പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ആത്‌മരാഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനുജി.കെ.ഭാസി

കവിത

ഒരുകോടി സ്വപ്നങ്ങൾ നെയ്‌തുനാം

സങ്കൽപ്പച്ചിറകുവെച്ചങ്ങിനെ സഞ്ചരിക്കെ

വിടരുമാമിഴികളിൽ നോക്കിനിന്നാനന്ദ-

ച്ചുടുകണ്ണീർ നാം തമ്മിൽ പങ്കുവയ്‌ക്കെ...

നിറമെഴും സൗഭാഗ്യപുഷ്‌പ്പങ്ങളാശയാൽ

നിരുപമേ നിൻമുടീൽച്ചേർത്തുവെയ്‌ക്കെ

വിരിയുമാമോഹന നേത്രങ്ങൾ രണ്ടും ഞാൻ

വിരലുകൊണ്ടേവം മറച്ചുവെയ്‌ക്കെ...

ലജ്ജയാൽ നിൻമുഖപത്‌മ,മാമാത്രയിൽ

ലക്ഷ്‌മീവിലാസമായ്‌ പ്രോജ്ജ്വലിക്കെ..

ഞെട്ടറ്റു വീണൊരു താരകം പോലെനിൻ

നെറ്റിയിൽ ചന്ദനമുജ്ജ്വലിക്കെ...

മാറോടൊതുക്കിനീവെയ്‌ക്കും കിനാവിന്റെ

മാധുര്യം തമ്മിൽ നുകർന്നുനിൽക്കെ

മാകന്ദസൗരഭം വീശിവീശിക്കുളിർ-

മാരുതൻ നൃത്തം ചവുട്ടിനിൽക്കെ...

രാവിൻ നിലാത്തിരിമായവെ മുഗ്ധമാം

രാഗം നിൻ കാതിൽ ഞാൻ മൂളിനിൽക്കെ

രാജീവലോചനേ പ്രേമോത്സുകങ്ങളാം

കാകളി നമ്മിൽ തുളുമ്പിനിൽക്കെ...

മഞ്ജീരശിഞ്ചിതം കേൾക്കെയെന്നാത്‌മാവിൽ

മൗനസ്വരങ്ങൾ പ്രതിധ്വനിക്കെ

ആകാശഗംഗ തൻ തീരമെത്താൻ ചൈത്ര

പൗർണ്ണമിക്കാഗ്രഹമേറിനിൽക്കെ...

ഈ വനവീഥിയിലോമനേ നീയൊരു

നീഹാരമായെന്നിൽച്ചേർന്നുനിൽക്കെ

ആരമ്യവർണ്ണവികാരവിനോദങ്ങൾ

ചേതോഹരങ്ങളായ്‌ പൂത്തുനിൽക്കെ

വാസന്തകാലം മറപിടിച്ചങ്ങിനെ

വാർതിങ്കളിന്റെ മിഴികൾ പൊത്തി

ഈ വർണ്ണസ്വപ്‌നങ്ങൾ നിനക്കുമാത്രം

ഈ നീലരാവോ നമുക്കു സ്വന്തം...

അനുജി.കെ.ഭാസി

20-5-77-ൽ ജനനം. അച്ഛൻ ശ്രീ ഇത്തിത്താനം ഭാസി, അമ്മ ശ്രീമതി രാധാഭാസി. 1996-ൽ സിനിമാ മേഖലയിൽ ‘ശിഥില ശിശിരം’ എന്ന ആദ്യകവിത അച്ചടിച്ചു. തുടർന്ന്‌ സാഹിത്യപത്രത്തിലും കവിതകൾ പ്രസിദ്ധീകരിച്ചു. 1998-ൽ മാതൃഭൂമിയുടെ ദിനപ്പത്രത്തിൽ ‘സ്നേഹപൂർവ്വം’ എന്ന കവിതയും പ്രസിദ്ധീകരിച്ചു. ഇലച്ചാർത്ത്‌, കവിമൊഴി, ഉൺമ എന്നീ മാസികകളിലും കവിതകൾ എഴുതിയിട്ടുണ്ട്‌. 2000-ൽ മാതൃഭൂമിയുടെ ആഴ്‌ചപ്പതിപ്പിൽ ‘ഓർമ്മയിൽ ഒരു വസന്തം’ എന്ന കവിത വെളിച്ചം കണ്ടു. ഏഷ്യാനെറ്റ്‌ കേബിൾ വിഷനുവേണ്ടി രണ്ട്‌ തിരക്കഥകൾ രചിച്ചിട്ടുണ്ട്‌. ഒരു ഡോക്യുമെന്ററിക്ക്‌ സ്‌ക്രിപ്‌റ്റും. കോട്ടയം കവിസംഘത്തിലെ അംഗമാണ്‌.

വിലാസം

ഇത്തിത്താനം പി.ഒ,

ചങ്ങനാശ്ശേരി - 686 535

കോട്ടയം.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.