പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കാക്ക,കാവൽ,ഈജിപ്തിലെ ഘടികാരങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.വി.ഷാജി

കവിത

തിരസ്‌കാരത്തിന്റെ എച്ചിൽ-

കൂമ്പാരത്തിലെറിയപ്പെട്ട

പുതിയ കവിത

നിരൂപണം ചെയ്ത്‌ ഒരു കാക്ക

മുരിക്കിൻ കൊമ്പിലിരുന്ന്‌

വെയിൽ കായുന്നു....

കവിതയിൽ കണ്ണീരുണങ്ങി-

പ്പിടിച്ചിരുന്നെന്ന്‌....

തൊഴിലാളിയുടെ ദൈന്യമെന്ന്‌

ചാളയിലെ ഭാഷയെന്ന്‌

പത്രാധിപന്റെ തിരസ്‌കാരം...

കവിതയിൽ മഴവില്ല്‌

വിരിയിക്കാനറിയാഞ്ഞ്‌

പൂർവ്വികന്റെ ബലിച്ചോറു കൊത്താനറച്ച്‌

കറുത്ത അക്ഷരങ്ങൾ

ഇരുമ്പുവിലയ്‌ക്ക്‌ തൂക്കിവിറ്റ്‌

കാലത്തോടു സന്ധിചെയ്യാൻ കഴിയാഞ്ഞ്‌

കവിത കഴുത്തിൽക്കെട്ടി-

മുറുക്കിച്ചത്ത കവിയുടെ-

ദൈന്യം കാണാതെ...

ചുവന്ന ധിക്കാരം

പൂവായി വിരിഞ്ഞ

മുരിക്കിൻ കൊമ്പിൽ

തിരസ്‌കാരത്തിന്റെ കവിത

നിരൂപണം ചെയ്‌ത്‌ ഒരു കാക്ക....

കാവൽ

ഇവിടെയാണ്‌

എല്ലാം ഒടുങ്ങുക...

നിശ്ശബ്‌ദം മുഖം കുനിച്ച്‌

പതിഞ്ഞ കാൽവയ്പുകളുടെ

അവസാനം...

ചൂഴ്‌ന്നെടുക്കപ്പെട്ട

കണ്ണുകളുമായി

ഒരു വിപ്ലവകാരി....

കണ്ണീർവറ്റിയ ഒരമ്മ...

കൈതപ്പൂമണമുളള

ഒരു കുഞ്ഞ്‌...

ഓർമ്മകൾക്ക്‌

കുരുതിയാവുന്നു...

ബാക്കിയാവുക,

വിറകുകഷണങ്ങൾക്ക്‌

വിലപേശുന്ന ഒരനുയായി...

മനസ്സു മരുഭൂമിയായ

ഒരു മകൻ....

വേവുന്ന നെഞ്ചുമായി

ഒരച്‌ഛൻ...

ഒടുക്കം....

പിഴച്ചുപെറ്റ

പതിനേഴുകാരിക്കൊപ്പം

അലിവു ബാക്കിയായ

ഹൃദയവും ചിതയിലടുക്കി

ഇരുണ്ട മൗനങ്ങളുടെ

കാവലാളായി ഞാൻ മാത്രം...

ഈജിപ്തിലെ ഘടികാരങ്ങൾ

വിറച്ചു നീങ്ങുന്ന ഒരു സൂചിയായ്‌

നെഞ്ചിലെ ഘടികാരത്തിന്‌

സമയം പിഴച്ചത്‌ ഇന്നലെയാണ്‌...

ചരിത്രത്തിന്റെ ദ്രവിച്ച തലയോട്ടിലെ

ഇരുകൺകുഴികളിലും ഡയലുകൾ...

വിറച്ചുനീങ്ങുന്ന സൂചികൾ...

ഒന്ന്‌ ഇടത്തോട്ടും ഒന്നു വലത്തോട്ടും

രേഖപ്പെടുത്തുക-

ശൂന്യതയുടെ സമയാന്തരാളങ്ങൾ...

യൂറോപ്പിലിപ്പോൾ ശൈത്യമാണ്‌...

ഇലപൊഴിയും കാലം...

ലാറ്റിനമേരിക്കയിൽ യുവത്വത്തിന്റെ

ചോരതിളയ്‌ക്കും നേരമാണ്‌...

ആഫ്രിക്കയിൽ അർധപ്പട്ടിണിയുടെ

സൈറൺ മുഴങ്ങും സമയമാണ്‌...

എന്നൊക്കെ അടയാളപ്പെടുത്തിയിരുന്ന

സൂചികൾക്ക്‌ താളം പിഴച്ച

നെഞ്ചിലെ ഘടികാരവുമായി

സമയക്രമീകരണശാലയ്‌ക്കുമുന്നിൽ

അറച്ചു നിൽക്കവെ

ന്യായമായും എനിക്കു

ചിന്തിക്കാവുന്നത്‌...

ഈജിപ്തിലെ പഴഞ്ചൻ ക്ലോക്കുകളുടെ

സമയകൃത്യതയെക്കുറിച്ചാണ്‌.


എം.വി.ഷാജി

ചുഴലി തപാൽ, കണ്ണൂർ-670631.


Phone: 0498 2261356
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.