പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രക്‌തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അലി സർദാർ ജാഫ്രി ,ഷാഫി ചെറുമാവിലായി

കവിത

ഈ രക്‌തം കൊണ്ട്‌

എന്താണ്‌ ചെയ്യാൻ പോകുന്നത്‌

ഈ രക്‌തം

ഒരു ചുംബനം പോലെ

ഊഷ്‌മളമായത്‌

ഒരു പനിനീർപ്പൂപോലെ

ചുവന്നത്‌

അത്‌ പിഞ്ചു പൈതങ്ങളുടെ

പുഞ്ചിരി

വളരെക്കാലം സംസാരിച്ചൊഴിഞ്ഞ

ചുണ്ടുകളുടെ ആശീർവാദങ്ങൾ

പാതിതുറന്ന കണ്ണുകളിൽ

ചാലിച്ച കൺമഷി

മൃദുലമായ കൈകളിൽ

വരഞ്ഞ മൈലാഞ്ചി

ദബാബ്‌ ഗായകന്റെ പാട്ട്‌

കവിയുടെ അറക്കൂവൽ

മുറിയാത്ത പ്രേമത്തിന്റെ

ദൃഢത

ഈ രക്‌തം ഒരു മതഭ്രാന്തനല്ല

മതദ്വേഷിയും അല്ല

മുസൽമാനും അല്ല

അത്‌ വേദങ്ങളുടെ

ഗീതത്തിൻ സംഗീതം

വിശുദ്ധഗ്രന്ഥത്തിന്റെ ലയം

ജീവിതപുസ്തകത്തിന്റെ ആദ്യാക്ഷരമാണത്‌

ആശയുടെ ആദ്യ ഗാനമാണത്‌

അത്‌ വേദാഗമനത്തിന്റെ മൂലം

തോറാവിന്റെയും

സ്തോത്രപ്പാടുകളുടേതുമായ

ആത്മാവാണത്‌

തീയെരിഞ്ഞ ചാമ്പൽ

വാളിന്റെ ദാഹത്തെ തണുപ്പിക്കില്ല

ഈ രക്തം കൊണ്ട്‌

എന്താണ്‌ ചെയ്യാൻ പോകുന്നത്‌

ഈ രക്‌തം

ചുവന്ന ചൂടുളള

യുവത്വം തുടിക്കും ഈ രക്‌തം

തറയിൽ തെറിക്കുമ്പോൾ

അത്‌ ഭൂമിയുടെ ഗർഭപാത്രത്തെ

എരിച്ചു കളയും

പിന്നീടൊരിക്കലും ആകാശത്തു നിന്ന്‌

ആശീർവാദങ്ങൾ

നമ്മളെ വന്നണയാതെ പോകും

ഒരു വിതയും

ഈ മണ്ണിൽ മുളയ്‌ക്കാതെ പോകും

ഒരു മൊട്ടും മന്ദഹസിക്കില്ല

ഒരു പൂവും മണം വീശില്ല

ഈ രക്‌തം ചുണ്ടുകളുടെ നറുമണം

കണ്ണുകളുടെ പ്രകാശം

നാണത്താൽ ചുവന്ന കവിൾത്തടം

ഹൃദയത്തിൻ ആനന്ദം

ഇത്‌ ഫറാൻ മലയിലെ സൂര്യൻ

സിനായ്‌ തുർ മലകളുടെ ഗാംഭീര്യം

സത്യത്തിന്റെ തീപ്പൊരി

എരിഞ്ഞുകൊണ്ടിരിക്കുന്ന ഹൃദയത്തിന്റെ

തീർക്കാനാകാത്ത വേദന

സത്യത്തിന്റെ വെളിച്ചം

വെളിച്ചത്തിന്റെ വെളിപാട്‌

ഈ രക്‌തം

എന്റേത്‌

നിങ്ങളുടേത്‌

നമ്മൾ എല്ലാവരുടേയും.

അലി സർദാർ ജാഫ്രി

ഷാഫി ചെറുമാവിലായി

വിലാസം

ഷാഫി ചെറുമാവിലായി,

ആയിഷാമൻസിൽ,

കണ്ണൻവയൽ,

പി.ഒ.മുഴപ്പിലങ്ങാട്‌ ,

കണ്ണൂർ - 670 662.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.