പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അമ്മേ മടങ്ങുക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉഷ മേനോൻ

അമ്മേ പോകയോ...

തമ്മിൽ പറയാത്ത, തീരാത്ത

കാര്യങ്ങൾ ബാക്കിയി-

ട്ടെന്നമ്മ പോകയോ...?

ജനിമൃതികൾ ബന്ധിക്കു-

മിടനാഴിതന്നേതു

തിരിവിലായമ്മനടക്കുന്നു

തിരികെ നോക്കാതൊന്നു

മിണ്ടാതെ, കരയും വിളിക്കൊരു

മറുമൊഴി ചൊല്ലാതെ...?

“എന്തെന്നി”തെന്നുമുഖം

ചേർക്കുമച്ഛനെ,

“അമ്മേ, യമ്മേ”, ശബ്ദമില്ലാതെ

സ്തംഭിക്കുമെന്നേ, ‘യരുതേ,

നിസ്സാരം’! വിലക്കാതെയെന്തേ?

നേരും പുലരുന്നു...

പുകയുമടുക്കളക്കോണിൽ

വിറയ്‌ക്കുന്നു മാറാല-

ഇരുൾ തിന്ന പൈക്കളമറുന്നൂ...

തുളസിത്തറയ്‌ക്കുമേൽ

കരിന്തിരിയി-

ലുറുമ്പു നീളുന്നു.

മച്ചിലെപ്പരദൈവ-

തട്ടകത്തിൽ നേദ്യ-

മീച്ചയാർക്കുന്നൂ-

കദളിക്കുല ചീയുന്നു.

നിറഞ്ഞ പത്തായത്തിന്റെ

താക്കോലു കണ്ടില്ല.

അമ്മേ, ഞാനെന്തു ചെയ്യേണ്ടൂ...

ഇന്നലെച്ചൊല്ലിയ

പാഴ്‌ക്കടും വാക്കിൻ

കടമുണ്ടെനിക്ക്‌,

മടങ്ങുക; തമ്മിൽ

പറയാത്ത, തീരാത്ത

കാര്യങ്ങൾ ബാക്കിയി-

ട്ടെന്നമ്മ പോകല്ലേ...

ഉഷ മേനോൻ

‘ഉഷസ്‌’, കുലയറ്റിക്കര. പി.ഒ., കാഞ്ഞിരമറ്റം-682315.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.