പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രണ്ടുകവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.വി.ഷാജി

വസന്തം, കവിത കത്തുന്ന നെഞ്ചുമായ്‌.....

വസന്തം

കിനാത്തടവിലെ കിളി മൊഴിഞ്ഞു

ഇനി വസന്തം വെയിൽ ചാഞ്ഞിറക്കം..

പകൽമുനമ്പിലെയിരുൾ മൊഴിഞ്ഞു...

ഇനി വെളിച്ചം നിലാവിൻ മയക്കം...

അരളി പൂത്ത തൊടികൾ വിമൂകം

ഒരു വെയിൽചീന്തു കണ്ണുപൊത്തുന്നൂ...

കവിത കായ്‌ച കനവിന്റെ കൊമ്പിൽ

ഒരു പ്രഭാതം വെയിൽ കാഞ്ഞിരിപ്പൂ...

കിനാത്തടവിലെ കിളിമൊഴിഞ്ഞൂ

ഇനി വസന്തം വെയിൽ ചാഞ്ഞിറക്കം...

* * * * * * * * * * * * *

കവിത കത്തുന്ന നെഞ്ചുമായ്‌....

കവിത കത്തുന്ന നെഞ്ചുമായ്‌പ്പാതിരാ-

ച്ചെരിവിലൂടെ തനിച്ചിറങ്ങുന്നു ഞാൻ.

ഇരുൾമുഴക്കങ്ങൾ ദൂരെ കൊടുങ്കാ-

റ്റുഴറിയാർക്കും കലാപസ്വരങ്ങൾ

നിറനിലാവു കൊഴിഞ്ഞൂ വസന്തം

കുരുതിപൂക്കുന്ന താഴ്‌വരത്തോപ്പിൽ

ഒരു കിനാവു കൊലചെയ്ത പൂക്കൾതൻ

ഹൃദയരക്തം പുഴയായ്‌ത്തഴക്കുന്നു.

ഇരുളിൽ നീണ്ടുകിടപ്പാണിടവഴി

കവിത തൻ പൂട്ടു നീറുന്നു നെഞ്ചിൽ

കവിത ചത്ത കിനാവുപോൽ മൂകം

ഒരു നിലാച്ചീന്തു കണ്ണു പൊത്തുന്നൂ...

കാത്തുവച്ചൂ കുളിർപെയ്ത സ്വാസ്ഥ്യം

കൂട്ടുനിൽക്കുന്നൊരേകാന്ത സൗഹൃദം

യാത്ര ചൊല്ലേണ്ടവേളയിൽ കൈമാറാൻ

വീണുടഞ്ഞ കിനാവിന്റെ മൺകുടം.

കറുത്ത ഭീതിതൻ തണുത്ത നെറ്റിയിൽ

ഒരു മൃദുസ്പർശം, ഒരു വിലാപം

നരച്ച വാക്കുകൾ, പിഴച്ച വിശ്വാസം

ഒടുക്കമില്ലാത്ത ദുരിതസാഗരം....

വെറുതെയാശ്വാസവാക്കിന്റെ വ്യർത്ഥം

ഒരു നെടുവീർപ്പിലലിഞ്ഞ സ്വാസ്ഥ്യം

ഓർത്തുപോയി നീയന്നെന്റെ കാതിൽ

കാറ്റിനൊപ്പം മൊഴിഞ്ഞ മധുരം....

നേർത്തുനേർത്തു നിശ്ശബ്‌ദമായ്‌തീരും

വാക്കുകൾ തൻ വിമൂകസംഗീതം.

ഇരുട്ടിലന്നൊരു പനിച്ച രാത്രിയിൽ

ഇടവപ്പാതിതൻ മുറിഞ്ഞതാളത്തിൽ

വിറയലോടെന്നെ വാരിപ്പുണർന്നുനീ

വീണ്ടുമെന്നിൽ പ്രണയം നിറച്ചതും.

ഒരു കിനാവിന്റെ കടത്തുവഞ്ചിയിൽ

കരൾകൊരുത്തു നാം കരയണഞ്ഞതും

നടന്നുനീർത്തൊരാപ്പാതയിൽ

പിന്നെയും പലതുമുണ്ട്‌

മറവികൊത്താതെ....

കവിതയാണെന്റെ നെഞ്ചിടിപ്പിൻ താളം

കവിതയാണെന്നുമെന്നുയിർപ്പു സംഗീതം

കവിതമാത്രമാണുൺമ വിശ്വാസം

കവിതമാത്രം കിനാവ്‌, വെളിച്ചം.

കവിത കത്തുന്ന നെഞ്ചുമായ്‌പ്പാതിരാ-

ച്ചരിവിലൂടെ തനിച്ചിറങ്ങുന്നു ഞാൻ

ഇരുൾ മുഴക്കങ്ങൾ ദൂരെക്കൊടുങ്കാ-

റ്റുഴറിയാർക്കും കലാപസ്വരങ്ങൾ.


എം.വി.ഷാജി

ചുഴലി തപാൽ, കണ്ണൂർ-670631.


Phone: 0498 2261356
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.