പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നിലാവിനോട് ഒത്തിരി ചോദ്യങ്ങള്‍!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുക്കു കൃഷ്‌ണൻ

കുറുമൊഴിക്കാറ്റിന്റെ കാതില്‍ കവിള്‍ ചേര്‍ത്തു-
കളിവാക്കുചൊല്ലിത്തിമിര്‍ത്ത'ലാവേ....
നിന്നോടെനിക്കിന്നു ചൊല്ലുവാനുണ്ടേറേ.
കേള്‍ക്കുവാനുണ്ടോ.. നിനക്കു നേരം?
ഉണ്ടെന്ന വിശ്വാസം നെഞ്ചില്‍ നിറച്ചു ഞാന്‍
ഒന്നൊന്നായ് ചൊല്ലിത്തിരക്കിടട്ടെ
മടിയാതെ ..പറയുക... പൗര്‍ണ്ണമിത്തിങ്കളേ...
ചൂളിച്ചുരുങ്ങി നീ... നിന്നിടാതെ..
ആദ്യത്തെ ചോദ്യമായ് ആഞ്ഞിലിക്കൊമ്പിലെ
വെള്ളരിപ്രാവ് കരഞ്ഞതെന്തേ....?

‘ പ്രിയതമനെത്താഞ്ഞോ? കുഞ്ഞിന് വയ്യാഞ്ഞോ
അത്താഴമുണ്ണാനരിയില്ലാഞ്ഞോ'...?
നന്മ നറും പാലായ് .. നാവേറ് പാടിയ
പുള്ളുവത്തിപ്പെണ്ണ് ചൊന്നതെന്തേ..?
‘ കോലോത്തെ കുട്ടിക്ക് കല്യാണമായെന്നോ'?
പുള്ളുവന്‍ നാഗത്താന്‍ പാട്ടിന്ന് പോയെന്നോ?
പച്ചിലത്തോപ്പിലെ പച്ചപ്പനന്തത്ത
പയ്യാരം ചൊല്ലിപ്പറന്നതെന്തേ..?
‘ മണവാളനെത്തീന്നോ.. മകരക്കൊയ്ത്തായീന്നോ..
മഞ്ചാടിക്കുന്നേലെ .. മയിലാട്ടമുണ്ടെന്നോ'...!
‘ നല്ല മുഖലക്ഷണം' ചൊല്ലിപ്പടിയിറങ്ങിപ്പോയ
കുട്ടിക്കുറത്തി ചിരിച്ചതെന്തേ...?
നാഴിയരിക്കൊപ്പം നാണയക്കൂട്ടവും ..മുണ്ടും -
തുണിയും ലഭിച്ചതോണ്ടോ... അതോ..
ചൊല്ലിയ ലക്ഷണം ലക്ഷണമൊത്തതില്‍
സന്തോഷം നെഞ്ചിനെ തുള്ളിച്ചതോ...?
കനിവേകുമിളനീര്‍... പോല്‍-
കുളിര്‍രാവണഞ്ഞപ്പോള്‍-
തെളിവാര്‍ന്ന ചോലകള്‍ ചൊന്നതെന്തേ...?
‘ നല്ല പീലികള്‍ വിരിയിച്ച് മലയാളനാടിന്റെ-
പാദം തഴുകിയൊഴുകുന്നവര്‍ ഞങ്ങള്‍
പച്ചിളം കൂട്ടിലെ കൊച്ചിളം കാറ്റിനോടൊച്ച
വെക്കാതെ ചിരിക്കുന്നവര്‍ ഞങ്ങള്‍'
മന്ദാരക്കുന്നിലെ മഞ്ഞണിപ്പാലകള്‍
പുഞ്ചിരിതൂകി പ്പറഞ്ഞതെന്തേ...?
‘മായല്ലേ .. മറയല്ലേ.. ആതിരനിലാവേ... നീ
കളിവാക്കല്ലാത്തൊരു കാര്യം ചൊല്ലാം
പാതിരാ നേരത്ത് എന്നരികിലെത്താമോ..
പാലപ്പൂവൊരു പിടി തന്നീടാം ഞാന്‍...’
ഈ വിധം ചോദ്യങ്ങള്‍ ചോദിച്ചു തീരവേ
ചന്ദ്രികേ .. നീ.. പോയ് മറഞ്ഞതെന്തേ..?
മഴമേഘം മൂടിയോ? മഞ്ഞുരുകിമാഞ്ഞുവോ?
പെരുമീനുദിച്ചപ്പോ ... മങ്ങിപ്പോയോ..?

കുക്കു കൃഷ്‌ണൻ

പന്തല്ലൂർ വീട്‌,

ചൊവ്വന്നൂർ തപാൽ,

കുന്നംകുളം വഴി,

തൃശൂർ ജില്ല,

പിൻ - 680503.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.