പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രാമൻ എരിയുമ്പോൾ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

കവിത

രാമായണം കത്തുന്നു;

രാമനും സീതയും

ശിംശിപച്ചോട്ടിൽ “നീ-

പണ്ടേ പിഴച്ചെന്നു,-

മില്ല” യെന്നും കയർക്കുന്നു.

പണ്ടു മൂക്കും മുലയും രാമ-

ഖഡ്‌ഗമറുത്തോളൊരുത്തി;

ത്രേതായുഗത്തിലെ പീഡിത,

“നിന്റെ പാപം ചിതയാകുന്നു,

ശൂർപ്പണഖ-ഇവളിനി

മൂക്കും മുലയുമില്ലേലുമീ

കെട്ടിടക്കാട്ടിൽ മരുവും, നീ

നാലുംകൂടും മുക്കിലെല്ലാം

കണ്ടവർ കണ്ടവർ കൂട്ടും,

ചിതയിൽ മുനിഞ്ഞീടു”മെന്ന്‌

ശാപവർഷം തുടരുന്നു.

രാമരാജ്യപ്പുരാവൃത്ത-

സിംഹാസനത്തിൽ ജ്യേഷ്‌ഠ-

പാദസേവയ്‌ക്കിരന്നവൻ

നഷ്‌ടബോധത്തിന്റെയീ

പിൽക്കാലക്കനൽചൂടിൽ

വെന്തു; താനേ ശപിയ്‌ക്കുന്നുഃ

“നഷ്‌ടമാക്കിയൊരു ജന്മ-

സൗഖ്യ,മിവനേ വിഡ്‌ഢി!”

ചുറ്റുമുണ്ടു കുരങ്ങൻമാർ

തൻ ‘തിരുമേനിയെ’ച്ചുടും

നാട്ടുനീതിയിൽ തങ്ങൾക്കാവും-

മട്ടിലെണ്ണയും കോരുന്നു!

മുവ്വരക്കണ്ണൻമാർ വീണ്ടും

തന്നാലായൊരു പാലം

കാലഹൃദയത്തിൽ നിന്നും

അന്ധമൂകതയിലേക്കു രാമാ!

മെല്ലെമെല്ലെപ്പടുക്കുന്നു...

രാമനെരിയുന്നു, സീതയും.

സീതാപരിത്യാഗപാപം

തീർക്കുവാനഗ്നി താനേയിനി...

മുക്കുപണ്ടമോ, പൊന്നോ

സീത,യീ തീ തെളിയിക്കും,

പാതിവ്രത്യമോ സത്യം-ഈ

ഭൂമി തെളിയിക്കും...

ഭക്തവാത്സല്യം കാത്ത-

രാമാ! ഈ കൂര,മ്പൊളിയമ്പ്‌

‘ബൂമറാങ്ങ’ത്രെ, ജന്മാന്തങ്ങൾ

ചുറ്റിത്തിരിയും, തിരിച്ചെത്തും-

തീയായ്‌, കലിയായ്‌, കാലമായ്‌...

പൊട്ടിത്തെറിക്കും വിശ്വാസ-

മൊട്ടുക്കു ചുട്ടുവേവും

നിന്റെ ചിതയായ്‌

നേരു തെളിയിക്കും-

(കാര്യകാരണം ജന്മം!!)

പോയെങ്കിൽ ദശരഥൻ,

പോയെങ്കിലുമയോദ്ധ്യയും(?)

മോഹങ്ങളിൽ മായാതെ

കൈകേയി തൻ ചെകിടിൽ

മെല്ലെ കുശുക്കുന്നു മന്ഥരഃ-

“കാലം കലി; രാമന്റെ ചിത

നീ നിന്റെ മകനാൽ കൊളുത്തൂ...

കാലം കലി; ഈ രാജ്യശാസനം

ഞാനെന്റെ വരുതിയിൽ നിർത്താം...”


ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു.

ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു.

തപാൽ ഃ

ശ്രീകൃഷ്ണദാസ്‌ മാത്തൂർ,

ചെറുവള്ളിൽ വീട്‌,

മാത്തൂർ തപാൽ,

പത്തനംതിട്ട-689657,

ഫോൺഃ 0468-2354572.

ബ്ലോഗ്‌ഃ www.mathooram.blogspot.com

ഇ-മെയിൽഃ s.mathoor@rediffmail.com


Phone: 09940556918
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.