പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചില നേരം ചിലർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മേലൂർ വാസുദേവൻ

കവിത

മരണമോർമ്മയിൽ പുകഞ്ഞാലും, ജീവ-

സിരകളിൽ ജ്വരമുറഞ്ഞാലും, നീറും-

കനൽവഴിതാണ്ടിയുഴറുമ്പോഴേതോ

കിനാവിൻ ഏകാന്തഹരിതതീരത്തിൽ

ഇടംതേടിസ്വയം മറന്നാലും, പോയ-

വസന്തത്തെമീളാൻ കൊതിക്കുന്നു ചിലർ.

(ചിറകൊടിഞ്ഞാലും ഉയരങ്ങൾ നേടി

കിനാച്ചിറകേറാൻ തുടിപ്പുമോഹങ്ങൾ!)

ചിലനേരം ചിലർ നരകരാഗത്തിൽ

അലറുന്നു, കാണാമറയത്തുനിന്നും

കുരുതിമന്ത്രങ്ങൾ ജപിക്കുന്നു, പിന്നെ

പകക്കൺകൾ കാട്ടിയമറി നില്‌ക്കുന്നു!

പതഞ്ഞുയർന്നിടുമശമമാം കാമ-

ജ്വരലഹരിയിൽ മദംപൂണ്ടും, എല്ലാം

മറന്നും, പാപത്തിൻ കടുംവിഷം മോന്തി.

അയലത്തെ കുഞ്ഞാടിനെ കവർന്നെടു-

ത്തവിശുദ്ധഭോജ്യമൊരുക്കി,യാസ്വദി-

ച്ചമരരായ്‌ വാണു സുഖിക്കുന്നു ചിലർ.

ചിലർ പരസ്പരം കരയിച്ചും, പിന്നെ

ചിരിച്ചും, മോഹങ്ങൾ പകുത്തും, സ്വപ്‌നത്തിൻ

നിലാച്ചിറകേറിയുയിർത്തും, ജീവന്റെ

പൊരുളറിയാതെ പകച്ചും, വീർപ്പിട്ടും

കഴിയവേ, ആരുമറിയാതെയെത്തും

പ്രളയത്തിൽ മുങ്ങിയൊടുങ്ങിപ്പോവുന്നു!


മേലൂർ വാസുദേവൻ

വിലാസം

മേലൂർ വാസുദേവൻ,

മേലൂർ പി.ഒ.,

കൊയിലാണ്ടി - 673 319.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.