തൊട്ടാല്‍ വാടുന്ന നാണം കുണുങ്ങിയേ
നിന്നെ ഞാനൊന്നു തലോടിടട്ടെ
മിഴികള്‍ ഉറങ്ങുന്ന കാണുവാനല്ല
നിന് കാണ്ഡസ്പര്ശത്തിന് നോവറിയാന്‍
കളകളം ഒഴുകുന്ന കായലോളങ്ങളെ
ഈ ആഴങ്ങളില്‍ ഞാനൊന്നിറങ്ങിടട്ടെ
നിന് മാറില്‍ നീന്തിത്തുടിക്കുവാനല്ല
അന്ത്യ നിമിഷത്തിന് നോവറിയാന്‍
കാണാനഴകുള്ള നാടോടിപ്പെണ്ണെ
നിന്നെ ഞാനിന്നു പ്രേമിച്ചിടട്ടെ
നമ്മളൊന്നായി മാറുവാനല്ല
നിന്നെ പിരിയുന്ന നോവറിയാന്‍
മത്ത് പിടിപ്പിക്കും മദ്യമേ നിന്നെ ഞാന്‍
ആവോളം കോരി നുകര്‍ന്നിടട്ടെ
എല്ലാം മറന്നൊന്നിരിക്കുവാനല്ല
മറക്കാന്‍ ശ്രമിച്ചതിന് നോവറിയാന്‍