിൽ’ പോലെ അതിനെ വിശേഷിപ്പിച്ചതും കഷ്‌ടമായി പോയി എന്നല്ലാതെ എന്തു പറയാൻ. തികച്ചും കേവലമായ ഒരു വിലയിരുത്തലായിപോയി മുഖ്യമന്ത്രി അന്നു നടത്തിയത്‌. കേരളത്തിൽ ആ ദിവസങ്ങളിൽ സങ്കീർണ്ണമായിരുന്ന ഒരു ജനകീയ പ്രശ്‌നമെന്നതിനാൽ എല്ലാ ദിവസവും ആ പ്രദേശത്തിന്റെ ഏറ്റവും പുതിയ അവസ്ഥാവിശേഷത്തെ കുറിച്ച്‌ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും അറിയേണ്ടതായിരുന്നു.... അതവരുടെ ഉത്തരവാദിത്ത്വമല്ലെങ്കിൽ പിന്നെ എന്താണവരുടെ ജോലി എന്നത്‌ ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്‌.

കേരളത്തിൽ നടക്കുന്നതൊന്നും മന്ത്രിമാർ അറിയുന്നില്ലെന്നോ ശ്രദ്ധിക്കുന്നില്ലെന്നോ അല്ലേ നമ്മൾ ധരിക്കേണ്ടത്‌! ഉദ്യോഗസ്ഥർ അവരിൽ നിക്ഷിപ്‌തമായിരിക്കുന്ന ജോലി ചെയ്യാനാണിരിക്കുന്നത്‌. അതിലെ നിയമവശങ്ങളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും മാത്രമെ അവർക്കു നോക്കേണ്ടതുളളു. പക്ഷെ അതിന്‌ ഒരു മറുവശമുണ്ട്‌. ജനകീയ മനസ്സാക്ഷിയുടെ ഒരു ജനസേവന പക്ഷം. അത്‌ തിരിച്ചറിഞ്ഞ്‌ നിയന്ത്രിക്കേണ്ടത്‌ ഭരണത്തിലിരിക്കുന്ന മന്ത്രിമാരാണ്‌. പക്ഷെ ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളിൽ തങ്ങൾ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നത്‌ എത്ര കണ്ട്‌ ന്യായീകരിക്കുവാനാകും!

ആരുടെ മുന്നിൽ നല്ല കുട്ടിയാകാനുളള മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും ശ്രമത്തിന്റെ ഭാഗമാണ്‌ മുഹമ്മദ്‌ ഹനീഷിന്റെ സ്ഥാനമാറ്റം എന്നത്‌ ഒരു ചോദ്യം മാത്രം. ഉത്തരങ്ങൾ പലതായിരിക്കാം...

കാരണങ്ങൾ എന്തൊക്കെയായാലും കേരളത്തിൽ കാലാകാലങ്ങളായി ഭരണത്തിൽ വരുന്ന ഏതൊരു മുന്നണിയും അനുവർത്തിച്ചു പോരുന്ന ആദർശരഹിതമായ ‘കോമ്പ്രമൈസ്‌ പോളിറ്റിക്‌സ്‌’ന്റെ വൃത്തികെട്ട ഒരു കരുനീക്കമായി ഇതിനെ കാണേണ്ടിയിരിക്കുന്നു. ആദർശങ്ങൾ നഷ്‌ടപ്പെട്ട ഇന്നത്തെ രാഷ്‌ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്നും ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കാം. മൂന്നാറ്‌ പോലും ഒരു അതിശയവുമില്ലാതെ സാധാരണമെന്നോണം സ്വീകരിച്ച നമ്മൾ പൊതുജനത്തിന്‌, ഇതൊക്കെ കണ്ട്‌ നെടുവീർപ്പിടാനേ ഇപ്പോൾ തരമുളളൂ...

ഷമ്മി, അബുദാബി


E-Mail: pravasam@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.