പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഗൗതമനോട്‌....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പൂച്ചാക്കൽ ലാലൻ

കവിത

ഗൗതമാ!

ഇതുവറുതിയുടെ കാലം

മനസ്സിൽ ഉഷ്ണപ്പൂവുകൾ പൂക്കും കാലം

വരണ്ട തൊണ്ടയിൽ, കരിഞ്ഞ കുന്നിന്റെ

സ്വപ്നാവശിഷ്ടം മാത്രം.

പ്രത്യാശവൃക്ഷച്ചുവട്ടിലൊരു

നൊമ്പരക്കണ്ണുമായ്‌

വന്ധ്യപ്രാർത്ഥനയുടെ പ്രത്യുപകാരമായ

മൃതശീതം ഒലിച്ചിറങ്ങുന്നതും കാത്ത്‌

മനസ്സിൽ പൊന്ത വളരുകയാണ്‌.

ഗൗതമാ!

ദൂരെയൊരു നഗ്നമനുഷ്യൻ

വാരിയെല്ലാൽ വന്ധ്യതാ ദൂരമളന്നും

തുലാസിൽ തൂങ്ങും, ഇരുണ്ട പ്രവചന

ഭ്രമകല്പനയാൽ കരിഞ്ഞ മനസ്സുമായ്‌

ബോധിവൃക്ഷച്ചുവട്ടിൽ

ബോധമറ്റുറങ്ങുന്നു.

ഗൗതമാ!

പ്രാർത്ഥനാജലം മോന്തിമടുത്ത

പ്രജ്ഞയറ്റ അന്നനാളങ്ങൾ നീ കാൺക.

കണ്ണീരുറഞ്ഞ്‌, കാഴ്‌ചമങ്ങാത്ത

നിന്റെ കണ്ണുകൾ മടുപ്പുളവാക്കുന്നുവോ?

ജലസ്പർശവേഗത്തിൽ തളരുന്ന

ദേഹത്തുനിന്നുമൊരു പിറവിപ്പൂവ്‌

നീ പിഴുതെടുക്കുക.

കപിലവസ്തുവിലെത്തുന്നതിൻമുൻപ്‌

മൃതിതൈലം പുരട്ടിയ ദുഃഖവസ്‌ത്രങ്ങൾ

നീ കരുതുക.

ഗൗതമാ! ഇനി വറുതിയുടെ കാലം

കരുതിയിരിക്കുക.

കരുതി ഉറങ്ങാതെയിരിക്കുക.


പൂച്ചാക്കൽ ലാലൻ

കവിയും കഥാകാരനുമാണ്‌. കെൽട്രോൺ കവിതാ രചനാമത്സരം, ഇ.പി. സുഷമ സ്മാരക കഥാമത്സരം, ദല കവിതാ രചനാമത്സരം തുടങ്ങി ഒട്ടനവധി സാഹിത്യമത്സരങ്ങളിൽ സമ്മാനാർഹനായിട്ടുണ്ട്‌. “ഗൗതമനോട്‌” എന്ന കാവ്യസമാഹാരത്തിന്റെ പണിപ്പുരയിലാണ്‌. ഇപ്‌റ്റയുടേയും യുവകലാസാഹിതിയുടേയും സജീവ പ്രവർത്തകനാണ്‌.

വിലാസം

പൂച്ചാക്കൽ പി.ഒ.

ആലപ്പുഴ

688 526




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.