പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മഴയിൽ നഷ്‌ടമാകുന്നത്‌....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മനോജ്‌ കാട്ടാമ്പളളി

കവിത

ഇലപ്പച്ചയിൽ പടർന്നിറങ്ങിയ

സൗഹൃദത്തിന്റെ പെരുമഴയിൽ

നിന്റെ ഹൃദയത്തുടിപ്പുകളും അകന്നപ്പോൾ

ചേർത്തടയ്‌ക്കപ്പെട്ടത്‌

എന്റെ ജീവിതാസക്തികളുടെ

കറുത്ത ജാലകം.

മഴയുടെ ആരവങ്ങൾക്കും

നനുത്ത തണുപ്പിനുമിടയിൽ

എന്റെ സ്വപ്നസീമയിൽ

വിഷാദത്തിന്റെ അഗ്നിപൂത്തത്‌...

ഞാൻ മൗനങ്ങളുടെ

നൂണുപോകുന്ന കാറ്റലയിൽ

ആത്മനിന്ദയുടെ കടലാഴങ്ങളിൽ

മടുക്കാതെ കാത്തിരുന്നത്‌...

മഴ-സ്നേഹരാഹിത്യത്തിന്റെ

അപാരതയെന്നു ഞാൻ,

പാപബോധത്തിന്റെ

മരണതാളമെന്നു നീ.

വ്യഥയുടെ അഗ്നിശൈലങ്ങളിൽ

മറന്നിട്ടുപോയ

പ്രണയമാപിനിയുടെ ഓർമ്മയ്‌ക്ക്‌...

ഋതുവ്യതിയാനങ്ങളിലെ

ശാപോന്മുഖമായ ഈ മഴക്കാലം

ഇമകളിരുളുമ്പോൾ

നനഞ്ഞയോർമ്മകളുടെ വേതാളഭാരം

സ്വപ്നങ്ങളുടെ നീല വെളിച്ചത്തിലേക്ക്‌

ഇറയ്‌ക്കുവോളം

നമുക്കായ്‌

പ്രാർത്ഥനയുടെ ഭ്രമതാരകങ്ങൾ വിടരും.

പിടി തരാതെ അകന്ന

ശലഭമായ്‌ നീ

മഴയുടെ ആത്മാവിലേക്കിറങ്ങുമ്പോൾ,

എനിക്ക്‌ മുനകൂർത്ത ഭ്രാന്തിന്റെ

മഴപ്പനി പകർത്തുക.

മനോജ്‌ കാട്ടാമ്പളളി

വിലാസം

സൗരവം

പി.ഒ. കാട്ടാമ്പളളി

കണ്ണൂർ - 670015.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.